A Unique Multilingual Media Platform

The AIDEM

Articles Social Justice South India

മരണവാൾതുമ്പിൽ സുജാത രമേശിന്റെ ജീവിതം

  • April 29, 2024
  • 1 min read
മരണവാൾതുമ്പിൽ സുജാത രമേശിന്റെ ജീവിതം

[ജനങ്ങളുടെ ജീവിതത്തെയും ഉപജീവന പ്രശ്‌നങ്ങളെയും കുറിച്ച്‌ ആഴത്തിലുള്ള പ്രത്യേക ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പംക്തിയാണിത്]


ചെന്നൈയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള തിരുവള്ളൂരിലെ പാലവയലിലെ പുത്തൂർ പഞ്ചായത്തിലേക്കുള്ള യാത്രയിൽ പ്രത്യക്ഷത്തിൽ അസാധാരണമായി ഒന്നും ഉണ്ടായിരുന്നില്ല. ഇതുപോലെ എത്രയോ യാത്രകൾ, ഔദ്യോഗികവും അനൗദ്യോഗികവും ആയ യാത്രകൾ. ഒറ്റക്കുള്ള യാത്രകൾക്കും എണ്ണമുണ്ടാവില്ല. പക്ഷെ ഇതാദ്യമായാണ് ”ഏതു നിമിഷവും കൊല്ലപ്പെടും ” എന്ന വിവരണം പേരിനൊപ്പം വീണുകിടക്കുന്ന ഒരു സ്ത്രീയെ കാണാനായി പോകുന്നത്. ജനാധിപത്യ ഇന്ത്യയിലെ കൽത്തുറുങ്കുകളിലേക്കൊന്നുമല്ല ഈ യാത്ര. പാലവയലിലെ പുത്തൂർ ഗ്രാമത്തിലേക്കാണ്. അവിടത്തെ പഞ്ചായത്ത് പ്രസിഡന്റാണ് സുജാത രമേഷ്.

എപ്പോൾ വേണമെങ്കിലും താൻ കൊല്ലപ്പെട്ടേക്കാം എന്ന അറിവിന്റെ വാൾമുനയിൽ ജീവിക്കുന്ന സ്ത്രീ. പൊടിക്കാറ്റിൽ ഇളകിയാടി നാട്ടു വഴികളിലൂടെയുള്ള യാത്രയിൽ ഗ്രാമത്തിന്റെ അകത്തേക്ക് കടക്കുമ്പോൾ ഞാൻ എന്നോടു തന്നെ പറഞ്ഞു.

“ഞാൻ മറ്റൊരു യാത്രയിലാണ്. ഇതേവരെ ചെയ്യാത്ത മറ്റൊരു യാത്ര. ഇന്ത്യ കണ്ടെത്താനുള്ള യാത്രയാണ് ഇത്‌. ഇന്ത്യ ജീവിക്കുന്ന ഗ്രാമങ്ങളിലെ മനുഷ്യരെയും ജീവിതത്തെയും തേടിയുള്ള യാത്രയാണ് “.

സുജാത രമേശ്!

ഫോണിലൂടെ അവരുമായുള്ള ഒരു സംസാരം. അതാണ് ഈ യാത്രയായി പരിണമിച്ചത്.

ലേഖിക സുജാതയുമൊത്ത് (2015)

“ഇപ്പോഴും സ്വാതന്ത്ര്യദിനത്തിൽ എന്നെക്കൊണ്ട് പതാക ഉയർത്തിക്കില്ല. ഒരു ദളിത് പെണ്ണിന് പതാക ഉയർത്താൻ പറ്റില്ല എന്ന് ആദ്യം ഒക്കെ തുറന്നു തന്നെ പറയുമായിരുന്നു. ഇപ്പോൾ ബുദ്ധിപൂർവ്വം ഏതെങ്കിലും സ്വാതന്ത്ര്യസമരസേനാനിയെ വിളിച്ചു കൊണ്ടു വരും. എന്നിട്ട് അയാളെക്കൊണ്ട് പതാക ഉയർത്തിക്കും. അതൊക്കെ ചെറിയ കാര്യങ്ങൾ. കൊല്ലും എന്നാണ് തുടക്കം മുതൽ കേൾക്കുന്നത്. ഭയപ്പെട്ട് പിന്മാറിയാലും കൊല്ലും. അപ്പോൾ പിന്നെ ജീവിച്ച് മരിക്കാം എന്നോർത്തു ജീവിക്കുകയാണ്. എൻ്റെ കഥകൾ ഇവിടെ ഇങ്ങനെയൊക്കെയാണ് അമ്മാ.അമ്മ വരൂ.ഞാൻ എല്ലാം പറയാം”. 

ഫോണിൽ സുജാത രമേഷ് പറഞ്ഞു. ഒക്കെ നേരിൽ കേൾക്കാനായി, യാത്ര തീരുമാനിച്ചത് അവിശ്വസനീയതയോടെയാണ്. സുജാതയുടെ പഞ്ചായത്തിൽ എത്തിയപ്പോൾ ഉച്ച വെയിൽ കടുത്തിരുന്നു. വരണ്ട പുരയിടങ്ങൾ, പൊടി പുരണ്ട ചെടികൾ, മരങ്ങൾ, ചെമ്മൺപാതകൾ, വഴിയോരത്ത് കുഴൽകിണറുകൾ. അവയ്ക്ക് മുന്നിൽ കുടങ്ങളും പാത്രങ്ങളും ആയി നിൽക്കുന്ന പെണ്ണുങ്ങളും കുട്ടികളും.തനി തമിഴ്നാട് കാഴ്ചകൾ. സുജാത ഫോൺ വിളിച്ചു, ക്ഷമ ചോദിച്ചു.

