A Unique Multilingual Media Platform

The AIDEM

Articles Sports ഗംബീത്ത - കളി വെറും കളിയല്ല

ലാ സ്‌കലോനെറ്റയുടെ ശരീരശാസ്ത്രം

  • December 20, 2022
  • 1 min read
ലാ സ്‌കലോനെറ്റയുടെ ശരീരശാസ്ത്രം

ശരാശരിക്കും താഴെ നിന്നിരുന്ന ഒരു ടീമിനെ ലിയൊണെല്‍ സ്‌കലോണിയും സംഘവും പരിവര്‍ത്തനം ചെയ്തതെങ്ങനെ ?


20 വയസ്സിനു താഴെയുള്ളവരുടെ ലോകകപ്പ് 6 തവണ നേടിയിട്ടുള്ള ടീമാണ് അര്‍ജൻറീന. എന്നാല്‍ കഴിഞ്ഞ പതിറ്റാണ്ടിലേറെയായി അവര്‍ക്ക് ഈ നേട്ടം ആവര്‍ത്തിക്കാനായിട്ടില്ല. 2007 ല്‍ അന്‍ഹെല്‍ ഡി മരിയയും അഗ്യൂറോയും എവര്‍ ബനേഗയും ഉള്‍പ്പെട്ട ടീമാണ് അവസാനം യൂത്ത്കപ്പ് നേടിയത്. അര്‍ജൻറീന നേരിടുന്ന പ്രതിഭാ ദാരിദ്ര്യത്തിൻറെ സൂചനകള്‍ ഇതിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് 2018 ലെ ലോകകപ്പില്‍ നിന്നുള്ള അവരുടെ മടക്കത്തെ ഈ ലേഖകന്‍ വിലയിരുത്തിയത്. 13 മാസത്തിനുള്ളില്‍ 59 കളിക്കാരെ പരീക്ഷിച്ച് അതില്‍ നിന്ന് ശരാശരിക്കാരായ ഇരുപത്തിയൊന്ന് പേരെ മെസ്സിക്കും ഡി മരിയക്കുമൊപ്പം കളിപ്പിച്ച് ദയനീയമായി പരാജയപ്പെട്ട ഹോര്‍ഹെ സാംപൗളി പക്ഷെ ആരാധകര്‍ക്ക് നിരാശ സമ്മാനിക്കുന്ന ആദ്യത്തെ അര്‍ജൻറ്റൈൻ കോച്ചല്ല. അലഹാന്ദ്രോ സബെല്ലയും ഹോസെ നെസ്റ്റര്‍ പെക്കര്‍മാനും വലിയ പ്രതീക്ഷ നല്‍കി നിരാശപ്പെടുത്തിയെങ്കില്‍ ദ്യേഗോ മറഡോണ ഇത് തനിക്കു പറഞ്ഞിട്ടുള്ള പണിയല്ലെന്ന് തുടക്കത്തിലേ തെളിയിച്ചു. ബിയെല്‍സയും ബാറ്റിസ്റ്റയും ടാറ്റാ മാര്‍ട്ടിനയുമെല്ലാം പലഘട്ടങ്ങളില്‍ ടീമിനെ ഒരുക്കിയെങ്കിലും വലിയ ടൂര്‍ണമെൻറുകളില്‍ പരാജയപ്പെട്ടപ്പോള്‍ രണ്ട് കോപ്പ അമേരിക്ക കിരീടങ്ങള്‍ അടുപ്പിച്ച് നേടിയ ആല്‍ഫിയോ ബാസിലെ മാത്രം വേറിട്ടു നിന്നു. മെസ്സിയേയും മറഡോണയേയും പരിശീലിപ്പിച്ചിട്ടുള്ള ബാസിലെയായിരുന്നു കിരീടവിജയങ്ങളോടെ തലയെടുപ്പോടെ നില്‍ക്കുന്ന ‘കളര്‍ ടിവി  കാലത്തെ’ ഒരേ ഒരു അര്‍ജൻറ്റൈൻ കോച്ച്- ലിയൊണെല്‍ സ്‌കലോണിയുടെ കാലം വരുന്നതു വരെ. ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ചിടത്തോളം കേട്ടറിവു മാത്രമുള്ള സീസര്‍ മെനോറ്റിയും ആദ്യമായി കോച്ചെന്ന നിലയില്‍ കാണുന്ന കാര്‍ലോസ് ബിലാര്‍ദോയും അര്‍ജൻറ്റൈൻ ഫുട്‌ബോളില്‍ ഇരുദിശകളിലൊഴുകുന്ന ചിന്താധാരകളായിരുന്നു. ഈ വിരുദ്ധധാരകളെ പറ്റി നേരത്തെ ഈ കോളത്തില്‍ വിശദമായി പറഞ്ഞിട്ടുമുണ്ട്.

