A Unique Multilingual Media Platform

The AIDEM

Articles Cinema Society

ജോൺ പോൾ എന്ന സിനിമാക്കഥയെഴുത്തുകാരൻ

  • April 25, 2022
  • 1 min read
ജോൺ പോൾ എന്ന സിനിമാക്കഥയെഴുത്തുകാരൻ

അരനൂറ്റാണ്ടുകാലം നീണ്ടുനിന്ന ചലച്ചിത്രസപര്യയാണ് ജോൺ പോളിന്റേത്: അറുപതിലധികം ചിത്രങ്ങളുടെ തിരക്കഥയ്ക്കു പുറമെ നിർമ്മാതാവ്, അഭിനേതാവ്, ഡോക്യുമെന്ററി സംവിധായകൻ സിനിമാപ്രഭാഷകൻ എന്നീ നിലകളിലും അദ്ദേഹം സജീവമായിരുന്നു. സിനിമയോട് ഇത്രയധികം അഭിനിവേശം പുലർത്തുകയും ജീവിതാവസാനം വരെ നിലനിർത്തുകയും പ്രസരിപ്പിക്കയും ചെയ്ത അപൂർവ്വം ചലച്ചിത്രകാരന്മാരിലൊരാൾ.

1980കൾ മലയാളസിനിമയെ സംബന്ധിച്ചിടത്തോളം രൂപപരമായും പ്രമേയപരമായും അഭിനയ/അവതരണപരമായും വിപ്ലവകരമായ മാറ്റങ്ങളുടേയും വൈവിധ്യത്തിന്റേതുമായ ദശകമായിരുന്നു. രാമു കര്യാട്ട്-പി ഭാസ്ക്കരൻ- എ വിൻസന്റ്-കെ എസ് സേതുമാധവൻ തുടങ്ങിയവരുടെ തലമുറ സിനിമയെ ജനകീയവും ജനപ്രിയവുമായ കലയായി പടർത്തിയപ്പോൾ 1970-80കളിൽ കലാസിനിമ (സമാന്തരസിനിമ), മധ്യവർത്തിസിനിമ, മുഖ്യധാര/കച്ചവടസിനിമ തുടങ്ങിയ പല ശാഖകളായി അതു പന്തലിച്ചു. പി എൻ മേനോൻ, എം ടി വാസുദേവൻ നായർ തുടങ്ങി അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, കെ ആർ മോഹനൻ, ജോൺ അബ്രഹാം എന്നിവരോടൊപ്പം കെ ജി ജോർജ്ജ്, ഭരതൻ, പത്മരാജൻ, മോഹൻ തുടങ്ങിയവർ ഈ ശാഖകളെ വൈവിധ്യപൂർണവും സമ്പന്നവുമാക്കി. സത്യൻ, പ്രേം നസീർ, ഷീല, ശാരദ എന്നിവരിൽനിന്ന് രാഘവൻ, സുധീർ, സോമൻ, സുകുമാരൻ, ജയൻ, രതീഷ്, ജലജ, ശോഭ, ശുഭ, ശ്രീവിദ്യ, ശ്രീദേവി, സീമ, പ്രതാപ് പോത്തൻ, നെടുമുടി വേണു, അച്ചൻകുഞ്ഞ് തുടങ്ങി പിന്നീട് മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ പുതുതലമുറ അഭിനേതാക്കൾ അരങ്ങിലെത്തിയ കാലം. മലയാളസിനിമാവ്യവസായവും പ്രേക്ഷകവിപണിയും തിയ്യറ്റർ ശൃംഖലകളുമെല്ലാം ഏറ്റവും വിപുലവും സജീവവുമായ കാലം കൂടിയാണത്.

