വെറുതെ ഒരു ചലച്ചിത്രോത്സവം
കേരളത്തിൽ , ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രധാനപ്പെട്ട രണ്ട് ചലച്ചിത്ര മേളകളാണ് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയും ( IFFK) കേരള അന്താരാഷ്ട്ര ഡോക്യുമെൻററി ഹ്രസ്വചിത്ര ചലച്ചിത്രമേളയും (IDSFFK). രണ്ടും ഒരേ രീതിയിലും ഒരേ പ്രാധാന്യത്തോടു കൂടിയും നടത്തേണ്ട രണ്ട് ചലച്ചിത്രമേളകൾ. എന്നാൽ IFFK, ജനപങ്കാളിത്തം കൊണ്ടും സിനിമകളുടെ എണ്ണം കൊണ്ടും സിനിമേതരമായ കാരണങ്ങളെ കൊണ്ടും ഒക്കെ ചർച്ചകളിലും മാധ്യമവാർത്തകളിലും ഒക്കെ നിറയുമ്പോഴും, അക്കാദമി തന്നെ സംഘടിപ്പിക്കുന്ന ഡോക്യുമെൻററി ഹ്രസ്വചിത്ര ചലച്ചിത്ര മേള സംഘാടനത്തിലെ അലംഭാവം കൊണ്ടും കാണികളുടെ പങ്കാളിത്തം കൊണ്ടും തെരഞ്ഞെടുക്കപ്പെടുന്ന സിനിമകളുടെ നിലവാരക്കുറവു കൊണ്ടും ഓരോ വർഷവും ശുഷ്കിച്ചു പോകുന്ന കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്. ആഗസ്ത് 26 മുതൽ 31 വരെ, ആറു ദിവസങ്ങളിലായി, തിരുവനന്തപുരത്ത് കൈരളി, ശ്രീ, നിള എന്നീ മൂന്നു തീയറ്ററുകളിൽ ആയാണ് ഈ വർഷത്തെ മേള നടക്കുന്നത്. ആറു ദിവസത്തോളം, മൂന്ന് തീയേറ്ററുകളിൽ ആയി നടക്കുന്ന ഒരു ഫെസ്റ്റിവൽ ആയിട്ടു കൂടി, വേണ്ടത്ര രീതിയിൽ കാണികളെ എത്തിക്കാനുള്ള പ്രചാരണം ചലച്ചിത്ര അക്കാദമിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്നത് കൊണ്ട്, ഇങ്ങനെ ഒരു ഫെസ്റ്റിവൽ ഈ ദിവസങ്ങളിൽ നടക്കുന്നു എന്നറിയുന്ന സിനിമ പ്രേക്ഷകരുടെ എണ്ണം പോലും വളരെ പരിമിതമാണ്.
ഏതൊരു ചലച്ചിത്രമേളയുടെയും വിജയം, ആ മേളക്ക് സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞ സംവിധായകരുടെയും ആ മേളയിലൂടെ ആദ്യമായി അവതരിപ്പിക്കാൻ കഴിഞ്ഞ സിനിമകളുടെയും എണ്ണമാണ്. ആ നിലക്ക് നോക്കിയാൽ, കേരളത്തിൻ്റെ ഫിക്ഷൻ – സമാന്തര സിനിമകളെ കഴിഞ്ഞ കുറെ വർഷങ്ങളായി ചലനാത്മകമാക്കി മുന്നോട്ടു കൊണ്ടു പോയതിലും പുതുതലമുറയിൽ പെട്ട, അന്താരാഷ്ട്രതലത്തിൽ മലയാളത്തിൽ നിന്ന് അറിയപ്പെട്ട സിനിമകളെയും സംവിധായകരെയും സംഭാവന ചെയ്തതിൽ IFFK ക്ക് വലിയ പങ്കുണ്ട് എന്ന് കാണാനാകും. അതിനപ്പുറം, കൊമേഴ്‌സ്യൽ / തീയേറ്റർ റിലീസ് സിനിമകൾക്കപ്പുറത്തുള്ള സമാന്തര ഫിക്ഷൻ സിനിമകൾക്ക് കേരളത്തിൽ ഒരു പ്രേക്ഷക സമൂഹത്തെ സൃഷ്ടിച്ചെടുത്തതിലും, മറ്റു കുറെ ന്യൂനതകൾ നിലനിൽക്കുമ്പോഴും, IFFK ക്ക് പ്രാധാന്യമുണ്ട്.
