A Unique Multilingual Media Platform

The AIDEM

Articles Gender

മേരി റോയ് ഉയർത്തുന്ന ചിന്തകൾ. കേരളത്തിലെ സ്ത്രീകൾക്ക് ഒരു തുറന്ന കത്ത്

  • September 8, 2022
  • 1 min read
മേരി റോയ് ഉയർത്തുന്ന ചിന്തകൾ. കേരളത്തിലെ സ്ത്രീകൾക്ക് ഒരു തുറന്ന കത്ത്

പ്രിയ സ്നേഹിതമാരെ,

മേരി റോയ് അന്തരിച്ചു എന്ന് കേട്ടപ്പോൾ മുതൽ ഇങ്ങനെയൊരു കത്തെഴുതണമെന്നു ആഗ്രഹിക്കുന്നു. ബാങ്ക് മാനേജരായി ജോലി ചെയ്യുന്ന ഒരു സുഹൃത്തുമായി കുറച്ചു വർഷങ്ങൾക്കു മുൻപുണ്ടായ ഒരു സംഭാഷണമാണ് ഓർമ്മ വരുന്നത്. അവരുടെ ഇത്ര കാലത്തെ ബാങ്കിങ് അനുഭവം വെച്ച് അവർ പറയുകയായിരുന്നു, കേരളത്തിലെ ഭൂമിയുടെ വലിയൊരു പങ്ക് ആണുങ്ങളുടെ പേരിലാണ് എന്ന്. അവരുടെ കണ്മുന്നിലൂടെ കടന്നുപോയ ഭൂപണയങ്ങളുടെ കണക്കുകൾ അവരുടെ മനസ്സിൽ ഉണ്ടാക്കിയ ഒരു ധാരണ മാത്രമായിരുന്നു അത്. ഏതെങ്കിലും പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള തീർപ്പ് അല്ല എന്നവർ എടുത്തു പറഞ്ഞു.

ഇന്ത്യയിൽ സ്ത്രീകളുടെ പേരിൽ എത്ര ഭൂമി ഉണ്ട്? കേരളത്തിൽ എത്ര ഉണ്ട്? ആർക്കും അറിയില്ല എന്ന് 2021 ഇൽ സ്ക്രോൾ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നു. ഭൂ ഉടമസ്ഥതയുടെ കാര്യത്തിൽ ലിംഗപദവി തിരിച്ചുള്ള ഡേറ്റ ലഭ്യമല്ല എന്നും. നമ്മുടെ മിക്ക ഡേറ്റകളിലും കുടുംബത്തിന്റെ ഭൂസ്വത്താണ് കണക്കെടുക്കുന്നത്, കുടുംബനാഥൻ പുരുഷൻ ആണ് എന്ന മുൻധാരണയോടെ. 2015-16 വർഷം തൊട്ട് നാഷണൽ ഫാമിലി ഹെൽത്ത് സർവേയിൽ സ്ത്രീകളുടെ ഭൂ ഉടമസ്ഥത സംബന്ധിച്ച ഡേറ്റ ഭാഗികമായി ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ പലപ്പോഴും ഈ സർവേ ഫലവും ഭൂ ഉടമസ്ഥതാ രേഖകളും തമ്മിൽ ചേർത്ത് വെക്കുമ്പോൾ ഭയങ്കര അന്തരം കാണുന്നു.

നാഷണൽ ഫാമിലി ഹെൽത്ത് സർവേ 4 പറയുന്നത് ഇത്ര മാത്രമാണ്- കേരളത്തിൽ ആകെ സ്ത്രീകളിൽ 34.9% പേർക്ക് സ്വന്തമായോ, മറ്റുള്ളവരുമായി ചേർന്നോ, ഭൂമിയുടെയോ, വീടിന്റെയോ ഉടമസ്ഥതയുണ്ട് എന്ന്. സെന്റർ ഫോർ ലാൻഡ് ഗവേണൻസ് തയ്യാറാക്കിയ സ്റ്റേറ്റ് ഓഫ് ലാൻഡ് റിപ്പോർട്ട് 2018 പറയുന്നത് ഇന്ത്യയിൽ സ്ത്രീകളുടെ ഭൂസ്വത്തവകാശം 12.9% ആണ് എന്നാണ്.

