
2003 ഫെബ്രുവരി 19ന് സ്വന്തം ഭൂമിക്കായി വയനാട് മുത്തങ്ങയിൽ നടന്ന ആദിവാസികളുടെ കുടിൽകെട്ടി സമരം ആര്‍ക്കും മറക്കാന്‍ കഴിയാത്തതാണ്. സമാധനപരമായി നീങ്ങിയ സമരത്തിലും സമരക്കാരിലും പോലീസ് ആയുധമുള്‍പ്പെടെയുളള കാര്യങ്ങള്‍ സംശയിക്കുകയും, സമരം ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തതാണ് പിന്നീട് മുത്തങ്ങ വെടിവെപ്പില്‍ അവസാനിക്കുന്നത്. പൊലീസിൻ്റെ ഏകപക്ഷീയമായ ആക്രമണത്തെ ആദിവാസികൾ പ്രതിരോധിക്കാൻ തുടങ്ങിയതോടെ സംഘർഷം കനക്കുകയും സംഘർഷത്തിലും വെടിവെപ്പിലും ഒടുവില്‍ ജോഗിയെന്ന ആദിവാസി യുവാവിനും വിനോദെന്ന പൊലീസുകാരനും ജീവൻ നഷ്ടമാകുകയും ചെയ്തു. ഫലത്തില്‍, കേരള ചരിത്രത്തിലെ ആദിവാസി മുന്നേറ്റങ്ങളിലെ പ്രധാനപ്പെട്ട അധ്യായമായി മാറുകയായിരുന്നു സി.കെ ജാനുവും ഗീതാനന്ദനും എല്ലാം നേതൃത്വം നല്‍കിയ ആദിവാസി ഗോത്രമഹാസഭ നടത്തിയ വയനാട് മുത്തങ്ങയിലെ ഭൂസമരം എന്നു പറയാം.

അതേസമയം, ഇപ്പോഴും ആദിവാസി ജനതയുടെ ഭൂമിപ്രശ്നത്തിന് പരിഹാരമായിട്ടില്ലെന്നും സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും ഭൂമി ലഭിച്ചിട്ടില്ലെന്നും ലഭിച്ച ഭൂമി പലതും വാസയോഗ്യമല്ലെന്നും സ്വന്തം ഭൂമിയേതെന്ന് പലര്‍ക്കും തിരിച്ചറിയാന്‍ പോലും കഴിയുന്നില്ലെന്നും ഉളള വാര്‍ത്തകള്‍ ഇപ്പോഴും, ഇരുപത്തിരണ്ടു വര്‍ഷത്തിനു ശേഷവും വരുന്നു എന്നത് ഏറെ ദു:ഖകരമായ വസ്തുതയാണ്.
നൈതികതയും ‘ഫാള്‍സ് ഫ്ലാഗ്’ ഓപ്പറേഷനുകളും
ഈ പശ്ചാത്തലത്തില്‍, അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായെത്തിയ ‘നരിവേട്ട’ എന്ന സിനിമ, പ്രേക്ഷകര്‍ക്ക് പകരുന്ന അനുഭവങ്ങള്‍ ഒട്ടും അപരിചിതമല്ലെന്ന് പറയാം. ഒരു വാണിജ്യ സിനിമ അതിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച് രാഷ്ട്രീയം പറയുന്നു എന്ന പ്രത്യേകത കൂടി ഇവിടെ കാണാം. ‘ഇഷ്ക്’ എന്ന സിനിമയ്ക്കു ശേഷമുളള ചിത്രം എന്ന നിലയില്‍, അനുരാജ് എന്ന സംവിധായകന്‍ ഏറെ മുന്നോട്ടു പോകുന്ന ഒരു ചിതം കൂടിയാകുന്നുണ്ട് നരിവേട്ട. ധീരമായ ഒരു ഭരണകൂട വിചാരണയായിക്കൂടി അബിന്‍ തന്റെ തിരക്കഥയെ മാറ്റുന്നു എന്നതും ശ്രദ്ദേയമാണ്.
