A Unique Multilingual Media Platform

The AIDEM

Articles Kerala Literature Society

ആത്മവിചാരണയുടെ ദിശാസൂചിയും സൂചികയും

  • January 20, 2025
  • 1 min read
ആത്മവിചാരണയുടെ ദിശാസൂചിയും സൂചികയും

2025 ജനുവരി 16ന് കുമാരനാശാന്‍ അന്തരിച്ചിട്ട് നൂറ്റിയൊന്നു വര്‍ഷമായിരിക്കുന്നു. അഥവാ ഒരു വര്‍ഷമായി നടന്നുവന്ന ആശാന്‍ ചരമ ശതാബ്ദിയാചരണ പരിപാടികളുടെ സമാപ്തി കൂടിയായിരിക്കുന്നു. കുമാരനാശാന്‍ ചരമശതാബ്ദി ആചരണ സമിതി പാലക്കാട് നടത്തിയ ആശാന്‍ അനുസ്മരണ പരിപാടിയിലും, അതുപോലെ, ജനുവരി പത്തു മുതല്‍ പതിനാറ് വരെ, ആശാന്റെ ജന്മസ്ഥലമായ കായിക്കര മുതല്‍ അദ്ദേഹം ബോട്ടപകടത്തില്‍ അന്തരിച്ച പല്ലനയിലെ കുമാരകോടി വരെ നടത്തിയ ‘നവോത്ഥാന സന്ദേശ യാത്ര’യിലും പങ്കെടുക്കുകയുണ്ടായി. തിരുവനന്തപുരത്ത്, തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തിലും പെരിങ്ങുഴിയിലുമാണ് നവോത്ഥാന സന്ദേശ യാത്രയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത്. ശതാബ്ദിയാചരണം സമാപിക്കുമ്പോഴും, ഒരിക്കലും ആശാന്‍ സമാപിക്കുകയില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ ആശയലോകങ്ങള്‍, നിരന്തരം പുതിയ തുടക്കങ്ങള്‍ സ‍ൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്ന ചിന്തയാണ് പൊതുവില്‍ ആശാന്‍ ചരമശതാബ്ദിയോടനുബന്ധിച്ചുളള ചിന്താപരിസരങ്ങളിലെല്ലാം-ഒരു പക്ഷേ ആശാന്റെ പ്രാധാന്യവും പ്രാമുഖ്യവും തിരിച്ചറിയുന്ന മറ്റാരെയും പോലെത്തന്നെ- സ്വഭാവികമായി എനിക്കുമുണ്ടായത് എന്ന് പറയട്ടെ. നവീനതയും ദാർശനികതയും കാല്പനികതയും സവിശേഷമായി സമന്വയിക്കുന്ന ആശാൻ്റെ രചനാലോകത്തെക്കറിച്ച് സൂചിപ്പിച്ചുകൊണ്ട്, ആശാൻ്റെ സാഹിത്യ വ്യക്തിത്വം മാത്രമല്ല രാഷ്ട്രീയ വ്യക്തിത്വവും ചരിത്ര വ്യക്തിത്വവും സാമൂഹിക വ്യക്തിത്വവും കൂടി പുന:സന്ദർശിക്കാൻ പ്രേരിപ്പിക്കുക എന്ന ദൗത്യം നവോത്ഥാന സന്ദേശ യാത്രയ്ക്കുണ്ട് എന്ന കാര്യമാണ് യാത്രയില്‍ പങ്കെടുക്കുമ്പോള്‍ പ്രധാനമായും പറഞ്ഞത്. ഒപ്പം അദ്വൈതിയായ ആശാനെ മറ്റൊരു രീതിയിൽ ന്യൂനീകരിക്കാൻ ഉള്ള ശ്രമങ്ങൾ ഉണ്ടാകുമ്പോൾ അത് പ്രതിരോധിക്കേണ്ടത് ഏറെ പ്രധാനമായിത്തീരുന്നുവെന്നും പറയുകയുണ്ടായി. മലയാള മണ്ണിൻ്റെ ഗർഭപാത്രത്തിൽ പിറന്ന ശങ്കരാചാര്യരും തുഞ്ചനും കുഞ്ചനും എല്ലാം ജാതിയുടെ ആഘാതത്തിൽ ചാപിള്ളകളാകുന്നുവെന്ന വ്യഥ ഖേദപൂർവം പങ്കിട്ട ആശാൻ ഒരര്‍ഥത്തില്‍ നമ്മുടെ ആത്മവിചാരണയുടെ നിത്യമാനദണ്ഡമാകുന്ന ഒരു പശ്ചാത്തലം കൂടിയാണ് ഓര്‍മിക്കാന്‍ ശ്രമിച്ചത്.

 

ആശാന്റെ ചരിത്ര രാഷ്ട്രീയ സാമൂഹിക മാനങ്ങൾ

ഭാഷയിലെ എഴുത്തച്ഛന്റെ വിപ്ലവത്തിനുശേഷം, ആശാൻ നടത്തിയ സർഗാത്മകമായ കുതിപ്പ് ഏറെ വിലപ്പെട്ടതാണെന്ന പ്രാഥമിക സാഹിത്യ സത്യത്തിൽ നിന്നാണ് നമ്മൾ ആശാന്റെ സങ്കീർണ്ണ വ്യക്തിത്വത്തിലേക്കും ആശയലോകത്തിലേക്കും പ്രവേശിക്കുക എന്നത് പ്രത്യേകം ഓർക്കാം. ഭാവുകത്വപരമായ പുനർനിർമ്മാണം, ജാതിക്കോട്ടകളിൽ സൃഷ്ടിച്ച പ്രകമ്പനം, സ്ത്രീയ്ക്ക് ലഭിക്കുന്ന സ്വത്വപരമായ പുതുജീവിതം എന്നിങ്ങനെ മൂന്നോ അധിലധികമോ കർതൃത്വങ്ങൾ ഒരുമിച്ച് തന്റെ രചനാലോകത്തിലൂടെ സാധ്യമാക്കിയ ആശാൻ, ‘സ്നേഹമാണഖിലസാരമൂഴിയിൽ /സ്നേഹസാരമിഹ സത്യമേകമാം / മോഹനം ഭുവനസംഗമിങ്ങതിൽ / സ്നേഹമൂലമമലേ! വെടിഞ്ഞു ഞാൻ’ എന്നെഴുതിയ ആശാൻ, സ്നേഹരഹിതമായ ലോകം തരിശുഭൂമിക്കു സമമാണെന്ന്-സ്നേഹരാഹിത്യം മരണം തന്നെയാണെന്ന് – തന്റെ കൃതികളിലൂടെ വെളിപ്പെടുത്തുന്നതിനാലാണ് അദ്ദേഹം സ്നേഹഗായകൻ കൂടിയായി മാറുന്നത്. അഥവാ ഒരേസമയം സ്നേഹഗായകനും ആശയഗംഭീരനും നവോത്ഥാന നായകനും ആയി ഒരു എഴുത്തുകാരൻ നിലകൊളളുന്നു അഥവാ അടയാളപ്പെടുത്തപ്പെടുന്നു എന്ന വസ്തുതയിൽത്തന്നെ, അദ്ദേഹത്തിന്റെ സാമൂഹിക രാഷട്രീയ ചരിത്ര മാനങ്ങൾ അന്തർലീനമാണെന്ന് കാണാം. വാസ്തവത്തിൽ നവോത്ഥാനത്തിന്റെ ആന്തരിക ശ്രുതിയായി അദ്ദേഹം, സ്വാതന്ത്ര്യത്തെത്തന്നെയാണ് കണ്ടിരുന്നത് എന്നതും സ്വാതന്ത്ര്യവും സ്നേഹവും കോ-എക്സിസ്റ്റ് ചെയ്യുന്നതാണ് -സഹവർത്തിത്വത്തോടെ പുലരുന്നതാണ് ആശാന്റെ സർഗലോകത്ത് നാം കാണുന്നത് എന്നതും, ഇക്കാര്യം അപഗ്രഥിക്കുമ്പോൾ പ്രത്യേകം മനസ്സിലാക്കേണ്ടി വരുന്നു.

