അറുന്നൂറിലേറെ സിനിമകളിൽ വിവിധ തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു മറഞ്ഞു എന്ന് പറയുമ്പോഴും, മലയാള സിനിമ ടൈപ്പ് കാസ്റ്റ് ചെയ്തു നിർത്തിയ അതുല്യ നടൻമാരിൽ ഒരാളായിരുന്നു ഇന്നസെന്റ് എന്ന് കൂടി കാണേണ്ടതുണ്ട്. വളരെ അധികം നെഗറ്റീവ് ഷെയ്ഡുള്ള ഒരു ഗാങ്ങ്സ്റ്റർ കഥാപാത്രം, അങ്ങേയറ്റം സ്ത്രീലമ്പടനും ക്രൂരനുമായ ഒരു തികഞ്ഞ വില്ലൻ കഥാപാത്രം, ഓർമ്മ പാതിയിൽ മറഞ്ഞു പോകുകയോ ഇല്ലാതായി പോകുകയോ ചെയ്യുന്ന ഒരു വൃദ്ധൻ കഥാപാത്രം, ഒരിടത്ത് ഗുണ്ടയും, മറ്റൊരിടത്ത് പ്രണയിയും കുടുംബസ്ഥനുമായ ഭർത്താവും, മറ്റൊരിടത്ത് അനുസരണയുള്ള മകനും, വേറൊരിടത്ത് അനിയനൊപ്പം ഗതികേടുകൊണ്ട് നിൽക്കേണ്ടി വരുന്ന ചേട്ടനും ഒക്കെയായി ഒരു ജീവിതത്തിൽ തന്നെ പല തലങ്ങളിൽ ഉള്ള പല വേഷങ്ങൾ കെട്ടേണ്ടി വരികയും, രഹസ്യങ്ങളുടെ കൂമ്പാരമായി ജീവിക്കേണ്ടി വരികയും ചെയ്യുന്ന ‘ഗോഡ്ഫാദറി’ലെ ഇന്നസെന്റ് കഥാപാത്രത്തെ കുറച്ചു കൂടി വളർത്തിയെടുത്ത് പുതിയ കാലത്തേക്ക് നട്ടെടുത്താൽ സാധ്യമാകാമായിരുന്ന ചില കഥാപാത്രങ്ങൾ, ജീവിതത്തിന്റെ അവസാന പാതിയിൽ എത്തുന്ന ഒരു ട്രാൻസ്ജെൻഡർ കഥാപാത്രം, മണിച്ചിത്രത്താഴിലെ മൂകാഭിനയത്തിന്റെ സാധ്യതയിൽ നിന്ന് വികസിപ്പിച്ചെടുക്കാൻ കഴിയുമായിരുന്ന ചില കഥാപാത്രങ്ങൾ, തികഞ്ഞ നിസംഗതയോടെ, അലസതയോടെ, ജീവിതത്തെ നോക്കിയിരിക്കുന്ന അരസികനായ ഒരു മുരടൻ കഥാപാത്രം…. അങ്ങനെ ഇനിയും ആലോചിച്ചെടുത്താൽ ഒരു പാട് സാധ്യതകളിലേക്ക് വികസിക്കാമായിരുന്ന അഭിനയ സിദ്ധിയും മാനറിസവും ഒക്കെയുള്ള ഒരു അഭിനയ പ്രതിഭയെ ആണ് മലയാള സിനിമ ഏതാണ്ട് അഞ്ചു പതിറ്റാണ്ടു കാലത്തോളം നീളുന്ന അഭിനയ ജീവിതത്തിൽ ഹാസ്യം എന്ന ഒറ്റ ലേബലിലേക്ക് മാത്രം ചുരുക്കിക്കളഞ്ഞത്.
