A Unique Multilingual Media Platform

The AIDEM

Art & Music Articles Culture Memoir Society

കുമാരസംഭവത്തിൽ നിന്ന് സബാൾട്ടേൺ നായികമാരിലേക്ക് (രണ്ടാം ഭാഗം)

  • March 13, 2024
  • 1 min read
കുമാരസംഭവത്തിൽ നിന്ന് സബാൾട്ടേൺ നായികമാരിലേക്ക് (രണ്ടാം ഭാഗം)

“ആധുനിക ചിത്രകാരന്മാരിൽ നിന്ന് വ്യത്യസ്തനായി ബുദ്ധമത ചിഹ്നങ്ങളിലും മറ്റ് വ്യാഖ്യാനങ്ങളിലും ആഴത്തിൽ വേരൂന്നിയ താമരപ്പൂ എന്ന ബിംബത്തെ അവിശ്രാന്തം ആവർത്തിച്ചു വരച്ചുകൊണ്ടിരുന്നതിനാൽ, നിഗൂഢത ധ്വനിപ്പിക്കുന്ന സ്ത്രീരൂപത്തെ അമിതാവേശത്തോടെ ആവിഷ്കരിച്ചുകൊണ്ടിരുന്നതിനാൽ, എ രാമചന്ദ്രന്റെ ചിത്രങ്ങളെ ചുറ്റിപ്പറ്റി ചോദ്യങ്ങൾ നിലനിന്നു. ‘യയാതി’ പരമ്പരയ്ക്ക് ശേഷം ‘താമരക്കുളത്തിന് സമീപം നൃത്തം ചെയ്യുന്ന സ്ത്രീകൾ’ എന്ന ചിത്രത്തിലേക്കു നീങ്ങിക്കൊണ്ട്, അവിടെ തന്നെ തുടർന്നുകൊണ്ട്, ജീവിതത്തിന്റെ അന്ത്യ കാലത്ത് സ്വന്തം സ്വാതന്ത്ര്യത്തിനു ചുറ്റും പരീക്ഷണങ്ങൾ നടത്തി ‘സബാൾടേൺ നായിക’ എന്ന ചിത്രപരമ്പര വരച്ചതിലൂടെ വിമർശകരിൽ നിന്ന് തെന്നിമാറിക്കൊണ്ട് ഒരു ചിത്രകാരനെന്ന നിലയിൽ രാമചന്ദ്രൻ തന്റെ കലയിൽ മുഴുകി.” പ്രശസ്ത ചിത്രകാരനും ആർട്ട് ക്യൂറേറ്ററുമായ റിയാസ് കോമു എഴുതിയ അനുസ്മരണത്തിന്റെ രണ്ടാം ഭാഗം.


എ രാമചന്ദ്രൻ: ഒരനുസ്മരണം (രണ്ടാം ഭാഗം)

 

വൈകുണ്ഠ സ്വാമികൾ, തൈക്കാട് അയ്യ, ചട്ടമ്പി സ്വാമികൾ, ശ്രീ നാരായണ ഗുരു, വാഗ്ഭടാനന്ദൻ, സഹോദരൻ അയ്യപ്പൻ തുടങ്ങിയ പ്രമുഖ സാമൂഹിക പരിഷ്കർത്താക്കളുടെ പ്രവർത്തനങ്ങളെ തുടർന്നുള്ള ഒരു കാലഘട്ടത്തിൽ, അഗാധമായി ജാതീയമായ സമൂഹത്തിൽ നിന്ന് സ്വയം മോചിപ്പിച്ച നവോത്ഥാനാനന്തര കേരളത്തിലാണ് അച്യുതൻ രാമചന്ദ്രൻ നായർ 1935 ൽ ജനിച്ചത്. രാമചന്ദ്രൻ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലൂടെ ജീവിച്ചു, ലോകത്ത് ആദ്യമായി ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുന്നത് കണ്ടു. അദ്ദേഹത്തിന്റെ സംഭാഷണങ്ങളിൽ, കേരളത്തിന് ഉണ്ടായിരുന്ന വളരെ ദുർബലമായ ദൃശ്യ കലാ സംസ്കാരത്തെക്കുറിച്ച് അദ്ദേഹം പരാമർശിക്കുന്നുണ്ട്. എന്നാൽ സാഹിത്യവും സംഗീതവും അദ്ദേഹത്തിന് ചുറ്റും നിറഞ്ഞുനിന്നു. 8 വർഷം കർണാടക സംഗീതം പഠിച്ച അദ്ദേഹം നല്ലൊരു ശ്രോതാവായി ജീവിതത്തിലുടനീളം സംഗീതത്തോടുള്ള ഇഷ്ടം കൊണ്ടുനടന്നു. വൈക്കം മുഹമ്മദ് ബഷീറിനെയും ആ കാലഘട്ടത്തിലെ മറ്റ് എഴുത്തുകാരെയും ക്ലാസിക്കൽ കവികളെയും അദ്ദേഹം ആസ്വദിച്ചു. മലയാള സാഹിത്യകൃതികളെ സ്ഥിരമായി പിന്തുടർന്ന രാമചന്ദ്രൻ 1957-ൽ കേരള സർവകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി.