ജനുവരി 16ന് എറണാകുളത്ത് നടന്ന കുമാരനാശാൻ ചരമശതാബ്ദി ആചരണ ചടങ്ങിൽ എം.കെ സാനു മാസ്റ്റർ സംസാരിക്കുന്നു

സ്നേഹഗായകൻ സ്വാതന്ത്ര്യഗായകൻ കൂടിയായി നിലകൊള്ളുന്ന സവിശേഷ മുഹൂർത്തമാണത്. സ്വാതന്ത്ര്യം തന്നെയമൃതം / സ്വാതന്ത്ര്യം തന്നെ ജീവിതം/ പാരതന്ത്ര്യം മാനികൾക്കു/ മൃതിയെക്കാൾ ഭയാനകം എന്നെഴുതുമ്പോൾ, വ്യക്തികളുടെ ആന്തരികവും ബാഹ്യവുമായ സ്വാതന്ത്ര്യം-സ്ത്രീയുടേയും പുരുഷന്റെയും സ്വാതന്ത്ര്യം പരിപൂർത്തിയാകുമ്പോൾ മാത്രമാണ് നവോത്ഥാനം സംഭവിക്കുന്നതെന്ന ബോധം കൂടി ആശാനിൽ പ്രബലമായിരുന്നുവെന്ന് കരുതാം. കാരണം ഒരർഥത്തിൽ, അത്തരമൊരു വെളിച്ചപ്പെടൽ സ്വാഭാവികമായി വ്യക്തികളെ രാഷ്ട്രസ്വാതന്ത്യം എന്ന ചിന്തയിലേക്ക് നയിക്കുമെന്ന് കുമാരനാശാന് നിശ്ചയമായിരുന്നു. അതിനാൽ പ്രത്യക്ഷമായി സ്വാതന്ത്ര്യസമര രചനകൾ ആശാന്റേതായി ഇല്ലെന്ന വിമർശനത്തിന് വലിയ സാംഗത്യമില്ലെന്ന മറ്റൊരു പ്രധാന വസ്തുതയെക്കൂടിയാണ് നമ്മൾ ഇത്തരം ഒരു സൂക്ഷ്മാപഗ്രഥനത്തിലൂടെ സ്പർശിക്കുന്നത്..! പ്രൊഫ. സി.ആർ ഓമനക്കുട്ടൻ ‘കുമാരു’ എന്ന തന്റെ ലഘുനോവലിന്റെ ആമുഖത്തിൽ (ആശാന്റെ കൽക്കത്താ ജീവിതത്തിന്റെ ഭാവനാത്മകമായ ആഖ്യാനമാണ് കുമാരു എന്നു കൂടി പറയട്ടെ) വിശേഷിപ്പിക്കുന്നത് പോലെ സെക്രട്ടറി, പ്രസാധകൻ, എ‍ഡിറ്റർ, നിയമസഭാംഗം, വ്യവസായി, കവി എന്നിങ്ങനെ ഷണ്മുഖനായി നിലകൊണ്ട കുമാരനാശാൻ, നാരായണഗുരു – ഡോ. പൽപു സമാഗമം, സംസ്കൃത വിദ്യഭ്യാസം, ബുദ്ധദർശനം, അദ്വൈതവേദാന്ത അവബോധം എന്നിങ്ങനെ നിരവധി ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ട സവിശേഷ വ്യക്തിത്വമയിരുന്നു എന്ന അപൂർവ്വകാര്യം കൂടി പരിഗണിക്കാതെ, ആശാനെ അന്വേഷിക്കുക ഇപ്പോഴും, എപ്പോഴും എളുപ്പമാകുന്നില്ല എന്നതല്ലേ പരമാർഥം?!

സാമൂഹിക പ്രവർത്തനത്തിൽ വ്യാപൃതനായിത്തന്നെയാണ് (1903ൽ എസ്എൻഡിപി സ്ഥാപക സെക്രട്ടറിയായ ആശാന്റെ, വീണപൂവ് പ്രസിദ്ധീകൃതമാകുന്നത് 1907ൽ ആണ്) തന്റെ പ്രധാന സാഹിത്യാവിഷ്കാരങ്ങൾ പൂർത്തിയാക്കിയത് എന്ന പ്രത്യേകതയും എടുത്തു പറയേണ്ടതുണ്ട്. ഭാഷയുടെ ആകാശങ്ങൾ സ്പർശിക്കുമ്പോൾ തന്നെ ‘ഭാഷയിതപൂർണ്ണമിങ്ങഹോ’ എന്ന ആശങ്ക മഹാകവിയിൽ സജീവമായിരുന്നത് അദ്ദേഹത്തിന്റെ സാമൂഹിക രാഷ്ട്രീയ ബോധത്തെക്കൂടി വെളിപ്പെടുത്തുന്നുണ്ട്. ഒരർഥത്തിൽ, ബോധപൂർവ്വമായ ചില തെറ്റിവായനകളിലൂടെ ആശാനെ ഹൈജാക്ക് ചെയ്യാനുളള – അദ്ദേഹത്തെ ഒരു ഹിന്ദു തീവ്രവാദിതന്നെ ആക്കാനുളള ശ്രമങ്ങൾ നടന്നുവരുന്ന ഘട്ടം കൂടിയാണിതെന്ന രാഷ്ട്രീയ സാഹചര്യം ഏറെ ജാഗ്രതയോടെ കാണേണ്ടതുണ്ട് എന്ന് തോന്നുന്നു. ദുരവസ്ഥയിൽ ഇസ്ലാം മതത്തിലെ ആക്രമകാരികളെ വിമർശിച്ചത്, ആദ്ദേഹം മാപ്പിള ലഹളയുടെ തിക്തഫലങ്ങൾ നേരിട്ടു കണ്ട പശ്ചാത്തലത്തിലാണ് എന്ന വസ്തുത ബോധപൂർവ്വം വിസ്മരിക്കുന്നത് ഒരു അപകടം തന്നെയാണ്. ക്രൂരമഹമ്മദർ ചിന്തുന്ന ഹൈന്ദവ-/ച്ചോരയാൽ ചോന്നെഴും ഏറനാട്ടിൽ എന്നും ഭള്ളാർന്ന ദുഷ്ടമഹമ്മദന്മാർ കേറി-/ക്കൊള്ളയിട്ടാർത്തഹോ തീകൊളുത്തി എന്നും കഷ്ടം! 

