A Unique Multilingual Media Platform

The AIDEM

Articles Culture Kerala

അച്യുതമേനോൻ സ്മൃതിശില്പവും വിവാദങ്ങളും: ചരിത്രത്തിലൂടെ

  • July 25, 2024
  • 1 min read
അച്യുതമേനോൻ സ്മൃതിശില്പവും വിവാദങ്ങളും: ചരിത്രത്തിലൂടെ

ലണ്ടനിൽ, ന്യൂക്രോസ്സ് എന്നൊരു സ്ഥലത്താണ് ഗോൾഡ്‌സ്മിത്സ് കോളേജ്. അവിടെ ഞാൻ പഠിക്കുമ്പോൾ റോഡിനു നേരെ എതിർവശത്തുള്ള ബെഥേവിയ മ്യൂസ് എന്ന ഹോസ്റ്റലിലായിരുന്നു എന്റെ താമസം. ഒന്നാം നിലയിൽ എല്ലാ സൗകര്യങ്ങളും ഉള്ള ഒരു ചെറിയ മുറിയാണത്. മിനിയേച്ചർ പെയിന്റിങ്ങുകളിൽ നിന്ന് നേരെ അടർത്തിയെടുത്ത് അവിടെ സ്ഥാപിച്ചതെന്ന് തോന്നും. റോഡിലേയ്ക്ക് തുറക്കുന്ന വലിയൊരു ജാലകമുണ്ടായിരുന്നു ആ മുറിയിൽ. എന്നും രാവിലെ ഉറക്കമുണരുമ്പോൾ കാണുന്നത് റോഡിനു മറുവശത്തുള്ള ഒരു ടൌൺ ഹാൾ ആണ്. റോമൻ ശൈലിയിലെ തൂണുകൾ ഒക്കെയുള്ള ഒരു ബൃഹദ് മന്ദിരം. അതിന്റെ മുകൾത്തട്ടിൽ നിന്ന് ചരിത്രത്തിലെങ്ങും ഞാൻ വായിച്ചിട്ടില്ലാത്ത ചില മനുഷ്യർ പ്രതിമാരൂപത്തിൽ എന്നെ നോക്കിക്കൊണ്ടു നിൽപ്പുണ്ടാവും അപ്പോൾ. ഒന്നന്വേഷിച്ചപ്പോൾ, കൊളോണിയൽ കാലത്ത് പല രാജ്യങ്ങളിലും പോയി വന്ന ചില പ്രമുഖരുടെ ശില്പങ്ങളാണ് അവയെന്ന് മനസ്സിലായി. ജനങ്ങൾ നന്ദിയുള്ളവരായി എന്നെന്നേയ്ക്കുമായി ഓർക്കുവാൻ കൊളോണിയൽ അധികാരികൾ തന്നെ സൃഷ്ടിച്ച കമെമ്മൊറേറ്റിവ് സ്കൾപ്ചച്ചേർസ് ആയിരുന്നു അവ; സ്മൃതിശില്പങ്ങൾ.

