A Unique Multilingual Media Platform

The AIDEM

Articles Culture Law National Politics

ഇന്ത്യൻ പൗരത്വം, സി എ എ, എൻ പി ആർ, എൻ ആർ സി എന്നിവയെക്കുറിച്ചുള്ള ഒരു ആമുഖം

  • March 13, 2024
  • 1 min read
ഇന്ത്യൻ പൗരത്വം, സി എ എ, എൻ പി ആർ, എൻ ആർ സി എന്നിവയെക്കുറിച്ചുള്ള ഒരു ആമുഖം

സി എ എ, എന്‍ പി ആര്‍, എന്‍ ആര്‍ സി എന്നിവ പരസ്പരം എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു? ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എത്രമാത്രമായിരിക്കും, മുസ്‌ലിംകളെ പ്രത്യേകം ലക്ഷ്യം വെച്ചുള്ള ഈ നിയമഭേദഗതി മറ്റു വിഭാഗങ്ങളെയും മതസ്ഥരേയും ഏതെല്ലാം വിധേനയാണ് ബാധിക്കാനിരിക്കുന്നത് എന്നീ കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന, സിറ്റിസൺസ് ഫോർ ജസ്റ്റിസ് & പീസ് (C J P) ലെ ഗവേഷകസംഘം തയ്യാറാക്കിയ ലേഖനം.


പൗരത്വം എന്നത് അവകാശങ്ങൾക്കുള്ള അവകാശമായി നിർവചിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആറു വർഷമായി, ഇന്ത്യൻ ദേശീയതയുടെയും പൗരത്വത്തിന്റെയും ഈ ഭരണഘടനാ അടിസ്ഥാനത്തെ ആക്രമിക്കാനും പുനർനിർവചിക്കാനും വ്യക്തമായ രാഷ്ട്രീയ നീക്കങ്ങൾ നടന്നിട്ടുണ്ട്. കാര്യമായ ചർചകളൊന്നുമില്ലാതെ പൗരത്വ നിയമ ഭേദഗതി പാസാക്കപ്പെടുന്നു, ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുമെന്ന്. ജനങ്ങൾ ഇത് തിരിച്ചറിയുകയും ഇതിനെതിരെ ജനാധിപത്യപരമായി ഒന്നിക്കുകയും ചെയ്യേണ്ടതുണ്ട്. സി എ എ, എൻ ആർ സി, എൻ പി ആർ എന്നിവയെ നമ്മള്‍ ഒരുമിച്ച് മനസിലാക്കേണ്ടതുണ്ട്. ഭരണഘടനക്കു വേണ്ടി നമുക്ക് ഒരുമിച്ചു നിൽക്കാം.

 

ഇന്ത്യൻ പൗരത്വം:

  • എല്ലാ അവകാശങ്ങളോടെയും ജീവിക്കാനുള്ള അവകാശമാണ് പൗരത്വം ഉറപ്പുനൽകുന്നത്. കേവലം വോട്ട് ചെയ്യാനുള്ള അവകാശം മാത്രമല്ല. തുല്യതയോടെ ജീവിക്കാനുള്ള അവകാശം, അഭിപ്രായ സ്വാതന്ത്യം, വിവേചനമില്ലായ്മ, ഒരുമിച്ചു കൂടാനുള്ള സ്വാതന്ത്യം, മതസ്വാതന്ത്ര്യം.. എന്നിവയെല്ലാം പൗരത്വം കൊണ്ട് സാധ്യമാകുന്നു. പൗരത്വമുള്ളവർക്ക് ഇന്ത്യയിൽ സ്ഥിരമായി താമസിക്കാനുള്ള അവകാശമുണ്ട്. MNREGA, SC/ ST/ OBC സംവരണം, പൊതുവിതരണ ശൃംഖല (PDS) വഴിയുള്ള റേഷൻ തുടങ്ങി എല്ലാ ക്ഷേമപദ്ധതികളും പൗരന്മാർക്ക് മാത്രമേ ലഭിക്കൂ. ഇന്ത്യയിലെ വിദേശികൾക്ക് ജീവിക്കാനുള്ള മൗലികാവകാശത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും മാത്രമേ അർഹതയുള്ളൂ.
  • ജനനം, പിന്തുടർച്ച, രജിസ്ട്രേഷൻ, ചിരകാല അധിവാസം, പ്രദേശ സംയോജനം എന്നിവയാണ് ഒരാൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കാനുള്ള മാർഗങ്ങൾ. ഇന്ത്യയിലെ പൗരത്വം 1950-1987 കാലയളവിൽ ജനനം കൊണ്ട് തന്നെ സാധ്യമാകുമായിരുന്നു. 1987ന് ശേഷം, കുട്ടിയുടെ ജനനത്തിന് പുറമെ രക്ഷിതാക്കളിൽ ആരെങ്കിലും ഒരാൾ ഇന്ത്യൻ പൗരനായിരിക്കണമെന്ന ചട്ടം നിലവിൽ വന്നു. 2004ന് ശേഷം രക്ഷിതാക്കളിൽ ആരെങ്കിലും ഒരാൾ ഇന്ത്യൻ പൗരനാകണമെന്നതിന് പുറമെ മറ്റേയാൾ ഒരുനിലക്കും അനധികൃത കുടിയേറ്റക്കാരനാകരുതെന്നും നിയമം വന്നു. 1985ലെ അസം കരാർ പ്രകാരം 1971 മാർച്ച് 25ന് മുമ്പ് അസമിൽ പ്രവേശിച്ച വിദേശികൾക്ക് പൗരത്വം നൽകുകയും ചെയ്യുന്നു.

 

എൻ പി ആർ, എൻ ആർ സിയുടെ പ്രശ്നങ്ങൾ

  • അസമിൽ എൻ ആർ സിയിൽ നിന്ന് പുറത്തുപോയ 19 ലക്ഷം പേരില്‍ 70 ശതമാനവും സ്ത്രീകളാണ്. പൗരത്വം തെളിയിക്കാൻ രേഖകൾ സമർപ്പിക്കണമെന്ന സർക്കാർ നയം തീർത്തും അബദ്ധമാണെന്നാണ് അവരുടെ വാദം. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ഇത് സഹായിക്കില്ല എന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറെക്കുറെ പുരുഷന്മാരും പട്ടണങ്ങളിലേക്കും മറ്റും തൊഴിലന്വേഷിച്ച് പോവുകയും പിന്നീട് കുടുംബത്തെ അങ്ങോട്ട് കൊണ്ടുപോവുകയും ചെയ്യുന്നതാണ് രീതി. അതുകൊണ്ട് തന്നെ അസമിൽ പുരുഷന്മാരെക്കാൾ  സ്ത്രീകളാണെന്ന വാദം വസ്തുതാ വിരുദ്ധമാണ്.