1957, ഒരു കർഷക പ്രസ്ഥാനം കേരളത്തിൽ ചരിത്രമെഴുതി അധികാരത്തിൽ വന്ന വർഷം. അപ്പോൾ കേരളത്തെ എന്നെന്നേക്കുമായി പിന്നിലുപേക്ഷിച്ച് അദ്ദേഹം ശാന്തിനികേതനിലേക്ക് തീവണ്ടി കയറി. ഒരു സന്ദർശകനായി അവിടേക്ക് മടങ്ങുകയല്ലാതെ, പിന്നീടൊരിക്കലും അയാൾ അവിടെ സ്ഥിരതാമസക്കാരനാവുകയില്ല. പട്ടാളത്തിലായിരുന്ന അച്ഛന്റെ അഭാവത്തിൽ മുത്തച്ഛനാണ് അദ്ദേഹത്തെ വാർത്തെടുത്തത്. മുത്തച്ഛൻ അവനെ പലയിടത്തും കൊണ്ടുപോയി; അവരൊരുമിച്ചു നീണ്ട കാൽനട സവാരിക്കു പോകുമായിരുന്നു; അപ്പോൾ അദ്ദേഹമവനെ പ്രകൃതിയെ നിരീക്ഷിക്കാൻ പഠിപ്പിച്ചു. പ്രകൃതിയിൽ നിന്ന്, തന്റെ ചുറ്റുപാടുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് മനസ്സിലും ആത്മാവിലും ഉളവായ ഒരു നിറവ്, തന്റെ ജന്മാന്തരീക്ഷം അദ്ദേഹത്തിന് നൽകി. ചരിത്രപരമായി, തന്റെ സമകാലികരായ കലാകാരന്മാരെയും, രാജാ രവിവർമ്മയെപ്പോലുള്ള പൂർവ്വഗാമികളായ പ്രതിഭാശാലികളെയും പോലെ, അതേ പാരമ്പര്യം പിന്തുടർന്ന് അദ്ദേഹം കേരളം വിട്ടുപോയി. അദ്ദേഹത്തിന്റെ ആത്മവിശ്വാസവും, വായനയിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും നിന്നും ആർജ്ജിച്ച വ്യുല്പത്തിയും ഓർക്കുമ്പോൾ, സാമൂഹിക ശ്രേണികളുടെ സങ്കീർണ്ണമായ കഥകൾ പറയാൻ കേരളത്തിൽ തുടർന്നും ജീവിച്ചിരുന്നെങ്കിൽ ഒരു കലാകാരനെന്ന നിലയിൽ അദ്ദേഹം ഒരു സർറിയൽ രാഷ്ട്രീയ സാന്നിധ്യം ആകുമായിരുന്നു. കേരളത്തിന്റെ കലാചരിത്രം പരിശോധിച്ചാൽ, ആ കാലഘട്ടത്തിലെ കലാകാരന്മാരുടെ സൃഷ്ടികളിലൂടെ ഒരു ദൃശ്യ നരവംശ ശാസ്ത്രം നമുക്ക് ഉണ്ടായില്ല എന്ന് കാണാം. പകരം നമുക്ക് കുടിയേറ്റത്തിന്റെ കഥകൾ മാത്രമേയുള്ളൂ.

