A Unique Multilingual Media Platform

The AIDEM

Articles Culture Kerala

ഇടതുപക്ഷവും മാധ്യമങ്ങളും അന്ധവിശ്വാസങ്ങൾക്ക് പിന്നാലെ

  • February 15, 2023
  • 1 min read
ഇടതുപക്ഷവും മാധ്യമങ്ങളും അന്ധവിശ്വാസങ്ങൾക്ക് പിന്നാലെ

ജീവിത-വിദ്യാഭ്യാസ നിലവാരസൂചികയില്‍ ഇതര ഇന്ത്യന്‍ സംസ്ഥാാനങ്ങളേക്കാള്‍ കേരളം മുന്നിലാണെന്നത് നമ്മുടെ വെറുമൊരു അവകാശവാദം മാത്രമല്ല. ഏഷ്യന്‍ രാജ്യങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്ന ലോകമെമ്പാടുമുള്ള സാമൂഹികശാസ്ത്രജ്ഞരും സാമ്പത്തികവിദഗ്ദ്ധരും വസ്തുതകളുടെ അവലംബത്തില്‍ കണ്ടെത്തിയിട്ടുള്ള ഒരു നിഗമനമാണത്. എന്നാല്‍, ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ കേന്ദ്രം ഭരിക്കാനാരംഭിച്ചതുമുതല്‍ അവരുടെ മന്ത്രിമാരും നേതാക്കളും കേരളത്തെ ഇന്ത്യയിലെ ജീവിക്കാന്‍കൊള്ളാത്ത മോശം സംസ്ഥാനമായി ചിത്രീകരിക്കുവാനാണ് നിരന്തരം പരിശ്രമിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഏറ്റവുമൊടുവിലത്തെ പ്രസ്താവനയും കേരളത്തെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കുവാനും ബിജെപിയാണ് ബദലെന്ന് സ്ഥാപിക്കുവാനുമാണ്. ബി.ജെ.പി ഇതര പാര്‍ട്ടികളും മുന്നണികളും ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമീപനവും ഈ അജണ്ടക്ക് അനുസൃതമായി ശത്രുതാപരമാണെന്നതും രഹസ്യമല്ല. ബി.ജെ.പിയുടെ വെറും ഏജന്റുമാരായ ഗവര്‍ണര്‍മാരാണ് കേരളത്തിലും തമിഴുനാട്ടിലുമെന്നപോലെ മിക്ക സംസ്ഥാനങ്ങളിലുമുള്ളതെന്നുമോര്‍ക്കുക. ബി.ജെ.പിയുടെയും അവരുടെ സര്‍ക്കാരിന്റെയും ശത്രുത ഇടതുപക്ഷപ്പാര്‍ട്ടികള്‍ക്ക് മുന്‍തൂക്കമുള്ള സംസ്ഥാനങ്ങളോടാണെന്നതുംശ്രദ്ധേയമാണ്. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് അവരുടെ പ്രധാന മുദ്രാവാക്യമെങ്കിലും ഏത് ഫാസിസ്റ്റ് ഭരണകൂടങ്ങളെയുംപോലെ ബിജെപിക്കും മോദി സര്‍ക്കാരിനും കമ്യൂണിസ്റ്റ് പാര്‍ട്ടികളോടാണ് സ്വാഭാവികമായും കൂടുതല്‍ ശത്രുത. ഇടതുപക്ഷം പ്രബലശക്തിയായതുകൊണ്ടാണ് കേരളംപോലൊരു സംസ്ഥാനത്ത് തങ്ങള്‍ക്ക് വേരുറപ്പിക്കുവാന്‍ കഴിയാത്തതെന്ന വാസ്തവം അറിയാവുന്നതുകൊണ്ടാണ് ഉത്തരേന്ത്യന്‍ മാദ്ധ്യമങ്ങളുടെ പിന്തുണയോടെ സംഘപരിവാരം കേരളത്തെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നതെന്നതും എല്ലാവര്‍ക്കുമറിയാം.

