കാരിക്കുട്ടി വല്യാത്തയും കുഞ്ഞാടിയും വികസനത്തെപ്പറ്റി നാടകം: കാള ഭൈരവൻ
കേരളത്തിലുണ്ടായ സാഹിത്യ-നാടക-സിനിമാ അവതരണങ്ങളിൽ 99 ശതമാനത്തിലും നാം കണ്ട ദളിത് കഥാപാത്രങ്ങൾ, ദളിതരല്ലാത്തവർ പുറത്തുനിന്ന് കണ്ട് എഴുതിയ ചിത്രീകരണങ്ങളാണ്. അതുകൊണ്ടാണ് ‘ആ മരത്തിൻ പൂന്തണലിൽ വാടി നിൽക്കുന്നോളെ” എന്നൊക്കെ എഴുതപ്പെടുന്നത്. അധികം അറിയപ്പെടാത്തതും, എന്നാൽ യഥാർത്ഥ ദളിത് ജീവിതത്തിന്റെ ചിത്രം വരച്ചുകാണിക്കുന്നതുമായ ദളിത് കഥനങ്ങൾ മലയാളത്തിൽ അപൂർവം ഉണ്ടായിട്ടുണ്ട്. അത്തരമൊരു നാടകമാണ് മലപ്പുറം അരീക്കോട് സ്വദേശിയും, സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനുമായ ഇ.സി. ദിനേശൻ എഴുതിയ ‘കാള ഭൈരവൻ’ എന്ന നാടകം. കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ ഈ നാടകം, അതിന്റെ ഇതിവൃത്തത്തിനാധാരമായ ‘കണക്ക’ സമുദായത്തിന്റെ കാർഷിക-ഇടയ ജീവിതവും, മറ്റു ദളിത് സമൂഹങ്ങളോടൊപ്പം ഈ കീഴാള ജനത നേരിടേണ്ടി വന്ന ഭൂമിയുടെ നഷ്ടവും, സംസ്കാരത്തിന്റെ മാഞ്ഞുപോകലും, മുഖ്യധാരയുടെ അധിനിവേശവും, എല്ലാം ചർച്ച ചെയ്യുന്നു. ‘കാള ഭൈരവൻ’ എന്ന നാടകം എഴുതിയ ഇ.സി. ദിനേശനുമായി ദീതു ദാസ് കെ. നടത്തിയ അഭിമുഖവും നാടകത്തിന്റെ ഏതാനും ഭാഗങ്ങളും ദി ഐഡം ഇവിടെ അവതരിപ്പിക്കുന്നു.