
മാനസിക ആഘാതങ്ങളെയും പലതരം മാനസികാവസ്ഥകളെയും കൈകാര്യം ചെയ്യുന്ന പോലീസ് കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് ഒരു പുത്തൻ കാഴ്ചയല്ല. ജിത്തു അഷ്റഫിന്റെ ആദ്യ സംവിധാന ചിത്രമായ ‘ഓഫീസർ ഓൺ ഡ്യൂട്ടി’യും ഈ വഴിയിൽ തന്നെ സഞ്ചരിക്കുന്ന സിനിമയാണ്..
എന്നാൽ മറ്റു ചിത്രങ്ങളിൽ നിന്ന് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന ഹരിശങ്കർ എന്ന കഥാപാത്രത്തെ അടയാളപ്പെടുത്തിയ രീതിയൂം ആ നടൻ അത് അവതരിപ്പിച്ച രീതിയുമാണ്.മാനസികമായ പാളിച്ചകളെ കഥയുടെ അവിഭാജ്യ ഘടകമാക്കി തികച്ചും സ്വാഭാവികമായി അവതരിപ്പിക്കുന്നു എന്നതിലാണ് ഈ അവതരണത്തിന്റെ ശക്തി സൗന്ദര്യങ്ങൾ. എന്നുവെച്ചാൽ കഥാതന്തുവിൽ പതിവ് ചേരുവകളാണ് ഉള്ളതെങ്കിലും നമ്മൾ കണ്ടു ശീലിച്ചിട്ടുള്ള പതിവ് പോലീസ് നായകനിൽ നിന്ന് വ്യത്യസ്തമായി ഹരിയെ പ്രതിഷ്ഠിക്കാൻ ചലച്ചിത്ര നിർമ്മാണത്തിന്റെ മികവുകൊണ്ട് കഴിഞ്ഞു എന്നർത്ഥം.

കുറ്റവാളികളോട് ശകലം പോലും ദയാ ദാക്ഷിണ്യമില്ലാത്ത, തുറന്നടിച്ച് എന്തും സംസാരിക്കുന്ന, ആരോടും അനുവാദം ചോദിക്കാത്ത, ഒന്നിനും മാപ്പ് പറയാത്ത ഒരു പരുക്കൻ വ്യക്തിയാണ് ഓഫീസർ ഓൺ ഡ്യൂട്ടിയിലെ ഹരിശങ്കർ. ആ കഥാപാത്രത്തെ ആദ്യമായി സ്ക്രീനിൽ പരിചയപ്പെടുത്തുമ്പോൾ തന്നെ ഹരിശങ്കറിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് കാണികൾക്ക് വ്യക്തമാവുന്നുണ്ട്. എന്നാൽ കഥ പുരോഗമിക്കുകയും അയാളുടെ ഭൂതകാലം വ്യക്തമാകുകയും ചെയ്യുമ്പോൾ നമ്മുടെ മുൻ വിലയിരുത്തുകൾ നാം ഒന്നുകൂടെ പരിശോധിക്കേണ്ടി വരുന്നു.
തിരക്കഥാകൃത്തും സംവിധായകനുമായ ഷാഹി കബീറിന് പോലീസ് ജീവിതത്തെ വളരെ യഥാതഥമായും പച്ചയായും അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. നായാട്ട്, ഇലവീഴാപൂഞ്ചിറ, ജോസഫ് എന്നീ സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഷാഹി കബീർ ഒരു സിനിമയ്ക്ക് തിരക്കഥ തയ്യാറാക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ സ്വാഭാവികമായി തന്നെ വലുതാണ്. ആ പ്രതീക്ഷയ്ക്ക് ഒരു കോട്ടവും തട്ടാത്ത തരത്തിലുള്ള ഷാഹിയുടെ ശക്തമായ തിരക്കഥയാണ് ‘ഓഫീസർ ഓൺ ഡ്യൂട്ടി’യുടെ കരുത്ത്.
എങ്കിലും ടാറ്റൂ ചെയ്‌ത; ഹുഡി ധരിച്ച പതിവ് ക്ലിഷേ മയക്കുമരുന്ന് കച്ചവടക്കാർ തന്നെയാണ് ഇതിലെയും വില്ലൻമാർ എന്നത് ഒരു പോരായ്മയായി തന്നെ നിലനിൽക്കുന്നു.
പോലീസ് ത്രില്ലറുകളുടെ ആരാധകർക്ക് ഒരുപക്ഷേ ‘ഓഫീസർ ഓൺ ഡ്യൂട്ടി’, ‘ഗ്രാൻഡ്മാസ്റ്റർ’ പോലുള്ള മറ്റു സിനിമകളുടെ ചില നാൾവഴികൾ പിന്തുടരുന്നതായി തോന്നിയേക്കാം. എങ്കിലും സിനിമയുടെ മികച്ച അവതരണശൈലി ‘ഓഫീസർ ഓൺ ഡ്യൂട്ടി’യെ ഇവയിൽ നിന്നെല്ലാം മാറ്റി നിർത്തുന്നുണ്ട്.
