A Unique Multilingual Media Platform

The AIDEM

Literature Politics Society

മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 3

  • August 24, 2022
  • 1 min read
മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 3

സീൻ 3

(സ്റ്റേജിൽ വെളിച്ചം തെളിയുന്നു. ആനന്ദും ബ്രജേഷും തമ്മിൽ, പതിവുമട്ടിലുള്ള ഒരു ടിവി ചർച്ച പുരോഗമിക്കുന്നു. എന്നാൽ, പതിവിന് വിപരീതമായി സ്റ്റുഡിയോയിൽ അതിഥികളൊന്നുമില്ല. പകരം, വിവിധ പാർട്ടികളുടെ, സ്ഥിരമായി സ്റ്റുഡിയോകളിൽ കയറിയിറങ്ങുന്ന രണ്ട് വക്താക്കളുടെ ചിത്രങ്ങൾ മാത്രം, ഒരു സാമൂഹികശാസ്ത്രജ്ഞനും ഒരു രാഷ്ട്രീയ നിരീക്ഷകനും)

ആനന്ദ്: ലോകത്തെ മുഴുവൻ ഞെട്ടിപ്പിച്ച ഒരു വാർത്തയെക്കുറിച്ചുള്ള ഇൻസൈറ്റ് ടിവിയുടെ തുടർച്ചയായ റിപ്പോർട്ടിലേക്ക് പ്രേക്ഷകർക്ക് വീണ്ടും സ്വാഗതം: ഇന്ത്യൻ മുസ്ലിമും സമുദായത്തിന്റെ അപ്രത്യക്ഷമാകൽ നാടകവും. നിങ്ങൾക്കേവർക്കും അറിയാവുന്നതുപോലെ, ഇത് വളരെ സങ്കീർണ്ണവും, ഗൗരവമേറിയ ചർച്ചയും വിവിധ വീക്ഷണകോണുകളിൽനിന്നുള്ള അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ആവശ്യമുള്ള ഒരു വിഷയമാണ്. നിർഭാഗ്യവശാൽ, ഈ ചർച്ചയിൽ പങ്കെടുക്കാൻ വിവിധ വിദഗ്ദ്ധരും, വ്യാഖ്യാതാക്കളും രാഷ്ട്രീയനേതാക്കന്മാരും വിസമ്മതിച്ചു. അതിനാൽ, ഈ ചർച്ചയിൽ പങ്കെടുക്കേണ്ടിയിരുന്ന ആളുകളുടെ പ്രതീകാത്മകമായ രൂപങ്ങൾ തത്ക്കാലം ഇവിടെ വെക്കാൻ മറ്റ് ചാനലുകളെപ്പോലെ, ഇൻസൈറ്റ് ടി വിയും നിർബന്ധിതരായിരിക്കുകയാണ്.

മുസ്ലിം സമുദായം അപ്രത്യക്ഷമാവുന്നതിലേക്ക് – അതോ ഇന്ത്യ വിടുന്നതിലേക്കെന്നാണോ ഞാൻ പറയേണ്ടത് – നയിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ എന്റെ സഹപ്രവർത്തകൻ ബ്രജേഷിനെ ക്ഷണിച്ചുകൊണ്ട് ഞാൻ ആരംഭിക്കുകയാണ്.

