ഇന്ത്യൻ പുരാണ സങ്കൽപ്പത്തിൽ പറഞ്ഞാൽ, സിനിമയുടെ ശിവനായിരുന്നു ഴാങ് ലുക് ഗൊദാർദ്. സംഹാരമൂർത്തി.
സിനിമയുടെ 127 വർഷത്തെ ചരിത്രത്തിൽ ഗൊദാർദിനെ പോലെ, ഒരേ സമയം വാഴ്ത്തപ്പെട്ട, ഒരേ സമയം ഇകഴ്ത്തപ്പെട്ട മറ്റൊരു സംവിധായകനുണ്ടാവില്ല. അതിനു കാരണം മറ്റൊന്നുമല്ല, ഗോദാർദ് എപ്പോഴും പൂജ്യത്തിലേക്കു മടങ്ങി. അവിടെ നിന്നു തുടങ്ങി.
സിനിമയുടെ ചരിത്രം ഗൊദാർദ് സിനിമയിൽ തന്നെ രചിച്ചിട്ടുണ്ട്. ‘സിനിമയുടെ ചരിത്രം’ എന്ന പേരിൽ. അതും അങ്ങേയറ്റം വാഴ്ത്തപ്പെട്ടു, അതുപോലെ ഇകഴ്ത്തപ്പെട്ടു.
ഗൊദാർദിനെ വെറുതെ ഇഷ്ടപ്പെടാനാവില്ല, വെറുതെ വെറുക്കാനും.
1950 കളിൽ തുടങ്ങിയ ഫ്രഞ്ച് നവതരംഗസിനിമയിൽ പ്രധാനപ്പെട്ട പേരാണ് ഗൊദാർദ്. സ്വന്തം ചലച്ചിത്ര സങ്കല്പങ്ങൾ അവതരിപ്പിച്ച ചലച്ചിത്ര നിരൂപകനായാണ് തുടക്കം. പിന്നീട് സ്വന്തമായ മട്ടിൽ ‘ബ്രെത്ത്ലെസ്’ എന്ന സിനിമയെടുത്തു; അംഗീകാരം നേടി.
ലോകം കലങ്ങിമറിഞ്ഞ ദശകമായിരുന്നു അറുപതുകൾ. വിയറ്റ്നാം യുദ്ധം, ചെഗുവേരയുടെ രക്തസാക്ഷിത്വം, പാരീസിലെ വിദ്യാർത്ഥി കലാപം, അമ്പതുകളുടെ അവസാനം ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിൽ ക്യൂബൻ സായുധ വിപ്ലവം.
ഈ ചരിത്ര സംഭവങ്ങളാണ് ഗൊദാർദിന്റെ കലയെ നിർണ്ണയിച്ചത്, സിനിമയെ കുറിച്ചുള്ള സിദ്ധാന്തങ്ങളോ, സൗന്ദര്യശാസ്ത്രമോ അല്ല. രാഷ്ട്രീയം, അടിമുടി രാഷ്ട്രീയം.
അതാണ് ഗൊദാർദിന്റേതായി എല്ലായ്പ്പോഴും ഉദ്ധരിച്ചു കാണുന്ന മഹാവാക്യം:
“രാഷ്ട്രീയ സിനിമ നിർമ്മിക്കുകയല്ല, രാഷ്ട്രീയമായി സിനിമ നിർമ്മിക്കുകയാണ് കാര്യം.”
