A Unique Multilingual Media Platform

The AIDEM

Articles Health

നന്മയുടെ നാനാർത്ഥങ്ങൾ

  • April 5, 2022
  • 1 min read
നന്മയുടെ നാനാർത്ഥങ്ങൾ

ആ ഡോക്ടർ ഒന്ന് ഉറക്കെ കരഞ്ഞെങ്കിൽ എന്ന് എൻ്റെ കനം നിറഞ്ഞ മനസ്സ് ആഗ്രഹിച്ചു പോയി. ഇന്നലെയും അവർ 24 മണിക്കൂർ ഡ്യൂട്ടിയിൽ ആയിരുന്നു. രാവിലെ ഒരു മണിക്കൂറിൻ്റെ ഇടവേളയിൽ തിരിച്ച് വീട്ടിൽ ചെന്ന് ഒന്ന് കുളിച്ച് ഡ്രസ് മാറി ഭക്ഷണം കഴിച്ച് എത്തിക്കഴിഞ്ഞു..

ഒരു ഗർഭിണിയെ പരിശോധിച്ചശേഷം ഓപ്പറേഷനു റെഡിയാക്കാനാണ് മേഡം പറയുന്നത്. ഞാനാണെങ്കിൽ ലേബർ റൂമിൽ റൗണ്ട്സിന് എത്തിയതേ ഉള്ളൂ.

” എപ്പോഴാണ് വീട്ടിൽ പോകുന്നത് മേഡം….?”

ട്രാൻസ്ഫറായ ശേഷം കഴിഞ്ഞ കൊല്ലം കോവിഡിൻ്റെ ഡ്യൂട്ടിത്തിരക്കിൽ മേഡത്തിന് വീട്ടിൽ പോകാൻ ബുദ്ധിമുട്ടായിരുന്നു.

“മൂന്ന് മാസമായി പോയിട്ട്..മോൻ്റെ പ്ലസ്ടു പരീക്ഷയടുപ്പിച്ച് ഒന്നു പോണംന്ന് കരുതുന്നു …”

ബാക്കി റൗണ്ട്സ് കഴിഞ്ഞ് ഞാൻ ഓപ്പറേഷൻ തിയേറ്ററിൽ എത്തി. പെട്ടെന്നാണ് ഒരു ബഹളം കേട്ടത്. ട്രോളിയിൽ ഒരു ഗർഭിണിക്ക് സി.പി. ആർ കൊടുത്തു കൊണ്ട് ജൂനിയർ ഡോക്ടർ. രണ്ട് ഡ്രിപ് സെറ്റ് മുകളിലേക്ക് തൂക്കിപ്പിടിച്ച് രണ്ട് സിസ്റ്റർമാർ ട്രോളിയുടെ കൂടെ ഓടുന്നു.
ട്രോളി ഉന്തി നീല ഡ്രസ്സിട്ട രണ്ട് അറ്റൻഡർമാർ. പിന്നാലെ കരഞ്ഞു നിലവിളിക്കുന്നത് രോഗിയുടെ അമ്മയാണെന്ന് തോന്നുന്നു. ഓപ്പറേഷൻ തിയേറ്ററിൻ്റെ വരാന്തയിലൂടെ ട്രോളി വേഗത്തിൽ ഉന്താൻ കൂടുമ്പോഴാണ് ഞാൻ രോഗിയുടെ മുഖം കണ്ടത്.

മിനിട്ടുകൾക്ക് മുമ്പ് ലേബർ റൂമിൽ മേഡം പരിശോധിക്കുമ്പോൾ സംസാരിച്ച് കൊണ്ടിരുന്ന അതേ ഗർഭിണി.

” ഓപ്പറേഷൻ തിയേറ്ററിലെത്തിക്കാൻ ട്രോളിയിൽ കേറ്റിയപ്പോഴേക്കും ഒരു ശ്വാസം തിങ്ങൽ പോലെ കാണിക്കുകയും ബോധം പോകുകയും ചെയ്തു …… പൾസ് കിട്ടുന്നില്ല മേഡം …..”

