വിഭവസമാഹരണത്തിനുള്ള അവസരം പരിമിതമായിരിക്കെ സംസ്ഥാന സർക്കാറുകൾ അവതരിപ്പിക്കുന്ന ബജറ്റുകളുടെ പ്രാധാന്യം തുലോം കുറഞ്ഞ കാലമാണിത്. ഏതാണ്ടെല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിശ്ചയിക്കാനുള്ള അധികാരം ജി എസ് ടി കൗൺസിലിൽ നിക്ഷിപ്തമാണ്. ആ പരിധിക്ക് പുറത്തുള്ളത് ഇന്ധനങ്ങളും മദ്യവും പുകയില ഉത്പന്നങ്ങളും ഭൂമി ഇടപാടുകളും മാത്രമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെട്ടതായി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന, ആ ആരോഗ്യത്തിൽ ഇപ്പോഴുണ്ടാകുന്ന പരിക്കുകൾ ഭാവിയിൽ ഗുരുതരമാകുമെന്ന് ശങ്കിക്കുന്ന, വളയമില്ലാത്ത ചാട്ടങ്ങളെ ഭയക്കുന്ന യാഥാസ്ഥിതികരായ ധനമന്ത്രിമാരെ സംബന്ധിച്ച് ബജറ്റ് രൂപകല്പന ചെറുതല്ലാത്ത വെല്ലുവിളിയാണ്. ആ വെല്ലുവിളിക്ക് മുന്നിൽ പതറുന്ന ധനമന്ത്രിയാണ് താനെന്ന് കെ എൻ ബാലഗോപാൽ അദ്ദേഹത്തിന്റെ ആദ്യത്തെ സമ്പൂർണ ബജറ്റിൽ തെളിയിച്ചതാണ്. രണ്ടാമത്തെ ബജറ്റിലും അദ്ദേഹം തെളിയിക്കുന്നത് മറ്റൊന്നല്ല.
ബജറ്റ് അവതരിപ്പിക്കുതിന് മുമ്പ് കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച്, ധവളപത്രമെന്ന പേരിൽ പ്രതിപക്ഷമായ യു ഡി എഫ് ഒരു രേഖ പുറത്തിറക്കിയിരുന്നു. വലിയകടക്കെണിയിൽ കേരളം അകപ്പെട്ടരിക്കുന്നുവെന്ന് സ്ഥാപിക്കാനാണ് അവർ അതിലൂടെ ശ്രമിച്ചത്. അത്തരമൊരു രേഖ തയ്യാറാക്കുക എന്ന ഗൗരവമുള്ള പ്രവർത്തനത്തിന് യു ഡി എഫ് താത്പര്യം കാട്ടിയെന്നത്, രാഷ്ട്രീയ സംവിധാനമെന്ന നിലയ്ക്ക് അതിനുള്ള ഉത്തരവാദിത്തത്തെ കുറിക്കുന്നു. അതിന്റെ തുടർച്ചയിൽ, ശ്രീലങ്ക നേരിട്ടതിന് സമാനമായ പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്നമട്ടിൽ അവർ വ്യവഹരിക്കുകയും ചെയ്തു. അത്രത്തോളം വലിയ പ്രശ്നങ്ങൾ കേരളം നേരിടുന്നില്ല എന്ന് കഴിഞ്ഞ ദിവസം നിയമസഭയിൽ വെച്ച സാമ്പത്തികസർവെയും ബജറ്റ് രേഖകളിലെ കണക്കുകളും വ്യക്തമാക്കുന്നുണ്ട്. അൽപ്പംകൂടി സാഹസികനാകാനുള്ള അവസരം ധനമന്ത്രി കെ എൻ ബാലഗോപാലിന് മുന്നിലുണ്ടായിരുന്നുവെന്ന് സാരം. അതിന് മുതിരാതെ സാമ്പത്തിക അച്ചടക്കം പാലിച്ച് മുന്നോട്ട് പോകുക എന്ന പാതയാണ് അദ്ദേഹം സ്വീകരിക്കുന്നത്. റവന്യൂകമ്മി 23,942 കോടിയായി പിടിച്ചുനിർത്തി, അതിന്റെ തോത് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 2.1 ശതമാനത്തിൽ നിർത്താൻ അദ്ദേഹം ശ്രമിച്ചു. ധനക്കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 3.5 ശതമാനത്തിൽ അധികരിക്കാതെ ക്രമീകരിക്കാൻ (39,662 കോടിരൂപ) അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്.
