A Unique Multilingual Media Platform

The AIDEM

Articles Cinema

അശരീരിയുടെ ചോദ്യം

  • February 26, 2022
  • 1 min read
അശരീരിയുടെ ചോദ്യം

കോളേജിൽ പഠിക്കുമ്പോഴാണ് സിനിമാതീയേറ്ററുകൾ എനിക്ക് സ്ഥിരസന്ദർശനത്തിന്റെ  ഇടങ്ങളാകുന്നത്. വീട്ടിൽനിന്നുള്ള വിടുതൽ കൗമാരത്തിനു നൽകുന്ന സ്വാതന്ത്ര്യങ്ങളിൽ ഒന്നായിരുന്നു ഇഷ്ടമുള്ളപ്പോൾ സിനിമക്കു പോക്ക്. പാലക്കാട് എൻ. എസ്. എസ് എൻജിനീയറിങ് കോളേജിന്റെ പരിസരത്ത് അക്കാലത്തു രണ്ടു സിനിമാകൊട്ടകകൾ ഉണ്ടായിരുന്നു. റെയിൽവേ കോളനിയിലെ രാജേന്ദ്ര ടാക്കീസ്, മലമ്പുഴയിലേക്കുള്ള പാതയുടെ തിരിവിലുള്ള ചിത്ര ടാക്കീസ്. കൂടാതെ വാടകവീട്ടിൽനിന്നും ഒലവക്കോട് റെയിൽവേസ്റ്റേഷനിലേക്കുള്ള കുറുക്കുവഴിയിലൂടെ വെച്ചുപിടിച്ചാൽ അരമണിക്കൂറിനുള്ളിൽ എത്താവുന്ന ബൽക്കീസ് തീയേറ്ററും. ജെയിംസ് ബോണ്ടിനെ കാണാൻ ബൽക്കീസിലേക്കാണ് പോയിരുന്നത്.

കടുകട്ടിയായ ഗണിതസമവാക്യങ്ങൾ തലപൊളിക്കുമ്പോൾ ഞങ്ങൾ കൂട്ടുകാർ ടെക്സ്റ്റ്ബുക്കുകൾ അടച്ചു സിനിമ കാണാൻ തീരുമാനിക്കും. നേരം വൈകിയെങ്കിൽ സെക്കന്റ് ഷോ. ചില വൈകുന്നേരങ്ങളിൽ  കൊങ്ങപ്പാടം പട്ടഷാപ്പിലെ ഇരുന്നൂറുമില്ലിയും മുതിരപുഴുങ്ങിയതും രാഷ്ട്രീയസാഹിത്യചർച്ചകളും എങ്ങുമെത്താതെ  തെറ്റിപ്പിരിയുമ്പോൾ  പിണക്കങ്ങൾ മാറാൻ ഫസ്റ്റ് ഷോ.

അങ്ങിനെയാണ് കെ.പി.എ.സി. ലളിതയെ അറിയുന്നത്. അന്നത്തെ ഹിറ്റുകളായ മമ്മൂട്ടി, മോഹൻലാൽ പടങ്ങൾ, ഒറ്റക്കും തെറ്റക്കും വരാറുള്ള പഴയകാല സിനിമകൾ എന്നിവയിലൂടെ. ടി വി സ്വീകരണമുറിയിലെ ഒഴിവാക്കാനാവാത്ത ഉപകരണമായപ്പോൾ ആദ്യകാല ബ്ലാക്ക് ആൻഡ് വൈറ്റ് ചലച്ചിത്രങ്ങളുടെ ഞായറാഴ്ചകളിലൂടെയും. സഹനടി എന്ന പദത്തിന്റെ അർത്ഥവും ആശയവും വലിയ പിടിയുണ്ടായിരുന്നില്ലെങ്കിലും  കെ.പി.എ.സി. ലളിത സ്‌ക്രീനിൽ വരുമ്പോൾ ഉന്മേഷമുള്ള നിമിഷങ്ങൾ ആരംഭിക്കുകയായി.

