A Unique Multilingual Media Platform

The AIDEM

Articles Politics

കണ്ണൂരിൽ മതനിരപേക്ഷകക്ഷികളുടെ ബദലിന് കൊടിയുയരുമോ?

  • April 5, 2022
  • 1 min read
കണ്ണൂരിൽ മതനിരപേക്ഷകക്ഷികളുടെ ബദലിന് കൊടിയുയരുമോ?

സിപിഐഎം ഇരുപത്തിമൂന്നാം പാ‍ർട്ടി കോൺഗ്രസിന് കണ്ണൂ‍ർ വേദിയാകുകയാണ്. പാ‍ർട്ടിയുടെ ആദ്യയോഗം നടന്ന മണ്ണിലേക്ക് പാർട്ടിയുടെ ഏറ്റവും വലിയ സമ്മേളനമായ പാർട്ടി കോൺഗ്രസ് എത്തുന്നത് ഇതാദ്യമായാണ്. പാർട്ടി കോൺഗ്രസ് നടക്കുന്ന സമയത്ത് തന്നെയാണ് രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലിരിക്കുന്ന ഏകസംസ്ഥാനത്തിലെ സർക്കാരിന്റെ  ഒന്നാം വാർഷിക ആഘോഷവും കണ്ണൂരിൽ നടക്കുന്നത്. രാജ്യം സാമ്പത്തികമായും സാമൂഹികമായും വെല്ലുവിളികൾ നേരിടുന്ന കാലത്ത് ചേരുന്ന പാർട്ടി കോൺഗ്രസ് പലകാരണങ്ങളാൽ പ്രസക്തമാണ്. ദേശിയ തലത്തിൽ ബിജെപിയെ ചെറുക്കുക, പാ‍ർട്ടിയുടെ ശേഷി വർദ്ധിപ്പിക്കുക, വർഗസമരങ്ങൾ ശക്തമാക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങളും വെല്ലുവിളികളുമാണ് പാർട്ടിക്ക് മുമ്പിലുള്ളത്. പാർട്ടി കോൺഗ്രസ് ഹൈദരാബാദിൽ നിന്ന് കണ്ണൂരിലേക്ക് എത്തുമ്പോൾ പാർട്ടിയുടെ ദേശിയ നേതൃത്വത്തിൽ മുൻകാലങ്ങളിലേത് പോലെ വലിയ ചേരിതിരിവില്ലെന്നത് പാർട്ടിക്ക് ആശ്വാസം പകരുന്നു. അതേസമയം പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ പലയിടത്തും തിരിച്ചടി നേരിടുന്നുവെന്നത് തലവേദനയുമാണ്.

ഇരുപത്തി മൂന്നാം പാ‍ർട്ടി കോൺഗ്രസിൽ പാർട്ടി അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തിൽ പ്രധാനമായി നാല് നിർദേശങ്ങളാണ് ഉള്ളത്. പാർട്ടിയെ ശക്തിപ്പെടുത്തുക, ഇടത് ഐക്യം ശക്തിപ്പെടുത്തുക, ഇടത് ജനാധിപത്യ ബദൽനയം മുന്നോട്ട് വെയ്ക്കുക ,ഹിന്ദുത്വ ശക്തികൾക്കെതിരെ വിശാല മതനിരപേക്ഷ വേദിയുണ്ടാക്കുക. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് നിലവിലെ സാഹചര്യത്തിൽ ബിജെപിക്കെതിരെ മതനിരപേക്ഷ കൂട്ടായ്മ ശക്തിപ്പെടുത്തുകയെന്നത് തന്നെയാണ്. അതിന് വേണ്ട അംഗബലമോ ശക്തിയോ രാജ്യമൊട്ടാകെ സിപിഐഎമ്മിന് ഇല്ല എന്നപോരായ്മ മറ്റ് പാർട്ടികളെ കോർത്തിണക്കി മറികടക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ബിജെപി രാജ്യത്ത് വീണ്ടും ശക്തിപ്രാപിക്കുകയാണ്. രാജ്യസഭയിലും ഭൂരിപക്ഷം സ്വന്തമാക്കുന്നതോടെ ബിജെപി പാർലമെന്റിൽ കൂടുതൽ കരുത്താർജിക്കും. ഒന്നാം യുപിഎ സർക്കാരിൽ നിർണായക സ്ഥാനം വഹിച്ചിരുന്ന സിപിഐഎം പക്ഷെ ഇപ്പോൾ അതിന്റെ നിഴലാണ്. ഒരുഘട്ടത്തിൽ 64 സീറ്റ് വരെ ലോക്സഭയിൽ ഉണ്ടായിരുന്ന സിപിഐഎമ്മിന് ഇപ്പോൾ ഉള്ളത് വെറും മൂന്ന് അംഗങ്ങളാണ്. കേരളത്തിൽ നിന്ന് ഒരംഗവും തമിഴ്നാട്ടിൽ നിന്ന് രണ്ടും അംഗങ്ങളും. പാർട്ടിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളായിരുന്ന ബംഗാളിൽ നിന്നും തൃപുരയിൽ നിന്നും ഒറ്റ അംഗം പോലും ഇപ്പോൾ പാർലമെന്റിലില്ല. ബിജെപിക്കെതിരെ എക്കാലത്തും ശക്തമായ പ്രതിരോധം ഉയർത്തിയിട്ടുണ്ട് സിപിഐഎം. ബിജെപിയെ ശക്തമായി പ്രതിരോധിച്ച കേരളത്തിൽ ഒരു ദശകത്തിന് ശേഷം പാർട്ടി കോൺഗ്രസ് എത്തുമ്പോൾ ദേശിയ തലത്തിൽ ബിജെപിയെ ചെറുക്കുന്നതിന് പാർട്ടിക്ക് എന്ത് ചെയ്യാനാകുമെന്നത് തന്നെയാകും ഏവരും ഉറ്റുനോക്കുന്നത്.