അതിനിടയിലും ലഭ്യമായ കഥാപാത്രങ്ങളെ തിരക്കഥക്കപ്പുറത്തേക്ക് തന്റേതായ രീതിയിൽ, ഏറ്റവും സാധ്യമായ പരിപൂർണതയിലേക്ക് വളർത്തി എന്നതു കൊണ്ടാണ് ഇന്നസെന്റ് കഥാപാത്രങ്ങൾ നമുക്കത്രയേറെ പ്രിയപ്പെട്ടവയാകുന്നത്. അതു കൊണ്ടാണ്, ‘വേണമെങ്കിൽ അര മണിക്കൂർ നേരത്തേ പുറപ്പെടാം’ എന്നും, ‘തോന്നക്കൽ പഞ്ചായത്തിലെ ഓരോ അരിയും പെറുക്കിയെടുത്തു’ എന്നും, ‘അടിച്ചു മോനേ’ എന്നും മറ്റാർക്കും സാധ്യമാകാത്ത രീതിയിൽ ഇന്നസെന്റ് തിരശീലയിൽ പറഞ്ഞപ്പോൾ മലയാളി ആർത്തലച്ചു ചിരിച്ചത്, തിരശീലയിൽ നിന്ന് പുറപ്പെട്ട ആ ചിരി പിന്നീട് സ്വകാര്യസദസ്സുകളിലും ട്രോളുകളിലും ചങ്ങാത്തക്കൂട്ടായ്മകളിലും ഒക്കെ നിറഞ്ഞ് മലയാളിയുടെ നിത്യജീവിതത്തിന്റെ കൂടി ഭാഗമായത്. ‘ദാസപ്പാ’ എന്ന വിളിയിൽ നിന്ന് ‘ദാസപ്പോ’ എന്ന് മാറുമ്പോഴും, ‘അതെന്താ തനിക്ക് ചോറ് വേണ്ടാത്തെ?’ എന്ന് പറയുമ്പോഴും, ‘പട്ടിയുണ്ടോ’ എന്ന് കുട്ടികൾക്ക് കേട്ടെഴുത്തെടുക്കുന്ന അധ്യാപകനാകുമ്പോഴും, ‘ഇതിലപ്പുറവും ചാടിക്കടന്നവനാണീ കെ കെ ജോസഫ്’ എന്ന് പറയുമ്പോഴും, അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ‘എന്റമ്മേ.. ‘ എന്ന പറച്ചിലിൽ ആയാലും വോയ്സ് മോഡുലേഷന്റെ അപാരമായ സാധ്യതകളെ കൂടിയാണ് അഭിനയരസത്തിന്റെ പൂർണതക്കു വേണ്ടി അദ്ദേഹം കൂട്ടു പിടിക്കുന്നത്. സ്വരം ഒന്ന് മാറ്റിപ്പിടിക്കുന്നതിലൂടെ കഥാപാത്രത്തിന്റെ എക്സ്റ്റൻഷൻ (കഥാപാത്രത്തിന്റെ സത്തയിൽ ഉണ്ടാകുന്ന മാറ്റവും മുന്നോട്ടുപോക്കും) തന്നെ മാറ്റാൻ കഴിയുന്ന ആ അപൂർവ സിദ്ധി കൈവശമുണ്ടെന്ന് തോന്നിയിട്ടുള്ള മറ്റ് ചിലർ സലീം കുമാറും കുതിരവട്ടം പപ്പുവും കെപിഎസി ലളിതയും മാത്രമാണ്.
എൺപതുകളിലും തൊണ്ണൂറുകളിൽ വ്യാപകമായും മലയാള സിനിമ ഹാസ്യോത്പാദനത്തിനായി കറുത്ത ശരീരങ്ങളിലേക്കും, തടിച്ചതും മെലിഞ്ഞതുമായ ശരീരങ്ങളിലേക്കും, ഗോത്ര ശരീരങ്ങളിലേക്കും, പെണ്ണുടലുകളെ പറ്റിയുള്ള ദ്വയാർത്ഥ പ്രയോഗങ്ങളിലേക്കും, സെക്സ് ജോക്കുകളിലേക്കും, സ്വയം കോമാളിയായി മണ്ണിൽ കിടന്നുരുളുക, മറ്റുള്ളവർക്ക് പരിഹസിക്കാനായി നിന്നു കൊടുക്കുക തുടങ്ങിയ പൊടിക്കൈ പ്രയോഗങ്ങളിലേക്കും ഒക്കെ കടന്ന കാലം. ആ കാലത്തു കൂടിയാണ് ഏറെക്കുറെ പൊളിറ്റിക്കലി കറക്ടായ ഹാസ്യം ഉത്പാദിപ്പിക്കാൻ മറ്റ് ശരീരങ്ങളെ കളിയാക്കുകയോ സെക്സ് ജോക്കുകളെ കൂട്ടു പിടിക്കേണ്ടി വരികയോ ചെയ്യേണ്ടതില്ലാത്ത, മറ്റൊരു പ്രോപ്പർട്ടി പോലും ആവശ്യമില്ലാത്ത വിധം തന്റെ പ്രതിഭയിൽ നിന്ന് തന്നെ പുറപ്പെടുന്ന മാനറിസങ്ങളെ കൊണ്ട് മനുഷ്യരെ ഉള്ളു തുറന്ന് ചിരിപ്പിക്കാൻ ഇന്നസെന്റിന് കഴിഞ്ഞത് എന്നു കൂടി കാണേണ്ടതുണ്ട്.
