പൂക്കാത്ത ചെടികൾ പൂക്കുമ്പോൾ
യുദ്ധവും സമാധാനവും മൗലികമായി വിപരീത ധ്രുവങ്ങളാണ്. താൽക്കാലികമായ വെടിനിർത്തലുകളിൽ മാത്രമാണ് യുദ്ധവും സമാധാനവും ഒരുമിച്ചുനിലനിൽക്കുന്നത് അർദ്ധരാത്രിയിൽ പകൽ എന്നപോലെ . എന്നാൽ അത്തരം ഒരു വിപരീതഭാവം യുദ്ധത്തിനും സംഗീതത്തിനും ഇടയ്ക്കുണ്ടോ ? സംഗീതം സമാധാനത്തിൻ്റെ മാത്രം സഖാവാണോ ? എനിക്കറിയാം പെട്ടെന്ന് ഒരു എതിർവാദം മറ്റൊരു ചോദ്യമായി വരാം , ‘അപ്പോൾ പട്ടാള ബാൻഡുകളോ ?’ എന്ന ചോദ്യം. ചരിത്രത്തിനറിയാം സ്വേച്ഛാധികാരികൾക്ക് ഇഷ്ടസംഗീതങ്ങളുണ്ടായിരുന്നു എന്ന്. ചരിത്രത്തിനറിയാം യുദ്ധങ്ങൾക്ക് വീര്യം നൽകുന്ന സംഗീതശിൽപങ്ങൾ ഉണ്ടായിട്ടുണ്ട് എന്നതും. Trio Lescano സഹോദരിമാർ യഹൂദരായിരുന്നു. എന്നാൽ ഫാസിസത്തിൻ്റെ പിതാവ് മുസ്സോളിനിയ്ക്ക് അവരുടെ സംഗീതമായിരുന്നു ഏറ്റവും ഇഷ്ടം.
Trio Lescano – Tulipan
മുസ്സോളിനി വയലിനും വായിക്കുമായിരുന്നു . കൗമാരത്തിൽ അദ്ദേഹത്തിൻ്റെ ആദ്യ പൊതുപ്രസംഗം ഇറ്റാലിയൻ സംഗീതസംവിധായകൻ ഗീസെപ്പ് വേർഡിയുടെ ചരമോപചാരമായിരുന്നു. ഹിറ്റലർക്കാകട്ടെ റിച്ചാർഡ് വാഗ്നർ ആയിരുന്നു പ്രീയപ്പെട്ട സംഗീതജ്ഞൻ. ഹിറ്റ്ലറുടെ പ്രചാരണമന്ത്രി ഗീബൽസ് സംഗീതത്തെക്കുറിച്ച് പറഞ്ഞത് നോക്കൂ :
‘ ബുദ്ധിയേക്കാളും യുക്തിയെക്കാളും ഹൃദയത്തേയും വികാരങ്ങളേയും സ്വാധീനിക്കുവാൻ സംഗീതത്തിനു കഴിയും . ജനക്കൂട്ടങ്ങളുടെ ഹൃദയത്തെ അത് മിടിപ്പിക്കുന്നു . സംഗീതത്തിലല്ലാതെ മറ്റെവിടെ ഒരു രാഷ്ട്രത്തിൻ്റെ യഥാർത്ഥ ഭവനം കുടികൊള്ളും ?’ യഥാർത്ഥ ഭവനം ശുദ്ധ ജർമ്മൻ ശാസ്ത്രീയ സംഗീതമാണെന്നും മറ്റ് ആധുനിക -വൈദേശിക സ്വാധീനങ്ങളല്ലെന്നും നാസിസം കരുതി.പക്ഷേ എൻ്റെ സംശയം മറ്റൊന്നാണ്. ഒരാളെ വെടിവെയ്ക്കുമ്പോൾ , അല്ലെങ്കിൽ ഒരു ജനപദത്തിലേക്ക് ബോംബുകൾ വർഷിക്കുമ്പോൾ ഒരു പട്ടാളക്കാരന് സംഗീതം കേൾക്കാൻ കഴിയുമോ ? വിയറ്റ്‌നാമിൽ ബോംബിടുമ്പോൾ വൈമാനികൻ വാഗ്നർ സംഗീതം കേട്ടിരുന്നു എന്ന് ഞാൻ വായിച്ചിട്ടുണ്ട്, കുറഞ്ഞപക്ഷം ഒരു സിനിമയിൽ കണ്ടിട്ടുണ്ട്.
