A Unique Multilingual Media Platform

The AIDEM

Articles Culture International Travel

ശവകുടീര നഗരങ്ങൾ (ഈജിപ്ത് യാത്രാ കുറിപ്പുകൾ #2)

ശവകുടീര നഗരങ്ങൾ (ഈജിപ്ത് യാത്രാ കുറിപ്പുകൾ #2)

എല്ലാ നിലയ്ക്കും തന്ത്രപ്രധാനമായ ഒരു സ്ഥാനമാണ് ചരിത്രത്തിലും ഭൗമനിലകളിലും ഈജിപ്തിനുള്ളത്. ആഫ്രിക്കൻ വൻകരയിലാണ് ഈജിപ്ത് സ്ഥിതി ചെയ്യുന്നതെങ്കിലും ഏഷ്യയും യൂറോപ്പുമായുള്ള അതിന്റെ സാമീപ്യം സുപ്രധാനമാണ്. വടക്ക് മെഡിറ്ററേനിയൻ കടലും അതിനപ്പുറത്ത് ഗ്രീസും സൈപ്രസും തുർക്കിയും, വടക്കു കിഴക്ക് പാലസ്തീനിലെ ഗാസയും ഇസ്രായേലും, കിഴക്ക് ചെങ്കടലും(റെഡ്‌ സീ) അതിനപ്പുറത്ത് ജോർദാനും സൗദി അറേബ്യയും, തെക്ക് സുഡാനും പടിഞ്ഞാറ് ലിബിയയുമെല്ലാമായി സങ്കീർണമായ അതിർത്തികളാണ് ഈജിപ്തിന്റേത്. ഈജിപ്തിന്റെ മൂന്നിൽ രണ്ടു ഭാഗവും മരുഭൂമിയാണ്. നൈൽ നദിയുടെ ഇരുവശത്തും മെഡിറ്ററേനിയൻ കടലിന്റെ തീരത്തും മറ്റും മാത്രമാണ് ജനവാസമുള്ളത്. കൃഷിയും സംസ്‌ക്കാരവും കലയും സാഹിത്യവും സംഘടിത മതവും നഗരവത്ക്കരണവും കേന്ദ്രീകൃത സർക്കാരും എന്നിങ്ങനെ ആധുനിക കാലത്തെ നിർണയിക്കുന്ന പല അടിസ്ഥാന ഘടകങ്ങളും തുടക്കം മുതല്ക്കു തന്നെ സജീവമായി പ്രവർത്തിക്കുന്ന രാജ്യമാണ് ഈജിപ്ത്.

ഈജിപ്ഷ്യൻ നാഗരികതയുടെ മ്യൂസിയം

ഏതാണ്ട് ബി സി 3100ലാണ് ഈജിപ്ത് ഒറ്റ വിശാല രാഷ്ട്രമായി ഐക്യപ്പെട്ടതെന്ന് കരുതുന്നു. ഇപ്പോഴുള്ള ഈജിപ്തിന്റെ അതിർത്തികൾ തന്നെയായിരിക്കണം അന്നത്തെയും അതിർത്തികൾ എന്നല്ല അതിന്റെ അർത്ഥം. ഈജിപ്ത് എന്ന തുടരുന്നതും നിലനിന്നതും മാറിയതുമായ സാംസ്‌ക്കാരിക രാഷ്ട്രത്തിന്റെ ഐക്യവും സ്ഥാപനവുമാണ് അന്ന് നടന്നതെന്നു പറയാം. നാർമർ രാജാവിന്റെ ഫലകം (പാലെറ്റ്) കൈറോവിലെ മ്യൂസിയത്തിൽ കേടു കൂടാതെ സൂക്ഷിച്ചിട്ടുണ്ട്. രണ്ടു പുറങ്ങളിലും വിവിധ കാര്യങ്ങൾ ചിത്രങ്ങളിലൂടെ രേഖപ്പെടുത്തിയിട്ടുള്ള ഈ ഫലകത്തിന്റെ പിൻ ഭാഗത്തിന്റെ ചിത്രം ഞാനെടുത്തത് ഇവിടെ കൊടുത്തിട്ടുണ്ട്. ഇതിൽ, വെള്ള കിരീടം അണിഞ്ഞ രാജാവ് ശത്രുവിനെ വധിക്കുന്നതാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൃഗങ്ങളുടെ വളഞ്ഞ കൊമ്പിന്റെ ചിത്രങ്ങളും മുകളിൽ കാണാം. രാജാക്കന്മാരുടെ മനുഷ്യരൂപങ്ങളെയും അതോടൊപ്പം മൃഗങ്ങളെയും അക്കാലത്ത് ആരാധിച്ചിരുന്നു എന്നു ചുരുക്കം. തെക്കൻ ഈജിപ്തിലെ ഹെയറക്കോൺപോളീസ് എന്ന ഉപരാജ്യത്തിൽ നിന്നാണ് ഈ നാർമെർ ഫലകം കണ്ടെടുത്തത്. തെക്കൻ ഈജിപ്തിലാണ് തീബ്‌സ്‌ സാമ്രാജ്യവും ഇപ്പോഴത്തെ ലക്‌സറും ഉള്ളത്. ഫറോവമാർ ഇവിടെ കേന്ദ്രീകരിച്ചാണ് ദീർഘകാലം ഭരിച്ചത്.