ഗ്രാമജീവിതം അദ്ദേഹത്തിന് പ്രകൃതി, ക്ഷേത്ര സംസ്കാരം, നടനകലകൾ, നർമ്മം എന്നിവയുമായി അടുപ്പം നൽകി. സ്വകീയമായ ഊർജ്ജത്താലും അന്വേഷണബുദ്ധിയുള്ള മനസ്സിനാലും മുന്നോട്ട് നയിക്കപ്പെട്ടപ്പോൾ, അതേ പരിസ്ഥിതിയും ചുറ്റുപാടുകളും, സ്വാഭാവികമായും കലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദിശകളിലുള്ള പരിഹാരം നൽകുന്നതിൽ പരാജയപ്പെട്ടു. സമകാലിക പ്രസിദ്ധീകരണങ്ങളെ സൂക്ഷ്മമായി പിന്തുടർന്ന ഒരാൾ എന്ന നിലയിൽ, രാമാനന്ദ ചാറ്റർജി പ്രസിദ്ധീകരിച്ച ജേണലായ മോഡേൺ റിവ്യൂവിൽ ബംഗാൾ സ്കൂൾ കലാകാരന്മാരുടെ ചിത്രങ്ങൾ അദ്ദേഹം പലപ്പോഴും കണ്ടിട്ടുണ്ട്. ഒരു ദിവസം തിരുവനന്തപുരത്ത് ഒരു സംഗീത പരിപാടിയിൽ അദ്ദേഹം രബീന്ദ്ര സംഗീതം അവതരിപ്പിക്കാൻ തയ്യാറെടുക്കുമ്പോൾ, രാം കിങ്കറിന്റെ ശിൽപമായ ‘സന്താൾ കുടുംബ’ത്തിന്റെ ഒരു പകർപ്പ് കാണാൻ ഇട വന്നു. അത് അദ്ദേഹത്തിന് വളരെ ഗംഭീരമായി തോന്നി. ആധുനിക ഇന്ത്യൻ കലയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രചോദനങ്ങളിലൊന്നായ, കലാസൃഷ്ടിയിലെ മനുഷ്യ ചൈതന്യത്തിന്റെ ആ പ്രതിഫലനം, ജനസമൂഹങ്ങളെ ശാക്തീകരിക്കുന്നതിൽ കലയ്ക്ക് എന്തുചെയ്യാൻ കഴിയും എന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനുണ്ടായിരുന്ന സാമൂഹിക-രാഷ്ട്രീയ ധാരണകളെ സ്പർശിച്ചു. അത്തരമൊരു യാഥാർത്ഥ്യത്തിന്റെ ഭാഗമാവാനും, രാംകിങ്കറിനെപ്പോലെയുള്ള ഒരാളെ നേരിട്ടു കാണാനും, നന്ദലാൽ ബോസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി സ്വാധീനം ചെലുത്താൻ ശേഷി നേടിക്കഴിഞ്ഞ സ്ഥാപനത്തിൽ പങ്കാളിയാകാനും രാമചന്ദ്രൻ ആഗ്രഹിച്ചു. വിശ്വഭാരതിയിൽ എത്തിയപ്പോൾ, രാം കിങ്കറിന്റെ കരുത്തുറ്റ വ്യക്തിത്വവും, അദ്ദേഹത്തിന്റെ കലയോടുള്ള അഭിനിവേശവും, ഒപ്പം വിചിത്ര സ്വഭാവവും, പുതിയത് പഠിക്കാൻ വെമ്പുന്ന യുവാവായ രാമചന്ദ്രനിൽ തൽക്ഷണം സ്വാധീനം ചെലുത്തി. 

മറ്റ് അദ്ധ്യാപകരുടെ സാന്നിധ്യവും ബെനോദബെഹാരി മുഖർജിയുടെ ചുമർചിത്രങ്ങളും ക്യാംപസിൽ നിറയെ ഉണ്ടായിരുന്ന പല മാധ്യമങ്ങളും സങ്കേതങ്ങളും ഉപയോഗിച്ചുള്ള കലാസൃഷ്ടികളും അദ്ദേഹത്തെ സ്വാധീനിച്ചു. ടാഗോർ സ്ഥാപിച്ച ശാന്തിനികേതന്റെ സാംസ്കാരികവും ബൗദ്ധികവുമായ പരിസരം അദ്ദേഹത്തെ നന്ദലാൽ ബോസ് തുടക്കം കുറിച്ച കിഴക്കിന്റെ കലാ പാരമ്പര്യങ്ങളിലേക്ക് അടുപ്പിച്ചു. നന്ദലാലിന്റെ അക്കാദമിക് തത്ത്വചിന്ത രാമചന്ദ്രൻ പിന്നീടുള്ള തന്റെ കലാ നിർമ്മാണത്തിൽ പിന്തുടർന്നുവെന്ന് അദ്ദേഹത്തിന്റെ പിൽക്കാല സൃഷ്ടികളിൽ നിന്ന് കണ്ടെത്താം.