“അല്പം വൈകിപ്പോയി. ഉടനെത്തും. അമ്മാ മാപ്പ്”

പഞ്ചായത്ത് ഓഫീസിനു മുന്നിൽ കാത്തുനിൽക്കാൻ ആണ് സുജാത പറഞ്ഞത്. 

പഞ്ചായത്ത് ഓഫീസിനുമുന്നിൽ പല പല പോസ്റ്ററുകളിൽ അമ്മയുണ്ട്. പുറത്തുനിന്ന് കാണുന്ന അകത്തെ മുറികളിലും അമ്മ നിറഞ്ഞുനിൽക്കുന്നു. അമ്മ. സാക്ഷാൽ ജയലളിത. പൂഴിമൺ കാറ്റു പറത്തി സുജാത രമേശ് പാഞ്ഞുവന്നു. സ്കൂട്ടർ പാർക്ക് ചെയ്ത് ഓടിവന്നു പറഞ്ഞു. 

“ക്വാറിയിൽ നിന്ന് അവർ വീണ്ടും മണ്ണെടുക്കാൻ തുടങ്ങി. അവിടെ അല്പം താമസിച്ചു പോയി. അകത്തേക്ക് വരൂ” 

സുജാതയോടൊപ്പം അകത്ത് കടക്കുമ്പോൾ അമ്മയ്ക്കൊപ്പം മറ്റൊരു ഫോട്ടോ കൂടി കണ്ടു. 

“രമേശ്,മുൻ പഞ്ചായത്ത് പ്രസിഡൻറ്” എന്ന് എഴുതിവച്ചിട്ടുണ്ട്.

“എൻറെ ഭർത്താവ്. ഒരുപാട് കാലം ഈ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു. 38 വയസ്സായപ്പോൾ അർബുദം വന്ന് മരിച്ചുപോയി. പഞ്ചായത്തിലെ മക്കളെ ജീവനായിരുന്നു. മരിക്കും മുൻപ് എന്നെക്കൊണ്ട് സത്യം ചെയ്യിച്ചു. “ഞാൻ മരിച്ചു കഴിഞ്ഞാൽ നീ പഞ്ചായത്തിലെ മക്കളെ ഞാൻ നോക്കിയത് പോലെ നോക്കണം.” സുജാത ഈ പഞ്ചായത്തിലേക്ക് കല്യാണം കഴിച്ച് എത്തിയതാണ്. കുറച്ച് അകലെയുള്ള അമ്പത്തൂരുനിന്ന്. 

സുജാത പഞ്ചായത്ത് ഓഫീസിൽ

“കുഞ്ഞിലേ തന്നെ അച്ഛൻ മരിച്ചുപോയി. ചെറുപ്പത്തിൽ തന്നെ അനിയത്തിയും കുറച്ചു വലുതായപ്പോൾ അനിയനും മരിച്ചു. അമ്മ മത്സൃക്കച്ചവടം ചെയ്താണ് എന്നെ വളർത്തിയത്. ഇപ്പോൾ അമ്മ ഒറ്റയ്ക്ക് സ്വന്തം ഗ്രാമത്തിലുണ്ട്.”

എട്ടാം ക്ലാസ് വരെ പഠിച്ച്, പിന്നെ കുറേക്കാലം തയ്യലും പഠിച്ച് ഇവിടെ എത്തുമ്പോൾ കല്യാണത്തോടെ സാധാരണമായ ഒരു പറിച്ചു നടൽ എന്ന് മാത്രമേ കരുതിയുള്ളൂ. ഭർത്താവ് സാധാരണ മനുഷ്യരിൽ ഒരാളല്ല എന്ന് തിരിച്ചറിഞ്ഞപ്പോഴും തന്റെ ജീവിതത്തിൽ അസാധാരണമായി എന്തെങ്കിലും സംഭവിക്കും എന്ന് സുജാത കരുതിയില്ല. വീട്ടിൽ ഒതുങ്ങി കൂടി ഒന്നിന് പിന്നാലെ ഒന്നായി മൂന്ന് മക്കളെ പ്രസവിച്ചു. കോവിലിൽ ഉത്സവത്തിനും ദീപാവലിക്കും പുതിയ ചേല കെട്ടി. അങ്ങനെ ഒരു സാധാരണ തമിഴ് പെൺ ജീവിതം.

പക്ഷെ ഭർത്താവിന്റെ രോഗവും മരണവും ചേർന്ന കൊടുങ്കാറ്റിൽ സർവ്വതും മാറി മറിഞ്ഞു. പുത്തൂർ വെറും വന്നു കയറിയ ഇടമായിരുന്നില്ല 30 വയസ്സിൽ വിധവയായ, രമേശിന്റെ ജീവിതം പകുത്തറിഞ്ഞ സുജാതയ്ക്ക്. 

“ഞാൻ നോക്കിയതുപോലെ ഇവരെ നോക്കണം സംരക്ഷിക്കണം” എന്ന് ഭർത്താവ് പറഞ്ഞേല്പിച്ച നാട്. അവിടെ നിന്ന് മടങ്ങുന്നത് സുജാതയ്ക്ക് ജീവൻ എടുക്കുന്നത് പോലെയായി. അങ്ങനെയാണ് ഭർത്താവ് മരിച്ചു വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ പഞ്ചായത്ത് പ്രസിഡൻറ് ആകാൻ മത്സരത്തിന് ഇറങ്ങിയത്. 

“സ്ത്രീയായതുകൊണ്ട് മാത്രമല്ല ദളിത് ആയതു കൊണ്ടും എന്നെ ഗ്രാമത്തിലെ ആളുകൾക്ക് താങ്ങാൻ പറ്റില്ല എന്നറിയാമായിരുന്നു. എങ്കിലും ഇത്ര രൂക്ഷമായ എതിർപ്പ് ഉണ്ടാകും എന്ന് കരുതിയില്ല “താലിയറ്റു പോയവൾക് ഈ മണ്ണിൽ ഇനി എന്ത് വേര് ?”