ഇന്നസെന്റിന്റെ പ്രശസ്തമായ ചിരിക്കഥാപാത്രങ്ങളുടെ കോമഡികളിലെല്ലാം തന്നെ – ‘റാംജി റാവു’വിലേയും ‘മാന്നാർ മത്തായി’യിലേയും നാടകക്കമ്പനി ഉടമയായാലും, ഗജകേസരി യോഗത്തിലെ ആനക്കാരനായാലും, ‘കിലുക്ക’ത്തിലെ ‘ഞാൻ എന്റെ സ്വന്തം കാറിൽ വരും’ എന്ന് പറയുന്ന വീട്ടുവേലക്കാരൻ കഥാപാത്രമായാലും, ‘കൊച്ചു കുട്ടികൾ കുറ്റം ചെയ്താൽ കോലു മിഠായി ഡായ് ഡായ്’ എന്ന് പറയുന്ന ‘തൂവൽ സ്പർശ’ത്തിലെ കഥാപാത്രമായാലും, ‘വരവേല്പി’ലെ ആ എക്സ്പ്രഷൻ ഇട്ട നില്പായാലും, ‘ഇതു പറയാൻ ഒരു ഇന്ത്യൻ പൗരന് അവകാശമില്ലേടാ, പട്ടി പന്നികളെ?’ എന്ന ഡയലോഗായാലും, ‘മാടമ്പള്ളി മനയുടെ താക്കോലെടുക്കാൻ മറന്നതിന് നീയെന്തിനാ ദാസപ്പാ കിണറ്റിൽ എറങ്ങണേ’ എന്ന’ മണിച്ചിത്രത്താഴി’ലെ കഥാപാത്രത്തിന്റെ നിഷ്കളങ്കമായ ചോദ്യമായാലും, ഏറ്റവും ഒടുവിൽ ‘പ്രാഞ്ചിയേട്ടനി’ലെ ‘വെള്ളേപ്പക്കടേല് വെള്ളേപ്പം എടുക്കണ പോലെ ഡിം ഡിം എന്ന് എളുപ്പമല്ല പത്മശ്രീ സംഘടിപ്പിക്കുന്ന പരിപാടി’ എന്ന് മമ്മൂട്ടിക്കഥാപാത്രത്തെ ഉപദേശിക്കുന്ന കൂട്ടുകാരൻ കഥാപാത്രമായാലും – നേരത്തെ പറഞ്ഞ വഴികളിലൂടെ അല്ലാതെ, തന്റെ പ്രതിഭയുടെ സാധ്യതകളിൽ നിന്നു തന്നെ ഹാസ്യം ഉത്പാദിപ്പിക്കാൻ ഇന്നസെന്റിന് കഴിഞ്ഞിരുന്നു എന്നതാണ്, അദ്ദേഹത്തെ സമകാലീനരായ മറ്റ് ഹാസ്യ നടൻമാരിൽ നിന്ന് വേറിട്ടു നിർത്തുന്നത്.