സ്മൃതി ശില്പങ്ങൾ എക്കാലത്തും എല്ലായിടത്തും ഉണ്ടായിരുന്നു. പിതൃ ആരാധനകളുടെ ഭാഗമായി ഉണ്ടായ ടോട്ടേം പോളുകൾ മുതൽ രാജാക്കന്മാരുടെയും ചക്രവർത്തിമാരുടെയും ശവക്കല്ലറകളിലെ സമൂർത്തശില്പങ്ങൾ വരെ ഇതിന് ഉദാഹരണങ്ങളായി നമ്മുടെ മുന്നിൽ ഉണ്ട്. ഗ്രീക്ക് സാമ്രാജ്യത്വത്തിന്റെയും തുടർന്ന് റോമൻ സാമ്രാജ്യത്വത്തിന്റെയും പ്രഭാവക്കാലത്ത് രാജ്യത്തെ നേതാക്കന്മാരുടെയൊക്കെ ശില്പങ്ങൾ ഉണ്ടായി. അത്തരം സ്മൃതിശില്പ പരിപാടികൾ ഇന്നും വലിയ തടസ്സമൊന്നും കൂടാതെ തുടർന്ന് വരുന്നു. പതിനെട്ട്- പത്തൊമ്പത് നൂറ്റാണ്ടുകളിലാണ് പൊതു ഇടങ്ങളിൽ സ്മൃതിശില്പങ്ങൾ ധാരാളമായി സ്ഥാപിക്കപ്പെട്ടു തുടങ്ങിയത്. അതൊരു കൊളോണിയൽ പ്രോജക്റ്റ് ആയിരുന്നു എന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാം. കോളനീകരണത്തിന് ഇറങ്ങിത്തിരിച്ച എല്ലാ രാജ്യങ്ങളിലും അവർ കോളനികൾ ആക്കിയ എല്ലാ ഇടങ്ങളിലും ഇത്തരം ശില്പങ്ങൾ ധാരാളമായി ഉണ്ടായി. എന്ന് മാത്രമല്ല, കോളനിവൽക്കരണം അവസാനിയ്ക്കുകയും കോളനികൾ ദേശരാഷ്ട്രങ്ങളായി പരിണമിക്കുകയും ചെയ്ത കാലത്ത് ദേശീയ സമരങ്ങളിൽ ഉൾപ്പെട്ടിരുന്നവരുടെ എല്ലാം പ്രതിമകൾ രാജ്യത്തെമ്പാടും ഉണ്ടായി. കോളനി അനന്തര കാലത്തെ അപകോളനീകരണ ബോധനങ്ങളുടെ ഫലമായി ഉണ്ടായ ദേശീയതാബോധത്തിന്റെ ഉണർവുകൾ പലപ്പോഴും ചില സ്മൃതിശില്പങ്ങളുടെ സ്ഥാനഭ്രംശങ്ങൾക്കും കാരണമായി.

ഫ്രഞ്ച് നോവലിസ്റ്റ് ഹോണറെ ഡി ബൽസാക്കിൻ്റെ സ്മരണയ്ക്കായി അഗസ്റ്റെ റോഡിൻ നിർമ്മിച്ച ശിൽപമാണ് ‘Monument to Balzac’

ഇന്ത്യയിൽ അത്തരത്തിൽ നീക്കപ്പെട്ട ശില്പങ്ങളിൽ പ്രധാനമായിരുന്നു വിക്ടോറിയ മഹാറാണിയുടെ ശിൽപം. ഡൽഹിയിൽ ഇൻഡ്യാ ഗേറ്റിനടുത്ത് ഉള്ള ഛത്രത്തിനു കീഴിൽ വിരാജിക്കുകയായിരുന്ന ക്വീൻ വിക്ടോറിയയുടെ ശിൽപം അവിടെ നിന്ന് ഇറക്കിയത് മുതൽ ദക്ഷിണാഫ്രിക്കയിലെ കോളേജ് കാമ്പസുകളിൽ നിന്ന് ഗാന്ധിയുടെ ശിൽപം മാറ്റുന്നത് വരെയും, സോവിയറ്റ് യൂണിയന്റെ പതനത്തെ തുടർന്ന് ലെനിന്റേയും സ്റ്റാലിന്റെയും ശില്പങ്ങൾ വീഴുന്നതും, ഇറാഖിൽ സദ്ദാം ഹുസ്സൈൻ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ ശില്പങ്ങൾ വീഴ്ത്തപ്പെടുന്നതും എല്ലാം കഴിഞ്ഞ എഴുപത് വർഷങ്ങൾക്കിടെ നമ്മൾ കണ്ട കാര്യങ്ങളാണ്. എന്തുകൊണ്ടാണ് ശില്പങ്ങൾ സ്ഥാപിക്കപ്പെടുന്നതും നീക്കപ്പെടുന്നതും ചെയ്യുന്നത് എന്നന്വേഷിച്ചാൽ അവ കേവല ശില്പങ്ങൾ അല്ലെന്നും, ചരിത്രവും ജനങ്ങളുടെ സമരങ്ങളും ജീവിതങ്ങളും വികാരങ്ങളും അടങ്ങുന്ന മൂർത്തികളാണെന്നും മനസ്സിലാക്കാൻ കഴിയും. അതിനെ വെയ്ക്കുന്നതും നീക്കുന്നതും ഈ ആശയങ്ങൾക്കും പദ്ധതികൾക്കും വികാരങ്ങൾക്കും ഉണ്ടാകുന്ന പുനർവായനകൾ ശക്തിപ്പെടുന്നതോടെയാണ്. പല കവലകളിലും പക്ഷികളുടെ പുരീഷത്താൽ വികൃതമായി നിൽക്കുന്ന ശില്പങ്ങൾ കാണികൾക്ക് അലോസരം ഉണ്ടാക്കാത്തതിന് കാരണം അവയുമായുള്ള വൈകാരിക ബന്ധം ജനങ്ങൾക്ക് നഷ്ടപ്പെടുന്നത് കൊണ്ടാണ്.