മക്കളുമൊത്ത് (2014)

സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചു പോകാൻ അവർ ആവശ്യപ്പെട്ടു. ഭർത്താവിൻ്റെ വീട്ടുകാർ പലവട്ടം ഭീഷണികൾ, അന്ത്യശാസനങ്ങൾ ഉയർത്തി. എനിക്ക് പക്ഷേ തിരിച്ചു പോകാൻ പറ്റില്ലായിരുന്നു. എൻ്റെ ഭർത്താവിന് കൊടുത്ത വാക്ക് പാലിക്കണമായിരുന്നു. ഞാൻ മത്സരിക്കുക തന്നെ ചെയ്തു. പലരും വളരെ മോശമായി ഹീനമായി എന്നോട് പെരുമാറിയിട്ടുണ്ട്. 

“കൂടെ വരുന്നോ ?” എന്ന അശ്‌ളീലചോദ്യം എത്ര വട്ടം കേട്ടിട്ടുണ്ട് എന്നതിന് കണക്കില്ല. എനിക്ക് ഒന്നും കേട്ടുനിൽക്കാൻ സമയമില്ലായിരുന്നു. എനിക്ക് ജയിക്കണമായിരുന്നു. എൻ്റെ ഭർത്താവിന് കൊടുത്ത വാക്കു പാലിക്കണമായിരുന്നു. അദ്ദേഹത്തിൻ്റെ സ്വപ്നം പൂർത്തിയാക്കണമായിരുന്നു.” പഞ്ചായത്ത് പ്രസിഡന്റ് കസേരയിലിരുന്ന് സുജാത നിറഞ്ഞു നിറഞ്ഞു വരുന്ന കണ്ണുതുടച്ചു. ഒരുപാടു നാളായി തുറക്കാത്ത മനസാണ് സുജാതയുടേത് എന്ന് തോന്നി. ഒരുപാട് കാലമായി കണ്ണീർ പൊടിയാതെ വരണ്ട കണ്ണുകൾ ആണെന്നും. വാക്കുകൾ ചങ്ങല വിട്ട് ചിതറി വീണു. 

“എനിക്കും ഈ മണ്ണിൽ ജീവിക്കണം”

എന്ന നിർബന്ധബുദ്ധി ഒരു ചെറിയ പെണ്ണിന്റെ ലോകത്തെ എങ്ങനെയൊക്കെ മാറ്റിമറിക്കുന്നു എന്ന് ആ വാക്കുകൾ പറഞ്ഞു തന്നു. മറ്റൊരു ലോകം എനിക്കുമുന്നിൽ തുറക്കുകയായിരുന്നു. വിവേചനങ്ങളുടെ,അക്രമങ്ങളുടെ, ആക്രോശങ്ങളുടെ, അനീതികളുടെ ലോകം. 

മുൻയാത്രകളിൽ പ്രകൃതി ചന്തം വഴിഞ്ഞു നിന്നു പ്രലോഭിപ്പിച്ചതും സ്മാരകങ്ങളും കൊട്ടാരങ്ങളും കെട്ടിടങ്ങളും ഉദ്യാനങ്ങളും മലകളും പുഴകളും എന്നെ കോരിത്തരിപ്പിച്ചതും ഞാൻ ഓർത്തു. മനസ്സ് കുളിർപ്പിക്കാനുള്ള,സാന്ത്വനിപ്പിക്കാനുള്ള യാത്രകളിൽ മനുഷ്യർക്ക് ചിരിയുടെ മൂടുപടങ്ങൾ ഉണ്ടായിരുന്നു. വാക്കുകൾക്ക് തേൻ പുരട്ടിയ മാധുര്യമുണ്ടായിരുന്നു.

താജ്മഹലിലും ജയ്സാൽമീറിലും ചാർമിനാറിലും ഇന്ത്യാഗേറ്റിലും മറ്റും കണ്ട ഇന്ത്യയിൽനിന്ന് സുജാത രമേശിലൂടെ ഞാൻ കാണുന്ന ഇന്ത്യ അനുഭവിക്കാൻ ഇതുവരെ കണ്ടും കേട്ടും അറിഞ്ഞ സംവേദനശീലങ്ങൾ പോരാ എന്ന് തോന്നി.

“തിരഞ്ഞെടുപ്പിൽ എൻ്റെ മക്കൾ എന്നെ ജയിപ്പിച്ചു. എൻ്റെ ഭർത്താവിനോടുള്ള സ്നേഹം അവർ എനിക്ക് തന്നു. മേൽ ജാതിക്കാർ ഉയർത്തിയ ഭീഷണികൾ വകവയ്ക്കാതെ അവർ എനിക്ക് വോട്ട് ചെയ്തു.“ (എണ്ണത്തിൽ ദളിതർ മുന്നിട്ടു നിൽക്കുന്ന തമിഴ്നാട്ടിലെ പല പ്രദേശങ്ങളിലും കൈക്കരുത്തും പണവും വഴി മേൽ ജാതിക്കാർ അധികാരം കയ്യാളുന്ന കാഴ്ച പിന്നീട് ഞാൻ കണ്ടു)

“പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ നാളുകളിൽ എന്നെ പ്രസിഡന്റിന്റെ കസേരയിൽ ഇരിക്കാൻ ഉയർന്ന ജാതിക്കാർ സമ്മതിച്ചിട്ടില്ല. എത്രയോ നാൾ നിലത്തിരിക്കേണ്ടി വന്നു. പക്ഷേ തോൽക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. ഒടുവിൽ അവർക്ക് തോൽക്കാതെ വയ്യെന്നായി. അപമാനിക്കാനുള്ള വഴികൾ ഓരോ ദിവസവും അവർ കണ്ടെത്തി കൊണ്ടേയിരുന്നു. ഒരിക്കൽ ഒരു വാർഡ് മെമ്പർ എന്നോട് പറഞ്ഞു “ഡ്രസ്സ് അഴിച്ചു വെച്ചിട്ട് വാ,” വാർഡ് മെമ്പർ! 