Apocalypse Now (1979) – ‘Ride of the Valkyries’ scene
…പക്ഷേ അത് സത്യമാണെന്നു വിശ്വസിക്കുവാൻ എന്നിലെ സംഗീതപ്രണയി എന്നെ അനുവദിക്കുന്നില്ല . ചരിത്രസത്യങ്ങൾക്ക് എന്നിലെ സംഗീതാനുസാരിയുടെ സമ്മതിപത്രം ആവശ്യമില്ലെങ്കിൽ തന്നെ .
ഉക്രൈനിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി നടക്കുന്ന യുദ്ധത്തിൽ ഭക്ഷണം കിട്ടാതെ , ഉറങ്ങാനിടമില്ലാതെ ഒരു ബങ്കറിൽ അമ്മയെ കെട്ടിപ്പിടിച്ചിരിക്കുന്ന ഒരു ബാലികയുടെ ചിത്രം ഞാൻ കണ്ടു . അവളുടെ അമ്മ ടി വി വാർത്താവതാരകരോട് പറയുന്നതുകേട്ടു കുട്ടിയുടെ അച്ഛൻ മികോലയിവ്കയിൽ നിന്നാണെന്നും അമ്മ ഖർകിവ്‌കാരിയാണെന്നും . മികോലയിവ്ക എന്ന പേരാണ് എൻ്റെ മനസ്സിനെ സംഗീതത്തിലേക്ക് കൊണ്ടുപോയത് . പ്രശസ്ത റഷ്യൻ സംഗീതജ്ഞൻ ചൈക്കോവ്സ്കി ജനിച്ച സ്ഥലമാണത്. കിഴക്കൻ ഉക്രൈനിലെ ഈ പ്രദേശം ഇപ്പോൾ റഷ്യൻ അധീനതയിലാണ് . സത്യത്തിൽ ആ സ്ഥലനാമമമാണ് റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ യുദ്ധവിരുദ്ധ ഗാനങ്ങളെക്കുറിച്ച് എഴുതാൻ പ്രേരിപ്പിച്ചതുതന്നെ. യുദ്ധം തുടങ്ങിയ കാലം മുതൽ ഉള്ളതാണ് യുദ്ധവിരുദ്ധചിന്തയും. ‘അരുത് കാട്ടാളാ’ എന്ന കാവ്യസ്രോതസ്സിൽ നിന്നും യാത്ര പുറപ്പെട്ട കവിയ്ക്ക് ‘യുദ്ധകാണ്ഡം’ ഒഴിവാക്കുവാൻ കഴിഞ്ഞില്ലെങ്കിലും.
യുദ്ധത്തിൽ ഇല്ലാത്തത് ആശയവിനിമയമാണ്. ആശയവിനിമയത്തിൻ്റെ നൂലുപൊട്ടുന്നതാണ് യുദ്ധത്തിൻ്റെ ആദ്യ ശംഖധ്വനി. എന്നാൽ സംഗീതമാകട്ടെ സംവാദമാണ്, വിനിമയമാണ്. അതുകൊണ്ടാണ് യുദ്ധം അവസാനിക്കുമ്പോൾ സംഗീതശിൽപങ്ങൾ ഉണ്ടാകുന്നത്. അതുകൊണ്ടാണ് യുദ്ധത്തിനെതിരേ ഏറ്റവും കൂടുതൽ ഗാനങ്ങൾ ഉണ്ടായത്. പാടണമെന്നല്ല യുദ്ധവിരുദ്ധഗാനങ്ങൾ മനുഷ്യരാശിയോട് പറയുന്നത് , പരസ്പരം വർത്തമാനം പറയാനാണ് അവ മനുഷ്യരോട് അഭ്യർത്ഥിക്കുന്നത് .