മേരി റോയ് കേരളസമൂഹത്തോട്, ഇന്ത്യൻ സമൂഹത്തോട് വിട പറയുമ്പോൾ ഒരു സ്ത്രീ ഒറ്റയ്ക്ക് പൊരുതി, മുഴുവൻ ക്രിസ്ത്യൻ സ്ത്രീകൾക്കും വേണ്ടി നേടിയ സ്വത്തവകാശം, കഷ്ടിച്ച് നേരം പുലരാൻ മാത്രം തുടങ്ങിയ നമ്മുടെ സാമൂഹ്യചക്രവാളത്തിലെ ഒരു തിളങ്ങുന്ന നക്ഷത്രം തന്നെയാണ്. 1916-ലെ തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ നിയമത്തിനെതിരെയാണ് മേരി റോയ് സുപ്രീം കോടതി വരെ ചെന്ന് അനുകൂല വിധി സമ്പാദിച്ചത്. പെണ്മക്കൾക്കും പിതൃസ്വത്തിൽ തുല്യാവകാശം ഉണ്ട് എന്ന 1986 ലെ സുപ്രീം കോടതി വിധി, മേരി റോയ് നിയമയുദ്ധം നടത്തി നേടി. എന്നാൽ ഇന്നും സ്ത്രീധനമെന്ന നിയമവിരുദ്ധമായ ദുരാചാരത്തിന്റെ രൂപത്തിലാണ് ഒരു സ്ത്രീ വിവാഹം കഴിച്ചു പോകുമ്പോൾ അവൾക്കുള്ള പിതൃസ്വത്തു കൈമാറ്റം ചെയ്യപ്പെടുന്നത്.

കേരളത്തിൽ സ്ത്രീധന സമ്പ്രദായം നിലവിലുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. സമയാസമയത്തു നടക്കുന്ന സ്ത്രീധന പീഡന മരണങ്ങളും ഈ വസ്തുതക്ക് സാക്ഷ്യം നിൽക്കുന്നു. സ്ത്രീധനമായി സ്വത്തോ പണമോ നൽകുമ്പോൾ എല്ലാം ഭർത്താവിന്റെ പേരിലാണ് നൽകുന്നത്. സ്ത്രീയുടെ സ്വത്തുടമസ്ഥത വെറും മരീചികയാണ് പല സമുദായങ്ങളിലും. ഭർത്താവും ഭാര്യയും കൂടി അധ്വാനിച്ചു സമ്പാദിച്ച പണം കൊണ്ട് ഒരു സ്ഥലം വാങ്ങി വീട് വെക്കുമ്പോൾ അത് ആരുടെ പേരിലായിരിക്കും? തീർച്ചയായും 90 ശതമാനവും ഭർത്താവിന്റെ പേരിൽ.

വിവാഹമോചിതയായപ്പോൾ, സ്വന്തം വിയർപ്പൊഴുക്കി ഉണ്ടാക്കിയ പണം കൂടി ചേർത്ത് ഭർത്താവുമൊത്തു സ്വന്തമാക്കിയ രണ്ടു വീടുകളിലും യാതൊരു അവകാശവുമില്ലാതെ, വെറും കയ്യോടെ ഇറങ്ങി പോന്ന ഒരു പ്രശസ്ത മാധ്യമ പ്രവർത്തകയെ അറിയാം.