ഒരു പ്രദേശത്തിന്റെ പ്രതിനിധി! 

അരിശം വന്നു എനിക്ക്. അതേ വരെ വന്നിട്ടുള്ളതിലേക്കാൾ ഒക്കെ വലിയ കലി. 

കൈയിൽ കിട്ടിയതൊക്കെ എടുത്ത് ഞാൻ അയാളെ അടിച്ച് ശരിയാക്കി. അടി കൊണ്ട് അവശനായി അയാൾ ചുരുണ്ടു വളഞ്ഞു കിടന്നു. കുറെ കഴിഞ്ഞപ്പോൾ എനിക്ക് പാവം തോന്നി. 

ഇയാൾ ഒരാളെ അടിച്ച് തകർത്താൽ തീരുന്ന അർബുദമല്ലല്ലോ ഈ നാടിന്റേത്. 

പേഴ്‌സ് എടുത്ത് 100 രൂപ അയാളുടെ കുഴഞ്ഞ കയ്യിൽ കൊടുത്ത് പറഞ്ഞു. 

“പോയി കുഴമ്പ് വാങ്ങി തേച്ച് പിടിപ്പിച്ച് ചൂടാക്ക്‌. വേദന മാറട്ടെ”

അയാൾ കാലുപിടിച്ച്‌ മന്നിപ്പ് പറഞ്ഞു. ഇങ്ങനെയുള്ള പെരുമാറ്റങ്ങൾ ഒരു വട്ടമോ രണ്ട് വട്ടമോ അല്ല, ധാരാളം പ്രാവശ്യം സഹിക്കേണ്ടിവന്നിട്ടുണ്ട്.”

രണ്ടാമത്തെ തവണ പഞ്ചായത്ത് പ്രസിഡന്റായി സുജാത തിരഞ്ഞെടുക്കപ്പെട്ട സമയത്താണ് ഞാൻ ആ പഞ്ചായത്തിലേക്ക് ചെല്ലുന്നത്. പഞ്ചായത്ത് ഓഫീസിൽ കമ്പ്യൂട്ടറും ടിവിയും ഒക്കെയുണ്ട്. ഓഫീസ് വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ചുവരിലെങ്ങും “നൽവാഴ്വ്” സ്കീമിന്റെ വിവരങ്ങൾ. “ഇന്ന് ഞാനെൻറെ പഞ്ചായത്ത് മക്കളെ ഭർത്താവ് നോക്കിയത് പോലെ തന്നെ നോക്കുന്നുണ്ട് അമ്മാ.ഏതു മൂലയിലും എൻറെ സ്കൂട്ടറിൽ ഞാനെത്തും. മക്കൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും അത് ശരിയാക്കാൻ നോക്കും. കറണ്ട് പോയാൽ പരിഹരിക്കാൻ ഇലക്ട്രിസിറ്റി ബോർഡിൽ നിന്ന് ടെക്നീഷ്യനെ കൊണ്ട് വന്ന് ശരിയാക്കും. ഞാൻ ഇവിടത്തെ പാവപ്പെട്ടവർക്ക് വേണ്ടിയാണ് പഞ്ചായത്ത് കാര്യങ്ങൾ ചെയ്യുന്നത്. അതാണ് ഉയർന്ന ജാതിക്കാർക്ക് സഹിക്കാൻ വയ്യാത്തത്. ഒരു ദളിത് പെണ്ണ് ഏതു വരെ പോകണം എന്ന് അവരായിരുന്നു ഇതുവരെ തീരുമാനം എടുത്തിരുന്നത്. എന്നെ അവർക്ക് താങ്ങാൻ കഴിയില്ല.പല രീതിയിൽ എന്നെ കൊല്ലാൻ ശ്രമിച്ചു. ആസിഡ് ബോംബെറിഞ്ഞു വരെ കൊല്ലാൻ നോക്കിയിട്ടുണ്ട്.” സുജാത തളരാതെ പൊരുതുകയാണ്.

“പേടി തോന്നുന്നില്ലേ സുജാതക്ക്?” ഉള്ള് കിടുങ്ങി ഞാൻ ചോദിച്ചു. 

സുജാത ഇരുളർ കോളനിയിൽ

“പിന്നില്ലാതെ? സിംഹത്തിനായാലും പേടി ഉണ്ടാവില്ലേ. സിംഹം പുറത്തു കാണിക്കുന്നില്ല എന്നേ ഉളളൂ. ഭയം പുറത്ത് കാണിച്ചാൽ രാജാവാകാൻ പറ്റില്ല. അതുപോലെ ധൈര്യം കാണിച്ച്‌ നടക്കുകയാണ് ഞാൻ. ഏതു നിമിഷവും കൊല്ലപ്പെടുമെന്ന് അറിഞ്ഞു കൊണ്ട് ജീവിക്കുന്നത് അത്ര സുഖമുള്ള കാര്യമൊന്നുമല്ല. പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന എൻറെ മകനോട് ഞാൻ പറഞ്ഞു ഏൽപ്പിച്ചിട്ടുണ്ട്. അമ്മ കൊല്ലപ്പെട്ടാൽ സഹോദരങ്ങളേയും കൊണ്ട് ഇവിടെ നിന്ന് രക്ഷപ്പെട്ട് ഹോസ്റ്റലിൽ പോയി നിന്ന് പഠിക്കണമെന്ന്.” പെട്ടെന്ന് സുജാത പൊട്ടി പൊട്ടി കരഞ്ഞു. കരച്ചിലിനൊടുവിൽ പറഞ്ഞു. “ഭയത്തെ മറികടന്നു ഉള്ളിൽ ധൈര്യം വളർത്തുകയാണ് ഞാൻ. എത്ര ആക്രമിക്കപ്പെട്ടാലും ഭീരുവായി ഞാൻ പിൻമാറില്ല. വിധവയാണ്,സ്ത്രീയാണ്, ദളിത് ആണ്‌ എന്നൊക്കെ കരുതിയാണ് എന്നെ തകർക്കാൻ നോക്കുന്നത്. പക്ഷെ ഞാൻ തളരാൻ തയ്യാറല്ല. അവർ പറയുന്നതുപോലെ തോറ്റു പിന്മാറി വീട്ടിലിരിക്കാൻ സുജാതയെ കിട്ടില്ല. “