ജൂനിയർ ഡോക്ടർ സി.പി.ആർ കൊടുത്തു കൊണ്ടിരിക്കുന്നു. നിമിഷാർദ്ധത്തിൽ പേഷ്യൻ്റെ് ഓപ്പറേഷൻ തിയേറ്ററിലെത്തി. അവിടെ ഉള്ള എല്ലാ ഡോക്ടർമാരും നേഴ്സുമാരും കയ്മെയ് മറന്ന് പരക്കം പായുകയാണ്. അനസ്തെറ്റിസ്റ്റ് രോഗിയുടെ ശ്വാസകോശത്തിൽ ട്യൂബിറക്കി കൃത്രിമ ശ്വാസോച്ഛ്വാസം നൽകുന്നുണ്ട്.

മേഡം ഓപ്പറേഷൻ തിയേറ്ററിൽ എപ്പോഴാണ് എത്തിയതെന്ന് അറിഞ്ഞില്ല. ഒരു സെക്കൻ്റ് പോലും പാഴാക്കാതെ രോഗിയുടെ കൂടെ തന്നെ.

” അട്രോപിൻ…. അഡ്രിനാലിൻ ……..” അശരീരികളായി മുഴങ്ങുന്ന ആജ്ഞകൾ

അതാ പൾസ് വന്നിരിക്കുന്നു. ഇസിജിയും. പക്ഷെ ബി.പി വളരെ കുറവാണ്. ബോധം തെളിഞ്ഞിട്ടില്ല.

” ബ്ലഡ് എത്തിയോ??”ആരോ ചോദിക്കുന്നുണ്ട്. അനെസ്തറ്റിസ്റ്റ് ആണ്.

ജൂനിയർ ഡോക്ടറും നേഴ്സിംഗ് സ്റ്റുഡന്റും സെക്യൂരിറ്റി സ്റ്റാഫും മുന്നിലെ ആശുപത്രിയിലേക്ക് ഓടിയിരിക്കുന്നു, ബ്ലഡ് കിട്ടാൻ.

” ഇപ്പൊ വരും സർ. ബ്ലഡ് ബാങ്കിൽ വിളിച്ചു ചോദിച്ചപ്പോൾ അവർ അവിടെ എത്തിയിട്ടുണ്ടെന്ന് പറഞ്ഞു”

ആരാണ് പറയുന്നതെന്ന് കാണുന്നില്ല. ഞാൻ മാഡത്തോടു ചോദിച്ചു.

“കൂടെയുള്ളവരോടു പറഞ്ഞോ മാഡം? സിസേറിയൻ കൺസെൻ്റും ഡെത്ത് ഓൺ ടേബിൾ കൺസെൻ്റും എടുക്കട്ടെ ?”

“ആ ശരി. കുട്ടിയുടെ ഹാർട്ട് ബീറ്റ് കിട്ടുന്നില്ല ….”

മേഡം സ്റ്റെതസ്കോപ്പ് മേശയിൽ വെച്ച് സർജറിക്ക് വാഷ് ചെയ്യാൻ ഓടി. ഞാൻ വരാന്തയിലൂടെ കേസ് ഷീറ്റെടുത്ത് ഓടി. സെക്യൂരിറ്റിയോട് ബൈസ്റ്റാൻഡറെ വിളിക്കാൻ പറഞ്ഞ് സ്വന്തം കൈപ്പടയിൽ കൺസെൻ്റ് എഴുതി,

“— എന്ന രോഗിക്ക് ഗർഭപാത്രത്തിലെ വെള്ളം ശ്വാസകോശത്തിലെ രക്തക്കുഴലിൽ കയറുന്ന ‘ആംനിയോട്ടിക് ഫ്ലൂയിഡ് എംബോളിസം ‘ എന്ന അവസ്ഥയാണ് എന്നും, അമ്മയുടെയും കുട്ടിയുടെയും സ്ഥിതി ഗുരുതരമാണെന്നും , പെട്ടെന്ന് ഓപ്പറേഷൻ ചെയ്യേണ്ടിവരുമെന്നും, ഈ അവസ്ഥയിൽ അമ്മയും കുഞ്ഞും മരിക്കാൻ വരെ സാധ്യതയുണ്ടെന്നും….”