നാർമർ രാജാവിന്റെ ഫലകം

കൈറോയിൽ നിരവധി മ്യൂസിയങ്ങൾ ഉണ്ട്. രണ്ടു മ്യൂസിയങ്ങൾ ആണിതിൽ ഞങ്ങൾ സന്ദർശിച്ചത്. ഈജിപ്ഷ്യൻ മ്യൂസിയവും സിവിലൈസേഷൻ മ്യൂസിയവും. ഗിസ പിരമിഡുകൾക്കടുത്തായി പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഗ്രാന്റ് ഈജിപ്ഷ്യൻ മ്യൂസിയം എന്ന പുതിയ മ്യൂസിയം കൂടി പ്രവർത്തനക്ഷമമാകുന്നതോടെ കൈറോവിലെ മ്യൂസിയങ്ങൾ വിശദമായി കാണാൻ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. മരുഭൂമിയിലെയും മലനിരകളിലെയും കടുത്ത ചൂടുള്ള കാലാവസ്ഥ താങ്ങാൻ പ്രയാസപ്പെടുന്നവർ, പ്രത്യേകിച്ച് പ്രായമുള്ളവർ ഈ മ്യൂസിയങ്ങളിൽ കൂടുതൽ സമയം ശ്രദ്ധയോടെ പുരാവസ്തുക്കൾ കാണുന്നതായിരിക്കും യുക്തം. നിരവധി മമ്മികൾ, പിരമിഡുകളിൽ നിന്നും മറ്റ് ശവക്കല്ലറകളിൽ നിന്നും പുറത്തെടുത്ത് ഇവിടെ ആണ് പ്രദർശിപ്പിക്കുന്നത്. സിവിലൈസേഷൻ മ്യൂസിയത്തിൽ മമ്മികളുടെ ഫോട്ടോ എടുക്കുന്നതിന് വിലക്കുണ്ടെങ്കിലും ഈജിപ്ഷ്യൻ (തെഹ്രീർ) മ്യൂസിയത്തിൽ ഒരെണ്ണം ടോക്കണായി പ്രദർശിപ്പിച്ചത് ഫോട്ടോ എടുക്കാൻ അനുവദിച്ചു.

2011ലെ ഭരണ വിരുദ്ധ കലാപത്തിൽ തെഹ്രീർ ചത്വരത്തിനടുത്തുള്ള മ്യൂസിയത്തിൽ കലാപകാരികൾ കടന്നു കയറുകയും രണ്ടു മമ്മികളെ നശിപ്പിക്കുകയും നിരവധി പുരാവസ്തുക്കൾ കേടുവരുത്തുകയും ചെയ്തു. ഏതാണ്ട് അമ്പതു വിലകൂടിയ കാഴ്ചവസ്തുക്കൾ കൊള്ളയടിക്കപ്പെട്ടതിൽ ഇരുപത്തഞ്ചെണ്ണമേ വീണ്ടെടുക്കാനായുള്ളൂ. തൂത്തുംഖാമുൻ രാജാവിന്റെ സ്വർണം പൂശിയ രണ്ടു മരപ്രതിമകളും മറ്റും തിരിച്ചെടുത്തവയുടെ കൂട്ടത്തിൽ പെടും.