 

  • എൻ ആർ സിയിലേക്കുള്ള ആദ്യ പടിയാണ് എൻ പി ആർ. എൻ പി ആർ എന്നത് ഏകദേശം സെൻസസിന് സമാനമാണുതാനും. 1955ലെ സിറ്റിസൺഷിപ്പ് ആക്ട്, 2003ലെ സിറ്റിസൺഷിപ്പ് റൂൾ എന്നിവക്കു കീഴിലാണ് എൻ പി ആർ വരുന്നത്. 1948ലെ സെൻസസ് ആക്ടിന് കീഴിലാണ് സെൻസസ് വരുന്നത്.

 

എൻ പി ആറിന്റെ രീതിശാസ്ത്രം

1. എൻ പി ആറിന് വേണ്ടി സർക്കാർ ഉദ്യോഗസ്ഥർ മുഴുവൻ വീടുകളും കയറിയിറങ്ങും. അങ്ങനെ മുഴുവനാളുകളുടേയും പേര്, സ്വദേശിയാണോ വിദേശിയാണോ എന്നിവയടക്കമുള്ള വിവരങ്ങൾ ശേഖരിക്കുന്നു.

2. ശേഖരിച്ച വിവരങ്ങൾ ഓഫീസിലിരുന്ന് വിലയിരുത്തുകയും ‘സംശയമുള്ള പൗരന്മാരുടെ’ (doubtful citizens) ലിസ്റ്റ് തയ്യാറാക്കുകയും ചെയ്യുന്നു.

3. സംശയമുള്ള പൗരന്മാരോട് ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിനാവശ്യമായ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുന്നു.

4. ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തിൽ ‘സംശയമുള്ളവർക്ക്’ ഇന്ത്യൻ പൗരനാകാനുള്ള യോഗ്യതയുണ്ടോ എന്ന് ചർച്ച ചെയ്യുന്നു.

5. ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നു.

6. പട്ടികയിൽ പേര് വന്നവർക്ക് ദേശീയ പൗരത്വ കാർഡ് (National Citizenship Card) വിതരണം ചെയ്യുന്നു.

7. നിങ്ങൾക്ക് കാർഡ് ലഭിച്ചില്ലെങ്കിൽ ഇന്ത്യൻ പൗരനാകാനുള്ള യോഗ്യതയില്ല എന്നർഥം.

 

  • തീർത്തും ഉദ്യോഗസ്ഥ കേന്ദ്രീകൃതവും സമയം ആവശ്യമായതുമായ പ്രക്രിയയാണ് ഇത്.
  • സർക്കാർ ഉദ്യോഗസ്ഥർക്കാണ് ഇവിടെ തിരഞ്ഞെടുപ്പവകാശം. അത് ദുരുപയേഗം ചെയ്യപ്പെട്ടേക്കാം.
  • എൻ ആർ സിയിൽ ഒരാളെ ഉൾപ്പെടുത്തിയതിനെതിരെ ആർക്കും ചോദ്യം ഉയർത്താം. വൈയക്തികമായ പ്രശ്നം, ജോലി സംബന്ധമായ തർക്കങ്ങൾ, ഭാഷ, മതം, ജാതി സംബന്ധമായ കാര്യങ്ങൾ എന്നിവയെല്ലാം ഈ എതിർപ്പിന് കാരണമായേക്കാം.
  • സെൻസസ് ആക്ട് 1948 പ്രകാരം സെൻസസ് ഡാറ്റ സുരക്ഷിതമായിരുന്നു. എന്നാൽ അത്തരമൊരു നിയമവും ചട്ടവുമൊന്നും എൻ പി ആറിന് ഇല്ല. സ്വാഭാവികമായും ഡാറ്റ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്.

 

ആരെയൊക്കെ ബാധിക്കും

  • സ്ത്രീകളെയാണ് ഇത് ഏറ്റവും രൂക്ഷമായി ബാധിക്കുക (അസം എൻ ആർ സിയുടെ മൂന്നിൽ രണ്ട് ഭാഗവും സ്ത്രീകളാണ്).
  • സ്ത്രീകൾക്ക് രേഖകൾ ഇല്ലാതിരിക്കാനും കയ്യിലുള്ള രേഖകൾ യോജിക്കാതിരിക്കാനുമുള്ള സാധ്യത കൂടുതലാണ്, ചില സമുദായങ്ങളിൽ വിവാഹശേഷം യഥാർഥ പേര് തന്നെ മാറ്റുന്ന അവസ്ഥയുണ്ട്. പലയിടങ്ങളിലും സ്ത്രീകളെ സ്‌കൂളിലയക്കുന്നതും അവർക്ക് അനന്തരാവകാശം നൽകുന്നതും തീരെ കുറവാണ്.
  • സമുദായ ഭേദമന്യേ, വിദ്യാഭ്യാസമില്ലാത്ത ദരിദ്ര്യരുടെ പക്കല്‍ രേഖകൾ കാണില്ല. എസ് സി (ഏകദേശം 23 കോടി), എസ് ടി (12 കോടി), ഒ ബി സി (55 കോടി) വിഭാഗങ്ങൾ മിക്കവാറും പാവപ്പെട്ടവരാകും. അവരുടെ കയ്യിലൊന്നും രേഖകളുണ്ടാവില്ല.
  • നാടോടികളും ആദിവാസികളുമാണ് മറ്റൊരു കൂട്ടര്‍.
  • 21 കോടി വരുന്ന ഇന്ത്യൻ മുസ്‌ലിംകളിൽ മഹാഭൂരിപക്ഷവും എസ് സി, എസ് ടി വിഭാങ്ങളെപ്പോലെത്തന്നെ ആവശ്യമായ രേഖകളില്ലാതെ ജീവിക്കുന്നവരാകും.
  • അനാഥകളും ഉപേക്ഷിക്കപ്പെട്ട കുട്ടികളും (ഇന്ത്യയിൽ ഏകദേശം 3.1 കോടി കുട്ടികൾ അത്തരത്തിലുണ്ടെന്നാണ് യുനിസെഫ് റിപ്പോർട്ട്) പ്രതിസന്ധി നേരിടാവുന്ന മറ്റൊരു വിഭാഗമാണ്.
  • കുടുംബത്തിൽ നിന്ന് വിട്ട് ജീവിക്കുന്ന ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയിൽ പെട്ടവർ, ജനന സർട്ടിഫിക്കറ്റില്ലാത്തവർ (ഇന്ത്യയിൽ 42% അഥവാ 51.1 കോടി പേർക്കും ജനന സർട്ടിഫിക്കറ്റില്ല).
  • കുടിയേറ്റ തൊഴിലാളികൾ
  • അംഗവൈകല്യമുള്ളവർ എന്നിവരും പ്രതിസന്ധികള്‍ നേരിടും. അംഗവൈകല്യമുള്ളവരിൽ മഹാഭൂരിപക്ഷവും ഉപേക്ഷിക്കപ്പെട്ടവരാകും.  2011ലെ സെൻസസ് അനുസരിച്ച് 2.1 കോടി ഇന്ത്യക്കാർ അംഗവൈകല്യമുള്ളവരാണ്. അവരിൽ 21 കോടി നിരക്ഷരരും.
  • രേഖകളിൽ പേര് വ്യത്യാസമുള്ളവരാണ് മറ്റൊരു വിഭാഗം. അക്ഷരത്തെറ്റുകൾ ഇന്ത്യയിൽ പൊതുവായ പ്രശ്നമാണ്. അസമിൽ ഒരു രേഖയിൽ Sakhen Ali എന്നും മറ്റൊരു രേഖയിൽ  Saken ali എന്നുമായതിനാൽ 5 വർഷമാണ് ഒരാള്‍ക്ക് ഡിറ്റൻഷൻ സെന്ററിൽ കിടക്കേണ്ടിവന്നത്.
  • പ്രളയം, കാട്ടുതീ, പോലെയുള്ള പ്രകൃതിദുരന്തങ്ങളിൽ രേഖകൾ നഷ്ടപ്പെട്ടവരാണ് പ്രശ്നം നേരിടാവുന്ന മറ്റൊരു വിഭാഗം.