സ്ത്രീ,ജാതി എന്നിവയുടെ പേരിൽ സഹിക്കുന്ന ഇത്തരം ആക്രമണങ്ങൾ വളരെ ചെറുതാണ് എന്നാണ് സുജാത പറയുന്നത്. ഇതിലുമേറെയുണ്ട്‌ മറ്റ് പ്രശ്നങ്ങളുടെ പേരിലെ ഭീഷണികൾ. ഇതിലും വലിയ ഭീഷണികൾ നേരിടേണ്ടി വരുന്ന സാഹചര്യങ്ങൾ സുജാത വിശദീകരിച്ചു.

“ഗ്രാമത്തിൻ്റെ അരികിൽ താമസിക്കുന്ന ഇരുളർക്ക് വെള്ളവും കറണ്ടും എത്തിയ്ക്കാൻ ശ്രമിച്ചതിന്‌ ആയിരുന്നു ഒരിക്കൽ എനിക്കെതിരെ വലിയ ആക്രമണം അഴിച്ചുവിട്ടത്. ഹൈവേയുടെ അറ്റത്ത് ഒറ്റപ്പെട്ട് പഞ്ചായത്ത് വക ഭൂമിയിലാണ് പട്ടികവർഗ്ഗത്തിൽ പെട്ട ഇരുളർ താമസിക്കുന്നത്. ഉയർന്ന ജാതിക്കാർ അനധികൃതമായി കയ്യേറിയ പഞ്ചായത്ത് സ്ഥലം എൻ്റെ ഭർത്താവ് നിർബന്ധമായി ഒഴിപ്പിച്ചു മടക്കി വാങ്ങിയാണ് ഇവർക്ക് താമസസ്ഥലം ഉണ്ടാക്കിയത്. അവിടെ വെള്ളവും വെളിച്ചവും എത്തിക്കാൻ പഞ്ചായത്ത് ഫണ്ടിൽനിന്ന് പണം എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞാണ് എന്നെ ആക്രമിച്ചത്. എൻ്റെ ‘സ്വന്തം പണം കൊണ്ടാണ് ഞാൻ അവിടെ വെള്ളവും വെളിച്ചവും കൊണ്ടു വന്നത്. എന്നെ ഉപദ്രവിക്കാൻ വന്ന റെഡ്യാർമാരോട് ഞാൻ ചോദിച്ചു. 

“ദളിത് തണ്ണി, റെഡ്യാർ തണ്ണി എന്ന് വേറെ വേറെ തണ്ണി ഉണ്ടോ ?മരിക്കാൻ നേരം റെഡ്യാർ തണ്ണി മതി എന്നു നിങ്ങൾ പറയുമോ ?” എന്തൊരു ഉൾക്കരുത്താണ് എൻറെ മുന്നിൽ ഇരുന്നു വിനയത്തോടെ സംസാരിക്കുന്ന ഈ സ്ത്രീക്ക് എന്ന് ഞാൻ ഓർത്തുപോയി. കാറും ഓട്ടോയും ലോറിയും എന്നുവേണ്ട ഏതുതരം വാഹനവും ഓടിക്കാൻ പഠിച്ചു കഴിഞ്ഞ സുജാതയ്ക്ക് വിമാനം പറത്താൻ കൂടി മോഹം ബാക്കിയുണ്ട് എന്ന് കേട്ട് ഞാൻ വീണ്ടും അത്ഭുതം കൂറി.

 മണ്ണുമാഫിയമായുള്ള യുദ്ധത്തെ കുറിച്ച് സുജാത പറഞ്ഞു.

“ടെൻഡർ വിളിക്കാതെ സ്വാധീനമുപയോഗിച്ച് റെഡ്യാർമാർ ഗ്രാമത്തിൽ നിന്ന് മണ്ണ് കടത്തുന്നത് ഞാൻ തടഞ്ഞു. അന്നുമുതൽ തുടങ്ങിയ യുദ്ധമാണ്. റെഡ്യാർമാർക്ക് എല്ലാ കാര്യങ്ങളും നടത്തിയെടുക്കാൻ ഉന്നതങ്ങളിൽ പിടി പാടുണ്ട്. എനിക്ക് മുകളിൽ കൂടി അവർ കാര്യങ്ങൾ നടത്തും. നാട്ടിലെ മരങ്ങളെല്ലാം വെട്ടിയെടുക്കും. മണ്ണെല്ലാം കുഴിച്ചെടുക്കും. നാട് കട്ടെടുക്കും.” സുജാത സ്കൂട്ടറിൽ ക്വാറിയിലേക്ക് കൊണ്ടുപോയി. പനയോല കൊണ്ട് മേഞ്ഞ മണ്ണുകൊണ്ടുണ്ടാക്കിയ കുടിലുകൾ നിറഞ്ഞ ഗ്രാമം പിന്നിട്ട് ചെല്ലുമ്പോൾ വലിയ ഒരു കുളം.  “ഇതൊരു വലിയ കുന്ന് ആയിരുന്നു. ഇപ്പോൾ നോക്കൂ മണ്ണ് കടത്തി കടത്തി കുളമായി മാറ്റി. ഇതിനെ എതിർക്കുന്നതിനാണ് എന്നെ കൊല്ലാൻ നടക്കുന്നത് “. സുജാത സങ്കടത്തോടെ പറഞ്ഞു.

