സ്വാഭാവികത ഏകാന്തത സ്വാതന്ത്ര്യം (എം.ടിയിലേക്കുളള ‘ജയമോഹന് ദൂരം’)

തൊണ്ണൂറ്റിയൊന്നാം വയസ്സില്‍, 2024 ഡിസംബര്‍ 25ന് എം.ടി അന്തരിച്ചതിനു ശേഷം ഉണ്ടായ ചില എം.ടി വിമര്‍ശനങ്ങളുടെ- നിര്യാണത്തിനു ശേഷം മാത്രം ഉണ്ടായ വിമര്‍ശനങ്ങളുടെ- പശ്ചാത്തലത്തിലായിരുന്നു ഞാന്‍ വീണ്ടും പ്രമുഖ തമിഴ് എഴുത്തുകാരനും തിരക്കഥാകൃത്തും ലേഖകനും എല്ലാമായിട്ടുളള ജയമോഹന്റെ എം.ടി വിമര്‍ശനങ്ങള്‍- തുടര്‍ന്നുളള സ്വീകാരവും- ഓര്‍മിച്ചത്. കഴിഞ്ഞ ദിവസം പാലക്കാട് നടന്ന എം.ടി അനുസ്മരണ പരിപാടിയില്‍ ജയമോഹന്റെ ഈ എം.ടി വായനയിലൂന്നി സംസാരിക്കുക കൂടി ചെയ്തിരുന്നു. അതിനു പ്രധാന കാരണം, വായനയുടെയും വിമര്‍ശനത്തിന്റെയും സത്യസന്ധമായ പാതയിലൂടെ ജയമോഹന് എത്തിച്ചേരുന്ന ഒരു ‘എം.ടി ഇടം’ ആണെന്ന് പറയാം. അഥവാ ഞാന്‍ വായിച്ചിട്ടുളള എം.ടി വിമര്‍ശനത്തിന്റെയും വീണ്ടെടുപ്പിന്റെയും ഏറ്റവും സൂക്ഷ്മവും തീവ്രവുമായ മാതൃകയായി ജയമോഹന്റെ എം.ടി അന്വേഷണം അനുഭവപ്പെട്ടതുകൊണ്ട് കൂടിയാണെന്നും പറയാം. സാഹിത്യത്തില്‍ തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുളള മേഖലകള്‍-നോവല്‍, കഥ, സിനിമ-മുതല്‍ സാഹിത്യ സങ്കല്പത്തില് വരെ ചില ശ്രദ്ധേയ സാദൃശ്യങ്ങള്‍ ഇരുവര്‍ക്കും ഉണ്ടെന്നതും ശ്രദ്ധേയമാണ്.

എം.ടി സാഹിത്യം എന്റെ വിളക്കാണെന്നു പറയുമ്പോള്‍, ജയമോഹന് സാഹിത്യം തന്റെ ദൈവം ആണെന്നു തന്നെ പറയുന്നുണ്ട്. ഫലത്തില്‍ തങ്ങളുടെ എഴുത്തിനോട് മാത്രം പൂര്‍ണ്ണാര്‍പ്പണം നടത്തിയ/നടത്തുന്ന, പാര്‍ട്ടികളുടെയോ പ്രസ്ഥാനങ്ങളോടെയോ പിറകേ സഞ്ചരിച്ചിട്ടില്ലാത്ത രണ്ട് വലിയ അയല്പക്ക എഴുത്തുകാര്‍ എന്ന സവിശേഷതയും ഇവിടെ കാണാനാകും. ജയമോഹന്റെ വിമര്‍ശനാത്മകമായ എം.ടി വായനകൾ ക്രമേണ ഒരു വർത്തുള സ്വഭാവത്തിലെത്തുന്നതും, എം.ടി ഒരു പുതിയ അനുഭവമായി പരിണമിക്കുന്നതുമാണ് നമ്മള് കാണുന്നത്. വളരെ ശക്തമായ നിരീക്ഷണങ്ങള്‍ -സാഹിത്യ സാംസ്കാരിക രാഷ്ട്രീയ നിരീക്ഷണങ്ങള്‍- എപ്പോഴും പുലര്‍ത്തുന്ന മലയാളിത്തം കൂടിയുളള തമിഴ് എഴുത്തുകാരന് എന്ന നിലയില്‍ ജയമോഹന്റെ ചിന്തകളെ പിന്‍പറ്റുമ്പോള്‍, അദ്ദേഹത്തിന്റെ എം.ടി വായന എന്നത് രണ്ടു സംസ്കാരങ്ങളെ കൂടുതല്‍ അടുത്തറിയുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ഒന്നുകൂടിയായി മാറുന്നുണ്ട് എന്നു പറയേണ്ടി വരും.
എം ടിയുടെ വലിയ വായനക്കാരിയായ അദ്ദേഹത്തിൻ്റെ അമ്മയുടെ ആത്മഹത്യ ജയമോഹനില്‍ സൃഷ്ടിച്ച കയ്പ് ‘നാലുകെട്ടി’ൻ്റെ വായനയോടെ അധികരിച്ച കാര്യവും, വർഷങ്ങൾക്കു ശേഷം, കാശിയിൽ (ബാലയുടെ നാൻ കടവുൾ സിനിമയുടെ ഷൂട്ടിംഗ് പശ്ചാത്തലം) വീണ്ടും എം.ടി കഥാപത്രങ്ങൾ മനസ്സിൽ അവിശ്വസനീയമായി നിറയുമ്പോള്‍, താൻ മനസ്സുകൊണ്ട് വെറുത്തിരുന്ന–അമ്മയുടെ ആത്മഹത്യയുടെ കാരണക്കാരന്‍ എന്ന നിലയില്‍ത്തന്നെ വെറുത്തിരുന്ന- അദ്ദേഹത്തന്റെ പിതാവ് ബാഹുലേയൻ പിള്ളയെ ആദ്യമായി ഒരു എം.ടി കഥാപാത്രം പോലെ സ്വയം തിരിച്ചറിഞ്ഞ് ‘അച്ഛാ’ എന്ന് ഹൃദയം തുറന്ന് വിളിക്കുന്ന സന്ദര്‍ഭത്തെക്കുറിച്ചും ജയമോഹന് എഴുതുന്നത് ഏറെ ഹൃദയസ്പര്‍ശിയായാണ്. ആ അര്‍ഥത്തില്‍ അദ്ദേഹത്തിന്റെ, ‘വീണ്ടും ചെല്ലുന്ന വീട് ‘ എന്ന ഓര്‍മക്കുറിപ്പ്/എം.ടി അനുഭവം, ഒരിക്കലും ഒരു ലളിത സാഹിത്യ വായനയായോ, ആസ്വാദനലേഖനമായോ അവസാനിക്കുകയല്ല, മറിച്ച് അത് വൈയക്തികവും സാമൂഹികവുമായ നിരവധി വിവക്ഷകളിലേക്ക് നമ്മെ നയിക്കുന്ന ഒരു ആത്മകഥാ രേഖ കൂടിയായി വികസിക്കുകയാണെന്ന് പറയേണ്ടി വരും.
