ഞാന്‍ കാരാഗൃഹത്തിലായിരുന്നു, നിങ്ങള്‍ എന്‍റെയടുത്തു വന്നു. അന്ത്യവിധിനാളിലെ തരംതിരിവിന് അടിസ്ഥാനമായി സുവിശേഷത്തില്‍ പറയുന്ന പരീക്ഷണങ്ങളില്‍ ഒന്നാണിത്.
ദുബായ് അല്‍ അവീറിലെ സെന്‍ട്രല്‍ ജയിലില്‍ അറ്റ്ലസ് രാമചന്ദ്രന്‍ എന്നറിയപ്പെടുന്ന എം.എം രാമചന്ദ്രനൊത്ത് നാല്‍പത് മിനിറ്റ് ചെലവഴിച്ചതിനുശേഷം 2018ലെ നവവത്സരദിനപ്രഭാതത്തില്‍ പുറത്തിറങ്ങുമ്പോള്‍ ഈ ബൈബിള്‍ വാക്യത്തിന്‍റെ അര്‍ത്ഥംഎനിക്ക് പൂര്‍ണമായും മനസിലായി.
ഒറ്റനോട്ടത്തില്‍ ഏതോ അമീറിന്‍റെ കൊട്ടാരമാണോ എന്ന് സംശയിച്ചേക്കാവുന്ന ജയിലില്‍ തന്നെ പ്രയാസത്തിലാക്കുന്നത് ദുര്‍വഹമായ ഏകാന്തതയാണെന്ന് രാമചന്ദ്രന്‍ പറഞ്ഞു. സന്ദര്‍ശകരില്ലാത്ത തടവുകാരനെത്തേടിയെത്തിയ ആളെന്ന നിലയില്‍ ജയിലര്‍ എനിക്ക് സന്ദര്‍ശകസമയം നീട്ടിത്തന്നു.
ജയിലില്‍ രാമചന്ദ്രന്‍ അനുഭവിച്ചതിനേക്കാള്‍ ദുര്‍വഹമായിരുന്നു പുറത്ത് അദ്ദേഹത്തിന്‍റെ ഭാര്യ ഇന്ദിര അനുഭവിച്ച ഒറ്റപ്പെടല്‍. ഒരു ചെക്കെഴുതി പണം പിന്‍വലിക്കാന്‍പോലും അറിയാത്ത സാധു എന്നാണ് ഇന്ദുവിനെക്കുറിച്ച് രാമചന്ദ്രന്‍ പറഞ്ഞത്. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ ഇന്ദിരയെ കൂട്ടി നിയമപരമായ സഹായം ലഭിക്കുന്നതിന് ചില സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിക്കൊടുത്തു. ഭര്‍ത്താവിനുവേണ്ടി ആ സ്ത്രീ നടത്തിയ പോരാട്ടവും ബാങ്കുകളില്‍ ചെലുത്തിയ സമ്മര്‍ദവും ഉജ്വലമായിരുന്നു. വിറ്റാല്‍ ബാധ്യത തീര്‍ക്കാവുന്ന ആസ്തി ഉണ്ടായിരുന്നിട്ടും അക്കാര്യത്തില്‍പ്പോലും ന്യായവില നല്‍കാന്‍ തയാറാകാതിരുന്നവരെക്കുറിച്ച് രാമചന്ദ്രന്‍ പരിതപിച്ചു. ഉടമയുടെ ദുരവസ്ഥ മുതലെടുത്ത് വില താഴ്ത്താനായിരുന്നു വേണ്ടപ്പെട്ടവരുടെ പരിശ്രമം.
ബാങ്കുകള്‍ നല്‍കിയിരുന്നതും നല്‍കേണ്ടിയിരുന്നതുമായ പിന്തുണ പൊടുന്നനെ പിന്‍വലിച്ചതാണ് രാമചന്ദ്രന്‍റെ പതനത്തിനു കാരണമായത്. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അദ്ദേഹത്തെ സഹായിക്കാനെത്തില്ലല്ലോ. ഉടമ ജയിലിലായപ്പോള്‍ സ്വര്‍ണക്കടകള്‍ വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. ജയിലില്‍നിന്ന് ഇറങ്ങിയതിനുശേഷവും “വിശ്വസ്തരായ” ചുമതലക്കാരെ കണ്ടെത്തൊന്‍ കഴിഞ്ഞില്ലെന്ന് രാമചന്ദ്രന്‍ പറഞ്ഞു. അപ്പോഴും അദ്ദേഹത്തിന് ആരോടും പരിഭവമില്ല. ജീവിതത്തിന്‍റെ സ്വിച്ച് ഇടയ്ക്കൊന്ന് ഓഫ് ചെയ്തു വയ്ക്കേണ്ടിവന്നുവെന്നു മാത്രമാണ് മൂന്നു വര്‍ഷം നീണ്ട ജയില്‍ജീവിതത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. എല്ലാം നഷ്ടപ്പെട്ടവന്‍ എല്ലാം തിരിച്ചുപിടിക്കുന്നതിനുള്ള ആലോചനയിലായിരുന്നു. തൃശൂരിലെ അക്ഷരശ്ലോക സദസുകളും അക്കൂട്ടത്തില്‍ പെട്ടിരുന്നു.