ഭർത്താവും മറ്റുള്ളവരും ഇതൊന്നും കേൾക്കുന്നുണ്ടെന്നു പോലും തോന്നുന്നില്ല. വല്ലാത്ത ഒരു അവസ്ഥ.

” ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്, നിങ്ങൾ പ്രാർത്ഥിക്കുക”

ഞാൻ ഒപ്പു വാങ്ങി ഓടി. ഓപ്പറേഷന് എല്ലാരും റെഡിയായി നിൽക്കുന്നുണ്ട്.

“ഞാനും കേറട്ടെ മാഡം ?”

മൗനത്തിലെ സമ്മതത്തിൽ ഞാനും അപ്പുറത്ത് നിലയുറപ്പിച്ചു.

പിന്നീട് ഒരു യുദ്ധമായിരുന്നു. പരിഭ്രമം മാറ്റിനിർത്തി തന്നെത്തന്നെയും മറന്ന് ഒരു പടനായികയെ പോലെ മാഡം എല്ലാം മറന്ന് പൊരുതുകയാണ്. മികവിൻ്റെ  കൈവഴക്കവുമായി സെക്കന്റുകൾക്കുള്ളിലാണ് മേഡം കുട്ടിയെ പുറത്തെടുത്തതെങ്കിലും, കുട്ടി കരയുന്നില്ല. ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ റെഡിയായ പീഡിയാട്രീഷ്യൻ ടീമിൻ്റെ വക കുട്ടിയെ രക്ഷിക്കാനുള്ള അടുത്ത യുദ്ധം.

ബ്ലീഡിങ്ങ് കൂടിക്കൊണ്ടിരിക്കുകയുയാണ്. ബ്ലഡിനു മുകളിൽ ബ്ലഡ് ജൂനിയർ ഡോക്ടർ കയ്യോടെ പുഷ് ചെയ്ത് കേറ്റിക്കൊണ്ടിരിക്കുന്നു. അതുപോലെത്തന്നെ ഗർഭപാത്രത്തിൽ നിന്ന് പൈപ്പ് തുറന്നിട്ട പോലെ രക്തം പുറത്തേക്കും ഒഴുകുന്നു.

” പിറ്റോസിനും പ്രോസ്റ്റോഡിനും എല്ലാം കൊടുത്തു. ഡോബ്യൂട്ട മീൻ ഡ്രിപ്പിലാണ്. പൾസ് ഫീബിൾ ആണ് ഡോക്ടർ” അനസ്തെറ്റിസ്റ്റ് അറിയിച്ചു.

ഇല്ല തോൽക്കാനില്ല. ജയിക്കണം, ജയിച്ചേ മതിയാകൂ. ഗർഭപാത്രം കെട്ടി. രക്തക്കുഴലുകൾ കെട്ടി. രോഗിയുടെ ബ്ലീഡിങ്ങ് കൂടിക്കൊണ്ടിരിക്കുകയാണ്. ഗർഭപാത്രം നീക്കി. ആവനാഴിയിലെ എല്ലാ ആയുധങ്ങളും തീർന്നു പോയിരിക്കുന്നു.

” പൾസ് ഇല്ല, ഹാർട്ടും നിന്നിരിക്കുന്നു. പ്യൂപ്പിൾ ഡയലേറ്റഡ് ആണ്. പേഷ്യൻ്റ്  പോയെന്നു തോന്നുന്നു ഡോക്ടർ”

അവളുടെ വിളറിയ മുഖം കണ്ടിട്ടും, ജീവൻ്റെ ഒരു മിടിപ്പെങ്കിലും കാണാനായി ഓപ്പറേഷൻ തുടർന്നു. പിന്നെ നിർത്തി.