എന്നാൽ, പതിനാലാം വർഷത്തേക്ക് കടക്കുമ്പോൾ പോലും IDSFFK ക്ക് അങ്ങനെയൊരു നേട്ടമോ മെച്ചമോ അവകാശപ്പെടാൻ കഴിയുന്നില്ല എന്ന് മാത്രമല്ല, IDSFFK യിൽ ഒഫീഷ്യൽ സെലക്ഷൻ ലഭിച്ച സിനിമകളെ, അക്കാദമി തന്നെ സംഘടിപ്പിക്കുന്ന പ്രാദേശിക ഫിലിം ഫസ്റ്റിവലുകളിൽ പോലും പിന്നീട് ഉൾപ്പെടുത്തി കാണാറില്ല. സിനിമകളെന്നാൽ ഫിക്ഷൻ സിനിമകൾ മാത്രമാണ് എന്ന പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്ന ഈ നിലപാട്, അക്കാദമി തന്നെ കൊണ്ട് നടക്കുന്നു എന്നത് കൊണ്ട്, കേരളത്തിൽ ഡോക്യുമെൻററി സിനിമകൾ കാണാൻ താത്പര്യമുള്ള ഒരു പ്രേക്ഷക സമൂഹത്തെ സൃഷ്ടിച്ചെടുക്കാനും സിനിമകളെ ചർച്ചയാക്കാനും ഈ മേള കൊണ്ട് ചലച്ചിത്ര അക്കാദമിക്ക് സാധിച്ചിട്ടില്ല. IFFK യിൽ തെരഞ്ഞെടുക്കപ്പെട്ട ഫിക്ഷൻ സിനിമകൾക്ക്, അവ തീയേറ്ററുകളിലും ഒടിടിയിലും റിലീസ് ചെയ്ത് വേണ്ടത്ര പ്രേക്ഷകരിലേക്ക് എത്തിയ സിനിമകൾ ആയാൽ പോലും, IFFK യിൽ തെരഞ്ഞെടുക്കപ്പെട്ടു എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം, കേരളത്തിലെ ഫിലിം സൊസൈറ്റി സ്ക്രീനിങ്ങുകളും അക്കാദമി നേരിട്ട് നടത്തുന്ന ചലച്ചിത്രോത്സവങ്ങളും അടക്കം നൂറു കണക്കിന് പ്രദർശന വേദികൾ വർഷങ്ങളോളം ലഭിക്കുമ്പോൾ, IDSFFK യിൽ തെരഞ്ഞെടുക്കപ്പെടുകയും അവാർഡ് നേടുകയും ചെയ്ത മികച്ച സിനിമകൾ പോലും പിന്നീടുള്ള പ്രദർശന സാധ്യതകൾ കെട്ടൊടുങ്ങി, ആർക്കേവുകൾ പോലും നഷ്ടപ്പെട്ട് എങ്ങുമെത്താതെ പോവുകയാണ് ചെയ്യുന്നത്. അപൂർവമായി ചില സിനിമകളെങ്കിലും നിലനിന്നിട്ടുണ്ടെങ്കിൽ, അത് ആ സിനിമയെടുത്ത ആളുടെ നിതാന്തമായ പരിശ്രമം കൊണ്ട് മാത്രമാണ്, അല്ലാതെ ഏതെങ്കിലും സിസ്റ്റം