ആഭ്യന്തര മന്ത്രി അമിത് ഷാ കർണാടകത്തിൽ

ബി.ജെ.പിയുടെയും സംഘപരിവാരത്തിന്റെയും ഈ വര്‍ഗ്ഗീയ രാഷ്ട്രീയ അജണ്ട തിരിച്ചറിയുമ്പോഴും കേരളം പിറകോട്ടുപോകുന്നുവെന്ന ഒരാവലാതി ഇടതുപക്ഷാനുഭാവികള്‍ക്കുപോലും ഉണ്ടെന്നതും കാണാതിരിക്കേണ്ടതില്ല. ആധുനിക-പരിഷ്‌കൃത സമൂഹമെന്ന വിശേഷണം കേരളത്തിന് നഷ്ടമാകുമോ എന്ന ഭയം പുരോഗമനചിന്താഗതിക്കാര്‍ക്കിടയില്‍ത്തന്നെയുണ്ട്. അത് പക്ഷെ, ഇടതുപക്ഷത്തിന്റെ അപചയംകൊണ്ടുമാത്രവുമല്ല. തങ്ങളോടൊപ്പം നില്‍ക്കാത്ത കേരളത്തെ അപകീര്‍ത്തിപ്പെടുത്തുവാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയരാഷ്ട്രീയത്തിന്റെ സ്വാധീനം കേരളത്തിലും പ്രവര്‍ത്തനക്ഷമമായതുകൊണ്ടുകൂടിയാണ്. താല്‍ക്കാലിക ലാഭത്തിനായുള്ള സാമര്‍ത്ഥ്യമല്ലാതെ, ഉന്നതമായ ബൗദ്ധികസത്യസന്ധതതയാണ് ഇടതുപക്ഷത്തിന് വേണ്ടതെന്ന ബോദ്ധ്യം നഷ്ടപ്പെടുമ്പോഴുള്ള ദുരവസ്ഥയാണിത്. ഇടതും വലതും തമ്മിലുള്ള വ്യത്യാസം ഇല്ലാതാവുന്നുവെന്ന ആവലാതി അരാഷ്ട്രീയവാദികള്‍ക്കുമാത്രമല്ല യഥാര്‍ത്ഥ മാര്‍ക്‌സിസ്റ്റ് അനുഭാവികള്‍ക്ക്‌പോലുമുണ്ട്. മതാധിപത്യവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതീയതയും മാത്രമല്ല, സ്ത്രീകള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെയുള്ള ആക്രമണങ്ങളും കേരളത്തില്‍ പതിവായിരിക്കുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സ്വാധീനംചെലുത്താന്‍ കഴിയുന്നില്ലെങ്കിലും സംഘപരിവാര സംഘടനകള്‍ ഉള്‍പ്പടെയുള്ള മത-വര്‍ഗ്ഗീയ സംഘടനകള്‍ സംസ്‌കാരത്തിന്റെ സമസ്തമേഖലകളിലും അവയുടെ മനുഷ്യവിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ വിത്തുകള്‍ പാകിക്കഴിഞ്ഞു. പരസ്പരമത്സരത്തിലൂടെ വളരുന്ന മതങ്ങള്‍ സംസ്‌കാരത്തെയും പുരോഗമനചിന്തയെയും മതേതരത്വത്തെയും ശാസ്ത്രബോധത്തെയും യുക്തിചിന്തയെയും സാമാന്യബുദ്ധിയെത്തന്നെയും വെല്ലുവിളിക്കുകയാണിപ്പോള്‍. മുഖ്യധാരാ മാദ്ധ്യമങ്ങളും ഈ ജീര്‍ണ്ണതകള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നതാണ് പേടിപ്പെടുത്തുന്ന സംഗതി.