പ്രമേയത്തിന്റേയും പരിചരണത്തിന്റേയും തലങ്ങളിൽ പ്രേക്ഷകസമൂഹം വൈവിധ്യങ്ങളെ ആഘോഷിക്കുകയും പുണരുകയും ചെയ്ത ആ കാലഘട്ടത്തിലേക്കാണ് ജോൺ പോൾ എന്ന തിരക്കഥാകൃത്ത് പ്രവേശിച്ചത്. തുടക്കം മുതൽ തന്നെ ഭരതൻ, മോഹൻ തുടങ്ങിയ സംവിധായകരുമായിട്ടായിരുന്നു ജോൺ പോളിന്റെ കൂട്ടുകെട്ട് എന്നതും അദ്ദേഹത്തിലെ തിരക്കഥാകൃത്തിനെ പ്രചോദിപ്പിക്കയും പ്രകോപിപ്പിക്കയും ചെയ്ത ഘടകമായിരിക്കണം. ‘എന്നിൽ നിന്ന് വേണ്ടത് എടുക്കുവാനും വേണ്ടാത്തത് കളയുവാനും അങ്ങിനെ താൻ എഴുതിയതിന് രൂപവും മിഴിവും ജീവനും നൽകാൻ കഴിവുള്ളവരായിരുന്നു അവർ’ എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

ഭരതനും മോഹനുമായുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ടിലൂടെയുള്ള ചിത്രങ്ങളാണ് ജോൺ പോൾ എന്ന തിർക്കഥാകൃത്തിന്റെയും കഥാകാരന്റെയും മുഖമുദ്രയുള്ള രചനകൾ. ആ കൂട്ടുകെട്ട് 1980കളിലുടനീളം സജീവമായി നിലനിൽക്കുകയു ചെയ്തു എന്നത് ആ ചിത്രങ്ങളുടെ ജനപ്രീതിയുടെകൂടി തെളിവാണ്. ഭരതൻ, മോഹൻ എന്നിവരോടൊത്ത് ചെയ്ത ചിത്രങ്ങളുടെ നിര ഒരു തിരക്കഥാകൃത്ത് എന്ന നിലയ്ക്കുള്ള ജോൺ പോളിന്റെ സൃഷ്ടിസമൃദ്ധിയെയും പ്രമേയവൈവിധ്യത്തെയും സൂചിപ്പിക്കുന്നതാണ്: ചാമരം (ഭരതൻ/1980), മർമരം (ഭരതൻ/1981), വിടപറയും മുമ്പേ (മോഹൻ/1981) കഥയറിയാതെ (മോഹൻ/1981), ഓർമ്മക്കായി (ഭരതൻ/1981), പാളങ്ങൾ (ഭരതൻ/1981), ആലോലം (മോഹൻ/1982), സന്ധ്യ മയങ്ങും നേരം (ഭരതൻ/1983), രചന (മോഹൻ/1983), ഇത്തിരിപ്പൂവേ ചുവന്നപൂവേ (ഭരതൻ/1984), കാതോടു കാതോരം (ഭരതൻ/1985), ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം (ഭരതൻ /1987), നീലക്കുറിഞ്ഞി പൂത്തപ്പോൾ (ഭരതൻ/1987), ഒരു സായാഹ്നത്തിന്റെ സ്വപ്നം (ഭരതൻ/1989), മാളൂട്ടി (ഭരതൻ/1991), ചമയം (ഭരതൻ/1993).