“ഒരു ദളിത് സ്ത്രീയെ അവർക്കൊരിക്കലും ഉൾക്കൊള്ളാൻ പറ്റില്ല. ഞാൻ ഉണ്ടെങ്കിൽ ഗ്രാമസഭയിലേക്ക് ഇപ്പോഴും ഉയർന്ന ജാതിക്കാർ വരില്ല. ഞാൻ ഇപ്പോൾ അതൊന്നും കരുതാറില്ല,നോക്കാറില്ല. പ്രസിഡന്റ് ആയ ആദ്യ കാലങ്ങളിൽ കസേരയിൽ ഇരിക്കാൻ പോലും കഴിയാത്ത കാലത്തുനിന്ന് ഇന്ന് ഞാൻ എത്രയോ വളർന്നിരിക്കുന്നു.”

പുത്തൂർ പഞ്ചായത്ത ഓഫീസിനു മുന്നിൽ സുജാതയുമൊത്ത് ലേഖിക

ഏറെ വിദ്യാഭ്യാസമില്ലാത്ത, മൂന്നു കുട്ടികളുടെ അമ്മയായ ഈ വിധവയുടെ ധൈര്യത്തിനുമുന്നിൽ ആത്മാർത്ഥതയ്ക്ക് മുന്നിൽ നമിക്കുമ്പോൾ അവർ പറഞ്ഞ ഒരു വാക്യം മനസ്സിൽ തങ്ങിനിന്നു. 

“എൻറെ വീട്ടിൽ എങ്ങനെ ഞാൻ കാര്യങ്ങൾ ചെയ്യുമോ അതുപോലെയാണ് ഞാൻ ഈ നാട് നോക്കുന്നത്”.

സുജാത പഞ്ചായത്ത് അതിർത്തിയിൽ താമസിക്കുന്ന ഇരുളരെ കാണാൻ കൊണ്ട്‌ പോയി. ദൈവത്തെ കാണുന്നത് പോലെ അവർ സുജാതയെ കാണാൻ ഓടി വന്നു. മണ്ണിനോട് മുഖം പൊത്തി നിൽക്കുന്ന തീരെ ചെറിയ കുടിലുകൾ നിറഞ്ഞ തമിഴ്നാടൻ ഗ്രാമം. സ്ത്രീകളുടെ സംഘം നിറമുള്ള ചേലകൾ ചുറ്റി, കാത് തുളച്ചു വലിയ തക്കയും തോടയും ഇട്ട് നിറഞ്ഞ ചിരിയുമായി ചുറ്റും കൂടി. അവർ “തണ്ണി” കൊണ്ടുവന്നു. സുജാത ചിരിച്ചു. ആ തണ്ണിക്ക് തന്റെ ജീവന് വിലയിട്ടിരുന്ന നാളുകൾ അവർ ഓർത്തു കാണും. 

സന്ധ്യയ്ക്ക് തിരുവള്ളൂർ നിന്ന് മടങ്ങുമ്പോൾ അപ്പാടെ മാറിമാറിയുന്ന എന്റെ അനുഭവലോകത്തെകുറിച്ചാണ്‌ ഞാൻ ചിന്തിച്ചത്. ഇന്ത്യൻ ഗ്രാമങ്ങളിലേക്ക് നടത്തുന്ന ഓരോ യാത്രയും എന്നെ പൂർണ്ണമായും മാറ്റിപ്പണിയുകയാവും ചെയ്യുകയെന്ന സത്യം ഏറെ വൈകാതെ ബോധ്യമായി. (2014)

സുജാതാ രമേഷ് ഇപ്പോൾ എന്തു ചെയ്യുന്നു? അവരിപ്പോൾ എവിടെയാണ്? ജീവിതവും മരണവും തമ്മിലുള്ള ഞാണിൻ മേൽക്കളിയിൽ അവരുടെ വിധിയെന്തായി? പത്തു വർഷങ്ങൾക്കിപ്പുറത്ത് ഈ ചോദ്യങ്ങളുമായി ഞാൻ സുജാതയെ തേടിയിറങ്ങി. പഴയ ഫോൺ നമ്പറിൽ അവരുണ്ടായിരുന്നില്ല. ചെന്നൈയിലെ മാധ്യമ പ്രവർത്തകരുടെ സഹായത്തോടെയും മറ്റും മാസങ്ങളോളം അവരെ തിരക്കി നടന്നു. ഒടുവിൽ തിരുവള്ളൂർ കളക്ടർ ഡോ. ആൽബി ജോൺ ആണ് സുജാതയെ കണ്ടെത്താൻ സഹായിച്ചത്. 

വീണ്ടും തിരക്കി ചെല്ലുമ്പോൾ സുജാത അത്ഭുതത്തോടെ ചോദിച്ചു. “എന്നെ ഓർക്കുന്നുണ്ടോ ഇപ്പോഴും?”

“മറന്നിട്ടേയില്ല സുജാതയെ” എന്ന മറുപടി കേട്ട് കണ്ണ് നിറച്ച് സുജാത പറഞ്ഞു.

