A Unique Multilingual Media Platform

The AIDEM

Articles Memoir

മികച്ച സാമാജികൻ; പാർട്ടിയുടെ ഹിതം എപ്പോഴും മുന്നിൽ 

  • October 5, 2022
  • 1 min read
മികച്ച സാമാജികൻ; പാർട്ടിയുടെ ഹിതം എപ്പോഴും മുന്നിൽ 

മുതിർന്ന മാധ്യമപ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം അന്തരിച്ച സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണനെ സ്മരിക്കുന്നു

……

മികച്ച നിയമസഭാ സാമാജികരുടെ മുൻ നിരയിൽ ഇരിപ്പിടമുള്ള കോടിയേരി ബാലകൃഷ്ണന്റെ ചിത്രത്തിന് മനസ്സിൽ നല്ല തെളിച്ചമാണ്. സഭയിലായാലും മാധ്യമങ്ങളുടെ മുന്നിലായാലും ഓരോ സാഹചര്യത്തെയും എങ്ങനെ തന്റെ പ്രസ്ഥാനത്തിന് അനുകൂലമായി പ്രയോജനപ്പെടുത്താം എന്ന് ചിന്തിക്കുന്ന ഒരു നേതാവായിരുന്നു കോടിയേരി.

ഭരണനിരയിലും പ്രതിപക്ഷത്തും അതിശയകരമായ മികവ് പുലർത്തിയ അംഗമായി കോടിയേരിയെ വിലയിരുത്താം. മൂർച്ചയും പ്രത്യുൽപ്പന്നമതിത്വവും കൂടുക പ്രതിപക്ഷത്തിരിക്കുമ്പോളാണെന്നു മാത്രം. മുന്നിൽ നിന്ന് നയിക്കും. വി. എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ യഥാർത്ഥ നേതാവ് കോടിയേരി തന്നെ ആയിരുന്നു.സഭാ നടപടികളെ ക്കുറിച്ചുള്ള കൃത്യമായ അറിവ് അദ്ദേഹത്തിന്റെ ബലമായി. എവിടെ എപ്പോൾ എങ്ങനെ ഇടപെടണം എന്നറിയുക ഒരു നല്ല സാമാജികന്റെ സവിശേഷതയാണ് . അക്കാര്യത്തിൽ അനുഗ്രഹീതനായിരുന്നു അദ്ദേഹം.

ഞാൻ കേരള നിയമസഭ റിപ്പോർട്ട് ചെയ്യാനെത്തുമ്പോൾ മുതിർന്ന അംഗമാണ് കോടിയേരി. കോടിയേരി എന്ന ചെറുപ്പക്കാരനായ എം. എൽ. എ. യെ പരിചയമില്ല. തീപ്പൊരി ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഞാൻ കാണുമ്പോൾ പ്രായത്തിന്റെ പക്വത ധാരാളം ഉണ്ട്. പ്രതിഷേധവുമായി സഹപ്രവർത്തകർ നടുത്തളത്തിലേക്കിറങ്ങുമ്പോൾ അദ്ദേഹം കൂടെയുണ്ടാവില്ല. എന്നാൽ പ്രശ്നം തീരുന്നതു വരെ സ്വന്തം ഇരിപ്പിടത്തിൽ എഴുന്നേറ്റ് നിൽക്കും.

അദ്ദേഹം ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോഴാണ് സമഗ്രമായ പോലീസ് നിയമം നടപ്പാക്കിയത്. വളരെ പഴക്കമുള്ള പോലീസ് ആക്ട് പരിഷ്കരിച്ച് പുതിയ നിയമം കൊണ്ടു വരികയാണ് ചെയ്തത്. ഡി. ജി. പി. ആയിരുന്ന ജേക്കബ് പുന്നൂസ് ആയിരുന്നു അതിന്റെ കരട് തയ്യാറാക്കിയ സമിതിയുടെ അധ്യക്ഷൻ  എന്നാണ് ഓർമ്മ. ബിൽ ഒരു സബ്‌ജക്‌ട് കമ്മിറ്റിക്കയച്ച് നിയമമാക്കുന്ന എളുപ്പ വഴി അദ്ദേഹം സ്വീകരിച്ചില്ല. പകരം കുറേക്കൂടെ വിപുലമായ ഒരു സെലക്ട് കമ്മിറ്റിക്കയച്ചു. സാധാരണഗതിയിൽ ഒരു ബിൽ  സെലക്ട് കമ്മിറ്റിക്കു വിട്ടാൽ അത് ആ വഴി പോയി ചരമമടയുകയാണ് പതിവ്. അല്ലെങ്കിൽ സമയമേറെ എടുക്കും. പക്ഷെ കോടിയേരിയുടെ ലക്ഷ്യം അതായിരുന്നില്ല. പല തലത്തിൽ തെളിവെടുപ്പ് നടത്തുകയും അഭിപ്രായങ്ങൾ സമാഹരിക്കുകയും ചെയ്ത് ബിൽ കുറ്റമറ്റതാക്കുക എന്നതായിരുന്നു. അത് കൃത്യമായി നടത്തുകയും ചെയ്തു.