സ്വാഭാവികമായും യഥാര്‍ഥ സംഭവത്തിന്റെ അടിസ്ഥാന പശ്ചാത്തലത്തില്‍ പുതിയ നരേറ്റീവ് ചേര്‍ത്തുകൊണ്ട് വികസിക്കുന്ന തിരക്കഥ, ഭരണകൂട കുടിലതയിലേക്കുകൂടി വിരല്‍ചൂണ്ടുന്നത്, സിനിമയ്ക്ക് പുതിയ ഒരു തലം നല്‍കുന്നുണ്ട്. സ്റ്റേറ്റ് ഭീകരതയും ഡീപ് സ്റ്റേറ്റ് ഗൂഢാലോചനകളുമെല്ലാം എല്ലാകാലത്തും ആവര്‍ത്തിക്കുന്ന പ്രതിഭാസമാണ് എന്ന് ഓര്‍മപ്പെടുത്താനുളള കരുത്ത് നരിവേട്ടയ്ക്കുണ്ട് എന്നത് പ്രധാനപ്പെട്ട കാര്യമാണ്. പതിനാറാം നൂറ്റാണ്ട് മുതല്‍ ‘ഫാള്‍സ് ഫ്ലാഗ്’ (വ്യാജ പതാക എന്നോ കളളക്കൊടി എന്നോ പരിഭാഷയാകാം) എന്ന പേരില്‍ അറിയപ്പെടുന്ന സ്റ്റേറ്റുകളുടെ വലിയ ദുര്‍ചെയ്തികളെക്കൂടി, അതിന്റെ ചെറിയ പ്രതിരൂപം പോലെ പ്രത്യക്ഷമാകുന്ന ‘നരിവേട്ട’ ഓര്‍മപ്പെടുത്തുന്നുണ്ടെന്നത് ചെറിയ കാര്യമല്ല. ഒരു സംഭവത്തില്‍, ഉത്തരവാദിത്തത്തിന്റെ യഥാർത്ഥ ഉറവിടം മറച്ചുവെക്കുകയും മറ്റൊരു കക്ഷിയെ കുറ്റപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ചെയ്യുന്ന ഒരു പ്രവൃത്തിയാണ് തെറ്റായ അല്ലെങ്കില്‍ വ്യാജമായ ഫ്ലാഗ് ഓപ്പറേഷൻ. ഒരാളുടെയോ ഒരു പ്രസ്ഥാനത്തിന്റെയോ ഒരു രാജ്യത്തിന്റെ തന്നെയോ വിശ്വസ്തതയെ മനഃപൂർവ്വം തെറ്റായി ചിത്രീകരിക്കാനുളള കിരാതമായ ദുഷ്ചെയ്തികളും അതുവഴി രൂപപ്പെടുത്തുന്ന അവാസ്തവ ആരോപണങ്ങളുമാണ് ‘വ്യാജ പതാക’യില്‍ നിലീനമായിരിക്കുന്നത്. (പതിനാറാം നൂറ്റാണ്ടിൽ കടൽക്കൊള്ളക്കാർ മറ്റുള്ളവരെ ആശയക്കുഴപ്പത്തിലാക്കാനും അവരുടെ കുറ്റകൃത്യങ്ങൾ മറ്റുള്ളവരെ കുറ്റപ്പെടുത്താനും ഉദ്ദേശിച്ച് മറ്റൊരാളുടെ പതാക ഉയർത്തിയിരുന്നതില്‍ നിന്നാണ് രാഷ്ട്രീയ അധാര്‍മ്മികതയുടെ പര്യായമായി, വ്യാജപതാക എന്ന പ്രയോഗം രൂപപ്പെടുന്നത്) ക്യൂബയ്ക്കെതിരായ യുദ്ധത്തിന് പൊതുജന പിന്തുണ ആര്‍ജ്ജിക്കാന്‍, ക്യൂബയില്‍ വ്യാജ ഉത്തരവാദിത്തം ആരോപിക്കാന്‍, അമേരിക്കന്‍ നഗരങ്ങളിൽ അരാജകത്വം സൃഷ്ടിക്കുന്നതിനായി 1960-കളിൽ അമേരിക്ക തന്നെ തയ്യാറാക്കിയ ബോംബിംഗ് ഉള്‍പ്പെടെയുളള പ്ലാന്‍ ‘ഓപ്പറേഷന്‍ നോര്‍ത്ത് വുഡ്സ്’ എന്നറിയപ്പെടുന്നു -പ്രസിഡണ്ട് ജോണ്‍ എഫ് കെന്നെഡി പക്ഷേ ഈ ആസൂത്രണം അംഗീകാരത്തിനായി മുന്നില്‍ വന്നപ്പോള്‍ അതിന് അനുമതി നല്‍കിയില്ലെങ്കിലും. അതുപോലെ, ഓപ്പറേഷൻ ട്പാജാക്സ്, ഒപ്പറേഷന്‍ സൂസന്ന എന്നിങ്ങനെ പല ഫാള്‍സ് ഫ്ലാഗ് ഓപ്പറേഷനുകളും ചരിത്രത്തില്‍ നമുക്ക് കാണാനാകും.