2018 ലെ റഷ്യന്‍ ദുരന്തത്തിനു ശേഷം സാംപൗളി രാജിവക്കുന്നതോടെയാണ് അര്‍ജൻറീന പുതിയ പരിശീലകരെ തേടുന്നത്. ലോകചാംപ്യന്‍മാരിലൊരാളായ ഹോര്‍ഹെ ബറൂച്ചാഗ കോച്ച്സ്ഥാനം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സാംപൗളിയുടെ സ്റ്റാഫില്‍ ഉള്‍പ്പെട്ടിരുന്ന മുന്‍ കളിക്കാരനായിരുന്ന ലിയൊണെല്‍ സ്‌കലോണി എന്ന നാല്‍പതുകാരനെ അര്‍ജൻറീന ഫുട്‌ബോള്‍ അസോസിയേഷന്‍ ടീമിൻറെ ചുമതലയേല്‍പിക്കുന്നത്. വലന്‍സിയയില്‍ എല്‍ അക്ലൂദിയ ടൂര്‍ണമെൻറില്‍ യൂത്ത് ടീം കളിച്ചുകൊണ്ടിരിക്കെയാണ് അവരുടെ പരിശീലകവേഷത്തിലുണ്ടായിരുന്ന സ്‌കലോണിയെ സീനിയര്‍ ടീമിനെ മാനേജു ചെയ്യാന്‍ വിളിക്കുന്നത്. ഗോട്ടിമാലക്കും കൊളംബിയക്കുമെതിരായ രണ്ട് സൗഹൃദമത്സരങ്ങളിലായിരുന്നു തുടക്കം. അത് പിന്നീട് കോപ്പ അമേരിക്കയും ഫൈനലിസ്സിമയും കടന്ന് ലോകകപ്പ് വിജയത്തിലാണ് ഇന്നെത്തി നില്‍ക്കുന്നത്.

Lionel Scaloni, Head Coach, Argentina

പ്രതിഭാദാരിദ്ര്യമാണ് അര്‍ജൻറീന നേരിട്ടിരുന്ന പ്രശ്‌നമെന്ന് മനസ്സിലാക്കി അതിനനുസരിച്ചുള്ള സ്‌കൗട്ടിംഗ് പദ്ധതികള്‍ തയ്യാറാക്കിയാണ് സ്‌കലോണി തുടങ്ങുന്നതു തന്നെ. തനിക്കൊപ്പം ദേശീയ ടീമില്‍ കളിച്ചിരുന്ന, യുവനിരയുടെ ചുമതലക്കാരനായിരുന്ന പാബ്ലോ അയ്മറേയും റോബര്‍ട്ടോ അയാളയേയും വാള്‍ട്ടര്‍ സാമുവലിനേയും ചേര്‍ത്ത് ഒരു പിന്നണി ടീമുണ്ടാക്കുകയാണ് അയാൾ ആദ്യമേ ചെയ്തത്. അപ്പോഴേക്കുംതന്നെ പതിനഞ്ചു വയസ്സിനു താഴെയുള്ളവരില്‍ തുടങ്ങി സീനിയര്‍ ടീം വരെ മാനേജ് ചെയ്യാന്‍ പരിശീലകരുടെ ഒരു  ടാലൻറ് പൂള്‍ സൃഷ്ടിക്കാന്‍ അസോസിയേഷനും കഴിഞ്ഞിരുന്നു. അത് പ്രകാരം അയ്മറും മഷരാനോയും രണ്ട് ഏയ്ജ് ഗ്രൂപ്പ് ടീമുകളുടെ ചുമതല വഹിക്കും, സ്‌കലോണിയും അയാളയും സാമുവലും സീനിയര്‍ ടീമിൻറെയും. മേജര്‍ ടൂര്‍ണമെൻറുകള്‍ അടുത്തതോടെ കൂട്ടത്തിലെ ബുദ്ധികേന്ദ്രമായി അറിയപ്പെടുന്ന അയ്മര്‍ സീനിയര്‍ ടീമിനൊപ്പം ചേരുകയായിരുന്നു.