അക്കാലത്ത് ഞാൻ ദൈനംദിന നിയമസഭാ റിപ്പോർട്ടിങ്ങിൽ ഇല്ല. എന്നിട്ടും സെലക്ട് കമ്മിറ്റിക്കു വിട്ട ബില്ലിന്റെ ഒരു പകർപ്പ് എനിക്ക് എത്തിച്ചു തരാനും അഭിപ്രായം ചോദിക്കാനും അദ്ദേഹം തയ്യാറായി. എന്നെപ്പോലെ ഒരാളിനോട് പോലീസ് ഭരണത്തെക്കുറിച്ചുള്ള ബില്ലിൽ അഭിപ്രായം ആരായേണ്ട  കാര്യമില്ല. എന്നാൽ അത് മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ എവിടെ നിന്ന് കിട്ടിയാലും അത് സ്വീകരിക്കാൻ കോടിയേരി തയ്യാറായിരുന്നു.  മാധ്യമ സൗഹൃദം പരമാവധി പാർട്ടിക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നതിൽ അദ്ദേഹം സമർത്ഥനായിരുന്നു. റിപ്പോർട്ട് ചെയ്യാൻ വേണ്ടി പാർട്ടി രഹസ്യങ്ങൾ വെളിപ്പെടുത്തുകയില്ലെങ്കിലും ഇരുമ്പു മറയുടെ പ്രതീതി ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. അക്കാര്യത്തിൽ മുഖത്തെ സ്‌ഥായിയായ ചിരി നല്ലൊരു ആയുധമായിരുന്നു. ചില കാര്യങ്ങളൊക്കെ തുറന്നു പറയുന്നതിനുള്ള വിശ്വാസം കോടിയേരിക്ക് എന്നോടുണ്ടായിരുന്നു. ഒന്നും റിപ്പോർട്ട് ചെയ്യാൻ പാടില്ല. ഞാൻ ആ വിശ്വാസം കാക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ചാനലിൽ ‘നേർക്കുനേർ’  എന്ന പരിപാടി അവതരിപ്പിക്കാൻ അവസരം കിട്ടിയിരുന്നു. ഇപ്പോഴത്തെ ‘നേർക്കുനേർ’ അല്ല. വ്യത്യസ്ത അഭിപ്രായം ഉള്ള രണ്ട് അതിഥികളും അവതാരകനും മാത്രമുള്ള പരിപാടി ആണ്. ഒരിക്കൽ കോടിയേരിയെ ക്ഷണിച്ചു. വലിയ തിരക്കിനിടയ്ക്കാണ് വന്നത്. പിന്നീട് രണ്ടാഴ്ച കഴിഞ്ഞു എന്നെ തിരികെ വിളിച്ചു. ഇനി എപ്പോൾ വിളിച്ചാലും, തിരുവനന്തപുരത്ത് ഉണ്ടെങ്കിൽ വരാം എന്നൊരു മുൻ‌കൂർ വാഗ്ദാനം. ഒരു ബ്ലാങ്ക് ചെക്ക്. അത്ഭുതമാണ് തോന്നിയത്. അദ്ദേഹം കാരണവും പറഞ്ഞു. ആ പരിപാടിയുടെ സംപ്രേഷണം കഴിഞ്ഞു കോടിയേരി ഗൾഫ് നാടുകളിൽ പോയിരുന്നു. നൂറുകണക്കിനാളുകൾ ആ പ്രോഗ്രാമിനെക്കുറിച്ചും അതിലെ അദ്ദേഹത്തിന്റെ പ്രകടനത്തെപ്പറ്റിയും സംസാരിച്ചു. അതിന്റെ ഇമ്പാക്ട് കോടിയേരിക്ക്  മനസ്സിലായി. അദ്ദേഹം പറഞ്ഞു, “നൂറ് പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിന്റെ ഫലമാണ് അത് ഉണ്ടാക്കിയത്. ഇനി എപ്പോ വേണമെങ്കിലും വിളിച്ചോളൂ.” ടി. എം. ജേക്കബി അന്തരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ സ്മരണക്കായി ഏറ്റവും മികച്ച നിയമസഭാ സാമാജികന് ഒരു അവാർഡ് ഏർപ്പെടുത്തി. ടി. എം. ജേക്കബ് സ്മാരക ട്രസ്റ്റ് ആണ് അത് ചെയ്തത്. അവാർഡ് ജേതാവിനെ നിശ്ചയിക്കാനുള്ള ചുമതല അവർ ഞാൻ അധ്യക്ഷനായ സമിതിയെ ഏൽപ്പിച്ചു.

കോടിയേരി ബാലകൃഷ്ണനെ അവാർഡിനായി നിർദേശിക്കാൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല. സാധാരണ അവാർഡ് തീരുമാനങ്ങൾ അഭിപ്രായ വ്യത്യാസത്തിന് കാരണമാവാറുണ്ടെങ്കിലും ഇക്കാര്യത്തിൽ ഒരു കോണിൽ നിന്നും യാതൊരു എതിരഭിപ്രായവും ഉണ്ടായില്ല. കോടിയേരി ബാലകൃഷ്ണൻ വീണ്ടും നിയമസഭയിലെത്തുന്നതും ട്രഷറി ബെഞ്ചിൽ ഒന്നാമതിരിക്കുന്നതും ഒരു സജീവ പ്രതീക്ഷയായിരുന്നു. പക്ഷെ അതിനായി അദ്ദേഹം നിന്നില്ല.

About Author

സണ്ണിക്കുട്ടി എബ്രഹാം

മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ, രാഷ്ട്രീയ നിരീക്ഷകൻ എന്നീ നിലയിൽ പ്രശസ്തൻ. ദീർഘകാലം മാതൃഭൂമി ദിനപത്രത്തിൽ പ്രവർത്തിച്ചു. ജയ്ഹിന്ദ് ടിവിയുടെ ചീഫ് എഡിറ്ററായിരുന്നു.