വെറുമൊരു സാധാരണ ജ്വല്ലറി മോഷണക്കേസിന്റെ പിന്നാമ്പുറങ്ങളിലേക്ക് അന്വേഷണം തുടങ്ങിയ ഹരിശങ്കർ നിഗൂഢതയുടെ പുകമറയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്ന ഞെട്ടിക്കുന്ന ചില സത്യങ്ങളിലേക്കാണ് പിന്നീട് കടന്നു ചെല്ലുന്നത്. ജ്വല്ലറി കേസ് അങ്ങനെ പല വഴികൾ തേടി മയക്കുമരുന്ന് മാഫിയയിലേക്കും ലൈംഗിക അതിക്രമങ്ങളിലേക്കും ക്രൂരമായ ചൂഷണങ്ങളിലേക്കും വെളിച്ചം വീശുന്നു. തുടർന്നുണ്ടാവുന്ന സംഘർഷവും തീക്ഷ്ണതയുമാണ് ഈ സിനിമയേ ത്രസിപ്പിക്കുന്ന ഒരു അനുഭവം ആക്കി മാറ്റുന്നത്..
ചിത്രത്തിന്റെ ആദ്യപകുതി അതിവേഗമായ സംഭവവികാസങ്ങളിലൂടെ പ്രേക്ഷകരെ ആവേശത്തിന്റെയും ഉത്കണ്ഠയുടെയും ആഴങ്ങളിലേക്ക് നയിക്കുന്നുണ്ട്. ഓരോ സംഭവവികാസങ്ങളും തമ്മിൽ ഇഴചേർന്ന്, ഒന്നിനെ മറികടന്ന് മുന്നേറുമ്പോൾ ഒരു നിമിഷം പോലും ശ്വാസം വിടാൻ കഴിയാത്ത അവസ്ഥയിലേക്കാണ് പ്രേക്ഷകർ എത്തിച്ചേരുന്നത്. എന്നാൽ അവസാന പകുതിയിൽ ആ തീവ്രത കുറഞ്ഞു വരുന്നതായി കാണാം. കഥാവികസനത്തെക്കാൾ ആക്ഷൻ രംഗങ്ങൾക്കാണ് അവിടെ പ്രാധാന്യം നൽകുന്നത്. ചിത്രത്തിന്റെ ആകെയുള്ള സിനിമാറ്റിക് മൂല്യത്തെ ഇതല്പം കുറയ്ക്കുന്നുണ്ടെങ്കിലും കുഞ്ചാക്കോ ബോബന്റെ അപൂർവ്വ പ്രകടനം തകർച്ചയിൽ നിന്ന് ചിത്രത്തെ രക്ഷിക്കുന്നുമുണ്ട്.
സി.ഐ ഹരിശങ്കർ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ തന്റെ കരിയറിലെ ഏറ്റവും ഗംഭീര പ്രകടനങ്ങളിൽ ഒന്നാണ് കാഴ്ചവയ്ക്കുന്നത്. കടുത്ത മാനസിക സംഘർഷങ്ങളുള്ള, വളരെ മോശം ഭൂതകാലത്തിൽ ജീവിച്ച, ഒരുപാട് പിഴവുകളുള്ള ഒരു കഥാപാത്രമായി ഹരിശങ്കർ നിറഞ്ഞാടുമ്പോൾ, കുഞ്ചാക്കോ ബോബൻ അതിന് തന്റെ ജീവൻ മുഴുവൻ നൽകുന്നുണ്ട്. ഒരു സാധാരണ പോലീസ് ത്രില്ലറിനപ്പുറം ഈ കഥാപാത്രം ഗൗരവമുള്ളതും ഹൃദയസ്പർശിയുമായി വ്യത്യസ്തത നേടുന്നതിന്റെ പിന്നിൽ അദ്ദേഹത്തിന്റെ പ്രകടനം വളരെ നിർണ്ണായകമാണ്.