ബ്രജേഷ്: നന്ദി ആനന്ദ്. താങ്കളുടെ ചോദ്യത്തിന് ഉത്തരം നൽകണമെങ്കിൽ, നമ്മുടെ ആളുകളും സംവിധാനവും മുസ്ലിങ്ങളോട് ഏതുവിധത്തിലാണ് പെരുമാറിയതെന്ന് പരിശോധിക്കേണ്ടിവരും. (ആനന്ദിനുനേരെ തിരിയുന്നു) ഒരു സമുദായമെന്ന നിലയ്ക്ക് അവരോട് മോശമായ വിധത്തിലാണ് പെരുമാറിയതെന്ന് നമ്മളെല്ലാം സമ്മതിക്കുമെന്ന് എനിക്കുറപ്പുണ്ട്. മഹാനഗരങ്ങളിൽനിന്ന് മാറി, ജില്ലാതലത്തിലെടുത്താൽ, ഏറ്റവും സാമ്പത്തികമായി സുസ്ഥിരമായ സമൂഹം ഇവരാണെന്നതാവാം ഒരുപക്ഷേ ഇതിനുള്ള കാരണം. മുസ്ലിമുകൾ ആട്ടിറച്ചിയും കോഴിയും വില്പന നടത്തി. പലരും സാധാരണക്കാരായ വ്യാപാരികളായിരുന്നു. പ്ലംബർമാരായും, ഇലക്ട്രീഷ്യന്മാരായും എ.സി മെക്കാനിക്കുകളായും, തുന്നൽക്കാരായും അങ്ങിനെ വിവിധ ചെറിയ തൊഴിലുകളായിരുന്നു അവർ ചെയ്തുവന്നത്. നമ്മുടെ രാജ്യം മൗലികമായ ഒന്നാണ്, ആന്തരികമായിത്തന്നെ അസമത്വം നിറഞ്ഞത്. വിരോധാഭാസങ്ങൾ നിരവധിയാണ്. ചില ഹിന്ദുക്കൾ ഇറച്ചി കഴിക്കുന്നവരാണെങ്കിലും, പ്രാദേശികമായ ഇറച്ചി വിൽ‌പ്പനയിൽ അവർ ഉൾപ്പെടുന്നില്ല. എന്നിരുന്നാലും, അവർ ഇറച്ചി കയറ്റുമതിയുടെ മൊത്തക്കച്ചവടത്തിൽ, മുസ്ലിം രാജ്യങ്ങളുമായി ഏർപ്പെടുന്നുമുണ്ട്. മദ്യം വിൽക്കാൻ രണ്ട് വ്യത്യസ്ത വില്പനകേന്ദ്രങ്ങളുള്ള ഒരേയൊരു രാജ്യമാണ് നമ്മുടേതെന്ന് നിങ്ങൾക്കറിയാമോ? പാവപ്പെട്ടവരും, താഴ്ന്ന ജാതിക്കാരും നാടൻ വാറ്റ് വിൽക്കുന്ന മദ്യക്കടകളിൽ പോവുന്നു. ദശലക്ഷക്കണക്കിന് രൂപ സംസ്ഥാനത്തിന് വരുമാനമുണ്ടാക്കിക്കൊടുക്കുന്ന കച്ചവടമാണത്. അതേസമയം, ‘ഇന്ത്യൻ നിർമ്മിത വിദേശമദ്യം’ എന്ന് നമ്മൾ വിളിക്കുന്ന മദ്യം വിൽക്കുന്ന സ്ഥാപനങ്ങളുമുണ്ട്. മുന്തിയതരം വിസ്കിയും, ഇറക്കുമതി ചെയ്ത മദ്യവും വാങ്ങാൻ ധനികർ പോകുന്നത് ഇവിടേക്കാണ്. ഇത് മൗലികമായ ഒന്നാണ്. 1980-കൾവരെ, ഇംഗ്ലണ്ടിൽ, ഒരേ പബ്ബിൽ വ്യത്യസ്ത ഭാഗങ്ങളുണ്ടായിരുന്നു. ഉപരിവർഗ്ഗക്കാർ പോയിരുന്ന സലൂണുകളും, ഡാർട്ടുകളും, സ്നൂക്കറുകളും പോലുള്ള ചെറിയ വിനോദങ്ങളിലേർപ്പെട്ട്, സാധാരണക്കാർക്ക് വിഷം മോന്താനുള്ള മറ്റൊരു ഭാഗവും. എന്നാൽ, രണ്ട് ഭാഗങ്ങളും ഒരേ പൊതുവിടത്തിന്റെ ഭാഗമായിരുന്നു. ഒരേ മദ്യവും ഇരുഭാഗത്തും ലഭ്യവുമായിരുന്നു. സലൂണുകൾ കുറേക്കൂടി ചിലവേറിയതാണെന്നുമാത്രം. വേർതിരിവ്, സ്വന്തമിഷ്ടപ്രകാരമായിരുന്നു. ഒരു ഭാഗത്തുള്ളവർ മറുഭാഗത്തേക്ക് പോവുന്നതിന് വിലക്കുകളൊന്നുമുണ്ടായിരുന്നില്ല. എവിടെയാണോ തങ്ങൾക്ക് സൗകര്യം തോന്നുന്നത്, ആ ഭാഗത്തേക്ക് പോകാം. എന്നാൽ, ഇന്ത്യയിൽ ഈ വേർതിരിവ് ഔപചാരികമായിത്തന്നെ സ്ഥാപനവത്ക്കരിച്ചു. രണ്ടുതരം മദ്യവില്പനശാലകൾ വ്യത്യസ്ത വിഭാഗക്കാർക്കുവേണ്ടിയാണെന്നുമാത്രമല്ല, ആ രണ്ടിലും വിൽക്കുന്ന മദ്യം തന്നെ വെവ്വേറെയായിരുന്നു. ഒന്ന്, ഇരട്ടിത്തവണ ശുദ്ധി ചെയ്തത്, മറ്റേത്, പ്രാകൃതവും ശുദ്ധി ചെയ്യാത്തതും. വിലകൂടിയ മദ്യം വാങ്ങാൻ പാവപ്പെട്ടവനെ നിയമപരമായി വിലക്കിയിട്ടൊന്നുമില്ലെങ്കിലും, വിലകൊണ്ട് അവർക്ക് അവിടേക്ക് അടുക്കാൻ പറ്റില്ല.

