വിമോചന ദൈവശാസ്ത്രത്തിൻ്റെ പിതാവ് എന്ന നിലയിൽ ലോകമെങ്ങുമുള്ള മനുഷ്യസ്‌നേഹികളുടെ ആദരവ് പിടിച്ചുപറ്റിയ കത്തോലിക്കാ ദൈവശാസ്ത്രജ്ഞനാണ് 2024 ഒക്ടോബർ 22ന് അന്തരിച്ച ഫാദർ ഗുസ്താവോ ഗോട്ടിയറസ് (1928-2024).
പെറുവിൽ ജനിച്ച ഗോട്ടിയറസ് പുരോഹിതനാകാൻ ചേർന്നു. ഉപരിപഠനത്തിനായി ബെൽജിയത്തിലെ ലുവെയ്ൻ സർവ്വകലാശാലയിൽ എത്തിയ ഗോട്ടിയറസ് മാർക്സിസം ഉൾപ്പെടെയുള്ള വിവിധ സാമൂഹ്യശാസ്ത്ര, തത്വശാസ്ത്ര വിഷയങ്ങളിൽ അവഗാഹം നേടി. ഫ്രാൻസിലെ നോട്ടർ ഡാം യൂണിവേഴ്സിറ്റിയിലെ ദൈവശാസ്ത്ര പ്രൊഫസർ ആയിരിക്കെയാണ് പിൽക്കാലത്ത് വിമോചന ദൈവശാസ്ത്രം എന്ന് വിശേഷിപ്പിക്കപ്പെട്ട പാവങ്ങളുടെ പക്ഷം ചേരൽ എന്ന ചിന്താപദ്ധതി അദ്ദേഹം ആവിഷ്ക്കരിച്ചത്. 1968ൽ ലത്തീൻ അമേരിക്കൻ ബിഷപ്പുമാരുടെ സമ്മേളനത്തിൻ്റെ ഉപദേശകനായി നിയമിതനായത് വഴിത്തിരിവായി. വികസനത്തിൻ്റെ ദൈവശാസ്ത്രം എന്ന പേരിലുള്ള പുസ്തകം എഴുതാൻ നിമിത്തമായത് ആ സമ്മേളനത്തിലെ അനുഭവങ്ങളാണ്. 1971ൽ വിമോചനത്തിൻ്റെ ദൈവശാസ്ത്രം എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു.
അനീതിക്കെതിരെ സാമൂഹ്യമായും വ്യക്തിപരമായും വിശ്വാസപരമായും പ്രതികരിച്ച് പാപങ്ങളിൽ നിന്ന് മോചനം നേടണം എന്നതായിരുന്നു അടിസ്ഥാനപരമായി വിമോചന ദൈവശാസ്ത്രം പഠിപ്പിച്ചത്. ദൈവത്തെ സ്നേഹിക്കുക ഏന്നാൽ അയൽക്കാരനെ സ്നേഹിക്കുക എന്നതാണ് എന്ന ക്രിസ്തുവിൻ്റെ പ്രബോധനം അദ്ദേഹം സഭയെ ഓർമ്മിപ്പിച്ചു. എങ്കിൽ മാത്രമേ ദൈവം നമ്മുടെ കൂടെ ഉണ്ടാവൂ.
1960 കളിലും 70കളിലും ലത്തീൻ അമേരിക്കൻ രാജ്യങ്ങളെ പുതിയ ദൈവശാസ്ത്രം പിടിച്ചുകുലുക്കി. 1979ൽ നിക്കോരാ ഗ്വയിലെ സാൻഡിനിസ്റ്റ വിപ്ലവത്തിൽ വിമോചന ദൈവശാസ്ത്രത്തിൽ നിന്ന് ആവേശം കൊണ്ട നിരവധി പുരോഹിതർ സജീവ പങ്കാളികളായി. മെക്സിക്കോ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലും അതിൻ്റെ അലയൊലികൾ ഉണ്ടായി.