ഇവിടെയാണ് സിപിഐഎമ്മിനകത്ത് ഇപ്പോൾ നിലനിൽക്കുന്ന ഏറ്റവും വലിയ തർക്കങ്ങളിലൊന്നും. മതനിരപേക്ഷ കൂട്ടായ്മയിൽ ആരെയെല്ലാം അണിനിരത്താം? ശക്തികേന്ദ്രങ്ങളായ ബംഗാളിലും തൃപുരയിലും ഭരണത്തിന് പിന്നാലെ വലിയതോതിൽ അംഗങ്ങളുടെ കൊഴിഞ്ഞുപോക്കും പാർട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. ബിജെപി ഇതര പ്രാദേശികപാർട്ടികളിൽ ഏറ്റവും ശക്തരായ തൃണമൂൽ കോൺഗ്രസുമായി സഹകരിക്കുകയെന്നത് സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം ബംഗാളിൽ അംഗീകരിക്കാനാവാത്തതാണ്. ബംഗാളിൽ സിപിഐഎമ്മിൻറെ ഏറ്റവും വലിയ ശത്രു തൃണമൂലാണ്. ബംഗാളിൽ തൃണമൂലിൻറെ ഏറ്റവും വലിയ ശത്രു ബിജെപിയാണ്. ദേശിയതലത്തിലും ബിജെപിയെ ശക്തമായി എതിർക്കുന്ന മുഖങ്ങളിലൊന്ന് തൃണമൂലിൻറെ മമത ബാനർജിയുമാണ്. ബംഗാളിൽ തൃണമൂലിനെ തോൽപ്പിക്കാനായി കോൺഗ്രസുമായി അപ്രഖ്യാപിത സഖ്യത്തിലും സഹകരണത്തിലുമെല്ലാം ഏർപ്പെട്ടിട്ടും പക്ഷെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് സിപിഐഎമ്മിന് നേരിടേണ്ടിവന്നത്. അവിടെ കൈകോർത്ത കോൺഗ്രസുമായി സഖ്യമോ ധാരണയോ എന്നത് കേരളത്തിലെ പാർട്ടിക്ക് ആലോചിക്കാനേ ആവില്ല. കേരളത്തിൽ സിപിഐഎമ്മിൻറെ മുഖ്യ എതിരാളി കോൺഗ്രസാണ്. നിലവിൽ  രാജ്യത്തെ ഏറ്റവും പഴക്കം ചെന്നതും ഭരണത്തിന് ഏറെക്കാലം നേതൃത്വം കൊടുത്തതുമായ കോൺഗ്രസുമായി എങ്ങനെ സഹകരണമാകാമെന്നത് സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം വലിയ തർക്കവിഷയമാണ്. കോൺഗ്രസുമായുള്ള സഹകരണം സംബന്ധിച്ച് ഹൈദരാബാദ് പാർട്ടി കോൺഗ്രസിലും വാശിയേറിയ ചർച്ചയാണ് നടന്നത്. കോൺഗ്രസ് വെച്ചുപുലർത്തുന്ന മൃദുഹിന്ദുത്വസമീപനവും ഒരുതരത്തിലും പാർട്ടിക്ക് അംഗീകരിക്കാനാവാത്തതാണ്. കോൺഗ്രസിന്റെ സാമ്പത്തിക നയം എന്നത് കോർപറേറ്റ് പ്രീണനനയമാണെന്നും ബിജെപിയുടേതിൽ നിന്ന് ഒട്ടും വിഭിന്നമല്ലയെന്നും കോൺഗ്രസ് സഹകരണത്തെ എതി‍‍ർക്കുന്നവ‍ർ ചൂണ്ടിക്കാട്ടുന്നു.

