A Unique Multilingual Media Platform

The AIDEM

Articles Book Review National

ജയിലിൽ, ഏകാന്തതയിൽ, ഈ പോരാട്ടം തുടരും

  • April 5, 2024
  • 1 min read
ജയിലിൽ, ഏകാന്തതയിൽ, ഈ പോരാട്ടം തുടരും

ഈ ചിത്രമോ ഇവിടെ മനോഹരമായി ചിരിക്കുന്ന വ്യക്തിയേയോ എത്രപേർക്ക് നന്നായി അറിയാം?

ഇവരാണ് സുധ ഭരദ്വാജ്, ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ മനുഷ്യാവകാശ പ്രവർത്തക, തൊഴിലാളി യൂണിയൻ നേതാവ്.

അർബൻ നക്സൽ എന്നും രാജ്യദ്രോഹി എന്നും ആരോപിച്ചു മോദി സർക്കാർ മൂന്ന് വർഷത്തോളം തടവിലിട്ട സുധ ജയിലിൽ നിന്നിറങ്ങുമ്പോൾ ലോകത്തെ നോക്കി ചിരിക്കുന്ന മുഖമാണിത്.

സ്വന്തം രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തി എന്നതാണ് സുധയ്‌ക്കെതിരായ കേസ്. ആരാണ് നമ്മുടെ രാജ്യസ്നേഹം വിലയിരുത്തേണ്ടത്? പഴയ ഒരു കഥ പറയാം.

ഏകദേശം നാല്പത് വർഷം മുൻപുള്ള സംഭവമാണ്.

ഇരുപത് വയസ്സുള്ള ഒരു പെൺകുട്ടി ഡൽഹിയിലെ അമേരിക്കൻ എംബസ്സിയിൽ പോയി തന്റെ അമേരിക്കൻ പൗരത്വം റദ്ദ് ചെയ്യണം എന്ന് ആവശ്യപ്പെടുന്നു.

അമേരിക്കൻ കോൺസലിന് മുൻപിൽ അത്തരത്തിലുള്ള ഒരു ആവശ്യം ആദ്യമായാണ് വരുന്നത്.

നിങ്ങൾ ആലോചിച്ചിട്ടാണോ ഈ തീരുമാനം എടുക്കുന്നത്? ഭർത്താവിന്റെയും അച്ഛന്റെയും അമ്മയുടെയും അഭിപ്രായം ചോദിച്ചോ? അയാൾ ചോദിക്കുന്നു.

അതിന്റെയൊന്നും ആവശ്യമില്ല, ആ പെൺകുട്ടി കൃത്യമായി മറുപടി നൽകുന്നു.

ഒരു നിമിഷം ആലോചിച്ച ശേഷം അമേരിക്കൻ കോൺസൽ പറയുന്നു, ഒരു കാര്യം നിങ്ങൾ മനസിലാക്കണം. നിങ്ങൾക്ക് അതിന് ശേഷം അമേരിക്കൻ സൈന്യത്തിൽ ചേരാൻ കഴിയില്ല.

ഇത് കേട്ട് പെൺകുട്ടി പൊട്ടിച്ചിരിക്കുന്നു, എനിക്ക് അമേരിക്കൻ സൈന്യത്തിൽ ചേരാൻ ഒരു താത്പര്യവുമില്ല.

ഇത്തരത്തിൽ അമേരിക്കൻ പൗരത്വം ഉപേക്ഷിക്കുകയും പിന്നീടുള്ള കാലം ഛത്തീസ് ഗഡിലെ ഖനി തൊഴിലാളികൾക്കിടയിൽ ജീവിക്കുകയും ചെയ്ത ഈ പെൺകുട്ടിയെയാണ് നാല് ദശകങ്ങൾക്ക് ശേഷം രാജ്യദ്രോഹി എന്ന് മുദ്ര കുത്തി മോദി സർക്കാർ അറസ്റ്റ് ചെയ്യുന്നത്.

അവരുടെ പേര് സുധ ഭരദ്വാജ് എന്നാണ്.

