A Unique Multilingual Media Platform

The AIDEM

Articles National Society

മൻ കി ബാത്തിന്റെ കാലത്തെ മാദ്ധ്യമങ്ങൾ

  • May 5, 2023
  • 1 min read
മൻ കി ബാത്തിന്റെ കാലത്തെ മാദ്ധ്യമങ്ങൾ

ആകാശവാണി ഉൾപ്പടെയുള്ള ഔദ്യോഗിക മാദ്ധ്യമങ്ങളിലൂടെ പ്രധാനമന്ത്രി നടത്തുന്ന മൻ കി ബാത്ത് എന്ന ആത്മഭാഷണ പരമ്പരയുടെ നൂറാം എപ്പിസോഡിനോടനുബന്ധിച്ച് ഇന്ത്യയിലെ സകല മാദ്ധ്യമങ്ങളും അതിനെ പുകഴ്ത്തിക്കൊണ്ട് ലേഖനങ്ങളും ഫീച്ചറുകളും പ്രസിദ്ധീകരിച്ചത് ഇക്കഴിഞ്ഞ ആഴ്ച്ചയിലാണ്. വാർത്താവിതരണ പ്രക്ഷേപണ വകുപ്പിനെ പ്രതീതിപ്പെടുത്താനുള്ള ഒരു പ്രചരണപദ്ധതിയായിരുന്നു അത്. ജനങ്ങളുടെയോ ജനപ്രതിനിധികളുടെയോ മാദ്ധ്യമങ്ങളുടെയോ ചോദ്യങ്ങളെ അഭിമുഖീകരിക്കുകയോ അവയ്ക്ക് ഉത്തരംനൽകുകയോ ചെയ്യാത്ത പ്രധാനമന്ത്രി ആൾദൈവങ്ങളുടെ ശൈലിയിൽ അശരീരിയായി ജനങ്ങൾക്കുമുന്നിൽ നടത്തുന്ന ഒരു ആത്മഭാഷണമാണത്. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരും പ്രധാനമന്ത്രിയും ജനശബ്ദത്തിന് കാതുകൊടുക്കാതിരിക്കുകയും അധികാരികളുടെ ആത്മഭാഷണം അവരിൽ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. ഏകാധിപതികളുടെ രീതി ജനാധിപത്യരാജ്യങ്ങളിലും ഹിതകരമാണോ എന്ന ചോദ്യം മൻ കി ബാത്തിനെ പുകഴ്ത്തുന്ന മാദ്ധ്യമങ്ങൾ ഉന്നയിക്കുന്നില്ല എന്നതാണ് വിചിത്രം.