 

സി എ എ എന്തുകൊണ്ട് വിവേചനപരമാണ്?

  • പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് അനധികൃതമായി കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജൈന, പാർസി, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുകയാണ് സി എ എ. മുസ്‌ലിംകളെ മാത്രം മാറ്റി നിര്‍ത്തുന്നു.
  • ടിബറ്റ്, ശ്രീലങ്ക, മ്യാൻമർ എന്നീ രാജ്യങ്ങളിലെ പീഡനത്തിന് ഇരയാകുന്ന ന്യൂനപക്ഷങ്ങളെ സി എ എ ഒഴിവാക്കുകയാണ്. പാക്കിസ്ഥാനിലെ ഹസാരകൾ, അഹ്‌മദിയാക്കൾ എന്നിവരെയും സി എ എ ഒഴിവാക്കുന്നു. ഭരണകൂടത്തെ രാഷ്ട്രീയമായി എതിർക്കുന്നവരെയും മാറ്റി നിര്‍ത്തുന്നു.
  • ഇന്ത്യൻ പൗരത്വത്തിന് മതം അടിസ്ഥാനമാകുന്ന ആദ്യ നിയമ നിർമാണമാണിത്. ഭരണഘടനയിൽ അന്തർലീനമായ മതനിരപേക്ഷ തത്വങ്ങളെ ഇത് ലംഘിക്കുന്നു. തുല്യതയ്ക്കുള്ള അവകാശം, നിയമത്തിന് മുന്നിൽ തുല്യത എന്നിവ ഉറപ്പുനൽകുന്ന ഭരണഘടനാ വ്യവസ്ഥകൾക്കും വിരുദ്ധമാണിത്. ജാതി, മത, സാമ്പത്തിക പരിഗണനകളില്ലാതെ എല്ലാവരെയും ഭരണകൂടം തുല്യമായി പരിഗണിക്കണമെന്ന ഭരണഘടനാ വ്യവസ്ഥക്കും എതിരാണിത്.
  • അനധികൃത കുടിയേറ്റക്കാരെ മാത്രം ഉദ്ദേശിച്ചുള്ളതാണ് സി എ എ. സ്വാഭാവികമായ പൗരത്വം, രജിസ്‌ട്രേഷൻ മുഖേനയുള്ള പൗരത്വം എന്നിവ അനധികൃത കുടിയേറ്റക്കാർക്ക് സാധ്യമല്ല. അതുകൊണ്ടു തന്നെ അനധികൃത കുടിയേറ്റക്കാരനെന്ന് പ്രഖ്യാപിക്കപ്പെടുന്ന ഒരു മുസ്‌ലിമിന് ഇന്ത്യയിൽ പൗരത്വം ലഭിക്കില്ല. മറ്റുള്ളവര്‍ക്ക് ലഭിക്കും.
  • ദേശീയ പൗരത്വപ്പട്ടിക തയ്യാറാക്കുന്നതുമായി ബന്ധിപ്പിക്കുമ്പോൾ സി എ എ ഇന്ത്യയിലെ മുസ്‌ലിംകളെ സംബന്ധിച്ച് ഏറെ ദോഷകരമാകും. പൗരത്വപ്പട്ടിക തയ്യാറാക്കുമ്പോൾ പൗരത്വം തെളിയിക്കാൻ ആവശ്യമായ രേഖകൾ കൈവശമില്ലാത്ത മുസ്‌ലിംകൾ അനധികൃത കുടിയേറ്റക്കാരായി പ്രഖ്യാപിക്കപ്പെടും. അവർക്ക് സി എ എ സഹായകരമാകില്ല. അതേസമയം മുസ്‌ലിംകളല്ലാത്തവർക്ക്, ബംഗ്ലാദേശിൽ നിന്നോ പാകിസ്ഥാനിൽ നിന്നോ അഫ്ഗാനിസ്ഥാനിൽ നിന്നോ കുടിയേറിയതാണെന്ന നുണ പറഞ്ഞാൽ പൗരത്വം കിട്ടാൻ സാധ്യതയുമുണ്ട്.

സി എ എ വഴി പൗരത്വം ലഭിക്കുന്ന മുസ്‌ലിംകളല്ലാത്തവർ നേരിടാൻ ഇടയുള്ള പ്രശ്‌നങ്ങൾ

ദേശീയ പൗരത്വപ്പട്ടിക (എൻ ആർ സി) എല്ലാ മതത്തിൽപ്പെട്ടവരെയും ബാധിക്കും. ഭരണകൂടം ആവശ്യപ്പെടുന്ന രേഖകൾ കൈവശമില്ലാത്തതുകൊണ്ട് പൗരന്മാരല്ലെന്ന് പ്രഖ്യാപിക്കപ്പെട്ടാലും സി എ എ പ്രകാരം പൗരത്വം ഉറപ്പാക്കാമെന്നാണ് മുസ്‌ലിംകളല്ലാത്തവരുടെ പ്രതീക്ഷ. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ഏതെങ്കിലുമൊരു രാജ്യത്തു നിന്ന് കുടിയേറിയവരെന്ന് കള്ളം പറഞ്ഞ് പൗരത്വം നേടാനാകുമെന്ന് അവർ കരുതുന്നു. ഇങ്ങനെ നുണ പറഞ്ഞ് നേടിയെടുക്കുന്ന പൗരത്വം ജീവിതകാലം മുഴുവനും അരക്ഷിതത്വത്തിന് കാരണമാകാം.