പ്രാചീന ഈജിപ്തിലെ പിരമിഡ്, പിരമിഡ് അനന്തര കാലങ്ങളിലെ ഫറോവ ഭരണ ഘട്ടങ്ങളിലെ ശവക്കല്ലറകളിൽ മമ്മികൾ സൂക്ഷിച്ചു വെക്കുന്നത് ഒരു പേടകത്തിനു പുറത്ത് മറ്റൊരു പേടകം അതിനും പുറത്ത് വീണ്ടും മറ്റൊരു പേടകം എന്നിങ്ങനെ പലതായാണ്. ഇതിൽ മരം കൊണ്ടുള്ളവ മുതൽ കല്ലു കൊണ്ടുണ്ടാക്കിയതും സ്വർണം പൂശിയതും തനിത്തങ്കം കൊണ്ടുണ്ടാക്കിയതും വരെയുണ്ട്. ഓരോ കാലത്തെയും രാജാക്കന്മാരുടെ പ്രൗഢിയെയും അവരുടെ സമ്പദ് ശേഷിയെയും ഇതിൽ നിന്ന് തിരിച്ചറിയാം. ഇവരുടെ ഭരണ കാലങ്ങളെ ചരിത്രപരമായി രേഖപ്പെടുത്തിയതാണ് സംസ്‌ക്കാര പഠനങ്ങളിൽ ഏറ്റവും പ്രയോജനകരമായിട്ടുള്ളത്. ചിത്രങ്ങൾ, ശില്പങ്ങൾ, കുഞ്ഞു രൂപങ്ങൾ(മിനിയേച്ചറുകൾ), കൊത്തുപണികൾ, തുണികളിലും പേപ്പിറസിലും (പേപ്പറിന്റെ ആദി രൂപം) ഉള്ള എഴുത്തുകൾ എന്നിങ്ങനെ സാധ്യമായ എല്ലാ മാർഗങ്ങളിലും ചരിത്രവും ജീവിതരീതികളും ആയോധനകലകളും കൃഷിയും കലയും എല്ലാം രേഖപ്പെടുത്തി വെച്ചിരിക്കുന്നു. അന്നത്തെ ചരിത്രം മനസ്സിലാക്കാം എന്നതു മാത്രമല്ല, എങ്ങിനെ ചരിത്രം രേഖപ്പെടുത്താം എന്നതും മനസ്സിലാക്കാം എന്നതാണ് ഇതിന്റെ സവിശേഷത.

ബിസി പതിമൂന്നാം നൂറ്റാണ്ടിലെ മെറെൻപ്ടായിലെ വിജയശില (victory stela of Merenptah) എന്നു പേരുള്ള ശിലാ ഫലകത്തിൽ, മെഡിറ്ററേനിയൻ തീരവാസികളെ കൂടെ കൂട്ടി ലിബിയക്കാർ നടത്തിയ ആക്രമണത്തെ ഈജിപ്ത് തോല്പിച്ചതെങ്ങനെ എന്നതിന്റെ വിശദീകരണമാണ് ഉള്ളത്. തെബെസിലെ ശവകുടീരക്ഷേത്രത്തിൽ നിന്ന് കണ്ടെടുത്ത ഈ ഫലകം കൈറോവിലെ മ്യൂസിയത്തിലാണുള്ളത്. കേടുപാടൊന്നുമില്ല.

ലുഖ്മാൻ ഈ ഫലകത്തെക്കുറിച്ച്‌ ഒരു കാര്യം പ്രത്യേകം എടുത്തു പറഞ്ഞു. ഒരു വിജ്ഞാപനം അല്ലെങ്കിൽ വാർത്താരേഖ, ചിത്രവും ചിത്ര ലിപിയും ലിഖിത ലിപിയും എല്ലാം ഉപയോഗിച്ച് ഒറ്റ കൽ പ്രതലത്തിൽ തന്നെ ഉൾക്കൊള്ളിച്ച് വിനിമയം ചെയ്തിരിക്കുന്നു. ഇപ്പോഴത്തെ വൃത്താന്ത പത്രങ്ങൾ ഏതാണ്ട് ഈ മാതൃകയിലാണല്ലോ. ഫോട്ടോകളും കാരിക്കേച്ചറുകളും പരസ്യങ്ങളും വാർത്തകൾ ലിപികൾ കൊണ്ട് അച്ചടിച്ചതും ഒറ്റ പേജിൽ. ആ ഡിസൈനിന് മൂവ്വായിരത്തിലധികം കൊല്ലത്തെ പഴക്കമുണ്ടെന്നു ചുരുക്കം.