കേരളത്തിന് അവമതിയുണ്ടാക്കിയ ഇത്തരം സമീപകാല സംഭവങ്ങളെല്ലാം ചൂണ്ടുന്നത് കേരളത്തിന്റെ സാംസ്‌കാരികരംഗം ദുഷിച്ചുകൊണ്ടിരിക്കുന്നുവെന്നാണ്. സ്വതന്ത്രമായ പരിഷ്‌കൃതാശയങ്ങളെയെല്ലാം നിഷ്‌കാസനംചെയ്ത് മതോന്മാദത്തിന്റെ പ്രാകൃതബോധങ്ങളെ പ്രതിഷ്ഠിക്കുവാനുള്ള ശ്രമങ്ങളാണ് ഉണ്ടാവുന്നത്.  മന്ത്രവാദത്തിന്റെ പേരിലുള്ള നരബലിപോലുള്ള ക്രൂരതകളും അത്ഭുതരോഗശാന്തി ശുശ്രൂഷകളും  സ്ത്രീകള്‍ക്കെതിരെയുള്ള കടന്നാക്രമണങ്ങളും ആദിവാസി പീഡനങ്ങളുമെല്ലാം അതിന്റെ പ്രകടമായ സൂചനകളാണ്. ദു:ര്‍മ്മന്ത്രവാദത്തിന്റെ ഭാഗമായി നടന്നതെന്ന് പൊലീസും മാദ്ധ്യമങ്ങളും പറയുന്ന, സമീപകാലത്തുണ്ടായ എലന്തൂര്‍ നരബലിയുടെ ( അഥവാ നാരീബലിയുടെ ) പിന്നിലെ യഥാര്‍ത്ഥ പ്രചോദനങ്ങളെന്തെന്നത് ഇപ്പോഴും ദുരൂഹമാണ്. എന്നാല്‍, മന്ത്രവാദവും ഇഷ്ടകാര്യ സിദ്ധിക്കായുള്ള പൂജാദികര്‍മ്മങ്ങളും വഴിപാടുകളുമെല്ലാം സ്വകാര്യമായി അനുഷ്ഠിക്കുന്നവര്‍പോലും നരബലിക്കെതിരെ ഏകസ്വരത്തില്‍ സംസാരിക്കുവാന്‍ സന്നദ്ധമായി എന്നത് ഒരുപക്ഷെ, ‘പുരോഗമനകേരള’ത്തിന്റെ സവിശേഷതയാവാം.  

മഹാരാഷ്ട്ര സർക്കാർ പത്ത് വർഷംമുമ്പ് കൊണ്ടുവന്ന അന്ധവിശ്വാസ-അനാചാര നിരോധന നിയമത്തിന്റെ മാതൃകയിൽ കേരളം അടിയന്തരമായി ഒരു നിയമം ഉണ്ടാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞവർഷം ഒക്ടോബറിൽ കേരള യുക്തിവാദ സംഘം ഹൈക്കോടതിയെ സമീപിച്ചപ്പോൾ അത്തരമൊരു നിയമനിർമ്മാണത്തിന്റെ പ്രാഥമിക നടപടികളാരംഭിച്ചിട്ടുണ്ടെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ഈ കുറിപ്പെഴുതുമ്പോഴും അതൊരു നിയമമായിട്ടില്ലെങ്കിലും നിയമംവരുന്നതുവരെ കാത്തുനിൽക്കേണ്ടെന്നു കരുതിയാവണം, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സർക്കാർ ഏജൻസികളും ലൈബ്രറി കൗൺസിൽപോലുള്ള ഏതാനും ബഹുജന സംഘടനകളും സർക്കാർതന്നെയും ബോധവൽക്കരണജാഥകളുമായി തെരുവിലിറങ്ങുകയും ചെയ്തു. സാംസ്‌കാരിക പരിപാടികളിലെ പതിവിനങ്ങളായ കവിയരങ്ങിനും മാദ്ധ്യമസെമിനാറിനും പുറമെ അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെയുള്ള ഉദ്‌ബോധനങ്ങളും സാധാരണമായിരിക്കുന്നു. പുരോഗമനകേരളത്തിന്റെ ഈ ജാഗ്രത, ശാസ്ത്രാവബോധത്തിലൂന്നിയ സാമൂഹികബോധം വളർത്തണമെന്ന ഭരണഘടനാസങ്കൽപ്പത്തെ  സ്വാംശീകരിച്ചാദരിക്കുന്ന ഏത് മലയാളിയെയാണ് കോൾമയിർക്കൊള്ളിക്കാത്തത്? അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പരിഷ്‌കൃതസമൂഹത്തിന് ആപത്താണെന്ന് പറയുന്ന സർക്കാരുകളും മാദ്ധ്യമങ്ങളുംതന്നെയാണ് അവയെ പ്രോത്സാഹിപ്പിക്കുന്നതെന്നതാണ് വിചിത്രം.

