സോവിയറ്റ് യൂണിയൻ തകർച്ചയ്ക്ക് ശേഷം മുപ്പത് വർഷം : നേട്ടങ്ങളും നഷ്ടങ്ങളും
30 വർഷം മുമ്പ് സോവിയറ്റ് യൂണിയന് സംഭവിച്ച തകർച്ച ലോകത്തിന്റെ പകുതിയോളം രാജ്യങ്ങൾക്ക് ദുരന്തമായിരുന്നു. അതേസമയം, പാശ്ചാത്യ പിന്തുണ ലഭിച്ചിരുന്നതും, വിപണികളിലേക്കുള്ള തള്ളി കയറ്റത്തെ ജനാധിപത്യമായി തെറ്റിദ്ധരിച്ച മറു പകുതിക്ക് പുത്തൻ സാധ്യതകളുമായിരുന്നു.
മൂന്ന് പതിറ്റാണ്ട് മുമ്പത്തെ സംഭവ പരമ്പരക്ക് എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ സ്വഭാവമാണുള്ളത്. കാരണം ചരിത്രപരവും സാഹസികവുമായ ഉടച്ചുവാർക്കൽ പ്രക്രിയക്കിടയിൽ സകല നിയന്ത്രണവും നഷ്ടപ്പെട്ടുപോയ സാക്ഷാൽ മിഖായേൽ ഗോർബച്ചേവുമായി അഭിമുഖ സംഭാഷണം നടത്തിയ ഒരേയൊരു മാധ്യമപ്രവർത്തകൻ ഞാനാണ്.
അന്നത്തെ വിദേശകാര്യ സെക്രട്ടറിയായിരുന്ന റൊമേഷ് ഭണ്ഡാരി എന്റെ അഭിമുഖത്തിന് തടസ്സം സൃഷ്ടിക്കില്ല എന്ന് പറഞ്ഞിരുന്നു. എന്നാൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോടൊപ്പം മോസ്കോയിൽ എത്തിയിരുന്ന മറ്റു മാധ്യമപ്രവർത്തകരോട് അഭിമുഖം നടക്കുന്ന വേദിയുടെ അരികിൽ അവർക്കും സ്ഥാനം നൽകുമെന്ന് അദ്ദേഹം വാക്കു കൊടുത്തു. അദ്ദേഹം പറഞ്ഞതുപോലെ വൃത്താകൃതിയിൽ ബോക്സിങ് റിംഗിന് സമാനമായ വേദിയും അതിനുള്ളിൽ 4 കസേരകളും സജ്ജമായി. ഗോർബച്ചേവിനും തർജ്ജമക്കാരനുമായി രണ്ടെണ്ണവും പിന്നെ ഒരെണ്ണം എനിക്കും. എന്നാൽ ആർക്കാവും നാലാമത്തേത് ?
ഒരു പത്രപ്രവർത്തകനെ മാത്രം ഈയൊരു സുവർണ്ണാവസരം സ്വന്തമാക്കാൻ അനുവദിച്ചുകൊണ്ട് പ്രധാനമന്ത്രിയെ അനുഗമിക്കുന്ന മറ്റ് മാധ്യമങ്ങൾക്ക് അനഭിമതനാകാൻ റൊമേഷ് ഭണ്ഡാരി തയ്യാറായിരുന്നില്ല. അതുകൊണ്ട് സുപ്രധാനമായ ഈ സംഭവത്തിൽ മറ്റു മാധ്യമ പ്രവർത്തകരുടെ പ്രതിനിധിയായി അദ്ദേഹം മറ്റൊരാളെയും പ്രവേശിപ്പിച്ചു. ബ്ലിറ്സിന്റെ എഡിറ്ററായിരുന്ന റസി കരാഞ്ചിയ ആയിരുന്നു അയാൾ.
