യു.എ.പി.എ കേസിൽ മലയാളി മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും കേസിൽ കുരുക്ക് മുറുക്കാൻ മറ്റ് വഴികൾ തേടുകയാണ് ഉത്തർ പ്രദേശ് സർക്കാർ. സിദ്ദിഖ് കാപ്പനെതിരെ മാപ്പുസാക്ഷിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നാണ് പ്രോസിക്യൂഷൻ ജാമ്യ ഹർജിയിൻമേലുള്ള വാദത്തിനിടെ സുപ്രീംകോടതിയെ അറിയിച്ചത്. ഇത് രണ്ട് മാസത്തിനുള്ളിൽ സാധ്യമാക്കി വിചാരണയാരംഭിക്കുമെന്നും ഉത്തർ പ്രദേശ് സർക്കാരിനുവേണ്ടി ഹാജരായ അഡ്വ. മഹേഷ് ജത്മലാനി സുപ്രീംകോടതിയെ അറിയിച്ചു. കാപ്പനെ പുറത്തുവിടാതിരിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ ശക്തമായി ഇനിയും തുടരുന്നുവെന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. അന്വേഷണം രണ്ട് വർഷത്തോളമായിട്ടും ഇപ്പോഴും ഒരു മാപ്പുസാക്ഷിക്കായി ശ്രമം തുടരുന്നുവെന്നത് തന്നെ കേസിൽ കാപ്പനെതിരെ തെളിവുകൾ ഒന്നും കണ്ടെത്താനായിട്ടില്ലെന്നതിൻറെ വ്യക്തമായ സൂചനയാണ്. ജാമ്യ ഹർജി പരിഗണിക്കവെ ഇക്കാര്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിത് പരാമർശിച്ചു.
“കാപ്പനെ കുറ്റക്കാരനാണെന്ന് ഒരു കോടതിയും വിധിച്ചിട്ടില്ല. അന്വേഷണത്തിൽ തന്നെ എത്രത്തോളം കാപ്പനെതിരെ തെളിവുകൾ കണ്ടെത്തിനായി എന്നതും സംശയകരമാണ്. അതുകൊണ്ടാണ് ജാമ്യഹർജി പരിഗണിക്കുമ്പോൾ അന്വേഷണം എത്രത്തോളം പുരോഗമിച്ചിട്ടുണ്ട് എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോൾ ഒരു മാപ്പുസാക്ഷിയുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പ്രോസിക്യൂഷൻ പറഞ്ഞത്. പല ആരോപണങ്ങളും അന്വേഷണരീതിക്കെതിരെ ഉണ്ടായിട്ടുണ്ട്. രണ്ട് വർഷത്തോളം കേസ് അന്വേഷിച്ചിട്ടും തെളിവുകൾ ഒന്നും ശേഖരിക്കാനായിട്ടില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നത്. വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കുറ്റപത്രമാണ് കാപ്പനെതിരെ ചുമത്തിയിരിക്കുന്നത്. പൌരത്വഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിൽ മുസ്ലീങ്ങളെ ഇരകളാക്കി ചിത്രീകരിച്ച് അവരെ പ്രകോപിപ്പിക്കുന്ന തരത്തിൽ കാപ്പൻ എഴുതിയെന്നൊക്കെയാണ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്. അതെല്ലാം ഒത്തുനോക്കുമ്പോൾ ഈ ആരോപണങ്ങളിലൊക്കെ എത്രത്തോളം കഴമ്പുണ്ടെന്നത് വളരെ സംശയിക്കേണ്ടിയിരിക്കുന്നതാണ്.” സുപ്രീംകോടതി അഭിഭാഷകയായ തുളസി കെ രാജ് ‘ദി ഐഡ’ത്തോട് പറഞ്ഞു.