രാംകിങ്കർ ബൈജ് അദ്ദേഹത്തിൻ്റെ വിദ്യാർത്ഥികളും ചേർന്ന് നിർമ്മിച്ച മഹാത്മാഗാന്ധിയുടെ  ശിൽപം.

ഇത്രയും ആമുഖമായി പറയാനുള്ള കാരണം ഈ അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്ന മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ സ്മൃതിശിൽപം രൂപസാദൃശ്യം ഇല്ലാത്തതിനാലും, ജനങ്ങൾ അറിയുന്ന അച്യുതമേനോനെ അതിൽ കാണുന്നില്ല എന്ന് തിരിച്ചറിഞ്ഞതിനാലും വിവാദവിഷയം ആയതുകൊണ്ടാണ്. അതിനു മുൻപ് തന്നെ, രണ്ടായിരത്തി ഇരുപത്തിരണ്ടിൽ, സംസ്ഥാനസർക്കാർ അച്യുതമേനോൻ പ്രതിമാനിർമ്മാണത്തിനു അമ്പത് ലക്ഷം രൂപാ അനുവദിച്ചത് വിവാദമായിരുന്നു. അച്യുതമേനോൻ മരിയ്ക്കും വരെ പ്രവർത്തിച്ച സി പി ഐയുടെ ഉള്ളിൽത്തന്നെ ഇതൊരു അനാവശ്യമായ പരിപാടിയാണെന്നും, അതല്ല, ഇത് തികച്ചും അനുയോജ്യമായ ഒരു തീരുമാനമാണെന്നും ഉള്ള അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ചില സാമൂഹ്യനിരീക്ഷകർ ഇതൊരു അനാവശ്യ ഏർപ്പാടാണ്, അതിനു അച്യുതമേനോൻ ഉണ്ടായിരുന്നെങ്കിൽ അനുവാദം നല്കുകയില്ലായിരുന്നു എന്നൊക്കെ പറയുകയുണ്ടായി. രണ്ടായിരത്തി രണ്ടിൽത്തന്നെ ഉണ്ണി കാനായി എന്ന ശില്പി തന്നെയാകും ഈ ശിൽപം ചെയ്യേണ്ടത് എന്ന തീരുമാനവും എടുത്തിരുന്നതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രം 2022 ഒക്ടോബര് പതിമൂന്നിന് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ശിൽപം പൂർത്തിയായതോടെ വലിയൊരു വിഭാഗം ആളുകൾ ശില്പത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.