സപ്പോർട്ടു കൊണ്ടല്ല. കഴിഞ്ഞ പതിമൂന്നു വർഷവും ഇങ്ങനെയൊരു ഫസ്റ്റിവൽ കേരളത്തിൽ നടത്തിയിട്ടും, മലയാളത്തിൽ നിന്നും ശ്രദ്ധേയമായ എത്ര ഡോക്യുമെൻററി സിനിമകളെയും സംവിധായകരെയും സംഭാവന ചെയ്യാൻ ഈ ഫസ്റ്റിവലിന് കഴിഞ്ഞിട്ടുണ്ട് എന്നത് വിമർശനപരമായി തന്നെ വിലയിരുത്തപ്പെടണം. IDSFFK യിൽ തെരഞ്ഞെടുക്കപ്പെട്ടു എന്ന കാരണത്താൽ ചുരുങ്ങിയത് പത്തു വേദികളുടെയെങ്കിലും മെച്ചം, ആ സിനിമകൾക്കോ സംവിധായകർക്കോ ഉണ്ടായിരുന്നുവെങ്കിൽ, സിനിമക്കകത്തെ ബദൽ അന്വേഷണ സാധ്യതകൾ ഡോക്യുമെൻ്ററികളിലേക്ക് കൂടി നീളുമായിരുന്നു. എന്നാൽ, അങ്ങനെയൊരു കാഴ്ചപ്പാട് ഉത്പാദിപ്പിച്ചെടുക്കാൻ അക്കാദമിക്ക് കഴിയാതെ പോയത്, സിനിമകൾ എന്നാൽ ഫിക്ഷൻ സിനിമകൾ ആണ് എന്ന പൊതുബോധമാണ് അക്കാദമി ഭരിക്കുന്നവരെയും നിയന്ത്രിക്കുന്നത് എന്നതു കൊണ്ടാണ്. ഏറ്റവും വലിയ തമാശയെന്തെന്നാൽ, ഡോക്യുമെൻററികൾക്ക് വേണ്ടി ഒരു പ്രത്യേക ഫിലിം ഫസ്റ്റിവൽ ചലച്ചിത്ര അക്കാദമി തന്നെ നേരിട്ട് മുൻകയ്യെടുത്ത് നടത്തുന്ന സംസ്ഥാനമായിട്ടു കൂടി, ഡോക്യുമെൻററികളെ സിനിമകളായി പരിഗണിക്കാൻ പോലും കേരളം ഇതു വരെ തയ്യാറായിട്ടില്ല എന്നതാണ്. അതു കൊണ്ടാണല്ലോ, ഡോക്യുമെൻ്ററി സിനിമകൾക്ക് സംസ്ഥാന ചലച്ചിത്ര അവാർഡിൽ പോലും പരിഗണനയില്ലാത്തത്. കേരളത്തിൽ ഡോക്യുമെൻററി സിനിമകളെ അവാർഡിന് പരിഗണിക്കുന്നത് ചലച്ചിത്ര അവാർഡുകളുടെ കൂടെയല്ല, മറിച്ച് ടെലിവിഷൻ അവാർഡുകളുടെ കൂടെയാണ്. ടി വി യിൽ കാണിക്കാനുള്ള എന്തോ സാധനമായാണ്, നമ്മുടെ സാംസ്കാരിക വകുപ്പു പോലും ഡോക്യുമെൻററി സിനിമകളെ മനസിലാക്കി വച്ചിട്ടുള്ളത് എന്നത് എന്തൊരു വിരോധാഭാസമാണ്, എന്തൊരു വിവേചനമാണ്..!
