ദളിതർ ഭക്ഷണം കഴിച്ചിരുന്നതെങ്ങനെ?
![ദളിതർ ഭക്ഷണം കഴിച്ചിരുന്നതെങ്ങനെ?](https://theaidem.com/wp-content/uploads/2025/02/WhatsApp-Image-2025-02-08-at-13.31.27_4cba713b-770x470.jpg)
ഭക്ഷണത്തെക്കുറിച്ച് വാതോരാതെ എഴുതിയും പറഞ്ഞും പേരെടുത്ത നിരവധി പത്രപ്രവർത്തകരേയും (food columnist) ബ്ലോഗ്ഗർമാരെയും ദൈനംദിന ജീവിതത്തിൽ വായിച്ചറിയുന്നവരാണ് നമ്മൾ. എന്നാൽ ഇവരിലാരും എഴുതാത്ത, ചർച്ച ചെയ്യാത്ത, അറിയാൻ ശ്രമിക്കാത്ത ഒരുപക്ഷേ ഇവർക്ക് “തൊട്ടുകൂടാൻ” പോലുമാവാത്ത ഒരു വിഷയമാണ് ‘ദളിതരുടെ ഭക്ഷണ രീതികൾ’. ഈ പുറന്തള്ളപ്പെട്ട വിഷയത്തെപ്പറ്റി ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ( ജെ എൽ എഫ്) ഒരു ചർച്ചയുണ്ടായി എന്നത് തീർച്ചയായും ശ്രദ്ധേയം തന്നെ.
ഈ തൊട്ടുകൂടാനാവാത്തവരുടെ ഭക്ഷണശൈലികളും ഭക്ഷണരീതികളും എന്തിന് കുറച്ചുപേർക്കെങ്കിലും ഒരു മുഖ്യധാര വിഷയമാകണം എന്ന ഒരു ചിന്തയൂം ഇതോടൊപ്പം വന്നേക്കാം. എന്നാൽ ഇത്തരം ചിന്തകളെ എല്ലാം കാറ്റിൽ പറത്തി നവീനമായ, എന്നാൽ ഏറെ പ്രസക്തിയുള്ള ഈ വിഷയത്തെപ്പറ്റി ചർച്ച ചെയ്യുകയൂം, ചിന്തിപ്പിക്കുകയൂം ചെയ്തു ജെഎൽഎഫിലെ സംവാദം.
![](https://theaidem.com/wp-content/uploads/2025/02/shah-patole-jaipur-literature-festival-kritajna.jpg)
കുറച്ചു വർഷങ്ങൾക്കു മുമ്പ് മറാത്തിയിൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകമായിരുന്നു ഈ ചർച്ചയ്ക്ക് ആധാരം. പുസ്തകത്തിൻറെ മറാത്തി പേര് അന്നാ ഹേ അപൂർണ്ണ ബ്രഹ്മ” (ഇംഗ്ലീഷ് വിവർത്തനം: Dalit Kitchens of Marathwada). രചയിതാവ് ഷാഹു പട്ടോളെ.
മനുഷ്യവാസം ആരംഭിച്ച ആദിമ സംസ്കാരകാലം മുതൽ ഇന്നത്തെ നൂതന കാലഘട്ടം വരെ പരിശോധിച്ചാൽ മനുഷ്യന്റെ ജീവിത കാലഘട്ടവും സാമൂഹികവും സാമ്പത്തികവുമായ ചുറ്റുപാടുകളുമായി ഭക്ഷണശീലങ്ങൾക്കുള്ള ബന്ധം വിവർണ്ണനാതീതമാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന ആളാണ് ഷാഹു പട്ടോളെ.” ‘നമ്മുടെ പണ്ടത്തെ ഭക്ഷണശീലങ്ങളാണ് ഇന്നും നമ്മെ ജീവനോടെ കാത്തു സൂക്ഷിക്കുന്നതെന്ന’ വാദ ക്കാരനാണ് ഞാൻ ” പട്ടോളെ പറയുന്നു.