വടക്കൻ അയർലണ്ടിലെ ഗായകനായിരുന്ന ഗാരി റോബർട്ട് മൂർ 1989 ൽ പാടിയ യുദ്ധശേഷം എന്ന ഗാനത്തിലെ കുറച്ചു വരികൾ ഒരു പട്ടാളക്കാരനുള്ള കത്താണ് . മൂർ പാടുകയല്ല , പാട്ടിലൂടെ പറയുകയാണ് . അദ്ദേഹം പട്ടാളക്കാരനോട് ചോദിക്കുകയാണ് ‘ ഹേ , മനുഷ്യാ , നിങ്ങൾ യുദ്ധം ജയിച്ചുകഴിഞ്ഞാൽ പിന്നെ ആരോട് പോരടിക്കും ? നിങ്ങൾ ഒറ്റക്കല്ലേ ?’ എന്നിട്ട് അദ്ദേഹം പറയുന്നു:
‘ പട്ടാളത്തിൽ നിങ്ങൾ ഒരു വെറും നമ്പർ മാത്രം . നിങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി നിങ്ങൾ അണിഞ്ഞ യൂണിഫോമിൽ അവർ നിങ്ങളെക്കൊണ്ട് മാർച്ച് ചെയ്യിച്ചു . പ്രത്യാശയുടേയും യശ്ശസ്സിന്റേയും നുണകൾ പറഞ്ഞ് മനുഷ്യരെ കൊല്ലാൻ അവർ നിങ്ങളെ പഠിപ്പിച്ചു ‘
ഈ പാട്ടുകേൾക്കുമ്പോഴൊക്കെ ഞാൻ ഓ വി വിജയനെ ഓർക്കും . യുദ്ധശേഷം ഭൂമിയിൽ അവസാനിച്ച വെറും രണ്ടുപേരിൽ ഒരാൾ മറ്റൊരാളോട് ആരാണ് ജയിച്ചത് , നിൻ്റെ രാജ്യമോ എൻ്റെ രാജ്യമോ എന്ന് ചോദിക്കുന്ന ഒരു ദുരന്തമുഹൂർത്തമുണ്ട് ഒരു വിജയകഥയിൽ. അങ്ങനെയൊരു ചോദ്യമാണ് മൂർ പാട്ടിലൂടെ ചോദിച്ചത് .
ആൻ ഫ്രാൻകിൻ്റെ ഡയറിയിൽ പറയുന്നുണ്ടല്ലോ യുദ്ധകാലത്ത് ഒളിവിൽ താമസിക്കുമ്പോൾ എങ്ങനെയാണ് സംഗീതം സഹായത്തിനെത്തിയത് എന്ന് . എന്നാൽ അവൾ പിൽക്കാലത്തുപോയ തടങ്കൽപാളയങ്ങളിൽ സംഗീതമില്ലായിരുന്നു .
ഒന്നാം ലോകയുദ്ധം തുടങ്ങുന്നതിനുമുൻപ് തന്നെ അമേരിക്കയിലുണ്ടായ ഒരു യുദ്ധവിരുദ്ധഗാനം ഓർമ്മയിൽ വന്നു ആൻ ഫ്രാൻകിൻ്റെ സംഗീതാഭിരുചികളെക്കുറിച്ച് ഓർത്തപ്പോൾ. “I Didn’t Raise My Boy to Be a Soldier”, ഞാൻ എൻ്റെ മകനെ വളർത്തിയത് ഒരു പട്ടാളക്കാരനാകാൻ അല്ലായിരുന്നു എന്നതാണ് ആ ഗാനം . അമേരിക്കൻ രാഷ്ട്രീയക്കാർ ഈ ഗാനത്തിനെതിരേ പരസ്യമായി രംഗത്തുവന്നു . ഗാനം ദേശസ്നേഹത്തിന് എതിരാണെന്ന് റൂസ്‌വെൽറ്റ് പറഞ്ഞു . അദ്ദേഹം ഇതുകൂടി പറഞ്ഞു : ‘ഞാൻ എൻ്റെ മകളെ അമ്മയാകാനല്ല വളർത്തുന്നത് എന്നും ഇക്കൂട്ടർ നാളെ പറയും ‘
I Didn’t Raise My Boy to be a Soldier – the first anti-war hit record
യുദ്ധത്തിൽ മകൾ നഷ്ടപ്പെട്ട ഒരമ്മയുടെ വിലാപമായിരുന്നു ഈ ഗാനം. ഒരു പക്ഷേ അമേരിക്കയിലെ യുദ്ധവിരുദ്ധപ്രസ്ഥാനത്തിന്റെ ആദ്യകാലത്ത് ഏറ്റവും സഹായിച്ച ഒരു ഗാനമായിരുന്നു അത് . 1914 ഡിസംബറിലാണ് ഈ ഗാനം പുറത്തിറങ്ങിയത്. 1916 ൽ യുദ്ധരംഗത്ത് മരിച്ച ഒരു സംഗീതജ്ഞനെക്കുറിച്ച് പറയട്ടെ . ഈ വരികൾ ഞാനെഴുതുന്ന സമയം ഞാൻ 1913 ൽ അദ്ദേഹം സംവിധാനം ചെയ്ത The Banks of Green Willow എന്ന മനോഹരമായ സംഗീതശിൽപം കേട്ടുകൊണ്ടിരിക്കുകയാണ്. അദ്ദേഹം യുദ്ധത്തിൽ സൈനികനായി സേവനം അനുഷ്ഠിക്കുമ്പോൾ കൊല്ലപ്പെട്ടു . George Butterworthൻ്റെ സംഗീതശിൽപത്തിലെ ഇംഗ്ളീഷ് നാടോടിഗാനങ്ങളുടെ ഈണത്തിലുള്ള പുല്ലാങ്കുഴൽ ഇപ്പോൾ കേൾക്കുമ്പോൾ യുദ്ധരംഗത്തെ ഒരു സംഗീതജ്ഞന്റെ മരണം നമ്മിൽ നിറയും .