ഈ ലേഖിക ജനിച്ചു വളർന്ന സമുദായത്തിലെ ചില അനുഭവങ്ങൾ കൂടി ഇവിടെ പങ്കു വെക്കാം. ഈ ലേഖികയുടെ വളരെ അടുത്ത ബന്ധുവായ ഒരു സ്ത്രീക്കു അവരുടെ പിതൃ സ്വത്തു ഭാഗം വെക്കുമ്പോൾ കുറച്ചു ഭൂമി നീക്കി വെക്കുന്നു. അവർക്കു പ്രായമാകുന്നു, മക്കൾ വലുതാകുന്നു, വലിയ സാമ്പത്തിക പ്രയാസങ്ങൾ അനുഭവിച്ചു കൊണ്ട് അവരുടെയും മക്കളുടെയും ജീവിതം മുന്നേറുന്നു, ഒടുവിൽ അവർ മരിച്ചു പോകുന്നു. അപ്പോഴും അവരുടെ സ്വത്തവകാശത്തിന്റെ ഭാഗമായി അവർക്കായി നീക്കി വെച്ച ഭൂമി തറവാട്ട് സ്വത്തിന്റെ കൂടെ അവിടെ കാടുകയറി കിടക്കുകയാണ്. അത് അവരുടെ ജീവിതത്തിന് ഉതകിയതേ ഇല്ല. തറവാട്ടിൽ ചെന്ന് പിതൃസ്വത്തിൽ പങ്കു ചോദിക്കുക മോശമാണ്, പ്രത്യേകിച്ചും കല്യാണം കഴിച്ചു പോയ പെണ്മക്കൾ! ഇതായിരിക്കാം ഇങ്ങനെ സംഭവിക്കാൻ കാരണം. തറവാട്ടു കാരണവരും അതവരെ ഓർമ്മിപ്പിക്കാൻ, അത് കൈമാറാൻ മറന്നുപോയി!

മറ്റൊരനുഭവം പറയാം. അഞ്ചു പെണ്മക്കൾ. മൂന്നാമത്തെ പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ച സമയത്താണ് പിതൃസ്വത്ത് ഭാഗം വെക്കുന്നത്. ഈ അഞ്ചു പേരുടെ പിതാവും, അദ്ദേഹത്തിന്റെ രണ്ടു സഹോദരന്മാരും തമ്മിൽ. പിതാവിനും, മാതാവിനുമൊപ്പം വിവാഹിതരല്ലാത്ത ഇളയ രണ്ടു പെൺമക്കൾക്ക് മാത്രം സ്വത്തു ഭാഗിക്കപ്പെട്ടു. വിവാഹം നിശ്ചയിച്ച മൂന്നാമത്തെ മകളിൽ നിന്ന് എഴുതി വാങ്ങി, സ്വത്തിനു മേൽ യാതൊരു അവകാശവും ഇല്ല എന്ന്. കാരണം അവർക്കു സ്ത്രീധനമായി സ്വർണ്ണം നല്കുന്നുണ്ടല്ലോ. പത്തുമുപ്പതു വര്ഷം മുൻപത്തെ കാര്യമാണ്, ഒരു പക്ഷെ പണവും നല്കിയിരിക്കാം.

മറ്റൊരു സമുദായത്തിൽ പെട്ട, ഫെമിനിസ്റ്റായ മറ്റൊരു സ്ത്രീ സുഹൃത്തിന്റെ കഥ ഇങ്ങനെയാണ് (കഥയല്ല, ജീവിതം തന്നെ). മൂന്നു ആങ്ങളമാർ, വിവാഹിതയായ ഒരു ചേച്ചി, ഈ ലേഖികയുടെ വിവാഹിതയല്ലാത്ത സുഹൃത്ത്. സ്വത്തു ഭാഗിച്ചപ്പോൾ എന്റെ സുഹൃത്തിനു ഒന്നുമില്ല. വളരെ കുറച്ചു സെന്റ് ഭൂമി മാത്രമുള്ള ഒരു മധ്യവർഗ്ഗ കുടുംബമായിരുന്നു. എന്റെ സുഹൃത്തിനു തിരുവനന്തപുരത്തു പോയി രണ്ടു വര്ഷം പഠിക്കാൻ ദുബായിലുള്ള ഏട്ടൻ കുറച്ചു ധനസഹായം ചെയ്തിരുന്നുവത്രെ. അവൾക്കുള്ള സ്വത്തിന്റെ പങ്കു ആ പണത്തിൽ ഉന്മൂലനം ചെയ്യപ്പെട്ടു. എന്നാൽ അമ്മയുടെ കുറച്ചു ആഭരണങ്ങൾ ഉണ്ടാകുമല്ലോ, അത് മകൾക്ക് നല്കാമല്ലോ എന്നായി മധ്യസ്ഥന്മാർ. അതൊക്കെ ‘അമ്മ മരിച്ചപ്പോൾ ഗുരുവായൂരിലെ ആഭരണപ്പെട്ടിയിൽ ഇട്ടു എന്ന് ആങ്ങളമാർ. അതോടെ പ്രശനം തീർന്നു.

മറ്റൊരു സ്ത്രീ സുഹൃത്തിന്റെ പിതൃസ്വത്ത് ഭാഗം വെച്ചപ്പോൾ ഒരു ലക്ഷം രൂപ കയ്യിൽ കൊടുത്തു, സ്വത്തിൽ അവകാശമില്ല എന്ന് എഴുതി വാങ്ങി. വീട്ടുകാരുടെ സമ്മതമില്ലാതെ മിശ്രവിവാഹിതയായ ആ സുഹൃത്ത് ആ രജിസ്ട്രേഷന് പോകുമ്പോഴെങ്കിലും എത്രയോ വർഷങ്ങൾ തന്നെ അകറ്റി നിർത്തിയ അച്ഛനെയും അമ്മയെയും ഒന്ന് കാണുകയെങ്കിലും ചെയ്യാമല്ലോ എന്ന കൊതി കൊണ്ടു യാതൊരു തടസ്സവും പറയാതെ ആ രേഖയിൽ ഒപ്പിട്ടു നൽകി. സ്വന്തമായി മോശമല്ലാത്ത ഒരു ജോലി ഉള്ളതിനാൽ ആ ഭൂസ്വത്തു തനിക്കു വേണ്ട എന്ന് തീരുമാനമെടുത്തുകൊണ്ട്.

2019-21 ലെ സർവേ ഫലങ്ങളുമായി പുറത്തിറങ്ങിയ നാഷണൽ ഫാമിലി ഹെൽത്ത് സർവേ 5 പറയുന്നത് ഇന്ത്യയിൽ സ്വന്തമായോ, മറ്റുള്ളവരുമായി ചേർന്നോ, ഭൂമിയുടെയോ, വീടിന്റെയോ ഉടമസ്ഥതയുള്ള സ്ത്രീകൾ ആകെ സ്ത്രീകളുടെ 43.3% ആണ് എന്നാണ്. കേരളത്തിൽ ഇത് 27.3% ആണ് എന്നും. നേരത്തെ പറഞ്ഞത് പോലെ 2015-16 കാലത്ത് കേരളത്തിൽ നാഷണൽ ഫാമിലി ഹെൽത്ത് സർവേ 4 പ്രകാരം ആകെ സ്ത്രീകളിൽ 34.9% പേർക്ക് സ്വന്തമായോ, മറ്റുള്ളവരുമായി ചേർന്നോ, ഭൂമിയുടെയോ, വീടിന്റെയോ ഉടമസ്ഥതയുണ്ടായിരുന്നതാണ്. നാലോ അഞ്ചോ വർഷം കൊണ്ടുണ്ടായ മാറ്റം തന്നെ നോക്കൂ. 34.9% ഉണ്ടായിരുന്നതാണ് ഇപ്പോൾ 27.3% ആയി കുറഞ്ഞിരിക്കുന്നത്.

1956 ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം ഹിന്ദു, ബുദ്ധിസ്റ്റ്, ജെയിൻ, സിക്ക് മതക്കാരുടെ പിന്തുടർച്ചാവകാശം നിര്ണയിക്കപ്പെടുന്നു. അച്ഛന്റെയോ അമ്മയുടേയോ സ്വത്തിൽ, ഒരു ഹിന്ദു മകൾക്കും മകനും തുല്യ അവകാശമാണ്. മകൻ മരിച്ചാൽ, അയാളുടെ ഭാര്യക്കും, മക്കൾക്കുമുള്ള അത്രയും പങ്ക് അമ്മയ്ക്കും ലഭിക്കും. എന്നാൽ മകൻ മരിച്ചാൽ അമ്മയോ, മകന്റെ ഭാര്യയോ, മകന്റെ കുട്ടികളോ ജീവിച്ചിരിപ്പുണ്ടെങ്കിൽ അച്ഛന് സ്വത്തിൽ അവകാശമില്ല. വിവാഹിതയായ ഒരു മകൾക്ക് വിവാഹിതയല്ലാത്ത ഒരു മകളുടെ അതെ സ്വത്തവകാശമുണ്ട്. മാത്രമല്ല, കുടുംബസ്വത്തിലും സ്ത്രീകൾക്ക് തുല്യ അവകാശമുണ്ട്. പക്ഷെ മുകളിൽ പറഞ്ഞ അനുഭവങ്ങൾ തെളിയിക്കുന്നത്, ഇതൊന്നും നടപ്പാവുന്നില്ല എന്നാണല്ലോ.