  1. ഭരണകൂടം പൗരത്വത്തിന് ആവശ്യപ്പെടുന്ന രേഖകൾ ഹാജരാക്കാൻ ഒരു മറാഠിക്കോ തമിഴനോ മലയാളിക്കോ കഴിഞ്ഞില്ല എന്ന് കരുതുക. ഇവർക്ക് ബംഗാളിയോ ഉറുദുവോ പഞ്ചാബിയോ പഷ്തുവോ സംസാരിക്കാനും കഴിയില്ല എന്നും കരുതുക. അങ്ങനെയെങ്കിൽ ഈ മറാഠിക്കോ മലയാളിക്കോ തമിഴനോ പൗരത്വം നൽകാൻ സി എ എ വഴിയും സാധിക്കില്ല.

 

പട്ടിക വിഭാഗങ്ങൾ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്കുള്ള സംവരണത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ആശങ്കകളും

 

  1. ദേശീയ പൗരത്വപ്പട്ടികക്ക് പുറത്താകുകയും സി എ എ വഴി പൗരത്വമെടുക്കേണ്ടി വരികയും ചെയ്യുന്ന പട്ടിക വിഭാഗക്കാർക്കും മറ്റു പിന്നാക്ക വിഭാഗക്കാർക്കും സംവരണം ലഭിക്കുമോ?
  2. ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്ന് അവകാശപ്പെടുന്നവർക്ക് സംവരണത്തിന് അർഹതയുണ്ടാകുമോ?
  3. പട്ടിക വിഭാഗക്കാരെന്നോ മറ്റ് പിന്നാക്ക വിഭാഗക്കാരെന്നോ അവർ അവകാശപ്പെട്ടാൽ എന്ത് തെളിവാണ് ഹാജരാക്കാൻ കഴിയുക?
  4. ഈ മൂന്ന് രാജ്യങ്ങളിൽ നിന്ന് അനധികൃതമായി കുടിയേറിയവരാണ് തങ്ങളെന്നതിന് അടിസ്ഥാനമായി തെളിവൊന്നും ഹാജരാക്കേണ്ടതില്ല എന്നാണെങ്കിൽ, പൊതുവിഭാഗക്കാരനായ ഒരാൾ ഈ മൂന്ന് രാജ്യങ്ങളിലൊന്നിൽ നിന്ന് കുടിയേറിയ ദളിതനാണ് താനെന്ന് അവകാശപ്പെട്ടാൽ സംവരണത്തിന് അർഹനാകില്ലേ?
  5. ഇന്ത്യൻ യൂണിയനെ സംബന്ധിച്ച് സംവരണമെന്നത് സങ്കീർണമായ സംഗതിയാണ്. രാഷ്ട്രീയമായി പ്രാധാന്യമുള്ളതും. ഓരോ പ്രദേശത്തിന്റെയും ചരിത്രവും ആ പ്രദേശത്തിന്റെ രാഷ്ട്രീയവും പരിഗണിച്ചാണ് ഭിന്ന ജാതി വിഭാഗങ്ങൾക്ക് വ്യത്യസ്ത സംസ്ഥാനങ്ങളിലോ ചിലപ്പോൾ ജില്ലകളിലോ സംവരണം അനുവദിച്ചിട്ടുള്ളത്. ഒരു സംസ്ഥാനത്ത് പട്ടിക വിഭാഗക്കാരായി പരിഗണിക്കപ്പെടുന്നവർ തൊഴിലിനോ വിദ്യാഭ്യാസത്തിനോ വേണ്ടി മറ്റൊരു സംസ്ഥാനത്തേക്ക് കുടിയേറിയാൽ അങ്ങനെ കുടിയേറിയവർക്ക് സംവരണം നൽകാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. അങ്ങനെ സംവരണം അനുവദിച്ചാൽ തദ്ദേശീയരായ പട്ടിക വിഭാഗക്കാരുടെ അവസരങ്ങൾ നഷ്ടപ്പെടുമെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് തൊട്ടി സമുദായത്തെ എടുക്കുക. മഹാരാഷ്ട്രയിലെ ഔറംഗാബാദ്, ജൽന, ബിദ്, നാന്ദേഡ്, ഉസ്മാനാബാദ്, ലാത്തൂർ, പർഭനി, ഹിംഗോളി ജില്ലകളിൽ ഈ വിഭാഗത്തെ പട്ടിക വർഗക്കാരായാണ് പരിഗണിക്കുന്നത്. ചന്ദ്രാപൂർ ജില്ലയിലെ രജൂറ മേഖലയിലും തൊട്ടി വിഭാഗക്കാർ പട്ടിക വർഗക്കാരാണ്. രജൂറ മേഖലയിലുള്ള തൊട്ടി വിഭാഗക്കാരനായ ഒരാൾ താൻ ബംഗ്ലാദേശിൽ നിന്ന് കുടിയേറിയതാണെന്ന് നുണ പറഞ്ഞ് സി എ എ പ്രകാരം പൗരത്വം നേടിയാൽ സംവരണം അനുവദിക്കപ്പെടുമോ?
  6. സി എ എക്ക് പിറകെ എൻ പി ആറും എൻ ആർ സിയും വരികയാണെങ്കിൽ അത് മുസ്‌ലിം വിരുദ്ധം മാത്രമാകില്ല, മറിച്ച് പട്ടിക വിഭാഗക്കാർക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും അർഹമായ സംവരണം നിഷേധിക്കാനുള്ള ഉപാധി കൂടിയാകുമെന്ന്  ജനസംഖ്യാനുപാതികമായ പ്രാതിനിധ്യത്തിന് വേണ്ടി വാദിക്കുന്ന ചില സംഘടനകൾ ആരോപിക്കുന്നുണ്ട്.

അനധികൃത കുടിയേറ്റക്കാരനാണെന്ന് നുണ പറയേണ്ടി വന്നുവെന്ന് കരുതുക. അങ്ങനെയെങ്കിൽ അത് നിങ്ങളെയും കുടുംബാംഗങ്ങളെയും എത്രത്തോളമാകും ദുർബലരാക്കുക. മറ്റുള്ളവർക്ക് നിങ്ങൾക്കുമേൽ നൽകുന്ന അധികാരം എത്രത്തോളമായിരിക്കും?

