A Unique Multilingual Media Platform

The AIDEM

Articles Climate Enviornment

കൊച്ചിയിൽ ഫാക്ടറികൾ പുറം തള്ളുന്നത് അനുവദനീയമായതിന്റെ കോടിമടങ്ങ് രാസമാലിന്യം

  • February 21, 2023
  • 1 min read
കൊച്ചിയിൽ ഫാക്ടറികൾ പുറം തള്ളുന്നത് അനുവദനീയമായതിന്റെ കോടിമടങ്ങ് രാസമാലിന്യം

കൊച്ചിയിലെ വ്യവസായ മേഖലയായ ഏലൂർ – എടയാറിൽ പല വ്യവസായസ്ഥാപനങ്ങളും പുറംതള്ളുന്ന മാലിന്യത്തിന്റെ അളവ് അനുവദനീയമായതിനും കോടിക്കണക്കിന് മടങ്ങാണെന്ന് ഏറ്റവും പുതിയ പരിശോധന റിപ്പോർട്ട്. എടയാറിൽ  CSIR – NIIST (National Institute for Interdisciplinary Science and Technology) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഈ പഠനത്തിന്റെ ഇടക്കാല റിപ്പോർട്ട് ദി ഐഡത്തിന് ലഭിച്ചു. വ്യവസായ സമുച്ചയത്തിലെ 20 പ്ലാൻറുകളിൽ നടത്തിയ പരിശോധനയുടെ ഇടക്കാല റിപ്പോർട്ടാണ് ഇത്. ഇടക്കാല റിപ്പോർട്ടിൽ 6 സ്ഥാപനങ്ങളുടെ വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പരിശോധന പൂർത്തിയാക്കിയ 14 സ്ഥാപനങ്ങളുടെ കൂടി റിപ്പോർട്ട് ഇനിയും പുറത്തുവരാനുണ്ട്. കേരള മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശപ്രകാരം കഴിഞ്ഞ സെപ്തംബറിലാണ് CSIR – NIIST പരിശോധന ആരംഭിച്ചത്. അലയൻസ് ഇൻഡസ്ട്രി, പാറക്കൽ ഇൻഡസ്ട്രി, ഓർഗാനോ ഫെർടിലൈസേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ആശാൻ എക്സ്പോർട്സ് ആൻറ് ഫർണീച്ചേഴ്സ്, നാഷണൽ ഇൻഡസ്ട്രീസ്, മലായ റബ്ടെക്ക് ഇൻഡസ്ട്രീസ് എന്നീ സ്ഥാപനങ്ങളുടെ പരിശോധനയുടെ പരിശോധന ഫലങ്ങളാണ് ഇടക്കാല റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രദേശത്തെ വായു, ദുർഗന്ധം മൂലം ശ്വസിക്കാൻ ആകുന്നില്ലെന്ന പ്രദേശവാസികളുടെ പരാതിയെ തുടർന്നായിരുന്നു പരിശോധന. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഡാറ്റകൾ പ്രകാരം എടയാറിൽ വായുവിലെ രാസബാഷ്പ മാലിന്യത്തിന്റെ അളവ് (പിഎം 25)  കഴിഞ്ഞ ജനുവരിയിൽ  ശരാശരി 39.48 ആയിരുന്നു. ഒരു ക്യുബിക്ക് മീറ്ററിൽ 12 മൈക്രോ ഗ്രാമാണ് വായുവിലെ അഭികാമ്യമായ പിഎം 25ന്റെ അളവ്.  


RELATED STORY ; കൊച്ചിയുടെ ജീവവായു വിഷമുക്തമാക്കാൻ വഴികളുണ്ടോ?


വായുവിലെ രാസപദാർത്ഥങ്ങളുടെ അനുവദനീയമായ പരിധി (Odour Threshold) ജനവാസ കേന്ദ്രത്തിൽ 2 OU/m3 യൂണിറ്റും വ്യവസായ മേഖലകളിൽ 7 OU/m3  യൂണിറ്റുമാണ്. അതേസമയം GLC (Ground Level Concentration) യഥാക്രമം മിനുട്ടിൽ 5 ഉം 10 ഉം മാത്രമേ പാടു. വായുവിലെ അസ്ഥിര ജൈവ സംയുക്തങ്ങളുടെ (Volatile Organic Compounds) അനുവദനീയമായ അളവ് 0.001 – 0.1ppm ആണ്. ഈ അളവിനേക്കാൾ കൂടുതലായി ഗന്ധമടങ്ങിയ വായു ശ്വസിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ എടയാർ മേഖലയിൽ പരിശോധനഫലം ലഭ്യമായ 6 സ്ഥാപനങ്ങളും പുറം തള്ളുന്ന വായുവിലെ രാസപദാർത്ഥങ്ങളുടെ മണത്തിന്റെ അളവ് 750 മുതൽ ഒന്നരക്കോടി വരെ മടങ്ങാണ്. ഇവ മൂലമുണ്ടാകുന്ന VOC യും അതിനനുസരിച്ച് പരിധിയിലും പലമടങ്ങാണ് എന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