സാംപൗളിയുടെ ടീമില്‍ നിന്ന് മുന്നോട്ടു നടക്കാന്‍ ശേഷിയുള്ള കളിക്കാരെ കണ്ടെത്തലായിരുന്നു ആദ്യ പടി. മെസ്സി, ഡി മരിയ, ഒട്ടാമെന്‍ഡി, താല്യാഫിക്കോ, അക്യൂന, അര്‍മാനി, ഡിബാല എന്നിവര്‍ മാത്രമാണ് 2018 ലെ ടീമില്‍ നിന്ന് ഈ ലോകകപ്പിലേക്കെത്തിയവര്‍. ജോനി ലൊസെല്‍സോക്ക് പരിക്കുമൂലം പിന്മാറേണ്ടിവന്നു. 19 പുതുമുഖങ്ങളാണ് ലാ സ്‌കലോനെറ്റയുടെ ഭാഗമായി ഖത്തറില്‍ അവതരിപ്പിക്കപ്പെട്ടത്. അവരെ കൂടാതെ ഹോക്കിം കൊറിയ, നിക്കൊളാസ് ഗോണ്‍സാല്‍വെസ് എന്നിവരും പരുക്കേറ്റ് പുറത്തുപോയി. 2022 ന് ശേഷമുള്ള പദ്ധതികള്‍ക്കായി സ്‌കലോണി കണ്ടുവച്ചിരുന്ന തിയോഗോ അല്‍മാദ ടീമിലെത്തുന്നത് അങ്ങനെയാണ്. ലാ നുസ്ത്ര എന്ന അര്‍ജൻറീനയുടെ തനതുകേളീശൈലി ഒരു പക്ഷെ ലാ സ്‌കലോനെറ്റയില്‍ കാണാനായെന്നു വരില്ല, അതില്‍ നിന്നുള്ള പ്രയോഗാത്മകമായ മാറ്റമാണ് ലിയൊണെല്‍ സ്‌കലോണിയെന്ന പരിശീലകന്‍ നടപ്പാക്കിയത്. എങ്കിലും ടീമില്‍ മെസ്സിയും മരിയയും ഉണ്ടെങ്കില്‍ ലാ നുസ്ത്രയുടെ മിന്നലാട്ടങ്ങള്‍ മൈതാനത്ത് കാണാതിരിക്കില്ലെന്നും അയാള്‍ക്കറിയാം. കളത്തിലെ ഇടങ്ങളും എതിരാളികളുടെ നിലയും നീക്കവുമനുസരിച്ച് തന്ത്രങ്ങള്‍ മെനയാനും അത് വിജയിപ്പിക്കാനുമുള്ള വഴക്കമാണ് ഈ ടീമിൻറെ സവിശേഷതയെന്ന് പൊതുവെ പറയാം.