ജോൺ പോളിന്റെ രചനാജീവിതം പല തലമുറ സംവിധായകർക്കൊപ്പം സഞ്ചരിച്ച ഒന്നായിരുന്നു:തനിക്കു തൊട്ടുമുമ്പുള്ള തലമുറയിലെ കെ എസ് സേതുമാധവൻ (അറിയാത്ത വീഥികൾ/1984) ആരോരുമറിയാതെ/1984, അവിടുത്തെപ്പോലെ ഇവിടേയും/1985), പി എൻ മേനോൻ (അസ്ത്രം/1983), പിജി വിശ്വംഭരൻ (സാഗരം ശാന്തം, ഒന്നു ചിരിക്കൂ/1983; ഒന്നാണു നമ്മൾ/1984, ഈ ലോകം ഇവിടെ കുറേ മനുഷ്യർ,ഈ ശബ്ദം ഇന്നത്തെ ശബ്ദം,ഈ തണലിൽ ഇത്തിരി നേരം/1985; ഇതിലേ ഇനിയും വരൂ/1986) എന്നിവരോടൊപ്പവും സ്വന്തം തലമുറയിലെ ഐ വി ശശിയോടൊന്നിച്ചും (ഇണ/1982; അതിരഥം/1984; വ്രതം/1987 ടി ദാമോദരനോടൊപ്പം; ഭൂമിക/1991; വെള്ളത്തൂവൽ/2009) അടുത്ത തലമുറയിലെ സത്യൻ അന്തിക്കാട് (അടുത്തടുത്ത്/1984, അധ്യായം ഒന്നുമുതൽ/1985, രേവതിക്കൊരു പാവക്കുട്ടി/1986), കമൽ (മിഴിനീർപ്പൂവുകൾ/1986, ഉണ്ണികളേ ഒരു കഥ പറയാം/1987; ഉണ്ണികൃഷ്ണന്റെ ആദ്യ ക്രിസ്തുമസ്/1988 കലൂർ ഡെനിസിനൊപ്പം, പ്രണയമീനുകളുടെ കടൽ/2019), സിബി മലയിൽ (അക്ഷരം/1995) തുടങ്ങിയവരിലേക്കും അദ്ദേഹത്തിന്റെ രചനാജീവിതം നീളുന്നു. ഇവർക്കു പുറമെ കെ മധു, വിജി തമ്പി, ജോർജ്ജ് കിത്തു തുടങ്ങിയ പലർക്കായും ജോൺ പോൾ തിരക്കഥ രചിച്ചു. ഭരത് ഗോപി സംവിധാനം ചെയ്ത ഉൽസവപിറ്റേന്ന്/1988), ബാലു മഹേന്ദ്രയുടെ യാത്ര/1985) തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.

അഞ്ചുപതിറ്റാണ്ട് കാലം നീണ്ടുനിറഞ്ഞുനിന്ന ഒരു കഥാകാരന്റെ സംഭാവനകളെ വിലയിരുത്തുക ശ്രമകരമാണ്. വിവിധ തലമുറകളിലെ സംവിധായകരുടെ ശൈലീപരവും പരിചരണപരവുമായ വ്യത്യസ്തതകൾ, 1980 മുതൽ ഇന്നുവരെയുള്ള കാലഘട്ടത്തിൽ മലയാളിസമൂഹം കടന്നുപോയ സംഭവബഹുലമായ ദശകങ്ങൾ, സിനിമാവ്യവസായത്തിലും സാങ്കേതികവിദ്യയിലും പ്രേക്ഷകശീലങ്ങളിലുമെല്ലാം വന്ന വിപ്ലവകരമായ പരിണാമങ്ങൾ – ഇവയ്ക്കിടയിലൂടെയെല്ലാം സഞ്ചരിച്ച ഒരാളായിരുന്നു ജോൺ പോൾ. ഈ മാറ്റങ്ങളെയെല്ലാം ആഴത്തിലറിയാൻ ശ്രമിച്ച ഒരു കലാകാരൻ കൂടിയായിരുന്നു അദ്ദേഹം.
തന്റെ സർഗ്ഗജീവിതത്തിലെ ആദ്യദശകത്തോടെ, അതായത് 1990കളിൽ ടെലിവിഷന്റെ വരവോടെ, അദ്ദേഹത്തിന്റെ ഏറ്റവും തീവ്രമായ സർഗ്ഗകാലം പിന്നിടുന്നുണ്ട് എങ്കിലും അദ്ദേഹത്തിന്റെ സിനിമയോടുള്ള അഭിനിവേശം എഴുത്തുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും തുടരുന്നതു കാണാം. മാറിവരുന്ന ഭാവുകത്വത്തോടും തലമുറകളോടും തന്റെ സംവേദനവും സംഭാഷണവും തുടർന്നുകൊണ്ടേയിരുന്ന ഒരാൾ കൂടിയായിരുന്നു ജോൺ പോൾ.