പ്രകൃതിയാണ് ആദ്യം വരുന്നത് എന്നത് അദ്ദേഹത്തിന്റെ പ്രാഥമിക വിശ്വാസമായിരുന്നു. ചുറ്റുപാടുകളെ മനനം ചെയ്താണ് അദ്ദേഹം ഒരു പുതിയ ഭാഷ കണ്ടെടുത്തത്. കേരള ആർട്ട് അക്കാദമികൾ അത്ര ഗൗരവമായി വീക്ഷിക്കാത്ത അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിലൊന്ന് കേരളത്തിലെ ക്ഷേത്രങ്ങളുടെ ചുവർചിത്രങ്ങളെക്കുറിച്ചുള്ള ആജീവനാന്ത ഗവേഷണത്തിൽ നിന്ന് പുറത്തുവന്ന സൃഷ്ടികളാണ്. മട്ടാഞ്ചേരി കൊട്ടാരത്തിനകത്ത് അദ്ദേഹം വരച്ച കുമാരസംഭവത്തിന്റെ മനോഹരമായ പഠനചിത്രങ്ങൾ കണ്ടപ്പോൾ നന്ദലാൽ നൽകിയ ഉപദേശത്താൽ സ്വാധീനിച്ചു ചെയ്തതായിരുന്നു ആ സൃഷ്ടികൾ. നന്ദലാൽ ബോസ് അദ്ദേഹത്തോട് അത്തരം ഡ്രോയിംഗ് പഠനങ്ങളിലേക്ക് ആഴത്തിൽ പോകാൻ ആവശ്യപ്പെടുകയും അദ്ദേഹം ആ ഉപദേശം അച്ചട്ടം പിന്തുടരുകയും ചെയ്തു. അദ്ദേഹം വികസിപ്പിച്ചെടുത്ത സൗന്ദര്യശാസ്ത്രവും പിന്നീട് അതിൽനിന്ന് അകന്നുപോകാനുള്ള ജിജ്ഞാസയും അദ്ദേഹത്തിന്റെ കലയെ പല തലങ്ങളിൽ സഹായിച്ചു. സന്താൾ സമൂഹത്തോട് എങ്ങനെ ഇടപെടണമെന്ന് അദ്ദേഹത്തെ പഠിപ്പിച്ച കിഴക്കൻ ബംഗാളിൽ നിന്നുള്ള അഭയാർത്ഥിയും, കലാകാരനും സുഹൃത്തുമായ കിരൺ സിൻഹ മറ്റു സ്വാധീനങ്ങളിൽ ഒന്നായിരുന്നു. സന്താൾ ഗ്രാമങ്ങളിൽ ചെന്ന് സ്കെച്ചുകൾ ചെയ്തപ്പോൾ, ആ സുഹൃത്തിനൊപ്പം അസാധാരണമായ ഒരനുഭവകാലമാണ് രാമചന്ദ്രൻ പങ്കുവെച്ചത്. ശാന്തിനികേതനിൽ ആദ്യകാലങ്ങളിൽ അദ്ദേഹം ചിത്രകാരിയായ ചൈനീസ് പെൺകുട്ടി ചമേലിയെ കണ്ടുമുട്ടി; താൻ യുൻ ഷാൻ എന്ന മഹാനായ ചൈനീസ് പണ്ഡിതന്റെ മകൾ. ശാന്തിനികേതനുമായി ബന്ധപ്പെട്ടിരുന്ന അദ്ദേഹം ദക്ഷിണേഷ്യയിലെ ഏറ്റവും പഴയ ചൈനീസ് പഠന കേന്ദ്രമായ ചൈന ഭവന്റെ സ്ഥാപകനായിരുന്നു. 10 വർഷത്തെ പ്രണയത്തിനൊടുവിലാണ് ചമേലിയും രാമചന്ദ്രനും വിവാഹിതരായത്.