ആനന്ദ് (ആശയക്കുഴപ്പത്തിലായ മുഖഭാവത്തോടെ ഇടപെടുന്നു): പക്ഷേ, ഇന്ത്യയിലെ 200 ദശലക്ഷം മുസ്ലിങ്ങളുടെ അപ്രത്യക്ഷമാവലിന് ഇതുമായി എന്ത് ബന്ധമാണുള്ളത്?

ബ്രജേഷ്: ഞാനൊരു കാഴ്ചപ്പാട് അവതരിപ്പിച്ചു എന്നുമാത്രം. മദ്യത്തിനുള്ള വ്യത്യസ്ത കൌണ്ടറുകൾ ഞാൻ സൂചിപ്പിച്ചത്, നമ്മുടെ ഡി എൻ എ യിൽ വർഗ്ഗ-ജാതി വ്യത്യാസങ്ങൾ എങ്ങിനെ അടിസ്ഥാനപരമായി നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ച് ഒരു രൂപം നൽകുന്നതിനുവേണ്ടിയായിരുന്നു. ഇറച്ചിവില്പനകേന്ദ്രങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് നമ്മൾ ചെയ്തത് എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം. ഇറച്ചിക്കുവേണ്ടി മാത്രമുള്ള കടകളിൽ, നിങ്ങൾക്ക് മുറിച്ച് കഷണങ്ങളാക്കിയ ആട്ടിറച്ചിയും കോഴിയിറച്ചിയും കിട്ടും. പക്ഷേ പോത്തുകളുടെ ശവം മുസ്ലിം കോളനികളിൽ മാത്രമേ നിങ്ങൾക്ക് കാണാനാകൂ. കാരണം, ‘പശു ബെൽറ്റ്‘ എന്നറിയപ്പെടുന്ന സ്ഥലങ്ങളിൽ വിൽക്കുന്നത് പശുമാംസമല്ല. പോത്തിറച്ചി മാത്രമാണ്. പശുവിന്റെ കാര്യത്തിൽ, നമ്മൾ വിഭജിക്കപ്പെട്ട ഒരു രാഷ്ട്രമാണ്. ദില്ലിയിൽനിന്ന് അധികം ദൂരത്തല്ലാതെ, പെഹ്‌ലു ഖാൻ എന്നൊരാളെ, ആൾക്കൂട്ടം തല്ലിക്കൊന്നു. എന്തായിരുന്നു കാരണം? അയാൾ അയാളുടെ വീട്ടിലെ ഫ്രിഡ്ജിൽ, ഭക്ഷിക്കുന്നതിനായി പോത്തിറച്ചി വെച്ചു എന്ന കുറ്റത്തിന്. പൊലീസ് വന്നപ്പോൾ, പെഹ്‌ലു ഖാന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയക്കുകയല്ല ചെയ്തത്, പകരം, ഫ്രിഡ്ജിൽനിന്ന് ഇറച്ചിയെടുത്ത് ഫോറൻസിക് ലാബിലേക്ക് അയയ്ക്കുകയാണ് ചെയ്തത്. ഗോമാംസമാണോ അല്ലേ എന്നറിയാൻ!

ആനന്ദ്: പക്ഷേ ഇവിടുത്തെ വിഷയവുമായി ഇതിനെന്ത് ബന്ധമാണുള്ളത്? നമുക്കെല്ലാവർക്കും അറിയാം, പെഹ്‌ലു ഖാനെ കൊന്നത് തെറ്റായിപ്പോയെന്ന്

ബ്രജേഷ്:  പെഹ്‌ലു ഖാൻ ഒരു ഉദാഹരണം മാത്രമാണ്. വടക്കേ ഇന്ത്യയിൽ ആയിരക്കണക്കിന് പെഹ്‌ലു ഖാന്മാർ ഉണ്ട്. കന്നുകാലികളെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് തെളിച്ചുകൊണ്ടുപോകുമ്പോൾ, തടയപ്പെടുകയും, ഉപദ്രവിക്കപ്പെടുകയും, മർദ്ദിക്കപ്പെടുകയും ചിലപ്പോൾ കൊല്ലപ്പെടുകപോലും ചെയ്യുന്നവർ. ചിലപ്പോൾ ഇതിലൊരു സാമ്പത്തികവശവും ഉണ്ടാകാറുണ്ട്- ഞങ്ങൾക്ക് പൈസ തന്നാൽ പശുക്കളെ കൊണ്ടുപോകാൻ സമ്മതിക്കാമെന്ന്.