ഒരു തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എങ്ങിനെയായിരിക്കും ഭാവി തലമുറ അദ്ദേഹത്തെ വിലയിരുത്തുക? എം ടി വാസുദേവൻ നായർക്കു ശേഷവും പത്മരാജന്റെ തലമുറയിലും പെട്ട ജോൺ പോൾ എങ്ങിനെയാണ് അവരിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ തന്റേതായ ഒരു വ്യക്തിത്വം നിലനിർത്തിയത്? ഏറ്റവും പ്രധാനമായി ജോൺ പോൾ ഒരു സാഹിത്യകാരൻ അല്ലായിരുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ ബലം എന്നു തോന്നുന്നു. സാഹിത്യത്തിന്റെയും സാഹിത്യപരതയുടെയും ഭാരങ്ങൾ ജോൺ പോളിനുണ്ടായിരുന്നില്ല. എഴുതപ്പെട്ട ഒരു കഥയിൽനിന്ന് ദൃശ്യാഖ്യാനത്തിലേക്കുള്ള സഞ്ചാരങ്ങളും ഒരു ‘സിനിമാക്കഥ’ എഴുതലും തമ്മിൽ സാരമായ വ്യത്യാസങ്ങളുണ്ട്.
കഥാപാത്രരൂപങ്ങൾ/സവിശേഷതകൾ, സംഭാഷണങ്ങൾ, രംഗക്രിയ, സംഭവവിന്യാസം തുടങ്ങിയ എല്ലാറ്റിലും സിനിമാക്കഥയെഴുതുന്നയാളുടെ സമീപനം വ്യത്യസ്തമാണ്.
വാഗ്രൂപം പൂണ്ട ഒരു കഥയെ സിനിമയാക്കുമ്പോഴുള്ള പലതരം പരിമിതികൾ സിനിമയായിത്തന്നെ ഒരു കഥയെ ഭാവന ചെയ്യുന്നയാൾക്കില്ല. ദൃശ്യങ്ങളും രംഗങ്ങളുമായിട്ടുതന്നെയാണ് സിനിമാക്കഥക്കാരൻ തന്റെ ആഖ്യാനത്തെ ഭാവന ചെയ്യുന്നത്. ക്ലാസിക്കൽ മൂന്നംഗ അല്ലെങ്കിൽ അഞ്ചംഗങ്ങളിലൂള്ള ആഖ്യാനഘടന പിന്തുടരുമ്പോഴും സിനിമാക്കഥയുടെ ഭാവനാസഞ്ചാരങ്ങളും രചനാരീതികളും തിരശ്ശീല എന്ന അബോധത്തിന്റെ പ്രചോദനങ്ങളിൽനിന്നാണ് ഉരുവം കൊള്ളുക; എഴുത്തിലല്ല, അച്ചടിരൂപത്തിലല്ല, തിരശ്ശീലയിൽ തന്നെയാണ് അവയുടെ തനിജീവിതം, സാക്ഷാത്കാരം. സിനിമാക്കഥകാർക്ക് സംവിധായകരോടൊത്തു പ്രവർത്തിക്കുവാൻ എളുപ്പവുമാണ്. ‘സാഹിത്യകാര’ന്റെ എഴുതപ്പെട്ട വാക്കുകളോടുള്ള പ്രതിബദ്ധതയെക്കാൾ (പിടിവാശിയെക്കാൾ) അയാൾക്ക്‌ ഹരം സംവിധായകരുമായുള്ള രാസപ്രക്രിയയിലും തിരക്കഥയിൽനിന്ന് (വാക്കിൽനിന്ന്) തിരശ്ശീലയിലേക്കുള്ള (ദൃശ്യത്തിലേക്കുള്ള) സഞ്ചാരത്തിലാണ്. ഇവിടെ എഴുത്തുകാരനും ചലച്ചിത്രകാരനും സന്ധിക്കുന്നത് ദൃശ്യപ്രതലത്തിലാണ്. ഭരതനും മോഹനുമൊക്കെയായുള്ള അത്തരം കൊള്ളകൊടുക്കകളെക്കൂറിച്ച് ജോൺ പോൾ തന്നെ ദീർഘമായി പ്രതിപാദിച്ചിട്ടുമുണ്ട്.