നമുക്ക് സുധ ഭരദ്വാജിനെക്കുറിച്ച് എന്തറിയാം?

ഇന്ത്യയിലെ പ്രധാനപ്പെട്ട മനുഷ്യാവകാശ പ്രവർത്തകയാണ് എന്നറിയാം. മാവോയിസ്റ്റ് എന്ന് ആരോപിച്ച് 2018ൽ മോദി സർക്കാർ അവരെ അറസ്റ്റ് ചെയ്‌ത്‌ പൂനയിലെ യെരവാദ ജയിലിൽ അടച്ചു എന്നുമറിയാം. കുപ്രശസ്തമായ ബീമാ കൊറെഗോൺ കേസിലാണ് അറസ്റ്റ് എന്നുമറിയാം. ഹിന്ദുത്വയുടെ കപട ദേശീയതയുടെ ആധാര ശില തകർത്തതാണ് ബീമാ കോറിഗോണിനോടുള്ള ആർ എസ് എസ്സിന്റെ പക. അതിന് പകരം വീട്ടാനാണ് അവർ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധിജീവികളെയും മനുഷ്യാവകാശ പ്രവർത്തകരെയും എത്രയോ വർഷമായി വിചാരണ പോലുമില്ലാതെ ജയിലിൽ ഇട്ടിരിക്കുന്നത്.

എന്നാൽ സുധയുടെ പോരാട്ടത്തിന്റെ കഥ തുടങ്ങുന്നത് അവിടെയൊന്നുമല്ല. ജയിലും തടവുമൊന്നും കുലുക്കുന്നതല്ല സുധയുടെ പോരാട്ട വീര്യം.

സുധ ജനിച്ചത് അമേരിക്കയിലാണ്. സുധയുടെ അമ്മ കൃഷ്ണ ഭരദ്വാജ് അമേരിക്കയിൽ നിന്ന് സ്വതന്ത്ര ഇന്ത്യയുടെ ആസൂത്രണ പ്രക്രിയയിൽ നെഹ്‌റുവിനെ സഹായിക്കാൻ ഇന്ത്യയിലേക്ക് തിരിച്ച് വരികയായിരുന്നു. ഇന്ത്യയിൽ ഐ ഐ ടിയിൽ നിന്ന് ബിരുദമെടുത്ത സുധ സാധാരണ ഐ ഐ ടിക്കാരെപ്പോലെ ഏതെങ്കിലും കോർപ്പറേറ്റ് കമ്പനിയിൽ ജോലിക്ക് ചേരുന്നതിന് പകരം പ്രശസ്ത ട്രേഡ് യൂണിയൻ നേതാവായ ശങ്കർ ഗുഹ നിയോഗിക്കൊപ്പം ഛത്തീസ്‌ഗഡിലെ ഖനി തൊഴിലാളികൾക്കൊപ്പം പ്രവർത്തിക്കാൻ അവിടേക്ക് പോയി.

പിന്നീട് മൂന്ന് ദശകം അവിടെയായിരുന്നു സുധയുടെ ജീവിതം.

എന്തൊക്കെയായിരുന്നു ഈ ട്രേഡ് യൂണിയനുകളുടെ പ്രവർത്തനങ്ങൾ? എന്താണ് അവർ ആവശ്യപ്പെട്ടത്? എട്ട് മണിക്കൂർ തൊഴിൽ സമയം, കൃത്യമായ തൊഴിൽ പാസ്.

അതിനിടയിലാണ് ശങ്കർ ഗുഹ നിയോഗിയെ മുതലാളിമാരുടെ ഗുണ്ടകൾ വെടിവച്ച് കൊല്ലുന്നത്. എന്നാൽ സുധയും സഖാക്കളും അവരുടെ പ്രവർത്തനം തുടർന്നു.