കുട്ടികളുടെ ഡോക്ടറും മരണത്തിനു മുന്നിൽ തോറ്റ് പിൻമാറിയിരിക്കുകയാണ്.

” മാഡം, ഞാൻ ക്ലോസ് ചെയ്യാം. മേഡം ബൈസ്റ്റാൻന്റെഴ്സിനെ കാര്യം അറിയിച്ചോളൂ. കേസ് ഷീറ്റ് ഞാനെഴുതാം ”

മേഡം വാഷ് ഔട്ടായി. ഞാൻ സർജറി തീർത്തു. സമയം വെച്ച് സംഭവിച്ചതെല്ലാം കേസ് ഷീറ്റിൽ എഴുതി. പേജുകൾക്ക് നമ്പറിട്ടു. അനസ്തീഷ്യ ഡോക്ടറെയും പീഡിയാട്രീഷ്യനെയും കണ്ട് കേസ് ഷീറ്റ് മുഴുവനാക്കി. സമയം വൈകുന്നേരം മൂന്നു മണി. ഈ നേരമത്രയും അവിടെയുള്ള ഒരു സ്റ്റാഫും ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല. ഒന്ന് ഇരുന്നിട്ടില്ല. രോഗിയുടെ ചികിത്സാകാര്യമല്ലാതെ മറ്റൊന്നും സംസാരിച്ചിട്ടില്ല.

ഓപ്പറേഷൻ തിയേറ്ററിൽ മരണത്തിൻ്റെ വല്ലാത്തൊരു മൂകത. വരാന്തയുടെ അറ്റത്ത് മാഡം ഒരു വലിയ ആൾക്കൂട്ടത്തിനോടാണ് സംസാരിക്കുന്നത്.

” ഞങ്ങൾ ചെയ്യാൻ പറ്റാവുന്നതെല്ലാം ചെയ്തു …..” വാക്കുകൾ ഇടറുന്നുണ്ട്.

“നീയെൻ്റെ കുഞ്ഞിനെ കൊന്നില്ലേടി …..നിന്നെ ഞാൻ വെറുതെ വിടില്ല, നോക്കിക്കോ” അവരുടെ കണ്ണിൽ സങ്കടത്തിൽ പൊതിഞ്ഞ പക മാത്രം.

മേഡം ചെയ്ഞ്ചിങ്ങ് റൂമിൽ കേറി.

” പോസ്റ്റ് മോർട്ടത്തിൻ്റെ  കാര്യം ഡിസ്കസ് ചെയ്തോ മാഡം? ”
” ഇല്ല .”
” ഞാൻ പറയാം”
“ഉം”
” ചായ കൊണ്ടുവരിപ്പിക്കട്ടെ മേഡം?”
“വേണ്ട”
“ആ രോഗിയുടെ മുഖം മനസ്സിൽ നിന്നും മായുന്നില്ല. ഒമ്പത് മാസമായില്ലേ കാണാൻ തുടങ്ങിയിട്ട്?”

മാഡത്തിന് വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയുന്നില്ല.

“സാരമില്ല മാം. നമ്മൾ കരുതിക്കൂട്ടി ചെയ്തതല്ലല്ലോ. ഇത് പ്രഗ്നൻസിയിൽ ഒരു അറിയാവുന്ന കോംപ്ലിക്കേഷനല്ലേ. നമ്മൾക്ക് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്തില്ലേ?”