Argentina practising

സ്‌ട്രൈക്കറായി ലൗതാരോ മാര്‍ട്ടിനെസ്, ആക്രമണാത്മക മധ്യനിരയില്‍ മെസ്സിയും മരിയയും അവര്‍ക്ക് തൊട്ടു പുറകില്‍ ഡീ പോള്‍, ലിയാന്ദ്രോ പരദെസ്, ലൊ സെല്‍സോ എന്നിവര്‍, പ്രതിരോധത്തില്‍ മൊണ്ടിയെല്‍, ഒട്ടാമെന്‍ഡി, റൊമേരോ, അകൂന്യ – ഗോള്‍ മുഖത്ത് ഡിബു എന്ന എമിലിയാനോ മാര്‍ട്ടിനെസ് ലാ സ്‌കലോനെറ്റ കളത്തിലിറങ്ങുന്നതിങ്ങനെയായിരുന്നു. ബെഞ്ചില്‍ അഗ്യൂറോ, നിക്കോ ഗോണ്‍സാലസ്, അന്‍ഹെല്‍ കൊറിയ, ഹോക്കിം കൊറിയ, പപ്പു ഗോമസ്, ഹ്വീദോ റൊദ്രീഗസ്, പസെല്ല, പലാസിയസ്, അര്‍മാനി, ലിസാന്ദ്രോ, മൊളീന. ഇവരില്‍ കോപ്പ അമോരിക്ക കഴിഞ്ഞതോടെ ഹൃദ്രോഗബാധിതനായി അഗ്യൂറോ വിരമിച്ചു. ആ ഒഴിവിലേക്കാണ് സിറ്റിയില്‍ നിന്ന് ഹൂലിയന്‍ അല്‍വാരിസ് എത്തുന്നത്. മെസ്സി- മരിയ മുന്നേറ്റ നിരയേയും പ്രതിരോധാത്മക മധ്യ നിരയിലെ പരദെസിനേയും ഡീ പോളിനേയും ബന്ധിപ്പിക്കുന്ന പുതുക്കിയ എന്‍ഗാന്‍ചെയുടെ റോള്‍ സ്‌കലോണി- അയ്മര്‍ സംഘത്തിൻറെ കണ്ടു പിടുത്തമാണ്. ജോനി ലൊ സെല്‍സോ അത് മനോഹരമായി നിര്‍വഹിച്ചുവരുന്നതിനിടെയാണ് അയാള്‍ പരുക്കേറ്റ് പുറത്തു പോകുന്നത്. ആ വിടവ് നികത്താന്‍ സ്‌കലോണിക്ക് ലോകകപ്പില്‍ കഴിഞ്ഞത് എന്‍സോ ഫെര്‍ണാണ്ടസിലൂടെയാണ്, അതിന് അര്‍ജൻറീന ചാംപ്യന്‍സ് ലീഗിനോട് നന്ദി പറയേണ്ടി വരും. പി എസ് ജിക്കെതിരെ കളിച്ച ബെന്‍ഫിക്ക ടീമിലെ നാട്ടുകാരന്‍ പയ്യനെ നോട്ടമിടുന്നത് മെസ്സി തന്നെയാണ്. ലൊസെല്‍ സോയുടെ റോളിലേക്ക് പാകപ്പെട്ടില്ലെങ്കിലും അർജൻറീനയുടെ മധ്യനിരയെ സര്‍ഗ്ഗാത്മകമായി പുതുക്കിയത് എന്‍സോയുടെ വരവാണെന്ന് നിസ്സംശയം പറയാം. ലൊസെല്‍ സോയുടെ റോളിൻറെ പകുതി ഏല്‍പിച്ച അലക്‌സിസ് മക്അലിസ്റ്ററും തൻറെ ഭാഗം വൃത്തിയായി നിര്‍വഹിച്ചു.

Paulo Dybala during the FIFA World Cup closing ceremony

എതിരാളികള്‍ക്കും സാഹചര്യത്തിനുമനുസരിച്ച് പരിഷ്‌കരിക്കാവുന്ന വ്യത്യസ്ത വിന്യാസരീതികളാണ് സ്‌കലോനെറ്റയുടെ തുറുപ്പു ചീട്ട്. 4- 3- 3 ശൈലിയാണ് സ്‌കലോണിയുടെ ആക്രമണാത്മക വിന്യാസം. അതില്‍ മെസ്സിയും മരിയയും ലൗതാരോയും മുന്നില്‍, അലിസ്റ്ററും ഡീ പോളും എന്‍സോ ഫെര്‍ണാണ്ടസും നടുക്കളത്തില്‍. മോണ്ടിയെല്‍/ മൊളീന, ഒട്ടാമെന്‍ഡി, റൊമേരോ/ ലിസാന്ദ്രോ, അകൂന്യ/ താല്യാഫിക്കോ എന്നിവരുടെ പ്രതിരോധം- കൈയ്യൊതുക്കമുള്ള വിന്യാസത്തില്‍ അറിഞ്ഞു കളിക്കുന്ന കൂട്ടം. സൗദി അറേബ്യക്കെതിരായ ആദ്യ മത്സരത്തില്‍ പക്ഷെ വിന്യാസവും തന്ത്രങ്ങളും പിഴച്ചു. സൗദിയുടെ പ്രതിരോധനിര കയറി വന്നപ്പോള്‍ മെസ്സിയും ലൗതാരോയും ഓഫ് സൈഡ് കെണിയില്‍ പെട്ടു. ആദ്യ പകുതിയിലെ ഗോളിൻറെയും നിരന്തരം നടത്തിയ ആക്രമണങ്ങളുടേയും അമിതാത്മവിശ്വാസം കൂടിയായപ്പോള്‍ രണ്ടാം പകുതിയിലെ പത്ത് മിനിറ്റ് മതിയായിരുന്നു, അറേബ്യന്‍ സംഘത്തിന് കളി കൈക്കലാക്കാന്‍. പിന്നീട് നടത്തിയ നിരന്തരാക്രമണങ്ങള്‍ക്കൊന്നും സൗദിയുടെ പ്രതിരോധത്തെ പിളര്‍ക്കാനായില്ല. വിങ്ങുകളില്‍ നിന്നുള്ള മാരകമായേക്കാവുന്ന ക്രോസുകള്‍ താരതമ്യേന ഉയരം കൂടിയ സൗദിക്കാര്‍ പ്രയാസം കൂടാതെ പുറത്തേക്കെടുത്തുകളഞ്ഞു. മുപ്പത്താറ് കളികള്‍ക്കു ശേഷമുള്ള ആദ്യ തോല്‍വി അര്‍ജൻറീനക്ക് പാഠമായതെങ്ങനെ എന്നത് ഇനി മറ്റു ടീമുകള്‍ക്ക് പാഠമാവും.