പ്രാദേശിക പാർട്ടികളെ അണിനിരത്തി മതനിരപേക്ഷ ബദൽ ഒരുക്കുമ്പോൾ അതിന് ആര് നേതൃത്വം കൊടുക്കുമെന്നത് വലിയ ചോദ്യമാണ്. ദേശിയ തലത്തിൽ ബിജെപിക്കെതിരെ ബദൽ ഉയർത്താൻ നിലവിലെ അവസ്ഥയിൽ കോൺഗ്രസിന് എത്രമാത്രം സാധിക്കുമെന്നത് ഒരു ചോദ്യമാണ്. പ്രത്യേകിച്ച് ഉത്തർപ്രദേശിലേയും പഞ്ചാബിലേയും തിരഞ്ഞെടുപ്പുകളിൽ നേരിട്ട കനത്ത തിരിച്ചടിയ്ക്ക് ശേഷം. കരുത്തില്ലാത്ത ദേശിയ നേതൃത്വവും കൊഴിഞ്ഞുപോകുന്ന നേതാക്കളും അണികളുമെല്ലാം കോൺഗ്രസിന്റെ പ്രതിസന്ധിയിലാക്കുന്നു.

കോൺഗ്രസ് പിന്തുണയ്ക്കുന്നത് നിയോ ലിബറൽ ആശയങ്ങൾതന്നെയാണ് എന്ന് പാർട്ടി കോൺഗ്രസിലവതരിപ്പിക്കാനിരിക്കുന്ന രാഷ്ട്രീയ കരട് രേഖയിൽ കുറ്റപ്പെടുത്തുന്നുണ്ട്. തുടർന്ന് കരട് പ്രമേയം ഇങ്ങനെ പറയുന്നു.

‘മതേതരത്വത്തെ പറ്റി സംസാരിക്കുമ്പോഴും ഹിന്ദ്വത്വ ശക്തികളെ ചെറുക്കുന്നതിൽ കോൺഗ്രസ് കാര്യക്ഷമമല്ല. മാത്രവുമല്ല, ചിലസമയങ്ങളിൽ അത് ഹിന്ദുത്വ ശക്തികളുമായി സമരസപെടുകയും ചെയ്യുന്നുണ്ട്. ക്ഷീണിച്ച കോൺഗ്രസിന് മതനിരപേക്ഷ കക്ഷികളെ അണിനിരത്താൻ സാധിക്കില്ല’

സംഘടനപരമായും രാഷ്ട്രീയപരമായും കോൺഗ്രസ് തകർച്ചയിലാണ്. എന്നിരുന്നാലും ബിജെപിയേയും ആർഎസ്എസിനേയും പോലെ കോൺഗ്രസിനേയും അപകടമായികാണാൻ സിപിഐഎം തയ്യാറല്ല. എങ്കിലും കോൺഗ്രസുമായി യൊതൊരുവിധത്തിലുമുള്ള രാഷ്ട്രീയ സഖ്യവും ഉണ്ടാക്കില്ലെന്ന് 22 ആം പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയ പ്രമേയം വ്യക്തമാക്കിയിട്ടുണ്ട് (പാര 2.89).