മിക്കവാറും ജനങ്ങൾ നൈൽ നദീതടങ്ങളിലാണ് ജീവിക്കുന്നതെങ്കിലും ധാതുക്കളും സ്വർണവും ഖനനം ചെയ്‌തെടുക്കുന്നതിനായി നിരവധി തൊഴിലാളികളെയും സൈനികരെയും മരുഭൂമിയിലും വിന്യസിക്കുന്ന പതിവ് ഈജിപ്തിലുണ്ടായിരുന്നു. മണൽ പോലെ ഈജിപ്തിൽ സ്വർണം ലഭിക്കും എന്നാണ് തെക്കുപടിഞ്ഞാറേ ഏഷ്യയിലെ രാജാക്കന്മാർ വിശ്വസിച്ചിരുന്നത്. തെക്കേ ഈജിപ്തിലെ അസ്വാൻ നഗരത്തിന്റെ വിശേഷണം തന്നെ സ്വർണ ഭൂമി (ലാൻഡ് ഓഫ് ഗോൾഡ്) എന്നാണ്.

കൈറോയ്ക്കു ശേഷം ഞങ്ങൾ ലക്‌സറാണ് സന്ദർശിച്ചത്. പിന്നീട് കൈറോയിൽ തിരിച്ചെത്തി ആദ്യം പോകാൻ സാധിക്കാതിരുന്ന ചില സ്ഥലങ്ങൾ കാണുകയും ചെയ്തു. കൈറോയിൽ നിന്ന് ലക്‌സറിലേയ്ക്ക് അറുനൂറ്റമ്പതു കിലോമീറ്ററിലധികം ദൂരമുണ്ട്. വിമാനം വഴിയും ബസ്സ് വഴിയും തീവണ്ടി വഴിയും പോകാം. ബസ്സായാലും തീവണ്ടിയായാലും എട്ടൊമ്പതു മണിക്കൂർ പിടിക്കും. അതിൽ തന്നെ, തീവണ്ടിയാണെങ്കിൽ വിദേശികൾക്ക് നിരക്ക് കൂടുമെന്നതിനാൽ വലിയ സാമ്പത്തിക ലാഭവുമില്ല. ഇതുകൊണ്ടൊക്കെ, ഞങ്ങൾ വിമാനയാത്രയാണ് തെരഞ്ഞെടുത്തത്. ഒരാൾക്ക് പതിനായിരം ഇന്ത്യൻ രൂപയോളം വരും ടിക്കറ്റ്. നാട്ടിൽ നിന്ന് കൈറോവിലേയ്ക്കും തിരിച്ചുമെന്നതു പോലെ, ഈജിപ്തിനകത്തുള്ള ആഭ്യന്തര വിമാനടിക്കറ്റുകളും ഇവിടെ നിന്നു തന്നെ ബുക്ക് ചെയ്തിരുന്നു. അക്ബർ ട്രാവൽസിലെ ഫിറോസ് ആണ് ഇക്കാര്യമെല്ലാം കൃത്യമായി ചെയ്തു തന്നത്. വിമാനയാത്രാ ബുക്കിംഗ് ഓൺലൈൻ ആയി നിഷ്പ്രയാസം ചെയ്യാനാവുമെങ്കിലും, ഓരോരോ കമ്പനികളുടെ നിയമങ്ങളും നിബന്ധനകളും മുഴുവനായി വായിച്ചു മനസ്സിലാക്കി ബുക്ക് ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന്, എത്ര കിലോ ബാഗേജ് കൊണ്ടുപോകാം, അതു തന്നെ ഒറ്റ പെട്ടിയാണോ അതോ രണ്ടാണോ എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ യാത്ര അവതാളത്തിലാവും. അതുകൊണ്ടാണ് വിമാനയാത്രാ ബുക്കിംഗുകളെല്ലാം ഫിറോസിനെ ഏല്പിച്ചത്. അതേ സമയം, ഹോട്ടൽ ബുക്കിംഗ് ട്രാവൽ കമ്പനികൾ വഴി ചെയ്താൽ ജിഎസ്ടിയും മറ്റും കൂടുതലായി പിടിക്കുമെന്നതിനാൽ വലിയ നഷ്ടം വരും. അതുകൊണ്ട് ബുക്കിംഗ് ഡോട്ട് കോം പോലുള്ള സൈറ്റുകൾ വഴി ചെയ്യുന്നതാണ് ഉത്തമം.