പെട്ടെന്ന് ഓർമ്മവരുന്ന കഥാപാത്രങ്ങൾ കുറെയുണ്ട്. അമ്മ, അമ്മായി, അയൽക്കാരി, കൂട്ടുകാരി എന്നിങ്ങനെയുള്ള സ്ഥിരം റോളുകൾ.  എന്നാൽ വെവ്വേറെ കഥാപാത്രങ്ങൾക്കു പകരം അനേകഭാവങ്ങൾ ഉള്ള ആകാരമായി ഇപ്പോൾ അവർ  ഉള്ളിൽ നിറയുന്നു. സർഗ്ഗശക്തിയുടെ മിന്നായങ്ങളിൽ  മനസ്സിന്റെ തിരശ്ശീലയിൽ വന്നുമായുന്ന ഒരു സ്ത്രീ.  ആ കഥാപാത്രത്തിന് പേരിടാൻ പറ്റുന്നില്ല.

തുണിയലക്കിയും തേങ്ങ ചിരകിയും മസാലയരച്ചും  അടുപ്പ് കത്തിച്ചും സാരിയുടെ കോന്തലകൊണ്ടു മുഖത്തെ വിയർപ്പു തുടച്ചും ആ രൂപം എന്നെ നോക്കുന്നു. ഞാൻ താമസിക്കുന്ന ഹൗസിങ് കോളനിയിൽ കാറിൽ വന്നിറങ്ങുന്ന കൊച്ചമ്മ അഹങ്കാരത്തിന്റെ പൊങ്ങച്ചസഞ്ചി വലങ്കയ്യിലാട്ടി ലോകത്തിന്റെ ഇടവഴികളിലേക്ക് നീട്ടിത്തുപ്പുന്നു. ഞങ്ങളുടെ അങ്ങാടിയിലെ നാൽക്കവലയിൽ  മീൻ വിൽക്കുന്ന ഒരുവൾ എളിയിൽ കൈകുത്തി അത്യുച്ചത്തിൽ പൊട്ടിച്ചിരിക്കുന്നു. എല്ലാം കഴിഞ്ഞു വാതിലിന്റെ മറവിൽ മുളചീന്തും മട്ടിൽ നെഞ്ചുപിളർന്ന് ആരോ ഉറക്കെക്കരയുന്നു.

കുശുമ്പ്, കുന്നായ്മ, പരിഹാസത്തിലെ ദാക്ഷിണ്യമില്ലായ്മ, ശകാരത്തിലെ കാർക്കശ്യം, പുച്ഛത്തിൽ ഉയരുന്ന പുരികങ്ങൾ, വഴക്കിടുമ്പോഴുള്ള വീറുകൾ, വേദനയിൽ കോടുന്ന ചിറി, കടുത്ത സ്നേഹത്തിന്റെ വാശികൾ, അമർന്നുപോകുന്ന തേങ്ങൽ… അങ്ങിനെയുള്ള അടയാളങ്ങളിലൂടെയാണ്‌ ലളിതമല്ലാത്ത രേഖാചിത്രം എനിക്കുള്ളിൽ വരച്ചിട്ടിരിക്കുന്നത്. അന്യരുടെ വികാരങ്ങളുടെ ബാഹ്യപ്രകടനങ്ങളോടു സംശായാലുവായിരുന്ന സമയങ്ങളിലും  അഭ്രപാളിയിൽ കെ.പി.എ.സി ലളിതയുടെ  സാന്നിധ്യത്തിൽ അതെ അവസ്ഥകളെ ഞാൻ തീക്ഷ്ണമായി അനുഭവിച്ചു. എല്ലാറ്റിനെയും കർക്കശയുക്തിയിൽ വരട്ടിയിരുന്ന മനസ്സിന് ഫിലിംഫ്രെയിമുകളിലൂടെയുള്ള മോചനമായിരുന്നു അത്. പരുക്കൻ സാഹചര്യങ്ങളിൽ ഉരുവമെടുക്കുന്ന  മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ഉൾക്കാഴ്ച  അവരുടെ അഭിനയപാടവം എനിക്ക് അനായാസമായി  കാണിച്ചുതന്നു. ചടുലമായ ആ വരവുകൾ നായികാനായകന്മാരുടെ പെരുപ്പിച്ച ലോകത്തുനിന്ന് എനിക്ക് താല്ക്കാലികരക്ഷയുമായി.