ഭക്തർ ശബരിമലയിൽ

പുരോഗമനവാദികള്‍ക്ക് രോമാഞ്ചജനകമായേക്കാവുന്ന അന്ധവിശ്വാസവിരുദ്ധ പ്രഘോഷണങ്ങള്‍ അരങ്ങേറുന്നതിനിടയിലാണ് ഭക്തരെ കോള്‍മയിര്‍ക്കൊള്ളിച്ചുകൊണ്ട് ഈ വര്‍ഷത്തെ മകരജ്യോതി ‘തെളിഞ്ഞത്’. അന്ധവിശ്വാസത്തിനെതിരെ മുഖപ്രസംഗങ്ങളിലൂടെ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്ന പ്രമുഖ പത്രങ്ങളിലെല്ലാം ഒന്നാം പേജില്‍ത്തന്നെ മകരജ്യോതികണ്ട് സായൂജ്യമടഞ്ഞ അയ്യപ്പഭക്തരുടെ ഭക്തിപ്രഹര്‍ഷത്തെക്കുറിച്ചുള്ള വികാരനിര്‍ഭരമായ വിവരണങ്ങളും പതിവുപോലെയുണ്ടായിരുന്നു. മലയാള മാദ്ധ്യമങ്ങളിലെല്ലാം പ്രാമുഖ്യത്തോടെ പ്രത്യക്ഷപ്പെട്ട മകരജ്യോതിയെസ്സംബന്ധിച്ച തത്സമയ റിപ്പോര്‍ട്ടുകള്‍ വായിക്കാനിടയായപ്പോള്‍ ദൈവങ്ങളിലും, ദൈവങ്ങളേക്കാള്‍ പേടിക്കേണ്ട ഭൂതപ്രേതപിശാചുക്കളിലും അശേഷം വിശ്വാസമോ താല്‍പ്പര്യമോ ഇല്ലാത്ത ഇതെഴുതുന്നയാള്‍പോലും കോള്‍മയിര്‍ക്കൊണ്ടുവെന്നു പറയാന്‍ എന്തിനു നാണിക്കണം… ഭക്തികൊണ്ടാണോ, റിപ്പോര്‍ട്ടുകളിലെ സാഹിത്യഗരിമയും കാവ്യഭംഗിയുംകൊണ്ടാണോ അത് സംഭവിച്ചതെന്നുമാത്രം കണിശമായി പറയാനാവില്ല.

മലയാള മനോരമ ഓണ്‍ലൈനിലെ വാര്‍ത്ത തുടങ്ങുന്നതിങ്ങനെ: ‘കാത്തുകാത്തിരുന്ന പുണ്യനിമിഷം. പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകരജ്യോതി തൊഴുത് ഭക്തലക്ഷങ്ങള്‍ക്ക് ജന്മസാഫല്യം. ശ്രീകോവിലില്‍ തിരുവാഭരണവിഭൂഷിതനായ ശബരീശന് ദീപാരാധന നടന്നശേഷം സന്ധ്യക്ക് 6.46-നാണ് കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതി ആദ്യം തെളിഞ്ഞത്. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ രണ്ടുതവണകൂടി മകരജ്യോതി മിന്നിത്തെളിഞ്ഞതോടെ പൂങ്കാവനം ഭക്തിപാരവശ്യത്തിലേറി.’

മനോരമയുടെ ഭക്തിപാരവശ്യത്തില്‍നിന്ന് തെല്ലെങ്കിലും മുക്തനാവാമല്ലോ എന്നുകരുതി ദേശാഭിമാനിയുടെ ഓണ്‍ലൈനിലേക്ക് നീങ്ങിയപ്പോള്‍ ‘ജന്മസാഫല്യം’ ഇരട്ടിച്ചതേയുള്ളൂ. ഭക്തിപരവശനായ ലേഖകന്‍ എഴുതി:  ‘പുല്ലുമേട്ടില്‍ മകരജ്യോതി ദര്‍ശനത്താല്‍ സായൂജ്യമടഞ്ഞ് ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ മലയിറങ്ങി. ദിവസംമുഴുവന്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ശനി വൈകീട്ട് 6.46-ഓടെയാണ് മകരജ്യോതി തെളിഞ്ഞത്.’

കൃത്യം 6.46-ന് ഒരു ദിവ്യാത്ഭുതമെന്നപോലെ താനേ തെളിഞ്ഞതായി മനോരമയും ദേശാഭിമാനിയും വിവരിക്കുന്ന മകരജ്യോതിയുടെ രഹസ്യമറിയാന്‍ കേരള സര്‍ക്കാര്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലിനെയാണ് ഞാന്‍ ശരണംപ്രാപിച്ചത്. അപ്പോഴാണ് ആ ദിവ്യാത്ഭുതത്തിന്റെ ഉറവിടം പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ പത്രക്കുറിപ്പാണെന്നറിയുന്നത്. ദേശാഭിമാനി ലേഖകന്റേതായി തെറ്റിദ്ധരിച്ച റിപ്പോര്‍ട്ടിലെ ഭക്തിപാരവശ്യം വാസ്തവത്തില്‍ പി.ആര്‍.ഡി ഉദ്യോഗസ്ഥന്റേതായിരുന്നു. സര്‍ക്കാര്‍ പത്രക്കുറിപ്പ്  വള്ളിപുള്ളി വിടാതെ ദേശാഭിമാനി ആവര്‍ത്തിക്കുകയേ ചെയ്തിട്ടുള്ളൂ. സര്‍ക്കാര്‍ പത്രക്കുറിപ്പ് അതേപടി പ്രസിദ്ധീകരിച്ചുകൊണ്ടും ഒരാള്‍ക്ക് സായൂജ്യമനുഭവിക്കാവുന്നതേയുള്ളു എന്ന് സമ്മതിക്കാതെയുംവയ്യ. ദേശാഭിമാനി ഓണ്‍ലൈന്‍ എഡിറ്റര്‍ക്ക് ആ സൗഭാഗ്യമാണ് ലഭിച്ചതെന്നുവേണം കരുതാന്‍.