എൻ ആർ സി നടപ്പാക്കുമ്പോൾ പൗരനാണെന്ന് തെളിയിക്കാൻ വേണ്ട രേഖകൾ ഹാജരാക്കാൻ സാധിക്കാതെ വരികയും സി എ എ വഴി പൗരത്വത്തിന് ശ്രമിക്കുകയും ചെയ്തുവെന്ന് കരുതുക. നിങ്ങൾക്ക് പൗരത്വത്തിന് അർഹതയുണ്ടോ ഇല്ലയോ എന്ന് നിശ്ചയിക്കാൻ ചുമതലപ്പെട്ട സർക്കാർ ഉദ്യോഗസ്ഥന്, അയാൾ ഒരു അഴിമതിക്കാരൻ കൂടിയാണെങ്കിൽ ലഭിക്കുന്ന അധികാരവും അവസരവും എന്തുമാത്രമായിരിക്കും?

തങ്ങൾ മറ്റൊരു രാജ്യത്തുനിന്ന് വന്നവരാണെന്ന് ഒരു മടിയും കൂടാതെ നുണ പറയാൻ ആളുകൾക്ക് കഴിയുമോ? അങ്ങനെ പറഞ്ഞാൽ തന്നെ അത് നുണയാണെന്ന് പിന്നീട് കണ്ടെത്തിയാൽ അവർക്ക് എന്തു സംഭവിക്കും?  നുണയാണെന്ന് കണ്ടെത്തുക വളരെ എളുപ്പമാണെന്നത് കൂടി ഓർക്കുക.

താനൊരു അനധികൃത കുടിയേറ്റക്കാരനാണെന്ന് ആരെങ്കിലും നുണ പറഞ്ഞാൽ, അതോടെ അതുവരെയുള്ള അയാളുടെയും കുടുംബാംഗങ്ങളുടെയും ജീവിതം ഔദ്യോഗികമായി റദ്ദാക്കപ്പെടും. അതോടെ അയാളൊരു നിർധനനായ അഭയാർത്ഥിയായി മാറും. ഒന്നുമില്ലായ്മയിൽ നിന്ന് ജീവിതം പിന്നെയും തുടങ്ങേണ്ടി വരുമെന്ന് ചുരുക്കം.

 

താഴെ ചോദ്യങ്ങള്‍ കൂടി ഇവിടെ പ്രസക്തമാകുന്നു

 

  1. അനധികൃതമായി കുടിയേറിയതാണെന്ന് പറയുന്ന ഒരാൾ, ഇതുവരെ ആർജിച്ച സ്വത്ത്, സമ്പാദ്യം എന്നിവയ്‌ക്കൊക്കെ എന്ത് സംഭവിക്കും? അതിനകം അയാൾ നേടിയ വിദ്യാഭ്യാസ യോഗ്യത പിന്നെ പ്രസക്തമാകുമോ?
  2. അനധികൃതമായി കുടിയേറിയതാണെന്ന് പറയുന്ന വ്യക്തി, വിവാഹം കഴിച്ചിട്ടുണ്ടെങ്കിൽ ആ വിവാഹം റദ്ദാക്കപ്പെടുമോ? ആ ബന്ധത്തിൽ കുഞ്ഞുങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അവരുടെ നിയമപരമായ അന്തസ്സ് എന്തായിരിക്കും?  ഇത്തരം സംഗതികളുണ്ടായാൽ പരിഹരിക്കുന്നതിന്, ഇത്തരം അവസ്ഥയിൽപ്പെട്ടുപോകുന്നവരെ ദുരുപയോഗം ചെയ്യുന്നത് ഇല്ലാതാക്കുന്നതിന് എന്തെങ്കിലും സംവിധാനമുണ്ടോ?
  3. പരമ്പരാഗതമായി കൈമാറിക്കിട്ടിയ സ്വത്തിന്റെ കാര്യമോ? അനധികൃതമായി കുടിയേറിയതാണെന്ന് ഒരാൾ പറഞ്ഞാൽ അയാൾക്ക് പാരമ്പര്യ സ്വത്തിൽ അവകാശമുണ്ടാകുമോ? സ്വയം ആർജിച്ച സ്വത്ത് സ്വന്തം ഇഷ്ടപ്രകാരം കൈകാര്യം ചെയ്യാനാകുമോ?
  4. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികൾ, ഇൻഷുറൻസ് പോളിസിക്കു മേലുള്ള അവകാശം, വീതം വെച്ച് നൽകിയിട്ടില്ലാത്ത സ്വത്തിന്മേലുള്ള അവകാശം എന്ന് തുടങ്ങി പല അവകാശങ്ങളുടെ കാര്യത്തിലും അനധികൃതമായി കുടിയേറിയതാണെന്ന് പ്രഖ്യാപിക്കുന്നതോടെ എന്ത് സംഭവിക്കും.
  5. മറ്റൊരു രാജ്യത്തു നിന്ന് അനധികൃതമായി കുടിയേറിയതാണെന്ന് ഒരാൾ പ്രഖ്യാപിച്ചാൽ അയാളുടെ മാതാപിതാക്കളുടെ അവസ്ഥയെന്താകും? വാർധക്യത്തിൽ മകന്റെ/മകളുടെ സംരക്ഷണം നിയമപരമായി അവകാശപ്പെടാൻ ആ മാതാപിതാക്കൾക്ക് സാധിക്കുമോ?
  6. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വ്യക്തിയാണെന്ന് കരുതുക. ബലാത്സംഗമോ കൊലപാതകമോ തട്ടിപ്പോ പോലുള്ള കുറ്റകൃത്യങ്ങൾ. കുറ്റകൃത്യം നടന്ന തീയതിക്ക് ശേഷം രാജ്യത്തേക്ക് അനധികൃതമായി കുടിയേറിയ വ്യക്തിയാണ് താനെന്ന് ആരോപണവിധേയൻ അവകാശപ്പെട്ടാൽ എങ്ങനെയാണ് നിയമനടപടി സ്വീകരിക്കാനാകുക?
  7. എൻ ആർ സി നടപ്പാക്കിയതിന് ശേഷം സി എ എ കേന്ദ്ര സർക്കാർ പിൻവലിക്കുകയാണ് എന്ന് കരുതുക. അങ്ങനെ വന്നാൽ നിങ്ങളുടെ പൗരത്വത്തിന്റെ സ്ഥിതി എന്തായിരിക്കും? എങ്ങനെയാണ് നിങ്ങൾക്ക് ഈ രാജ്യത്ത് തുടർന്ന് ജീവിക്കാനാകുക?
  8. അനധികൃത കുടിയേറ്റക്കാരനാണ് എന്ന ഒരാളുടെ അവകാശവാദത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസോ മറ്റ് ഏജൻസികളോ മുതിർന്നാൽ എന്ത് സംഭവിക്കും?  അഴിമതി, ഏതെങ്കിലും വ്യക്തിക്കുള്ള അകാരണമായ ശത്രുത, വെറും സംശയം ഒക്കെ ഇത്തരം അന്വേഷണത്തിന് കാരണമാകാം.
  9. മറ്റൊരു രാജ്യത്തു നിന്ന് അനധികൃതമായി കുടിയേറിയയാളാണ് താനെന്ന് ആത്മാഭിമാനമുള്ള ഒരാൾക്ക് പറയാനാകുമോ?  അങ്ങനെ പറയുക വഴി, സ്വന്തം മാതാപിതാക്കളെ നിഷേധിക്കാൻ ആർക്കെങ്കിലും സാധിക്കുമോ?
  10. ഇങ്ങനെ നിരവധിയായ പ്രശ്‌നങ്ങൾ മുന്നിൽ നിൽക്കെ എന്തിന്  വേണ്ടിയാണ് ഈ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്?