“ഞാൻ ഇപ്പോൾ എക്സ് പഞ്ചായത്ത് പ്രസിഡന്റ് ആണ് അമ്മാ. ഒടുവിൽ അവരെന്നെ തിരഞ്ഞെടുപ്പിൽ തോല്പിച്ചു. പല കുതന്ത്രങ്ങളും അതിന് വേണ്ടി അവർ പയറ്റി. ഞാനിപ്പോഴും ഇവിടെ ഭർത്താവിൻ്റെ ഗ്രാമത്തിൽ തന്നെ താമസിക്കുന്നു. അമ്പത്തൂരിലെ കീഴേനം ഗ്രാമത്തിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയില്ല. ഭർത്താവിൻ്റെ ആഗ്രഹം നിറവേറ്റാൻ നാട്ടുകാർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച് ജീവിക്കുന്നു. സാമൂഹ്യ സേവനം വഴിയും മനുഷ്യരെ സഹായിക്കാമല്ലോ. മൂന്ന് പ്രാവശ്യം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നതു കൊണ്ട് പഞ്ചായത്ത് കാര്യങ്ങൾ എങ്ങനെ നടത്തണമെന്ന് എനിക്ക് അറിയാം. പാവപ്പെട്ട നാട്ടുകാരെ എല്ലാവരും പറ്റിക്കുകയാണ്. അവർക്ക് കാര്യങ്ങൾ അറിയില്ല. അവർ സഹായം തേടി എൻ്റെ അടുത്തെത്തും. ആളുകൾക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്ത് കഴിയുകയാണിപ്പോൾ. പ്രതിഫലം ഒന്നും വാങ്ങാറില്ല. വേണമെന്ന് ആഗ്രഹവുമില്ല.”

ഇപ്പോഴത്തെ പ്രസിഡന്റ് പഞ്ചായത്ത് കാര്യങ്ങൾ വേണ്ട രീതിയിൽ ചെയ്യുന്നില്ല എന്ന് സുജാത പറഞ്ഞു.

“നാലു വർഷമായി ഇവിടെ പൊതു നിരത്തുകളിൽ വെളിച്ചം ഇല്ലായിരുന്നു. ഞാൻ മുമ്പിൽ നിന്ന് ബൾബുകൾ വാങ്ങി ഇട്ടാണ് വെളിച്ചം കൊണ്ടുവന്നത്.” രോഗികളെ സ്വന്തം കാറിൽ ആശുപത്രിയിലും മറ്റും എത്തിച്ച് ചികിത്സ ലഭ്യമാക്കുക, പോലീസ് സ്റ്റേഷനിലും വക്കീലിൻ്റെ അടുത്തും എന്ന് വേണ്ട എവിടേക്കായാലും ആളുകളോടൊപ്പം ചെല്ലുക തുടങ്ങി ജനങ്ങൾക്ക് എന്താവശ്യം ഉണ്ടെങ്കിലും സുജാത ചെയ്തു കൊടുക്കും. വൃദ്ധജനങ്ങൾക്ക് എന്തിനും ഏതിനും തുണയായി സുജാത നിൽക്കുന്നു. സുജാതയുടെ അടുത്തെത്തിയാൽ പ്രശ്നം തീരും എന്നാണ് വിശ്വാസമുള്ളവർ ധാരാളമുണ്ട്. അവർക്ക് വേണ്ടി സുജാത നിരന്തരം പണിയെടുത്തു കൊണ്ടേയിരിക്കുന്നു.

സാമൂഹിക പ്രവർത്തകയായ സുജാത (2024)

“ആദ്യമൊക്കെ ഞാൻ നാട്ടുകാരെ പേടിച്ചു. മേൽ ജാതിക്കാർ ഒരു പാട് തരത്തിൽ എന്നെ ദ്രോഹിച്ചിരുന്ന കഥയൊക്കെ അമ്മയ്ക്ക് അറിയാമല്ലോ. അമ്മ എന്നെ ആദ്യം കാണുമ്പോൾ ഉണ്ടായിരുന്ന സ്ഥിതി ഇന്ന് മാറി. എനിക്കിപ്പോൾ ആരെയും പേടിയില്ല. എന്നെ ഇപ്പോൾ അവർക്ക് പേടിയാണ് എന്നതാണ് സ്ഥിതി. ഇവൾ പെണ്ണല്ല ആണാണ് എന്നാണ് ഇപ്പോൾ പറച്ചിൽ. ജനങ്ങൾക്ക് വേണ്ടി, ന്യായത്തിന് വേണ്ടി ഞാൻ ഇറങ്ങുമ്പോൾ അവർക്ക് ഭയമാകുന്നു. ആദ്യം മുതലേ റെഡ്യാർമാർക്ക് എന്നോട് ദേഷ്യമായിരുന്നല്ലോ. അവരുടെ സ്ഥലത്ത് ഒരു ദളിത പഞ്ചായത്ത് പ്രസിഡന്റ് ആകുന്നത് അവർക്ക് താങ്ങാൻ പറ്റുന്നതായിരുന്നില്ല. ഞാൻ പഞ്ചായത്തിൽ ദളിതർക്ക് വേണ്ടി ചെയ്ത കാര്യങ്ങളും അവർക്കിഷ്ടമായില്ല. പ്രസിഡന്റായിരുന്നപ്പോൾ തായ് സ്കീം പ്രയോജനപ്പെടുത്തി വെള്ളവും വെളിച്ചവും കൊണ്ട് വന്നു ഗ്രാമത്തെ വികസിപ്പിച്ചതും നാല്പത് ഇരുളർ കുടുംബങ്ങളെ ഉൾപ്പെടുത്തി ‘രമേശ് നഗർ’ എന്ന് പേരിട്ട് വികസന പ്രവർത്തനങ്ങൾ നടത്തിയതും അവരെ പ്രകോപിപ്പിച്ചു. പുറമ്പോക്കാണ് എന്ന് പറഞ്ഞ് ഇപ്പോൾ ആ പാവങ്ങളെ ഒഴിപ്പിക്കാൻ ശ്രമിക്കുകയാണ്. പാവപ്പെട്ടവർക്ക് വേണ്ടി കാര്യങ്ങൾ ചെയ്യുന്നത് മേൽ ജാതിക്കാർക്ക് ഇഷ്ടമല്ല. 