കഥാപാത്രം, ഇടം, ക്രിയ, ഉദ്ദേശ്യം, പശ്ചാത്തലം എന്നിവയെക്കുറിച്ചുള്ള സ്റ്റാനിസ്ലാവ്സ്കിയുടെ വിശദമായ സിദ്ധാന്തങ്ങൾ കെ.പി.എ.സിയിലുള്ള കാലത്തു ലളിത നോക്കിയിട്ടുണ്ടോ എന്നറിയില്ല. എങ്കിലും ഈ ഘടകങ്ങളുടെ  ആന്തരികവത്കരണത്തിലും തുടർന്നുള്ള  കലാപരമായ ബഹിർഗമനങ്ങളിലും അതുല്യമായ ശൈലീഭേദങ്ങളാണ് അവർ കാഴ്ചവച്ചത്. സംവിധായകനും കാമറയും നിയന്ത്രിക്കുന്ന ഷൂട്ടിങ് പ്രകടനങ്ങൾക്കപ്പുറത്തേക്ക് അവർ സഞ്ചരിച്ചു.  ചലനങ്ങളെയും ആംഗ്യങ്ങളെയും  അതിശയോക്തിയുടെ ക്ലോസ്-അപ്പ് പൊലിപ്പിക്കുന്നതിനിടയിൽ.  രംഗത്തിന്‍റെ ഉപഭാഗങ്ങളുടെ ശ്രേണി മുറിഞ്ഞുമുറിഞ്ഞു ചിത്രീകരിക്കേണ്ട സാങ്കേതിക ഇടർച്ചകൾക്കുള്ളിൽ.

കൂറ്റൻ മൂലധനം, താരപരിവേഷങ്ങളുടെ പൊയ്ക്കാലുകൾ, മുഖത്തിന്റെയും ഉടലിന്റെയും സൗന്ദര്യത്തെപ്പറ്റിയുള്ള പളപളപ്പൻ പരസ്യങ്ങളിലെ നിറക്കൂട്ടുകൾ, വ്യക്തി-കുടുംബ-സാമൂഹികബന്ധങ്ങളെ ചുറ്റിപ്പറ്റി  അരക്കിട്ടുറപ്പിച്ച മടുപ്പൻ കഥനരീതികൾ- ഇതൊക്കെയാണല്ലോ കച്ചവടസിനിമയുടെ പൊതുവെയുള്ള ചട്ടക്കൂടുകൾ. കല ജീവിതത്തെ അനുകരിക്കുന്നതിനു പകരം ജീവിതം കലയെ അനുകരിക്കുകയാണ് എന്ന ഓസ്കാർ വൈൽഡിന്റെ ആശയം ലളിതവത്കരിച്ചാൽ അത് ഒരു പക്ഷെ ഏറ്റവും ബാധകമാകുന്നത് സിനിമക്കായിരിക്കും. നായകന്റെ ഹെയർ സ്റ്റൈൽതൊട്ടു നായികയുടെ സാരിയിലെ ഡിസൈൻവരെ അതേമാതിരി പകർത്തുന്ന അനുവാചകരും ഫാൻസ്‌ ക്ലബ്ബുകളും നമുക്കുണ്ട്. അതിനിടയിലാണ് ഒരു സഹകഥാപാത്രം കടന്നുവരുന്നത്. കഥ മുന്നോട്ടുപോകാനോ ഹാസ്യത്തിന്റെ ചേരുവകൾ തട്ടിക്കൂട്ടാനോ ലക്ഷ്യമിട്ട്. നായികയുടെ  കൂട്ടുകാരിയായും അമ്മസങ്കല്പത്തിന്റെ വിശുദ്ധമാതൃകയായും നാത്തൂന്റെ പോരായും സമ്പന്നയുടെ  ധാർഷ്ട്യമായും തൊഴിലെടുക്കുന്ന സ്ത്രീകളുടെ പരാധീനതകളായും എത്രയോവട്ടം ലളിതാമ്മ നമുക്ക് മുന്നിൽ വന്നുപോയി.  ജനപ്രിയതയുടെ പരിമിതികൾക്കുള്ളിലും ഓരോ കഥാപാത്രങ്ങളുടെയും സാധ്യതകൾ അനന്യമാക്കിക്കൊണ്ട്. സ്വാഭാവികാഭിനയം, യഥാതഥ  പ്രകടനം, അത്ഭുതാവഹമായ ശബ്ദനിയന്ത്രണം തുടങ്ങി സദാ  ആവർത്തിക്കാറുള്ള വിശേഷണങ്ങൾക്ക് ഉപരിയായ പ്രചോദനത്തിന്റെ  മണ്ഡലത്തിലാണ് ലളിത നിറഞ്ഞാടിയത്. അതിനാൽ കഴിഞ്ഞതും വന്നതുമായ ഓരോ തലമുറക്കും  അവർ കുടുംബത്തിനകത്തും അയൽപക്കത്തും ജീവിക്കുന്ന ഒരാളായി മാറി.  എനിക്കാകട്ടെ അതിരസികൻ പരദൂഷണങ്ങളും നാട്ടുവിശേഷങ്ങളുമായി അവധിദിവസങ്ങളിൽ വിരുന്നുവരാറുള്ള ഏതോ ബന്ധുവായി.