വായനയിലെ സാംസ്കാരിക സമന്വയം
ഒരു നിശിത എം.ടി വിമർശകനായി തുടങ്ങി, പതുക്കെ ജയമോഹന്റെ വായന ഒരു എം.ടിയൻ വീണ്ടെടുപ്പായിത്തീരുന്നതെങ്ങനെ എന്നതു മാത്രമല്ല, എം.ടിയന്കഥാപാത്രത്തിലൂടെ തന്റെ തന്നെ ജീവിതത്തിലേക്ക് വീണ്ടും നടക്കുന്ന എഴുത്തുകാരനായും, നിസ്സഹായനും സത്യസന്ധനുമായ ഒരു മനുഷ്യനായും ജയമോഹന് യാതൊരു മറകളുമില്ലാതെ അവിടെ സ്വയം അടയാളപ്പെടുത്തു എന്നതാണ് എടുത്തുപറയേണ്ട വസ്തുതയാകുന്നത്. തൻ്റെ അച്ഛൻ നാലുകെട്ടിലെ അപ്പുണ്ണി തന്നെയായിരുന്നവെന്ന ജയമോഹൻ്റെ പുതിയ വെളിപാട്-വാരണാസിയില്‍ വെച്ചുണ്ടാകുന്ന വെളിപാട്-ഒരര്‍ഥത്തില്‍ എം.ടി സാഹിത്യത്തിൻ്റെ അനുസ്യൂതി സ്വഭാവം കൊണ്ട് കൂടിയാണെന്ന് കണ്ടെത്താന്‍ പ്രയാസമില്ല. ‘ഒരുപാട് കടന്നുപോന്നിരുന്നു. മൂന്ന് വന്നോവലുകള്, നൂറിലേറെ ചെറുകഥകള്‍, ആയിരത്തിലേറെ ലേഖനങ്ങള്‍.എഴുതിയെഴുതി കൂടുതല്‍ ഒറ്റപ്പെട്ടു. ഒറ്റപ്പെടുകയെന്നതിന്റെ മധുരമറിഞ്ഞു.

സ്വാഭാവികമായി ഒറ്റപ്പെടുകയെന്നതാണ് സ്വാതന്ത്ര്യമെന്ന് പഠിച്ചു.’ എന്ന ജയമാഹന്റെ സ്വയം വിശകലനത്തില്‍, എം.ടിയുടെ ഏകാന്തതയും മൗനവും സ്വാതന്ത്ര്യവും കൂടിയാണ് ഒരര്‍ഥത്തില്‍ പ്രതിബിംബിതമാകുന്നത്. തമിഴ്നാടില്‍ കരുണാനിധിയുടെ വിമര്‍ശകനായി നിന്ന് ഒളിവില്‍ പോകേണ്ടിവരുന്ന ജയമോഹന്, പിന്നീട് കരുണാനിധി കാണാന്‍ ആഗ്രഹം അറിയിച്ചിട്ടും പോകാതിരുന്നതും, പത്മശ്രീ പുരസ്കാരനം നിരസിക്കുന്നതും എല്ലാം എഴുത്തുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന ഉദാത്തമായ ഒരു ഏകാന്ത സ്വാതന്ത്ര്യത്തിലായിരിക്കണം-നിര്‍ഭാഗ്യവശാല്‍ ഭൂരിപക്ഷം എഴുത്തുകാര്‍ക്കും ഇതൊന്നും ചിന്തിക്കാന്‍ പോലും കഴിയാത്തതും ഇത്തരമൊരു സ്വച്ഛസ്വാതന്ത്ര്യത്തിലേക്ക് അവര്‍ എത്തിയിട്ടില്ലാത്തതിനാലുമാകും, സ്വാഭാവികമായും. ആള്‍ക്കൂട്ടം ഉത്തരവാദിത്തമുള്ള ഒരു സമൂഹമായി മാറുകയും സ്വയം കരുത്ത് നേടി സ്വാതന്ത്യം ആര്‍ജ്ജിക്കുകയും വേണമെന്നും ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും ആള്‍ക്കൂട്ടം എന്നത് സമൂഹമായി മാറണമെന്നും എങ്കിലേ റഷ്യയ്ക്ക് നിലനില്‍പ്പുള്ളൂ എന്ന കാര്യം വില്‍ഹെം റീഹിനേക്കാള്‍ മുന്‍പ് രണ്ടു പേർ റഷ്യയില്‍ പ്രഖ്യാപിച്ചുിരുന്നു എന്നും- അത് എഴുത്തുകാരായ ഗോര്‍ക്കിയും ചെഖോവും ആയിരുന്നു എന്നും എം.ടി തന്റെ ഏറെ ചര്‍ച്ചയായ 2024 ജനുവരിയിലെ പ്രസംഗത്തില്‍ (ഇരുപതു വര്‍ഷം മുമ്പ് ഇഎംഎസിനെക്കുറിച്ചെഴുതിയ ‘ചരിത്രത്തിന്റെ ആവശ്യം’ എന്ന ലേഖനത്തിന്റെ മാറ്റമില്ലാത്ത പ്രസംഗരൂപം) പറഞ്ഞിരുന്നത്, സ്വാതന്ത്ര്യത്തെക്കറിച്ചുളള ഈ ‘ജയമോഹന് അനുഭവവും വീക്ഷണവും’ തീര്‍ച്ചയായും ഓര്‍മിപ്പിക്കുകയുണ്ടായി.
1980ല്‍ കാശി വിട്ടതിനു ശേഷം ഇരുപത്തിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം, ബാല സംവിധാനം ചെയ്ത തമിഴ് സിനിമയായ നാന് കടവുളിനുവേണ്ടി (ബാല ജയമോഹന്റെ ഏഴാംലോകം എന്ന നോവല്‍ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍) ചിത്രത്തിന്റെ ആദ്യത്തെ ഭാഗം കാശിയില്‍ ചിത്രീകരിക്കുമ്പോള്‍ താന്‍ ഒപ്പം ഉണ്ടായേ പറ്റൂ എന്ന് ബാല ശഠിച്ചതിനാലാണ് വീണ്ടും 2024ല്‍ വീണ്ടും കാശിയിലെത്തുന്നത് എന്ന് ജയമോഹന് തുടക്കത്തില്‍ പറയുന്നുണ്ട്. ‘തിരിക്കുമ്പോള്‍ വിമ്മിട്ടമുണ്ടായിരുന്നു. കാശിയെ എനിക്ക് നേരിടാനാവുമോ? ഒരു ഭിക്ഷക്കാരനായി ഞാനവിടെആറു മാസം കഴിഞ്ഞിട്ടുണ്ട്. സന്ന്യാസിയായി എന്നു പറയാന്‍ ഇന്നെനിക്കു മടിയാണ്. ഭ്രാന്തനെന്നും പറയാം. വാരാണസിയിലെ അസ്സിഘട്ടിലായിരുന്നു താമസം. ‘മലയാളത്തുചാമി? എന്ന് ഒപ്പമുണ്ടായിരുന്ന ചെങ്കല്ച്ചാമി വിളിക്കും. കാശി എന്റെ മനസ്സുപോലെത്തന്നെ കുത്തഴിഞ്ഞത്. ഭ്രാന്തുള്ളത്. ചലവും മലവുമൊഴുകുന്നഇരുണ്ട ഗലികള്‍ നിറഞ്ഞത്. ഞാന്‍ അവിടെനിന്നു രക്ഷപ്പെട്ട് ഓടുകയാണുണ്ടായത്.’ എന്നാണ് തന്റെ പുനര്യാത്രയെക്കുറിച്ചുളള ആശങ്കയായി ജയമോഹന് എഴുതുന്നത്. ഒരു എം.ടി കഥാപാത്രത്തെ-തകര്‍ന്ന നായര്‍ തറവാട്ടിലെ ഒരു കാരണവരെ/തന്നെത്തന്നെ ജയമോഹന് കാശിയില്‍ കണ്ടെത്തുന്നത് അല്ലെങ്കില്‍ തിരിച്ചറിയുന്നതാണ് തിരിച്ച് അദ്ദേഹത്തിന് വീണ്ടും എം.ടിയിലേക്കും തന്റെ തന്നെ കുടുംബ തന്നെയും ഉളള വഴിയാകുന്നത്. തന്നെ സാഹിത്യത്തിലേക്ക് നയിച്ച അമ്മയുടെ ആത്മഹത്യ, ഒരുമാസത്തിനകം തന്നെയുളള പിതാവിന്റെ ആത്മഹത്യ എന്നിവയെല്ലാം ചേര്‍ന്ന് രൂപപ്പെടുന്ന ഒരു മനുഷ്യവസ്ഥയുടെ ഏറ്റവും സങ്കീര്‍ണ്ണമായ ഒരു സ്വത്വം ആയിക്കൂടിയായാണ് ജയമോഹന് എന്ന എഴുത്തുകാരനും വ്യക്തിയും നിലനില്‍ക്കുന്നത് എന്നത് ഇവിടെ കൂടുതല്‍ പ്രസക്തമാകുന്നുണ്ട്.