നൂറ്റാണ്ടുകളായി ദളിതരും ‘ശുദ്രതിശൂദ്രന്മാർ’ എന്ന് വിളിക്കപ്പെടുന്ന ശൂദ്രരിൽ താഴെയുള്ള വിഭാഗക്കാരും അതിജീവിച്ചു പോന്നത് തങ്ങളുടെ ഭക്ഷണക്രമം ഒന്നുകൊണ്ടുമാത്രമാണെന്നാണ് ചർച്ചയിൽ ഭാഗഭാക്കായ ഭക്ഷ്യ സമ്പ്രദായ വിദഗ്ധനായ പുഷ്പേഷ് പന്ത് വാദിച്ചത്. ഭൂതകാലത്തിന്റെ കരിനിഴലുകൾ അവരെ ഏൽപ്പിച്ച ഗതികേടുകൾകൊണ്ട് സ്വീകരിക്കേണ്ടി വന്ന ശീലങ്ങളാണെങ്കിൽ പോലും പട്ടിണിമരണത്തിൽ നിന്നും അവരുടെ ജീവനെക്കാത്തത് ഈ ഭക്ഷണക്രമങ്ങളും രീതികളും മാത്രമാണെന്നും അദ്ദേഹം വിലയിരുത്തുന്നു.
അതുകൊണ്ടുതന്നെ “എന്റെ ഭക്ഷണശീലങ്ങളിൽ ഞാൻ എന്തിന് ലജ്ജിക്കണം” എന്നായിരുന്നു മഹാരാഷ്ട്രയിലെ ഖംഗോൺ ഗ്രാമത്തിൽ നിന്നുള്ള പട്ടോളെയുടെ ആഹ്വാനം. ഒരുകാലത്ത് വളരെ കുറച്ച് എണ്ണയും നെയ്യും പാലും മാത്രമുപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണം കഴിച്ചായിരുന്നു ദളിതർ തങ്ങളുടെ ആരോഗ്യം നിലനിർത്തിയിരുന്നത്. എണ്ണയ്ക്ക് പകരമായി ഉപയോഗിച്ചിരുന്നത് അന്നത്തെ മഹർ, മാങ്ക് തുടങ്ങിയ ദളിത കർഷക സമൂഹങ്ങൾക്ക് ധാരാളമായി ലഭ്യമായിരുന്ന പൊടിച്ച നിലക്കടലയായിരുന്നു. ദളിതർ ഭക്ഷിച്ചിരുന്ന പോത്ത്, തിന മറ്റു ഭക്ഷ്യവസ്തുക്കൾ എന്നിവ അന്നത്തെ സമ്പന്നരായ ജാതി വിഭാഗങ്ങൾക്ക് തൊട്ടുകൂടാത്തതായിരുന്നെങ്കിലും ഇന്നത്തെ മാറുന്ന ഭക്ഷണ ശീലങ്ങളും പ്രവണതകളും അവയെ ബഹുവ്യയമാക്കുന്നുണ്ട്.
ഈ മേഖലയിലെ ദളിതർ കുറച്ചുകാലം മുമ്പ് ബീഫ് കഴിക്കുന്നത് ഉപേക്ഷിച്ചിരുന്നുവെന്നും ഇപ്പോൾ മഹാരാഷ്ട്രയിൽ പശു കശാപ്പ് നിരോധിച്ചതായും പട്ടോളെ ഉദാഹരണങ്ങൾ ഉദ്ധരിച്ച് വ്യക്തമാക്കുന്നുണ്ട്. “ഈ മൃഗങ്ങളുടെ കണ്ണും കുടലും ഞങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങളായിരുന്നു, എന്നാൽ ഇപ്പോളവയ്ക്കും വിലയേറിവരുകയാണ്” എന്നാണ് മാംസം കഴിക്കുന്ന പുതിയ തലമുറയുടെ വാദം. ആട്, പോത്ത് തുടങ്ങിയ മൃഗങ്ങൾക്ക് പ്രീതി ലഭിച്ചതിനാൽതന്നെ അവയുടെ കണ്ണുകൾക്കു പോലും ഇപ്പോൾ പൊന്നിൻ വിലയാണെന്നാണ് നിരീക്ഷണം.
‘ഞങ്ങളുടെ ഗ്രാമത്തിൽ ബ്രാഹ്മണർ ഉണ്ടായിരുന്നില്ലെങ്കിലും തൊട്ടുകൂടായ്മ എന്നും നിലനിന്നിരുന്നുവെന്നാണ്’ ഭൂതകാലത്തെക്കുറിച്ച് പറയുമ്പോൾ രചയിതാവ് അടിവര ഇട്ടത്. ദളിതരുടെ പാചകരീതിയെ ആരും ഗൗരവമായി എടുത്തുകാണാറില്ല. ലഭ്യമായ ഏറ്റവും മികച്ച സാമഗ്രികൾ കൊണ്ടുണ്ടാക്കിയാലും, വെള്ളിത്തളികയിൽ ആ ഭക്ഷണം വിളമ്പിയാൽ പോലും ആരുമത് കഴിക്കാൻ ഞങ്ങളുടെ വീടുകളിൽ വരാറില്ലായിരുന്നുവെന്നാണ് അദ്ദേഹം ഓർമ്മിച്ചെടുത്തത്. ഉയർന്ന ജാതിക്കാരുടെ ഭക്ഷണത്തിലെ പ്രധാന ഘടകങ്ങളായ പെരുങ്കായം, നാരങ്ങ പോലെ പുളി രുചിയുള്ള പഴങ്ങൾ എന്നിവ ദളിതർ ഉപയോഗിക്കാറില്ലാത്തതുകൊണ്ടുതന്നെ അവർക്ക് സ്വന്തമായി അവകാശപ്പെടാൻ തനതായ ചില രുചികൾ തന്നെയുണ്ടായിരുന്നു എന്നും ഷാഹു പട്ടോളെ എടുത്തുപറഞ്ഞു.