‘മകരജ്യോതി: ദര്‍ശനസാഫല്യംതേടി ആയിരങ്ങള്‍’ എന്ന ശീര്‍ഷകത്തിലുള്ള പി.ആര്‍.ഡിയുടെ ആ പത്രക്കുറിപ്പ് ശബരിമലയിലേക്ക് ആളെക്കൂട്ടാനും അയ്യപ്പഭക്തി വ്യാപിക്കുവാനും അതുവഴി നിഷ്‌കളങ്കരായ ഭക്തജനങ്ങളുടെ വഴിപാടുപണംകൊണ്ട് സ്വന്തം ഖജനാവ് നിറയ്ക്കാനും ആഗ്രഹിക്കുന്ന ദേവസ്വം ബോര്‍ഡിന്റേതല്ല, ഇടതുപക്ഷമുന്നണി നേതൃത്വംനല്‍കുന്ന കേരളസര്‍ക്കാരിന്റെതന്നെ പി.ആര്‍.ഡിയുടേതാണെന്ന വസ്തുത ആരെയാണ് കോള്‍മയിര്‍ക്കൊള്ളിക്കാത്തത്?  വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എതിരാണ് ഇടതുപക്ഷസര്‍ക്കാരെന്ന ശത്രുക്കളുടെ പ്രചരണത്തിന് കനത്ത തിരിച്ചടിനല്‍കാന്‍കൂടി പര്യാപ്തമായ ആ റിപ്പോര്‍ട്ടെഴുതിയ പി.ആര്‍.ഡിയിലെ എഴുത്തുകാരനെ മികച്ച സോദ്ദേശ്യസാഹിത്യകാരനായി പു.ക.സ പോലും പരിഗണിക്കാത്തത് കഷ്ടമാണ്. മീഡിയ അക്കാദമി ചെയര്‍മാന്‍ പദവിപോലും അതെഴുതിയ ആള്‍ക്ക് വളരെച്ചെറിയ ബഹുമതിയായിരിക്കും. ഏത് സര്‍ക്കാരിനും, വിശേഷിച്ച് ഇടതുപക്ഷ-പുരോഗമനസര്‍ക്കാരുകള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ് ഇത്തരം പബ്ലിക് റിലേഷന്‍സ് ഉദ്യോഗസ്ഥര്‍. ഭരണകര്‍ത്താക്കളും അവരുടെ ബ്യൂറോക്രാറ്റുകളും പൊടുന്നനെ ഭാവനാശാലികളായ വിശ്വാസ സംരക്ഷകരായിപ്പരിണമിച്ച ഇതുപോലൊരു കാലം വേറെയുണ്ടായിട്ടില്ലന്നു തന്നെ പറയാം.