എം.ടി വിമര്‍ശവും എം.ടി വീണ്ടെപ്പുമായി തന്റെ വായനയും ജീവിതവും പരിണമിക്കുന്നതിനെക്കുറിച്ച് ജയമോഹന് എഴുതുമ്പോള്‍, ഈ ദശാസന്ധിയുടെ കഠിനമുദ്ര കൂടി അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നര്‍ഥം. “നിനച്ചിരിക്കാത്ത വേഗത്തില്‍ ഞാന്‍ കാശിയോടിണങ്ങി. പടംപിടിത്തം ഒരു മാസംനീണ്ടു. ആ ഒരു മാസം ഞാന്‍ കാശിയിലെ ഘാട്ടുകളില്‍ അലഞ്ഞുതിരിഞ്ഞു. ശ്മശാനങ്ങളില്‍ പുലരുംവരെ കുത്തിയിരുന്നു. പഴയഭ്രാന്തിലേക്ക് മടങ്ങിച്ചെല്ലാനുള്ള ശ്രമമാണ്.എന്നാല്‍, എന്റെയുള്ളില്‍ ഒരു അന്യന്, ഒരുവായിനോക്കി കടന്നുകഴിഞ്ഞിരുന്നു. മുമ്പ് ഞാന്‍ കാശി കണ്ടിരുന്നില്ല. രണ്ടാംഘട്ടം ചെന്നപ്പോഴാണ് കാശിയെ ശരിക്കു കണ്ടത്. ഏകാകികളുടെ, ഭ്രാന്തരുടെ, ദുഃഖിതരുടെ, ലഹരിയടിമകളുടെ നഗരം. അവിടെ, ശിവന് ഭ്രാന്തനാണ്. കാലഭൈരവനും ഭ്രാന്താണ്. എരുക്കുചെടിയുടെ ഇളംനീലപ്പൂുവുകള്കൊണ്ടുള്ള മാലയാണ്കാലഭൈരവന്. എരുക്ക് തനി നഞ്ചാണ്.നാന് കടവുള്‍ സിനിമയില്‍ രുദ്രൻ ഒരുഉയര്‍ന്ന സ്ഥലത്തു കിടന്നുകൊണ്ട് ആകാശത്തേക്ക് നോക്കുന്ന ഒരു ഷോട്ടുണ്ട്. വളരെ ചര്‍ച്ചചെയ്യപ്പെട്ടത്. അതു ഞാന്‍ കിടക്കുന്നതു കണ്ട് ബാല അതേപോലെയുണ്ടാക്കിയതാണ്. രുദ്രനെപ്പോലെ, ആ തിരക്കിനിടയിൽ ഞാന്‍
തികച്ചും ഒറ്റയ്ക്കായിരിക്കും. ആ കിടപ്പുകളിലൊന്നില്, ഞാന്‍ എം.ടി.വാസുദേവന്‍ നായരെ വീണ്ടെടുത്തു.’ എന്ന് വായിക്കുന്നതില്‍ എം.ടിയിലേക്കുളള ലേഖകന്റെ പുനരാഗമന വഴി തെളിഞ്ഞു കാണാം. മാത്രമല്ല, സാംസ്കാരികമായി തമിഴ്-മലയാളം വേര്‍തിരിവിനെ മറികടക്കുന്ന ഒരു സാംസ്കാരിക സമന്വയം കൂടി ഈ എം.ടി വീണ്ടെടുപ്പില്‍ അന്തര്‍ലീനമാണ്.
നിരാസത്തിന്റെയും സ്വീകാരത്തിന്റെയും നാള്‍വഴികള്‍
മനോജ് കുറൂരിന്റെ, ‘നിലം പൂത്തു മലര്‍ന്ന നാള്’ എന്ന, സംഘകാലത്തെക്കുറിച്ചുളള ഭാഷാപരമായ ഒരു പരീക്ഷണാഖ്യാനം കൂടിയായ, നോവലിന്റെ മുന്നുരയില്, ജയമോഹന് ഇക്കാര്യം വ്യക്തമായി സൂചിപ്പിക്കുന്നുമുണ്ട്. ‘ഞാന്‍ ഒരു നോവലുണ്ടാക്കി. മിക്കവാറും അര്‍ത്ഥമില്ലായ്മയുടെ വക്കില്‍ നില്ക്കുന്ന, കവിത്വംകൊണ്ടു രചിക്കപ്പെട്ട ആ നോവൽ വളരെയേറെ വായിക്കപ്പെടുന്നതാണ്. തമിഴിൽ അതു നോവലല്ല പുതുക്കാപ്പിയം ആണ് എന്നു നിരൂപകര്‍ പറഞ്ഞിട്ടുണ്ട്. ആ നോവലിനെപ്പറ്റി ഒരിക്കല്‍ ഒരു സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടപ്ലോള് തമിഴ് ചിന്തകനും നിരൂപകനുമായ ഞാനി. ഞാനി എന്നോടു ചോദിച്ചു, ഒരു മലയാളിക്ക് തമിഴ് സാംസ്കാരികതയുടെ കാതൽ എങ്ങനെ തൊടാന്‍ കഴിഞ്ഞു എന്ന്. ഞാന്പറഞ്ഞു, പന്ത്രണ്ടാം നൂറ്റാണ്ടിനു ശേഷം പല തരത്തിലുള്ള യുദ്ധവരവുകള്കൊണ്ട് കലുഷമായ തമിഴ് നിലത്തില്‍ ജനിച്ചവരാണു നിങ്ങള്‍. അന്യത തീണ്ടാത്ത പരിശുദ്ധമായ തമിഴ് നിലമാണ് കേരളം. തമിഴ്പഴമയിലേക്കു പോകാന്‍ ഞാന്‍ ചരിത്രത്തിലേക്കു പോകേണ്ട കാര്യമില്ല; എന്റെ അമ്മൂമ്മയിലേക്കും തറവാട്ടിലേക്കും മാത്രം പോയാൽമതി. ‘കൊറ്റവൈയെ’ ഞാന്‍ കണ്ടിട്ടുണ്ട്, എന്റെഅമ്മച്ചിയായി. ഞാന്‍ ആഘോഷിക്കുന്ന വിഷുവും തിരുവോണവും അത്തം പത്തും പൈങ്കുനി ഉത്രവുമെല്ലാം സംഘകാലം മുതൽതമിഴ് ആഘോഷിച്ചുവരുന്നതാണ്. എന്റെ പഴമ തമിഴാണ് എന്ന്.’ ഇപ്രകാരം മലയാളം-തമിഴ് സാഹചര്യത്തെ, സംഘകാല ബോധത്തോടെ ഏകഭാവത്തില്‍ കാണുക കൂടിയാണ് ജയമോഹന്. കൊറ്റവൈ എന്നാല്‍ യുദ്ധദേവത എന്നു കൂടിയാണ് അര്‍ഥം. എന്നിട്ടും മറ്റൊരര്‍ഥത്തില്‍, ആ ദേവത തോറ്റുപോയി എന്നിടത്താണ് – അമ്മ ആത്മഹത്യ ചെയ്തു എന്നിടത്താണ്- സ്വാഭാവികമായും ജയമോഹന്റെ വ്യക്തി ജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ സംഘര്‍ഷം നിലകൊള്ളുന്നത്. എം.ടി വായനയിലെ അദ്ദേഹത്തിന്റെ നിരാസ-സ്വീകാരങ്ങളുടെ നാള്‍വഴികള്‍ ഒരേസമയം സാംസ്കാരികമായും വ്യക്തിഗതമായും രൂപപ്പെടുന്നതാണ് എന്നതുകൊണ്ട് കൂടിയാണ് ഇത് എടുത്തു പറയുന്നത്. ‘1986ലാണ് ഞാന്‍ എം.ടിയുടെ നാലുകെട്ട് നോവല്‍ വായിക്കുന്നത്.