അടുത്ത മത്സരത്തില്‍ മെക്‌സിക്കോക്കെതിരെ വിന്യാസം 4 – 4- 2 ലേക്കും കളി മന്ദഗതിയിലേക്കും മാറ്റുകയാണ് സ്‌കലോണി ചെയ്തത്. റൊമേറോക്ക് പകരം ലിസാന്ദ്രോ പുറകിലെത്തി. സ്റ്റാര്‍ട്ട് ചെയ്ത ഹ്വീദോ റൊദ്രീഗസിനു പകരം എന്‍സോ ഇറങ്ങിപ്പോള്‍ തന്നെ ടീമിൻറെ ഘടന സുശക്തമായി മാറി. മാര്‍ക്കര്‍മാരില്‍ നിന്ന് മാറി നടക്കുന്ന മെസ്സിയെ കണ്ടെത്തിയ മരിയയുടെ പാസ്സ് ചെസ്സുകളിയിലെ നീക്കങ്ങളെ ഓര്‍മ്മിപ്പിക്കും വിധമായി, മെസ്സിയുടെ ഫിനിഷിംഗും. കളിക്കുന്നത് തലകൊണ്ടാണെന്ന് സ്‌കലോണി തെളിയിച്ച മത്സരമായിരുന്നു ഇത്. എന്‍സോ ഫെര്‍ണാണ്ടസിന്റെ കണ്ണഞ്ചിക്കുന്ന ഗോള്‍ കേക്കിനു മേലുള്ള ഐസിംഗായി. കളത്തില്‍ മാരീചനാവുന്ന മെസ്സി, ‘ആളെ മാര്‍ക്ക് ചെയ്യുന്നത്ര എളുപ്പമല്ല അരൂപിയെ പിന്തുടരാനെന്ന’ ജോനതന്‍ വില്‍സൻറെ നിരീക്ഷണത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ടിരുന്നു.

പോളണ്ടിനെതിരെ 4 – 3- 3 ലേക്ക് തിരിച്ചു പോയെങ്കിലും ലൗതാരോക്ക് പകരം ഹൂലിയന്‍ അല്‍വാരിസും പരദെസിനു പകരം എന്‍സോയും ആദ്യ പതിനൊന്നില്‍ സ്ഥാനമുറപ്പിച്ചിരുന്നു. സ്‌കോററുടെ റോളിലേക്കുള്ള മക് അലിസ്റ്ററുടെ പരിണാമം ലവന്‍ഡോവ്‌സ്‌കിക്കും സംഘത്തിനും മുന്‍കൂട്ടിക്കാണാനായില്ല. ഓരോ മത്സരത്തിലേക്കുമായി ഓരോ അത്ഭുതങ്ങള്‍ കാത്തുവച്ചിട്ടുണ്ടായിരുന്നു സ്‌കലോണി.