എന്നാൽ രേമേഷ് തിരിച്ചറിയാതെ പോയ ഒരു കാര്യം സോവിയറ്റ് യൂണിയന്റെ വിദേശകാര്യ മന്ത്രിയായിരുന്ന ആന്ദ്രേ ഗ്രോമിക്കോവിന് മനസ്സിലായി. രാജീവ് ഗാന്ധിയുമായുള്ള സംഭാഷണത്തിന് ശേഷം ഗോർബച്ചേവ് എത്തിച്ചേരേണ്ട ബോക്സിങ് റിംഗ് വേദിയിലേക്ക് അദ്ദേഹം നോക്കി.
ഒന്നാലോചിച്ചുനോക്കൂ, രണ്ടു മാധ്യമപ്രവർത്തകർ ഒഴിഞ്ഞ കസേരയിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നു അവർക്കു ചുറ്റുമായി വേറെ 30 മാധ്യമ പ്രവർത്തകർ വേദിയിലേക്ക് ഉറ്റു നോക്കി ഇരിക്കുന്നു. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പുതിയ സെക്രട്ടറിയുടെ ആദ്യ അഭിമുഖം ഇത്തരം ഒരു തുറന്നവാർത്താ സമ്മേളനം ആയി മാറാൻ ഗ്രോമിക്കോ അനുവദിച്ചില്ല. അദ്ദേഹമത് റദ്ദുചെയ്തു.
ഞാൻ അങ്ങേയറ്റം ദുഃഖിതനായി, അതുകൊണ്ടുതന്നെ ഞാൻ വീണ്ടും ശ്രമിച്ചു. തൊട്ടടുത്ത വർഷം ഞാൻ മോസ്കോയിൽ ചെല്ലുകയും ഗോർബച്ചേവുമായി അഭിമുഖം നടത്തുകയും ചെയ്തു. എന്നാലത് മറ്റൊരു കഥയാണ്. ഗോർബച്ചേവിനെ കുറിച്ചുള്ള വാക്കുകൾ നിർത്തുന്നതിന് മുമ്പ് ഒരു ചോദ്യം. ഭാവി റഷ്യയെ കുറിച്ചുള്ള ഗോർബച്ചേവിന്റെ കാഴ്ചപ്പാട് എന്തായിരുന്നു?. സ്കാൻഡിനേവിയൻ രാജ്യങ്ങൾക്കു സമാനമായ ഒന്ന്. ഏകധ്രുവ ലോകത്തിന്റെ പിറവിക്ക് മുമ്പ് സ്കാൻഡിനേവിയൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള പല ലോക ഭാഗങ്ങളെയും വക്രീകരിച്ച് ചിത്രീകരിക്കുന്ന മാധ്യമങ്ങളുടെ മർഡോക്ക് വൽക്കരണത്തിനും മുമ്പായിരുന്നു ഇത്തരം ഒരു കാഴ്ചപ്പാട് എന്ന് ഓർക്കുക.
ഇന്ത്യയുടെ ഭരണ സിരാകേന്ദ്രമായ സൗത്ത് ബ്ലോക്ക് ആണ് അടുത്ത ദൃശ്യം. അവിടെ വിദേശകാര്യമന്ത്രാലയം മോസ്കോയിലെ വിവരങ്ങൾ കേട്ട് ഉലഞ്ഞിരുന്നു. ആഫ്രിക്കൻ വിദേശകാര്യ ജോയിന്റ് സെക്രട്ടറി ആയിരുന്ന ചുക്കു എന്ന് വിളിക്കപ്പെട്ടിരുന്ന അരുന്ധതി ഘോഷ് വല്ലാത്ത ആകാംക്ഷയിൽ ആയിരുന്നു. മോസ്കോയിലെ അട്ടിമറിയെ കുറിച്ച് അവർക്ക് ആകാംഷ ഉണ്ടായിരുന്നുവെങ്കിലും അവരുടെ സ്വഭാവം അനുസരിച്ച് ഒരു ലിബറൽ വ്യവസ്ഥയെ പ്രതീക്ഷിച്ചിരുന്നു. ഗോർബച്ചേവിനെ മാറ്റി ബോറിസ് യെൽസിൻ വന്നാലും അവർക്ക് കുഴപ്പമില്ല. അവിടെനിന്നും കുറച്ചുമാറിയാണ് വിദേശകാര്യ സെക്രട്ടറിയും തനി നാടൻ ബീഹാറി ബുദ്ധിജീവിയും ആയിരുന്ന മുച്കുന്ത് ദുബൈയുടെ മുറി. ചുക്കുവിൽ നിന്ന് ഏറെ വ്യത്യസ്തനായിരുന്ന അദ്ദേഹം മോസ്കോയിലെ അംബാസിഡറായിരുന്ന ആൽഫ്രെഡ് ഗോൺസാൽവസുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. ഇരു ധ്രുവങ്ങളെയും തൃപ്തിപ്പെടുത്തുന്ന ലേഖനങ്ങൾ എഴുതിയിരുന്ന തികഞ്ഞ യാഥാസ്ഥിതികർ ആയിരുന്ന അവർ രണ്ടുപേർക്കും സോവിയറ്റ് യൂണിയന്റെ തകർച്ച ഒറ്റക്കാലിൽ നടക്കുന്നതിന് സമമായിരുന്നു.