എം.ടി. എന്റെ അമ്മയുടെ ഇഷ്ടപ്പെട്ട എഴുത്തുകാരനായിരുന്നു. തമിഴിലും ഇംഗ്ലീഷിലും മലയാളത്തിലും ധാരാളം വായിക്കുന്ന എന്റെ അമ്മ, സാഹിതൃത്തില്‍ എന്റെ ആദ്യത്തെ ഗുരു. സാഹിത്യം ആളെക്കൊല്ലുന്ന ദൈവമാണെന്ന് കാണിച്ചു തന്ന ശത്രുവുമാണ്. 1986-ല്‍ അമ്മ ആത്മഹത്യ ചെയ്തു. എം.ടിയുടെ നോവൽ കൈയ്യിലെടുക്കുമ്പോള്‍, എന്റെയുള്ളില്‍ കയ്പു നിറഞ്ഞിരുന്നു. വളരെ വേഗം പടര്‍ന്നുകയറുന്ന ഒരു വള്ളിയാണ് കയ്പവല്ലരി. ആത്മഹത്യ ചെയ്യുന്ന ഒരാള്‍ ജീവിക്കുന്നവരോട് വലിയ ഒരു പകയല്ലേ വീട്ടുന്നത്? ഒരു മഹാശാപമല്ലേ വിട്ടിട്ടുപോകുന്നത്? ഞാന്‍ ഇരുട്ടിലായിരുന്നു. വെളിച്ചത്തിനായി തപ്പുകയായിരുന്നു.
എം.ടിയുടെ കയ്പ് എന്റെ കയ്പ് കൂട്ടുകയാണുണ്ടായത്. എം.ടിയെ തള്ളിപ്പറയാന്‍ വേണ്ട വാക്കുകള്‍ മുഴുവന്‍ ഞാന്‍ പെറുക്കിച്ചേര്ത്തു. എം.ടിയെപ്പറ്റി എന്റെ ആദ്യത്തെ ലേഖനം 1987-ല്‍ എഴുതി. മനുഷ്യരുടെ കഥയല്ല, ഏകാകികളുടെ കഥയാണ് എം.ടി. പറയുന്നതെന്നാണ് എന്റെ പക്ഷം. ഒറ്റപ്പെട്ടവരുടെ രോഷവും പകയുമാണ് എല്ലാ കൃതികളിലും. അപ്പുണ്ണിയും ഗോവിന്ദന്‍കുട്ടിയും ഭീമനും എല്ലാവരും ഒരേ വാര്പ്പുകള്. ഒറ്റവിഭവം മാത്രം വിളമ്പുന്ന നാട്ടിന്‍പുറത്തെ ഈണുകടയാണ് എം.ടി. എം.ടിയെപ്പറ്റി ഞാന്‍ അഞ്ചു ലേഖനമെഴുതി. അതിലൂടെ എം.ടിയെ ഞാന്‍ കടന്നുപോയി.’ എന്ന് ജയമോഹന് എഴുതുന്നിടത്ത് ഒരേസമയം അമ്മയേയും എംടിയേയും തള്ളിപ്പറയുന്ന മാനസികഭാവം പ്രകടമാണ്. സൂക്ഷ്മ വിമര്‍ശത്തിനപ്പുറം അത് ആത്മനിഷ്ഠ സാഹചര്യത്തിന്റെ കലുഷിത ക്ഷോഭം കൂടിയാകുന്നുണ്ടെന്ന് സാരം. എന്റെ അമ്മയും അച്ഛനും 1986-ലാണ് ആത്മഹത്യചെയ്യുന്നത്. ഒരുപാട് കാലം അതിനെപ്പറ്റി ഒരുവരിപോലും എഴുതാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. അനുഭവം വെന്ത് ഭസ്മമായാൽ മാത്രമേ എഴുതാനാവൂ. അതിനെയാണ് വിഭൂതി എന്നുപറയുന്നത്. അവരുടെ ആത്മഹത്യയ്ക്ക് പിന്നിൽ സാധാരണ ഇന്ന് കുടുംബങ്ങളില്‍ കാണുന്നതുപോലുള്ള പ്രശ്നങ്ങളായിരുന്നില്ല. തിരൂവിതാംകൂറില്‍ മക്കത്തായ സമ്പ്രദായം മാറിവരുന്ന കാലഘട്ടത്തിലാണ്അവര് ജനിച്ചതും പിന്നീട് വിവാഹിതരായതും. ചെറുപ്പത്തില്‍തന്നെ തമിഴ്നാട്ടില്‍ ജോലിചെയ്ത ആളായിരുന്നു അച്ഛന്. തമിഴ് രീതിയില്‍ പെണ്ണിനെ കല്യാണം കഴിച്ചുകൊണ്ടുവന്ന് തന്റെ ചൊല്‍പ്പടിക്ക് നില്ക്കുന്നവളായി പൊറുപ്പിക്കണം എന്ന ചിന്താഗതിയായിരുന്നു അദ്ദേഹത്തിന്. അതാണ് പയരുഷമെന്നും ധരിച്ചുവെച്ചിരുന്നു. തമിഴന്റെ ഭാര്യ ഭർത്താവിനെ എതിര്‍ത്ത് ഒരു വാക്ക് പറയാറില്ലെന്ന് ഇടയ്ക്കിടെ അച്ഛൻ പറയുമായിരുന്നു അമ്മ ജനിച്ചത് പഴയൊരു തറവാട്ടിലായിരുന്നു. കമ്യൂണിസ്റ്റായിരുന്നു അമ്മയുടെ മൂത്ത ജ്യേഷ്ഠൻ. ചേട്ടന്റെ തണലില്‍ വളര്‍ന്ന അമ്മയ്ക്ക് ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലും സാഹിത്യവായനയുണ്ടായിരുന്നു. രാഷ്ട്രിയവും സംഗീതപ്രേമവുമെല്ലാം ഉണ്ടായിരുന്ന ഒരു പെൺകുട്ടി. അമ്മ, ചെറുപ്പത്തില്‍ രണ്ട് കഥകള്‍ എഴുതി, അവ തമിഴില്‍ പ്രസിദ്ധീകരിച്ചു. അങ്ങനെയൊരു പെണ്ണിനെ അച്ഛന് ഉദ്ദേശിച്ചിരുന്നില്ല. അച്ഛന് അമ്മയോട് കടുത്തആരാധനയും പ്രേമവുമുണ്ടായിരുന്നു. എന്നാല്‍, തന്റെ ഭാര്യ തന്റെ വരുതിക്ക്