ജോൺ പോൾ എന്ന തിരക്കഥാകൃത്തിന്റെ പ്രമേയങ്ങളുടെ മറ്റൊരു സവിശേഷത എം.ടി, പത്മരാജൻ തുടങ്ങിയ സാഹിത്യകാരന്മാരെയും പിന്നീടുവന്ന ലോഹിതദാസ് പോലുള്ള സിനിമക്കാരനെയും പോലെയല്ല അവ എന്നുള്ളതാണ്. ഏതെങ്കിലും സവിശേഷമായ ജാതി/മത/സമുദായ പരിസരത്തിനും സംസ്ക്കാരത്തിനുമകത്തുനിന്നു കൊണ്ട് ഭാവന ചെയ്തവയല്ല ഒട്ടുമിക്ക ജോൺ പോൾ കഥകളും; മറ്റൊരു രീതിയിൽ പറഞ്ഞാൽ സാമൂഹ്യസാംസ്ക്കാരികപശ്ചാത്തലങ്ങൾക്ക് കഥാപാത്രഘടനയിലും സ്വഭാവങ്ങളിലും ഉള്ള നിർണായകത്വം പരിമിതമാണ് . നേരെമറിച്ച് മുൻപറഞ്ഞ മൂന്നു പേരുടെയും ആഖ്യാനബലം എന്നത് കഥാപാത്രങ്ങളുടെ ജാതിമതസമുദായപരിസരങ്ങളേയും ഭൂപ്രകൃതിയേയും ആചാരാനുഷ്ഠാനങ്ങളേയുമൊക്കെക്കുറിച്ചുള്ള സൂക്ഷ്മജ്ഞാനവും അവയ്ക്കെല്ലാം കഥാപാത്രനിർമ്മിതിയിലുള്ള പ്രാധാന്യവുമാണ്. പ്രത്യക്ഷമായല്ലെങ്കിൽ പോലും പലരീതിയിൽ ഈ ഘടകങ്ങൾ അവരുടെ ആഖ്യാനങ്ങളിൽ പ്രവർത്തിക്കുന്നതുകാണാം. ജോൺ പോളിന്റെ കഥാപാത്രങ്ങൾക്കും ആഖ്യാനങ്ങൾക്കും അത്തരം നിശ്ചിതമായ സാംസ്ക്കാരിക/സാമുദായിക പശ്ചാത്തലങ്ങൾ നിർണായകമല്ല, ഒരു കൂട്ടിച്ചേർക്കൽ മാത്രമാണ്. ചാമരത്തിലെ വിനോദും ഇന്ദുവും, മർമ്മരത്തിലെ ഹെഡ്മാസ്റ്ററും സംഗീതാധ്യാപികയും, വിട പറയും മുമ്പേയിലെ സേവിയറും, കഥയറിയാതെയിലെ വിശ്വനാഥനും വിഷ്ണുവും ഗീതയും, ഓർമ്മയ്ക്കായിലെ സൂസന്നയും നന്ദുവും പാളങ്ങളിലെ രാമങ്കുട്ടിയും വാസുമേനോനും ഉഷയും ആലോലത്തിലെ മുകുന്ദൻ മേനോനും തമ്പുരാനും സാവിത്രിയും മറ്റും ആരും ആകാവുന്നവരാണ്; ആഖ്യാനകേന്ദ്രത്തിലുള്ള സംഘർഷങ്ങൾ ആർക്കും സംഭവിക്കാവുന്നവയുമാണ്.