അന്താരാഷ്ട്ര മേള എന്നൊക്കെയാണ് പേര് എങ്കിലും, IDSFFK യുടെ ഏറ്റവും പ്രധാന ന്യൂനത, അതിൽ അന്താരാഷ്ട്ര കോംപറ്റീഷൻ വിഭാഗം ഇല്ല എന്നതാണ്. ഫിലിം മേക്കർ ഇന്ത്യക്കാരൻ / ഇന്ത്യക്കാരി ആണെങ്കിൽ ആ വ്യക്തിക്ക് അന്താരാഷ്ട്ര വിഭാഗത്തിൽ സിനിമ സമർപ്പിക്കാൻ കഴിയില്ല. സ്വന്തം രാജ്യത്തിൻ്റെ പൗരത്വം, അന്താരാഷ്ട്ര തലത്തിൽ പ്രദർശിപ്പിക്കപ്പെടുന്നതിന് അയോഗ്യത ആകുന്നത് എങ്ങനെയാണെന്നത് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ഇപ്പോൾ IDSFFK യിൽ അന്താരാഷ്ട്ര വിഭാഗം എന്ന് പറഞ്ഞ് പ്രദർശിപ്പിക്കപ്പെടുന്ന വിദേശ സിനിമകൾ, എങ്ങനെയാണ് തെരഞ്ഞെടുക്കപ്പെടുന്നതെന്നോ, ആരാണ് തെരഞ്ഞെടുക്കുന്നതെന്നോ, എന്താണ് അതിൻ്റെ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ എന്നതോ വ്യക്തമല്ല. അന്താരാഷ്ട്ര മത്സരവിഭാഗം എന്ന ഒന്ന് ഉണ്ടായിരുന്നെങ്കിൽ, ഇന്ത്യയിൽ നിന്നും അന്താരാഷട്ര നിലവാരമുള്ള നിരവധി സിനിമകൾ ആ വിഭാഗത്തിൽ സമർപ്പിക്കപ്പെട്ടേനെ. അങ്ങനെ വന്നാൽ, ആ സിനിമകളെ ഈ ഫെസ്റ്റിവൽ വഴി തന്നെ അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടാനും അത് വഴി തുറക്കുമായിരുന്നു. അതോടൊപ്പം, വിദേശരാജ്യങ്ങളിൽ നിന്നുള്ള ധാരാളം സിനിമകളും ഫിലിം മേക്കേഴ്സും ഈ മേളയുടെ ഭാഗമാകാൻ താത്പര്യം കാണിക്കുകയും മേളയിൽ എത്തിച്ചേരുകയും ചെയ്തേനേ. അങ്ങനെ വന്നാൽ മേളയിലേക്ക് എത്തിച്ചേരുന്ന കാണികളുടെ എണ്ണത്തിലും മേളയോടുള്ള സമീപനത്തിലും വിത്യാസം വരുമായിരുന്നു. IFFK ക്ക് കൊടുക്കുന്ന പ്രാധാന്യത്തിൻ്റെ, IFFK സിനിമകൾക്ക് കിട്ടുന്ന പരിഗണനകളുടെ ഒരു പത്തു ശതമാനമെങ്കിലും IDSFFK നടത്തിപ്പിന് കൊടുക്കാൻ ചലച്ചിത്ര അക്കാദമി തയ്യാറായിരുന്നെങ്കിൽ, മലയാളത്തിൽ ഡോക്യുമെൻററി സിനിമകൾ കാണാൻ തയ്യാറാവുന്ന ഒരു പ്രേക്ഷകക്കൂട്ടത്തെയെങ്കിലും സൃഷ്ടിച്ചെടുക്കാൻ ഈ മേള കൊണ്ട് കഴിയുമായിരുന്നു.
ഇനി, മലയാളത്തിൽ നിന്നുള്ള ഡോക്യുമെൻററി സിനിമകൾക്ക് മാത്രമായി ഒരു നോൺ കോംപറ്റീഷൻ വിഭാഗം മേളയിലുണ്ട്. അങ്ങനെയൊന്ന് ഉണ്ട് എന്നത് നല്ല കാര്യം. ആ രീതിയിലെങ്കിലും കുറച്ച് കൂടുതൽ മലയാളം സിനിമകൾക്ക് വേദി കിട്ടും എന്നൊരു മെച്ചമുണ്ട്. പക്ഷെ , ഈ വിഭാഗം എന്തിന് നോൺ കോംപറ്റീഷൻ ആക്കി നിർത്തുന്നു എന്ന് മനസിലായിട്ടില്ല. കേരളത്തിൽ നടക്കുന്ന ഒരു ഫസ്റ്റിവൽ ആയിട്ടു കൂടി, ഏറ്റവും നല്ല മലയാളം ഡോക്യുമെൻററി സിനിമ എന്നൊരു തെരഞ്ഞെടുപ്പ് ഈ ഫെസ്റ്റിവലിൽ ഇല്ല..! മലയാളം വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന സിനിമകളിൽ നിന്നും ഒരു മികച്ച സിനിമയെ കണ്ടെത്തി ഒരു അവാർഡ് തുക കൊടുത്തിരുന്നുവെങ്കിൽ, മലയാളത്തിൽ ഡോക്യുമെൻ്ററി സിനിമകളെടുക്കാൻ താൽപര്യം കാണിക്കുന്ന കുറച്ചു പേർക്കെങ്കിലും അതൊരു സാമ്പത്തികസഹായമാകുമായിരുന്നു. അതോടൊപ്പം, മലയാളം ഡോക്യുമെൻററി സിനിമകളുടെ ഈ പാക്കേജ്, ചുരുങ്ങിയ പക്ഷം സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ടെലിവിഷൻ ചാനലുകൾ വഴിക്കെങ്കിലും പ്രദർശിപ്പിക്കാനുള്ള പരിശ്രമം കൂടി ഉണ്ടായിരുന്നെങ്കിൽ, ആ സിനിമകൾ കുറച്ചെങ്കിലും കാണികളിലേക്ക് എത്തിയേനെ.