ശങ്കർ ഗുഹ നിയോഗി

2018ൽ മകളുടെ പഠനത്തിനായി തിരിച്ചെത്തിയപ്പോഴാണ് മോദി സർക്കാർ ഭീമ കൊറെഗോൺ കേസിൽ അർബൻ നക്സലുകൾ എന്ന് മുദ്ര കുത്തി സുധയടക്കം എട്ട് പ്രധാന മനുഷ്യാവകാശ പ്രവർത്തകരെ യു എ പി എ ചുമത്തി തടവിലിടുന്നത്. രാജ്യത്ത് നിലനിൽക്കുന്ന എല്ലാവിധത്തിലുമുള്ള പ്രതിരോധത്തിന്റെ ശബ്ദത്തെയും തകർക്കുക എന്നതാണ് ഇതിന്റെ പിന്നിലുള്ള ലക്ഷ്യം എന്ന് തീർച്ച. സുധയോടൊപ്പം ഇതേ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ വരവര റാവു, സ്റ്റാൻ സ്വാമി, ഗൗതം നവ്‌ലേഖാ, വെർനോൺ ഗൊൺസാൽവസ്, ഷോമ സെൻ, അരുൺ ഫെരേര, ആനന്ദ് തെൽതുംബേ, റോണാ വിൽ‌സൺ, ഹാനി ബാബു എന്നിങ്ങനെ നിരവധി പ്രമുഖ ബുദ്ധിജീവികൾ ഉൾപ്പെടുന്നു. തൊട്ടപ്പുറത്ത് ഉമർ ഖാലിദിനെ പോലുള്ള യുവാക്കൾ.

എന്നാൽ ഒരു തടവിനും തകർക്കാൻ കഴിയുന്നതല്ല സുധയുടെ വിപ്ലവ വീര്യം. ജയിലിൽ കഴിഞ്ഞ കാലത്തെ അനുഭവങ്ങളെ മുൻനിർത്തി സുധ എഴുതിയ പുസ്തകം പുറത്തുവന്നിട്ടുണ്ട്.

മൂന്ന് വർഷമാണ് സുധ ജയിലിൽ കഴിഞ്ഞത്. പലപ്പോഴും ഏകാന്ത തടവാണ്. യു എ പി എ ആയതിനാൽ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ മകളെപ്പോലുമോ വേണ്ടവിധം കാണാൻ കഴിയില്ല. പ്രാഥമികമായ യാതൊരു സൗകര്യവും ഇല്ലാത്ത ജയിലാണ്. 160 പേർക്ക് സൗകര്യമുള്ള ജയിലിൽ മൂന്നിരട്ടിയോളം സ്ത്രീകളുണ്ട്. ഫാൻസി യാർഡ് എന്നാണ് ഈ തടവറയുടെ പേര്. മരണ ശിക്ഷ വിധിച്ചിട്ടുള്ള തടവുകാരുടെ വാർഡാണിത്. അവിടെയാണ് യു എ പി എ തടവുകാരേയും ഇടുന്നത്.

ഇത്രയും കാലം സാധാരണ തൊഴിലാളികളുടെ കൂടെയാണ് സുധ ജീവിച്ചത്. എന്നാൽ ജയിൽ വ്യത്യസ്തമായ ഒരു അനുഭവമാണ്. ജയിലിൽ എത്തുമ്പോൾ ആദ്യം ചെയ്യുന്നത് പൂർണമായും വിവസ്ത്രയാക്കുക എന്നതാണ്. ശരീരം മുഴുവൻ അപരിചിതയായ ഒരു പോലീസ് ഉദ്യോഗസ്ഥ പരിശോധിക്കുക എന്നതാണ് ആദ്യ കടമ്പ. അപ്പോഴാണ് തന്റെ അവസ്ഥയെക്കുറിച്ചുള്ള യഥാർത്ഥ ബോധ്യം സുധയ്ക്ക് ഉണ്ടാവുന്നത്.