സംഗീതത്തിന് സംഘർഷങ്ങൾ ലഘൂകരിക്കുവാൻ കഴിയും . അതുകൊണ്ടാണ് ഉസ്താദ് ബഡെ ഗുലാം അലി ഖാൻ ഒരിക്കൽ പറഞ്ഞത് എല്ലാ വീടുകളിലും ഒരാളെങ്കിലും ഹിന്ദുസ്താനി സംഗീതം പഠിച്ചിരുന്നു എങ്കിൽ ഇന്ത്യാ വിഭജനം ഒഴിവാക്കാമായിരുന്നു എന്ന് .
ഉക്രൈനിലേക്ക് ഞാൻ മടങ്ങിവരട്ടെ . റഷ്യ ആ രാജ്യത്തിലേക്ക് അധിനിവേശം നടത്തിയ രാത്രിയിൽ ഉക്രൈനിലെ ടി വി ചാനലുകളിൽ ഒരു സംഗീതശില്പം സംപ്രേക്ഷണം ചെയ്തു . ഉക്രൈനിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ സംഗീതജ്ഞൻ Yevhen Stankovych 1970 കളിൽ ചെയ്ത സംഗീതശിൽപമാണ് When the Fern Blooms (പൂക്കാത്ത ചെടികൾ പൂക്കുമ്പോൾ ). ഉക്രൈൻ വംശജനായ റഷ്യൻ സാഹിത്യകാരൻ ഗോഗോളിന്റെ കൃതികളെ ആസ്‌പദമാക്കി എഴുതിയിട്ടുള്ള സംഗീതമാണിത് . ഉക്രേനിയൻ നാടോടി ഈണങ്ങളാണ് ഈ ശില്പത്തിന്റെ ജീവൻ . സോവിയറ്റ് യൂണിയൻ നിരോധിച്ച ശിൽപമാണിത് . എന്നാൽ സോവിയറ്റ് യൂണിയൻ്റെ തിരോധാനത്തിനുശേഷം ഉക്രൈൻ ഈ സംഗീതശില്പത്തെ ഒരു ദേശീയവികാരമായി ഏറ്റെടുത്തു . സംഗീതം സമാധാനത്തെക്കുറിച്ച് സംസാരിക്കും. അതുകൊണ്ടാണ് Yevhen Stankovych യുടെ സംഗീതം റഷ്യൻ അധിനിവേശനേരത്ത് ഉക്രൈൻ സ്മരിച്ചത്.
‘സംഗീതത്തിന് സംഘർഷങ്ങൾ ലഘൂകരിക്കുവാൻ കഴിയും . അതുകൊണ്ടാണ് ഉസ്താദ് ബഡെ ഗുലാം അലി ഖാൻ ഒരിക്കൽ പറഞ്ഞത് എല്ലാ വീടുകളിലും ഒരാളെങ്കിലും ഹിന്ദുസ്താനി സംഗീതം പഠിച്ചിരുന്നു എങ്കിൽ ഇന്ത്യാ വിഭജനം ഒഴിവാക്കാമായിരുന്നു എന്ന് ‘
സംഗീതം ആസ്വദിച്ചു കൊണ്ടു് ബോംബ് വർഷിക്കാനും, കൊലപാതകം കാ കാണാനും, ആസ്വദിക്കാനും ഒക്കെ ചിലർക്കെങ്കിലും സാധിക്കുന്നത് എങ്ങിനെയാണ് എന്ന് ചിലപ്പോൾ നമുക്ക് മനസ്സിലാക്കാൻ പറ്റുന്നതിന് അപ്പുറമാകുന്നു