മക്കളുമൊത്ത് (2024)

ഇപ്പോൾ എന്നെ തോല്പിക്കാൻ അവർ എനിക്കെതിരെ നിരന്തരം കേസുകൾ കൊടുത്തു കൊണ്ടേയിരിക്കുകയാണ്. കുറേ കാലമായി ദിവസവും കേസിന് പോക്ക് തന്നെ ജോലി. കേസുകൾ കൊണ്ട് എന്നെ തളർത്തുക എന്നതാണ് അവരുടെ പ്ലാൻ. വീട്ടിലിരിക്കാൻ സമയം കിട്ടാതെ കേസുകൾക്ക് പിന്നാലെ പോലീസ് സ്റ്റേഷനിലും ആർ.ടി.ഒ ഓഫീസിലും ഒക്കെ കയറിയിറങ്ങി മടുത്ത് ഞാൻ രാജി വച്ചു പോകും എന്നായിരുന്നു അവർ കണക്കുകൂട്ടിയത്. സഹികെട്ട് ഞാൻ പത്രക്കാരുടെ സഹായം തേടി. പലതിലും വാർത്ത വന്നു. എന്നെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന കഥ പത്രങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ഗവണ്മെൻ്റ് ഇടപെട്ടു.

കേസുകളുടെ ഭാഗമായ അന്വേഷണങ്ങളിൽ റെഡ്യാർമാർ ഉദ്യോഗസ്ഥന്മാരോട് സമ്മതിച്ചു.

“ഒരു ദളിത പ്രസിഡന്റ് ആവുന്നത് ഞങ്ങൾക്ക് ഉൾക്കൊള്ളാൻ പറ്റില്ല.” മൂന്ന് മക്കളാണ് സുജാതയ്ക്ക്. രണ്ട് ആൺ കുട്ടികളും ഒരു പെൺകുട്ടിയും. ഭർത്താവ് മരിക്കുമ്പോൾ മൂത്ത കുട്ടിക്ക് അഞ്ച് വയസ്സും രണ്ടാമത്തെ കുട്ടിക്ക് മൂന്ന് വയസ്സും ഏറ്റവും ചെറിയ കുട്ടിക്ക് ഏതാനും മാസങ്ങളും ആയിരുന്നു പ്രായം. മൂത്ത മകൻ ഇപ്പോൾ സിവിൽ എഞ്ചിനീയറിംഗ് പാസ്സായി. രണ്ടാമത്തെ മകൻ എം.ബി.എ ചെയ്യാൻ തയ്യാറെടുക്കുന്നു. മകൾ ഫിസിയോതെറാപ്പി ഫൈനൽ പഠിക്കുന്നു. മക്കൾ ചോദിക്കാറുണ്ട് അമ്മയ്ക്ക് വീട്ടുകാര്യം നോക്കി സ്വസ്ഥമായി വീട്ടിലിരുന്നാൽ പോരേ? എന്തിന് ഈ ജനങ്ങളുടെ കാര്യം നോക്കി നടക്കുന്നു? നൂറായിരം പ്രശ്നങ്ങൾക്ക് തലവച്ചു കൊടുക്കുന്നു?

എനിക്കൊരു മറുപടി യേയുള്ളൂ. എൻ്റെ ഭർത്താവിന് കൊടുത്ത വാക്ക് എനിക്ക് മറക്കാനാവില്ല. അതുകൊണ്ട് ബാക്കി ജീവിതം മുഴുവൻ നാട്ടുകാർക്ക് വേണ്ടി ചിലവഴിക്കും. മക്കളുടെ താല്പര്യ കുറവ് എനിക്ക് പ്രശ്നമല്ല. 

“ഞാൻ വിട്ടു കൊടുക്കാതെ പോരാടുകയാണ് അമ്മാ. അന്തിമജയം ജനങ്ങൾക്കായിരിക്കും.സത്യത്തിനായിരിക്കും. എനിക്കുറപ്പാണ്.”

തോൽക്കാൻ തയ്യാറല്ല എന്ന് ഉറപ്പിച്ച് നഷ്ടമാകാത്ത വീറോടെ സുജാത അടുത്ത അങ്കത്തിന് ഒരുങ്ങുകയാണ്. അവിടെ ജയപരാജയങ്ങൾ കാത്തുനിൽക്കുന്നുണ്ടാകാം. അപ്പോഴും സുജാത ഭയക്കുന്നില്ല. ജീവിതത്തെ നേരിടേണ്ടത് സിംഹത്തെ പോലെ ആയിരിക്കണം എന്നവർ പണ്ടേ പഠിച്ചതാണല്ലോ. (2024)

 

(ഉടനെ പ്രസിദ്ധീകരിക്കുന്ന “നൂറു നൂറു കസേരകൾ” എന്ന യാത്രാ പുസ്തകത്തിൽ നിന്ന്)

About Author

കെ. എ. ബീന

എഴുത്തുകാരിയും മാധ്യമപ്രവർത്തകയും കോളമിസ്റ്റും. ആദ്യ പുസ്തകം 'ബീന കണ്ട റഷ്യ'. ബാലസാഹിത്യ നോവലുകളായ 'അമ്മക്കുട്ടിയുടെ ലോകം' അമ്മക്കുട്ടിയുടെ സ്‌കൂൾ തുടങ്ങി 32 ഓളം കൃതികൾ രചിച്ചിട്ടുണ്ട്. കേരളകൗമുദി, മാതൃഭൂമി പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. തിരുവനന്തപുരം ദൂരദർശൻ, ആകാശവാണി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്റർ ആയിരുന്നു. ലാഡ്‌ലി മീഡിയ പ്രാദേശിക - ദേശീയ അവാർഡുകൾ അടക്കം നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചു.