A Unique Multilingual Media Platform

The AIDEM

Articles Cinema Society

സിനിമാ ഫ്രെയിമിലെ നവഗോത്ര ഗാഥകൾ

  • April 25, 2022
  • 1 min read
സിനിമാ ഫ്രെയിമിലെ നവഗോത്ര ഗാഥകൾ

വയനാടൻ മലനിരകളിൽ നിന്ന് തുടിപ്പാട്ടിൻ്റെ താളം ഒഴുകിയെത്തുന്നുണ്ട്. അവരുടെ തുടിച്ചൊല്ലുകളിൽ വേദനയുടേയും നിസ്സാഹയതയുടെയും. ആദിവാസി ഗോത്ര സമൂഹം കൂടുതൽ ദുരിതത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ഒരിക്കലും എത്തപ്പെട്ടിട്ടില്ലാത്ത ഈ പ്രാക്തന ഗ്രോത്ര സമൂഹങ്ങൾ ഭരണഘടന സ്വയം ഭരണാവകാശം അനുവദിച്ചിട്ടുള്ളവരാണ്. എന്നിട്ടും ഒന്നു നിവർന്നു നിൽക്കാൻ പോലും കെൽപ്പില്ലാതെ, അടിമകളാണെന്ന ബോധ്യത്തിൽ, മേലാളരുടെ ഔദാര്യത്തിനായി ഇന്നും കൈനീട്ടി നിൽക്കുന്നുണ്ട്.

ആദിവാസി നേതാവ് ജാനുവിൻ്റെ നേതൃത്വത്തിൽ നിൽപ്പു സമരം പോലുള്ള സമരങ്ങൾ നടന്നിട്ടുണ്ട്. എങ്കിലും ഇന്നും അവർ സ്വാതന്ത്രത്തിൻ്റെ ശുദ്ധവായു കിട്ടാതെ, കാടും വീടും ഇല്ലാതെ, നിസ്സാഹായരായ അഭയാർത്ഥികളായി മാറുന്നു. ഗവൺമെൻ്റ് കോടിക്കണക്കിന് രൂപ ആദിവാസി ക്ഷേമത്തിനുവേണ്ടി ചെലവഴിക്കുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു. പക്ഷേ ആദിവാസികളുടെ ക്ഷേമത്തിനായി വരുന്ന ഫണ്ടുകൾ ആദിവാസികളിലേക്ക് എത്തുന്നില്ലെന്നത് എല്ലാവർക്കും അറിയാവുന്ന സത്യമാണ്.

ഇത്തരം അവസ്ഥകളെ ഭോദിച്ചുകൊണ്ട് ചില നക്ഷത്രങ്ങൾ ഉദിച്ചുയരാറുണ്ട്. കാട്ടുചോലകളുടെ സംഗീതം മനസ്സിലേറ്റി പുതിയ തുടിച്ചൊല്ലുകളുമായി, ഗോത്ര സമൂഹത്തിൻ്റെ സ്വാത്രന്ത്യഗാഥകളുമായി അവർ മാനത്തുദിച്ചുയരും. അവർ ഒരുപക്ഷേ ഗോത്ര സമൂഹത്തിന് മുഴുവൻ വെളിച്ചം പകരാൻ കെൽപ്പുള്ളവരായിരിക്കാം. സിനിമയുടെ വെള്ളിവെളിച്ചം മനസ്സിലേറ്റി, പുതിയ സിനിമാ സങ്കൽപ്പവുമായി ഒരാദിവാസി പെൺകുട്ടി, ലീല സന്തോഷ്, ഗോത്രജനതയുടെ ചരിത്രവും സംസ്‌ക്കാരവും അടയാളപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവളുടെ സിനിമാ സങ്കൽപ്പത്തെക്കുറിച്ചും ജീവിതസങ്കൽപ്പത്തെക്കുറിച്ചും നമുക്ക് ഒന്ന് കാതോർക്കാം.