ഇടതുപക്ഷക്കാരൻ എന്ന് മുദ്രകുത്തപ്പെട്ട ഗോട്ടിയറിസിൻ്റെ ചിന്താധാര കത്തോലിക്കാസഭയിലെ യാഥാസ്ഥിതികരുടെ എതിർപ്പ് വിളിച്ചുവരുത്തി. യഥാർത്ഥത്തിൽ ക്രിസ്തുവിൻ്റെ പ്രബോധനങ്ങളും ബൈബിളും ആസ്പദമാക്കി അടിയുറച്ച വിശ്വാസികളായ ലത്തീൻ അമേരിക്കയിലെ പാവപ്പെട്ട ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുക എന്നതായിരുന്നു ഗോട്ടിയറസിൻ്റെ ലക്ഷ്യം. 1983ൽ, പിന്നീട് ബെനഡിക്ട് മാർപാപ്പയായ കർദിനാൾ റാട്ട് സിംഗർ ഗോട്ടിയറസിന് എതിരെ അന്വേഷണം ആവശ്യപ്പെട്ട് വത്തിക്കാൻ്റെ നിർദേശപ്രകാരം പെറുവിലെ മെത്രാന്മാർക്ക് എഴുതി.
ചരിത്രപഠനത്തിന് മാർക്സിസ്റ്റ് ചിന്താധാര ഉപയോഗിക്കുന്നു, ബൈബിളിനെ തനിക്ക് വേണ്ട രീതിയിൽ വ്യാഖ്യാനിക്കുന്നു എന്നോക്കെയായിരുന്നു പ്രധാന ആക്ഷേപങ്ങൾ.
മെത്രാന്മാർ രണ്ടു ചേരിയിലായതോടെ രക്ഷക്കെത്തിയത്, സഭയിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച രണ്ടാം വത്തിക്കാൻ സൂനഹദോസിൻ്റെ ചുക്കാൻ പിടിച്ച ജർമൻ ദൈവശസ്ത്രഞൻ ഫാദർ കാൾ റാഹ് നറാണ്.
സഭയിൽ ഉരുത്തിരിയുന്ന വ്യത്യസ്ത അഭിപ്രായങ്ങൾ അധികാരം ഉപയോഗിച്ച് അടിച്ചമർത്തുന്നത് ശരിയല്ല എന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്തുവിൻ്റെ പ്രബോധനങ്ങൾക്ക് അനുസൃതമാണ് വിമോചന ദൈവശാസ്ത്രം എന്നായിരുന്നു റാഹ് നറുടെ പക്ഷം. പെറുവിലെ മെത്രാന്മാരെ റോമിലേക്ക് വിളിപ്പിച്ചെങ്കിലും ഗോട്ടിയറസിനെതിരെ നടപടിയൊന്നും ഉണ്ടായില്ല. സ്വന്തം സഭയിൽനിന്ന് ഉണ്ടായ എതിർപ്പുകൾ 1999ൽ ലിമാ അതിരൂപത ഉപേക്ഷിച്ച് ഡൊമിനിക്കൻ സന്യാസസഭയിൽ ചേരാൻ ഗോട്ടിയറസിന് പ്രേരകമായി.
പെറുവിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി പ്രൊഫസർ ആയിരുന്ന അദ്ദേഹം ഫ്രാൻസിലെ നോട്ടർ ഡാം യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഓഫ് തിയോളജിയായി നിയമനം നേടി. ലത്തീൻ അമേരിക്കയിലെയും യൂറോപ്പിലെയും വിവിധ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായും സേവനം ചെയ്തു. ലിമായിലെ ബർത്തോലോം ദ് ലാസ് കാസാസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് ഫാദർ ഗോട്ടിയരസാണ്. 1993ൽ ഫ്രാൻസ്, ലീജിയൻ ഓഫ് ഹോണർ ബഹുമതി നൽകി അദ്ദേഹത്തിൻ്റെ ലത്തീൻ അമേരിക്കയിലെ മനുഷ്യാവകാശ പ്രവർത്തനങ്ങളെ ആദരിച്ചു.