സി അച്യുതമേനോന്റെ വിവാദമായ ശില്പം

കേരളം ഭരിച്ച ഏറ്റവും മികച്ച മുഖ്യമന്ത്രി എന്ന നിലയിലാണ് അച്യുതമേനോൻ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. എന്നാൽ അടിയന്തരാവസ്ഥാകാലത്ത് കൊണ്ഗ്രെസ്സ് പിന്തുണയോടെ മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോന് അക്കാലത്ത് നടന്ന പോലീസ് അതിക്രമങ്ങളുടെയും നക്സൽ വേട്ടയുടെയും എഞ്ചിനീറിങ് വിദ്യാർത്ഥിയായിരുന്ന രാജന്റെ ലോക്കപ്പ് പീഡന മരണം തുടങ്ങി അനേകം വിഷയങ്ങളുടെ പാപഭാരം പിൽക്കാലത്ത് പേറേണ്ടി വന്നു. അദ്ദേഹം കേരളത്തിന്റെ വികസനത്തിനായി തുടങ്ങിവെച്ച അനേകം പദ്ധതികളും അവയുടെ വിജയവും കേരളത്തിനെ ലോകനിലവാരത്തിൽ എത്തിയ്ക്കുന്നതിന് സഹായിച്ചു എന്നതാണ് ഒരുപരിധി വരെയെങ്കിലും അദ്ദേഹത്തിന് മേലുള്ള പാപഭാരം തുലനം ചെയ്യപ്പെടാൻ സഹായിക്കുന്നത്. 1977ൽ മുഖ്യമന്ത്രിപദവി ഒഴിഞ്ഞതിനു ശേഷം അച്യുതമേനോൻ വിശ്രമജീവിതത്തിലേയ്ക്ക് കടന്നു പോയി. ഒരു മുന്മുഖ്യമന്ത്രിയുടെ ആരാവാരങ്ങളൊന്നും ഇല്ലാതെ തൃശൂരിൽ ജീവിച്ചു. അദ്ദേഹം മുൻകൈ എടുത്തു സ്ഥാപിച്ച ശ്രീ ചിത്ര മെഡിക്കൽ ഇന്സ്ടിട്യൂട്ടിൽ വെച്ച് മരണപ്പെടുകയും ചെയ്തു. എന്തുകൊണ്ടും അച്യുതമേനോനെക്കുറിച്ചു പഴയ തലമുറയുടെ മനസ്സിൽ നിൽക്കുന്ന ചിത്രം സൗമ്യനും ആർജ്ജവവും ഉള്ള ഒരു ജ്ഞാനവൃദ്ധന്റെതാണ്.

ഉണ്ണി കാനായി നിർമ്മിച്ച അച്യുതമേനോന്റെ ശില്പത്തിൽ മേൽപ്പറഞ്ഞ ചരിത്രസൂചനകളോ രൂപസാദൃശ്യമോ ഒന്നും തന്നെ ഇല്ല, അത് മറ്റാരുടെയോ ഒരു ശില്പമാണ് എന്ന കാഴ്ചകളാണ് വന്നിരിക്കുന്നത്. ഞാൻ ശിൽപം കണ്ടിട്ടില്ല എങ്കിലും അതിന്റെ ചിത്രങ്ങളിലൂടെ കടന്നു പോയപ്പോൾ മനസ്സിലായത്, ഉണ്ണി കാനയിയ്ക്ക് അച്യുതമേനോൻ എന്ന വ്യക്തിയെ ശില്പത്തിൽ ആവാഹിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് തന്നെയാണ്. ഒരു സ്മൃതിശില്പത്തിൽ വേണ്ടത് ആരെയാണോ സ്മരിക്കുന്നത് അയാളുടെ രൂപമാണ്. ആ രൂപം എന്നത് ഒരു ഫോട്ടോഗ്രാഫിലോ വീഡിയോയിലോ കാണുന്ന രൂപമാകണമെന്നില്ല. അനേകം ചിത്രങ്ങളും വിവരങ്ങളും ജനങ്ങളുടെ നോട്ടങ്ങളും ചേരുന്നതാണ് ആ രൂപം. അതിനായി ശില്പി വലിയൊരു ഹോം വർക്ക് ചെയ്യേണ്ടതുണ്ട്. ഫ്രഞ്ച് ശില്പിയായ റൊഡാങ് ബൽസാക്കിന്റെ ശിൽപം ചെയ്തപ്പോൾ അത് ബൽസാക്ക് തന്നെ എന്ന് ആളുകൾ വിലയിരുത്തി. എന്നാൽ സാധാരണ ഒരു വ്യക്തിയുടെ കണ്ണുകളിൽ അത് ബൽസാക്ക് ആകില്ല എന്നൊരു വീക്ഷണമുണ്ടായി. അതെ സമയം ബൽസാക്ക് എന്ന എഴുത്തുകാരന്റെ രചനകളും കാലവും ബന്ധങ്ങളും എല്ലാം ചേർന്നൊരു രൂപമായി അതിനെ കണ്ടപ്പോൾ ജനങ്ങൾക്ക് ആ ശിൽപം ഏറ്റവും മഹത്തായതായി അനുഭവപ്പെട്ടു. അച്യുതമേനോൻ നിൽക്കുന്നത് കണ്ടാൽ അച്യുതമേനോൻ എന്ന ആശയവുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒന്നാണ് എന്ന് ആർക്കും മനസ്സിലാകും.