“അച്ഛൻ്റെ നാടായ വയനാട്ടിലെ പനമരത്താണ് ഞാൻ ജനിച്ചത്. അച്ഛൻ ക്യാൻസർ വന്ന് മരിച്ചതിനാൽ പഠനം ഒന്നാം ക്ലാസ്സിൽ വെച്ച് തന്നെ ഉപേക്ഷിക്കേണ്ടി വന്നു. തുടർന്ന് അമ്മയുടെ നാടായ നടവയലിൽ താമസം തുടങ്ങി. ചുറ്റുമുള്ള കുട്ടികൾ സ്‌കൂളിൽ പോകുന്നുണ്ടായിരുന്നു. വീട്ടിലെ സാഹചര്യം എൻ്റെ തുടർ വിദ്യാഭ്യാസത്തിന് തടസ്സമായി. അങ്ങനെ ഒരു കൊല്ലം വെറുതെ ഇരുന്നു.

ആയിടക്കാണ് കെ.ജി.ബേബി മാഷ് ”കനവ്” എന്ന പേരിൽ ഒരു അനൗപചാരിക വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നത്. ഞാൻ ആ സ്‌കൂളിൽ പോയി പഠിക്കാൻ തുടങ്ങി. എന്നെ ഞാനാക്കി മാറ്റുന്നതിൽ ‘കനവ്’ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കളിച്ചും രസിച്ചുമാണ് ഞങ്ങൾ പഠിച്ചത്. പരീക്ഷ ഞങ്ങളെ ഭയപ്പെടുത്തിയതേയില്ല. പരീക്ഷ എന്നു പറയുമ്പോൾ ഞങ്ങൾക്ക് സന്തോഷവും ഉത്സാഹവും ആയിരുന്നു. സാധാരണ സ്‌കൂളിൽ പഠിക്കാൻ സാധിക്കാത്തതിൽ എനിക്ക് യാതൊരു തരത്തിലുള്ള വിഷമവും ഇല്ല. സർക്കാർ സ്‌കൂളിൽ പഠിച്ച കൂട്ടികൾ ആരും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിയിട്ടേയില്ല. ചിലർ എഞ്ചിനീയറോ, ഡോക്ടറോ, സർക്കാർ ഉദ്യോഗസ്ഥരോ ആയിട്ടുണ്ടായിരിക്കാം. എന്നാൽ തൻ്റെ സ്വത്വത്തെ തിരിച്ചറിയുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്ന, തങ്ങളുടെ സമൂഹത്തിൻ്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുവാൻ കെൽപ്പുള്ളവരായ, ആരും തന്നെ ഉണ്ടായിട്ടില്ല. സാധാരണ സ്‌കൂളിൽ പഠിച്ചിരുന്ന ആദിവാസി കുട്ടികൾ അപകർഷതാ ബോധത്തിന് അടിമകളായി മാറി. സ്വന്തം അമ്മയെ പട്ടണത്തിൽവെച്ച് കണ്ടാൽ സംസാരിക്കാൻ മടിക്കുന്ന കൂട്ടികൾ, സ്വന്തം ഭാഷ സംസാരിക്കാൻ നാണം തോന്നുന്ന കുട്ടികൾ. ഇത്തരം ഒരവസ്ഥയാണ് സാധാരണ സ്‌കൂൾ ജീവിതം ആദിവാസി കുട്ടികൾക്ക് നൽകുന്നത്. ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു ‘കനവി’ലെ അനൗപചാരിക വിദ്യാഭ്യാസം. ഞങ്ങൾ ഞങ്ങളുടെ സ്വത്വത്തെ തിറിച്ചറിഞ്ഞു. ആത്മാഭിമാനമുള്ളവരായി, സ്വതന്ത്ര വ്യക്തികളായി. ഞങ്ങൾ ആരുടേയും അടിമകൾ അല്ല എന്ന് തിരിച്ചറിഞ്ഞു. ഞങ്ങളുടെ ഭാഷയേയും, സംസ്‌ക്കാരത്തേയും ബഹുമാനിക്കാനും, അതിൽ അഭിമാനം കൊള്ളാനും ഞങ്ങൾ പഠിച്ചു.

വയനാട്ടിൽ ഏഴ് ഗോത്ര വർഗ്ഗങ്ങൾ ഉണ്ടെന്നാണ് എൻ്റെ അറിവ്. ഓരോ ഗോത്ര വർഗ്ഗത്തിനും സ്വന്തമായ ഭാഷയുണ്ട്, ആചാരാനുഷ്ഠാനുങ്ങളുണ്ട്, സംസ്‌ക്കാര സവിശേതകൾ ഉണ്ട്. അവർ തമ്മിൽ തമ്മിൽ അയിത്തം ആചരിക്കുന്നവരും ആണ്. അവർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ഒന്നാണെങ്കിലും ഈ ഗോത്ര വർഗ്ഗങ്ങളെയെല്ലാം ഒറ്റച്ചരടിൽ കോർക്കണമെങ്കിൽ മലയാള ഭാഷയ്‌ക്കേ സാധ്യമാവൂ. ആദിവാസിയെ സംബന്ധിച്ചിടത്തോളം മലയാളം ആജ്ഞയുടേയും, അധികാരത്തിൻ്റേയും ഭാഷയാണ്. മലയാള ഭാഷ കേൾക്കുമ്പോൾ അവർ അറിയാതെ തന്നെ അവരുടെ പ്രജ്ഞയിൽ അടിമച്ചങ്ങല കയറിപ്പറ്റും.

ഇന്നത്തെ തലമുറ ഇതിൽ നിന്ന് വൃത്യസ്തരാണെങ്കിലും സ്വന്തം ഭാഷയെക്കുറിച്ചോ സംസ്‌ക്കാരത്തെക്കുറിച്ചോ അഭിമാനിക്കുന്നില്ലെന്ന് മാത്രമല്ല, തങ്ങൾ ആദിവാസികൾ ആണെന്ന അപകർഷതാബോധം അവരിൽ അടിയുറക്കുന്നുമുണ്ട്. ഔപചാരിക വിദ്യാഭ്യാസം ആദിവാസി കൂട്ടികൾക്ക് ആത്മവിശ്വാസം പകർന്നു നൽകുന്നില്ല. വിദ്യാഭ്യാസത്തിലൂടെ അവർക്ക് ആത്മവിശ്വാസം നൽകണമെങ്കിൽ പാഠ്യപദ്ധതയിൽ സമൂലമായ പരിഷ്‌ക്കാരങ്ങൾ ഉണ്ടാവേണ്ടതുണ്ട്. എഴുത്തച്ഛൻ്റേയും, വള്ളത്തോളിൻ്റേയും കവിതകൾ പഠിപ്പിക്കുന്നതുപോലെ, രാമായണ കഥകൾ പഠിപ്പിക്കുന്നതുപോലെ, ആദിവാസികളുടെ പാട്ടുകളും കഥകളും സിലബസിൽ ഉൾപ്പെടുത്തണം. മഹത്തായ ഗോത്ര സംസ്‌കൃതിയുടെ ചരിത്രവും സംസ്‌ക്കാരവും എല്ലാം മറ്റ് കുട്ടികളും പഠിക്കണം. അങ്ങനെ ആദിവാസികളുടെ ഭാഷയേയും സംസ്‌ക്കാരത്തേയും സ്‌നേഹിക്കാനും
ബഹുമാനിക്കാനും മറ്റു കൂട്ടികളെ പഠിപ്പിക്കണം. ഇത്തരം ഒരവസ്ഥയിലാണ് ആദിവാസികൾ ആത്മവിശ്വാസമുള്ളവരും സ്വാത്രന്ത്യബോധമുള്ളവും ആകുന്നത്. ആദിവാസികൾ ആദിവാസികളായി തന്നെ ജീവിക്കണമെന്ന് ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല. അവർ സമീഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുക തന്നെ വേണം. അതോടൊപ്പം അവരുടെ ഭാഷയും സംസ്‌ക്കാരവും അനുഷ്ഠാനങ്ങളും സംരക്ഷിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും വേണം.

‘കനവി’ൽ സിനിമ പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു. പഠനത്തിൻ്റെ ഭാഗമായി ക്ലാസ്സിക്ക് സിനിമകൾ കാണുവാനും ആസ്വദിക്കുവാനും സാധിച്ചു. കുറസോവയുടെ ‘റാഷമോൺ”, ബർഗ്മാൻ്റെ ”സെവൻത് സീൽ” എന്നിവ എന്നെ ആകർഷിച്ച സിനിമകളാണ്. ഇറാനിയൻ സിനിമകൾ, പ്രത്യേകിച്ച് മജീദ് മജീദിയുടെ സിനിമകൾ, ആഫ്രിക്കൻ സിനിമകൾ ഇതൊക്കെ എന്നെ ഹരം പിടിപ്പിച്ചിട്ടുണ്ട്. ഈ സിനിമകളൊക്കെ കണ്ടപ്പോൾ സിനിമയെക്കുറിച്ച് പഠിക്കണം എന്ന മോഹം ഉദിച്ചു. അപ്പോഴാണ് 2004-ൽ കെ.ജെ.ബേബി മാഷ് ‘ഗുഡ’ എന്ന സിനിമ ചെയ്യുന്നത്.