നില്ക്കുന്നവളല്ല, അവളുടെ ആരാധനാപാത്രം സ്വന്തം ചേട്ടനാണ് എന്ന ബോധവുമുണ്ടായി. അച്ഛന്റെ ഈ അപകര്ഷാബോധമാണ് കുടുംബപ്രശ്നത്തിന്റെ ആക്കംകൂട്ടിയത്. അമ്മയ്ക്ക് പതിനെട്ട് തികയുന്ന കാലത്താണ് ഞങ്ങളുടെ നാട്ടില്‍ ചങ്ങമ്പുഴയുടെ രമണന് ഹരമായി മാറുന്നത്. അമ്മ, കാളിപ്പെണ്ണിന്റെ കൈയില്തേങ്ങ കൊടുത്തയച്ച് വിറ്റ് രമണന് വാങ്ങി. കാളിപ്പെണ്ണിനും അമ്മയ്ക്കും ഒരേപ്രായം. അന്നൊക്കെ കുലസ്ത്രീകൾ കവിത വായിക്കുന്നത് ചാരിത്ര്യദോഷം വരുത്തിവയ്ക്കുമെന്ന ചിന്ത പ്രബലമായ കാലം. അങ്ങനെ ഓലയും മട്ടലും അടുക്കിവെച്ചിരുന്ന വിറകുപുരയുടെ ഉളളില്‍ക്കയറി കതകടച്ചിരുന്ന് രണ്ടാളും രമണന് വായിച്ച് കരഞ്ഞു. അമ്മ ‘രമണനി’ല്‍നിന്ന് ആശാനിലേക്ക് വളര്‍ന്നു. വൈലോപ്പിളളിയെയും അമ്മയ്ക്ക് ഇഷ്ടമായിരുന്നു. പക്ഷേ, വളളത്തോളിനെ കവിയായി അംഗീകരിക്കാന്‍ മടിതോന്നി. മുടി നരച്ചുതുടങ്ങിയപ്പോള്‍ എഴുത്തച്ഛനെപ്പോലെ മറ്റൊരാൾ ഇല്ലെന്നായി. അനുജത്തിയെ പ്രസവിച്ചുകിടക്കുമ്പോഴാണ് കൂട്ടുകാരിയായ കാളിപ്പെണ്ണിന്റെ ആത്മഹത്യ അമ്മ അറിയുന്നത്. പുലയസമുദായത്തില്‍ ബഹുഭാര്യത്വം കൂടുതലുള്ള പ്രബലമായ കാലം. ഭർത്താവ് ഒരുപതിനേഴുകാരിയെ വിവാഹം കഴിച്ചതറിഞ്ഞാണ് കാളിപ്പെണ്ണ് ജീവിതം വെടിഞ്ഞത്. അതിനുശേഷം അമ്മയ്ക്ക്ചങ്ങമ്പുഴ കവിതകൾ ഇഷ്ടമില്ലാതായി. പ്രത്യേകിച്ചും രമണന്. അതിനുശേഷം അമ്മ ഇംഗ്ലീഷില്‍ കൂടുതൽ വായിച്ചുതുടങ്ങി. താക്കറേ, ജോര്‍ജ് എലിയറ്റ്, ഡബ്ള്യു.ബി. യേറ്റ്സ്, ഒടുവില്‍ ഹെമിങ് വേ. ഞാനും ചേട്ടനും പഠിച്ച് ജോലിവാങ്ങി, അനുജത്തി കല്യാണം കഴിഞ്ഞുപോയി. അതിനുശേഷം അമ്മയ്ക്കൊരു സ്വാതന്ത്ര്യ ബോധം ഉണ്ടായി. അങ്ങനെയാണ് അമ്മ സ്വന്തം കുടുംബത്തിലേക്ക് പോയിത്തുടങ്ങിയത്. അമ്മയുടെ ഏറ്റവും ഇളയ അനുജന് ട്രാന്‍സ്പോര്‍ട്ട് കണ്ടക്ടര്‍ ആയിരുന്നു. അദ്ദേഹം ബസ്സില്‍നിന്ന് വീണ് കാലുപൊട്ടി ആശുപത്രിയില്‍ കിടന്നപ്പോള്‍ അമ്മ കാണാന്‍പോയി. അത് അച്ഛനറിഞ്ഞു. അവര്‍ തമ്മിൽ വാക്കുതര്‍ക്കമുണ്ടായി. അതിനെത്തുടര്‍ന്ന് അമ്മ തൂങ്ങിമരിച്ചു. ആ വാര്‍ത്തകേട്ട് ഞാന്‍ നാട്ടിലെത്തിയപ്പോഴേക്കും അമ്മയെ ദഹിപ്പിച്ചിരുന്നു. അന്ന് അച്ഛനോട് ഒരുവാക്കുപോലും മിണ്ടാതെ ഞാന്‍ കാസര്‍കോട്ടേക്ക് തിരിച്ചു, വഴിയില്‍ ഇറങ്ങി മാനന്തവാടിയിലേക്കും തുടര്‍ന്ന് മൈസൂരുവിലേക്കും പോയി. ഒരാഴ്ചകഴിഞ്ഞാണ് കാസര്‍കോട്ടേക്ക് (ജോലിസ്ഥലത്തേക്ക്) മടങ്ങിയെത്തിയത്. എന്ന് 2024 ജനുവരിയിലെ ഒരു ദീര്‍ഘാഭിമുഖത്തില്‍ ജയമോഹന് പറയുന്നതില്‍ ഒരു കാലഘട്ടത്തിന്റെ ചിത്രം കൂടിയുണ്ട്. ആത്മസുഹൃത്തായിരുന്ന – ഒരുമിച്ചിരുന്ന് രമണന് വായിച്ചിരുന്ന- കാളിപ്പെണ്ണിന്റെ ആത്മഹത്യ അറിഞ്ഞതുമുതല്‍ ജയമോഹന്റെ അമ്മ ചങ്ങമ്പുഴയേയും രമണന് എന്ന കൃതിയേയും വെറുക്കുന്നതിന് സമാനമായ ഒരു അവസ്ഥ കൂടിയാണ്, എംടി വായനക്കാരിയായ അമ്മയുടെ ആത്മഹത്യയോടെ, എംടി യെ വെറുക്കുന്ന ജയമോഹനിലും കാണാനാകുക.1991ല്‍ ജയമോഹന്റെ ‘ജഗന്മിഥ്യ’ എന്ന കഥയ്ക്ക് ‘കഥ’ ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍, മലയാളത്തില്‍ എം.ടിയുടെ ‘കൊച്ചുകൊച്ചു ഭൂകമ്പങ്ങള്‍’ എന്ന കഥയ്ക്കായിരുന്നു പുരസ്കാരം എന്ന് ജയമോഹന് ഓര്‍ക്കുന്നുണ്ട്. (പതിനെട്ട് പ്രാദേശിക ഭാഷകള്‍ക്കായിരുന്നു പുരസ്കാരങ്ങള്‍ എന്ന കാര്യവും) ആദ്യമായി എംടി യെ കാണുന്നതും ഏതാനും വാക്കുകള്‍ സംസാരിക്കുന്നതും അന്നാണ്. ന്യൂഡല്‍ഹിയില്‍ അന്നത്തെ രാഷ്ട്രപതി ശങ്കര്‍ദയാൽ ശര്‍മ്മയായിരുന്നു അവാര്‍ഡ് വിതരണം നടത്തിയത്.
അന്ന് തന്റെ ഉള്ളിലുണ്ടായിരുന്ന പയ്യന് എം.ടിയോട്, മനസ്സില്‍, ‘താങ്കള്‍ ഇരുട്ടിന്റെ കഥാകൃത്ത്. ഞാന്‍ വെളിച്ചത്തിന്റെ കവി. താങ്കളുണ്ടാക്കിയ ഇരുട്ട് മുഴുവന്‍ ഞാന്‍ കത്തിച്ചുകളയും. താങ്കളെക്കാള്‍ വലിയ എഴുത്തുകാരനാണ് ഞാന്‍ എന്ന് പറഞ്ഞതായി ഓര്‍ക്കുന്നുണ്ട്. ‘ഏത് അനന്തരവനാണ് അത് അമ്മാവനോടു പറയാത്തത്? എം.ടി. ഞാന്‍ ഉള്ളില്‍ പറ ഞ്ഞതു കേട്ടില്ല. പക്ഷേ, എനിക്കു നല്ല ഓര്‍മ്മയുണ്ട്. മാത്രമല്ല, എം.ടിയെപ്പോലൊരാള് അത് കേള്‍ക്കാതിരിക്കുമോ?’ എന്ന് ജയമോഹന് കൗതുകപ്പെടുക കൂടി ചെയ്യുന്നുണ്ട്. കാലമാണ് തന്നില്‍ ചില പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചതെന്ന് ജയമോഹന് ഏറ്റു പറയുന്നുണ്ട്. ‘കാളിവിളാകത്ത് വിശാലാക്ഷിയമ്മ’ എന്റെ അമ്മ, ആത്മഹത്യ ചെയ്യുമ്പോള്‍ അവര്‍ക്ക് മുന്നില്‍ മൂന്നുമക്കള്‍ ഇല്ല, ഭര്‍ത്താവുമില്ല, തികച്ചും ഏകാകിയായിരുന്നു. അവര്‍ എന്നെ ഒരു ക്ഷണനേരത്തേക്കുപോലും ചിന്തിച്ചിട്ടില്ല, ഞാന്‍ എന്താവും എന്ന് പരിഗണിച്ചില്ല എന്ന തോന്നല്‍. എന്റെ അമ്മയ്ക്ക് ഞാന്‍ ആരുമായിരുന്നില്ലേ എന്ന ചിന്ത വര്‍ഷങ്ങളോളം എന്നെ അലട്ടിയിരുന്നു. ഇന്ന് അമ്മയോടും ഞാന്‍ ക്ഷമിച്ചുകളഞ്ഞു. പാവം. ശരിക്കുള്ള വളളിയില്‍ പിടിക്കാന്‍ കഴിയാതെ പോയ ജീനിയസ്സായ ഒരു സ്ത്രീ.’ എന്ന ദു:ഖഭരിതമായ വീണ്ടുവിചാരം നമ്മളില്‍ ആഴത്തിലുളള വേദന പകരുന്നതുകൂടിയാണ്.
വീണ്ടെടുപ്പിന്റെ വൈകാരികമാനവും സാഹിതീയ മൂല്യവും
ഇതിനു സമാനമായാണ് തന്റെ പിതാവിനെ ജയമോഹന് കൂടുതലായി തിരിച്ചറിയുന്ന സാഹിതീയ സന്ദര്‍ഭം രൂപപ്പെടുന്നത് എന്നു പറയാം. എംടിയുടെ സാഹിത്യത്തില്‍ തന്റെ ജീവചരിത്രം വായിക്കുന്ന മറ്റൊരു എഴുത്തുകാരന് എന്ന അപൂര്‍വ്വ സന്ദര്‍ഭം കൂടിയാണത്. ‘ആ സ്ഥലത്ത് (കാശിയില്‍) ആ സമയത്ത്, പഴയ കാരണവരെ ഓര്‍ത്തു. പെട്ടെന്ന്, അദ്ദേഹത്തെ മനസ്സിലാക്കി. ഒരു ക്ഷണത്തില്‍. കാരണം, എന്റെ മുന്നില്‍ ഞാന്‍ ഒരു എം.ടി. കഥാ പാത്രത്തെ കാണുകയായിരുന്നു. നരച്ച വലിയ മീശയും തടിച്ച കണ്ണടയും കോടിയ ചിറിയുമുള്ള ഒരറുപതുകാരന്‍. കേരളത്തില്‍നിന്ന് വന്നതാണെന്ന് മുണ്ടുടുത്തിരിക്കുന്ന രീതി കണ്ടാലറിയാം. പൊതുവേ, കാശിയിൽ മലയാളികൾവരുന്നത് കുറവാണ്. മറ്റുള്ളവരെപ്പോലെ കാശിയില്‍ വന്നുമാത്രം ചെയ്യേണ്ട കര്‍മ്മങ്ങളൊന്നും അവര്‍ക്കില്ല. ഞാന്‍ അയാളെ നോക്കിയിരുന്നു.