ഉക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഇത്തരം ഓപ്പറേഷനുകളെക്കുറിച്ചുളള ഓര്‍മകളും ചര്‍ച്ചകളും ഒരര്‍ഥത്തില്‍ ഇപ്പോള്‍സജീവമാകുകയായിരുന്നു. പറഞ്ഞുവരുന്നത്, ‘നരിവേട്ട’ എന്ന സിനിമയിലെ അരേഖീയമായ -non linear- ആഖ്യാനം, ഒരു ഫാള്‍സ് ഫ്ലാഗ് ഓപ്പറേഷനിലൂടെ എപ്രകാരം ഒരു ധാര്‍മ്മിക സമരത്തെ അപായപ്പെടുത്തുന്നു എന്നു കൂടിയാണ്. അതേസമയം ഒരു ഭരണകൂടത്തിനു കീഴില്‍, പോലീസ്, ഒരേ സമയം വേട്ടക്കാരനും ഇരയും ആകുന്ന ദ്വന്ദ്വ സന്ദര്‍ഭങ്ങളും-അത്തരം നിസ്സഹായതകളും കൂടി സിനിമയുടെ പ്രമേയത്തില്‍ ഉള്‍ച്ചേരുന്നത് യുക്തിഭദ്രമായാണ്.
ഹിംസയിലെ നിര്‍മമത്വം
ടൊവിനോ തോമസ് എന്ന നടനെ സംബന്ധിച്ചിടത്തോളം, തന്റെ കരിയറിലെ ഏറ്റവും മികച്ച ഒരു കഥാപാത്രത്തെ ഈ ചിത്രം അദ്ദേഹത്തിന് നേടിക്കൊടുക്കുന്നുണ്ട്. താന്‍ ‘ഹൃദയം കൊണ്ട് പൂർത്തിയാക്കിയ സിനിമയാണ് നരിവേട്ട’ എന്ന് സിനിമയുടെ പ്രസ് മീറ്റിനിടയിൽ ടോവിനോ പറഞ്ഞത്, തീര്‍ച്ചയായും പ്രമേയത്തിന്റെ സവിശേഷത കൊണ്ടു തന്നെയാകണം. ഹൃദയപൂര്‍വ്വം മാത്രമേ ഈ ചിത്രം കാണാനും കഴിയുകയുളളൂ എന്നര്‍ഥം. മുഖ്യധാരയില്‍ ജീവിക്കുന്ന ഏതൊരു മനുഷ്യനിലും ഒരു ആത്മവിചാരണകൂടി സൃഷ്ടിക്കുന്നുണ്ട് നരിവേട്ട എന്നതാണ് അതിന്റെ പ്രധാന കാരണം. സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്ന ബഷീര്‍ എന്ന കഥാപാത്രത്തിന്, വെറും ഒരു പോലീസുകാരന്‍ മാത്രം ആകാന്‍ കഴിയാതെ പോകുന്നതിന്റെ സാമൂഹിക പശ്ചാത്തലം കൂടിയാണ് ഒരര്‍ഥത്തില്‍ സിനിമയുടെ അന്ത:സത്ത എന്നു പറയാം. ‘മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈന്‍ ചിത്രത്തിന് നല്‍കിയിട്ടുളളത് ആ നിലയില്‍ പ്രത്യേകം പ്രസക്തമാകുന്നു. 1996-ല്‍ ആദിവാസികളുടെ മുന്നേറ്റത്തിനു വേണ്ടി പാലക്കാട് കലക്ടറെ ബന്ദിയാക്കിയ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി, അയ്യങ്കാളിപ്പടയുടെ സമരത്തിന്റെ സിനിമാവിഷ്കാരമായ ‘പട’ (കമൽ കെ.എം, 2022) എന്ന ചിത്രത്തെയും നരിവേട്ട മറ്റൊരു രീതിയില്‍ ഓര്‍മിപ്പിക്കുന്നുണ്ട്.