ഒരു മണിക്കൂർ സമയം കൊണ്ട് ഞങ്ങൾ ലക്‌സറിലെത്തി. ലക്‌സറിലേത് അന്താരാഷ്ട്ര വിമാനത്താവളമാണ്. നിരവധി വിമാനക്കമ്പനികൾ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് ലക്‌സറിലേയ്ക്ക് സർവീസ് നടത്തുന്നുണ്ട്. നിരവധി കാലം ഈജിപ്തിന്റെ തലസ്ഥാനമായിരുന്ന തീബ്‌സ്‌ നഗരത്തിന്റെ അവശിഷ്ടങ്ങൾ ലക്‌സറിനുള്ളിലാണുള്ളത്. നൈൽ നദിക്കരയിലുള്ള പ്രാചീനവും ആധുനികവുമായ ഈ നഗരങ്ങൾ അപ്പർ ഈജിപ്ത് അഥവാ തെക്കേ ഈജിപ്തിലാണുള്ളത്. ചരിത്രാതീത കാലം മുതല്ക്ക് മനുഷ്യജീവിതം നിലനില്ക്കുന്ന നൂബിയയുടെയും അടുത്താണ് ലക്‌സർ.

തീബ്‌സ്‌ എന്ന പേര് ഗ്രീക്ക് ആണ്. മെംഫിസ്, ഐസിസ് ദേവത, ഒസിരിസ് ദൈവം എന്നിവയെല്ലാം ഗ്രീക്ക് പ്രയോഗങ്ങളാണ്. ഫറോവമാരുടെ കാലഘട്ടത്തിനു ശേഷം ഗ്രീക്ക് ഭരണമായിരുന്നു ഈജിപ്തിൽ. മഹാനായ അലെക്‌സാണ്ടറെ ഫറോവയായി വാഴിച്ചുകൊണ്ടാണ് ഈജിപ്ത് കീഴടങ്ങിയത്. പേർസ്യയുടെ ഭാഗമായിരുന്നു അക്കാലത്ത് ഈജിപ്ത്. ഹോ, അയാൾ (അലെക്‌സാണ്ടർ) ജീവിക്കുന്ന ദൈവമായി മാറിയിരിക്കുന്നു എന്നാണ് പേർസ്യയിലെ ചക്രവർത്തി ഈ കിരീടാരോഹണത്തെ പരിഹാസമായും സ്വയം കുറ്റപ്പെടുത്തുന്ന നിരാശാകരമായ യാഥാർത്ഥ്യമായും വിശേഷിപ്പിച്ചത്.

ലക്‌സറിൽ രണ്ടു പ്രധാന സ്ഥലങ്ങളാണ് നിർബന്ധമായും സന്ദർശിക്കാനുള്ളത്. ഒന്നാമത്തേത് കർണക് ടെമ്പിളും രണ്ടാമത്തേത് വാലി ഓഫ് കിംഗ്‌സും (രാജാക്കന്മാരുടെ താഴ് വര). മധ്യകാല രാജവംശം, പുതിയ രാജവംശം (മിഡിൽ ആന്റ് ന്യൂ കിംഗ്ഡംസ്) എന്നീ ഫറോവ കാലങ്ങളിൽ ഇവിടെയായിരുന്നു ഈജിപ്തിന്റെ തലസ്ഥാനം.