ന്യൂഡൽഹിയിലെ ജാമിയ മില്ലിയ സർവകലാശാലയിൽ ഒരു ആർട്ട് സെന്റർ വികസിപ്പിച്ചതാണ് അദ്ദേഹത്തിന്റെ പ്രധാന സംഭാവനകളിലൊന്ന്. കുട്ടികളെ കല പഠിക്കാൻ അയക്കണമെന്നു മാതാപിതാക്കളെ പറഞ്ഞു ബോധ്യപ്പെടുത്താൻ അദ്ദേഹം വിദ്യാർത്ഥികളുടെ വീടുകളിൽ നേരിട്ടുപോയി; ശേഷം ചരിത്രമാണ്. 1965 മുതൽ ഇരുപത്തിയെട്ട് വർഷത്തോളം അദ്ദേഹം ജാമിയയിൽ പ്രവർത്തിച്ചു, അതിനെ ഒരു പ്രധാനപ്പെട്ട കലാവിദ്യാലയമാക്കി മാറ്റി. തന്റെ പ്രശസ്തമായ നർമ്മബോധത്തിലൂടെ, സൗന്ദര്യാത്മകമായി ഏതൊരു വിഷയത്തെയും വിശദീകരിക്കാനുള്ള കഴിവുകൊണ്ട്, അദ്ദേഹം വിദ്യാർത്ഥികൾക്ക് പ്രിയങ്കരനായി. ടാഗോറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ എങ്ങനെ അടുത്ത ബന്ധം സ്ഥാപിക്കാമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ പഠിപ്പിച്ചു.

പാരമ്പര്യം, കേരളത്തിൽ കണ്ടു വളർന്ന ചുവർചിത്രങ്ങൾ, അക്കാദമിക് റിയലിസം, കലയിലെ പ്രകൃതിയുടെ ശക്തി, ഇന്ത്യൻ മിനിയേച്ചറുകളിൽ നിന്നുള്ള സ്വാധീനം, ജാപ്പനീസ്, ചൈനീസ് കലകളോടുള്ള അഭിനിവേശം എന്നിവയുടെ മിശ്രിതം, അദ്ദേഹത്തിന്റെ കലാസൃഷ്ടിയിൽ നമുക്കു കാണാം. രാംകിങ്കറിന്റെ ഉപദേശത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം ലളിതമായ ചിത്രംവരയിൽ വിട്ടുകളയാൻ പറ്റാത്തവിധം ഉന്മാദിയായി. ചിത്രങ്ങൾ വരച്ചുകൊണ്ടേയിരുന്നു. ചരിത്രത്തിലെ മറ്റെല്ലാ മഹാചിത്രകാരന്മാരെയും പോലെ. ഇത് ഇന്ത്യൻ ഗ്രാമങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗ്രാഹ്യത്തെ സഹായിക്കുകയും പുരാണ വിഷയങ്ങളും ലളിതമായ കഥകളും പല മാത്രകളിൽ കൂടിച്ചേരുന്ന ബൃഹദാഖ്യാന ചിത്രങ്ങളിലേക്ക് അദ്ദേഹമതിനെ വിവർത്തനം ചെയ്യുകയും ചെയ്തു.