കോടിയ ചുണ്ടുകളിലുള്ളത് പുച്ഛമാണ്. അല്ല വെറും കയ്പാണ്. അല്ല, മറ്റെന്തോ ആണ്. പെട്ടെന്ന്, അയാളെ ഞാന്‍ വളരെ വളരെ അടു ത്തറിഞ്ഞു. ഞാന്‍ വെറുത്ത വയക്കവീട്ട് ശങ്കരപ്പിള്ള ബാഹുലേയന് പിള്ളയെ തൊട്ടറിഞ്ഞു. ആദ്യമായി മനസ്സലിഞ്ഞ് “അച്ഛാ” എന്ന് വിളിച്ചു. ഇപ്പോള്‍ അച്ഛനെപ്പറ്റി അന്‍പതിലേറെ കഥകൾ എഴുതിക്കഴിഞ്ഞു. ഫലിതക്കാരനായ, ആനപ്രേമിയായ, പഴഞ്ചനായ പിള്ളേച്ചന് ഇന്നെനിക്ക് വളരെ അടുത്തയാളാണ്. എം.ടിക്ക് ഒരു വായനക്കാരനായി ഞാനെന്നും നന്ദിയുള്ളവനാകുന്നത് അങ്ങനെയാണ്. നമ്മെ മനസ്സിലാക്കാന്വേണ്ടിയല്ല, നമ്മുടെ അച്ഛന്റെയും അമ്മാവന്മാരുടെയും ആത്മാവിനെ മനസ്സിലാക്കാന്‍വേണ്ടിയാണ് നാം എം.ടി. വാസുദേവന്‍ നായരെ വായിക്കേണ്ടത്. നമ്മുടെ എല്ലാവരുടെ വീടുകളിലുമുണ്ടായിരുന്നു. നമ്മളൊക്കെ അകമഴിഞ്ഞ് വെറുത്തിട്ടുണ്ട്. ചത്തുപോയതിനുശേഷം ചെറിയൊരു കുറ്റബോധത്തോടുകൂടി മറന്നിട്ടുണ്ട്.പഴയ മനുഷ്യര്‍. എന്തെങ്കിലുമൊന്നില്‍ മുറുക്കി പിടിച്ചില്ങ്കിൽ വീണുപോകുമെന്ന് ധരിച്ചവര്‍.നാം കണ്ടത് ആ മുറുക്കിപ്പിടിത്തം മാത്രം. എന്തിനാണവര്‍ അത്രയ്ക്ക് ബലംപിടിച്ചത്? അത്രയ്ക്ക് കാറ്റുണ്ടായിരുന്നോ? ചുഴലികളും കൊടുങ്കാറ്റുകളുമായിരുന്നോ? തമിഴ്നാട്ടില്‍ ഓരോ മണ്ണിനും ഓരോ രുചിയാണ്. വിരുദുനഗര്‍, ചാത്തൂര്‍ ഭാഗത്ത് മണ്ണില്‍ത്തന്നെ ഗന്ധകമുണ്ട്. അവിടെ വെള്ളത്തിലും കാറ്റിലും ഗന്ധക മണമാണ്. അവിടെ ഉണ്ടാകുന്ന പച്ചക്കറികളില്പ്പോലും വെടിമരുന്നിന്റെ ചൂരുണ്ട്. മനുഷ്യര്‍ മുളയ്ക്കുന്നത് കാലത്തില്‍. ആ കാലഘട്ടത്തിന്റെ ചൂര് അവരിലുണ്ടാകും. കയ്പിന്റെ കാലത്തായിരിക്കുമോ എന്റെ അച്ചന്റെ തലമുറ ജനിച്ചത്? എന്ന് ജയമോഹന് സന്ദേഹിക്കുമ്പോള്‍ നമ്മളിലേക്കും ഒരു നീറ്റല്‍ പടരാതിരിക്കില്ല. 2012ല്‍ മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറി എന്ന മികച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെല്ലാം ജയമോഹന് ആയിരുന്നു. ചിത്രത്തിലെ താണുപിളളയും (ലാല്‍) മീനാക്ഷി അമ്മയും (മല്ലിക) രൂപപ്പെടുന്നത്് വാസ്തവത്തില്‍ ജയമോഹന്റെ മാതാപിതാക്കളുടെ സംഘര്‍ഷത്തില്‍ നിന്നു കൂടിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിച്ചുളളതും പ്രത്യേകം ഓര്‍ക്കാം.
‘എം.ടിയുടെ കൃതികളെപ്പറ്റി ഞാന്‍ ഒരു മറുവായന നടത്തി നാലഞ്ചു ലേഖനങ്ങളെഴുതി. അവ സമാഹരിക്കാന്‍ ഇരിക്കുകയാണ്. ഈ ലേഖനങ്ങളിലൂടെ ഞാന്‍ കണ്ടെത്തിയ ഒന്നുണ്ട്. ഒറ്റപ്പെട്ടവരുടെ, പരാജിതരുടെ, സ്നേഹമില്ലാത്തവരുടെ കഥയല്ല എം.ടി. പറയുന്നത്. അങ്ങനെ ഒരു പൊതുവായന ഇവിടെയുണ്ട്. ആ രീതിയില്‍ കണ്ടുകഴിഞ്ഞാല്‍ അതുതന്നെ നമുക്ക് തോന്നുകയും ചെയ്യും. പക്ഷേ, ശങ്കരന് നായരെ അപ്പുണ്ണി സ്വീകരിക്കുന്നുണ്ട്. ചത്തു കിടക്കുന്നവരോട് ഗോവിന്ദന്‍കുട്ടിക്ക് സ്നേഹം തോന്നുന്നുണ്ട്. അവരുടെ ഒറ്റപ്പെടലിന്റെ കഥയല്ല നാലുകെട്ടും അസുരവിത്തും. അവരിലൂടെ എം.ടി. തന്റെ കാലഘട്ടത്തെ പഠിക്കുകയും വിലയിരുത്തുകയുമാണ്. ഇന്ന് വായിക്കുമ്പോള്‍ എം.ടിയുടെ പ്രധാന കഥാപാത്രങ്ങളുടെ പ്രശ്നങ്ങളും സംഘര്‍ഷങ്ങളുമല്ല എന്നെ ഭ്രമിപ്പിക്കുന്നത്. ആ കഥാപാത്രങ്ങളെ നിമിത്തങ്ങളായിട്ടാണ് ഞാന്‍ കാണുന്നത്. നാലുകെട്ട് മടക്കിവാങ്ങുക എന്നത് അപ്പുണ്ണിയുടെ പ്രശ്നമല്ല. സ്വന്തമായി ഒരു മുറി ഉണ്ടാവുക എന്നത് ഒരു സ്വപ്നമായി കൊണ്ടുനടന്നവരുടെ പ്രശ്നമാണ്. എന്റെ നാട്ടിലെ പഴയവീടുകളിലൊന്നിലും അടച്ചുപൂട്ടാനുള്ള മുറികളില്ല. എല്ലാ മുറികളിലൂടെയും പാതകളുണ്ട്.എല്ലാ മുറികളിലും നിറച്ച് ആളുകളുമുണ്ട്. 1958-ല്‍ കല്യാണം കഴിക്കുമ്പോള്‍ താനൊരു സംബന്ധക്കാരനാവുകയില്ല, താന്‍ കെട്ടുന്ന പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ട് വരും എന്ന്ഉറപ്പിച്ച ബാഹുലേയന്‍പിള്ള ഒരു അപ്പുണ്ണി, അതിനുള്ള യോഗ്യത ഒരു സര്‍ക്കാരുദ്യോഗം. അത് നേടാനായി പന്ത്രണ്ടു കൊല്ലത്തെ തപസ്സ്. ട്യൂഷന് എടുത്തു. റേഷന്‍കടയില്‍ അരിയളന്നു. മുപ്പത്തിനാലാമത്തെ വയസ്സിലാണ് ജോലി കിട്ടിയത്. മുപ്പത്തിയഞ്ചാം വയസ്സില്‍ പെണ്ണുകെട്ടി. വിളിച്ചു കൊണ്ടുവന്ന് വീടെടുത്ത് കുടിയിരുത്തി. ഉമ്മറത്ത് ചാരുകസേരയില്‍ ഇരുന്ന് ലോകത്തെ തിരഞ്ഞുനോക്കി. അപ്പുണ്ണിയിലൂടെ ഞാന്‍ വയക്കവീട്ടിലെ ആ പുതിയ കാരണവരെയാണ് തൊട്ടറിയുന്നത്. അപ്പുണ്ണിയെപ്പോലെത്തന്നെ ബാഹുലേയന്പിള്ളയും സ്വന്തം അച്ഛനെ ചുട്ടിയും ചമയവും കൊടുത്ത് വരഞ്ഞുണ്ടാക്കുകയായിരുന്നു. വയക്കവീട്ടിലെപഴയ കെട്ടിടം അച്ഛന് വാങ്ങി. അത് പൊളിക്കാതെ തരമില്ല. അത്രയ്ക്കു പഴയത്. കിട്ടിയത് ഒരു പൊട്ടിയ ആട്ടുകല്ലിന്റെ കുഴവി. അത് സ്വന്തം വീട്ടുമുറ്റത്ത് കൊണ്ടിട്ട് പിള്ള എല്ലാവരോടും പറയുമായിരുന്നു മല്ലനും ശക്തനുമായിരുന്ന വയക്കവീട്ട് ശങ്കരപ്പിള്ളയെന്ന ശങ്കുആശാനമപ്പറ്റി. ഒരുതുണ്ട് ബീഡി കാതില്‍ തിരുകി തമി
ഴ്നാട്ടിലേക്ക് ബസ് കയറിയ എത്രയോ മലയാളികളുണ്ട്. മിക്കവാറും ആളുകൾ ചായക്കട തുടങ്ങി. അടുപ്പിന്റെ അടുത്തുനിന്ന് വെന്തുരുകി ജീവിച്ചു. തമിഴ്നാട്ടിൽ ഇന്നും ‘നായര്കട’ എന്നാല്‍ ചായക്കടയാണ്. തമിഴ്നാട്ടിലെ സവര്‍ണ്ണര്‍ അന്ന് ഭക്ഷണം വിൽക്കില്ല. ആ സ്ഥലമാണ് നായര്‍ കൈപ്പറ്റിയത്. ”വലിയ തറവാടായിരുന്നു. ഭാഗം വെച്ചപ്പോള്‍ കിട്ടിയത് നാല് തെങ്ങും മൂന്ന് സെന്റ് മണ്ണും. അതുവിറ്റു കടം വീട്ടി ഇറങ്ങിയതാ.” എന്നോട് ധര്‍മ്മപുരിയില്‍ ഒരു ചായക്കട നായര്‍ പറഞ്ഞു. എം.ടി. വാസുദേവന്‍ നായരെ കേട്ടിട്ടുണ്ടോ??