രാഷ്ട്രീയ സിനിമയിൽ സെർഗി ഐസെൻസ്റ്റീന്റെ ‘ബാറ്റിൽഷിപ്പ് പൊതെംകി’ന്റെ കൂടെയല്ല, സിഗ വെർതോവിന്റെ ‘മാൻ വിത്ത് എ മൂവി ക്യാമറ’യുടെ കൂടെയാണ് ഗൊദാർദ് നിലകൊണ്ടത്. ഗൊദാർദും തീവ്ര മാർക്സിസ്റ്റായ ഴാങ് പിയെർ ഗോറിനുമായി ചേർന്ന്, ‘സിഗ വെർതോവ് ഗ്രൂപ്പ്’ ഉണ്ടാക്കി ലോകമെമ്പാടുമുള്ള പൊരുതുന്ന ജനതയോടൊപ്പം നിന്നു, ഗ്രൂപ്പിന്റെ മാനിഫെസ്റ്റോകളായി മാറിത്തീർന്ന സിനിമകളെടുത്തു. മാവോയിസത്തോട്, വിശേഷിച്ചും മാവോ സെതൂങ്ങിന്റെ വിപ്ലവകരമായ കലാദർശനങ്ങളോടായിരുന്നു ആഭിമുഖ്യം. മറ്റൊരർത്ഥത്തിൽ, അത് ബ്രെഹ്തിയൻ സങ്കൽപ്പങ്ങളിൽ നിന്നു മുതിർന്ന സിനിമകൾ കൂടിയായിരുന്നു. വർഗ്ഗസമരം ആയിരുന്നു ആത്യന്തികമായ പ്രമേയം. പക്ഷെ, അത് റിയലിസത്തെയോ സോഷ്യലിസ്റ്റ് റിയലിസത്തെയോ പിന്തുടർന്നില്ല. വിപ്ലവം മാമൂലുകളെ അനുസരിക്കുന്നില്ല.
‘സിഗ വെർതോവ് ഘട്ട’ത്തിൽ, ഗൊദാർദ് ക്യാമറ തൊഴിലാളികളെ ഏൽപ്പിച്ച് ചിത്രീകരിക്കുക പോലുമുണ്ടായി. കാരണം, ഒരു തൊഴിലാളി കാണുന്ന കാഴ്ചയല്ല, മധ്യവർഗ്ഗത്തിലോ ഉപരിവർഗ്ഗത്തിലോ പെട്ട ഒരാൾ കാണുക. കാഴ്ചയുടെ രാഷ്ട്രീയം.
ലോകത്തെ പലമട്ടിൽ വ്യാഖ്യാനിക്കുകയല്ല, മാറ്റിത്തീർക്കുകയാണ് കാര്യം എന്ന മാർക്സിന്റെ മഹാവാക്യം പോലെത്തന്നെ നിശിതമാണ് ഗൊദാർദിന്റെ രാഷ്ട്രീയ സിനിമാ സങ്കല്പം. സമൂഹത്തെ മാറ്റിത്തീർക്കുന്ന സിനിമ. മാർക്സിന്റേത് സാമൂഹിക ചരിത്രം; ഗൊദാർദിന്റേത് ചലച്ചിത്ര ചരിത്രം എന്ന വ്യത്യാസം മാത്രമേ ഉള്ളൂ. സത്തയിൽ അവ ഒന്നാണ്.
ഗൊദാർദ് ഒരു ‘ലേബലി’ലും ഒതുങ്ങിയില്ല. വൈരുദ്ധ്യങ്ങളെ പൂർണമായും ഉൾക്കൊണ്ടു. വൈകാരികതയും ധൈഷണികതയും ഒരുപോലെ നിറഞ്ഞുനിന്ന സർഗ്ഗാത്മക വ്യക്തിത്വം. അതിനാൽ, ഗൊദാർദ് പറഞ്ഞതെന്തും സിനിമയെക്കുറിച്ചുള്ള ‘വേദവാക്യ’ങ്ങളായി.
“സിനിമ സെക്കൻഡിൽ 24 ഫ്രെയ്മുള്ള സത്യമാണ്.”
“പരസ്യ ചിത്രങ്ങൾ വളരെ ചടുലവും ആകർഷകവുമാണ്. ‘ബാറ്റിൽഷിപ്പ് പോതെംകി’നെ പോലെ തന്നെ. പക്ഷെ ആ സിനിമയെപ്പോലെ തൊണ്ണൂറു മിനിട്ടു പിടിച്ചുനിൽക്കാൻ പരസ്യചിത്രങ്ങൾക്കാവില്ല. കാരണം, അവ നുണയാണ് പറയുന്നത്.”