സാമൂഹിക-രാഷ്ട്രീയ കാലാവസ്ഥയിൽ നിന്നും വ്യവസ്ഥാപരമായ അടിച്ചമർത്തലുകളെ വിമർശിക്കുന്ന പ്രകോപനപരമായ കലയിൽ നിന്നും വഴിമാറി, ഇരുണ്ട, ആവിഷ്കാരവാദപരമായ (expressionist) ആംഗ്യ ശരീരങ്ങളുമായുള്ള (gestural bodies) ശക്തമായ ആലങ്കാരിക ഇടപഴകലിലൂടെയും (figurative engagement), അസ്വാസ്ഥ്യജനകവും വെറുപ്പുളവാക്കുന്നതുമായ വിഷാദരോഗചിത്രണങ്ങളിലൂടെയും രാമചന്ദ്രൻ പ്രകൃതിയിലേക്ക് തിരിഞ്ഞുനോക്കാനുള്ള തന്റെ ആദ്യകാല പ്രവണതകളിലേക്കു മടങ്ങിക്കൊണ്ട് സ്വന്തം കലയെ പുതുക്കി. 1986-ൽ ഡൽഹിയിൽ താമസിക്കുന്ന ഒരു കലാകാരനെന്ന നിലയിൽ അദ്ദേഹം കണ്ട അക്രമസംഭവങ്ങൾ (സിഖ് വിരുദ്ധ കലാപം) അദ്ദേഹത്തിൽ വലിയ സ്വാധീനം ചെലുത്തി; സാമൂഹിക വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയുള്ള കലാ നിർമ്മിതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മുൻധാരണകളെ അത് തകർത്തെറിഞ്ഞു. കഥ പറയുന്നതിലേക്ക് ചുവടുവെക്കുന്ന ധ്യാനാത്മകമായ അന്വേഷണത്തിലേക്ക് നീങ്ങിയ അദ്ദേഹം, ഒരു അസംബന്ധ ലോകത്തിൽ കുടുങ്ങിപ്പോയ പ്രതീകാത്മക മനുഷ്യനായി, വിമുഖനായ ഒരു കഥാനായകനായി സ്വയം വീണ്ടെടുത്തു. വവ്വാലായി തലകീഴായി തൂങ്ങിക്കിടക്കുന്ന ‘രാംദേവിന്റെ കാഴ്ചകൾ’ എന്ന ചിത്രം അദ്ദേഹത്തിന്റെ ഈ സ്വഭാവപരിണാമത്തെ സാക്ഷ്യപ്പെടുത്തുന്നു. “ഞാൻ ഇവിടെയുമല്ല, അവിടെയുമല്ല, ഞാനൊരു പക്ഷിയുമല്ല, ഒരു മൃഗവുമല്ല,” എന്ന് ആ ചിത്രത്തിന്റെ ഉടമയായ സുഹൃത്തിനോട് അദ്ദേഹം പറഞ്ഞു. അതാണ് ശുദ്ധ പരിഹാസത്തിന്റെ രാമചന്ദ്രൻ.

ഒരു കലാകാരനെന്ന നിലയിൽ, സമകാലികരായ പലരെയും പോലെ, സാമ്പത്തിക കാരണങ്ങളാൽ തന്റെ ജീവിതം അപകടത്തിലാക്കാൻ രാമചന്ദ്രൻ തയ്യാറായില്ല. കുടുംബം പുലർത്താനും സ്ഥിരത കൈവരിക്കാനും കലാകാരനായി പ്രവർത്തിക്കാനുമാണ് അദ്ദേഹം ജാമിയയിൽ ചേർന്നത്.

കലാനിർമ്മാണത്തിൽ അദ്ദേഹത്തിന്റെ പുതിയ ഇടപെടൽ ആരംഭിച്ചത് പ്രസിദ്ധമായ ഒരു പ്രോജക്റ്റിലാണ്; അദ്ദേഹം പറയുന്നതുപോലെ പരിണാമത്തിന്റെ ഒരു കാലഘട്ടം. “യയാതി”, കേരള മ്യൂറൽ പാരമ്പര്യത്തിൽ വേരുകളുള്ള, ഇന്ത്യൻ ദൃശ്യപദാവലിയെക്കുറിച്ചു പുതിയ ചോദ്യങ്ങൾ ചോദിക്കുന്ന, തനിക്കു ചുറ്റും വളർന്നു വികസിച്ച പാശ്ചാത്യ കലാമേൽക്കോയ്മക്കു വിരുദ്ധമായ ഒരു കലാസൃഷ്ടി ആയിരുന്നു. മനുഷ്യന്റെ ദുർവിധിയും മനുഷ്യരുടെ കഷ്ടപ്പാടുകളുടെ വിഷാദാത്മകചിത്രവും തെളിഞ്ഞു നിന്ന ആവിഷ്‌കരവാദപരമായ (expressionist) സൃഷ്ടികളിൽ നിന്ന് കടകവിരുദ്ധമായ ഒരു മാറ്റം കുറിച്ചുകൊണ്ട് അദ്ദേഹം തന്റെ ജീവിതത്തിലെ ഏറ്റവും വിവാദപരമായ ഘട്ടത്തിലേക്ക് മാറി വരച്ചവയായിരുന്നു, സിഖ് കലാപത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ. എന്നാൽ അദ്ദേഹത്തിന്റെ വിമർശകരിൽ ചിലർ അതിനെ ‘നവ-പുനരുത്ഥാനം’ (neo-revivalist) എന്നും ആധുനിക വിരുദ്ധം എന്നും വിളിച്ചു. ഡൽഹിയിലെ നാഷണൽ ഗാലറിയിൽ അദ്ദേഹം നടത്തിയ രവിവർമ്മ എക്സിബിഷന്റെ ക്യൂറേറ്റഡ് പ്രോജക്റ്റ് വളരെയധികം വിമർശിക്കപ്പെട്ടു, കാരണം, അദ്ദേഹത്തിന്റെ സമകാലികരിൽ ഭൂരിഭാഗവും രവിവർമ്മയെ പാശ്ചാത്യ കലയുടെ വിലകുറഞ്ഞ അനുകരണചിത്രകാരനായിട്ടാണ് കണക്കാക്കിയത്. 