എന്ന് ഞാന്‍ ചോദിച്ചു. ആരാ? എന്ന് ശ്രീധരൻനായര്‍ ചോദിച്ചു. എം.ടിക്ക് ശ്രീധരൻ നായരെനന്നായിട്ട് അറിയാം എന്ന് ഞാന്‍ പറഞ്ഞു.’ എന്ന് ജയമോഹന് എഴുതുന്നതില്‍ സാഹിത്യവും സംസ്കാരവും ചരിത്രവും പുതിയ രീതിയില്‍ ഉത്ഥാനപ്പെടുന്നുണ്ട്. ആ നിലയിലാണ് ജയമോഹന്റെ എംടിയന്‍ വീണ്ടെടുപ്പ്, ഒരര്‍ഥത്തില്‍ ഒരു കാലഘട്ടത്തിന്റെ വീണ്ടെടുപ്പുകൂടിയായിത്തീരുന്നത്.
മുമ്പ് അസുരവിത്തിന് ഒരു ആമുഖ പഠനം എഴുതുന്ന സന്ദര്‍ഭം എനിക്കുണ്ടായി. ആസുരമാകുന്ന കാലം എന്ന പേരില്‍ എഴുതിയ പ്രസ്തുത ലേഖനത്തില്‍, ‘സമ്പത്തിന്റെ അസന്തുലിതമായകേന്ദ്രീകരണം, അതുവഴി ജീവിതത്തിലെ എല്ലാ (പ്രമുഖ സ്ഥാപനങ്ങളിലും വ്യക്തികള്‍ നേടിയെടുക്കുന്ന വൃത്തികെട്ട അധികാരം, സ്വാര്‍ത്ഥ താല്പര്യങ്ങൾക്കായി അധികാരകേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്ന ജാതിമത സംഘര്‍ഷങ്ങള്‍, അതിനു ബലിയാടുകളാകുന്ന ബുദ്ധിശുന്യരായ ഇരകള്‍ , മതപരിവര്‍ത്തനത്തിന്റെ പേരിൽ രൂപപ്പെടുന്ന അര്‍ത്ഥരഹിത കലാപങ്ങള്‍, തൊഴിലില്ലായ്മയുടെ രൂക്ഷതയും അതു സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങളും കൃഷിഭൂമികള്‍ പണയത്തിന് നല്കാൻ മമ്മദലിയേക്കാള് എത്രയോ വലിയ കുത്തകമുതലാളിമാരെ കാത്തിരിക്കുന്ന നമ്മുടെ കര്‍ഷകര്‍ -ഇതെല്ലാം ‘അസുരവിത്തി”നെ നമ്മുടെ കാലഘട്ടവുമായി കൂടുതൽ അടുപ്പിക്കുന്നുണ്ട്. അതുപോലെ ഇപ്പോള്‍ നാം പ്രാദേശിക ഭാഷകളുടെ-മലയാള ഭാഷയുടെ തന്നെ മരണത്തെക്കുറിച്ച് ആശങ്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭവുമാണ്. വാസ്തവത്തില്‍ “മലയാളം? അല്ല മരിക്കുന്നത്; “മലയാളങ്ങള്’ ആണ് എന്നുപറയേണ്ടിവരും. അത്രമേൽ ബഹുത്വം നമ്മുടെ ഭാഷയ്ക്കുണ്ട് എന്നര്‍ഥം. തികഞ്ഞ ശ്രദ്ധയോടെ അസുരവിത്തിന്റെ പശ്ചാത്ഭൂമികയിലൂടെ, അവിടത്തെ സംസ്കാരങ്ങളിലൂടെ, കൃഷിയിടങ്ങളിലൂടെ, എല്ലാം കടന്നുപോകുമ്പോള്‍, നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നത്, ഈ കൃതി ഇപ്പോള്‍ ചില ‘മലയാളങ്ങളു’ടെയും (കൃഷിയെക്കുറിച്ചും കൃഷിയിടത്തെക്കുറിച്ചും വിവരിക്കുന്ന ഭാഷ, ഇസ്ലാം മതക്കാരുടെ ഭാഷ, സവര്‍ണ്ണരുടെ ഭാഷ, കീഴാളരുടെ ഭാഷ…)സംസ്കാരങ്ങളുടേയും ആചാരങ്ങളുടേയും ജീവിതരീതികളുടേയും (കന്നുപൂട്ട് മത്സരം, കൃഷിപ്പണി, മാര്‍ഗം കൂടല്‍…) വിലപ്പെട്ട ഒരു സംഭരണി കൂടിയായി മാറുകയാണ് എന്ന വസ്തുതയാണ്. യഥാര്‍ഥത്തില്‍, നല്ല സാഹിത്യത്തിന്റെ ഉന്നതമായ ഒരു ദൗത്യം കൂടിയാണിത്. ആ അര്‍ത്ഥത്തില്‍ കേരളഭാഷയെയും സംസ്കാരത്തെയും സംബന്ധിക്കുന്ന ഒരു ചരിത്രരേഖയുടെ പ്രാധാന്യം കൂടി അസുരവിത്ത് കൈവരിക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും പറയാം.’ എന്ന് എഴുതിയിരുന്നു. ആത്യന്തികമായി ജയമോഹനെപ്പോലൊരു പ്രതിഭ, എംടിയില്‍ നിന്ന് ഖനനം ചെയ്യുന്ന പ്രമുഖ വസ്തുതകളില്‍ ഈ കാര്യങ്ങള്‍ കൂടി ഉള്ച്ചേരുന്നുണ്ടെന്ന് തോന്നുന്നു. ചുരുക്കത്തില്‍, പ്രമേയം, ഭാഷ, ആഖ്യാനം, കാലം, സമൂഹം, വ്യക്തി എന്നീ ഘടകങ്ങളിലെല്ലാം, എം ടി ഒരു ചരിത്രരേഖയായി മാത്രമല്ല സാംസ്കാരിക രേഖയായും വൈകാരിക രേഖായായും വൈയക്തിക രേഖയായവും തുടരുകയാണെന്ന്, ജയമോഹന് നെഞ്ചുപിളര്ന്നെഴുതുന്ന ‘എംടിയനുഭവം’ കൃത്യമായും നിത്യമായും സാക്ഷ്യപ്പെടുത്തുക കൂടിയാണ്.