കാണായിതസംഖ്യംപേരെല്ലാരും/ദുഷ്ടമഹമ്മദരാക്ഷസന്മാർ എന്നുമെല്ലാം അദ്ദേഹം എഴുതുന്നതിലെ വേദനയും ദു:ഖത്തിന്റെ ആഴവുമാണ് വാസ്തവത്തിൽ നമ്മൾ കാണേണ്ടത്. മറിച്ച് അത് ഒരു മതവൈരിയുടെ വർഗീയഭാഷണമായി വായിക്കുന്നതിൽ ഭീമാബദ്ധം പതിയിരിക്കുന്നുണ്ടെന്ന് ചുരുക്കം. കാരണം പിന്നീട് ‘മതപരിവർത്തനരസവാദ’ത്തിലെ ചിന്തകളിൽ നിന്ന്, കവിതയിലെ തന്റെ വാക്കുകൾ ഇസ്ലാം മതത്തിനെതിരല്ലെന്നും മറിച്ച്, കലാപത്തിൽ വർഗീയവെറിയോടെ പ്രവർത്തിച്ച പ്രസ്തുത മതസ്ഥരെ മാത്രം ലക്ഷ്യംവെച്ചാണെന്നും എളുപ്പം തിരിച്ചറിയാൻ കഴിയും. കാരണം ഇപ്പോൾ, ‘ഹിന്ദുത്വം ഉറപ്പിച്ച കുമാരനാശാൻ’ എന്ന പേരിൽത്തന്നെ ഒരു പുസ്തകം പ്രസിദ്ധീകൃതമായിട്ട് (രാമചന്ദ്രൻ – ഇൻഡസ് സ്ക്രോൾസ് ബുക്സ്) ഏറെ ആയിട്ടില്ല എന്ന കാര്യം കൂടി ഓർക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യം പ്രത്യേകം പറയുന്നത്. കലാപകാരികളിൽനിന്ന് രക്ഷപ്പെട്ട നമ്പൂതിരിയുവതിയായ സാവിത്രി ചാത്തൻ എന്ന പുലയയുവാവിന്റെ കുടിലിൽ എത്തിപ്പെടുന്നതും അവർക്കിടയിൽ പുതിയൊരു ബന്ധം നാമ്പിടുന്നതുമായ ‘ദുരവസ്ഥ’യുടെ കേന്ദ്രപ്രമേയം, ആദ്യത്തിൽ സൂചിപ്പിച്ചതുപോലെ, ഒരേ സമയം ജാതിവ്യവസ്ഥയ്ക്കെതിരെ ഉച്ചത്തിൽ ശബ്ദിക്കുകയും മിശ്രവിവാഹത്തെ ധീരമായി പ്രോത്സാഹിപ്പിക്കുകയും മലബാർ കലാപത്തിന്റെ വർഗീയ സ്വഭാവവും കാഠിന്യവും സത്യസന്ധമായി അനാവരണം ചെയ്യുകയുമായിരുന്നു എന്നതാണ് ഏറെ പ്രധാനമായിത്തീരുന്നത്. ശ്രീ നാരായണ ഗുരുവിൻ്റെ ഉപദേശ പ്രകാരം മലബാർ സന്ദർശിച്ച കുമാരനാശാൻ അവിടെക്കണ്ട ദാരുണാവസ്ഥയുടെ ചിത്രീകരണം കൂടിയായി രചിച്ച കൃതിയാണ് ദുരവസ്ഥ എന്ന വസ്തുത പിന്നീട് ആശാന്റെ ഹിന്ദുത്വ രാഷ്ട്രീയമോ തീവ്രമതബോധമോ ആയി വ്യാഖ്യാനിക്കപ്പെടുന്നതെങ്കിൽ, അത് ചരിത്രപരമായ വലിയ ഒരു തെറ്റിവായനയായി മാറുമെന്ന് പറയേണ്ടി വരും. വേദാന്തം നന്നായറിഞ്ഞ ആശാൻ, ചെറിയ ചിന്തകളിലേക്ക് പതിക്കുകയല്ല, മറിച്ച് ഉന്നത ചിന്തകളോടെയും ദർശനങ്ങളോടെയും എല്ലാറ്റിന്റെയും ഗുണപരമായ നവീകരണത്തിനും പരിഷ്കരണത്തിനും വേണ്ടി പരിശ്രമിക്കുകയാണ് ജീവിതത്തിലുടനീളം ചെയ്തത് എന്ന കാര്യം കൂടി ഓർക്കാൻ എപ്പോഴും നമ്മൾ ബാധ്യസ്ഥരാണെന്നർഥം. 