പാവങ്ങളുടെ പ്രവാചകൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഗോട്ടിയരസ് ദാരിദ്ര്യം അവസാനിപ്പിക്കുക എന്നത് സഭയുടെ രാഷ്ട്രീയമായ കടമയാണ് എന്ന് വിശസിച്ച ദൈവശാസ്ത്രജ്ഞനാണ്. അതിനായി സഭയുടെ പ്രവർത്തനരീതികളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തുകയും പുതിയ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുകയും വേണം എന്ന് അദ്ദേഹം നിർദേശിച്ചു.
സഭ പാവങ്ങളുടെ പക്ഷം ചേരണം എന്ന് അദ്ദേഹം നിരന്തരം പറഞ്ഞു. അതിനർത്ഥം ദാരിദ്ര്യത്തെ ആഘോഷിക്കുകയല്ല, മറിച്ച് അത് വലിയ പാപമായി കണ്ട് അതിനെതിരെ പ്രതിഷേധിക്കുകയും പോരാടുകയും ചെയ്യുക എന്നതാണ്.
അർജൻ്റീനക്കാരനായ ജോർജ് മരിയ ബർഗോളിയോ ജെസ്യൂട്ട് പുരോഹിതനായിരിക്കെ വ്യക്തിപരമായി വിമോചന ദൈവശാസ്ത്രത്തിൻ്റെ അനുകൂലി അല്ലായിരുന്നു. പക്ഷെ ഫ്രാൻസിസ് മാർപ്പാപ്പ എന്ന പേരിൽ സഭയുടെ തലവനായപ്പോൾ 2015ൽ വത്തിക്കാനിലെ ഒരു പ്രധാന സമ്മേളനത്തിൽ പ്രസംഗകനാക്കിക്കൊണ്ട് ഗോട്ടിയരസിനെ ആദരിക്കുകയാണ് ചെയ്തത്. 2018ൽ അയച്ച ജന്മദിന ആശംസകളിൽ പാവങ്ങൾക്ക് വേണ്ടി ഗോട്ടിയരസ് ചെയ്ത ദൈവശാത്രപരമായ സേവനങ്ങൾക്ക് ദൈവത്തോട് നന്ദി പറയുകയും ചെയ്തു.
തൻ്റെ പ്രബോധനങ്ങൾക്കനുസരിച്ച് ലിമായിലെ പാവങ്ങൾക്കിടയിൽ പ്രവർത്തിക്കാനാണ് ഈ മഹാൻ തൻ്റെ അവസാനകാലം ചെലവഴിച്ചത്.
തീരെ പൊക്കം കുറഞ്ഞ ആളായിരുന്നു എങ്കിലും കത്തോലിക്കാ സഭയിലെ ഏറ്റവും ഉയരം കൂടിയ തത്വ ചിന്തകനാണ് ഗോട്ടിയരസ്. യോജിച്ചാലും ഇല്ലെങ്കിലും ഫാദർ ഗുസ്താവോ ഗോട്ടിയരസിൻ്റെ ചിന്തകളെ അവഗണിക്കാൻ ആർക്കും കഴിയില്ല.
അടിക്കുറിപ്പ്: 1970കളിൽ കോഴിക്കോട്ട് എൻജിനീയറിംഗ് കോളേജ് വിദ്യാർഥിയായിരിക്കെ വിമോചന ദൈവശാസ്ത്രത്തിൻ്റെ ബാലപാഠങ്ങൾ പറഞ്ഞുതന്ന ജെസൂട്ട് വൈദീകരായ സെബാസ്റ്റ്യൻ കാപ്പൻ, ഡൊമിനിക്ക് ജോർജ് എന്നിവർക്ക് നന്ദി.