മുസ്‌ലിം വ്യക്തിനിയമപ്രകാരം ഭർത്താവിന്റെ സ്വത്തിൽ ഭാര്യക്ക് കുട്ടികൾ ഉണ്ടെങ്കിൽ എട്ടിലൊന്ന് അവകാശവും, കുട്ടികൾ ഇല്ലെങ്കിൽ നാലിലൊന്ന് അവകാശവുമാണ്. എന്നാൽ ഒരു മുസ്‌ലിം സ്ത്രീയ്ക്ക് പിതൃസ്വത്തു പങ്കിടുമ്പോൾ കിട്ടുന്നത് അവരുടെ സഹോദരന്മാർക്ക് കിട്ടുന്നതിന്റെ പകുതിയാണ്. അതുപോലെ ഒരു ഷെയർ ഉമ്മയ്ക്കും ലഭിക്കുന്നു. ഉമ്മയുടെ സ്വത്തിൽ മാത്രമാണ് മക്കൾ ആണായാലും, പെണ്ണായാലും തുല്യാവകാശമുള്ളത്. ഇനി ഉപ്പ ജീവിച്ചിരിക്കുമ്പോൾ വിവാഹിതനായ മകൻ മരിക്കുന്നു എന്നിരിക്കട്ടെ. ഉപ്പയുടെ സ്വത്തിൽ മകന്റെ ഭാര്യക്കോ, മക്കൾക്കോ അവകാശമില്ല.

പല മുസ്‌ലിം കുടുംബങ്ങളിലും ഭർത്താവു മരിക്കുമ്പോൾ ഭാര്യയും മക്കളും വെറും കയ്യോടെ ഇറങ്ങിപ്പോകുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ കാലം മാറി വരുന്നതിന്റെ ഭാഗമായി പല കുടുംബങ്ങളും, നിയമം പറയുന്നില്ലെങ്കിലും മരിച്ചയാളിന്റെ ഭാര്യക്കും മക്കൾക്കും കുറച്ചു സ്വത്ത് നൽകാറുമുണ്ട്. സ്നേഹത്തിന്റെയും, മനുഷ്യത്വത്തിന്റെയും പേരിൽ. ഉപ്പയുടെ സ്വത്തിനു മേൽ ഉപ്പയുടെ ഉമ്മക്കും, സഹോദരങ്ങൾക്കും അവകാശം വരുന്നതിനാൽ, ഒരാൾക്ക് പെണ്മക്കൾ ആണെങ്കിൽ അവർക്കു സ്വത്തു നൽകാൻ അയാളുടെ സഹോദരങ്ങളും, ഉമ്മയും ഒഴിമുറി ഒപ്പിട്ടു കൊടുക്കണം.

അതേസമയം ഭർത്താവ് വിവാഹസമയത്തു മെഹർ ആയി നൽകുന്ന സ്വത്തിൽ പൂർണ്ണ അവകാശം സ്ത്രീക്കുണ്ട്. പക്ഷെ ക്രമേണ മെഹർ എന്നത് വെറുതെ ഒരു ചെറിയ പാരിതോഷികം എന്ന നിലയിലേക്ക് മാറ്റപ്പെട്ടു. പലപ്പോഴും വിവാഹിതയായ ഒരു സ്ത്രീ തന്റെ പിതാവിന്റെ സ്വത്തിൽ അവകാശം ഉന്നയിക്കുന്നത് കുടുംബത്തിനെതിരെയുള്ള പ്രവർത്തനമായി ചിത്രീകരിക്കപ്പെടുന്നതിനാൽ, അത് കുടുംബബന്ധങ്ങളെ വഷളാക്കും എന്നതിനാൽ, പല സ്ത്രീകളും അർഹതയുള്ള സ്വത്തു പോലും ചോദിച്ചു വാങ്ങാറില്ല. പലപ്പോഴും മറ്റെല്ലാ വരുമാനസ്രോതസ്സുകളും അടയുമ്പോൾ മാത്രമാണ് ഒരു സ്ത്രീ താൻ ജനിച്ചു വളർന്ന കുടുംബത്തിനെതിരെ സ്വത്തിനു വേണ്ടി കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. ഭർത്താവിന്റെ സ്വത്തിൽ അവകാശം കിട്ടിയ മുസ്‌ലിം സ്ത്രീകൾ കുറെയുണ്ട്. പക്ഷെ പിതൃസ്വത്തിൽ അവകാശം കിട്ടിയവർ വളരെ കുറവാണ്.