‘മൻ കി ബാത്ത്’ നൂറാം എപ്പിസോഡിന്റെ പ്രൊമോഷണൽ പോസ്റ്റർ

പാർലമെന്റിലെ പ്രതിപക്ഷ ജനപ്രതിനിധികളുടെയും ബഹുജനാഭിപ്രായം രൂപീകരിക്കുന്ന മാദ്ധ്യമങ്ങളുടെയും ചോദ്യങ്ങളെയും വിമർശനങ്ങളെയും അടിച്ചമർത്തുകയും ഭരണകൂടഭാഷ്യം ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന ഇന്നത്തെ രീതി അടിയന്തരാവസ്ഥയിലേതിനേക്കാൾ അക്രമാസക്തമായിക്കഴിഞ്ഞുവെന്നതിന്റെ തെളിവുകൾ ഇനിയും ആവർത്തിക്കേണ്ടതില്ല. ഈ പ്രവണതയുടെ ഫലമാണ് രാജ്യത്ത് സ്വതന്ത്ര മാദ്ധ്യമപ്രവർത്തനം അസാദ്ധ്യമാകുന്ന ഇന്നത്തെ സാഹചര്യം. മാദ്ധ്യമസ്വാതന്ത്ര്യം ഉൾപ്പടെയുള്ള ജനാധിപത്യാവകാശങ്ങൾ ഇന്ത്യയിൽ വെല്ലുവിളിക്കപ്പെടുകയാണെന്ന വാസ്തവത്തെ ശരിവെക്കുന്നതാണ് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡർ (RSF) എന്ന രാജ്യാന്തര മാദ്ധ്യമനിരീക്ഷണ സംഘടനയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്നറിയപ്പെടുന്ന ഇന്ത്യയിലെ മാദ്ധ്യമങ്ങളുടെ അവസ്ഥ, ജനാധിപത്യം നിലവിലില്ലാത്ത അവികസിതമായ സമഗ്രാധിപത്യ-ഏകാധിപത്യ-മതാധിഷ്ഠിത രാജ്യങ്ങളിലെ മുഖ്യധാരാ മാദ്ധ്യമങ്ങളുടെ നിലയിലേക്ക് കൂപ്പുകുത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നത് ലോക മാദ്ധ്യമസ്വാതന്ത്ര്യ ദിനത്തിൽത്തന്നെയാണെന്നോർക്കുക. മാദ്ധ്യമസ്വാതന്ത്ര്യത്തിനുനേർക്കുള്ള ആക്രമണങ്ങൾ മാത്രമല്ല, മാദ്ധ്യമങ്ങളുടെ നിലവാരത്തകർച്ചകൂടി കണക്കിലെടുത്തുകൊണ്ടുള്ള വിലയിരുത്തലാണിത്. മാദ്ധ്യമസ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന ആഗോള സംഘടനയായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡർ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം കഴിഞ്ഞ വർഷത്തേക്കാൾ പതിനൊന്ന് പടി താഴെയാണ്. കഴിഞ്ഞ വർഷത്തെ നിലവാരസൂചികയിൽ നൂറ്റിയമ്പതാം സ്ഥാനത്തായിരുന്നുവെങ്കിൽ 2023ൽ അത് നൂറ്റി അറുപത്തിയൊന്നിലേക്ക് താണിരിക്കുന്നു. രാജ്യത്തുനടക്കുന്ന പൗരാവകാശ-മനുഷ്യാവകാശലംഘനങ്ങളുടെയും വർഗ്ഗീയ വിദ്വേഷ പ്രചരണത്തിന്റെയുമെല്ലാം പശ്ചാത്തലത്തിൽ വേണം, ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണംകെടുത്തുന്ന മാദ്ധ്യമങ്ങളുടെ ഇന്നത്തെ ഈ പരിതാപകരമായ നിലയെയും വിലയിരുത്തുവാൻ.

2023 വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സ്

തിരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യത്തിലേക്കാണോ രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന ചോദ്യം ഉന്നയിക്കുന്ന അപൂർവ്വം മാദ്ധ്യമങ്ങളെയും പ്രതിപക്ഷത്തെയും ദേശദ്രോഹികളായി മുദ്രകുത്തി നിശ്ശബ്ദമാക്കുന്ന പ്രവണത ജനാധിപത്യവിരുദ്ധമാണെന്ന് പറയാൻ പോലും മാദ്ധ്യമങ്ങൾക്ക് ധൈര്യമില്ലെന്നതാണ് വൈപരീത്യം. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ റിപ്പോർട്ട് പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുവാനും മുഖപ്രസംഗമെഴുതുവാനും തയ്യാറായ എത്ര മുഖ്യധാരാ മാദ്ധ്യമങ്ങളുണ്ട്? കേരളത്തിലെ പ്രചാരത്തിൽ ഒന്നാം സ്ഥാനത്തുള്ള മലയാള മനോരമ ആ വാർത്ത ആരുടെയും ശ്രദ്ധയിൽപ്പെടരുതെന്ന ജാഗ്രതയോടെ ഉൾപ്പേജിലെ നാലുവരിയിലൊതുക്കിയതുകണ്ടപ്പോൾ, അടിയന്തരാവസ്ഥക്കാലമാണ് ഓർമ്മ വന്നത്. ഭരണകൂടം കുനിയാനാവശ്യപ്പെടുമ്പോഴേക്കും മുട്ടിലിഴഞ്ഞ നാണംകെട്ട ആ കാലത്തെ വീണ്ടും ഓർമ്മയിൽക്കൊണ്ടുവരേണ്ടിയിരുന്നില്ലെന്നും തോന്നി. ആ വാർത്ത കണ്ടില്ലെന്ന് നടിക്കുന്നതായിരുന്നു മനോരമക്ക് ഭൂഷണം.