കലയെ അത് പ്രതിനിധീകരിക്കുന്ന കാലഘട്ടത്തിൽ നിന്നുകൊണ്ട് കാണണമെന്നും ഓരോ രാജ്യത്തിനും അതിന്റേതായ സാംസ്കാരിക പാറ്റേണുകളുണ്ടെന്നും ഒരാളുടെ സൃഷ്ടിയിൽ അവ പ്രതിഫലിക്കാമെന്നും അദ്ദേഹം തന്റെ വാദത്തിൽ ഉറച്ചുനിന്നു. എന്നാൽ തന്റെ കാലഘട്ടത്തിലെ മറ്റു ആധുനിക ചിത്രകാരന്മാരിൽ നിന്ന് വ്യത്യസ്തനായി ബുദ്ധമത ചിഹ്നങ്ങളിലും മറ്റ് വ്യാഖ്യാനങ്ങളിലും ആഴത്തിൽ വേരൂന്നിയ താമരപ്പൂ എന്ന ബിംബത്തെ അവിശ്രാന്തം ആവർത്തിച്ചു വരച്ചുകൊണ്ടിരുന്നതിനാൽ, നിഗൂഢത ധ്വനിപ്പിക്കുന്ന സ്ത്രീരൂപത്തെ വീണ്ടും വീണ്ടും അമിതാവേശത്തോടെ ആവിഷ്കരിച്ചുകൊണ്ടിരുന്നതിനാൽ, രാമചന്ദ്രന്റെ ചിത്രങ്ങളെ ചുറ്റിപ്പറ്റി ചോദ്യങ്ങൾ നിലനിന്നു. ‘യയാതി’ പരമ്പരയ്ക്ക് ശേഷം ‘താമരക്കുളത്തിന് സമീപം നൃത്തം ചെയ്യുന്ന സ്ത്രീകൾ’ എന്ന ചിത്രത്തിലേക്കു നീങ്ങിക്കൊണ്ട്, അവിടെ തന്നെ തുടർന്നുകൊണ്ട്, ജീവിതത്തിന്റെ അന്ത്യ കാലത്ത് സ്വന്തം സ്വാതന്ത്ര്യത്തിനു ചുറ്റും പരീക്ഷണങ്ങൾ നടത്തി ‘സബാൾടേൺ നായിക’ എന്ന ചിത്രപരമ്പര വരച്ചതിലൂടെ വിമർശകരിൽ നിന്ന് തെന്നിമാറിക്കൊണ്ട് ഒരു ചിത്രകാരനെന്ന നിലയിൽ രാമചന്ദ്രൻ തന്റെ കലയിൽ മുഴുകി. 

പരമ്പരാഗത കലാനിർമ്മാണത്തിലെ സാധ്യമായ എല്ലാ ശൈലികളിലും ഒരുപോലെ വരയ്ക്കുന്ന ഒരു ‘ബഹുരൂപി’ കലാകാരനായി അദ്ദേഹം സ്വയം വിശ്വസിച്ചു. അദ്ദേഹം സർക്കാരിന് വേണ്ടി സ്റ്റാമ്പുകൾ ഉണ്ടാക്കി, സെറാമിക്സിൽ സൃഷ്ടികൾ ഉണ്ടാക്കി, കുട്ടികൾക്കായി 50 ലധികം പുസ്തകങ്ങൾ എഴുതുന്നതിൽ ആവേശപൂർവം മുഴുകി, ശിൽപങ്ങൾ, വാട്ടർ കളറുകൾ, ഓയിൽ പെയിന്റിങ്ങുകൾ, ഗ്രാഫിക്സ് എന്നിവ ഉണ്ടാക്കി; തന്റെ സമകാലികർ ഇടപഴകുന്ന രാഷ്ട്രീയ വ്യവഹാരങ്ങളിൽ ഒട്ടും മുഴുകാതെ അവരോടു സഹവർത്തിച്ചു.