സിനിമയെന്നാൽ ഫിക്ഷൻ ആണ് എന്ന പൊതുബോധത്തിൽ നിന്ന് ലോക സിനിമകൾ ഒക്കെ മുന്നോട്ടു നടന്നിട്ട് കുറെയേറെ പതിറ്റാണ്ടുകളായി. ഡോക്യുമെൻററി സിനിമകളോടും ഡോക്യുമെൻററി സിനിമാക്കാരോടും ഇത്രയേറെ അവഗണനയും പാർശ്വവത്കൃത നിലപാടും മറ്റൊരു രാജ്യത്തെ മേളകളും വച്ചു പുലർത്തുന്നില്ല എന്നത്, അതു പോലുള്ള ചിലയിടങ്ങളിലെങ്കിലും എൻ്റെ സിനിമ പ്രദർശിപ്പിച്ച അനുഭവത്തിൽ നിന്ന് പറയാൻ കഴിയും. എന്നു മാത്രമല്ല, പ്രധാനപ്പെട്ട പല മേളകളിലും ഫിക്ഷൻ / നോൺ ഫിക്ഷൻ വിവേചനം പോലും ഇല്ല. മറിച്ച് , നോൺ ഫിക്ഷൻ സിനിമകളെ സിനിമക്കകത്തെ മറ്റൊരു ജോണർ മാത്രമായാണ് കണക്കാക്കുന്നത്. ലോക ചലച്ചിത്രമേളകളിൽ പലയിടങ്ങളിലും ഫിക്ഷൻ സിനിമകൾ കാണാൻ എത്തുന്നവരേക്കാൾ ആൾതിരക്കാണ് നോൺ ഫിക്ഷൻ സിനിമകൾക്ക് ഉണ്ടാകുന്നത് എന്നതു കൂടി ഒരു യാഥാർത്ഥ്യമാണ്. ലോകത്തെ ഒട്ടനവധി രാജ്യങ്ങളിൽ നിന്നുള്ള മനുഷ്യാവകാശ ശബ്ദങ്ങളായും ചെറുത്തു നില്പുകളായും അതിജീവന പ്രതീക്ഷകളായും ഒക്കെ മാറുന്ന ഉത്തരവാദിത്തമാണ് പല മേളകളിലും ഡോക്യുമെൻ്ററി സിനിമകൾ ഏറ്റെടുത്തു കൊണ്ടിരിക്കുന്നത്. അതു കൊണ്ട് തന്നെ, അത്തരം സിനിമകൾ അന്വേഷിച്ച് കണ്ടു പിടിച്ച് കാണാനും, ചർച്ച ചെയ്യാനും ഒക്കെ താത്പര്യമെടുക്കുന്ന വലിയൊരു പ്രേക്ഷക സമൂഹം ലോക സിനിമയിൽ ഉണ്ട്. അതിലെ ഒരു ന്യൂന പക്ഷം, തീർച്ചയായും കേരളത്തിലും ഉണ്ട്. ആ പ്രേക്ഷക സമൂഹത്തെ ചേർത്തു പിടിക്കുകയും വിപുലീകരിക്കുക എന്ന ഉത്തരവാദിത്തമാണ് IDSFFK ക്കും ചലച്ചിത്ര അക്കാദമിക്കും നിർവഹിക്കാൻ ഉള്ളത്. അതു സംഭവിക്കണമെങ്കിൽ , ഈ മേളയെ ഇനിയും അടിമുടി പുതുക്കിപ്പണിയണം.
[…] വെറുതെ ഒരു ചലച്ചിത്രോത്സവം […]