ഭരണകൂടത്തിന്റെയും ഭരണരാഷ്ട്രീയപ്പാർട്ടികളുടെയും ആക്രമണങ്ങളാണ് ഇന്ത്യയിലെ മാദ്ധ്യമങ്ങൾ നേരിടുന്ന മുഖ്യ ഭീഷണി. ഭരണകൂടാനുകൂലികളായ കോർപ്പൊറേറ്റുകളുടെ കൈകളിലേക്ക് മാദ്ധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റപ്പെടുന്നതിലൂടെ സ്വതന്ത്രമാദ്ധ്യമം എന്ന സങ്കൽപ്പംതന്നെ അപ്രത്യക്ഷമാവുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പൊലീസ്, വിവിധ രാഷ്ട്രീയപ്പാർട്ടികൾ, മതസംഘടനകൾ, ആൾദൈവങ്ങൾ- മാദ്ധ്യമസ്വാന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനും ഭീഷണി ഉയർത്തുന്ന ഘടകങ്ങൾ നിരവധിയാണ്. മാദ്ധ്യമങ്ങളോടുള്ള അസഹിഷ്ണുതയുടെ കാര്യത്തിൽ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനോട് മത്സരിക്കുന്ന ഇതര രാഷ്ട്രീയപ്പാർട്ടികളും പ്രതിപക്ഷ സർക്കാരുകളുമുണ്ടെന്നതും കാണാതിരിക്കേണ്ടതില്ല.

ഭരണഘടനയും ജനാധിപത്യവും നിലനിൽക്കുന്ന ഒരു രാജ്യത്തിലെ പൗരന്മാർക്ക് തങ്ങൾ തിരഞ്ഞെടുത്ത ഭരണാധികാരികളെ വിമർശിക്കാൻ അവകാശമില്ലെന്നും അവർ അടിമകളെപ്പോലെ യജമാനഭക്തി പ്രകടിപ്പിക്കുവാൻ ബാദ്ധ്യസ്ഥരാണെന്നുമാണ് ഭരണപക്ഷവും ഭരണകൂടവും ഭരണഘടനാസ്ഥാപനങ്ങളും പലമട്ടിൽ സ്ഥാപിക്കുവാൻ ശ്രമിക്കുന്നത്. ഇടതുപക്ഷ എംപിയും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസ് ദ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിലെഴുതിയ ഒരു ലേഖനത്തിനെതിരെ ഒരു ബി.ജെ.പി നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാജ്യസഭാ അദ്ധ്യക്ഷൻ എംപിയെ വിളിച്ചുവരുത്തി വിശദീകരണംതേടിയ സംഭവം വ്യക്തമാക്കുന്നത് പ്രാഥമികമായ ജനാധിപത്യാവകാശങ്ങൾപോലും അനുവദിക്കാനാവാത്ത ഏകാധിപത്യപ്രവണതയും അസഹിഷ്ണുതയും ജനാധിപത്യ വിരുദ്ധതയുമാണ് ഭരണപക്ഷത്തിനും ഭരണകൂടസ്ഥാപനങ്ങൾക്കുമുള്ളതെന്നാണ്. രാജ്യസഭയുടെ അധികാരപരിധിയിൽ വരാത്ത ഒരു കാര്യം ഉന്നയിച്ച് പ്രതിപക്ഷ എംപിയെ രാജ്യസഭാദ്ധ്യക്ഷൻ വിളിച്ചുവരുത്തുകയെന്നത് ഒരുപക്ഷെ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെതന്നെ ആദ്യത്തെ സംഭവമായിരിക്കും. പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ മന്ത്രിമാരെയുംകുറിച്ചുള്ള ഏത് നേരിയ വിമർശനവും രാജ്യവിരുദ്ധ പ്രവർത്തനമായി വ്യാഖ്യാനിക്കപ്പെടുന്ന രാഷ്ട്രീയാന്തരീക്ഷം ജനാധിപത്യത്തിന്റേതല്ല, സമഗ്രാധിപത്യത്തിന്റേതാണെന്ന് പറയാതെവയ്യ. പ്രഖ്യാപിതമായ ഒരു അടിയന്തരാവസ്ഥ ഇല്ലാതെ തന്നെ ജനാധിപത്യാവകാശങ്ങൾക്ക് വിലങ്ങിടുന്ന ഭരണകൂടം ഭരണഘടനയെത്തന്നെയാണ് വെല്ലുവിളിക്കുന്നത്.