ഇതെന്നെ മൂന്നാമത്തെ ചോദ്യത്തിലേക്ക് നയിക്കുന്നു. ഇന്ത്യൻ ഭരണകൂടം എന്നെങ്കിലും സോവിയറ്റ് യൂണിയനുമായി വൈകാരികമായി അടുത്തിരുന്നോ?
ഒരുവശത്ത് ഏറ്റവും ദീർഘകാലം സിപിഐയുടെ ജനറൽ സെക്രട്ടറിയായിരുന്ന സി രാജേശ്വര റാവു സോവിയറ്റ് യൂണിയന്റെ തകർച്ചയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് കയർത്തു സംസാരിക്കുന്നു. ഈ ലോകത്ത് ഒരു സൂചി പോലും സോവിയറ്റ് യൂണിയൻ അറിയാതെ അനങ്ങുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞ ഉത്തരം.
പുരോഗമന എഴുത്തുകാരും സിപിഐ യുടെ മുൻ ജനറൽ സെക്രട്ടറിയായിരുന്ന പി സി ജോഷി മുംബൈയിലേക്ക് എത്തിച്ച ഉറുദു കവികളും സോവിയറ്റ് യൂണിയനിൽ പൂർണമായി വിശ്വസിച്ചിരുന്നു.
“ക്രംലിന്റെ മിനാരങ്ങൾ നമ്മെ വിളിക്കുന്നു”
ജാവേദ് അക്തറിന്റെ പിതാവായ ജാൻ നിസാർ അക്തർ ക്രംലിൻ മിനാരങ്ങളെ വർണിച്ചതാണിത്. നല്ലൊരു ഗസൽ എഴുത്തുകാരനായിരുന്ന മജുറൂഹ് സുൽത്താൻപുരി ഇങ്ങനെയും എഴുതി.
“എന്റെ കണ്ണുകൾ മോസ്കോയിൽ പതിഞ്ഞിരിക്കുന്നു, സ്വർഗ്ഗത്തിലെ നക്ഷത്രങ്ങൾ ആദരം അർപ്പിക്കാൻ താണിറങ്ങുന്ന ആ അനുഗ്രഹീത സ്ഥലത്ത് ”
കവികൾ, എഴുത്തുകാർ, ചിത്രകാരന്മാർ, നടൻമാർ, സിനിമാനിർമാതാക്കൾ, കോളേജ് ക്യാമ്പസുകൾ, കോഫി ഹൗസുകളിലെ സ്ഥിരം സന്ദർശകർ എന്നുവേണ്ട വിദ്യാഭ്യാസമേഖലയിലെ ഭൂരിഭാഗവും ഇടതുപക്ഷമായിരുന്നു. അവർ സമ്പത്തിനെ പുച്ഛിച്ചു. മാന്യന്മാരുടെ വാഹനം കുതിരവണ്ടി ആയിരുന്നു കാറുകളോ പുത്തൻ പണക്കാർക്കുള്ളതും. എന്നാൽ പാശ്ചാത്യ അനുഭാവമുള്ള ഭരണകൂടവും വമ്പൻ വ്യവസായികളും ഇക്കൂട്ടരെ അവഗണിച്ചു. വ്യവസായികൾക്ക് ഗാന്ധിജിയോടുള്ള ‘അടുപ്പം’ അവർക്ക് വലിയ സ്വാധീനം നൽകി. ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്ന വി. ശങ്കർ, ഉപപ്രധാനമന്ത്രി വല്ലഭായി പട്ടേലിന്റെ ഓഫീസിൽ ചേരുന്നതിനുമുമ്പ് അദ്ദേഹത്തെ അഭിമുഖം ചെയ്തത് മുൻനിര വ്യവസായി ആയിരുന്ന ഘനശ്യാം ദാസ് ബിർളയായിരുന്നു. ബിർളയുടെ ഭവനത്തിൽ വച്ചാണ് ഗാന്ധിജി കൊല്ലപ്പെട്ടത്.