Enzo Fernandez with trophy for the Young Player of the Tournament

ഹൈബോളുകളും ലോങ്ങ് പാസ്സുകളും പരീക്ഷിച്ച അജാനുബാഹുക്കളായ ആസ്‌ത്രേലിയക്കാര്‍ക്കെതിരെ 4 – 3 – 3 ല്‍ പപ്പു ഗോമസായിരുന്നു മുന്നേറ്റത്തിലെ മൂന്നാമന്‍. നെതര്‍ലാന്‍ഡ്‌സിനെതിരെ ക്വാര്‍ട്ടറിലെത്തിയപ്പോഴേക്കും 5 – 3 – 2 ലേക്ക് മാറിയ ലാ സ്‌കലോനെറ്റക്ക് കാര്‍ഡുകള്‍ വിനയായി. റൊമേരോ അടക്കമുള്ള പ്രതിരോധക്കാരെ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായതോടെ തുടരെ രണ്ടു ഗോളുകള്‍ വഴങ്ങി, വിജയത്തിന് ഷൂട്ടൗട്ടിനെ ആശ്രയിക്കേണ്ടി വന്നു. ടൂര്‍ണമെൻറിലെ ഏറ്റവും സംഭവബഹുലവും പരുഷവുമായ കളി പക്ഷെ സ്‌കലോണിക്കും കൂട്ടര്‍ക്കും മറ്റൊരു പാഠം കൂടി നല്‍കി.

സെമിയില്‍ ക്രൊയേഷ്യക്കെതിരെ അടവുകളില്‍ മാത്രമല്ല സമീപനത്തിലും മാറ്റം വരുത്തിയാണ് ടീം കളിക്കാനിറങ്ങിയത്. 4 – 4- 2 ആയിരുന്നു വിന്യാസം. പന്ത് കൈവശം വച്ച് കളിക്കാറുള്ള പതിവു രീതി വിട്ട് എതിരാളികള്‍ക്ക് യഥേഷ്ടം പന്ത് നൽകിയാണ് അന്ന് കളിച്ചത്. പന്തിനായി സമ്മര്‍ദ്ദം ചെലുത്താതെ പ്രത്യാക്രമണത്തിലൂന്നിയായിരുന്നു ആസൂത്രണം. അത് അക്ഷരാര്‍ത്ഥത്തില്‍ വിജയിക്കുകയും ചെയ്തു. ഹൂലിയന്‍ അല്‍വാരിസിൻറെ രണ്ട് പ്രത്യാക്രമണങ്ങള്‍, ആദ്യത്തേതില്‍ പെനാല്‍റ്റി, രണ്ടാമത്തേത് സോളോ ഗോള്‍ – ആദ്യ പകുതിയില്‍ തന്നെ കളി കൈവശപ്പെടുത്തുന്ന കൗശലം. പിന്‍നിരയില്‍ നിന്നും പന്ത് മുന്നിലേക്ക് നീട്ടിക്കൊടുക്കുന്ന രീതി അവലംബിച്ചതോടെ ഫലത്തില്‍ വിഖ്യാതമായ ക്രൊയേഷ്യന്‍ മധ്യനിര നിരായുധരായിപ്പോയി. ഇതിനിടയിലായിരുന്നു, ക്രൊയേഷ്യന്‍ നിരയിലെ ഏറ്റവും മികച്ച പ്രതിരോധക്കാരൻ ജോസ്‌കോ ഗ്വാര്‍ഡിയോളിനെ വട്ടം കറക്കി മെസ്സി പന്ത് ഹൂലിയന്റെ കാലിൽ വച്ചു കൊടുക്കുന്നത്. ടൂര്‍ണമെൻറിലെ മെസ്സിയുടെ നിമിഷം സെമിഫൈനലിൻറെ അറുപത്തൊമ്പതാം മിനുട്ടായിരുന്നു.