എന്നാൽ സ്ത്രീകളും കുട്ടികളും നേരിടുന്ന പീഡനങ്ങളെ ആധാരമാക്കി ഒരുങ്ങിയ മറ്റൊരു ക്രൈം ത്രില്ലർ മാത്രമായി ഒതുങ്ങാനുള്ള ഒരു സാധ്യത കൂടി ചിത്രത്തിനുണ്ട്. ആക്രമണം, പീഡനം, ലൈംഗിക അതിക്രമം എന്നിവ
കേന്ദ്രമാക്കി, സ്ത്രീകളെ ഇരകളാക്കി പുരുഷന്മാർ ആക്രമണോൽസുകാരായി ഒടുവിൽ നീതി നിറവേറ്റുന്ന പോലീസ് ഓഫീസറുടെ കഥ അവതരിപ്പിക്കുമ്പോൾ അത് വീണ്ടും സാധാരണമായ, വീണ്ടുമാവർത്തിക്കപ്പെടുന്ന ഒരു കഥാതന്തു ആയി മാറുന്നുമുണ്ട്. അതിനൊപ്പം തന്നെ പ്രധാനമായ മറ്റ് രണ്ട് ചോദ്യങ്ങളും സിനിമ ഉയർത്തുന്നുണ്ട്. എന്തുകൊണ്ടാണ് മുഖ്യധാര സിനിമകൾ വീണ്ടും വീണ്ടും ഒരേ ഫോർമുലയ്ക്ക് മടങ്ങുന്നത്? സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾ കഥ പറച്ചിലിന്റെ ഒരു നിർബന്ധിത ഘടകമായി മാറിയിരിക്കുന്നുവോ?
ഓഫീസർ ഓൺ ഡ്യൂട്ടി’ മികവ് പുലർത്തുന്നത് അതിന്റെ സാങ്കേതിക നിർവഹണത്തിലാണ്. ചിത്രം പ്രതിനിധാനം ചെയ്യുന്ന ആശങ്കയും ആവലാതികളും കൃത്യമായി പകർത്താനും പ്രേക്ഷകരിലേക്ക് ലവലേശം പോലും വിട്ടുപോകാതെ എത്തിക്കാനും റോബി വർഗീസ് എന്ന ചായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും ഫയ്റ്റും ചേസിങ് സീനുകളുമെല്ലാം ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന് കെട്ടുറപ്പും ഭദ്രതയും പകരുന്നു. ജേക്സ് ബിജോയ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും യാഥാസ്ഥിതികതമാണ്. എന്കിലും പ്രേക്ഷകരിൽ ആവേശവും ഉത്കണ്ഠയും നിറയ്ക്കുന്നതമായിരുന്നു.

ഹരിശങ്കറിന്റെ ഭാര്യയായി പ്രിയാമണിയും ചന്ദ്രബാബു എന്ന കഥാപാത്രമായി ജഗദീഷും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പ്രിയാമണിയുടെ കഥാപാത്രത്തിനെ കൂടുതൽ ആഴത്തിൽ അവതരിപ്പിക്കാമായിരുന്നെങ്കിലും ചിത്രം അതിനു മുതിരുന്നില്ല. അതോടൊപ്പം തന്നെ എടുത്തു പറയേണ്ട ഒന്നാണ് വില്ലൻ കഥാപാത്രങ്ങളുടെ ഭാഗമായ രണ്ട് സ്ത്രീകളുടെ, മാനസികമായും ശാരീരികമായും പരമ്പരാഗത രൂപകൽപ്പനകളെ മറികടക്കുന്ന ശക്തമായ സാന്നിധ്യം.
‘ഓഫീസർ ഓൺ ഡ്യൂട്ടി’ ഒരു ക്രൈം ത്രില്ലർ മാത്രമല്ല, മറിച്ച് മാനസിക ആഘാതങ്ങളെയും അതിന്റെ പ്രതികരണങ്ങളെയും കുറിച്ചുള്ള ആഴത്തിലുള്ള അന്വേഷണം കൂടിയാണ്. മികച്ച സ്ക്രീൻപ്ലേ കൊണ്ടും ചായാഗ്രഹണം കൊണ്ടും അടിയുറച്ച പെർഫോമൻസുകൾ കൊണ്ടും ബിഗ് സ്ക്രീനിൽ തന്നെ കാണേണ്ട ഒരു ചിത്രമാണിത്.
കുഞ്ചാക്കോ ബോബനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കരിയറിലെ ഒരു മികവുറ്റ കഥാപാത്രം തന്നെയാണിത്. ഹരിശങ്കർ എന്ന കഥാപാത്രത്തിനോട് 100% നീതിപുലർത്തിയുള്ള അദ്ദേഹത്തിന്റെ പ്രകടനം മലയാള സിനിമയിലെ മുൻനിരാ സാന്നിധ്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതാണ്. ചോക്ലേറ്റ് ഹീറോ ചാക്കോച്ചൻ എന്ന മുദ്ര വെട്ടി മാറ്റി കൂടുതൽ ഗൗരവമുള്ള, തീവ്രത നിറഞ്ഞ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് ‘ഓഫീസർ ഓൺ ഡ്യൂട്ടി’ യിലൂടെ അദ്ദേഹം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.