ആനന്ദ് (ക്ഷമകെടുന്നതിന്റെ ലക്ഷണത്തോടെ): എന്തിനാണ് നിങ്ങൾ മുസ്ലിങ്ങളെക്കുറിച്ച് മാത്രം എടുത്തുപറയുന്നത്? ഉയർന്ന ജാതിക്കാരായ സ്ത്രീകളെ വിവാഹം ചെയ്തതിന് മർദ്ദിക്കപ്പെടുകയും, പീഡിപ്പിക്കപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്യുന്ന ദളിതുകളില്ലേ? സ്ത്രീകളേയും വെറുതെ വിടാറില്ല. ഇനി, ആൾക്കൂട്ടക്കൊലയുടെ കാര്യമാണെങ്കിൽ, ഗുജറാത്തിലെ ഉനയിൽ ഒരുകൂട്ടം ദളിത് പുരുഷന്മാർക്ക് സംഭവിച്ചത് ഞാൻ പ്രത്യേകം ഓർമ്മിപ്പിക്കണോ?

ബ്രജേഷ് (കൂടുതൽക്കൂടുതൽ ആവേശത്തോടെ): തീർച്ചയായും, ഉന സംഭവം എനിക്കറിയാം. ഏഴ് ദളിത് പയ്യന്മാർ ചത്ത പശുവിന്റെ ശവം കൊണ്ടുപോവുകയായിരുന്നു. ദളിതുകളിൽത്തന്നെ ഒരു പ്രത്യേക ജാതിക്കാർ മാത്രമാണ് മൃഗങ്ങളുടെ ശവങ്ങൾ കൈകാര്യം ചെയ്യുന്നത്. എന്തായാലും, ഗോസംരക്ഷകരെന്ന് സ്വയം ചമഞ്ഞ്, ലാത്തിയും, പൈപ്പും, കത്തികളുമൊക്കെയായി ചിലയാളുകൾ ഈ ചെറുപ്പക്കാരെ തടഞ്ഞുനിർത്തി. ഈ ഏഴ് ദളിതരും അവരോട് കെഞ്ചി. തങ്ങൾ ചാമറുകളാണെന്നും, ചത്ത മൃഗങ്ങളുടെ തൊലി ഉരിയുന്നത് തങ്ങളുടെ തൊഴിലാണെന്നും, അതിനുവേണ്ടിയാണ് ചത്ത പശുവിനെ കൊണ്ടുപോകുന്നതെന്നും ഒക്കെ. ആ ഏഴുപേരെ, കാറിൽ കെട്ടിവലിച്ച്, ഒരു ദാക്ഷിണ്യവുമില്ലാതെ തല്ലിച്ചതച്ച്, ഉനയിലേക്ക് കൊണ്ടുപോയി, ആൾക്കൂട്ടത്തിന്റെ മുമ്പിൽ‌വെച്ച്, ചാട്ടവാറുകൊണ്ടും ലാത്തികൊണ്ടും തല്ലി പതം വരുത്തി. പൊലീസ് വന്നപ്പോൾ അക്രമികൾ പുഷ്പം‌പോലെ ഊരിപ്പോവുകയും ചെയ്തു.

ആനന്ദ്: ഞാൻ ഇതുതന്നെയാണ് പറഞ്ഞുവന്നത് – മുസ്ലിങ്ങൾ മാത്രമല്ല അനുഭവിക്കുന്നവരെന്ന്. എല്ലായിടത്തും അക്രമങ്ങളുണ്ട്. പക്ഷേ അക്രമങ്ങളിൽ മുസ്ലിങ്ങൾ ഇരയാവുമ്പോൾ മാത്രം, അതിനെ വർഗ്ഗീയസംഘർഷമായി വിലയിരുത്തും.

ബ്രജേഷ്: സത്യമാണ്. പക്ഷേ വലിയൊരു വ്യത്യാസമുണ്ട്. ദളിതുകൾക്കുനേരെയുള്ള അക്രമങ്ങളുടെ വേരുകൾ സാമൂഹികമായ മുൻ‌വിധികളിലാണ് കിടക്കുന്നത്. ദളിതുകൾ അല്പം മുകളിലേക്ക് വളരാൻ ശ്രമിക്കുന്നതുപോലും വിദ്വേഷത്തോടെയാണ് നോക്കിക്കാണുന്നത്. ജാതിശ്രേണിയിൽ അവർക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥാനത്ത് അവർ നിൽക്കണം. സവർണ്ണരുടെ ഔദാര്യത്തോടെ.

ആനന്ദ് (വിഷയവും ചർച്ചയും മാറിപ്പോവുന്നതിലുള്ള അസ്വസ്ഥതയോടെ): മുസ്ലിങ്ങളുടെ അപ്രത്യക്ഷമാകലിലേക്ക് വരുമ്പോൾ, നമ്മൾ ഒരു വിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയാണോ?

ബ്രജേഷ്: ഇത് വിപ്ലവംതന്നെയാണ്. മുസ്ലിങ്ങൾ അപ്രത്യക്ഷമായതിൽ‌പ്പിന്നെ, മുസ്ലിങ്ങളുടെ സ്വത്തുക്കളും കടകളും വ്യാപാരസ്ഥാപനങ്ങളും ഏറ്റെടുക്കാൻ മാത്രം ധൈര്യം താഴ്ന്ന ജാതിക്കാർക്ക് ഉണ്ടായിരിക്കുന്നു. മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒരു എരുമത്തൊഴുത്തും ബംഗ്ലാവും അവർ ഏറ്റെടുത്തതിന് ഞങ്ങൾ കുറച്ച് മുമ്പ് സാക്ഷികളാവുകയുണ്ടായി. ഇത് രാജ്യത്തിന്റെ എല്ലാ ഭാഗത്തും നടക്കുന്നുണ്ടാവണം. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ഒരു വിപ്ലവം നടക്കുന്നുണ്ടെന്നുവേണം പറയാൻ.

ആനന്ദ്: ഈ വിപ്ലവം വിജയിക്കുമോ?

ബ്രജേഷ്: മുസ്ലിങ്ങൾ തിരിച്ചുവരാതിരുന്നാൽ മാത്രം.

ആനന്ദ്: അവരോട് കാണിച്ച അതിക്രമങ്ങൾ കാരണം, സ്വന്തം നാട് ഉപേക്ഷിച്ചുപോകാൻ അവർ നിർബന്ധിതരായതെന്നും, അവരിനി തിരിച്ചുവരാൻ ഇടയില്ലെന്നും നിങ്ങൾ സൂചിപ്പിക്കുന്നതായി തോന്നുന്നു.

ബ്രജേഷ്: അതെ, അവർക്ക് തുല്യാവകാശങ്ങൾ ഉറപ്പുവരുത്തുന്ന ഒരു ഭരണഘടനയുണ്ടെങ്കിലും, അത് കടലാസ്സിൽ മാത്രമേയുള്ളു.

ആനന്ദ്(തന്റെ അസംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട്): ബ്രജേഷ് ജി, താങ്കൾക്ക് സമനില നഷ്ടമാവുന്നു…

ബ്രജേഷ്: ഇല്ല. എനിക്ക് നഷ്ടപ്പെടുന്നില്ല. കുറേക്കാലമായി ഈ അനീതി നടന്നുകൊണ്ടിരിക്കുകയാണ്. 1947-ൽ വിഭജനം നടന്ന്, ഇന്ത്യ സ്വതന്ത്രമായത് മുതൽക്ക്. നമ്മുടെ ഭരണഘടന അതുണ്ടാക്കിയവരെപ്പോലെത്തന്നെ വളരെ നല്ല ഒന്നായിരുന്നു. നമ്മുടെ ഭരണഘടനയുടെ ആമുഖം നിങ്ങളേയും പ്രേക്ഷകരേയും വായിച്ചുകേൾപ്പിക്കേണ്ടിവരുന്നതിൽ എനിക്ക് ദു:ഖമുണ്ട്. പക്ഷേ അത് ചെയ്തില്ലെങ്കിൽ, ആർക്കുമത് മനസ്സിലാവില്ല.

(ഒരു ജഡ്ജി വിധി പ്രസ്താവിക്കുന്നതുപോലെ ഔപചാരികമായ ശൈലിയിലും ഉറക്കെയും വായിക്കുന്നു).

ഇന്ത്യയിലെ ജനങ്ങളായ നാം, ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ളിക്കായി സംവിധാനം ചെയ്യുവാനും;

അതിലെ പൗരന്മാർക്കെല്ലാം സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും;

ചിന്തയ്ക്കും ആശയ പ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉളള സ്വാതന്ത്ര്യവും;

പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കുവാനും;

അവരുടെയെല്ലാപേരുടെയുമിടയിൽ വ്യക്തിയുടെ അന്തസും രാഷ്ട്രത്തിൻറെ ഐക്യവും സുനിശ്ഛിതമാക്കിക്കൊണ്ട് സാഹോദര്യം പുലർത്തുവാനും

സഗൗരവം തീരുമാനിച്ചിരിക്കയാൽ നമ്മുടെ ഭരണ ഘടനാ നിർമ്മാണസഭയിൽ ഈ 1949 നവംബർ 26-ാം ദിവസം ഇതിനാൽ ഈ ഭരണ ഘടനയെ സ്വീകരിക്കുകയും അധിനിയമം ചെയ്യുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.

ആനന്ദ് (പെട്ടെന്ന് വിഷയം മാറ്റി): നിങ്ങൾ പറയാൻ ഉദ്ദേശിക്കുന്ന കാര്യം എനിക്ക് മനസ്സിലായി. നമുക്ക് നമ്മുടെ നെഞ്ചിൽ കൈവെച്ച് പറയാൻ കഴിയുമോ നമ്മൾ ഭരണഘടനയോട് സത്യസന്ധത പുലർത്തുന്നു എന്ന്? ഇവിടെ നിയമത്തിന് എന്തെങ്കിലും വിലയുണ്ടോ? (ശബ്ദമുയർത്തി) കൊലപാതകികൾ, ബലാത്സംഗികൾ, ആൾക്കൂട്ടക്കൊലയാളികൾ, ഭൂമി പിടിച്ചെടുക്കുന്നവർ, അഴിമതിക്കാരായ രാഷ്ട്രീയക്കാർ, വിചാരണയില്ലാത്ത ജയിലുകൾ..ഒരു രാഷ്ട്രം എന്ന നിലയ്ക്ക് നമ്മൾ ഇതൊക്കെയായിക്കഴിഞ്ഞിരിക്കുന്നു. അതിനുശേഷം വേണം, വർഗ്ഗീയമായ അനീതി അനുഭവിക്കേണ്ടിവരുന്ന മുസ്ലിങ്ങളെക്കുറിച്ച് ആലോചിക്കാൻ. അവർ പോയതിൽ ഒരത്ഭുതവുമില്ല.

ബ്രജേഷ് (സഹപ്രവർത്തകന്റെ മാറിയ നിലപാട് കണ്ടുകൊണ്ട്): രാജ്യത്തിന്റെ മുകളിൽ ഒരു കറുത്ത മേഘം പ്രത്യക്ഷമായെന്നുവെച്ച് ഒരു വലിയ വിഭാഗം ജനസമുദായം പെട്ടെന്നങ്ങോട്ട് അപ്രത്യക്ഷമാവുമോ?

ആനന്ദ്: രാജ്യത്തിന്റെ മുകളിൽ മേഘങ്ങൾ തീർച്ചയായും പ്രത്യക്ഷപ്പെടുന്നുണ്ട്. പക്ഷേ കൂടുതൽ കറുത്ത മേഘങ്ങൾ മുസ്ലിങ്ങളുടെ മുകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. എന്തായാലും, വെറുതെ ഈ വിഷയത്തിൽ കിടന്ന് ചുറ്റിക്കളിക്കാതെ, നമുക്ക് വാർത്തയിലേക്ക് വരാം..ഒരത്ഭുതം സംഭവിച്ചിരിക്കുന്നു – ലോകത്ത് എവിടേയും നടന്നിട്ടില്ലാത്ത ഒരത്ഭുതം.

ബ്രജേഷ് (കുറച്ച് മുമ്പ് താൻ സൂചിപ്പിച്ച വിഷയം വീണ്ടും ഏറ്റെടുത്തുകൊണ്ട്): മുസ്ലിങ്ങൾ കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്ന് നമുക്കറിയാം. എന്നാലും, ആത്യന്തികമായ സത്യം നമ്മൾ വെളിവാക്കുകതന്നെ വേണം. ഇങ്ങനെ ഒന്നടങ്കം പലായനം ചെയ്തതുകൊണ്ട് അവർ എന്താണ് നേടിയത്?

ആനന്ദ് (ഇടപെട്ടുകൊണ്ട്): ബ്രജേഷ്, ഇടപെടുന്നതിൽ ക്ഷമിക്കണം. പക്ഷേ നമ്മുടെ സമയം അതിക്രമിച്ചതായി തോന്നുന്നു. ഏറ്റവും പുതിയ വാർത്തകളുമായി കാത്തിരിക്കുന്ന അർച്ചനയിലേക്ക് പോകാൻ നമുക്ക് സമയമായി.

(വെളിച്ചം മങ്ങി വീണ്ടും തെളിയുന്നു. നമ്മൾ ഇപ്പോൾ സ്റ്റുഡിയോയിലാണ്. എന്നാൽ, ആദ്യത്തെ പ്രൈം ചർച്ചയ്ക്ക് ശേഷം ഇപ്പോൾ അന്തരീക്ഷം കൂടുതൽ അനൗപചാരികമായിട്ടുണ്ട്. ന്യൂസ് ഡെസ്കിൽനിന്നുള്ള ഒരു പത്രപ്രവർത്തകൻ തിരക്കിട്ട് വന്ന്, ആവേശത്തോടെ, അടക്കിപ്പിടിച്ച് സംസാരിക്കുന്നു).

പത്രപ്രവർത്തകൻ: കോടതിയിൽ ആകെ ബഹളമാണ്. സാക്ഷിക്കൂട്ടിലേക്ക് കയറുന്നതിന് തൊട്ടുമുമ്പ്, റെഹ്മാനി സഹോദരന്മാരെ വെടിവെച്ചിരിക്കുന്നു.

ആനന്ദ്: ആരാണവരെ കൊന്നത്? കൊലപാതകികളെ അറസ്റ്റ് ചെയ്തോ?

ബ്രജേഷ് (ലാപ്ടോപ്പിൽനിന്ന് മുഖമുയർത്തിക്കൊണ്ട്): ന്യൂസ് വന്നിട്ടുണ്ട്. കൊല ചെയ്തയാൾ – ഒരാളേയുള്ളു – മുസ്ലിമാണെന്ന് അവർ പറഞ്ഞുകഴിഞ്ഞു.

പത്രപ്രവർത്തകൻ: കോടതിയിലുണ്ടായിരുന്ന എല്ലാവരും പറയുന്നത്, കൊലപാതകിയെ കാണാൻ മുസ്ലിമിനെപ്പോലെയുണ്ട് എന്നാണ്. പക്ഷേ സർ, രാജ്യത്ത് ഒരു മുസ്ലിമും ബാക്കിയില്ലെന്നാണല്ലോ എന്നോട് പറഞ്ഞിരുന്നത്?

ബ്രജേഷ്: എല്ലാ മുസ്ലിങ്ങളും പോയിട്ടില്ല. കുറ്റവാളികളേയും, കൊലപാതകികളേയും ബലാത്സംഗികളേയും അവർ അവശേഷിപ്പിച്ചിട്ടുണ്ട് (ഒന്ന് നിർത്തി) പക്ഷേ റഹ്മാനി സഹോദരന്മാർ….അവരെ കൊല്ലാൻ ആരാണ് ആഗ്രഹിക്കുക?

ആനന്ദ്: നിങ്ങൾ പറഞ്ഞുവരുന്നത് എന്താണ്?

ബ്രജേഷ്: എന്തെങ്കിലും മറച്ചുപിടിക്കാൻ, അവരുടെയിടയിലെ ആരെങ്കിലുമായിരിക്കും അത് ചെയ്തിരിക്കുക.

(പത്രപ്രവർത്തകന്റെ മൊബൈൽ ഫോൺ ശബ്ദിക്കുന്നു. അയാൾ ധൃതിയിൽ സന്ദേശം വായിക്കുന്നു).

പത്രപ്രവർത്തകൻ (ആവേശത്തോടെ): മാധ്യമങ്ങൾ കോടതിയുടെ പുറത്തുള്ള ഒരു ആംബുലൻസിനെ..പാക്കിസ്ഥാൻ ഹൈക്കമ്മീഷനിൽനിന്നുള്ളതാണ് – വളഞ്ഞിട്ടുണ്ട്.

ആനന്ദ്: പാക്കിസ്ഥാനികൾക്ക് എന്താണ് വേണ്ടത്?

പത്രപ്രവർത്തകൻ: അവരുടെ മൃതദേഹം, സർ. അവർ റഹ്മാനി സഹോദരന്മാരുടെ ശരീരത്തിന് അവകാശം ഉന്നയിച്ചിട്ടുണ്ട്.

(സമനില തെറ്റുന്നതുപോലെ ആനന്ദ് ചിരിക്കുന്നു)

ആനന്ദ്: ഇത് അതിശയകരമായിരിക്കുന്നല്ലോ..ഇനി ഇത് പാക്കിസ്ഥാന്റെ എന്തെങ്കിലും സമാധാനാശ്രമത്തിനുള്ള മുന്നൊരുക്കമോ മറ്റോ ആണോ?

ബ്രജേഷ്: എന്ത് സമാധാനം? എന്ത് മുന്നൊരുക്കം?

ആനന്ദ് (സാവധാനം, ആലോചിച്ചുറച്ച്): ഇന്ന്, അവർക്ക് ഒരു മുസ്ലിം വിമുക്ത ഇന്ത്യയെ കിട്ടിയിരിക്കുന്നു. അതായത്, ഒരു മുസ്ലിം പാക്കിസ്ഥാന് പകരമായുള്ള ഒരു ഹിന്ദു ഇന്ത്യ. അവരുടെ സ്വപ്നം സത്യമായിരിക്കുന്നു. മുമ്പ്, ഒരു മതേതര ഇന്ത്യയുടെ വിജയം, മതരാഷ്ട്ര പാക്കിസ്ഥാന് ഭീഷണിയായിരുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ച് കഴിയുന്നത്, പാക്കിസ്ഥാൻ എന്ന ആശയത്തിനുതന്നെ എല്ലാക്കാലത്തും വെല്ലുവിളി ഉയർത്തിയിരുന്നു.

ബ്രജേഷ്: അങ്ങിനെ അവസാനം, മതേതരമല്ലാത്ത, ഒരു ഹിന്ദു ഇന്ത്യയുമായി ഏർപ്പെടേണ്ടിവരുന്നതിൽ പാക്കിസ്ഥാന് ആശ്വാസം തോന്നുന്നുണ്ടാവണം. ഇതുകൊണ്ടായിരിക്കുമോ അവർ സമാധാനത്തിനുള്ള ശ്രമത്തിന് തയ്യാറാവുന്നത്?