തികഞ്ഞ അച്ചടക്കം പാലിക്കുന്ന (റവന്യൂകമ്മിയും ധനക്കമ്മിയും നിശ്ചിത പരിധികൾക്കുള്ളിൽ നിർത്തിക്കൊണ്ട്) സമ്പദ് വ്യവസ്ഥയായി കേരളത്തെ നിലനിർത്തുന്നത് വരുംവർഷങ്ങളിൽ കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം സംസ്ഥാനത്തിന് ലഭിക്കാൻ സഹായിക്കുമെന്നതാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്നാൽ ഇത് നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യവും ഫെഡറൽ ഭരണക്രമത്തെ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നിലപാടും പരിഗണിക്കുമ്പോൾ എത്രമാത്രം ഉചിതമാണ് എന്ന വലിയ ചോദ്യത്തെ ബാലഗോപാൽ കൂടി ഭാഗമായ സി പി ഐ (എം) നേതൃത്വവും ഇടത് ജനാധിപത്യ മുന്നണിയുടെ നേതൃത്വവും ആലോചിക്കേണ്ടതാണ്.
പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ്, മദ്യത്തിന് രണ്ട് തലങ്ങളിലായി ഇരുപത് രൂപയുടെയും നാൽപത് രൂപയുടെയും വർധന, ഭൂമിയുടെ ന്യായവിലയിലുള്ള കൂട്ടൽ എന്നിങ്ങനെ സംസ്ഥാനത്തിന് അധികാരമുള്ളയിടങ്ങളിലെല്ലാം അധികവിഭവസമാഹരണം നടത്തുകയാണ് ധനമന്ത്രി. ഇതിന് പിറകെ വിലക്കയറ്റം നിയന്ത്രിക്കാനായി രണ്ടായിരം കോടി നീക്കിവെക്കുകയും ചെയ്യുന്നു. പെട്രോളിന് ലിറ്ററിന് ഇപ്പോൾ തന്നെ 106 രൂപയ്ക്ക് അടുത്താണ് വില. ഡീസലിന് 96 രൂപയ്ക്കടുത്തും. വില അത്രയും ഉയരാനുള്ള കാരണം കേന്ദ്ര സർക്കാർ ചുമത്തുന്ന, ഒരുവിധത്തിലും സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടാത്ത നികുതി സർചാർജുകൾ മൂലമാണ്. ആ നിലപാടിനെ മുച്ചൂടും എതിർക്കുന്ന ഇടതുപക്ഷവും അതിന്റെ നേതൃത്വത്തിലുള്ള സർക്കാറും സമാനമായ രീതിയിൽ സർചാർജോ സെസ്സോ നിശ്ചയിക്കുന്നതിൽ രാഷ്ട്രീമായശരികേടുണ്ട്.
പെട്രോളിന്റെയും ഡീസലിന്റെയും വില വർധന വിലക്കയറ്റത്തിന് കാരണമാകുമെന്നതിൽ തർക്കമില്ല. അങ്ങനെ ഉയരുന്ന വിലക്കയറ്റം കൂടി പിടിച്ചുനിർത്താനാണ് രണ്ടായിരംകോടി രൂപ ധനമന്ത്രി നീക്കിവെക്കുന്നത്. ഇന്ധനവില വർധനയിലൂടെ സംസ്ഥാന ഖജനാവിലേക്ക് ലഭിക്കുക ആയിരം കോടിരൂപയിൽ താഴെ മാത്രമാണ്. അതൊഴിവാക്കി വിലക്കയറ്റം തടയുന്നതിനുള്ള വിഹിതം ആയിരം കോടിയിൽ നിർത്തുക എന്നത് സാമാന്യയുക്തി മാത്രമാണ്. എന്തുകൊണ്ട് ബാലഗോപാൽ അതിന് തയ്യാറിയില്ല എന്നതാണ് പ്രധാനം.
പെട്രോളിനും ഡീസലിനും ചുമത്തിയ സെസ് വഴിയുള്ള വരുമാനം ഖജനാവിലേക്ക് നിശ്ചമായും ലഭിക്കുമെന്ന് ഉറപ്പുള്ളതാണ്. വിലക്കയറ്റം തടയുന്നതിന് നീക്കിവെച്ച രണ്ടായിരം കോടി, പൊതുവിതരണ ശൃംഖലയിലൂടെ നടത്തുന്ന ഭക്ഷ്യധാന്യവിതരണത്തിന്റെ സബ്സിഡി ഇനത്തിലേക്ക് (സംസ്ഥാനവിഹിതം) എഴുതാവുന്നതേയുള്ളൂ. ഇന്ധനവില കൂട്ടുമ്പോൾ ഉണ്ടാകാനിടയുള്ള വിലക്കയറ്റം പിടിച്ചുനിർത്താൻ ബജറ്റിൽ രണ്ടായിരം കോടി നീക്കിവെച്ചുവെന്ന വാദം ഉന്നയിക്കാനുള്ള അവസരം സി പി ഐ (എം) യുടെയും ഇടതുമുന്നണിയുടെയും പ്രവർത്തകർക്ക് ഉറപ്പാക്കുക എന്ന രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ നിർവഹണമായി മാത്രമേ രണ്ടായിരം കോടിയുടെ പ്രഖ്യാപനത്തെ കാണേണ്ടതുള്ളൂ.
എന്തുകൊണ്ട് ആ തന്ത്രം ബാലഗോപാൽ സ്വീകരിക്കുന്നുവെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം ബജറ്റ് രേഖകളിൽ തന്നെയുണ്ട്. നികുതി വരുമാനത്തിന്റെ വിഹിതമായി, (ജി എസ് ടി വിഹിതം) കേന്ദ്രം സംസ്ഥാനത്തിന് നൽകുന്നത് ഏതാണ്ട് രണ്ട് ശതമാനത്തിന് തൊട്ടുതാഴെയാണ്. അതിനൊപ്പം വിവിധ ഗ്രാന്റുകൾ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ട്. 2020 – 21 സാമ്പത്തിക വർഷത്തിൽ ഗ്രാന്റിനത്തിൽ കേരളത്തിന് ലഭിച്ചത് 30,000 കോടി രൂപയാണ്. അടുത്ത സാമ്പത്തിക വർഷമത് 15,000 കോടി രൂപമാത്രവും. അമ്പത് ശതമാനത്തിന്റെ വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയത്. ജി എസ് ടി നടപ്പാക്കിയതോടെ സംസ്ഥാനത്തിനുണ്ടായ വരുമാന നഷ്ടം നികത്തിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തിൽ ഏതാണ്ട് 1,500 കോടി രൂപയും കേന്ദ്രത്തിൽ നിന്ന് ലഭിച്ചിരുന്നു. അതും ഇനിയങ്ങോട്ടില്ല. അതായത് 16,500 കോടിയുടെ കുറവാണ് 2023 -24 സാമ്പത്തിക വർഷത്തിൽ കേരളത്തിനുണ്ടാകുക. സംസ്ഥാനത്തിന് കടമെടുക്കാവുന്ന തുകയുടെ പരിധി കുറയ്ക്കുക, കടമെടുക്കണമെങ്കിൽ വൈദ്യുതി മേഖലയിലുൾപ്പെടെ പരിഷ്കാരങ്ങൾ നടപ്പാക്കണമെന്ന നിബന്ധനവെക്കുക തുടങ്ങി കേന്ദ്രം സ്വീകരിക്കുന്ന ഞെരുക്കൽ പരിപാടികൾ പുറമെ. ഇത്തരമൊരു ഘട്ടത്തിൽ വിഭവസമാഹരണത്തിന് സ്വീകരിക്കാവുന്ന മാർഗങ്ങൾ അവലംബിക്കുക എന്ന പോംവഴിമാത്രമേ ധനമന്ത്രിക്ക് മുന്നിലൂള്ളൂ. അതാണ് അദ്ദേഹം ചെയ്യുന്നതും. അത് ചെയ്യാതിരിക്കുകയും ധനക്കമ്മിയുടെ തോത് ഉയർന്നുനിൽക്കുകയും ചെയ്താൽ വരുംകാലത്ത് സംസ്ഥാനത്തിന്റെ നിലവിലുള്ള സാമ്പത്തിക അധികാരങ്ങളിൽ കൂടി കൈവെക്കാൻ കേന്ദ്രം തയ്യാറായേക്കുമെന്ന ഭയം ധനമന്ത്രിയെ ഭരിക്കുന്നുണ്ടാകണം.
ദിവസങ്ങൾക്കു മുമ്പ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച യൂണിയൻ ബജറ്റ്, ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം മൂപ്പത് ശതമാനത്തോളം വെട്ടിക്കുറച്ചിരുന്നു. ആനുപാതികമായ കുറവ് കേരളത്തിനുമുണ്ടാകും. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സഹായങ്ങൾക്കുള്ള വിഹിതവും ന്യൂനപക്ഷമന്ത്രാലയത്തിനുള്ള വിഹിതവും കേന്ദ്ര ധനമന്ത്രി വെട്ടിക്കുറച്ചു. തൊഴിലുറപ്പ് പദ്ധതിയിലേക്കുള്ള വിഹിതം കുറയുമ്പോൾ അത് ഗ്രാമീണമേഖലയിലെ പണമൊഴുക്കിനെ ബാധിക്കും. അതുമൂലമുണ്ടാകുന്ന ആഘാതം കുറയ്ക്കുക എന്നത് കേരളമടക്കം എല്ലാ സംസ്ഥാനങ്ങളുടെയും ഉത്തരവാദിത്തമാണ്. ന്യൂനപക്ഷങ്ങൾക്കുള്ള വിഹിതം കുറയുമ്പോഴുണ്ടാകുന്ന പ്രയാസം ഒരു പരിധിവരെ അഭിമുഖീകരിക്കേണ്ടിവരുന്നതും സംസ്ഥാന സർക്കാറായിരിക്കും. അതുകൊണ്ട് കൂടിയായിരിക്കും ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നുവെന്ന് അറിയാവുന്ന ധനമന്ത്രി വിഭവസമാഹരണത്തിന് തൊട്ടുമുന്നിലുള്ള, ഏറ്റവും എളുപ്പമുള്ള വഴി സ്വീകരിച്ചിട്ടുണ്ടാകുക.
ഉന്നതവിദ്യാഭ്യാസം, തൊഴിലവസരസൃഷ്ടി, ചെറുകിട – ഇടത്തരം വ്യവസായ മേഖല തുടങ്ങി മുൻ ബജറ്റിൽ പദ്ധതികളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച മിക്ക മേഖലകളിലും തുടർ നീക്കങ്ങൾ ഈ ബജറ്റ് പ്രസംഗത്തിലുമുണ്ട്. അത് എത്രത്തോളം കേന്ദ്രീകരിച്ച് മുന്നോട്ട് കൊണ്ടുപോകാനാകുമെന്നതിലാണ് ആശങ്ക എക്കാലത്തുമെന്നതുപോലെ ഈ ബജറ്റും ശേഷിപ്പിക്കുന്നു. 25 പുതിയ നഴ്സിംഗ് കോളജുകൾ തുടങ്ങുമെന്ന പ്രഖ്യാപനം ആഭ്യന്തര ആവശ്യത്തേക്കാളുപരി വിദേശ ഡിമാൻഡ് മുന്നിൽക്കണ്ടുള്ളതാണ്.
വിദേശത്തേക്ക് കുടിയേറുന്ന മനുഷ്യര് കേരളത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതിയില് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ആ കുടിയേറ്റം ആസൂത്രിതമായി അരങ്ങേറിയതല്ല. അങ്ങനെകുടിയേറിയവരില് വലിയൊരു പങ്ക് തിരിച്ചുവരുന്ന കാലമാണിത്. തിരിച്ചുവരുന്നവരുടെ പുനരധിവാസം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം സര്ക്കാറിന് മുന്നിലുണ്ടുതാനും. അത്തരമൊരു ഘട്ടത്തില് ആസൂത്രിതമായ
മനുഷ്യവിഭവശേഷിയുടെ കയറ്റുമതിക്ക് വഴിയൊരുക്കാന് സര്ക്കാര് ആലോചിക്കുന്നുവെന്നതിന്റെ തെളിവാണ് പുതിയ നഴ്സിംഗ് കോളജുകള് തുടങ്ങുമെന്ന പ്രഖ്യാപനം. രാജ്യത്തെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം കൂടുതലാളുകളെ പ്രവാസത്തിന് പ്രേരിപ്പിക്കുന്ന ഘട്ടത്തില് ഈ പ്രഖ്യാപനത്തിന് സവിശേഷ പ്രാധാന്യവുമുണ്ട്.
Subscribe to our channels on YouTube & WhatsApp
ശരിയായ നിരീക്ഷണം, അടിക്കടി ഇന്ധന വില കൂട്ടിക്കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ പേർത്തും പേർത്തും സമരം ചെയ്യാറുള്ള ഇടത് പക്ഷം തന്നെ പെട്രോളിനും ഡീസലിനും സെസ്സ് ഏർപ്പെടുത്തുന്നത് എങ്ങനെയാണ് നീതീകരിക്കരിക്കാൻ കഴിയുക? മദ്യത്തിന് ഇനിയും വില കൂട്ടുന്നതിനേക്കാൾ ഭേദം മദ്യ നിരോധനം ഏർപ്പെടുത്തുന്നതാണ്!