രണ്ട് ചിത്രങ്ങളും പ്രമേയവല്‍ക്കരിക്കുന്നത്, പരിഹാരമില്ലാതെ നീളുന്ന ആദിവാസി ഭൂനിയമ- ഭൂസമര പ്രശ്നങ്ങള്‍ തന്നെയാണ് എന്നത് അതില്‍ പ്രധാന ഘടകമാകുന്നു. ആദിവാസികൾ നേരിടുന്ന വെല്ലുവിളികൾ ഈ ചിത്രത്തിന്റെയും ഹൃദയഭാഗം തന്നെയാണ്. അതുപോലെ പൊതുസമൂഹത്തിന് ആദിവാസികളോടുളള സമീപനത്തിന്റെ യഥാര്‍ഥ മുഖം, സിനിമയിലെ ഉളളുലയ്ക്കുന്ന ദൃശ്യങ്ങളായി പ്രത്യക്ഷമാകുന്നുണ്ട്. സിനിമ പ്രകടമായ കക്ഷിരാഷ്ട്രീയ ധ്വനികള്‍ നിരാകരിച്ച്, ഒരു സമൂഹത്തിന്റെ സാമൂഹികവും ചരിത്രപരവുമായ സൂക്ഷ്മരാഷ്ട്രീയത്തെ അടയാളപ്പെടുത്തുകയാണ്. അതിന്റെ ആത്യന്തിക ഫലം അത് എല്ലാ രാഷ്ട്രീയ കക്ഷികളെയും പ്രതിക്കൂട്ടിലാക്കുന്നു എന്നു കൂടിയാണ്.
അതുപോലെ, അധികാരത്തിന്റെ പലതരം ശ്രേണികളെ സിനിമ പരോക്ഷമായി അപഗ്രഥിക്കുന്നത് പ്രധാനമായിത്തീരുന്നുണ്ട്. ആദ്യത്തില്‍ സൂചിപ്പിച്ച ആദിവാസി-പൊതുസമൂഹം, ഭരണകര്‍ത്താക്കള്‍-പോലീസ്, പോലീസുന്നതാധികാരികള്‍-കീഴുദ്യോഗസ്ഥര്‍ എന്നിങ്ങനെ പല തലങ്ങളിലുളള അധികാര വിനിമയങ്ങളും സംഘര്‍ഷങ്ങളും ‘നരിവേട്ട’യില്‍ നിലനില്‍ക്കുന്നു.
വര്‍ഗീസ് പീറ്റർ എന്ന തൊഴിലന്വേഷകനായ ചെറുപ്പക്കാരന്റെ ജീവിതത്തിലെ സംഭവവികാസങ്ങളായാണ് നരിവേട്ട എന്ന ചിത്രം മുന്നേറുന്നത്. പി.എസ്.സി വഴി ലഭിച്ച പോലീസ് കോൺസ്റ്റബിൾ ജോലിയിലേക്ക് മാനസികമായി ഒട്ടും ഇഷ്ടമില്ലാതെ പ്രവേശിക്കേണ്ടിവരുന്ന വർഗീസ് എത്തിപ്പെടുന്ന സംഘര്‍ഷങ്ങളും വെല്ലുവിളികളും വലുതാണ്. സര്‍വ്വോപരി ഇദ്ദേഹത്തിന് ചീയമ്പം എന്ന സ്ഥലത്ത് നടക്കുന്ന ഒരു ആദിവാസി ഭൂസമരത്തിന് ഡ്യൂട്ടിക്ക് പോകേണ്ടിവരുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ കലുഷമാകുന്നു. തന്റെ പ്രണയം സഫലീകരിക്കാന്‍ ജോലി സ്വീകരിക്കുന്ന വര്‍ഗീസില്‍ നടക്കുന്ന പരിണാമങ്ങള്‍, ടൊവിനോ ഗംഭീരമാക്കുന്നു. അതുപോലെ തമിഴിലെ പ്രമുഖ സംവിധായകനും നടനുമായ ചേരന്‍, രഘുറാം എന്ന പോലീസ് അധികാരിയെ സമാനതകളില്ലാത്ത വിധം അവതരിപ്പിക്കുന്നു. ശക്തമായ സാമൂഹിക സന്ദേശങ്ങളുളള സിനിമകളുടെ സൃഷ്ടാവായ ചേരന്, ഈ കഥാപാത്രം സ്വാഭാവികമായും ഏറെ താത്പര്യമുളള ഒന്നായിരിക്കണം. ‘നിര്‍മമത്വമുളള ഹിംസ’യുടെ പ്രതീകമാകാന്‍ ചേരന്റെ രഘുറാമിന് അനായാസം കഴിയുന്നു എന്നര്‍ഥം. ശാന്തി എന്ന ഗോത്രസഭാ നേതാവിന്റെ വേഷം ആര്യാ സലീം മികച്ചതാക്കുന്നു. പ്രണവ് എന്ന നവാഗതന്റെ താമി എന്ന ആദിവാസി യുവാവ് വിസ്മരിക്കാന്‍ കഴിയാത്തതാണ്. ഒപ്പം, ആ ചെറുപ്പക്കാരന്‍ ഏറ്റുവാങ്ങുന്ന പീഡനത്തിന്റെ ആധിക്യം പല വര്‍ത്തമാന സംഭവങ്ങളെയും നിരന്തരം ഓര്‍മിപ്പിക്കുക കൂടി ചെയ്യും. കലാപത്തില്‍, ആ യുവാവ് വെടിയേറ്റു വീഴുന്ന കാഴ്ചയ്ക്കു പിറകെ, അയാളുടെ നായ കത്തുന്ന ശരീരവുമായി ഓടുന്ന ദൃശ്യം ഹൃദയഭേദകമാണ്. അകവും പുറവും വേവുന്ന ഒരു ജനതയുടെ – ഒരു സാമൂഹ്യ യാഥാര്‍ഥ്യത്തിന്റെ – കഠിന പ്രതീകമാകുന്ന ആ ഫ്രെയിം സിനിമയുടെ ആകെ സത്തയെ നിര്‍വ്വചിക്കാന്‍ പോലും പ്രാപ്തമാണ്. അപ്പോഴും നമ്മുടെ ഭരണഘടനയിലോ നിയമസംവിധാനത്തിലോ വിശ്വാസമർപ്പിച്ചു കൊണ്ടാണ് സിനിമ അവസാനിക്കുന്നത് എന്നത്, വാസ്തവത്തിൽ കലാകാരൻ്റെ ആഗ്രഹമോ പ്രത്യാശയോ കൂടിയാണ്.
ആദിവാസി ജനതയും ആദിവാസി വിഭാഗത്തിന്റെ ഭാഷയും കലര്‍പ്പില്ലാതെ സിനിമയില്‍ പ്രത്യക്ഷമാകുന്നത്, സംവിധാന മികവായിത്തന്നെ കാണാം. പ്രിയംവദ കൃഷ്ണൻ, കാതൽ സുധി, നന്ദു, കൃഷ്ണൻ എന്നിവരും തങ്ങളുടെ ഭാഗധേയം ഭംഗിയാക്കുന്നു. അബിന്‍ ജോസഫിന്റെ തിരക്കഥയ്ക്കു പുറമെ ഛായാഗ്രഹണം നിര്‍വഹിച്ച വിജയ്, സംഗീതം നല്‍കിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, കലാസംവിധാനം നിര്‍വ്വഹിച്ച ബാവ എന്നിവരുടെ സര്‍ഗാത്മകമായ കൂട്ടായ്മ കൂടിയാണ് നരിവേട്ടയെ സവിശേഷാനുഭവമാക്കുന്നത്. അതുപോലെ ഈ ചിത്രത്തിന് വേണ്ടി റാപ്പർ വേടൻ എഴുതി ആലപിച്ച ‘വാടാ വേടാ’ എന്ന ഗാനം ഇതിനകം യൂടൂബിൽ തരംഗമാകുന്നത്, ഈ ജനതയുടെ ജീവിതം, പ്രസ്തുത ഗാനം കൃത്യമായും ശക്തമായും പ്രതിഫലിപ്പിക്കുന്നുണ്ട് എന്നതിലാണ്. നമ്മുടെ സിനിമാനുഭവത്തില്‍ നരിവേട്ട ഒഴിവാക്കാന്‍ കഴിയാത്ത ഒരു സിനിമയാകുന്നത് അങ്ങനെയും കൂടിയാണ്.