പ്രാചീന ഈജിപ്ഷ്യൻ ഭാഷയിൽ കർണക്കിന്റെ പേര് ഇപെത്സുത് എന്നാണ്. ഏറ്റവും തെരഞ്ഞെടുക്കപ്പെട്ട സ്ഥലം എന്നാണർത്ഥം. പരമോന്നത ദൈവമായ അമുൻ റെ യെ ആരാധിക്കുന്നതിനാണ് പ്രധാനമായും ഈ ക്ഷേത്രം ഉദ്ദേശിച്ചിട്ടുള്ളത്. എന്നാൽ, ടോളമിയുടെ കാലം വരെ പതിനെട്ടോളം നൂറ്റാണ്ടുകൾ പല രാജാക്കന്മാർ ഇവിടെ നിർമ്മാണപ്രവൃത്തികൾ നടത്തിയിട്ടുള്ളതിനാൽ, അവരിൽ പലർക്കും പ്രാധാന്യം ലഭിക്കുകയും ചെയ്തിട്ടുണ്ട്. പിരമിഡുകളും ശവകുടീരങ്ങളുമെന്നതു പോലെ ക്ഷേത്രങ്ങളും ഈജിപ്തിലെ പ്രാചീന സംസ്‌കാര സ്മൃതികളുടെ നിർണായക രേഖകളും നിർമ്മിതികളുമാണ്.

ലേഡി ഐസിസിന്റെ ശവപ്പെട്ടി

ഫറോവമാർ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ദൈവങ്ങളായി സ്വയം സങ്കൽപിച്ചു. അക്കാലത്തെ അവരുടെ പ്രജകളെക്കൊണ്ടും ഇക്കാര്യം വിശ്വസിപ്പിച്ചെടുക്കാൻ അവർക്ക് സാധിച്ചു. ആരാധനയ്ക്കു വേണ്ടിയുള്ള മഹാക്ഷേത്രസമുച്ചയമാണ് കർണക് ടെമ്പിൾ. നൂറ്റാണ്ടുകൾ കൊണ്ടാണ് ഇതിന്റെ നിർമ്മാണങ്ങൾ നടന്നിട്ടുള്ളത്. ബി സി 1900 മുതൽ മുന്നൂറ് വരെ ഇതിന്റെ നിർമ്മാണം നടന്നിട്ടുണ്ട്. ക്ഷേത്രങ്ങളും പടുകൂറ്റൻ തൂണുകളും ഗോപുരങ്ങളും ഹാളുകളും എല്ലാമുള്ള കർണക് അവിടെയെത്തുന്ന ആരെയും ഏതു കാലത്തും അതിശയിപ്പിക്കും.

ജീവിതത്തെയും മരണത്തെയും സംബന്ധിച്ച് പ്രാചീന ഈജിപ്തിൽ നിലനിന്നിരുന്ന സങ്കല്പനങ്ങളുടെയും ഭാവനകളുടെയും മഹത്തായ ഒരു വിജ്ഞാന ശേഖരം ലക്‌സറിലെ ശവകുടീരങ്ങളിലും കൊട്ടാരങ്ങളിലുമുണ്ട്. തെബൻ നെക്രോപോളീസ് എന്നാണ് ഈ ഭാഗത്തെ വിളിക്കുന്നത്. റംസിസ് രണ്ടാമന്റെ സ്മൃതിക്ഷേത്രമായ റമീസിയം, വിശിഷ്ടരുടെ താഴ് വര(വാലി ഓഫ് നോബിൾസ്), രാജാക്കന്മാരുടെ താഴ് വര(വാലി ഓഫ് കിംഗ്‌സ്) എന്നിവയ്ക്കു പുറമെ ഹാത്‌ഷെസ്പുട്ട് എന്ന ഏക മഹിളാ ഫറോവയുടെ ക്ഷേത്രവും ഇവിടെയുണ്ട്. ഹോട്ട് എയർ ബലൂണിൽ കയറി ഈ വിശാലമായ നെക്രോപോളീസിന്റെ വിഹഗ വീക്ഷണം നടത്താനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുറച്ചു ഭീതി തോന്നിയതിനാൽ ആ സാഹസത്തിനു തുനിഞ്ഞില്ല.

 

(കർണക്ക് ടെമ്പിളിന്റെയും രാജാക്കളുടെ താഴ്വരയുടെയും കൂടുതൽ വിശദാംശങ്ങൾ അടങ്ങിയ മൂന്നാം ലക്കം അടുത്ത ആഴ്ച വായിക്കാം)

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
1
0
Would love your thoughts, please comment.x
()
x