എവിടെയും ജീവിച്ചിരിക്കാവുന്ന മനുഷ്യരെക്കുറിച്ചായതിനാൽത്തന്നെ ജോൺ പോളിന്റെ കഥകൾ മിക്കവാറുമെല്ലാം തന്നെ സാർവ്വലൗകികം എന്നു വിശേഷിപ്പിക്കാവുന്നയാണ്. അവയുടെ പ്രമേയങ്ങളും കഥാപാത്രപരിസരങ്ങളും സംഭവഗതികളും എല്ലാം എവിടെ വേണമെങ്കിലും ഏതു സമൂഹത്തിലും സംഭവിക്കാവുന്ന കഥകളാണ്;- അവയുടെ പരിസരം ക്യാമ്പസോ കുടുംബമോ നഗരമോ ഗ്രാമമോ ആയിരുന്നാലും സാധാരണമനുഷ്യരാണ് അവയിലെ നായികാനായകന്മാർ; പലപ്പോഴും അവർ അസാധാരണമായ അവസ്ഥകളെയും പ്രതിസന്ധികളേയുമാണ് നേരിടുന്നത് എങ്കിലും. അങ്ങിനെ നോക്കുമ്പോൾ ജോൺ പോളിന്റെ ആഖ്യാനങ്ങൾ ഒരർത്ഥത്തിൽ ‘മോറൽ ടെയിൽസ്’ (ധാർമ്മികകഥകൾ?) എന്നു വിശേഷിപ്പിക്കാവുന്ന ഗണത്തിൽ പെട്ടവയായിരുന്നു. മലയാളിയുടെ തുറുങ്കുകുടുംബജീവിതമൂല്യങ്ങളേയും സദാചാരബോധ്യങ്ങളെയും അവ അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു; പ്രണയത്തെയും കാമത്തെയും നീതിയേയും നിയമത്തെയും വ്യവസ്ഥയേയും കാമനകളേയും അവയൊക്കെത്തമ്മിലുള്ള നിരന്തരസംഘർഷങ്ങളെയും ജോൺ പോൾ ചിത്രങ്ങൾ വിസ്തരിച്ചുകൊണ്ടിരുന്നു. കാലത്തിനൊപ്പം മാറുക എന്നതിനുപകരം സാർവ്വകാലികമായ ചില മാനുഷിക അവസ്ഥകളെ, കാമനകളെ, പ്രതിസന്ധികളെ അവതരിപ്പിച്ചു കൊണ്ടെയിരിക്കുകയായിരുന്നു ജോൺ പോൾ ചിത്രങ്ങൾ. അതുകൊണ്ടുതന്നെ 2019ൽ എഴുതിയ പ്രണയമീനുകളുടെ കടലിലും ചാമരത്തിന്റെ അലയും തിരയും അടിയ്ക്കുന്നതുകാണാം