കോവിഡിനുശേഷം ഇതാദ്യമായാണ് പുല്ലുമേട്ടിൽ ഭക്തർക്ക് വലിയ സുരക്ഷാസന്നാഹങ്ങളോടെ ദർശനമൊരുക്കിയതെന്ന് പറയുന്ന ആ വാർത്തയിൽ ജില്ലാ കലക്ടർ, റേഞ്ച് ഡി.ഐ.ജി, ജില്ലാ പൊലീസ് സൂപ്രണ്ട്, സബ് കലക്ടർ, ഡെപ്യൂട്ടി കലക്ടർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ, ഡി.വൈ.എസ്.പി, തഹസിൽദാർ എന്നിവർക്കുപുറമെ 1400 പൊലീസ് ഉദ്യോഗസ്ഥരും 155 ഫോറസ്റ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നുവെന്ന് പ്രത്യേകം എടുത്തുപറയുന്നുമുണ്ട്. കേരള സർക്കാരിന്റെ ഇത്രയും ഔദ്യോഗിക പ്രതിനിധികൾ സാക്ഷിയായ ഒരു ദിവ്യാത്ഭുതത്തെക്കുറിച്ച് സർക്കാരിന്റെ പ്രചരണവിഭാഗം നൽകുന്ന വാർത്തയെ നാം അവിശ്വസിക്കേണ്ടതുണ്ടോ? എന്നിട്ടും വിശ്വാസമാകാത്തതുകൊണ്ടാണ് അന്നേ ദിവസത്തെ ദേശാഭിമാനി ദിനപത്രംകൂടി നോക്കാമെന്നു കരുതിയത്. സർക്കാരുദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ അരങ്ങേറിയതായി സർക്കാർ പത്രക്കുറിപ്പ് പറയുന്ന ദിവ്യാത്ഭുതം ദേശാഭിമാനി പത്രത്തിൽ പക്ഷെ, ഇങ്ങിനെയാണ്:

‘പൊന്നമ്പലമേട്ടിൽ തെളിച്ച മകരവിളക്ക് കൺനിറയെക്കണ്ട് തീർത്ഥാടകർ മലയിറങ്ങി. ദിവസങ്ങളോളം സന്നിധാനത്തും കാനനപാതകളിലും കാത്തുനിന്ന ലക്ഷോപലക്ഷം തീർത്ഥാടകർക്ക് മകരവിളക്ക് സ്വപ്‌നസാഫല്യമായി.’

മനോരമയുടെയും ദേശാഭിമാനിയുടെയും ഓണ്‍ലൈനില്‍ താനേ തെളിഞ്ഞ മകരജ്യോതി ദേശാഭിമാനി പത്രത്തില്‍ (ആരോ) തെളിച്ച മകരവിളക്കായി എന്നത് വലിയൊരു വ്യത്യാസംതന്നെയാണ്. ഭക്തര്‍ക്ക് സ്വപ്‌നസാഫല്യമായ മകരവിളക്ക് തെളിച്ചതാരെന്ന് വെളിപ്പെടുത്താതിരുന്നത് ദേശാഭിമാനിയുടെ വിനയംകൊണ്ടാണോ സര്‍ക്കാരിന്റെ വിനയംകൊണ്ടണോ എന്ന് വ്യക്തമല്ല. തെളിച്ചതാരാണെങ്കിലും ഭക്തര്‍ക്ക് അത് സ്വപ്‌നസാഫല്യമായി എന്നതില്‍ ദേശാഭിമാനിക്കും പി ആര്‍ഡിക്കും മനോരമക്കും മാത്രമല്ല, മുഴുവന്‍ മലായാള മാദ്ധ്യമങ്ങള്‍ക്കും തീര്‍ച്ചയുണ്ടെന്നതാണ് ശ്രദ്ധേയമായ സംഗതി. ആരാണത് തെളിച്ചതെന്ന രഹസ്യം വെളിപ്പെടുത്താത്തതിനാല്‍, ഏതെങ്കിലും ദിവ്യശക്തിയാണോ അതിനുപിന്നിലെന്ന സംശയം നിലനിര്‍ത്തി ഭക്തരെ ഭക്തിമാര്‍ഗ്ഗത്തില്‍ ഉറപ്പിച്ചുനിര്‍ത്തുവാനുള്ള ഈ ആത്മാര്‍ത്ഥശ്രമത്തെ എത്ര പ്രശംസിച്ചാലാണ് മതിയാവുക! ശ്രദ്ധയത്രയും മകരജ്യോതിയിലായതിനാല്‍ പി.ആര്‍.ഡി ലേഖകനും മനോരമ ഓണ്‍ലൈന്‍ ലേഖകനും കാണാന്‍ കഴിയാതിരുന്ന ചില ദിവ്യാടയാളങ്ങള്‍ മനോരമ ന്യൂസ് ടിവിയുടെ റിപ്പോര്‍ട്ടര്‍ക്ക് ഭാഗ്യവശാല്‍ ദൃശ്യമായി. കാമറകൊണ്ട് മാത്രമല്ല, വാങ്മയചിത്രങ്ങള്‍കൊണ്ടും കവിതയെഴുതാമെന്ന് തെളിയിച്ച ടെലിവിഷന്‍ ജേണലിസ്റ്റിന്റെ ഉദ്ധരിക്കാൻ അത്യന്തം യോഗ്യമായ വിവരണം ഒഴിവാക്കാനാവുകയില്ല. അതില്‍പ്പറയുന്നു:

‘സന്നിധാനത്ത് തിരുവാഭരണംചാര്‍ത്തി ദീപാരാധന നടന്നപ്പോഴാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. എണ്ണമറ്റ തൊഴുകൈകള്‍ ഹരിഹരനുള്ള നിറമാലയായി. അയ്യപ്പന്റെ വിഭൂഷകളുടെ വരവറിയിച്ച് കൃഷ്ണപ്പരുന്ത് കാനനശ്രീലകത്തിന്റെ ആകാശത്ത് മൂന്നുവട്ടം വലംവെച്ചു.’

ഈ റിപ്പോര്‍ട്ടിലൂടെ, മൂന്നുവട്ടം ആകാശംവലംവെച്ച കൃഷ്ണപ്പരുന്തിനെ മാത്രമല്ല, പൈങ്കിളി സാഹിത്യമെഴുത്തില്‍ പ്രവീണരായ മലയാളം പ്രിന്റ് ജേണലിസ്റ്റുകളേക്കാള്‍ കേമമായി ആ സാഹിത്യശാഖയില്‍ വിരാജിക്കുന്ന ഭാവനാസമ്പന്നരായ ടെലിവിഷന്‍ ജേണലിസ്റ്റുകളെക്കൂടി കാണാനായി എന്നതും ജന്മസാഫല്യമല്ലെങ്കില്‍ പിന്നെന്താണ്?

എന്നാല്‍, ഇത് തമാശയല്ല. വിശ്വാസങ്ങളെന്ന മട്ടില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെയും ആചാരങ്ങളെന്നപേരില്‍ തുടരുന്ന അനാചാരങ്ങളെയും നമ്മുടെ മാദ്ധ്യമങ്ങളും ജനാധിപത്യ സര്‍ക്കാരും സംരക്ഷിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നതിന്റെ ലളിതമായൊരുദാഹരണം മാത്രമാണിത്. മഹാഭൂരിപക്ഷം മനുഷ്യരുടെയും പരമ്പരാഗത വിശ്വാസങ്ങളെയും അതിനാസ്പദമായ നിഷ്‌കളങ്കമെന്നുവിളിക്കാവുന്ന ഭയങ്ങളെയും ആശങ്കകളെയും മുതലെടുക്കുന്ന മതപുനരുദ്ധാരണവാദികളുടെയും രാഷ്ട്രീയലാക്കുമാത്രമുള്ള വര്‍ഗ്ഗീയസംഘങ്ങളുടെയും സങ്കുചിതതാല്‍പ്പര്യങ്ങളെ പ്രീണിപ്പിച്ചുകൊണ്ട് ജനപ്രീതിനേടാനാവുമോ എന്ന പരീക്ഷണത്തിന്റെ ഭാഗമാണ് മാദ്ധ്യമങ്ങളുടെയും ഭരണകൂടത്തിന്റെയും ഈ ദിവ്യാത്ഭുതപ്രവൃത്തികളും.

പതിനെട്ടാം പടി

മകരജ്യോതിയെന്നറിയപ്പെടുന്ന ദിവ്യാത്ഭുതം ഭക്തന്മാരെ കബളിപ്പിക്കുവാനുള്ള വെറും തട്ടിപ്പാണെന്ന യുക്തിവാദികളുടെ ആരോപണം ശരിയാണെന്ന് കോടതിയില്‍പ്പോലും കേരള സര്‍ക്കാര്‍ തുറന്ന് സമ്മതിച്ചതാണ്. വനംവകുപ്പിന്റെയും വിദ്യുച്ഛക്തി വകുപ്പിന്റെയും സഹായത്തോടെയാണ് ആ വിളക്ക് കത്തിക്കുന്നതെന്നത് കേരളത്തിലെല്ലാവര്‍ക്കുമറിയാം. അതറിയാത്ത പാവപ്പെട്ട ഇതരസംസ്ഥാനഭക്തന്മാരെയാണ് സര്‍ക്കാര്‍ കബളിപ്പിക്കുന്നത്. ദേവസ്വംബോര്‍ഡിന്റെ കോടിക്കണക്കായ വാര്‍ഷികവരുമാനത്തില്‍നിന്ന് ഒരു ചില്ലിക്കാശുപോലും സര്‍ക്കാരെടുക്കുന്നില്ലെന്നും അത് പൂര്‍ണ്ണമായും ദേവസ്വം ബോര്‍ഡിന്റെ അധീനതയിലാണെന്നുമാണ് സര്‍ക്കാര്‍ വാദം. അത് നേരാണുതാനും. ദേവസ്വംബോര്‍ഡിന് വരുമാനമുണ്ടാക്കിക്കൊടുക്കുവാനാണോ ഭരണഘടനയോട് ഉത്തരവാദിത്വം പുലര്‍ത്തേണ്ട ഒരു സംസ്ഥാന സര്‍ക്കാര്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത്?