പാറക്കൽ ഇൻഡസ്ട്രീസ്  ആണ് ഏറ്റവും കൂടുതൽ വായുമലിനീകരണം നടത്തുന്ന സ്ഥാപനം. ഫാക്ടറിയുടെ വിവിധ ബയോഫിൽട്ടറുകൾ നിന്നായി  25000 മുതൽ 15 കോടിയിലേറെ OU/m3 യൂണിറ്റ് ദുർഗന്ധമാണ് അന്തരീക്ഷത്തിലേക്ക് വമിക്കുന്നത്. ഈ പ്ലാൻറിനകത്തും പുറത്തും അതിരൂക്ഷമായ ഗന്ധം നിലനിൽക്കുന്നതായും അന്വേഷണ സംഘം കണ്ടെത്തി. രണ്ടാമതുള്ള ആശാൻ എക്സ്പോർട്സ് ആൻറ് ഫർണിച്ചേഴ്സ്  സൃഷ്ടിക്കുന്ന വായു മലിനീകരണം അമ്പത് ലക്ഷം മുതൽ രണ്ടരക്കോടിവരെ OU/m3 യൂണിറ്റാണ് ഈ സ്ഥാപനത്തിൽ നിന്ന് മാത്രം പുറം തള്ളുന്ന മണത്തിന്റെ അളവ്. ഇവിടങ്ങളിലെ ബയോഫിൽട്ടറിന്റെ പ്രവർത്തനം ശരിയായ വിധത്തിലല്ലെന്നും  അതിരൂക്ഷമായ ദുർഗന്ധം ബയോഫിൽട്ടറിൽ നിന്ന് വരുന്നതായും പരിശോധനയിൽ തെളിഞ്ഞു. സമാനമായ രീതിയിൽ തന്നെയാണ് ശേഷിക്കുന്ന സ്ഥാപനങ്ങളുടേയും പരിശോധന ഫലം. മിക്കയിടത്തും ബയോഫിൽട്ടറുകൾ കാര്യക്ഷമായല്ല പ്രവർത്തിക്കുന്നത്. നാഷണൽ ഇൻഡസ്ട്രീസിലെ വാട്ടർ സ്പാർക്ലിങ് ലൈനുകൾ കേടായി കിടക്കുകയാണ്. ഇവിടെ കൃത്യമായി അറ്റകുറ്റപണികൾ നടത്താറില്ലെന്നും പരിശോധനയിൽ കണ്ടെത്തി. ഓപറേഷൻ ഏരിയയിൽ പോലും അതിരൂക്ഷമായ ദുർഗന്ധമാണ്. ദുർഗന്ധം വലിച്ചെടുക്കാനുള്ള സക്ഷൻ ഹൂഡുകൾ ഈ പ്ലാൻറിൽ പൊളിഞ്ഞുകിടക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പരിശോധന നടത്തിയ ആറ് സ്ഥാപനങ്ങളിൽ  മലായ റബ്ടെക്ക് ഇൻഡസ്ട്രീസ് മാത്രമാണ് ശരിയായി അറ്റകുറ്റപണികൾ നടത്താറുള്ളത്. എന്നാൽ ഈ സ്ഥാപനവും പുറം തള്ളുന്നത് അനുവദനീയമായ മണത്തിന്റെ അളവിലും  കൂടുതലാണ്. മലായ റബ്ടെക്ക് പുറംതള്ളുന്ന മണത്തിന്റെ അളവ് 25000 മുതൽ 50000 വരെ OU/m3 ആണ്. ഓർഗാനോ ഫെർട്ടിലൈസേഴ്സ് പുറം തള്ളുന്നത് ഒരു ലക്ഷം മുതൽ അമ്പത് ലക്ഷം വരെ  OU/m3 യൂണിറ്റ് മണമാണ്. 