സ്മൃതിശില്പങ്ങൾ കേവലം രൂപങ്ങളല്ല, ആശയങ്ങളാണ് എന്ന് നേരത്തെ പറഞ്ഞല്ലോ. എന്നാൽ എല്ലാ സ്മൃതി ശില്പങ്ങളും എല്ലാവര്ക്കും ഇഷ്ടപ്പെടണം എന്നില്ല. രാം കിങ്കർ ബെയ്ജ് ഗാന്ധിയെ ശില്പമാക്കിയപ്പോൾ അദ്ദേഹം ഒരു തലയോടിൽ ചവുട്ടി നിൽക്കുന്നതായാണ് അവതരിപ്പിച്ചത്. ഗാന്ധിഭക്തർ എന്നവകാശപ്പെടുന്നവർക്ക് ഇഷ്ടപ്പെടാത്തതിനാൽത്തന്നെ ആ ശില്പത്തിന് മുഖ്യധാരാ ചർച്ചകളിൽ ഇടം ലഭിക്കാറില്ല. അത് ഇപ്പോഴും ശാന്തിനികേതനത്തിൽ ഉണ്ട്. രാം കിങ്കർ ബെയ്ജ് ടാഗോറിന്റെ ശിൽപം ചെയ്തപ്പോഴും ഇതുപോലെ വിവാദം ഉണ്ടായി. ലോകത്തിന്റെ ഗതിയിൽ വിഷണ്ണനായി, രണ്ടാം ലോക മഹായുദ്ധത്തിലേയ്ക്ക് നീങ്ങുന്ന ലോകത്തെയോർത്ത് പരിതപ്തനായി അവസാനകാലം ചെലവിട്ട ടാഗോറിന്റെ ദുഃഖഭാരം കൊണ്ട് താണ ശിരസ്സിനെയാണ് കിങ്കർ ബെയ്ജ് ശില്പമാക്കിയത്. അത് ടാഗോർ ഭക്തർക്കും ഇഷ്ടപ്പെട്ടില്ല. അതുപോലെ തന്നെ ടാഗോറിനെ ക്യൂബിസ്റ്റ് ശൈലിയിൽ അവതരിപ്പിക്കാൻ ശില്പത്തിലൂടെ രാം കിങ്കർ ബെയ്ജ് ശ്രമിച്ചതും ബംഗാളികൾക്ക് അത്ര ഇഷ്ടപ്പെടാതെ പോയ കാര്യമാണ്. ഇവിടെ ബെയ്ജ് അവതരിപ്പിച്ചത് ടാഗോർ എന്ന ആശയത്തെ ആയിരുന്നു. അതിനാൽ ശിൽപം ഉണ്ടാക്കിയ കാലത്ത് ആളുകൾക്ക് അവയെ ഇഷ്ടപ്പെട്ടില്ലെങ്കിലും പിന്നീട് അവ കലാചരിത്രത്തിന്റെ ഭാഗമായി.