തൊട്ടടുത്ത സെല്ലിലുള്ളത് കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി മരണ വാറന്റുമായി കഴിയുന്ന രണ്ട് സ്ത്രീകളാണ്. അവരുടെ അലർച്ച ആദ്യ ദിവസം സുധയെ ഭയപ്പെടുത്തുന്നുണ്ട്. എന്നാൽ അപ്പോഴാണ് തൊട്ടടുത്ത ഏകാന്ത സെല്ലിൽ നിന്ന് മൃദുവായ ഒരു ശബ്ദം കേൾക്കുന്നത്. ‘സുധ, ഭക്ഷണം കഴിച്ചോ?” ഭീമ കൊറെഗോൺ കേസിൽ സുധയെപ്പോലെ തടവിലായ പ്രൊഫസ്സർ ഷോമ സെൻ തൊട്ടടുത്ത മുറിയിലുണ്ട്. ഷോമയുടെ ശബ്ദമാണ്. എങ്കിലും തനിക്ക് ചുറ്റും കാണുന്ന യാർവാഡ ജയിലിലെ അന്തേവാസികളായ സ്ത്രീകളുടെ ജീവിതം കണ്ടപ്പോഴാണ് തന്റെ ജീവിതത്തേക്കാൾ എത്രയോ ദയനീയമാണ് ഈ ഓരോ സ്ത്രീയുടെയും ജീവിതം എന്ന് സുധ കണ്ടെത്തുന്നത്. പിന്നീടുള്ള ഓരോ ദിവസവും ഏകാന്ത തടവിന്റെ പരിമിതിക്കുള്ളിലും ചുറ്റുമുള്ള മനുഷ്യരുടെ ജീവിതം രേഖപ്പെടുത്താനാണ് സുധ ശ്രമിച്ചത്. ഈ കുറിപ്പുകളാണ് ഇപ്പോൾ ഫ്രം ഫാൻസി യാർഡ് എന്ന പുസ്തകത്തിൽ സുധ രേഖപ്പെടുത്തുന്നത്.

എന്താണ് യു എ പി എ എന്ന് സുധ ഭരദ്വാജ് ബർഖ ദത്തുമായുള്ള അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്. ചില സംഘടനകളെ നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്നു. പിന്നീട് ഈ സംഘടനകളുമായി എന്തെങ്കിലും തരത്തിൽ ബന്ധമുള്ളവരെയും ഇതിൽ ഉൾപ്പെടുത്തുന്നു. എന്ത് തരം ബന്ധമാണ് ഇവർ പറയുന്നത്. നിയമ വിരുദ്ധ സംഘടനകളിലെ അംഗങ്ങളുടെ ബന്ധുക്കൾ, അവരുടെ ഡോക്ടർമാർ, അവരുടെ വക്കീൽ ഇവരൊക്കെ നിയമ വിരുദ്ധ പ്രവർത്തനമാണോ നടത്തുന്നത്?

കുട്ടിയായിരുന്നപ്പോൾ സുധയുടെ ഇഷ്ട വിഷയങ്ങൾ ചരിത്രവും സാഹിത്യവും കണക്കുമായിരുന്നു. ഇതെല്ലാം പഠിക്കാൻ കഴിയുന്ന ഒരു കോഴ്സ് ഇല്ലാത്തതിനാലാണ് സുധ ഐഐടിയിൽ കണക്ക് പഠിക്കാൻ ചേരുന്നത്.

എന്നാൽ ശങ്കർ ഗുഹ നിയോഗിയുടെ യൂണിയൻ വളരെ വ്യത്യസ്തമായിരുന്നു. തൊഴിലാളികൾക്കായി സ്കൂളുകളും ആശുപത്രികളും നടത്തുന്ന ഒരു യൂണിയൻ. സാമ്പത്തിക ആവശ്യങ്ങൾക്കൊപ്പം സാംസ്കാരിക ആവശ്യങ്ങൾക്കും ഊന്നൽ നൽകുന്ന ഒരു യൂണിയൻ. അങ്ങനെ നിയോഗിയുടെ തൊഴിലാളികൾക്കായുള്ള സ്കൂളിൽ ഒരു അധ്യാപികയായിട്ടാണ് സുധ യൂണിയനോടൊപ്പം പ്രവർത്തനം തുടങ്ങിയത്.