നാരായണഗുരുവിന്റെ സമ്പർക്കത്തിലൂടെയും വിനിമയത്തിലൂടെയും, അദ്വൈതത്തിന്റെ ദാർശനിക ലോകത്ത് പുലർന്ന ആശാൻ തന്റെ ആശയാനുഭവങ്ങളെ അതിനനുസൃതമായി ദൃഢീകരിക്കുക കൂടി ചെയ്തിട്ടുണ്ട്.‍ ‘വീണപൂവ്’ എഴുതുന്നതുവരെ അദ്ദേഹം സ്‌തോത്ര കൃതികളും ശൃംഗാര കൃതികളും രചിച്ചിരുന്നു എന്ന കാര്യം അനുബന്ധമായി ഓർക്കാം. ആ അർഥത്തിൽ, ആശാന്റെ സാഹിത്യമാർഗത്തിലും സാമൂഹിക പ്രവർത്തനത്തിലും രാഷ്ട്രീയചിന്തയിലും ചരിത്രബോധത്തിലും എല്ലാം മാർഗദർശിയായത് ശ്രീനാരായണ ഗുരുവാണെന്ന് നിസ്സന്ദേഹം പറയാം. തന്റെ പതിനെട്ടാം വയസ്സിൽ നാരായണഗുരുവുമായി ഉണ്ടാകുന്ന സമാഗമത്തോടെയാണ് കുമാരനാശാന്റെ വ്യക്തിത്വവും സ്വത്വവും പുതിയ രീതിയിൽ പരിവർത്തനപ്പെടാൻ തുടങ്ങുന്നത് എന്നതർഥം.

ലേഖകൻ രഘുനാഥൻ പറളി 2024 സെപ്റ്റംബറിൽ പാലക്കാട് നടന്ന കുമാരനാശാൻ ചരമ ശതാബ്ദി ആചാരണ വേളയിൽ സംസാരിക്കുന്നു

നാരായണഗുരുവിലൂടെ അദ്വൈതസത്ത മാത്രമല്ല, ഡോ പൽപ്പുവിന്റെ സഹായത്തോടെ കൽക്കത്തയിൽ പഠനത്തിനെത്തുകവഴി ബുദ്ധമതത്തെയും ആഴത്തിൽ അറിയുന്നുണ്ട് ആശാൻ. പിന്നീട് ബുദ്ധദർശനത്തിലൂന്നിയുളള രചനകൾക്ക് ആശാനെ അത് തീർച്ചയായും വലിയ രീതിയിൽ സാഹായിച്ചിരിക്കണം. ദുരവസ്ഥയിലെ മഹമ്മദരാക്ഷസൻമാർ എന്ന പ്രയോഗത്തെ ഇസ്ലാംമതത്തിൻ്റെ ആകെ വിമർശനമായി എണ്ണുന്നത് അബദ്ധവായനയാണെന്ന് പറയുന്നത്, മനുഷ്യൻ എന്ന യൂണിറ്റിലേക്കാണ് ആശാൻ ഊന്നുന്നത് എന്ന് തിരിച്ചറിയാൻ പ്രയാസമില്ലാത്തതിനാലാണ്. ഈഴവർ ഒന്നാകെ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഒരുങ്ങുമ്പോൾ, ആശാൻ മതംമാറ്റമല്ല മതനവീകരണമാണ് സംഭവിക്കേണ്ടത് എന്ന് മിതവാദിയിൽ എഴുതുകയും, മിതവാദിയുടേ പത്രാധിപർ കൃഷ്ണൻ അതിനെ എതിർത്ത് എഴുതിയതിന് മറുപടിയായി വീണ്ടും ആശാൻ ‘മതപരിവർത്തനരസവാദം’ എന്ന ദീർഘ ലേഖനം (മറുപടിക്കത്ത്) എഴുതുകയുമാണ് ചെയ്യുന്നത് – മിതവാദി പ്രസിദ്ധീകരിക്കാത്ത പ്രസ്തുത ലേഖനം പിന്നീട് ആശാന്റെ മരണശേഷമാണ് പ്രസിദ്ധീകൃതമാകുന്നത്. അതിൽ അദ്ദേഹം ഇസ്ലാം മതത്തിന് എതിരല്ലെന്ന വസ്തുതുയും വെളിപ്പെടുന്നുണ്ടെന്ന് നേരത്തെ സൂചിപ്പിക്കുകയുണ്ടായി.

 

മതപരിവർത്തനവും മതപരിഷ്കരണവും: ആശാന്റെ സൂക്ഷ്മരാഷ്ട്രീയം

1923 ജൂൺ 15ന് തോന്നയ്ക്കലിൽ നിന്ന് മിതവാദി പത്രാധിപർക്ക് എഴുതിയ മുപ്പതിൽത്താഴെ പേജുളള കത്താണ് പിന്നീട് ‘മതപരിവർത്തനരസവാദം’ ആയി പ്രസിദ്ധീകൃതമാകുന്നത്. ഇത് ആശാന്റെ ഉദാത്തമായ കാഴ്ചപ്പാടുകളുടെയും മതങ്ങളെക്കുറിച്ചുളള ഉന്നത ബോധ്യങ്ങളുടെയും ഒരു മാനിഫെസ്റ്റോ പോലെ നിലകൊള്ളുന്നുണ്ട് എന്നു പറയാം. ഒരു മതവും മറ്റൊന്നിനെക്കാൾ ഉന്നതമോ അധമമോ അല്ലെന്ന ഉൾക്കാഴ്ചയിൽ നിന്നാണ് മതപരിവർത്തനമല്ല മതപരിഷ്കരണമാണ് നടക്കേണ്ടത് എന്ന അദ്ദേഹത്തിന്റെ നിഷ്കർഷ രൂപപ്പെടുന്നത് എന്ന് ഈ കത്തിലൂടെ വ്യക്തമാകുന്നു. മാത്രമല്ല, താൻ ഏറെ ആദരിക്കുകയും ആഴത്തിൽ പഠിക്കുകയും ചെയ്തിട്ടുളള ബുദ്ധമതവുമായി ബന്ധപ്പെട്ടാണ് ഈ ചിന്ത അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ബുദ്ധമതത്തോടുളള അടുപ്പവും ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെയാണ്, നാരായണഗുരുവിന്റെ ചിന്തകൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ധർമ്മപരിപാലന യോഗത്തെ പ്രതിസന്ധിയിലാക്കുന്ന മതം മാറ്റം പോലുളള നടപടികൾ ആശാസ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. നാരായണഗുരു ഒരിക്കലും മറ്റൊരു മതത്തിലേക്ക്/ബുദ്ധമതത്തിലേക്ക് മാറുകയില്ലെന്ന അടിസ്ഥാനസത്യം കൂടി ആശാൻ ചൂണ്ടിക്കാണിക്കുന്നത് തീർച്ചയായും യോഗം സെക്രട്ടറി എന്ന നിലയിലും കൂടിയാണ്.