 

ദേശീയ പൗരത്വപ്പട്ടികയുടെ ചെലവ്

  • അസമിൽ പൗരത്വപ്പട്ടിക തയ്യാറാക്കുന്നതിന് ചെലവായത് 1200 കോടി രൂപയാണ്. 52,000 ഉദ്യോഗസ്ഥരെ നിയോഗിച്ചു. പത്ത് വർഷം സമയമെടുത്തു. അസമിലെ ജനസംഖ്യ മൂന്ന് കോടിയാണ്. ഈ തോതിലാണെങ്കിൽ 134 കോടി ജനങ്ങളുടെ പൗരത്വപ്പട്ടിക തയ്യാറാക്കാൻ വേണ്ടി വരിക 55,000 കോടി രൂപയാണ്. ആരോഗ്യ മേഖലയ്ക്കായി ഒരു വർഷം ഇന്ത്യൻ സർക്കാർ ചെലവിടുന്നത് 65,000 കോടിയും വിദ്യാഭ്യാസത്തിന് 95,000 കോടിയുമാണെന്ന് ഓർക്കുക.
  • 2021ലെ ജനസംഖ്യാ കണക്കെടുപ്പ് നടന്നിട്ടില്ല. മുമ്പുള്ള കണക്കെടുപ്പ് പ്രകാരം ജനസംഖ്യ 134 കോടിയാണ്. ഇതിൽ ഒരു ശതമാനം മതിയായ രേഖകളില്ലാത്ത അനധികൃത കുടിയേറ്റക്കാരാണ് എന്ന് കണ്ടെത്തിയാൽ എണ്ണം 1.34 കോടിയാകും. ഇവരെ താമസിപ്പിക്കാനുള്ള തടവറകൾ നിർമിക്കാൻ മാത്രം വേണം രണ്ട് ലക്ഷം കോടി രൂപ!
  • ഈ തടവറകൾ നിലനിർത്തുന്നതിന് ഓരോ വർഷവും സർക്കാറിന് ചെലവിടേണ്ടിവരിക ആയിക്കണക്കിന് കോടി രൂപയാണ്. തടവറയ്ക്ക് സുരക്ഷാ സംവിധാനമൊരുക്കണം. തടവറയിൽ അടയ്ക്കപ്പെടുന്നവർക്ക് ഭക്ഷണം നൽകണം. അങ്ങനെ ഉത്തരവാദിത്തം ഏറെയാണ്.
  • നേരിട്ടും അല്ലാതെയും ഇന്ത്യൻ പൗരൻമാർ നൽകുന്ന നികുതിയിൽ നിന്ന് വേണം ഈ പണം കണ്ടെത്താൻ.
  • അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി തടവിലാക്കപ്പെടുന്നവർ, അങ്ങനെയല്ലാതിരുന്ന കാലത്ത് അധ്വാനിച്ച് സമ്പാദിച്ചിരുന്നതൊക്കെ രാജ്യത്തിന് നഷ്ടമാകും.
  • വേണ്ട രേഖകളില്ലെന്ന കാരണം പറഞ്ഞ് അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തപ്പെട്ടവരോ അവരുടെ ബന്ധുക്കളോ നിയമ നടപടികൾക്ക് തയ്യറാകും. സർക്കാർ ഉദ്യോഗസ്ഥരും ജഡ്ജിമാരും ഇതര കോടതി ജീവനക്കാരും ഈ നിയമ നടപടികൾക്കായി സമയം നീക്കിവെക്കേണ്ടിവരും. ഉത്പാദനക്ഷമമല്ലാത്ത ഒരു കാര്യത്തിന് വേണ്ടിയാകും ഇവരുടെ സമയം നീക്കി വെക്കേണ്ടിവരിക. അത് സർക്കാർ ഖജനാവിനെയാണ് പാപ്പരാക്കുക.
  • അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിക്കപ്പെടുന്ന സാധാരണ മനുഷ്യർ അവരുടെ ഭാഗം സ്ഥാപിച്ചെടുക്കുന്നതിന് ചെലവിടേണ്ടി വരുന്ന പണമോ? 3.2 കോടി ജനസംഖ്യയുള്ള അസമിൽ ഇങ്ങനെ ചെലവിടേണ്ടി വരുന്നത് 11,000 കോടി രൂപയാണെന്നാണ് ഏകദേശ കണക്ക്. പൗരത്വപട്ടിക തയ്യാറാക്കിയപ്പോൾ പുറംതള്ളപ്പെട്ട 19 ലക്ഷം പേർ ട്രൈബ്യൂണലുകളിലും കോടതികളിലും നടപടികൾ തുടരുന്നതോടെ ഈ സംഖ്യ വലിയതോതിൽ ഉയരും. അസമിൽ ചെലവിട്ട 11,000 കോടി രൂപയെ അടിസ്ഥാനമാക്കി രാജ്യത്തെ കണക്കെടുത്താൽ വേണ്ടി വരിക അഞ്ച് ലക്ഷം കോടി രൂപയാണ്.
  • ഒരു കുറ്റവും ചെയ്യാതെ പൗരത്വം റദ്ദാക്കപ്പെടുകയും അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്താൽ അത് നിശ്ശബ്ദം സ്വീകരക്കാൻ ആരും തയ്യാറാകില്ല. അതിനെ ചോദ്യം ചെയ്യാൻ ഏതാണ്ടെല്ലാവരും തയ്യാറാകുകയും ചെയ്യും.
  • പൗരത്വത്തിന് തീർത്തും വിഭാഗീയമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുകയും അതുപയോഗപ്പെടുത്തി ലക്ഷണക്കിന് ആളുകളെ തടങ്കലിലാക്കുകയും ചെയ്താൽ അന്താരാഷ്ട്ര സമൂഹം ഇന്ത്യക്കു മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനുള്ള സാധ്യത ഏറെയാണ്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 50% വിദേശരാജ്യങ്ങളുമായുള്ള വ്യാപാര – വാണിജ്യ ഇടപാടുകളിൽ നിന്നുള്ളതാണ്.