ഫൈനല്‍

ടൂര്‍ണമെൻറിലെ ഏറ്റവും പ്രതിഭാധനരായ ഫ്രാന്‍സിനോട് മത്സരിക്കുമ്പോള്‍ സ്‌കലോണി ഏത് വിന്യാസം സ്വീകരിക്കുമെന്നതിനെ പറ്റി വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. 4- 4- 2, 5- 3- 2 അങ്ങനെ പല സാധ്യതകളും കല്‍പിക്കപ്പെട്ടിരുന്നുവെങ്കിലും അര്‍ജൻറീന 4 – 3 -3 ലേക്ക് പോവുകയായിരുന്നു. എന്നാല്‍ എംബാപ്പെയും ജിറൂവും ഡെംബലെയും അടങ്ങുന്ന ത്രിമുഖ ഫ്രഞ്ച് ആക്രമണത്തെ നേരിടുമ്പോള്‍ അസാധാരണമായ ഒരു മാറ്റവുമായാണ് സ്‌കലോണി ടീമിനെ കളത്തിലിറക്കിയത്. ഇടംകാല്‍ പ്രയോഗത്താല്‍ പ്രശസ്തനായ അന്‍ഹെല്‍ ഡി മരിയയെ ഇടതുവിംഗില്‍ കളിപ്പിക്കാനുള്ള ആ തീരുമാനമാണ് കളിയില്‍ നിര്‍ണ്ണായകമായതും. സെമിഫൈനലടക്കമുള്ള കളികളില്‍ വലതുവിംഗില്‍ നിന്നും മധ്യത്തില്‍ നിന്നും കൃത്യമായ ഇടവേളകളില്‍ ജിറൂവിനും എംബാപ്പെക്കും കിട്ടിയിരുന്ന പന്തുകളായിരുന്നു, ഫ്രാന്‍സിന്റെ വിജയത്തിനു പിന്നില്‍. അവരുടെ മധ്യനിരയില്‍ ഗ്രീസ്മാനും ചൊമേനിയും ദെഷാംപ്‌സിന്റെ പദ്ധതിക്കനുസരിച്ച് മെതാനം നിറഞ്ഞ് കളിച്ചു, പ്രത്യേകിച്ചും ഗ്രീസ്മാന്‍. ഫ്രഞ്ചുകാര്‍ക്കെതിരെ മാന്‍ മാര്‍ക്കിംഗ് ഫലപ്രദമാവില്ലെന്നറിയാവുന്നതുകൊണ്ടുള്ള പ്ലാന്‍ ബി ആയിരുന്നു, വിംഗുമാറിയുള്ള ഡി മരിയയുടെ രംഗപ്രവേശം. അന്‍ഹെല്‍ ഡി മരിയ കളിച്ചിട്ടുള്ള ഏറ്റവും മികച്ച മത്സരമെന്ന് വേണമെങ്കില്‍ പറയാവുന്നതാണ് തൻറെ അവസാന അന്താരാഷ്ട്രമത്സരമാവാം എന്ന് അയാള്‍ തന്നെ പറഞ്ഞിട്ടുള്ള ലോകകപ്പ് ഫൈനല്‍. ഫ്രാന്‍സിൻറെ വലതുവിംഗില്‍ കളിച്ച ഡെംബെലെ, ചൊമേനി ജൂള്‍ കൂന്‍ഡെ എന്നിവരെ ഒറ്റയടിക്ക് ചിത്രത്തില്‍ നിന്ന് എടുത്തു മാറ്റിയപോലെയായിരുന്നു മരിയയുടെ പന്തുമായുള്ള ഓരോ ഓട്ടത്തിൻറെയും ഫലം. അര്‍ജൻറീനയുടെ ഒന്നാം പകുതിയിലെ രണ്ടു ഗോളുകളും മരിയ വഴിയാണ് വന്നതെന്നതും ഇതോടൊപ്പം കാണണം. ആദ്യത്തേത് ഡെംബെലെയുടെ ഫൗളില്‍ നിന്ന് കിട്ടിയ പെനാല്‍റ്റിയും രണ്ടാമത്തേത് എക്കാലവും ഓര്‍ത്തുവക്കാവുന്ന വണ്‍ടച്ച് പാസ്സുകളുടെ മാലയിലൂടെയുള്ള ഒരു കൗണ്ടര്‍ അറ്റാക്കിംഗ് ടീം ഗോളും. വലതുവശം തളര്‍ന്നതോടെ ഗ്രീസ്മാനും ജിറൂവുമെല്ലാം പന്ത് കിട്ടാതെ ശ്വാസം മുട്ടിത്തുടങ്ങി. ഒന്നാം നിരക്കാരെയെല്ലാം പിന്‍വലിച്ച് യുവാക്കളെ കളത്തിലിറക്കി തന്ത്രമാകെ മാറ്റിപ്പണിയേണ്ടി വന്നു ദിദിയെ ദെഷാംപ്‌സിന്. രണ്ടാം പകുതിയില്‍ ശാരീരികക്ഷമതയുടെ പേരില്‍ മരിയയെ പിന്‍വലിച്ചതിനു ശേഷമാണ് ഫ്രാന്‍സ് കളിയിലേക്ക് തിരിച്ചുവന്നതും ഗോളുകള്‍ തിരിച്ചടിച്ച് കളി അധിക സമയത്തിലേക്കും ഷൂട്ടൗട്ടിലേക്കും നീട്ടിയെടുത്തതും.