ശ്രീ നാരായണഗുരുവിന്റെ ശില്പം

സ്മൃതിശില്പങ്ങളിൽ ആളുടെ രൂപസാദൃശ്യം വേണം എന്ന് പറയുവാൻ കാരണം രൂപം സത്യമാണ് എന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നത് കൊണ്ടാണ്. ഫോട്ടോഗ്രാഫി പോലിരിക്കണം കാരണം ഫോട്ടോഗ്രാഫി സത്യം പറയുന്നതാണ് എന്ന് ജനങ്ങൾ പൊതുവെ വിശ്വസിക്കുന്നു. എന്നാൽ ഇന്ന് ഫോട്ടോഗ്രാഫി സത്യമല്ല പറയുന്നത് എന്ന് നമുക്കറിയാം. അതേസമയം ‘ഫോട്ടോഗ്രാഫ് പോലെ’ എന്ന ആശയത്തിൽ നിന്ന് നമ്മൾ അധികം ദൂരേയ്ക്ക് പോയിട്ടും ഇല്ല. അതിനാൽ അച്യുതമേനോന്റെ എന്നല്ല ആരുടെ സ്മൃതിശിൽപം ആണെങ്കിലും രൂപസാദൃശ്യം എന്നത് ഒരു പ്രാഥമിക ഘടകമായി മനസ്സിലാക്കപ്പെടും.

അതേസമയം, രൂപസാദൃശ്യത്തിനപ്പുറം ആശയദൃഢത ഉള്ള ശില്പങ്ങളെ ആളുകൾ അധികം വിമർശിയ്ക്കാറില്ല. തിരുവനന്തപുരത്തുള്ള അനേകം ശില്പങ്ങളിൽ പല കുറവുകളും കാണാം (ഉദാഹരണത്തിന് മ്യൂസിയത്തിന്റെ രണ്ടാം ഗേറ്റിനെതിരെ പബ്ലിക് ഓഫിസിനു വെളിയിലെ പാർക്കിൽ നിൽക്കുന്ന സി കേശവന്റെ ശിൽപം. അത് മിനിയേച്ചർ സി കേശവൻ എന്ന് തോന്നും പക്ഷെ ആ വ്യക്തിയുടെ പ്രഭാവത്തിന് കുറവുള്ളതായി കാണുന്നില്ല) എന്നാൽ അവ ആശയങ്ങളെ ആവാഹിക്കുന്നിടത്തോളം ആളുകൾ സ്വീകരിക്കുകയാണ് പതിവ്. പഴയ സോവിയറ്റ് കൾച്ചർ സെന്റർ അഥവാ ഗോർക്കി ഭവനത്തിനു മുന്നിൽ യൂറി ഗഗാറിന്റെ ഒരു ശിൽപം വെച്ചിട്ടുണ്ട്. ഗഗാറിനെ നമുക്ക് വൈകാരികമായി അറിയാത്തതിനാൽ, ബഹിരാകാശ ഹെൽമെറ്റ് ധരിച്ച ആ മനുഷ്യനെ നമ്മൾ ഗഗാറിനായിത്തന്നെ സ്വീകരിക്കുന്നു.