സിനിമായൂണിറ്റൊക്കെ വന്ന് എടുത്ത ഒരു സിനിമ ആയിരുന്നു അത്. അതിൽ ഞാൻ ആദ്യമായി സഹസംവിധായികയായി പ്രവർത്തിച്ചു. അതു കൂടാതെ ‘കനവി’നെക്കുറിച്ച് പലരും ഡ്യോക്യുമെന്റി എടുക്കാൻ വന്നു. അതിലൊക്കെ ‘കനവി’ലെ കൂട്ടികൾ വർക്ക് ചെയ്തു. സിനിമയെക്കുറിച്ച് ഗൗരവമായി പഠിക്കാനായി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നടന്ന ഫിലിം വർക്ക്‌ഷോപ്പുകളിൽ ഞാൻ പങ്കെടുത്തു. ഈ അനുഭവത്തിൻ്റെയെല്ലാം വെളിച്ചത്തിൽ 2012-ൽ ”തണലുകൾ നഷ്ടപ്പെടുന്ന ഗോത്രഭൂമി” എന്ന പേരിൽ ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്തു.

തുടർന്ന് അവിവാഹിതരായ ആദിവാസി അമ്മമാരെ കുറിച്ച് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ച് ഒരു സ്‌ക്രിപ്റ്റ് തയ്യാറാക്കി. “ചീരു” എന്നു പേരിലുള്ള ആ സ്‌ക്രിപ്റ്റ് സഹായിയായി വന്ന ഒരാൾ അയാളുടെ പേരിൽ റജിസ്റ്റർ ചെയ്ത് സ്വന്തമാക്കി. ഇതെന്നെ വലിയ വിഷമ വൃത്തത്തിലാക്കി. ഈ ഒരു അവസ്ഥയിലാണ് ഞാൻ ‘കരിന്തണ്ടൻ’ എന്ന സ്‌ക്രിപ്റ്റ് ചെയ്യുന്നത്. സ്‌ക്രിപ്റ്റ് പൂർത്തീകരിക്കാൻ മൂന്ന് വർഷമെടുത്തു. സിനിമ നിർമ്മിക്കുന്നതിനായി പല ചർച്ചകളും നടന്നു. സിനിമ നടക്കുമെന്ന ഘട്ടത്തിലാണ് കേരളത്തിൽ പ്രളയവും അതിനെ തുടർന്ന് കോവിഡ് മഹാമാരിയും പൊട്ടിപ്പുറപ്പെടുന്നത്. അതുകൊണ്ട് ‘കരിന്തണ്ടൻ’ എന്ന പ്രോജക്റ്റ് നടന്നില്ല.

ഇതിനിടയിൽ “പയ്ക്കിഞ്ചിന ചിരി” എന്ന ഷോർട്ട് ഫിലം ഞാൻ ഡയറക്റ്റ് ചെയ്തു. “പയ്ക്കിഞ്ചിന ചിരി” എന്ന സിനിമ അവിവാഹിതരായ ആദിവാസി അമ്മമാരെ കുറിച്ചാണ്. ഗോത്ര ഭാഷയിൽ ആണ് ഇത് നിർമ്മിച്ചിട്ടുള്ളത്. ആദിവാസികൾ അല്ല ഇതിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. ആദിവാസികളെ അഭിനയിപ്പിച്ചുകൊണ്ട് തന്നെ സിനിമ ചെയ്യണം എന്നാണ് ആഗ്രഹിച്ചത്. പക്ഷേ കഥാപാത്രങ്ങളെ അഭിനയിച്ച് ഫലിപ്പിക്കാൻ കെൽപ്പുള്ള നടിമാരെ ഞങ്ങളുടെ ഇടയിൽ നിന്ന് ലഭിക്കാൻ വിഷമമായിരുന്നു. ദ്രാവിഡ പ്രൊഡക്ഷൻ എറണാകുളമാണ് ഈ സിനിമ നിർമ്മിച്ചത്. ചിത്രീകരണം തിരുനെല്ലിയിൽ ആയിരുന്നു. നായികയായി അഭിനയിച്ചത് സിന്ധ്യ കോഴിക്കോടും, നായകൻ തിരുവനന്തപുരത്തു നിന്നുള്ള സുനിയുമാണ്. ബാക്കി കഥാപാത്രങ്ങളെ അവതരിപ്പിച്ചത് വയനാട്ടിലെ ആദിവാസികളും, പൊതുപ്രവർത്തകരുമാണ്.