രാമചന്ദ്രൻ കൊച്ചി മുസിരിസ് ബിനാലെയുടെ വലിയ അഭ്യുദയകാംക്ഷി ആയിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം കൊച്ചിയിൽ തന്റെ സൃഷ്ടികൾ പ്രദർശിപ്പിക്കുകയും, കേരളത്തിലെ പല യുവചിത്രകാരന്മാരുമായും കൂടുതൽ അടുക്കുകയും ചെയ്തു. കേരള കലാരംഗത്ത് താൻ കണ്ട നല്ല മാറ്റങ്ങളെ അദ്ദേഹം പരസ്യമായി അംഗീകരിച്ചു; ബിനാലെ നിർമ്മിച്ച ഒരു പുതിയ ആവാസവ്യവസ്ഥയിൽ, തനിക്ക് അനുഭവിക്കാൻ കഴിയുന്ന ആ വാഗ്ദാനത്തിൽ, അദ്ദേഹം സന്തോഷിച്ചു. പല വേദികളിലും മറ്റ് മാധ്യമ സംഭാഷണങ്ങളിലും അദ്ദേഹം സ്വീകരിക്കപ്പെട്ടപ്പോൾ, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്വന്തം വീട്ടിലേക്കുള്ള മടങ്ങിവരവായി അദ്ദേഹം അതിനെ കണ്ടു. അദ്ദേഹം വിനയാന്വിതനാവുകയും അത് പ്രകടിപ്പിക്കുകയും ചെയ്തു. തന്റെ കലാസൃഷ്ടികളുടെ ഒരു സ്ഥിരം മ്യൂസിയം നിർമ്മിക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തിൽ അദ്ദേഹം വളരെ സന്തുഷ്ടനായിരുന്നു. കാരണം, തന്റെ കൃതികളുടെ കാലഗണനപ്രകാരമുള്ള ഒരു ആഖ്യാനത്തിലൂടെ, അതിലെ മാറ്റങ്ങളും വഴിത്തിരിവുകളും രേഖപ്പെടുത്തുന്ന ഒരു പ്രദർശനത്തിലൂടെ, തന്റെ കലാസംഭാവനയുടെ പൂർണ്ണത അവതരിപ്പിക്കപ്പെടണമെന്നും, അത് ജനങ്ങളുടെ പൊതുസ്വത്തായി മാറണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. 

കലാപം ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ കലാജീവിതം ആരംഭിച്ചത്. തുടർന്നത്, കഥപറച്ചിലുകളിലേക്കും, വശ്യസുന്ദരവും മാദകവുമായ സ്ത്രീ ശരീരങ്ങളിലേക്കും, ശൈലീകൃതമായ സ്ത്രീ കഥാപാത്രങ്ങളുടെ ആഘോഷത്തിലേക്കും അത് ഗതി മാറുകയും, പിന്നെ, കൂടുതൽ സ്വാഭാവികവും ജൈവികവും, ഗ്രാമീണ സ്ത്രീകളെപ്പോലെ സാധാരണത്വമുള്ളതുമായ പച്ചമനുഷ്യരിലേക്ക് നീങ്ങുകയും ചെയ്തു. 

ജീവിതത്തിന്റെ സർവ്വതോൻമുഖമായ അർത്ഥത്തിൽ, ആത്മവിശ്വാസത്തിന്റെ ഭൂമികയിൽ, രാമചന്ദ്രൻ എന്നും ദാർശനികമായ മൗനത്തിൽ നിലകൊണ്ടു. അദ്ദേഹത്തിന്റെ മനസ്സും ശരീരവും എന്നപോലെ തന്നെ കലാസൃഷ്ടികളും, കേരളത്തിന്റെ ഭൂപ്രകൃതിയിൽ നിന്ന് ചിത്രപരമായും, സാംസ്കാരികമായും ബഹുദൂരം അകലേക്ക് സഞ്ചരിച്ചു. ജലപാതത്തിൽ നിന്ന് മരുഭൂമിയിലേക്ക് എത്ര ദൂരം വരുമോ അത്രത്തോളം.

About Author

റിയാസ് കോമു

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മൾട്ടിമീഡിയ ആർട്ടിസ്റ്റും ക്യൂറേറ്ററുമാണ് റിയാസ് കോമു. കൊച്ചി-മുസിരിസ് ബിനാലെയുടെയും കൊച്ചി ബിനാലെ ഫൗണ്ടേഷൻ്റെയും സഹസ്ഥാപകനുമാണ് റിയാസ്.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x