കൈരളി ടിവിയിലെ മാധ്യമവിചാരം പരിപാടിയില്‍ സുകൃതം എന്ന സിനിമയെക്കുറിച്ച് സാന്ദര്‍ഭികമായി ഞാന്‍ പരാമര്‍ശിച്ചപ്പോഴാണ് രാമചന്ദ്രന്‍ എന്നെ വിളിച്ചത്. സിനിമയുടെ നിര്‍മാതാവ് താനാണെന്ന കാര്യംകൂടി പറയാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. പരിചയം വലിയ സൗഹൃദമായി. ഒരിക്കല്‍ ദുബായിയിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ ഇരുന്നാണ് അദ്ദേഹത്തിന്‍റെ ജീവിതം ഞാന്‍ കേട്ടത്. ബാങ്ക് ജീവനക്കാരന്‍ സ്വര്‍ണവ്യാപാരിയായ കഥ മാത്രമായിരുന്നില്ല അത്. ഇടയ്ക്കിടെ സിഗ്നല്‍ നഷ്ടപ്പെടുന്ന ജീവിതത്തിന്‍റെ വിവരണം കൂടിയായിരുന്നു അത്. കുവൈത്തില്‍ എല്ലാം നഷ്ടപ്പെട്ട് ദുബായിയിലെത്തി വൈവിധ്യമാര്‍ന്ന സാമ്രാജ്യം സൃഷ്ടിച്ച് ഒടുവില്‍ പരിത്യക്തനായി ജയിലിലായ ജീവിതകഥയാണത്.
ആസ്വാദ്യകരമായ സിനിമകള്‍ നിര്‍മിച്ച രാമചന്ദ്രന്‍എല്ലാവര്‍ക്കും ആസ്വദിക്കാനുള്ള വിഷയംകൂടിയായി. ജനകോടികളുടെ വിശ്വസ്തസ്ഥാപനം എന്ന പരസ്യവാക്യത്തിന് സ്വന്തം ശബ്ദവും സ്വന്തം മുഖവും നല്‍കിയപ്പോള്‍ പരിഹസിക്കാന്‍ ഒട്ടേറെപ്പേരുണ്ടായെങ്കിലും അത് വിജയിച്ച പരസ്യതന്ത്രമായി. അഡ്വെര്‍ട്ടൈസിങ് ക്ളാസുകളില്‍ പഠിപ്പിക്കാവുന്ന അപൂര്‍വമാതൃകയായിരുന്നു അത്. പരിഹാസങ്ങള്‍ക്കുമധ്യേ പരിഹാസ്യനാകാതെ സ്വയം പരിഹസിക്കുന്നതിനുള്ള അപൂര്‍വസിദ്ധി രാമചന്ദ്രനുായിരുന്നു. അറബിക്കഥയില്‍ കുടുസായ ടോയ്ലറ്റിനു മുന്നില്‍ അന്തേവാസികൾ ഊഴം കാത്തു നില്‍ക്കുമ്പോള്‍ കോട്ടൂരാതെ ഇറങ്ങിവരുന്ന രാമചന്ദ്രന്‍ തിയേറ്ററുകളില്‍ ചിരി പടര്‍ത്തി.
ചുമതലപ്പെടുത്തിയവര്‍ ചുമതല നിര്‍വഹിക്കുന്നുണ്ടോയെന്ന നിരീക്ഷണം സദാ ഉണ്ടായിരിക്കണമെന്ന് അനുഭവത്തിന്‍റെ വെളിച്ചത്തില്‍ രാമചന്ദ്രന്‍ പറയുന്നു. കുതിക്കുമ്പോഴാണ് കുതികാല്‍ വെട്ടപ്പെടുന്നത്. ഭാഗ്യവാന്മാര്‍ക്കൊപ്പം ഹതഭാഗ്യരും നമുക്കൊപ്പമുണ്ട്. വീഴുന്നവര്‍ക്കും വീഴ്ത്തപ്പെടുന്നവര്‍ക്കുമൊപ്പം വീഴ്ത്തുന്നവരുണ്ട്. കടല്‍ പ്രത്യക്ഷത്തില്‍ ശാന്തമാണെങ്കിലും നീന്തുന്നത് സ്രാവുകള്‍ക്കൊപ്പമാണെന്ന തിരിച്ചറിവിലേക്ക് നമ്മെ എത്തിക്കുന്ന നിരവധി ഗള്‍ഫ് കഥാപാത്രങ്ങളില്‍ പ്രമുഖനാണ് അറ്റ്ലസ് രാമചന്ദ്രന്‍.