 

സി എ എ, എൻ പി ആർ, എൻ ആർ സി എന്നിവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ

  • കോടിക്കണക്കിനാളുകളാണ് ഇതുമൂലം ദുരിതത്തിലാവുക. ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ കോടിക്കണക്കിന് മനുഷ്യർ പൗരന്മാരല്ലാതായിത്തീരും.
  • അവർ ഡിറ്റൻഷൻ സെന്ററുകളിൽ അടക്കപ്പെടുകയോ പൗരന്മാരല്ലാത്ത അവസ്ഥയിൽ ബാക്കി ജീവിതം നയിക്കാൻ നിർബന്ധിക്കപ്പെടുകയോ ചെയ്യും. (പൗരന്മാർക്ക് ലഭിക്കേണ്ട ഒരു അവകാശവും ഇവർക്ക് ലഭിക്കില്ല.)
  • ദരിദ്രരുടെ അവകാശങ്ങൾ, അവരുടെ ശാക്തീകരണം എന്നിവ അജണ്ടയേയല്ലാത്ത സർക്കാറുകൾ നിലവിൽ വരും. ജനാധിപത്യ സമൂഹങ്ങളിൽ ക്ഷാമം ഒരു കാരണവശാലും സംഭവിക്കില്ല എന്ന തിയറിക്കാണ് അമർത്യാ സെന്നിന് നൊബേൽ സമ്മാനം ലഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റുകൾ സാധാരണ ജനങ്ങളുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നു, കാരണം അവരെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ശക്തി സാധാരണക്കാർക്കുണ്ട്. അതിനാൽ, വരൾച്ചയുടെ സമയത്ത്, ഈ സർക്കാരുകൾ ക്ഷാമം തടയാൻ നടപടികൾ കൈക്കൊള്ളുന്നുവെന്നതാണ് യാഥാർഥ്യം. ചോദ്യം ചെയ്യാൻ അവകാശമില്ലാത്ത ആൾക്കൂട്ടത്തിന് വേണ്ടി ആര് ശബ്ദിക്കാനാണ്.
  • ലോകത്ത് സാമ്പത്തിക അസമത്വം നിലനിൽക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യ മുൻനിരയിലാണ്. ഇന്ത്യൻ ജനസംഖ്യയുടെ 50 ശതമാനത്തിന്റെ ആകെ സമ്പത്തിന് സമാനമാണ് കേവലം 9 ഇന്ത്യൻ അതിസമ്പന്നരുടെ സമ്പത്ത് എന്നത് ചേർത്തുവായിക്കുക. എൻ ആർ സി വരുന്നതോടെ ദരിദ്രർക്ക് അനുഭവിക്കേണ്ടി വരുന്ന ആഘാതം വർധിക്കും. ദരിദ്രർ അതി ദരിദ്രരായി മാറുമെന്ന് ചുരുക്കം.
  • ‘പൗരന്മാരല്ലാത്തവർക്ക്’ സർക്കാർ ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെടുന്നതോടെ രാജ്യത്ത് വലിയ അസുഖങ്ങൾ പരക്കുകയും സാധാരണ ജനജീവിതത്തെ അത് ബാധിക്കുകയും ചെയ്യും.
  • സർക്കാർ സംവിധാനങ്ങളിൽ അമിതാധികാരം കേന്ദ്രീകരിക്കപ്പെടുമെന്നത് മറ്റൊരു പ്രശ്നമാണ്. ഓഫീസ് ക്ലർക്ക് മുതൽ സാധാരണ പോലീസുകാരൻ വരെ ഈ ശ്രേണിയിൽ ഉൾപ്പെടും.

 

നോക്കുകുത്തികളാകുന്ന കോടതികൾ

കെട്ടിക്കിടക്കുന്ന കേസുകളാണ് ഇന്ത്യൻ കോടതികളുടെ നേർചിത്രം. സി എ എ നടപ്പാക്കുമ്പോൾ അർദ്ധ ജുഡീഷ്യൽ ഫോറിനേഴ്സ് ട്രൈബ്യൂണലുകൾ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുന്ന ആളുകൾക്ക് ഹൈക്കോടതികളിൽ കേസുകൾ ഫയൽ ചെയ്യാനും സുപ്രീം കോടതിയിൽ അപ്പീൽ നൽകാനും കഴിയും. ഇത് നിലവിലെ അവസ്ഥക്ക് ഉണ്ടാക്കുന്ന ആഘാതം വിവരണാതീതമാണ്. സ്വാഭാവികമായും കുറ്റകൃത്യങ്ങൾ വർധിക്കുകയും കോടതികൾ നിഷ്്ക്രിയമാകുകയും ചെയ്യും. അയൽരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് സംഭവിച്ചേക്കാവുന്ന വലിയ തോതിലുള്ള നുഴഞ്ഞു കയറ്റ സാധ്യതയും കാണാതിരുന്നുകൂട.

 

കലാപങ്ങളും തീവ്രവാദ ആക്രമണങ്ങളും കൂടാനുള്ള സാധ്യത

ജൂതരെ കൂട്ടക്കൊലക്ക് വിധേയമാക്കിയ, 1935ന് ജർമനിയിൽ പാസാക്കിയ ന്യൂറംബർഗ് നിയമങ്ങളോടാണ് സി എ എ, എൻ പി ആർ, എൻ ആർ സി ചട്ടങ്ങളെ ചിലർ തുലനം ചെയ്യുന്നത്. പരസ്യമായി അപമാനിക്കപ്പെടുകയും പൗരത്വം എടുത്തുകളയുകയും ചെയ്ത ശേഷം കോൺസൺട്രേഷൻ ക്യാമ്പുകളിലേക്ക് തള്ളി ഗ്യാസ് ചേംമ്പറിലേക്ക് എടുത്തെറിയപ്പെട്ട ജൂതരുടെ ചരിത്രം മറക്കാനായിട്ടില്ല. അറുപത് ലക്ഷം ജൂതരെയാണ് നാസികൾ കൊന്നുതള്ളിയത്. ആർ എസ് എസ് ആചാര്യൻ ഗോൾവാൾക്കർ ഈ കൂട്ടക്കൊലയെ വിശേഷിപ്പിച്ചത് ‘വംശാഭിമാനം’ എന്നാണ്. നാസി ജർമനിയുടെ നേതൃത്വത്തിൽ നടന്ന ‘ശുദ്ധീകരണ’ത്തിന് അഭിവാദ്യം അർപ്പിക്കുകയായിരുന്നു അന്നയാൾ ചെയ്തത്. ‘നമുക്ക് പഠിക്കാനും ലാഭമുണ്ടാക്കാനുമുള്ള നല്ലൊരു പാഠം’ എന്ന അർഥത്തിലാണ് നാസി വംശീയ പോളിസിയായ ന്യൂറംബർഗ് നിയമത്തെ അയാൾ വിശേഷിപ്പിച്ചത്. ഇന്ത്യയിൽ ജീവിക്കുന്ന ഹിന്ദുവല്ലാത്ത എല്ലാവരും ഗോൾവാൾക്കർക്ക് രാജ്യദ്രോഹികളായിരുന്നു. ഈ ഗോൾവാൾക്കർ നരേന്ദ്രമോദിയെ സംബന്ധിച്ചിടത്തോളം ആരാധ്യപുരുഷനും. എൻ ആർ സിയുടെ വരവോടെ രാജ്യത്ത് പുകയുന്ന അസ്വസ്ഥത മറ്റൊരു സിവിൽ യുദ്ധത്തിലേക്ക് നയിച്ചേക്കാം.