ബി.ആർ അംബേദ്കറുടെ ശില്പം

സ്മൃതി ശില്പ സംബന്ധിയായി പല വിവാദങ്ങളും ഇതിനു മുൻപും വന്നിട്ടുണ്ട്. പണ്ടൊരിക്കൽ ഒരു ശില്പി മഹാത്മാഗാന്ധിയുടെ ശിൽപം ഉണ്ടാക്കുകയും അതിന് മഹാത്മാ ഗാന്ധിയുമായി ഒരു ബന്ധവും തോന്നാതിരിക്കുകയും ചെയ്തപ്പോൾ വിവാദമായി. അപ്പോൾ ശില്പി പറഞ്ഞത് ഇത് തന്റെ മനസ്സിലെ ഗാന്ധി ആണ് എന്നാണ്. അത് സിനിമകളിൽ പോലും പിൽക്കാലത്ത് സ്പൂഫ് എന്ന നിലയിൽ വരാൻ തുടങ്ങി. ഒരു കലാകാരന് ഒരു ശില്പത്തെ എങ്ങനെ വേണമെങ്കിലും ആവിഷ്കരിയ്ക്കാം. പക്ഷെ അത് സ്വന്തം സ്വതന്ത്ര ശിൽപം ആയിരിക്കണമെന്ന് മാത്രം. പൊതുഖജനാവിൽ നിന്ന് പണമെടുത്ത് ചെയ്യുന്നതാകുമ്പോൾ ഇത് എന്റെ ഗാന്ധി എന്നോ എന്റെ അച്യുതമേനോൻ എന്നോ പറയാൻ കഴിയുകയില്ല. ആ അർത്ഥത്തിൽ സ്മൃതി ശില്പങ്ങൾക്ക് ജനപ്രിയ സ്വീകാര്യത കൂടി ഉണ്ടാകേണ്ടതുണ്ടെന്ന് വരുന്നു. ഈ അടുത്തിടെ സുനിൽ എന്ന കലാകാരൻ, പരേതനായ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒരു മെഴുകു പ്രതിമ ഉണ്ടാക്കി. ആ ശില്പത്തിൽ ഉമ്മൻ ചാണ്ടി ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല, എന്നാൽ ഉമ്മ ചാണ്ടിയാണ് അത് എന്ന് പറഞ്ഞു നോക്കിയാൽ അദ്ദേഹത്തെ കാണാനും കഴിയും. ഈ ശിൽപം യഥാർത്ഥത്തിൽ വിവാദം ആകേണ്ടതായിരുന്നു. എന്നാൽ കോൺഗ്രെസ്സുകാരും ഉമ്മൻ ചാണ്ടിയുടെ ഭാര്യയും ഒക്കെ ആ ശില്പത്തെ സ്വീകരിക്കുകയാണുണ്ടായത്. ഒരുപക്ഷെ അത് സുനിൽ എന്ന ശില്പി സ്വന്തം ഇഷ്ടപ്രകാരം ചെയ്തത് കൊണ്ടാകാം.