എടയാറിലെ കേവലം ആറ് പ്ലാൻറുകൾ ഒരു പകൽ മാത്രം പുറംതള്ളുന്ന രാസമാലിന്യത്തിന്റെ കണക്കുകൾ മാത്രമാണിത്. ഈ പരിശോധനകൾ എല്ലാം നടത്തിയത് പകലാണ്. പക്ഷെ രാത്രികാലങ്ങളിലാണ് പ്രദേശത്തെ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ വായുമലിനീകരണം അനുഭവപ്പെടുന്നതും പരാതിപ്പെട്ട് ഉദ്യോഗമണ്ഡലലിലെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻവയോൺമെൻറൽ സർവൈലൻസ് സെൻററിലേക്ക് വിളികൾ എത്തുന്നതും. രാത്രിയിലും പ്രവർത്തിക്കുന്ന  ഫാക്ടറികൾ ഇതിനേക്കാൾ എത്രയോ അധികം രാസമാലിന്യം വായുവിലേക്ക് പുറം തള്ളുന്നുണ്ടാവുമെന്നത് ഉറപ്പാണ്. എന്നാൽ മനുഷ്യന് മണത്ത് കണ്ട് പിടിക്കാൻ സാധിക്കാത്ത തരത്തിലുള്ള പല രാസപദാർത്ഥങ്ങളും കൊച്ചിയുടെ ആകാശത്ത് നിറയുന്നുണ്ടെന്നാണ് വിദഗ്ധർ തന്നെ ചൂണ്ടിക്കാട്ടുന്നത്.


RELATED STORY ; നിറം മാറുന്ന ആകാശം, നീറുന്ന ശ്വാസകോശം


വ്യവസായസ്ഥാപനങ്ങളിലെ മലിനീകരണവുമായി ബന്ധപ്പെട്ടുള്ള ജനകീയ സമരങ്ങളാണ് കേരള സർക്കാർ നേരിടുന്ന വെല്ലുവിളിയെന്ന് വ്യവസായ മന്ത്രി പി രാജീവ് പ്രസംഗിച്ചത് ഈ മാസം ആദ്യമാണ്. മണത്തുനോക്കി വ്യവസായസ്ഥാപനങ്ങളിലെ മാലിന്യം കണ്ടെത്തി സെക്രട്ടറിമാരെകൊണ്ട് സ്റ്റോപ് മെമ്മോ കൊടുപ്പിക്കലാണ് പഞ്ചായത്ത് മെംബർമാരുടെ പണിയെന്നും മന്ത്രി പരിഹസിച്ചിരുന്നു. കൊച്ചിയിൽ ശുചിത്വ മിഷൻ സംഘടിപ്പിച്ച മാലിന്യസംസ്ക്കരണവുമായി ബന്ധപ്പെട്ട ഗ്ലോബൽ എക്സ്പോയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഈ സമയത്ത് തന്നെയാണ് ഈ പഠനറിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. 


ഏലൂർ – എടയാർ മേഖലയെ മാത്രമല്ല ഈ ഫാക്ടറികൾ പുറം തള്ളുന്ന രാസമാലിന്യം ബാധിക്കുന്നത്. സമീപപ്രദേശങ്ങളിലേക്കെല്ലാം കാറ്റിന്റെ ഗതിയനുസരിച്ച് ഈ മാലിന്യം പരന്നെത്തും. അതിനാൽ അതിനെതിരെ ജനകീയ സമരങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്. ഫാക്ടറികൾ പൂട്ടാതെ, സമരങ്ങളെ തള്ളിപറയാതെ, ഫാക്ടറികൾ പുറം തള്ളുന്ന മാലിന്യത്തിന്റെ അളവ് നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഒരുക്കുക എന്നതാണ് ഒരു ജനകീയ സർക്കാർ ചെയ്യേണ്ടത്.


Subscribe to our channels on YouTube & WhatsApp

About Author

Sanub Sasidharan

മാധ്യമപ്രവർത്തകൻ. ദി ഐഡം, ഏഷ്യനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയ വൺ ടി.വി. എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്.

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Zahira Rahman
Zahira Rahman
1 year ago

Petition?

Viswanath Babu
Viswanath Babu
1 year ago

എന്താ പരിഹാരം….. ആര് പരിഹരിക്കും…..