“ലോകത്തിലെ ഏറ്റവും മനോഹരമായ വ്യാജമാണ് സിനിമ.”
“വേണമോ, വേണ്ടയോ (ടു ബി ഓർ നോട്ട് ടു ബി). ശരിക്കും അതൊരു ചോദ്യമല്ല.”
ഗൊദാർദിന്റെ അവസാനത്തെ രണ്ടു സിനിമകൾ, ‘ഭാഷയോടു വിട’ (2014), ‘ഇമേജ് പുസ്തകം’ (2018) എന്നിവയായിരുന്നു. സിനിമയെ ഗൊദാർദ് എങ്ങനെയാണ് കണ്ടത് എന്നതിന്റെ ഉത്തരം ആ ശീർഷകങ്ങളിൽ തന്നെയുണ്ട്. സാഹിത്യത്തിന്റെ ഒരു വിപുലീകരണമായി, വിശദീകരണമായി സിനിമയെ കാണുന്നവർക്ക് ഗൊദാർദിനെ ഒരിക്കലും ദഹിക്കുകയില്ല. ഗൊദാർദ് ഒരിക്കൽ പറഞ്ഞു, “ഒരു നോവൽ സിനിമയാക്കാനുള്ള ഒരേയൊരു വഴി പേജുപേജായി ഷൂട്ട് ചെയ്യുക മാത്രമാണ്.”
നൊബേൽ സമ്മാനം പോലെ സിനിമയിൽ പ്രസിദ്ധമായ ഓസ്കർ പുരസ്കാരത്തിലെ, ഓണററി ഓസ്കർ ഗൊദാർദിനു പ്രഖ്യാപിച്ചതാണ് (2010). ഗൊദാർദ് അത് സ്വീകരിക്കാൻ പോയില്ല.
“എന്റെ ഏതു സിനിമയാണ് അവർ കണ്ടിട്ടുള്ളത്? എന്റെ സിനിമകളെ കുറിച്ച് അവർക്ക് എന്തെങ്കിലും അറിയാമോ? ഗവർണറുടെ അവാർഡ് എന്നാണ് അത് അറിയപ്പെടുന്നത്. ആർനോൾഡ് ഷ്വാർസെനഗർ ആണോ എനിക്ക് അവാർഡ് സമ്മാനിക്കുക?”
ഓസ്കർ സമിതി നിർബന്ധിച്ചപ്പോൾ അമേരിക്കൻ വിസ ഇല്ല, അഞ്ചുമണിക്കൂർ നേരം പുകവലിക്കാതിരിക്കാൻ കഴിയില്ല എന്നിങ്ങനെയെല്ലാം പറഞ്ഞ് ഗൊദാർദ് ഒഴിഞ്ഞുമാറി.
അതേസമയം, നമ്മുടെ കേരളം ഗൊദാർദിന് സമഗ്രസംഭാവനാ പുരസ്കാരം പ്രഖ്യാപിച്ചപ്പോഴോ? നേരിട്ടു വരാനായില്ലെങ്കിലും ഓൺലൈനിൽ അത് സ്വീകരിച്ചു, ഗൊദാർദ് ചോദിക്കുന്നതും കേട്ടു, കേരളം എവിടെയായിട്ടു വരും?
ആ കേരളത്തിൽ നിന്ന് താങ്കൾക്ക് അന്തിമാഭിവാദ്യം അർപ്പിക്കട്ടെ. ഞാൻ നാൽപ്പതു വർഷമായി താങ്കളെ അറിയും. കാണാത്തതായി താങ്കളുടെ നാലോ അഞ്ചോ സിനിമകളേ ഉണ്ടാവൂ. താങ്കളെയെന്ന പോലെ മറ്റാരെയും അത്രയേറെ പിന്തുടർന്നിട്ടില്ല. ലൂയിസ് ബുനുവൽ ഒഴികെ.
അദിയൂ, ഗൊദാർദ്.
യുക്തമായ ആദരാഞ്ജലിക്കുറിപ്പ്.