അച്യുതമേനോൻ ശില്പവുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമാകാൻ കാരണം അത് പബ്ലിക് ഫണ്ടുപയോഗിച്ച് നിർമ്മിച്ചു എന്നത് കൊണ്ടാണ്. ഉണ്ണി കാനായി സ്വേച്ഛയാൽ നിർമ്മിച്ചതാണെങ്കിൽ ഒരുപക്ഷെ ഈ വിവാദം അസ്ഥാനത്താകുമായിരുന്നു. ഇത് എന്റെ അച്യുതമേനോൻ ആണെന്ന് പറഞ്ഞു ശില്പിയ്ക്ക് രക്ഷപെടാമായിരുന്നു. ഉണ്ണി കാനായി സി പി എം അനുഭാവി ആയത് കൊണ്ടാണ് അയാൾക്ക് ഈ ശിൽപം ചെയ്യാനുള്ള അവസരം നൽകിയതെന്ന മറ്റൊരു ആരോപണവും ശക്തമാവുന്നതോടെ വിവാദത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. ഈ വിവാദത്തിൽ പ്രതികരിയ്ക്കേ ഡോക്ടർ അംബേദ്കറുടെ സിമന്റ് ശിൽപം ചൂണ്ടി കാണിച്ചു കൊണ്ട് ഒരു സുഹൃത്ത് കമന്റിട്ടത്, ഇത് അംബേദ്‌കർ ആകാമെങ്കിൽ അത് അച്യുതമേനോൻ ആയിക്കൂടെ എന്നാണ് ഞാൻ വായിച്ചെടുത്തത്. പ്രശസ്തരായ പലരുടെയും, പ്രത്യേകിച്ച് ഇന്ത്യൻ രാഷ്ട്രീയത്തിലും സമൂഹത്തിലും മുന്നിട്ട് നിന്നവരുടെ പ്രതിമകൾ പല മാധ്യമങ്ങളിൽ തെരുവകൾക്ക് അടുത്ത കാണപ്പെടാറുണ്ട്. ഗാന്ധി, ഡോക്ടർ അംബേദ്‌കർ, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, ശ്രീനാരായണ ഗുരു എന്നിവരാണ് അതിൽ പ്രമുഖർ. പ്രശസ്തിയും പ്രസക്തിയും കൂടും തോറും ദൈവമൂർത്തികളെപ്പോലെ ഇവരുടെ പ്രതിമകളും വർദ്ധിയ്ക്കും. അതിലൊരു കവിതയുണ്ട്. രൂപത്തിലല്ല, ഭാവത്തിലാണ് അവിടെ ഊന്നൽ. വിശ്വനീയതയെ താത്കാലികമായി മാറ്റിനിർത്തി ഇത് അംബേദ്കറാണ്, ഇത് ഗാന്ധിയാണ്, ഇത് ഗുരുവാണ്, ഇത് രാജീവ് ഗാന്ധിയാണ് എന്നൊക്കെ മനസ്സിലാക്കാനും ആദരവോ ഭക്തിയോ അല്പം പോലും വീണുപോകാതിരിക്കാനും നമുക്ക് കഴിയും. ഇവ സ്മൃതിശില്പങ്ങളാണെങ്കിലും പബ്ലിക് കമ്മീഷനുകളല്ല. ജനങ്ങളുടെ ആഗ്രഹത്തിന്റെ ആവിഷ്കാരമായാണ് അവ പ്രത്യക്ഷമാകുന്നത്. എന്നാൽ പൊതുഖജനാവിലെ പണം ഉപയോഗിക്കുമ്പോൾ കവിതയെ മാറ്റി ആ സ്ഥാനത്തേയ്ക്ക് ചോദ്യങ്ങൾ കടന്നു വരും.

About Author

ജോണി എം എൽ

ഡൽഹിയിൽ കാൽ നൂറ്റാണ്ട് പത്രപ്രവർത്തകൻ, കലാവിമർശകൻ, കലാചരിത്രകാരൻ, ക്യൂറേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതോളം ഗ്രന്ഥങ്ങൾ രചിച്ചു. ലോക സാഹിത്യത്തിലെ ശ്രദ്ധേയമായ ഇരുപത്തിയഞ്ചു കൃതികളുടെ മലയാളവിവർത്തനം നിർവഹിച്ചു. ഇപ്പോൾ തിരുവനന്തപുരത്ത് എഴുത്തും വായനയുമായി.

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
മധു പൈവള്ളിഗ
മധു പൈവള്ളിഗ
5 months ago

മറ്റു പ്രസിദ്ധീകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു വിഷയത്തെ സമഗ്രമായ പരിശോധിക്കുന്ന ഒരു രീതി നിങ്ങളുടെ വെബ്സൈറ്റിൽ ഞാൻ കാണുന്നു. മറ്റു മാധ്യമങ്ങൾ സെൻസേഷനൽ ആക്കാൻ ശ്രമിച്ച ഈ വിഷയവും അതിൻറെ ചരിത്ര പ്രാധാന്യത്തോടെ അവതരിപ്പിച്ചതിന് നന്ദി ശ്രീ ജോണി എം എൽ

രാമൻ കുട്ടി
രാമൻ കുട്ടി
5 months ago

എഴുത്ത്‌ നന്നായി. കുടുംബക്കാർക്ക്‌ ശിൽപത്തോട്‌ വലിയ താൽപര്യം ഇല്ലായിരുന്നു. ശിൽപനിർമ്മാണത്തിലെ ഒരു സ്റ്റേജിൽ ഞാൻ അത്‌ കണ്ട്‌ ചില പാളിച്ചകൾ ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷെ അവയൊന്നും തിരുത്തിയില്ല എന്ന് തോന്നുന്നു