
രാഷ്ട്രപതി ദ്രൗപദി മുർമു വഖഫ് നിയമത്തിന് അംഗീകാരം നൽകി രണ്ടു ദിവസം കഴിയുമ്പോഴേക്കും വാരണാസിയിൽ പൗരാണികമായ മസ്ജിദിന് നേരെ ഭാരതീയ ജനതാ പാർട്ടി എം.എൽ.എ നീൽ കണ്ഠ തിവാരിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ കടന്നാക്രമണം. വഖഫ് നിയമം പാസാക്കിയ സാഹചര്യത്തിൽ മസ്ജിദുകളുടെ സ്വത്തിൽ മറ്റു മതസ്ഥർക്ക് അവകാശമുണ്ടെന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് ഇരച്ചു കയറിയ ഒരു സംഘം ബിജെപി – വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരെ നയിച്ചു കൊണ്ടാണ് തിവാരി ചരിത്രപ്രസിദ്ധമായ ധരാഹര മസ്ജിദിൽ എത്തിയത്.
ഏതാണ്ട് ഒന്നര മണിക്കൂർ മസ്ജിദിൽ ചെലവഴിച്ച തിവാരി ചെരുപ്പ് ഇട്ട് മസ്ജിദിന്റെ മുറ്റം തൂത്തുവാരുന്ന ദൃശ്യങ്ങൾ ഹിന്ദി മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ഉള്ള വീഡിയോ പ്രശസ്ത ഹിന്ദി പത്രമായ ദൈനിക്ക് ഭാസ്കർ പ്രസിദ്ധീകരിച്ചതാണ്.
വഖഫ്ബില്ലിന്റെ പാസാക്കൽ സമൂഹത്തിന്റെ താഴെക്കിടയിൽ എങ്ങനെയാണ് പ്രതിഫലിക്കാൻ പോകുന്നതു എന്നതിൻ്റെ ദൃഷ്ടാന്തമാണ് ധരാഹര മസ്ജിദിൽ കണ്ട കടന്നാക്രമണമെന്ന് വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ് ട്രസ്റ്റ് ആയ അഞ്ജുമൻ ഇന്തസാമിയ മസാജിദിൻ്റെ ജോയിൻ്റ് സെക്രട്ടറി എസ്.എം യാസീൻ ദി ഐഡത്തോട് പറഞ്ഞു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിൻ്റെ ശ്രദ്ധയിലേക്ക് ഈ സംഭവവും അതിൻറെ പ്രത്യാഘാതങ്ങളും കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും യാസീൻ കൂട്ടിച്ചേർത്തു.
ഉത്തരേന്ത്യയിലെ വിവിധ പള്ളികൾക്കിടയിൽ മന്ദിരുകൾ ഉണ്ടെന്ന പ്രചാരണത്തിലൂടെയും അത് വിവാദമാക്കാനുള്ള കോടതി നടപടികളിലൂടെയും മുന്നോട്ടു നീക്കിക്കൊണ്ടിരിക്കുന്ന സാമൂഹിക കലാപ പദ്ധതികളുടെ തുടർച്ചയാണ് ഇപ്പോൾ വാരണാസിയിൽ കണ്ടത് എന്ന് സമാജ് വാദി പാർട്ടി പ്രസിഡണ്ട് അഖിലേഷ് യാദവ് പ്രതികരിച്ചു. “ഒരു വശത്ത് നിയമത്തെ ഉപയോഗിച്ചുള്ള നീക്കങ്ങൾ. അതോടൊപ്പം സമൂഹത്തിൽ വർഗീയ പ്രകോപനം ഉണ്ടാക്കാനുള്ള ഇത്തരം ചെയ്തികൾ. ഭാരത പാർട്ടിയുടെയും സംഘപരിവാറിലെ ഇതര സംഘടനകളുടെയും സമകാലിക പരിപാടികളുടെ ഒരു പ്രധാന തലം ഇങ്ങനെയാണ്.” അഖിലേഷ് യാദവ് ദി ഐഡത്തോട് പറഞ്ഞു.
ആലംഗീർ മസ്ജിദ് എന്നുകൂടി അറിയപ്പെടുന്ന ധരാഹര മസ്ജിദ് പതിനേഴാം നൂറ്റാണ്ടിൽ ഔറംഗസീബിൻ്റെ ഭരണകാലത്ത് പണിഞ്ഞതാണ് . വാരണാസിയിലെ പഞ്ചച ഗംഗ ഘാട്ടിൽ സ്ഥിതി ചെയ്യുന്ന മസ്ജിദ് ഒരു ചരിത്രര സ്മാരകമായാണ് നിർണയിക്കപ്പെട്ടിട്ടുള്ളത്. പക്ഷേ മറ്റു പല ചരിത്രസ്മാരകങ്ങളെയും പോലെ സംഘപരിവാർ ഇത് ഒരു രാഷ്ട്രീയ ഉപകരണം ആയി മാറ്റാൻ ശ്രമിക്കുകയാണ്.

വഖഫ് നിയമം പാസാക്കൽ ഈ രാഷ്ട്രീയ പദ്ധതിക്ക് പുതിയ ആക്കം നൽകുകയും ചെയ്തിരിക്കുന്നു. ഇതേ തുടർന്ന് പുതിയ പദ്ധതികൾ എന്തായിരിക്കും എന്ന ആശങ്കയിലാണ് വാരണാസിയിലെ ജനങ്ങൾ, പ്രത്യേകിച്ച് ന്യൂനപക്ഷ ജനവിഭാഗങ്ങൾ.