ആത്മവഞ്ചനയേക്കാൾ, ഇതൊരു കൊടിയ ജനവഞ്ചനയാണ്. ജനങ്ങളെ വിഡ്ഡികളാക്കുന്ന തങ്ങളുടെ ഈ കച്ചവടസാമർത്ഥ്യത്തെ വലിയ ജനസേവനമായും മതേതരമൂല്യങ്ങളുടെ പ്രകീർത്തനമായും അവതരിപ്പിച്ച് അഭിമാനിക്കുന്ന ലജ്ജാശൂന്യതയാണ് മാദ്ധ്യമങ്ങളുടെയും സർക്കാരുകളുടെയും സ്ഥായീഭാവം. മതപ്രീണനത്തിന്റെ പേരിൽ രാഷ്ട്രീയപ്പാർട്ടികളെ വിമർശിക്കുന്ന മാദ്ധ്യമങ്ങളാണ് കേരളത്തിൽ മതപ്രീണനത്തിലൂടെ ജനപ്രീതിനേടാൻ മത്സരിക്കുന്നത്. ശബരിമലക്കാര്യത്തിൽ മാത്രമല്ല, നാട്ടിൻപുറത്തെ ചെറിയ പൊങ്കാലകളെക്കുറിച്ചും പള്ളിപ്പെരുന്നാളുകളെക്കുറിച്ചുമെല്ലാമുള്ള റിപ്പോർട്ടുകളിലൂടെയും അവരിതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പാർട്ടികളും മാദ്ധ്യമങ്ങളും അവരുടെ 

കച്ചവട-രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി നടത്തുന്ന മതപ്രീണനവും അതിന്റെ ഭാഗമായുള്ള അന്ധവിശ്വാസപ്രചരണവും ഭരണഘടനയോട് കൂറ് പുലർത്താൻ ഉത്തരവാദപ്പെട്ട ഒരു സർക്കാരിന് നടത്താൻ ആവുമോ? ശബരിമലയിലെ മകരജ്യോതിയെസ്സംബന്ധിച്ച പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പത്രക്കുറിപ്പ് ശാസ്ത്രബോധം ഉയർത്തിപ്പിടിക്കുകയെന്ന ഭരണഘടനാതത്വത്തിന്റെ നഗ്നമായ ലംഘനമാണ്. എന്തുകൊണ്ട് സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ അത് കണ്ടില്ലെന്ന് നടിക്കുന്നു?


സമകാലിക മാധ്യമ പ്രവണതകളെ കുറിച്ച് എഴുത്തുകാരനും മാധ്യമപ്രവർത്തകനമുായ ഒ.കെ ജോണി എഴുതുന്ന പംക്തി ‘ഇവിടെ ഇപ്പോൾ’ ദി ഐഡം പ്രസിദ്ധീകരിക്കുന്നു. മുൻ ലക്കങ്ങൾ വായിക്കാം, ഇവിടെ ഇപ്പോൾ

About Author

ഒ. കെ. ജോണി

ഡോക്യുമെന്ററി സംവിധായകൻ, സിനിമ നിരൂപകൻ, സഞ്ചാര സാഹിത്യകാരൻ, മാധ്യമ നിരീക്ഷകൻ.

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Mitra
Mitra
1 year ago

Very well analysed 👍

Venu Edakkazhiyur
Venu Edakkazhiyur
1 year ago

എന്നെ തല്ലേണ്ട അമ്മാവാ, ഞാൻ നന്നാവില്ല എന്നതാണ് മലയാളത്തിലെ വലതുപക്ഷ-തീവ്ര വലതുപക്ഷ മാദ്ധ്യമങ്ങളുടെ മുദ്രാവാക്യം. എന്നിരുന്നാലും നാം നിശ്ശബ്ദരായിരുന്നുകൂടാ. ജോണി തുടരുക, അഭിവാദ്യങ്ങൾ….