“ജ്യൂട്ട് പ്രസ്” എന്ന് ഇന്ദിരാഗാന്ധി വിശേഷിപ്പിച്ച മാർവാഠി ഉടമസ്ഥതയിലുള്ള പത്രങ്ങളാവട്ടെ, ഇന്ത്യൻ അംബാസഡർക്ക് സെൻട്രൽ കമ്മിറ്റിയിലേക്ക് നേരിട്ട് പ്രവേശനം ഉള്ള കാലത്ത് പോലും മോസ്കോയിൽ പ്രതിനിധിയെ വച്ചിരുന്നില്ല. നേരെമറിച്ച് പ്രവേശനം ലഭിക്കാത്ത ലണ്ടനിലേക്കും വാഷിങ്ങ്ടണ്ണിലേക്കും അവർ പ്രതിനിധികളെ നിയോഗിച്ചു. ഉടമകൾക്കായി സ്വന്തം അടുക്കളയിൽ നിന്ന് ഉള്ളിയും വെളുത്തുള്ളിയും ചേരാത്ത വെജിറ്റേറിയൻ ഭക്ഷണം ഒരുക്കാനുള്ള കഴിവായിരുന്നു ഇത്തരം കറസ്പോണ്ടന്റുകളുടെ യോഗ്യത നിശ്ചയിച്ചിരുന്നത്.
സിപിഐ യുടെ മുഖപത്രമായ ന്യൂ ഏജിനെ പ്രനിധീകരിച്ച് വലിയ വ്യക്തിത്വത്തിന് ഉടമയും തികഞ്ഞ പഠാനുമായിരുന്ന മസൂദ് അലി ഖാൻ ആയിരുന്നു മോസ്കോയിലെ ഏക ഇന്ത്യൻ മാധ്യമപ്രവർത്തകൻ. അവിടെ എത്തുന്ന എല്ലാ ഇന്ത്യൻ മാധ്യമ പ്രവർത്തകരും വിദേശകാര്യ പ്രതിനിധികളും പുരോഗമന എഴുത്തുകാരും അദ്ദേഹത്തെ സന്ദർശിക്കാതെ പോയിരുന്നില്ല. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ അദ്ദേഹം അങ്ങേയറ്റം സാമ്പത്തിക ബുദ്ധിമുട്ടിലായി. റെഡ് ക്രോസ് മുഖേന സോവിയറ്റുകാർ അദ്ദേഹത്തിന് നൽകിയിരുന്ന ശമ്പളം പൂർണമായും നിലച്ചു. മെട്രോ സ്റ്റേഷന് സമീപത്തെ ഒറ്റമുറി വീട്ടിലെ സോഫയിൽ ഒരുദിവസം അദ്ദേഹം മരിച്ചു കിടന്നു. ലണ്ടനിൽ ബിബിസിയിൽ ചിലവിട്ട നല്ല ദിവസങ്ങളിൽ വാങ്ങിക്കൂട്ടിയ 78 ആർ പി എം ക്‌ളാസിക്കൽ പാശ്ചാത്യ സംഗീത റെക്കോർഡുകൾ
ആ സോഫയുടെ തലയണക്കീഴിൽ അദ്ദേഹം അടുക്കി വച്ചിരുന്നു.
A deeply analytical piece. And a bit nostalgic too for us, who have those vivid memories of a great nation.