ജീവിതകാലം മുഴുവൻ സാധാരണ മനുഷ്യർക്ക് നിഷേധിക്കപ്പെട്ടിരുന്ന നിയമ സഹായം സൗജന്യമായി നൽകാനാണ് സുധയും സംഘവും ശ്രമിച്ചത്. വ്യക്തിയും ഭരണകൂടവും ഒരേ തലത്തിൽ നിന്ന് പൊരുതാൻ പര്യാപ്തമായ ഒരു സംവിധാനമാണ് അവരുടെ മനസ്സിൽ ഉണ്ടായിരുന്നത്. എന്നാൽ ഒരു ഘട്ടത്തിൽ താൻ തന്നെ തടവിലായപ്പോഴാണ് ഈ സംവിധാനത്തിന്റെ പരിമിതി കൂടുതൽ സുധയ്ക്ക് മനസ്സിലാവുന്നത്.

താൻ ഭാഗ്യവതി ആണെന്നും അതുകൊണ്ടാണ് തനിക്ക് ഇത്രയെങ്കിലും പിന്തുണ കിട്ടിയതെന്നും സുധ പറയുന്നു. എനിക്ക് നല്ല അഡ്വക്കേറ്റ്സും സുഹൃത്തുക്കളും തൊഴിലാളി സഖാക്കളും പുറത്തുണ്ടായിരുന്നു. എന്നാൽ സ്വന്തമായി ഒരു കുടുംബത്തിന്റെ പോലും പിന്തുണയില്ലാത്ത സാധാരണക്കാരായ ദുർബലരായ മനുഷ്യരുടെ കാര്യം ആലോചിച്ചുനോക്കൂ. മാത്രമല്ല അവിടെ തടവിലാക്കപ്പെട്ട ഭൂരിപക്ഷവും അവിടെ തുടരുന്നതിന് യാതൊരു കാരണവുമില്ല. ഇതാണ് ചുറ്റുപാടുമുള്ള തടവറക്കുള്ളിലെ സഹജീവികളെ പഠിക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്ന് സുധ പറയുന്നു.

എല്ലാ ജഡ്ജിമാരും കുറഞ്ഞത് ഒരാഴ്ചയെങ്കിലും ഇത്തരം ജയിലുകളിൽ ഒരു സബാറ്റിക്കൽ എടുക്കണം എന്ന് ചിരിച്ചുകൊണ്ട് സുധ പറയുന്നു.

താൻ ചുറ്റും കാണുന്ന ധാരാളം സ്ത്രീ തടവുകാരെക്കുറിച്ചാണ് സുധ എഴുതുന്നത്. ഇത് ഒരു അത്ഭുത ലോകമാണ്. ഇന്ത്യയുടെ പല ഭാഗത്തുനിന്നുള്ള തടവുകാരാണ്. ഏറെയും വളരെ ദരിദ്രർ. നിരക്ഷരർ. അവരുടെ കേസിനെക്കുറിച്ചോ വിചാരണയെക്കുറിച്ചോ ശിക്ഷയെക്കുറിച്ചോ അവർക്കുള്ള അറിവുപോലും വളരെ പരിമിതം. ഇവർക്ക് നൽകുന്ന സൗജന്യ നിയമ സഹായത്തിന്റെ പരിമിതിയെക്കുറിച്ചും അതെങ്ങനെയാണ് മെച്ചപ്പെടുത്തേണ്ടത് എന്നുമൊക്കെ സുധ വിശദമായി എഴുതുന്നു. താൻ കൂടി ഭാഗമായ ഇന്ത്യൻ നിയമ വ്യവസ്ഥ എങ്ങനെയാണ് ദരിദ്രരും നിരക്ഷരരുമായ പാവപ്പെട്ട മനുഷ്യരെ പുറംതള്ളുന്നത് എന്നുകണ്ട് സുധ അമ്പരക്കുന്നുണ്ട്. പല കുറ്റകൃത്യങ്ങളും സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ സംഭവിക്കുന്നതാണ്. ഇതൊക്കെ കോടതിയിൽ കൃത്യമായി അവതരിപ്പിച്ചാൽ അവരുടെ ശിക്ഷയിൽ ഇളവ് ലഭിക്കാവുന്നതേ ഉള്ളൂ. എന്നാൽ അതിനൊന്നും സാധ്യത കാണാതെ ജീവിതകാലം മുഴുവൻ തടവറയിൽ കഴിയാനാണ് ഇവരുടെ വിധി.