കുമാരൻ ആശാൻ സ്മാരക സ്റ്റാമ്പ്

‘ഇനി ജാതിജന്യമായ സകല അവശതകൾക്കും ബുദ്ധമതം ഏകസഞ്ജീവനിയാണെന്നു നിങ്ങൾ ഉറപ്പുപറയുന്നതിനെത്തന്നെ നോക്കാം. ഒരു തീയ്യൻ ബൗദ്ധനായിക്കഴിഞ്ഞാൽ ഉയർന്ന ജാതി ഹിന്ദുക്കൾ, ഹിന്ദുവെന്ന നിലയിൽ അവനെ താണജാതിക്കാരനായി പിന്നെ ഗണിക്കയില്ലെന്നും നിങ്ങൾ പറയുന്നു. ഇത് വെറും ഒരു ഊഹം, അല്ലെങ്കിൽ സങ്കല്പം മാത്രമാകുന്നു. ക്രിസ്ത്യാനി മതത്തിൽ ചേർന്ന പുലയരും പറയരും നമ്മുടെ നാട്ടിൽ പലേടത്തും ഉണ്ട്‌. മതപരിവർത്തന ‘രസവാദം’ ആ കാരിരുമ്പുകളെ ഇനിയും തങ്കമാക്കീട്ടില്ല.’ എന്ന് ആശാൻ എഴുതുന്നതിൽ ഇരുമ്പു പോലുളള ലോഹങ്ങളെ രസം (Mercury) ഉപയോഗിച്ച് സ്വർണ്ണമാക്കാൻ കഴിയുമെന്ന സാങ്കല്പിക ‘രാസവിദ്യ’യെക്കുറിച്ചുളള -ആൽക്കെമിയെക്കുറിച്ചുളള- സൂചനയാണുളളത്. ആശാൻ ഈ എഴുത്തിന്റെ അടുത്ത ഘട്ടത്തിൽ ഒന്നു കൂടി ഇപ്രകാരം സ്പഷ്ടമാക്കുന്നു; അഥവാ ചോദിക്കുന്നു- ‘നാമൊക്കെ ഇന്നു ബുദ്ധമതക്കാരായാൽ വെളിയിൽ നിന്നു നമ്മുടെ സ്ഥിതിയെ പെട്ടെന്ന്‌ ഉന്നമിപ്പിക്കത്തക്ക ശക്തിയായസഹായങ്ങൾ വല്ലതും ഉണ്ടാകുമെന്നു നിങ്ങൾ വിചാരിക്കുന്നുവോ? തങ്ങളുടെ രാജ്യത്തുതന്നെ മതസംബന്ധമായ ഉണർച്ചയുണ്ടാക്കാൻ കഴിയാതിരിക്കുന്ന നിർജ്ജീവമായ ഇന്നത്തെ ബുദ്ധസംഘങ്ങളിൽനിന്നു നമ്മൾക്ക്‌ എന്തു സഹായമാണു പ്രതീക്ഷിക്കാവുന്നത്‌? അങ്ങനെയാണെങ്കിൽ ടി.കെ. മാധവൻ അവർകൾ പറയുന്നപോലെ എന്തുകൊണ്ടു നമ്മൾക്കു ക്രിസ്ത്യാനികളായിക്കൂടാ? ലോകം മുഴുവൻ ശക്തിപ്പെട്ടിരിക്കുന്ന ക്രിസ്തീയസഭകളിൽ ഏതിലെങ്കിലും നിന്നു പ്രായോഗികവും പ്രബലവുമായ സഹായങ്ങൾ നമ്മൾക്കുകിട്ടുന്നതാണല്ലോ? 

കേരളത്തിൽ ഇപ്പോൾ ത്തന്നെയുള്ള പതിന്നാലു ലക്ഷം ക്രിസ്ത്യാനികളോടുകൂടി പതിനെട്ടുലക്ഷം തീയ്യരേയും ചേർത്തു നോക്കുക. ആ സമുദായബലം തന്നെ ഇതരവർഗ്ഗങ്ങൾ ഭയപ്പെടത്തക്കതായിരിക്കുമല്ലോ. അല്ലെങ്കിൽ സി.വി കുഞ്ഞുരാമൻ അവർകൾ സൂചിപ്പിക്കുംപോലെ വഴിതെറ്റാൻ പറയുന്ന മേൽജാതിക്കാരന്റെ മൂക്കിനുനേരെ മുഷ്ടി ചുരുട്ടാൻ ഹസ്തസിരകളെ സ്വരിപ്പിക്കുന്ന പൗരുഷമുള്ള ഇസ്ലാംമതം സ്വീകരിപ്പാൻ നിങ്ങൾ എന്തുകൊണ്ടു ഞങ്ങളോട്‌ ഉപദേശിക്കുന്നില്ല? ഇസ്ലാംമതത്തേക്കാൾ സമഭാവനയ്ക്കും ഐകമത്യത്തിനും വിശ്രുതമായ മതം വേറെ ഇല്ലെന്നുള്ളതു പ്രസിദ്ധമാണല്ലോ. ഇവിടെ നിങ്ങൾ നിശ്ചയമായും നോക്കിയതു സമുദായത്തിന്റെ മനഃസ്ഥിതിയാകുന്നു. സമുദായത്തിന്റെ ഇന്നത്തെ മതത്തോടു ബുദ്ധമതത്തിനുള്ള ചില സാമ്യവും സാമീപ്യവും ആകുന്നു നിങ്ങളെ പ്രേരിപ്പിച്ചത്‌. ഞാൻ പറഞ്ഞ മന:ശ്ശാസ്ത്രീയമായ പ്രവണതയെ നിങ്ങൾ അറിയാതെയാണെങ്കിലും ഇവിടെ പരിഗണിച്ചിരിക്കുന്നു. അങ്ങനെ ആയാൽത്തന്നെ ഹിന്ദുമതത്തോടു കുറേക്കൂടി ആന്തരസാമ്യമുള്ള ആര്യസമാജത്തെ നിങ്ങൾ എന്തുകൊണ്ട്‌ അവഗണിക്കുന്നു? പഞ്ചമനെ അവന്റെ കുടിലിൽ ചെന്നു പിടിച്ചുകൊണ്ടുവന്ന്‌ ബ്രഹ്മണനാക്കാൻ സഫലമായി യത്നിച്ചുവരുന്ന ദയാനന്ദമതത്തെ എന്തുകൊണ്ട്‌ നിങ്ങൾ ബഹുമാനിക്കുന്നില്ല? എന്തുകൊണ്ട്‌ തീയ്യർക്ക്‌ ആര്യബ്രഹ്മണനായിക്കൂടാ? മതത്തിന്റെയും സമസൃഷ്ടിസ്നേഹത്തിന്റെയും പേരിൽ നിങ്ങളുടെമുറ്റത്ത്‌ നടക്കുന്ന ആര്യസമാജക്കാരുടെ അത്ഭുതകരമായ ഉദാരപ്രവൃത്തികൾ ലോകത്ത്‌ ഇന്നുള്ള ഏതു ബുദ്ധസംഘത്തിൽനിന്ന്‌ നിങ്ങൾക്ക്‌ പ്രതീക്ഷിപ്പാൻ കഴിയും? പൂണുലു കെട്ടാനും ഹോമംകഴിക്കാനും ഉള്ള മടികൊണ്ടായിരിക്കാം നിങ്ങൾ അതിനെ സ്വീകരിക്കാത്തത്‌. എന്നാൽ ബ്രഹ്മമമതം അംഗീകരിക്കരുതോ? നവീന ജീവിതാദർശങ്ങൾക്ക്‌ അനുഗുണവും ഉൽക്കൃഷ്ടമതശാസ്ത്രങ്ങൾക്ക്‌ അവിരുദ്ധവും ആയി രാജാ റാം മോഹൻ റോയ് മുതലായ വിശ്വവിശ്രുത പണ്ഡിതന്മാർ സ്ഥാപിച്ചതും ഡോക്ടർ രവീന്ദ്രനാഥടാഗോർ മുതലായ ഋഷിമാരും ഇന്ത്യൻ രാഷ്ട്രീയ നേതാക്കന്മാരുടെമുന്നണിയിൽ നിൽക്കുന്ന അനേകപുരുഷരത്ങ്ങളും (സ്ത്രീരത്നങ്ങളും) അംഗങ്ങളായുള്ളതും നമ്മളിൽ ചില മാന്യസഹോദരന്മാർ അവിടവിടെ ഇപ്പോൾത്തന്നെ വച്ചിരിക്കുന്നതുമായ, ജാതിയില്ലാത്ത ബ്രഹ്മസമാജം എന്തുകൊണ്ട്‌ നിങ്ങളുടെ ശ്രദ്ധയെ ആകർഷിച്ചില്ല?’ 