പയ്ക്കിഞ്ചിന ചിരിയിലെ ഒരു രംഗം

ഷൂട്ടിങ്ങിൽ സഹായിക്കാനും മറ്റും ധാരാളം ആദിവാസികൾ എത്തിയിരുന്നു. അഭിനയപാടവം ഉള്ള ആദിവാസി നടനെയേ നടിയേയോ ലഭിക്കുകയാണെങ്കിൽ അവരായിരിക്കും എൻ്റെ അടുത്ത പ്രോജക്റ്റിലെ മുഖ്യ കഥാപാത്രങ്ങൾ. അതിനിടയിൽ കമേഴ്സ്യലായി നിർമ്മിക്കാനായി മറ്റൊരു സ്‌ക്രിപ്റ്റ് കൂടി പൂർത്തീകരിച്ചിട്ടുണ്ട്. അതിൻ്റെ ഷൂട്ടിങ്ങ് ഈ വർഷം തന്നെ തുടങ്ങും. അടുത്ത വർഷം ‘കരിന്തണ്ടൻ’ എന്ന സിനിമ പുറത്തിറങ്ങും എന്നാണ് കരുതുന്നത്. അതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. സിനിമയിൽ വർക്ക്ചെയ്യുമ്പോൾ ആദിവാസി സമൂഹത്തിൽ നിന്ന് തിക്താനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ആദിവാസികൾ സിനിമയെ ഒരിക്കലും മോശമായി കണ്ടിട്ടില്ല. എന്നാൽ പൊതു സമൂഹത്തിൽ നിന്ന് മോശമായ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. മുഖ്യധാരാ സമൂഹം സിനിമാ മേഖലയെ മോശമായി കാണുന്നവരാണ്. അതുകൊണ്ട്തന്നെ പലപ്പോഴും പരിഹാസത്തിന് പാത്രീഭവിക്കാറുണ്ട്.”

ലീലയുടെ സിനിമാ സങ്കൽപ്പങ്ങൾ സിനിമാ ലോകത്തു തന്നെ ഒരു പുതിയ ഭാവുകത്വത്തെ അടയാളപ്പെടുത്തിയേക്കാം. ഗോത്ര സംസ്‌കൃതിയുടെ ഉർജ്ജം ഉൾക്കൊണ്ട ലീലയുടെ സിനിമകൾ നമ്മുടെ വിചാരധാരകളെ തകിടം മറിച്ചേക്കാം. വേദനകളും സംഘർഷങ്ങളും നിറഞ്ഞ അവരുടെ ലോകം ആവിഷ്‌ക്കരിക്കുമ്പോൾ നാം ഇതുവരെ അറിയുകയും കേൾക്കുകുയും ചെയ്തിട്ടില്ലാത്ത സത്യാന്വേഷണത്തിന്റേയും, സ്വത്രന്ത യുക്തിയുടേയും, ആത്മാർപ്പണത്തിൻ്റേയും ഒരു പുതിയ ‘ഗദ്ദിക’
നമ്മുടയൊക്കെ ഹൃദയത്തേയും തലച്ചോറിനേയും ഉന്മാദപ്പെടുത്തുമായിരിക്കാം.

About Author

ജൂലിയറ്റ് കെ അപ്പുക്കുട്ടൻ

കവയിത്രിയും എഴുത്തുകാരിയും ചലച്ചിത്ര പ്രവർത്തകയുമാണ് ജൂലിയറ്റ് കെ. അപ്പുക്കുട്ടൻ. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്.