മുതിർന്ന മാധ്യമപ്രവർത്തകനും മലയാളമനോരമയുടെ ഡൽഫി ചീഫ് ഓഫ് ബ്യൂറോയും ആയ ജോമി തോമസ് അന്തരിച്ച മുൻ സിപിഐഎം സംസ്ഥാനസെക്രട്ടറിയും പിബി അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണനുമായുള്ള ബന്ധത്തെ സ്മരിക്കുന്നു.
………
ഗൗരവം നടിച്ചല്ല, പുഞ്ചിരിക്കുന്ന മുഖത്തോടെയാണ് കോടിയേരി ബാലകൃഷ്ണനെ പാർട്ടി സമ്മേളനങ്ങളുടെയും പത്ര സമ്മേളനങ്ങളുടെയും വേദിക ളിൽ കണ്ടിട്ടുള്ളത്. സൗമ്യമായ ആ ചിരികൊണ്ട് അദ്ദേഹത്തിന് നഷ്ടങ്ങൾ ഉണ്ടായതായി അറിയില്ല, സൗഹൃദങ്ങൾക്കു വഴിയൊരുങ്ങിയതായി അറിയാം.
നല്ല പെരുമാറ്റമെന്ന ഗുണംകൊണ്ടാണ് നല്ല മനുഷ്യൻ എന്നു കോടിയേരിയെക്കുറിച്ചു പറയുന്നത്. ഡൽഹിയിലും പാർട്ടി കോൺഗ്രസ് വേദികളിലും കൊൽക്കത്തയിലെ പ്ലീനറി സമ്മേളനദിവസങ്ങളിലുമാണ് കോടിയേരിയുമായി നേരിട്ടു സംസാരിക്കാൻ അവസരമുണ്ടായിട്ടുള്ളത്. പാർട്ടിയുടെ പരമരഹസ്യമെന്നു പറയാവുന്ന കാര്യങ്ങളൊന്നും കോടിയേരി പറഞ്ഞുതന്നിട്ടില്ല. എന്നാൽ, പാർട്ടിക്കാര്യങ്ങളെക്കുറിച്ച് വ്യക്തത ലഭിക്കാവുന്ന, വാർത്താപരമായി ഗുണകരമാകുന്ന കാര്യങ്ങൾ പറഞ്ഞുതന്നിട്ടുണ്ട്. അതുകൊണ്ടല്ല നല്ല പെരുമാറ്റമെന്നു പറയുന്നത്.
കോടിയേരിയുടെ രാഷ്ട്രീയ ജീവിതത്തിൽ പ്രശ്നമുണ്ടാക്കിയ ഒരു വാർത്ത ഏതാനും വർഷംമുൻപ് ഞാനെഴുതി. അദ്ദേഹത്തിൻറ മൂത്ത മകനുമായി ബന്ധപ്പെട്ട പ്രശ്നമായിരുന്നു. ആദ്യ വാർത്തയിൽ, അതിന്റെ കാരണമായ വ്യക്തി പ്രമുഖ നേതാവിന്റെ മകനാണെന്നു മാത്രമേ പരാമർശിച്ചിരുന്നുള്ളു. ആരുടെ മകനെന്നു പറയാതിരുന്നതിന് വലിയ വിമർശനം കേട്ടു. പ്രമുഖൻ ആരെന്നത് വാർത്ത പുറത്തുവന്ന് രണ്ടു മണിക്കൂറിനകം വ്യക്തമായി.
എന്തായാലും, ഒരു വിദേശ പൗരനിൽനിന്ന് ജനറൽ സെക്രട്ടറിക്കു ലഭിച്ച ആ പരാതിയുടെ പശ്ചാത്തലമായ സംഗതികൾ വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതുമായിരുന്നു. ആദ്യവാർത്തയും തുടർന്നുണ്ടായ സംഭവങ്ങളും കാരണം വിഷയം ദിവസങ്ങളോളം സജീവമായിനിന്നു. അത് കോടിയേരിക്കു ബുദ്ധിമുട്ടുണ്ടാക്കി എന്നതിൽ സംശയമില്ല.
ഏതാനും മാസം ക ഴിഞ്ഞ്, ഹൈദരബാദിൽവച്ച് കോടിയേരിയെ കണ്ടു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ കോടിയേരിയും റിപ്പോർട്ട് ചെയ്യാനെത്തിയ ഞാനും ഒരേ ഹോട്ടലിലാണ് താമസിച്ചിരുന്നത്. ആ ദിവസങ്ങളിലെല്ലാം പ്രാതൽ സമയത്ത് ഞങ്ങൾ തമ്മിൽ കണ്ടു. ആദ്യ ദിവസം മുതൽ പല തവണ, ഒരു മേശയുടെ അപ്പുറവും ഇപ്പുറവുമിരുന്ന് ഭക്ഷണം കഴിച്ചു. ഒരുമിച്ചിരിക്കാൻ ക്ഷണിച്ചത് അദ്ദേഹമാണ്. തനിക്കു ബുദ്ധിമുട്ടുണ്ടാക്കിയ വാർത്തയെക്കുറിച്ച് കോടിയേരി എന്തെങ്കിലും പറഞ്ഞേക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. അദ്ദേഹം അതേക്കുറിച്ചൊഴികെ പലകാര്യങ്ങൾ സംസാരിച്ചു. പറയാതെ വയ്യ, അതൊരു വല്ലാത്ത സമീപനമായിരുന്നു. ആ സവിശേഷമായ മര്യാദയെ ഞാൻ മനസുകൊണ്ടു നമിച്ചു.
എതാനും മാസംമുൻപ്, ഒരു വാർത്തയുമായി ബന്ധപ്പെട്ട് കോടിയേരിയെന്ന പത്രാധിപരുമായി ഫോണിൽ സംസാരിച്ചു. എന്റെ ഒരു സഹപ്രവർത്തകൻ, കാര്യങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചു എന്ന് എന്നോട് ഫോണിൽ വിളിച്ചുപറഞ്ഞു. മറുതലയ്ക്കൽ ഞാനെന്നു മനസിലാക്കിയപ്പോൾ, ഒരു യാത്ര പുറപ്പെടാനുള്ള തിരക്കിനിടയിലും, സംസാരിക്കണമെന്ന് കോടിയേരി താൽപര്യം പറഞ്ഞു. ഡൽഹിയിലെ വിശേഷങ്ങൾ ചോദിച്ചു, കുടുംബകാര്യങ്ങൾ ചോദിച്ചു, പാർട്ടി കോൺഗ്രസിന് ക്ഷണിക്കുകയും ചെയ്തു. തീർച്ചയില്ലെന്നു ഞാൻ പറഞ്ഞപ്പോൾ, തീർച്ചയായും വരണമെന്നു നിർബന്ധിച്ചു.
എന്നോടു നന്നായി പെരുമാറാൻ തക്ക കാരണങ്ങളുണ്ടായിരുന്നില്ല. എന്നിട്ടും, കോടിയേരി നന്നായി മാത്രം പെരുമാറി; ആത്മാർഥമായും സ്നേഹത്തോടെയും ഇടപെട്ടു. അത് അദ്ദേഹത്തിൻറെ മഹത്വം.