കുമാരനാശാൻ രചിച്ച കൃതി ‘മതപരിവർത്തന രസവാദം’

മതത്തേക്കാൾ ആശാന്റെ ചിന്ത തുളഞ്ഞു കയറുന്നത് ജാതിയിലേക്കാണെന്ന് ഈ വാക്കുകളിൽ നിന്ന്, ഈ ചോദ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഒപ്പം മതങ്ങളെപ്രതിയുളള തന്റെ സാമൂഹികവും രാഷ്ട്രീയവുമായ അറിവുകളും ബോധ്യങ്ങളും ആശാൻ പങ്കിടുക കൂടിയാണ്. പ്രായോഗികമതിയായ ഒരു കാര്യദർശിയുടെ -യോഗം സെക്രട്ടറിയുടെ ചിന്തകളായിക്കൂടി ഈ ചോദ്യങ്ങളെ എണ്ണുമ്പോഴാണ്, ആശാന്റെ സങ്കീർണ്ണ വ്യക്തിത്വത്തിന്റെയും ആദ്ദേഹത്തിന്റെ കാവ്യാവിഷ്കാര കൊടുമുടികളിലെ അതിശയകരമായ ദർശനങ്ങളുടെയും പൊരുൾ കൂടുതലായി തെളിഞ്ഞു വരിക എന്നു വ്യക്തം. നാരായണരുരുവും ചട്ടമ്പിസ്വാമികളും തങ്ങളുടെ സമുദായങ്ങളിൽ നടത്തിയ സോഷ്യൽ എൻജിനീയറിംഗ് തന്നെയാണ് ഒരർഥത്തിൽ ആശാനും ലക്ഷ്യമിട്ടത് എന്നു കാണാം. കുമാരനാശാൻ എഴുതിയ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം വ്യത്യസ്തമായിരുന്നുവെന്നും, ചട്ടമ്പിസ്വാമികളെപ്പോലെ, അത്തരമൊരു ഭിന്ന സാഹചര്യത്തിൽ, ഒരു പ്രതിരോധചലനം ആശാനിലും കാണാമെന്നതിനപ്പുറം, ഈ സ്നേഹഗായകനിൽ ഒരു തീവ്ര ജാതി-മതവാദിയെ വിഭാവനം ചെയ്യുന്നത് വലിയ പിഴവും നീതികേടുമാകുമെന്നും ഇവിടെ ആവർത്തിച്ചു പറയുന്നത്- മതപരിവർത്തനരസവാദത്തെ ഉദ്ധരിച്ചുകൊണ്ടുകൂടി പറയുന്നത്- ജാതി എന്ന തികച്ചും അസമത്വം നിറഞ്ഞ സാമൂഹികാനീതിയോടും അതുവഴി വലിയ ജീർണ്ണതയിലെത്തിയ ഹിന്ദുമതത്തോടും ആശാൻ പുലർത്തിയ ദയാരഹിതമായ സമീപനവും വിമർശനവും ഓർത്തുകൊണ്ടുകൂടിയാണ്.

 