അതോടൊപ്പം തന്നെ ഇന്നും നിലനിൽക്കുന്ന ഒരു മിഥ്യാധാരണയാണ് എല്ലാ ഉയർന്ന ജാതിക്കാരും സസ്യാഹാരികളായിരുന്നു എന്നത് എന്ന് പന്ത് ചൂണ്ടിക്കാട്ടിൽ. എന്നാൽ വാസ്തവത്തിൽ നിരവധി ഉയർന്ന ജാതിക്കാരായ ഹിന്ദു സമുദായ വിഭാഗങ്ങളും അവരവരുടെ രുചി – താല്പര്യങ്ങൾക്കനുസരിച്ച് മാംസം കഴിച്ചിരുന്നു. “ഞാനും ഒരു ഹിന്ദുവാണ്, ബീഫ് ഭക്ഷിക്കുന്ന ഹിന്ദു. ഇന്നും ‘ബഫ്’ എന്ന് വിളിക്കപ്പെടുന്ന പോത്തിന്റെ മാംസത്തിനായി ഞങ്ങൾ പോകാറുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം അധിനിവേശത്തിനു മുമ്പ് തന്നെ ദളിതരും ഉയർന്ന ജാതിക്കാരായ ഹിന്ദുക്കളിലെ ഒരു നല്ല വിഭാഗവും ഇന്ത്യയിൽ മാംസം കഴിക്കാറുണ്ടായിരുന്നുവെന്നും അതുകൊണ്ടുതന്നെ തങ്ങളെ മാംസഭക്ഷണം കഴിക്കാൻ പഠിപ്പിച്ചത് മുസ്ലീങ്ങൾ ആണെന്ന വാദം തികച്ചും അയാഥാർത്ഥ്യമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
എന്നിരുന്നാലും മറാത്ത് വാഡ മേഖല രണ്ട് നൂറ്റാണ്ടിലേറെയായി നിസാമുകളുടെ കീഴിലായിരുന്നതുകൊണ്ടുതന്നെ ഈ പ്രദേശത്തെ മാംസം കഴിക്കുന്നവർ ഇപ്പോഴും മുസ്ലിം കശാപ്പ് രീതിയായ ഹലാൽ പിന്തുടരുന്നുണ്ടെന്നതും ഇവിടുത്തെ ഹിന്ദുക്കൾക്ക് ഏറെ പ്രിയപ്പെട്ടത് ഈ ഹലാൽ മാംസമാണെന്നതും ഏറെ വിചിത്രമായി തോന്നാവുന്ന വസ്തുതയാണെന്നും പട്ടോളെ ചൂണ്ടിക്കാട്ടി.
നമ്മുടെ ഭക്ഷണ രീതികൾ വലിയ രീതിയിലുള്ള സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും ശാരീരികമായ കടന്നാക്രമണങ്ങൾക്ക് തന്നെയും കാരണമാകുന്ന ഒരു കാലഘട്ടത്തിൽ ദളിതരുടെ ഭക്ഷണ രീതികളെ കുറിച്ചുള്ള ഈ ചർച്ച ഉൽപതിഷ്ണമായ ചില സമീപനങ്ങൾ മുന്നോട്ടുവച്ചു. ജെഎൽഎഫ് എല്ലാകാലത്തും ഏറ്റക്കുറച്ചിലുകളോടെ ഉയർത്തിപ്പിടിക്കാൻ ശ്രമിച്ച ഒരു പ്രതിരോധ ധാരയുടെ തുടർച്ചയായി തന്നെ വേണം ഈ ചർച്ചയെയും കാണാൻ.
Read in: English | For more stories from Jaipur Literature Festival 2025, Click Here.