ഡ്രസ്സിങ്ങ് റൂമിൻ്റെ  ജനലിലൂടെ താഴെ ആശുപത്രി മുറ്റത്തെ ജനക്കൂട്ടത്തിനിടയിലൂടെ ക്യാമറാമാൻമാരും റിപ്പോർട്ടർമാരും പാഞ്ഞു നടക്കുന്നുണ്ട്. മിക്കവാറും ലൈവ് സ്ട്രീമിംഗ് ആയിരിക്കും. ആശുപത്രി തല്ലിപ്പൊളിക്കാൻ തുടങ്ങിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് എത്തിയിട്ടുണ്ട്.

നിങ്ങൾക്കറിയില്ല. ഈ ഡോക്ടർ ഈ ആശുപത്രിയുടെ ജീവനാഡിയാണ്. ആർക്ക് എന്തു കോംപ്ലിക്കേഷനുണ്ടെങ്കിലും ഏത് അർദ്ധരാത്രിയിലും ഓടിയെത്തുന്നവർ. അവർ കൈപിടിച്ചുയർത്തിയ ജീവിതങ്ങൾ എണ്ണമറ്റതാണ്. അവർ കണക്കു പറയില്ല. പക്ഷേ ഞങ്ങൾക്കറിയാം.

രക്ഷിച്ചതെല്ലാം വെറും ഡ്യൂട്ടി. ദൈവത്തിനു പോലും തടയാൻ കഴിയാത്തതെല്ലാം അനാസ്ഥ. ഇതൊരു ചൊല്ലായിരിക്കുന്നു.

തൊണ്ണൂറ്റൊൻപത് ‘ശരിയുത്തരങ്ങൾ ‘ കഴിഞ്ഞ് ; നൂറാമത്തെ തെറ്റിയ ചോദ്യത്തിന്റെ പേരിൽ വടിയെടുത്തു പഠിപ്പിക്കുന്ന സമൂഹവും, ചതുരങ്ങളിലെ ചതുരങ്ങളിൽ നാവുകൊണ്ട് മാത്രം നിർത്താതെ സാമൂഹ്യ പ്രവർത്തനം നടത്തുന്ന തലകളും , സ്വന്തം കണ്ണു കെട്ടിയ നിയമവും വേട്ടയാടുമ്പോൾ; ജീവനോടെ ഇരിക്കാനും, മാന്യത കാത്തുസൂക്ഷിക്കാനും, ജയിൽ ശിക്ഷ കിട്ടാതിരിക്കാനും വേണ്ടി ഇന്നത്തെ ക്ലാസ്സിൽ ഭാവി ഡോക്ടർമാരോടായി എനിക്ക് പറയേണ്ടി വന്നു.

“നിങ്ങൾ കുളത്തിൽ നിന്ന് കിണറ്റിലേക്ക് ചാടിയിരിക്കുന്നു. ഇനി അതിൽ ജീവിക്കുക, അതിജീവിക്കുക.”

രോഗിയുടെ ജീവനേപ്പോലെ വിലപ്പെട്ടതാണ് നിങ്ങളുടെയും ജീവൻ. ദൈവങ്ങളാകേണ്ട, മനുഷ്യരായാൽ മതി. നല്ല മനുഷ്യർ.

‘ Non Maleficence = Do no harm ‘ എന്നു പറഞ്ഞാൽ

” നിങ്ങൾ ആരെയും ഉപദ്രവിക്കാതിരിക്കുക – നിങ്ങളെ ഉൾപ്പെടെ.”

About Author

ഡോ. രേഷ്മ സാജൻ

പാലക്കാട് മെഡിക്കൽ കോളേജ് ഗൈനക്കോളജി ഡിപ്പാർട്മെൻ്റിൽ അഡീഷണൽ പ്രൊഫസർ.

3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Priya
Priya
2 years ago

Sheriyanu Reshma….

Dr NISHATH
Dr NISHATH
2 years ago

Dr Reshma you presented the exact mayhem so well on paper…. doctors mostly are are not apt at this…. thank you… for all doctors, especially obstetricians,who have to think about patients at hand before everything,even themselves and their families
..

RAMAKRISHNAN
RAMAKRISHNAN
2 years ago

Ok