അടിസ്ഥാനപരവും സാർവ്വകാലികവുമായ മനുഷ്യപ്രശ്നങ്ങളാണ് അദ്ദേഹത്തിന്റെ കഥകൾ അവതരിപ്പിച്ചത്; അതിലെ കഥാപാത്രലോകത്തിന്റെ – ആ ‘മില്യു’വിന്റെ –
അകത്തെ ധാർമ്മികവും സദാചാരപരവും നൈതികവുമായ സംഘർഷങ്ങൾ അതിന്റെ സ്ഥലകാല അതിർത്തികൾക്കകത്തെന്നപോലെ പുറത്തും പ്രസക്തവും പ്രവർത്തനക്ഷമവുമായിരുന്നു. ക്യാമ്പസിലെ വിദ്യാർഥിയും അധ്യാപികയും തമ്മിലുള്ള പ്രണയവും (ചാമരം) സ്കൂളിലെ പ്രധാനാധ്യാപകനും വിവാഹിതയും അമ്മയുമായ ടീച്ചറുമായുള്ള ദാമ്പത്യവും (മർമ്മരം), മരണത്തെ മുന്നിൽ കണ്ടുകൊണ്ട് ജീവിതത്തെ പുണരുന്ന സെവിയറും (വിട പറയും മുമ്പേ), മധ്യവർഗ്ഗ ദാമ്പത്യത്തിന്റെ താളം തെറ്റിക്കുന്ന പ്രലോഭനങ്ങളും (കഥയറിയാതെ), സ്വതന്ത്രയായി ജീവിക്കാൻ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ ജീവിതത്തിലുണ്ടാകുന്ന പ്രണയതീവ്രതകളും ദുരന്തങ്ങളും (ഓർമ്മയ്ക്കായി),
മധ്യവയസ്ക്കരായ പുരുഷന്മാരുടെ കാമനകളും അതിന്റെ മറുവശത്തുള്ള സ്ത്രീസഹനങ്ങളും അപമാനങ്ങളും (ആലോലം), വധശിക്ഷ വിധിക്കുന്ന ന്യായാധിപൻ അനുഭവിക്കുന്ന നൈതികസംഘർഷങ്ങൾ (സന്ധ്യ മയങ്ങും നേരം), മനുഷ്യരേയും ജീവിതത്തെയും തന്റെ കലയുടെ അസംസ്കൃതവസ്തുവായി കാണൂന്ന എഴുത്തുകാരൻ എത്തിപ്പെടുന്ന ഏകാന്തവും നൈതികവുമായ ശൂന്യതയും (രചന), അനശ്വരപ്രണയവും കാത്തിരിപ്പ് (യാത്ര) – ഇവയെല്ലാം തന്നെ പ്രാഥമികമായും മനുഷ്യാവസ്ഥകളെക്കുറിച്ചുള്ള ആഖ്യാനങ്ങളും അവരെത്തിപ്പെടുന്ന വൈകാരികവും നൈതികവുമായ പ്രതിസന്ധികളെക്കുറിച്ചുള്ള ആലോചനകളുമാണ്. എവിടേയും ആർക്കും സംഭവിക്കാവുന്ന തികച്ചും മാനുഷികമായ അവസ്ഥകളേയും പ്രലോഭനങ്ങളേയും ദുരന്തങ്ങളേയും സംഘർഷങ്ങളേയും കുറിച്ചുള്ളവയാണ് മിക്കവാറും ജോൺ പോൾ ചിത്രങ്ങളെല്ലാം. ആ ലോകത്തിൽ കുട്ടികളും യുവാക്കളും മധ്യവയസ്ക്കരും മാത്രമല്ല വൃദ്ധരുമുണ്ട്: ഒരുപക്ഷെ ആദ്യമായി വാർധക്യകാലജീവിതത്തെ മുഖ്യപ്രമേയമാക്കിയ ഒരാൾ കൂടിയാണ് ജോൺ പോൾ (ഒരു സായാഹ്നത്തിന്റെ സ്വപ്നം); അദ്ദേഹം നിർമ്മിച്ച് എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരിയുടെ പ്രമേയവും വാർദ്ധക്യകാലജീവിതമാണ്. ഇവയ്ക്കു പുറമെ ജോൺ പോളിന്റെ പല ചിത്രങ്ങളിലെയും ആഖ്യാനം തിരിഞ്ഞുനോക്കിയുള്ള ജീവിതാവലോകനത്തിന്റേതാണ് (ഫ്ലാഷ് ബാക്ക്) എന്നതും ശ്രദ്ധേയമാണ്. (കഥയറിയാതെ, ഓർമ്മയ്ക്കായി, രചന, യാത്ര തുടങ്ങിയ പല ചിത്രങ്ങളും)

അടിയന്തിരാവസ്ഥയ്ക്കും ആഗോളവൽക്കരണത്തിനുമിടയ്ക്കുള്ള (അതായത് ഭരണകൂട ഭീകരതയും ആഗോളമൂലധന ആധിപത്യത്തിവുമായുള്ള മുഖാമുഖങ്ങൾക്കിടയ്ക്കുള്ള) കാലഘട്ടമായിരുന്നു ജോൺ പോളിന്റെ രചനാജീവിതത്തിലെ ഏറ്റവും തീവ്രമായ സമയം. കേരളീയസമൂഹം – പ്രത്യേകിച്ചും കുടുംബവ്യവസ്ഥയും സ്ത്രീപുരുഷബന്ധങ്ങളും – പലതലങ്ങളിലുള്ള സംഘർഷങ്ങളിലൂടെ കടന്നുപോയ ഒരു കാലഘട്ടം. ഒപ്പം രാഷ്ട്രീയരംഗത്തിലും ആഴത്തിലുള്ള ആദർശശോഷണവും വിശ്വാസനഷ്ടവും സംഭവിച്ച ആ ദശകത്തിന്റെ ഉൾപിടച്ചിലുകൾ ജോൺ പോളിന്റെ കഥകളിലുണ്ടായിരുന്നു. പ്രത്യക്ഷത്തിലുള്ള രാഷ്ട്രീയ/സാമൂഹ്യപ്രമേയങ്ങളെക്കാൾ വൈയക്തികവും മനുഷ്യബന്ധപരവും ആയ തലങ്ങളിൽ ഉള്ള പ്രതിസന്ധികളേയും സംഘർഷങ്ങളേയും കുറിച്ചായിരുന്നു ജോൺ പോളിന്റെ കഥകൾ.