ഇതിന് പുറമെ ഒരു സമൂഹത്തെ മാത്രം മാറ്റിനിർത്തുന്ന ഇന്ത്യയെ ലോകരാഷ്ട്രങ്ങൾ അവജ്ഞയോടെ കാണും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ വംശജരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നതിനൊപ്പം ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ താമസിക്കുന്ന ഹിന്ദുക്കളെയും ഇത് ബാധിക്കും.

 

നിയമഭേദഗതി നിർത്തലാക്കാൻ എന്തുചെയ്യാം

  • എൻ ആർ സി, സി എ എക്ക് എതിരെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവർക്കിടയിൽ കൃത്യമായ ബോധവൽക്കരണം സാധ്യമാക്കുക എന്നത് തന്നെയാണ് പ്രധാനം. അതിനുപുറമെ ശക്തമായ പ്രതിഷേധവും രൂപപ്പെടണം.
  • സമാധാനത്തിന്റെ വഴിയിൽ സമരം ചെയ്യുന്ന നിരവധിയാളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. അവർക്കാവശ്യമായ പിന്തുണ കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
  • ട്വിറ്റർ, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് തുടങ്ങിയ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകൾ ഇതിനുവേണ്ടി ഉപയോഗിക്കണം. ഇ-മെയിലുകളും എസ് എം എസുകളും ഫോൺകോളുകളുമടക്കം ഏറ്റവും ചെറിയ മാധ്യമങ്ങൾ വരെ നമ്മുടെ ആയുധമാകണം.
  • നിയമഭേദഗതിക്കെതിരെ രൂപപ്പെടുന്ന ഏതൊരു സംവിധാനത്തിനും ഗ്രൂപ്പുകൾക്കും ആവശ്യമായ പിന്തുണ കൊടുക്കുക എന്നത് ഏറെ പ്രധാനമാണ്.
  • നമ്മളൊരു മാധ്യമപ്രവർത്തകനാകാം, നിയമജ്ഞനാകാം, രാഷ്ട്രീയക്കാരനാകാം, സിനിമാപ്രവർത്തകനോ ആർട്ടിസ്റ്റോ സാമൂഹ്യപ്രവർത്തകനോ ആകാം, നമ്മുടെ തൊഴിലിടങ്ങൾ ഇതിനുവേണ്ടി ഉപയോഗപ്പെടുത്താൻ കഴിയണം.
  • സി എ എ, എൻ പി ആർ, എൻ ആർ സി എന്നിവയ്ക്കെതിരെയുള്ള യുദ്ധം അനിവാര്യമാണ്. എല്ലാ ജനങ്ങളിലേക്കും നീതിയുടെയും സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നല്ല പാഠങ്ങൾ എത്തിച്ച് അവരെ ബോധവാന്മാരാക്കുന്ന ജോലി വളരെ സമയമെടുക്കുന്നതാണ്. എന്നാലും ക്ഷമയോടെ നാം നമ്മുടെ ജോലി ചെയ്തുകൊണ്ടേയിരിക്കണം.
  • സംസ്ഥാന സർക്കാറുകൾക്ക് ഇതിൽ ഒരുപാട് ചെയ്യാനാകും. നിലവിലെ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാൻ അവരെ പ്രേരിപ്പിക്കേണ്ടതുണ്ട്. സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിൽ അവർ മുന്നിലുണ്ടാകണം.
  • സംസ്ഥാന സർക്കാറുകൾ എൻ പി ആറിനെ ഏറ്റെടുത്താൽ മാത്രമേ ഇത് വിജയിക്കൂ. 57 ശതമാനം ജനങ്ങളെ ഉൾക്കൊള്ളുന്ന ബി ജെ പി ഇതര സംസ്ഥാനങ്ങൾ മാത്രം എൻ പി ആർ നടപ്പാക്കില്ല എന്ന വിജ്ഞാപനം ഇറക്കിയാൽ പിന്നെ ദേശീയ തലത്തിലെ എൻ ആർ സി എന്നത് അർഥശൂന്യമാകും.

 

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ശക്തമായി പോരാടി വിജയിച്ചവരാണ് നമ്മൾ. നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂല്യങ്ങളിലൂന്നി പ്രവർത്തിക്കുന്ന ഭരണഘടനക്ക് സ്വയം സമർപ്പിച്ചവരാണ് നമ്മൾ. ഗാന്ധിജിയുടെ അഹിംസയിലൂന്നിയ സമരരീതികളിലൂടെ തന്നെ അംബേദ്കർ നമുക്ക് സമ്മാനിച്ച ഭരണഘടന നാം സംരക്ഷിക്കും.

ഈ ലേഖനം ആദ്യം cjp.org.in-ൽ പ്രസിദ്ധീകരിച്ചതാണ്

About Author

സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് ( CJP)

എല്ലാ ഇന്ത്യക്കാരുടെയും സ്വാതന്ത്ര്യവും ഭരണഘടനാപരമായ അവകാശങ്ങളും ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു മനുഷ്യാവകാശ പ്രസ്ഥാനമാണ് സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (സി ജെ പി). ന്യൂനപക്ഷ അവകാശങ്ങൾ, ആവിഷ്‌കാര സ്വാതന്ത്ര്യം, ക്രിമിനൽ ജസ്റ്റിസ് പരിഷ്‌കരണം, ബാലാവകാശങ്ങൾ, വിദ്യാഭ്യാസം എന്നിവയാണ് സി ജെ പിയുടെ ശ്രദ്ധാകേന്ദ്രങ്ങൾ.