ആനന്ദ്: രണ്ട് തീവ്രവാദികളുടെ ശരീരത്തിന് അവകാശം ഉന്നയിക്കുന്നതിലൂടെ, പാക്കിസ്ഥാൻ ഒരു കാര്യം തുറന്ന് സമ്മതിക്കുകയാണ്: റഹ്മാനി സഹോദരന്മാർ അവരുടെ ആളുകളാണെന്ന്. അവരുടെ ശരീരം ഞങ്ങൾക്ക് തരൂ എന്ന്. തീവ്രവാദത്തിൽ അവരുടെ പങ്കിന്റെ തുറന്നുപറച്ചിലാണത്.

പത്രപ്രവർത്തകൻ: ഗുരുവിന്റെ ഭൗതികാവശിഷ്ടങ്ങൾ അവർ കശ്മീരിലേക്ക് കൊണ്ടുപോയി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

ബ്രജേഷ്: കശ്മീർ ഇപ്പോൾ പാക്കിസ്ഥാനികളുടെ ശ്മശാനമാണോ?

ആനന്ദ്: ഇത് ആകെ കുഴക്കുകയാണല്ലോ..ഹിന്ദു ഇന്ത്യയുടെ സൃഷ്ടിയിൽ അവർ ആനന്ദിക്കുകയാണെങ്കിൽ, അതിനർത്ഥം, ഇന്ത്യൻ മുസ്ലിമുകളോടൊപ്പം  മുസ്ലിം ഭൂരിപക്ഷമുള്ള കശ്മീരും  മൊത്തമായി അപ്രത്യക്ഷമായി എന്നാണ്.

ബ്രജേഷ്: ഒന്ന് വിശദമാക്കൂ..

ആനന്ദ്: അത്, പാക്കിസ്ഥാനുമായി ഭൂമിശാസ്ത്രപരമായി തുടർച്ചയുള്ള മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ കശ്മീരിൽ ഹിന്ദു ഇന്ത്യയ്ക്ക് അവകാ‍ശമുന്നയിക്കാൻ സാധിക്കുമോ?

ബ്രജേഷ്: നിങ്ങൾ..നിങ്ങൾ..ഇപ്പോൾ..ജിന്നയെപ്പോലെയാണല്ലോ വാദിക്കുന്നത്?

ആനന്ദ്: ജിന്നയുടെ ന്യായമനുസരിച്ചാണെങ്കിൽ, ഭൂമിശാസ്ത്രപരമായ തുടർച്ചയുടെ തത്ത്വത്തിൽ, കശ്മീർ പാക്കിസ്ഥാന്റെ കൂടെയായിരിക്കും. അതുകൊണ്ട് നമുക്ക് എളുപ്പവഴി എടുക്കാം..കശ്മീരും അപ്രത്യക്ഷമായെന്ന് നമുക്ക് അനുമാനിക്കാം.

ബ്രജേഷ്: എന്താണിതിന്റെയൊക്കെ അർത്ഥം..?

(വേദിയിലെ പ്രകാശം മങ്ങുന്നു)

 

തുടരും… അടുത്ത സീൻ ആഗസ്ത് 29ന് വായിക്കുക.


തുടർ ഭാഗങ്ങൾ വായിക്കാം, മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ

പരിഭാഷ – രാജീവ് ചേലനാട്ട് | സ്‌കെച്ചുകൾ – മിഥുൻ മോഹൻ

About Author

സയീദ് നഖ്‌വി

ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ ജീവിക്കുന്ന ഇതിഹാസമാണ് സയീദ് നഖ്‌വി. അഞ്ചര പതിറ്റാണ്ടായി മാധ്യമ രംഗത്ത് സക്രിയമായ നഖ്‌വി, ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ലോകനേതാക്കളെയും വ്യക്തികളെയും അഭിമുഖം ചെയ്തിട്ടുണ്ട്. നെൽസൺ മണ്ടേല, ഫിഡൽ കാസ്ട്രോ, ഗോർബച്ചേവ്, അൻവർ സാദത്ത്, ഹെൻറി കിസിഞ്ജർ എന്നീ വിശ്വനേതാക്കൾ ഇതിൽ പെടും . ഇന്ത്യൻ എക്സ്പ്രസ്സ് എഡിറ്റർ ആയിരുന്ന ഇദ്ദേഹം ബിബിസി ന്യൂസ്, ദി സൺ‌ഡേ ഒബ്സർവർ, ദി സൺ‌ഡേ ടൈംസ്, ദി ഗാർഡിയൻ, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങി അന്താരാഷ്ട്ര മാധ്യമങ്ങൾക്കുവേണ്ടിയും എഴുതാറുണ്ട്.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
trackback

[…]  മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 3 […]