കഥയ്ക്കും തിരക്കഥക്കും സംവിധായകർക്കും പ്രാമുഖ്യമുണ്ടായിരുന്ന ഒരു കാലഘട്ടത്തിന്റെ പ്രതിനിധി കൂടിയാണ് ജോൺ പോൾ. ആധുനികവും മതേതരവുമായ ഒരു സമൂഹത്തിന്റെ ആകാംക്ഷകളും സ്വപ്നങ്ങളും ഭീതികളും ആയിരുന്നു അവയുടെ ഇന്ധനവും ഊർജ്ജവും; അവയിലെ സാധാരണക്കാരായ കഥാപാത്രങ്ങൾ സ്വാതന്ത്ര്യത്തെയും പ്രണയത്തെയും കരുണയേയും ജീവിതത്തിനുമുകളിൽ പ്രതിഷ്ഠിച്ചു; പ്രായവും ധന:സ്ഥിതിയും തറവാടിത്തവും സദാചാരവിലക്കുകളും ഒന്നും അവർ പ്രശ്നമാക്കിയില്ല. മരണത്തിൽ ചെന്നൊടുങ്ങുമ്പോഴും ജീവിതത്തെയും ലോകത്തെയും കുറച്ചുകൂടി സ്നേഹത്തോടെ കാണാൻ കാണിയെ അവർ പ്രേരിപ്പിച്ചു. പിന്നീട് വന്ന താരാധിപത്യ- ആണത്തഘോഷണങ്ങളുടെ കാലം അത്തരം പ്രമേയങ്ങളെയും ഭാവനകളേയുമെല്ലാം മായ്ച്ചുകളഞ്ഞു എങ്കിലും, പാട്ടുകളിലൂടെയും ഗൃഹാതുരതയുടെ പ്രേരണയാലും ആ ചിത്രങ്ങളും അവയുടെ ധർമ്മസങ്കടങ്ങളും അവയ്ക്കൊപ്പം ജോൺ പോളും, നമ്മോടൊപ്പം ജീവിക്കുന്നു, ജീവിക്കും

About Author

സി എസ് വെങ്കിടേശ്വരൻ

സിനിമാ നിരൂപകൻ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിൽ അസോസിയേറ്റ് പ്രൊഫസർ, ഡോക്യുമെന്ററി സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ സി.എസ്. വെങ്കിടേശ്വരൻ മികച്ച സിനിമാ നിരൂപണത്തിനും, ഡോക്യൂമെന്ററിക്കും ദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. സിനിമയെക്കുറിച്ച് മലയാളത്തിലും, ഇംഗ്ലീഷിലും നിരവധി ലേഖനങ്ങളും, പുസ്തകങ്ങളും എഴുതി. ഉടലിന്റെ താരസഞ്ചാരങ്ങൾ, മലയാളിയുടെ നവമാധ്യമജീവിതം, നമ്മെയൊക്കെയും ബന്ധിച്ച സാധനം - ടെലിവിഷൻ പഠനങ്ങൾ, സിനിമാടിക്കറ്റ്, രവീന്ദ്രന്റെ തിരക്കഥകൾ (എഡി), ഇനി വെളിച്ചം മാത്രം - ഫെർണാണ്ടോ സൊളാനസിന്റെ സിനിമയും ദർശനവും, എ ഡോർ ടു അടൂർ (എഡി) എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. 2018 ൽ താരസംഘടനയായ 'അമ്മ' യുടെ സ്ത്രീവിരുദ്ധ നിലപാടുകൾക്കൊപ്പം നിന്ന മോഹൻ ലാലിനെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മുഖ്യ അതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധിച്ച് ചലച്ചിത്ര അക്കാദമിയിൽ നിന്ന് രാജി വെച്ചിരുന്നു.