ജോൺ ബ്രിട്ടാസ്

ജനാധിപത്യ ക്രമത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരികൾ അവരുടെ അജണ്ട നടപ്പാക്കുക അസ്വാഭാവികമല്ല. എന്നാൽ, ആ സാദ്ധ്യതയുടെ മറവിൽ ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുവാനും പൗരാവകാശങ്ങൾക്ക് വിലക്കേർപ്പെടുത്തുവാനും ഭരണകൂടം മുതിരുമ്പോഴാണ് അത് സമഗ്രാധിപത്യത്തിന്റെ പാതയിലാണെന്ന വിമർശനം ജനാധിപത്യവാദികളിൽ നിന്നുണ്ടാവുന്നത്. മുസ്സോളിനിയെയും ഹിറ്റ്ലറെയും പോലുള്ള ഏകാധിപതികളുടെ മാതൃകയിൽ ചോദ്യംചെയ്യാനാവാത്ത രാഷ്ട്രബിംബമായി സ്വയം അവരോധിക്കുവാൻ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി മുതിർന്നത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ്. “ഇന്ദിരയെന്നാൽ ഇന്ത്യ, ഇന്ത്യയെന്നാൽ ഇന്ദിര” എന്ന അടിയന്തരാവസ്ഥക്കാലത്തെ പരിഹാസ്യമായ മുദ്രാവാക്യമോർക്കുക. ഇപ്പോൾ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ജനപ്രതിനിധികളെന്ന നിലയിലുള്ള അവരുടെ വാക്കുകളെയും പ്രവൃത്തികളെയും സമചിത്തതയോടെ വിമർശിക്കുന്നവരെല്ലാം രാജ്യവിരുദ്ധരായി ചിത്രീകരിക്കപ്പെടുകയാണ്. പ്രധാനമന്ത്രിയാണോ രാജ്യം എന്ന സംശയംപോലും ഉയർന്നുകേൾക്കുന്നുമില്ല.