Messi kissing the World Cup

പരിമിതവിഭവരായ ഇരുപത്തിരണ്ട് പേര്‍ അവര്‍ക്കൊപ്പം ഭാവിവാഗ്ദാനങ്ങളെന്ന് പറയാവുന്ന എന്‍സോ ഫെര്‍ണാണ്ടെസും ഹൂലിയനും, പിന്നെ കളി മതിയാക്കാന്‍ പോവുന്ന മരിയ. ഇവര്‍ക്കൊപ്പമാണ് ലിയൊണല്‍ ആന്ദ്രെസ് മെസ്സി ലോകകപ്പ് നേടുന്നത്. അതിലേക്ക് അയാളെ കൈപിടിച്ചു കയറ്റുക എന്നതായിരുന്നു ലിയോ സ്‌കലോണിയുടെ നിയോഗമെന്ന് പറയാം. അയ്മറും സാമുവലും അയാളയുമടങ്ങുന്ന സുഹൃദ്‌സംഘം അവര്‍ക്ക് വഴികാട്ടുകയും ചെയ്തു.

Scaloni with FIFA World Cup

കളിക്കളത്തില്‍ ആവശ്യമുള്ള പൊസിഷനുകളിലേക്ക് കൃത്യം കളിക്കാരെ കണ്ടെത്തുക എന്നതില്‍ മുക്കാല്‍ പങ്കും വിജയിച്ചുവെന്നതാണ് ലാ സ്‌കലോനെറ്റ എന്നറിയപ്പെട്ട ഈ സംഘത്തിന്റെ വിജയം. ഇനി 2026 ലോകകപ്പ് ലക്ഷ്യം വച്ചുള്ള മുന്നേറ്റത്തില്‍ അവര്‍ക്കുമുന്നിലുള്ള വെല്ലുവിളി ഇനിയും കഠിനമാവും . മെസ്സിക്കും മരിയക്കും പകരക്കാരെ കണ്ടെത്തല്‍ എളുപ്പമാവുന്നതെങ്ങനെ? അര്‍ജൻറീനയിലുള്ള കൗമാരക്കാര്‍ക്കൊപ്പം, മാതാപിതാക്കളുടെ ജന്മം കൊണ്ടായാലും രാജ്യത്തിനുവേണ്ടി കളിക്കാന്‍ കഴിയുന്ന പുതുമുഖങ്ങളെ കണ്ടെത്താനുള്ള യത്‌നം ഇതിനകം തന്നെ അവര്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട് – ഗർനാച്ചോ അടക്കമുള്ളവരെ അങ്ങനെ കണ്ടെത്തിയതാണ്.  ബോക്ക ജൂനിയേഴ്‌സിൻറെ അലന്‍ വരേല, പെദ്രോ ഡി ലവേഗ, ലിയോ ബലേര്‍ദി, അദോള്‍ഫോ ഗെയ്ച്, ഫെദറിക്കോ ഗറ്റോണി തുടങ്ങിയ പല പേരുകളും നമ്മള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളു. മെനോറ്റി – ബിലാര്‍ദോ കാലത്തിനുശേഷം അര്‍ജൻറീനയുടെ പരിശീലകസംഘം ഇത്രത്തോളം പ്രസക്തരാവുന്നത് ഒരു പക്ഷെ ഇതാദ്യമായിട്ടാവും.


2022 FIFA ലോകകപ്പുമായി ബന്ധപ്പെട്ട സ്‌റ്റോറികൾക്കായി, ഇവിടെ ക്ലിക്ക് ചെയ്യുക.

For FIFA World Cup 2022 related stories, click here.

About Author

രാജീവ് രാമചന്ദ്രൻ

മാധ്യമപ്രവർത്തകൻ , കളി എഴുത്തുകാരൻ. ചെളി പുരളാത്ത പന്ത് - പുസ്തകത്തിന്റെ രചയിതാവ്.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Abdul Samad - Thalasseri
Abdul Samad - Thalasseri
2 years ago

വളരെ കൃത്യമായ വിശകലനം . നന്ദി രാജീവ് രാമചന്ദ്രൻ