മതങ്ങളും മലയരുവികളും

മതം എന്ന നിലയിൽ ‘നമ്പൂരി മതം’ എന്ന് മാത്രം ഹിന്ദു മതത്തെ ആശാന് വിളിക്കേണ്ടിവന്നത്, താൻ ആർജ്ജിച്ച ഭാരതീയ ചിന്തയിലോ അദ്വൈത സങ്കല്പത്തിലോ ജാതിയുടെയും അസമത്വത്തിന്റെയും ജീർണ്ണസമീപനങ്ങൾക്ക് സ്ഥാനമില്ല എന്നതുകൊണ്ട് കൂടിയാണ് എന്ന് സൂചിപ്പിക്കുകയുണ്ടായി. ഹിന്ദു എന്നത് യഥാർത്ഥത്തിൽ ഹിന്ദുമത വിശ്വാസിയെ സൂചിപ്പിക്കുവാനുള്ള പദമായല്ല രൂപപ്പെട്ടത് എന്നതും വിദേശിയർ ഭാരതീയർക്ക് സിന്ധുനദീതട സംസ്കാരവുമായി ബന്ധപ്പെട്ട് നൽകിയ പേരു മാത്രമാണ് എന്നതും നമ്മൾ ആർജ്ജിച്ചിട്ടുളള ചരിത്രജ്ഞാനം കൂടിയാണല്ലോ. ഇത് പിന്നീട് ‘ബ്രഹ്മ’ത്തെ ഉപാസിക്കുന്ന ഹിന്ദുധർമ്മം എന്ന രീതിയൽ-വൈദിക മതം എന്ന രീതിയിൽ അറിയപ്പെടുകയാണുണ്ടായത്. എന്നാൽ പിന്നീട്, പൗരോഹിത്യവും ആര്യ-ബ്രാഹ്മണവൽക്കരണവും പ്രബലമായപ്പോൾ, തത്ഫലമായി രൂപപ്പെട്ട ജാതി-വർണവ്യവസ്ഥ മൂലം ജീർണ്ണതയിലേക്ക് പതിക്കുന്ന മതം മാത്രമായി ഈ ഹിന്ദുധർമ്മം ചെറുതായിപ്പോയി എന്ന യാഥാർഥ്യത്തെയാണ്, ഒരർഥത്തിൽ ആശാൻ ‘നമ്പൂരി മതം’ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മാത്രമല്ല, ദുരവസ്ഥയിലും ചണ്ഡാലഭിക്ഷുകിയിലും കാണുന്ന ജാതിവിമർശത്തിന്റെ വൈപുല്യവും ആഴവും ഹിന്ദുമതത്തെ അക്ഷരാർഥത്തിൽ പ്രതിക്കൂട്ടിൽ നിർത്തുന്നുമുണ്ട്. ഇന്ന് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അമ്പരപ്പിക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി, ആശാൻ പറഞ്ഞ ആ ‘നമ്പൂരിമത’ത്തിന്റെ ശക്തിയാർജ്ജിക്കലോ അതിവേഗത്തിലുളള പുന:സ്ഥാപനമോ നടക്കുന്നതായി അനുഭവപ്പെട്ടാൽ തെറ്റു പറയാൻ കഴിയുമോ? മുമ്പ് ജാതി മാത്രമാണെങ്കിൽ ഇപ്പോൾ പണം കൂടി (ഭക്തി വിപണികൂടി) അതിന് ചുക്കാൻ പിടിക്കുന്നുണ്ട് എന്ന പ്രമുഖ വ്യത്യാസം മാത്രം പ്രകടമാണെന്ന് പറയാം. ‍

കുമാരനാശാൻ സഞ്ചരിച്ച വള്ളം മറിഞ്ഞ സ്ഥലം

ജാതി ചിന്ത അശേഷം ഇല്ലാത്ത, അനുവദിക്കാത്ത ബുദ്ധമതത്തോടുളള കുമാരനാശാന്റെ പ്രത്യേക മമതയുടെ കാരണവും ഈ പശ്ചാത്തലത്തിലാണ് കൂടുതൽ മനസ്സിലാക്കാൻ കഴിയുക. (അതേസമയം ബുദ്ധമതവും പിന്നീട് ആചാരാനുഷ്ഠാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഒരു വിപരീതസന്ധി ആശാനും തിരിച്ചറിഞ്ഞിട്ടുണ്ട്) എന്നാൽ ബുദ്ധിസ്റ്റ് ഫിലോസഫിയോടുളള ആശാന്റെ അചഞ്ചലമായ അടുപ്പത്തിന് ഒരിക്കലും മങ്ങലേറ്റില്ല. ശ്രീബുദ്ധചരിതം, ചണ്ഡാലഭിക്ഷുകി, കരുണ എന്നീ കൃതികളിലൂടെ ബുദ്ധമതത്തിന്റെ മഹിതപാരമ്പര്യത്തെ വാഴ്‌ത്തുക കൂടിയായിരുന്നു ആശാൻ എന്ന് ഏവർക്കും അറിവുളളതുമാണ്. ‘ഒരു മതത്തിനു പ്രധാനമായി ധർമ്മം, മോക്ഷം എന്നു രണ്ടു വശങ്ങളാണുള്ളത്‌. ബുദ്ധമതത്തിലെ ധർമ്മമാർഗ്ഗത്തെപ്പറ്റിആർക്കും ആക്ഷേപിക്കുവാൻ തരമില്ലാത്തതാകുന്നു. ധർമ്മം (സദാചാരം) തന്നെ സർവ്രപധാനമായി കരുതുന്ന മതം ഇതുപോലെ ലോകത്ത്‌ വേറൊന്നില്ലെന്നുള്ളത്‌ പ്രസിദ്ധമാണ്‌. മോക്ഷം എന്നത്‌ ജീവിതത്തിന്റെ അവസാനാവസ്ഥയാകുന്നു. അതു തത്ത്വശാസ്ത്രപ്രതിപാദ്യമായ വിഷയമാണ്‌. ബുദ്ധമതത്തിലെ തത്ത്വശാസ്ത്രം വളരെ പ്രൗഢമാകുന്നു. അതിലെ സിദ്ധാന്ത്രപകാരം ജീവിതം, അനവധി ജന്മങ്ങൾക്കുശേഷം ജ്ഞാനത്താൽ സർവസംസ്ക്കാരങ്ങളും നശിച്ചു നിർവാണം പ്രാപിക്കുന്നു. ഈ നിർവാണം സർവനാശം, അല്ലെങ്കിൽ, ശൂന്യം ആകുന്നു. ഇതിനെപ്പറ്റി ഇവിടെ വിസ്തരിച്ചു പറവാൻ തരമില്ല. പ്രമാണജഡന്മാരല്ലാത്ത സ്വത്രന്തചിന്തകന്മാർക്ക്‌ ഈ ഭാഗം വിചാരരമണീയമായിട്ടുള്ളതാകുന്നു. 