തടവറകളെ ഇപ്പോൾ ജീവിത ശൈലി തിരുത്താനുള്ള കേന്ദ്രങ്ങളായാണ് കരുതുന്നത്. എന്നാൽ അതിന് തടവുകാരെ സഹായിക്കുന്ന ഒരു സംവിധാനവും നിലവിലില്ല.

പലരും മാനസികവും ശാരീരികവുമായ പലതരം രോഗങ്ങൾക്ക് വിധേയരാണ്. എന്നാൽ ആർക്കും തന്നെ കൃത്യമായ ചികിത്സ ലഭ്യമല്ല. പലരും തടവറയിൽ തന്നെ ചികിത്സ ലഭിക്കാതെ മരിക്കുന്നു.

നമ്മുടെ സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ് ജയിലുകളും. മാലിന്യ നിർമാർജനം നടത്തുന്നത് ഇവിടെയും താഴ്ന്ന ജാതിയിൽ പെട്ടവരാണ്.

എന്നാൽ ഇതിനെയൊക്കെ മറികടന്ന് ഈ മനുഷ്യർ തമ്മിൽ അപാരമായ ഒരു ബന്ധം ഉടലെടുക്കുന്നുമുണ്ട്. അന്യോന്യമുള്ള സ്വീകാര്യതയിലും സഹിഷ്ണുതയിലും ഇവരിൽ നിന്ന് പുറംലോകം ഏറെ പഠിക്കാനുണ്ട് എന്ന് സുധ എഴുതുന്നു.

ഇതിൽ വലിയൊരു പ്രത്യേകത ഞാൻ കാണുന്നത് സുധ തന്നെക്കുറിച്ച് വളരെ കുറച്ചുമാത്രമേ പറയുന്നുള്ളു എന്നതാണ്. തന്റെ ചുറ്റും ജീവിക്കുന്ന നൂറിലേറെ മനുഷ്യരുടെ കഥകൾ. ഓരോ കഥയും ഒന്നോ രണ്ടോ പേജ് മാത്രമേ ഉണ്ടാവൂ. എന്നാൽ ഓരോന്നിലുമുണ്ട് അഗാധമായ മാനുഷിക അവസ്ഥയുടെ പൊരുൾ. വ്യക്തിയും സമൂഹവുമായുള്ള ബന്ധം. നിയമം എന്ന ചരടിൽ കെട്ടിയ മനുഷ്യ സമൂഹ ബന്ധങ്ങൾ.

സ്വന്തം അവസ്ഥയെക്കുറിച്ച് ഏറെയൊന്നും പറയുന്നില്ലെങ്കിലും സുധയുടെ ഏകാകിത നമുക്ക് മനസ്സിലാകാതെ പോകുന്നില്ല. പുസ്തകത്തെ കടന്നുപോകുന്ന ഋതുക്കളായാണ് സുധ വിഭജിച്ചിരിക്കുന്നത്. കടുത്ത വേനൽക്കാലം, ചെറിയ ഹേമന്തം കഴിഞ്ഞെത്തുന്ന ശൈത്യം, പ്രകൃതി പുനർജീവിച്ചെത്തുന്നു എന്ന് തോന്നുന്ന മഴക്കാലം ഇങ്ങനെ തന്റെ ചെറിയ സെല്ലിൽ നിന്ന് കാണുന്ന പ്രകൃതിയുടെ മാറ്റങ്ങൾ സുധ ഓരോ ഭാഗത്തിലും സൂക്ഷ്മമായി വിവരിക്കുന്നുണ്ട്. അതോടൊപ്പം വരുന്ന ഉത്സവങ്ങൾ, ഓരോ ഉത്സവത്തിന്റെയും അനുബന്ധമായി കിട്ടുന്ന പൊതുവെ ദുർലഭമായ ഭക്ഷണ വൈവിധ്യം.