ക്രിമിനൽ നടപടി ക്രമത്തിലെ ആർട്ടിക്കിൾ 306 പ്രകാരമാണ് ഒരു കേസിൽ മാപ്പുസാക്ഷിയെ ഹാജരാക്കുക. അയാൾ ആ കുറ്റകൃത്യത്തിൽ നേരിട്ടോ അല്ലാതെയോ പങ്കെടുത്തയാളോ കുറ്റകൃത്യം സംബന്ധിച്ച് വ്യക്തമായ അറിവ് ഉള്ളയാളോ ആകണം. അയാൾ നൽകുന്ന വിവരങ്ങൾ കേസിൻറെ അന്വേഷണത്തെ സഹായിക്കുന്നതായിരിക്കണം. അത്തരം വിവരം തരുന്നയാൾക്ക് മാപ്പ് നൽകാമെന്ന് ആർട്ടിക്കിൾ 306 വ്യക്തമാക്കുന്നു. ഫസ്റ്റ് ക്ലാസ് ജ്യുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഒരാളെ കേസിൽ മാപ്പ് നൽകി മാപ്പുസാക്ഷിയായി അംഗീകരിക്കേണ്ടത്. പ്രസ്തുത കക്ഷി നിലവിൽ കേസിൽ അറസ്റ്റിലായി കസ്റ്റഡിയിൽ കഴിയുന്ന ആളാണെങ്കിൽ കേസിൻറെ വിചാരണ പൂർത്തിയാകുംവരെ തടവിൽ തന്നെ തുടരും. അതല്ല ജാമ്യത്തിലിറങ്ങിയ ആളാണെങ്കിൽ അദ്ദേഹത്തിന് സ്വതന്ത്രമായി പുറത്ത് കഴിയുകയും ചെയ്യാം.
അറസ്റ്റിലായി രണ്ട് വർഷം തികയാനിരിക്കെയാണ് സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. 2020 ജൂൺ പത്തിന് ഹാത്രാസിലെ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കൊലപ്പെടുത്തിയ കേസ് റിപ്പോർട്ട് ചെയ്യാനായി ഹാത്രാസിലേക്കുള്ള യാത്രയ്ക്കിടെയാണ് ഉത്തർപ്രദേശ് പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. അയ്യായിരത്തിലറെ പേജുകൾ വരുന്ന കുറ്റപത്രം സമർപ്പിച്ചിട്ടും പക്ഷെ കേസിലെ വിചാരണ രണ്ട് വർഷമായിട്ടും ആരംഭിച്ചിട്ടില്ല. മഥുര വിചാരണകോടതിയും അലഹബാദ് ഹൈക്കോടതിയും നിഷേധിച്ച ജാമ്യം തേടിയാണ് സിദ്ദീഖ് കാപ്പൻ സുപ്രീംകോടതിയിലെത്തിയത്.
1967 ൽ നിലവിൽ വന്ന യു.എ.പി.എ പ്രകാരം കഴിഞ്ഞ 8 വർഷത്തിനിടെ രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെട്ടത് 7714 കേസുകൾ ആണ്. 1226 കേസുകൾ രജിസ്റ്റർ ചെയ്ത 2019 ലാണ് ഏറ്റവും കൂടുതൽ യു.എ.പി.എ കേസുകൾ രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെട്ടത്. ദേശിയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം രാജ്യത്ത് 814 പുതിയ കേസുകൾ രജിസ്റ്റർ ചെയ്പ്പെട്ടു. ജമ്മു ആൻറ് കാശ്മീരിലാണ് ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. 289 കേസുകൾ. കേരളത്തിൽ 18 കേസുകളിലാണ് കഴിഞ്ഞവർഷം യു.എ.പി.എ ചുമത്തിയത്. ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടെങ്കിലും കോടതിയിൽ വിചാരണയ്ക്കെത്തിയത് 523 എണ്ണം മാത്രമാണെന്നും ദേശിയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷത്തിൽ കെട്ടികിടന്നിരുന്ന 2384 കേസുകൾക്കൊപ്പം കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത കേസുകളും ചേർന്ന് 2907 കേസുകളാണ് വിചാരണയ്ക്കായി കോടതിയിലെത്തിയത്. ഇതിൽ 107 എണ്ണം കോടതി തീർപ്പാക്കി. 68 കേസുകളിൽ കോടതി വിചാരണ പൂർത്തിയാക്കിയപ്പോൾ 39 എണ്ണം വിചാരണകൂടാതെതന്നെ തീർപ്പാക്കി. വിചാരണ പൂർത്തിയായവയിൽ 27 എണ്ണവും മുൻ വർഷങ്ങളിൽ വിചാരണ ആരംഭിച്ചവയാണ്. 39 കേസുകളിലെ പ്രതികളെ കോടതി വെറുതെവിട്ടു. 2800 കേസുകളാണ് ഇനിയും വിചാരണ പൂർത്തിയാകുന്നതും കാത്ത് 2021 ൻറെ അവസാനത്തിൽ കോടതികളിൽ കെട്ടികിടക്കുന്നതെന്നും ദേശിയ ക്രൈം റെക്കോർഡ്സ് ബ്യൂറോ ചൂണ്ടിക്കാട്ടുന്നു. അതായത് യു.എ.പി.എ കേസുകളിലെ ശിക്ഷവിധിക്കുന്നത് 39.7 ശതമാനം കേസുകളിലാണെങ്കിൽ കെട്ടികിടക്കുന്ന കേസുകളുടെ നിരക്ക് 96.7 ശതമാനമാണ്. ചുരുക്കത്തിൽ വലിയൊരുവിഭാഗം പേർ വിചാരണ പൂർത്തിയാകാതെ തടവറകളിൽ കഴിയുന്നുവെന്നർത്ഥം.