നേതൃ സ്ഥാനം സ്വയം ഏറ്റെടുക്കണമെങ്കിൽ സിപിഐഎം കൂടുതൽ ശക്തമാകേണ്ടതുണ്ട്. ഹിന്ദി ഹൃദയഭൂമിയിലേക്ക് പാർട്ടിയുടെ സ്വാധീനം വളർത്തുകയെന്നത് കഴിഞ്ഞ കുറേകാലമായി പാർട്ടിയുടെ മുഖ്യഅജണ്ടകളിലൊന്നാണ്. എന്നാൽ ഇക്കാര്യത്തിൽ കാര്യമായ പുരോഗതി കൈവരിക്കാൻ പാർട്ടിക്കായിട്ടില്ല.

ഫെഡറലിസത്തെ അപകടപ്പെടുത്തിയുള്ള ബിജെപിയുടെ ഭരണത്തിൽ അസംതൃപ്തരാണ് ഭൂരിപക്ഷം പ്രാദേശിക പാർട്ടി സർക്കാരുകളും. അതിനാൽ തന്നെയാണ് അവരെ അണിനിരത്തി ബിജെപിയെ ചെറുക്കാമെന്ന് സിപിഐഎം കണക്കുകൂട്ടുന്നത്. തമിഴ്നാട്ടിൽ എംകെ സ്റ്റാലിൻറെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിൻറെ പ്രവർത്തനങ്ങളെ ഇടത്പക്ഷം പ്രശംസിക്കുന്നത് ഡിഎംകെയെ മുന്നിൽ നിർത്തി മതേതരകക്ഷി കൂട്ടായ്മ ഒരുക്കാനുള്ള തന്ത്രത്തിൻറെ ഭാഗമായും വിലയിരുത്താം. എഐഎഡിഎംകെ – ബിജെപി സഖ്യത്തെ പരാജയപ്പെടുത്തി അധികാരത്തിലേറിയ സ്റ്റാലിൻ കേന്ദ്രസർക്കാരിനെതിരെ സന്ധിയില്ല സമരത്തിലുമാണ്. സ്റ്റാലിനെ കുറിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സമീപകാലത്ത് നടത്തിയ പരാമർശം സ്റ്റാലിനേയും ഡിഎംകെയേയും മുന്നിൽ നിർത്തി ബദൽ രാഷ്ട്രീയ സാധ്യതകൾ തേടുന്നതിൻറെ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

പരിസ്ഥിതി സംരക്ഷണ രാഷ്ട്രീയത്തിൽ കാതലായ ചർച്ചകളും കണ്ണൂരിൽ നടക്കും. പ്രത്യേകിച്ച് കെ റെയിലിനായി കേരളത്തിൽ പാർട്ടി വാദിക്കുകയും മഹാരാഷ്ട്രയിൽ ഹൈസ്പീഡ് റെയിലിനെതിരെ പാർട്ടിയുടെ നേതൃത്വത്തിൽ തന്നെ സമരം നടത്തുകയും ചെയ്യുമ്പോൾ. പരിസ്ഥിതിയും കൃഷിഭൂമിയും സംരക്ഷിക്കുന്നകാര്യത്തിൽ പാർട്ടിക്ക് വിവിധയിടങ്ങളിൽ വ്യത്യസ്ഥ നിലപാടെന്നത് പ്രതിനിധികൾ ഉന്നയിക്കുമെന്നുറപ്പാണ്.

കാര്യമായ ഉൾപ്പാർട്ടി പ്രശ്നങ്ങൾ ഇല്ലെന്നതിനാൽ തന്നെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി തുടരാനാണ് സാധ്യത.  വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഇത് മൂന്നാം തവണയാകും യെച്ചൂരി ജനറൽ സെക്രട്ടറിയാവുന്നത്. അതേസമയം നേതൃനിരയിലേക്ക് പുതിയ അംഗങ്ങൾ കടന്നുവരുന്നതിന് കണ്ണൂർ പാർട്ടി കോൺഗ്രസ് വേദിയാകും. വനിതകൾക്കും ന്യൂനപക്ഷ-ദളിത് വിഭാഗങ്ങൾക്കും എത്രമാത്രം പ്രാതിനിധ്യം പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും ഇത്തവണ ഉണ്ടാകുമെന്നതും ശ്രദ്ധേയമാകും.

About Author

Sanub Sasidharan

മാധ്യമപ്രവർത്തകൻ. ദി ഐഡം, ഏഷ്യനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയ വൺ ടി.വി. എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്.