1871ലാണ് ഈ ജയിൽ സ്ഥാപിതമാകുന്നത്. ഇന്ന് ഈ ജയിലിലെ വിവിധ വാർഡുകൾക്ക് ഗാന്ധി, തിലക്, നെഹ്‌റു എന്നൊക്കെയാണ് പേര്. ഇവരൊക്കെ ജീവിതത്തിന്റെ ഏറെക്കാലം ഇവിടെ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇനി ചിലപ്പോൾ സവർക്കറുടെയും ഗോൾവാൾക്കറിന്റെയും പേരിലാവും ഈ വാർഡുകൾ കാണപ്പെടുക. കാലവും രാഷ്ട്രീയവും മാറുകയാണ്. അസ്വതന്ത്രമായ ഒരു കാലത്തിന്റെ ചിഹ്നമാണ് സുധയും സുധയ്‌ക്കൊപ്പം തടവിലായ മറ്റ് മനുഷ്യാവകാശ പ്രവർത്തകരും. അവരിൽ പലരും തടവിൽ വച്ചുതന്നെ മരിച്ചുകഴിഞ്ഞു. സുധയെ കാരുണ്യത്തോടെ നോക്കിയ ഷോമ സെൻ ഇപ്പോഴും ജയിലിലാണ്. രോഗിയാണ്. എന്നാൽ ഭരണകൂടം നീതിയുടെ പാതയിൽ ആണ് എന്നതിന് യാതൊരു തെളിവുമില്ല.

അതൊന്നും ഇവരെ പിന്തിരിപ്പിക്കുന്നില്ല.

സുധ പോരാട്ടം തുടരുകയാണ്.

About Author

ജി. സാജൻ

അറിയപ്പെടുന്ന എഴുത്തുകാരനും സാമൂഹിക നിരീക്ഷകനും. ദീർഘകാലം തിരുവനന്തപുരം ദൂരദർശനിൽ കാർഷിക വിഭാഗത്തിന്റെ പ്രൊഡ്യൂസർ ആയിരുന്ന ജി സാജൻ വികസനോന്മുഖ മാധ്യമ രംഗത്തു് നിർണായകമായ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ‘നൂറുമേനിയുടെ കൊയ്ത്തുകാർ’ എന്ന പരമ്പര കാർഷിക പരിപാടികളിൽ പുതിയ പാത തുറന്നു. കേരളത്തിലെ ഏറ്റവും നല്ല പഞ്ചായത്തിനെ തിരഞ്ഞെടുക്കാനുള്ള സോഷ്യൽ റിയാലിറ്റി ഷോ ആയ ‘ഗ്രീൻ കേരള എക്സ്പ്രസ്’ ഏറ്റവും നല്ല കുടുംബശ്രീ യൂണിറ്റിനെ തിരഞ്ഞെടുക്കാനുള്ള ‘ഇനി ഞങ്ങൾ പറയാം’ ഇന്ത്യയിലെ ഏറ്റവും നല്ല വനിതാ കർഷകയെ കണ്ടെത്താനുള്ള ദേശീയ റിയാലിറ്റി ഷോ എന്നിവയുടെയെല്ലാം പ്രൊഡ്യൂസർ ആയിരുന്നു. ദൂരദർശന്റെ ബാംഗ്ളൂർ, ഷില്ലോങ്, പോർട്ട് ബ്ളയർ, ഡൽഹി കേന്ദ്രങ്ങളിൽ പ്രവർത്തിച്ചു. തിരുവനന്തപുരം ദൂരദർശന്റെ പ്രോഗ്രാം മേധാവിയായി വിരമിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ലൂക്ക സയൻസ് പോർട്ടൽ എഡിറ്റോറിയൽ അംഗം ആണ്.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x