മലയാള സിനിമ ഏറെ സ്ത്രീ വിരുദ്ധമാവുകയും ഹാസ്യോത്പാദനത്തിന് അപരവൽക്കരിക്കപ്പെട്ട ശരീരങ്ങളിലും ഗോത്രമനുഷ്യരിലും സാധ്യതകൾ തേടുകയും ചെയ്ത ഒരു കാലത്താണ്, ഇന്നസെന്റ് കഥാപാത്രങ്ങൾ കുറെയൊക്കെ അതിനെ അതിജീവിച്ച് കടന്നത് എന്നത് ചെറിയ കാര്യമല്ല. ഇന്നസെന്റ് അഭിനയിച്ച പല സിനിമകളിലും സ്ത്രീവിരുദ്ധതയും, അതിലെ കഥാപാത്രങ്ങളിൽ പലതിലും പിന്തിരിപ്പനും സാമൂഹ്യ വിരുദ്ധവും ആയ ആശയങ്ങളും, ധ്വനികളും നിൽക്കുമ്പോൾ പോലും, ഇന്നസെന്റ് കഥാപാത്രങ്ങൾ അതിനകത്തും പലപ്പോഴും മറ്റൊരു വ്യക്തിത്വമുള്ളവയായിരുന്നു എന്ന് കാണുമ്പോഴാണ് നടൻ എന്ന നിലയിലുള്ള അദ്ദേഹം കൊണ്ടു നടന്ന രാഷ്ട്രീയ സൂക്ഷ്മത തിരിച്ചറിയാനാവുന്നത്. എഴുപതുകളിൽ തന്നെ തുടങ്ങുന്ന രാഷ്ട്രീയ ജീവിതം, അക്കാലത്തു തന്നെ തുടങ്ങുന്ന സിനിമാ ജീവിതം, നടനായും നിർമ്മാതാവായും പാട്ടുകാരനായും എഴുത്തുകാരനായും പടർന്ന കലാജീവിതം, പാർലമെന്റ് വരെ എത്തി നിന്ന പൊതുപ്രവർത്തനം… ജീവിതത്തെ അത്രയേറെ ആത്മാർത്ഥമായി കാണുന്ന ഒരാൾക്ക് മാത്രം സാധിക്കാവുന്ന ഒരു ജീവിതമാണ് ഇന്നസെന്റ് മലയാളിക്കു മുന്നിൽ തുറന്നു വച്ചത്.
അവസാനം കടന്നാക്രമിച്ച രോഗത്തെ പോലും സ്വന്തം നിലയിൽ ചിരിച്ചു കൊണ്ട് നേരിടുക മാത്രമല്ല, ആ അനുഭവങ്ങൾ അതേ വേദനയിലൂടെ കടന്നു പോകുന്ന മറ്റുള്ളവർക്കു വേണ്ടി കൂടി പകർത്തി വച്ചു കൊണ്ട് അവരെയും ജീവിതത്തോട് ചേർക്കാൻ ശ്രമിച്ചു ആ മനുഷ്യസ്നേഹി. നടിയെ ആക്രമിച്ച കേസിൽ ഏറെ സ്ത്രീ വിരുദ്ധവും മനുഷ്യ വിരുദ്ധവുമായ ചില നിലപാടുകൾ സിനിമാ സംഘടനയുടെ ഭാരവാഹി എന്ന നിലയിൽ എടുത്തു എന്ന ആ ജീവിതത്തിന്റെ പൂർണതയെ കെടുത്തുന്ന ഒരു കളങ്കം അദ്ദേഹത്തിൽ നിന്നുണ്ടായിരുന്നില്ലെങ്കിൽ, വ്യക്തി എന്ന നിലയിലെ അദ്ദേഹത്തിന്റെ ഔന്നത്യം ഇതിലേറെ തിളക്കമുള്ളതായിരുന്നേനെ…
സമ്പൂർണമായ ഒരു കലാജീവിതത്തിന്, തീക്ഷ്ണമായ ഒരു രാഷ്ട്രീയ ജീവിതത്തിന്, ഉയർച്ച താഴ്ചകളും ശരിതെറ്റുകളും ഒക്കെ നിലനിൽക്കുന്ന ഊർജസ്വലമായ ഒരു വ്യക്തിജീവിതത്തിന്, ആത്യന്തികമായി മലയാള സിനിമ കണ്ട ഒരു വലിയ കലാപ്രതിഭക്ക്, ഏറെ വേദനയോടെ വിട… !
Subscribe to our channels on YouTube & WhatsApp
ഇനി ദൈവം ചിരിക്കട്ടെ 😥😥😥😥
അതുല്യ കലാകാരന് കണ്ണീർ പ്രണാമം 🙏
May his soul rest in peace
Writer has attempted to live with Innocent throughout, as an observer from sidelines, but unknowingly getting into the characters played by the artist. A novel experience in paying tributes. Good wishes.