തന്റെ സഹോദരനെതിരെ പിതൃസ്വത്തിൽ അവകാശം ചോദിച്ചാണ് മേരി റോയ് കേസ് കൊടുത്തത്. പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായ ഒരു സ്ഥലത്ത്, വിൽപത്രം എഴുതി വെക്കാതെ ക്രിസ്ത്യാനിയായ ഒരാൾ മരണപ്പെട്ടാൽ, 1917 ലെ ട്രാവൻകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമമാണോ, 1925 ലെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമമാണോ ബാധകമാവുക എന്ന ചോദ്യമാണ് ഈ കേസിൽ സുപ്രീം കോടതി പരിഗണിച്ചത്. 1917 ലെ ട്രാവൻകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം, പെൺകുട്ടിക്ക് പിതാവിന്റെ സ്വത്തിന്റെ മകന് നൽകുന്ന പങ്കിന്റെ നാലിലൊന്നോ, അല്ലെങ്കിൽ 5000 രൂപയോ, ഏതാണ് കുറവെങ്കിൽ അത് കൊടുക്കണം എന്നാണ്. വിവാഹ സമയത്തു സ്ത്രീധനം കൊടുത്തിട്ടുണ്ടെങ്കിൽ ഇതുതന്നെ കൊടുക്കേണ്ട എന്നും ഈ നിയമം വ്യവസ്ഥ ചെയ്തിരുന്നു.

പുരുഷനും സ്ത്രീക്കും തുല്യാവകാശം നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 14 ന്റെ ലംഘനമാണ് ഇതെന്നാണ് മേരി റോയ് കോടതിയിൽ വാദിച്ചത്. 1986 ഇൽ പുറത്തിറക്കിയ വിധിയിൽ കോടതി 1917 ലെ ട്രാവൻകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തെ തള്ളുകയും, 1925 ലെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തെ സ്വീകരിക്കുകയും ചെയ്തു. അങ്ങനെ സിറിയൻ ക്രിസ്ത്യൻ കുടുംബങ്ങളിലെ സ്ത്രീകൾക്ക് പിതൃസ്വത്തിനു മേൽ ആണുങ്ങൾക്കുള്ള അതെ അവകാശം സ്ഥാപിക്കപ്പെട്ടു.

മേരി റോയുടെ പോരാട്ടം പക്ഷെ തുടരുകയാണ്. അസംഖ്യം മേരി റോയ്മാരിലൂടെ, നിശ്ശബ്ദമായി. ആ പോരാട്ടവീര്യത്തിന്റെ അടുത്തൊന്നും നിൽക്കാൻ കെൽപ്പില്ലാതെ സ്വന്തം അവകാശങ്ങൾ ത്യജിക്കുന്ന കുലസ്ത്രീകളാണ് എന്നിട്ടും നമ്മളിൽ ഭൂരിപക്ഷവും എന്ന് കേരളത്തിലെ സ്ത്രീകളോട് സങ്കടം പങ്കുവെച്ചുകൊണ്ടു നിർത്തട്ടെ.

സ്നേഹപൂർവ്വം, നിങ്ങളുടെ സ്വന്തം, ലേഖിക

About Author

വി. എം. ദീപ

ദി ഐഡം എക്സിക്യൂട്ടീവ് എഡിറ്റർ. ഏഷ്യാനെറ്റ് ന്യൂസിൽ ദീർഘകാലം പ്രവർത്തിച്ചിട്ടിട്ടുണ്ട്.