ദേശീയപ്രസ്ഥാനത്തിനും സ്വാതന്ത്ര്യസമരത്തിനും നൽകിയ മഹത്തായ നേതൃത്വത്തിലൂടെ ലോകത്തിലെതന്നെ ഏറ്റവും വലിയ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി രാജ്യത്തെ വിഭാവനംചെയ്ത ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തന്നെ ഒരു പ്രധാനമന്ത്രിയിൽത്തുടങ്ങുന്ന, അൽപ്പകാലംമാത്രം നിലനിന്ന, ഏകാധിപത്യപ്രവണതയെ പരാജയപ്പെടുത്തുവാൻ ഇന്ത്യൻ ജനാധിപത്യത്തിന് കഴിഞ്ഞുവെങ്കിലും, ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മോദി സർക്കാർ ഒരിടവേളയ്ക്കുശേഷം അത് വീണ്ടും തിരിച്ചുകൊണ്ടുവന്നിരിക്കയാണ്. വ്യക്തിതാൽപ്പര്യങ്ങൾക്കായി ജനാധിപത്യമൂല്യങ്ങളെ വെല്ലുവിളിച്ച ഇന്ദിരാഗാന്ധിയിൽനിന്ന്, മതേതര ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യവുമായി അവതരിച്ച വർഗ്ഗീയരാഷ്ട്രീയത്തിന്റെ പ്രയോക്താക്കളായ ബിജെപിയുടെ നരേന്ദ്ര മോദിയിലേക്കെത്തുമ്പോൾ ജനാധിപത്യം വീണ്ടും സമഗ്രാധിപത്യത്തിലേക്ക് നീങ്ങുകയാണോ എന്ന് ഭയപ്പെടണം. ഇന്ദിരയുടെ ഏകാധിപത്യത്തിനെതിരെ കലാപംചെയ്തവരാണ് ഇന്നത്തെ ഭരണകർത്താക്കളെന്നുമോർക്കുക. അത് ചൂണ്ടിക്കാണിക്കുക പൗരന്മാരുടെയും മാദ്ധ്യമങ്ങളുടെയും ഉത്തരവാദിത്വമാണ്.

ഇന്ത്യ തിളങ്ങേണ്ടത്, മതേതരത്വ- ജനാധിപത്യമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായി തലയുയർത്തിനിന്നുകൊണ്ടാണ്. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ രക്ഷകൻ അഞ്ചുവർഷത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏതെങ്കിലും ഒരു പ്രധാനമന്ത്രിയല്ല, ഇന്ത്യൻ ജനതയാണ്. ഒരാളുടെ മൻ കി ബാത്തല്ല, ജൻ കി ബാത്താണ് മാദ്ധ്യമങ്ങളിലൂടെ ലോകം കേൾക്കേണ്ടത്. ഇന്ത്യയിലെ മാദ്ധ്യമസ്വാതന്ത്ര്യം അപകടത്തിലാണെന്ന് ആഗോള മാദ്ധ്യമസംഘടന നൽകുന്ന മുന്നറിയിപ്പ് നമ്മുടെ ജനാധിപത്യത്തെക്കുറിച്ചുതന്നെയുള്ള അപായസൂചനയാണ്. അതാണ് ജനാധിപത്യവാദികളായ പൗരന്മാരെ ആശങ്കാകുലരാക്കുന്നത്.


സമകാലിക മാധ്യമ പ്രവണതകളെ കുറിച്ച് എഴുത്തുകാരനും മാധ്യമപ്രവർത്തകനമുായ ഒ. കെ ജോണി എഴുതുന്ന പംക്തിയാണ് ‘ഇവിടെ ഇപ്പോൾ’.
മുൻ ലക്കങ്ങൾ വായിക്കാം, ഇവിടെ ഇപ്പോൾ.

About Author

ഒ. കെ. ജോണി

ഡോക്യുമെന്ററി സംവിധായകൻ, സിനിമ നിരൂപകൻ, സഞ്ചാര സാഹിത്യകാരൻ, മാധ്യമ നിരീക്ഷകൻ.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Venu Edakkazhiyur
Venu Edakkazhiyur
1 year ago

ജോണിയുടെ ഉത്കണ്ഠ എന്റെയും ഉത്കണ്ഠ യാണ്. നിർഭാഗ്യവശാൽ ഇത്തരക്കാരുടെ എണ്ണം ദിനം പ്രതി കുറഞ്ഞു വരികയാണ്. അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ബാധ്യസ്ഥരായ മാധ്യമങ്ങൾ ഭരണകൂടത്തിന് വിടുപണി എടുക്കുന്ന അശ്ലീല കാഴ്ചയാണ് ഇന്ത്യയിലെങ്ങും കണ്ടുവരുന്നത്‌. ഒരു പുതിയ പ്രഭാതം ഉണ്ടാകുമോ?