“വളരെ വൈകി വിചാരണ നടക്കുന്നുവെന്നത് വലിയ പ്രശ്നമാണ്. കാപ്പൻറെ കേസിൽ വിചാരണപോലും ആരംഭിച്ചിട്ടില്ല. വളരെ വർഷം കേസുകളുടെ വിചാരണ തീരാൻ എടുക്കുന്നുവെന്നത് ക്രിമനിൽ ജസ്റ്റിസ് സിസ്റ്റത്തിന് പൊതുവായുള്ള പ്രശ്നമുണ്ട്. പ്രത്യേകിച്ചും യു.എ.പി.എ പോലുള്ള നിയമങ്ങളിലെ കേസുകളുടെ കാര്യങ്ങളിൽ. എത്രത്തോളം പ്രോസിക്യൂഷൻ വിചാരണയോ അന്വേഷണമോ വൈകിച്ചാലും പോലീസിനോ പ്രത്യേകഅന്വേഷണ ഏജൻസികൾക്കോ ഒരു പ്രശ്നവുമില്ല എന്നതുണ്ട്. അതിന് ഒരു തടയിടാൻ കോടതികൾക്ക് ഇതുവരെ സാധിച്ചിട്ടില്ല എന്നുള്ളതൊരു യാഥാർത്ഥ്യമാണ്.” തുളസി കെ രാജ് കൂട്ടിച്ചേർത്തു.
കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയശേഷമാണ് രാജ്യത്ത് യു.എ.പി.എ വകുപ്പ് കൂടുതലായി ചുമത്തപ്പെട്ടതെന്ന് കാണാം. ഒപ്പം തന്നെ സംസ്ഥാനങ്ങളിലും യു.എ.പി.എ ചുമത്തപ്പെട്ട കേസുകളുടെ എണ്ണവും കൂടുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. പലപ്പോഴും യു.എ.പി.എ കുറ്റം ചുമത്തി തടവിലടയ്ക്കപ്പെടുന്നത് മാധ്യമപ്രവർത്തകരും സാമൂഹികപ്രവർത്തകരും മുസ്ലീം ജനവിഭാഗത്തിൽ പെട്ടവരുമാണ്.
കേസുകൾ തീർപ്പാകാതെയും വിചാരണ ആരംഭിക്കാതെയും അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് പലപ്പോഴും കുറ്റം ആരോപിക്കപ്പെട്ട് തടങ്കലിലാക്കപ്പെട്ടവരുടെ മൌലികാവകാശം കൂടിയാണ് ഹനിക്കുന്നത്. സിദ്ദീഖ് കാപ്പന് യു.എ.പി.എ കേസിൽ ജാമ്യം ലഭിച്ചുവെങ്കിലും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത സാമ്പത്തിക ഇടപാട് കേസിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ പുറത്തിറങ്ങാനാവൂ. കേന്ദ്രത്തിന് കീഴിലുള്ള ഇ.ഡി ഇനി ആ കേസിൽ ജാമ്യം നിഷേധിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് കാത്തിരുന്നു കാണണം. പക്ഷെ ഇതോടൊപ്പം തന്നെ മാപ്പുസാക്ഷിയെ ‘ഫിക്സ്’ ചെയ്യാനുള്ള ശ്രമങ്ങൾ സുപ്രീംകോടതിയുടെ ജാമ്യ ഉത്തരവിന് ശേഷവും തകൃതിയായി മുന്നേറുന്നുണ്ട് എന്നാണ് ഉത്തർപ്രദേശിലെ പൊലീസ് വൃത്തങ്ങളിൽ നിന്നും നിയമവൃത്തങ്ങളിൽ നിന്നും അറിയുന്നത്.
Good insights. Congrats Sanoob