ആംഗലതത്ത്വജ്ഞാനിയായ ജോൺ സ്റ്റുവർട്ട്‌ മിൽ, ബുദ്ധമതക്കാരുടെ നിർവാണം ഒരിക്കൽ ലോകത്തു സർവസമ്മതമായി തീർന്നേക്കാമെന്നു സൂചിപ്പിച്ചിട്ടുള്ളതിനെ ഞാൻ ഈ അവസരത്തിൽ അഭിമാനപൂർവം സ്മരിക്കുന്നു. ഒരു മതത്തിന്റെ പാരമ്യത്തെപ്പറ്റി ഇതിലധികം പറഞ്ഞിട്ട്‌ ആവശ്യമില്ല. എന്നാൽ ഇത്‌ പുസ്തകത്തിലെ ബുദ്ധമതത്തെപ്പറ്റിയുള്ള അഭിപ്രായമാണ്‌. ആ വക സാരാംശങ്ങൾ എല്ലാ മതങ്ങളിലും ഏറക്കുറെ ഉൽക്കൃഷ്ടങ്ങളായിത്തന്നെ ഇരിക്കും. വിശേഷിച്ചും വൈദികമതത്തിന്റെ രത്നകിരീടങ്ങളായ ഉപനിഷത്തുക്കളെപ്പറ്റി കാന്റ്‌ (Kant) മുതലായ പാശ്ചാത്യതത്ത്വവിത്തുക്കൾ ഇതിലധികം ശ്ലാഘിക്കുന്നുണ്ട്‌. ബുദ്ധമതത്തിലെ പഞ്ചശീലങ്ങളും ദശകുശലങ്ങളും മറ്റും വേദാന്തത്തിലെ യമനിയമാദികളേക്കാൾ ശക്തിയും വ്യാപ്തിയും ഉള്ള സദാചാരങ്ങളാണോ? അഹിംസയെ ബുദ്ധമതം ഉച്ചമായി ഘോഷിക്കുന്നു. ബുദ്ധമതം പഴയ വൈദികമതത്തിന്റെ പരിശുദ്ധമായ തെളിവ്‌ മാത്രമാണെന്നുപറയുന്നവരോട്‌ ഇന്നത്തെ ഹിന്ദുമതം പഴയ ബുദ്ധമതത്തിന്റെ സത്താണെന്ന്‌ അവരുടെ എതിരാളി പറയും. മതങ്ങളെല്ലാം മലയരുവികൾപോലെ ഉന്നതങ്ങളായ സ്ഥാനങ്ങളിൽനിന്നും പുറപ്പെടുന്നവയാണ്‌. അവയുടെ അതാതുകാലത്തെ ശുദ്ധി അവ ഒഴുകുന്ന ദിക്കുകളുടെ ഗുണദോഷങ്ങളെ ആശ്രയിച്ചിരിപ്പാനേ തരമുള്ളൂ.’ എന്നു കൂടി ആശാൻ എഴുതുന്നതിൽ മതങ്ങളെപ്രതിയുളള ആശാന്റെ അന്തർജ്ഞാനം പ്രകാശിക്കുന്നുണ്ട്. കൊൽക്കത്തയിൽ, ടാഗോറിനെപ്പോലെ ബങ്കിംചന്ദ്ര ചാറ്റർജിയെപ്പോലുളള വലിയ മനുഷ്യരുടെ എഴുത്തുലോകവുമായി പരിചയപ്പെട്ട് എത്തുന്ന ആശാൻ, പ്രോമിത്യൂസ് അഗ്നി കൊണ്ടുവരുന്നതുപോലെയാണ് ഒരർഥത്തിൽ മലയാളത്തിലേക്കെത്തിയത് എന്ന് പറയേണ്ടി വരും. 

ദു:ഖം മറികടക്കാൻ, ദു:ഖിക്കുകയാണ് ശരിയായ മാർഗം എന്ന ബുദ്ധമത സങ്കല്പത്തിലൂന്നി, ദുഖത്തിന്റെ ഔഷധമൂല്യത്തിലേക്ക് ഒരർഥത്തിൽ ആശാൻ അനുവാചകരെ കടത്തിവിടുക കൂടിയാണെന്ന യാഥാർഥ്യം ആശാന്റെ ദാർശനിക സമീപനത്തിന്റെ സവിശേഷതയായികൂടി കരുതാം. അതേസമയം, വീണപൂവിനെക്കുറിച്ചു പറയുമ്പോൾ വിടർന്ന പൂവിനെക്കുറിച്ചും ഉപഗുപ്തന്റെ നിർവാണത്തെക്കുറിച്ച് പറയുമ്പോൾ, സന്യാസം വെടിഞ്ഞ് തിരിച്ചുവരേണ്ട കർമാകാണ്ഡത്തെക്കുറിച്ചും ആശാൻ പറയുന്നത് ശ്രദ്ധേയമാണ്. ആപത്തിന് അഥവാ ദുരന്തത്തിന് ആളുകളെ ഒന്നിപ്പിക്കാനും അന്ധകാരത്തിൽ നിന്ന് ഉണർത്താനുമുളള ശേഷിയുണ്ടെന്ന വലിയ സത്യം, സാവിത്രിയും ചാത്തനും ദുരന്തമുഖത്ത് കൈകോർക്കുന്നതിൽ പ്രകടമാകുന്നുണ്ട്. ഒരേ സമയം നിരവധി അർഥങ്ങളും അനുഭവങ്ങളും അവിടെ സമ്മിളിതമാകുന്നുണ്ടെന്നതാണ് യാഥാർഥ്യം. ജാതിയുടെ ‘സോഷ്യൽ കാപ്പിറ്റലി’ൽ അഭിരമിക്കുന്ന വിധം പുതുകാലത്ത് കൂടുതൽ ‘ജാതിവ്യക്തികൾ’ രൂപപ്പെടുമ്പോൾ, ആശാൻ തോൽക്കുകയാണോ ജയിക്കുകയാണോ എന്ന സന്ദേഹമാണ് നമ്മളിൽ നിറയുന്നത്. അദ്ദേഹത്തിന്റെ സർഗസാഗരത്തിന്റെ ഏതെങ്കിലും കോണിൽ ഇടയ്ക്കെങ്കിലും ഒന്നു മുങ്ങുന്നത് അല്പമെങ്കിലും സ്വയം നവീകരണത്തിന് സഹായകമാകും എന്ന അർഥത്തിലാണ്, ആശാൻ ചരമ ശതാബ്ദി ആചരണ സമിതി നടത്തിയ നവോത്ഥാന സന്ദേശ യാത്ര പോലുളള ശ്രമങ്ങൾക്ക് പ്രസക്തിയും പ്രാധാന്യവും കൈവരുന്നത്. കാരണം ആശാൻ സൃഷ്ടിച്ച ആശയലോകവും അതിലെ ആത്മീയ – അദ്വൈത – ചരിത്ര ബോധവും നമ്മുടെ എല്ലാ മുന്നേറ്റങ്ങളുടെയും – സാഹിതീയമായ മുന്നേറ്റങ്ങളുടെ മാത്രമല്ല, സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മുന്നേറ്റങ്ങളുടെയും ചാലകശക്തിയായി നിലകൊള്ളുന്നുണ്ട് എന്ന വസ്തുത നിരന്തരം ഓർമിക്കാനും ഇത്തരം സന്ദർഭങ്ങൾ വഴിയൊരുക്കും. നമ്മൾ എത്തിനിൽക്കുന്ന ഇടങ്ങളിൽ എപ്പോഴും ഒരു ദിശാസൂചിയായും സൂചികയായും കുമാരനാശാൻ തുടരുകയാണെന്ന് നിസ്സന്ദേഹം പറയാം.

About Author

രഘുനാഥന്‍ പറളി

നിരൂപകൻ, വിവർത്തകൻ, എഡിറ്റർ, ഗ്രന്ഥകർത്താവ്

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x