പോഷകറോളുകൾക്കു ദൃശ്യസംസ്‌ക്കാരത്തിന്റെ ചന്തയിൽ താരമൂല്യത്തിന്റെ ഭാരം വല്ലാതെ പേറേണ്ടതില്ല. അതിനാൽ നിർവ്വഹണവേളകളിൽ അത്തരം അഭിനേതാക്കൾ കൂടുതൽ സ്വാച്ഛന്ദ്യം അനുഭവിക്കുന്നുണ്ടാകണം. തൊഴിലിനുള്ള കൂലിയുടെ കാര്യത്തിൽ അതില്ലെങ്കിലും. ഈയിടെയായി സിനിമകളിൽ കലയുടെ കയ്യും കണക്കും മാറുന്നതാണ് കാഴ്ചയിലെ ഒരു  പ്രതീക്ഷ.

കെ.പി.എ.സിയുടെ തുടക്കത്തിലുണ്ടായിരുന്ന ജനകീയരാഷ്ട്രീയത്തിന്റെ ഊർജ്ജവും നാടകയാത്രകളുമായിരിക്കാം  ലളിതയുടെ അഭിനയശേഷിയെ തികവുറ്റതാക്കിയത്. തൊട്ടടുത്ത ദൈനംദിനയാഥാർഥ്യത്തിന്റെ   സൂക്ഷ്മനിരീക്ഷണത്തിലൂടെ  മാത്രം കൈവരിക്കാവുന്ന സിദ്ധികളായിരുന്നു അവരുടേത്.  സാധകം  ചെയ്തും മനനത്തിലൂടെയും അധ്വാനത്തിലൂടെയും നേടിയെടുത്ത അടിസ്ഥാനപാഠങ്ങൾ.  അതിനാലാണ് എക്കാലത്തെയും അഭിനയവിദ്യാർത്ഥികൾക്ക് അവരുടെ കലാജീവിതം സവിശേഷമായ ആക്ടേഴ്‌സ്  ലാബ് ആയി മാറുന്നത്. സിനിമയിലും അന്ത്യരംഗത്തിനുശേഷം സ്ക്രീനിനു  പുറത്തും പെണ്ണുങ്ങളുടെ അവസ്ഥയും വ്യവസ്ഥയും എപ്രകാരമാണ്? അവയെ നിർമ്മിക്കുകയും പാലിക്കുകയും ചെയ്യാൻ പൊതുബോധത്തിന്റെ കുരുക്കുകൾ മെനെഞ്ഞെടുക്കന്നത് ഏതേതു വിധങ്ങളിൽ? ഇത്തരം കാര്യങ്ങൾ അന്വേഷണവിഷയങ്ങളാകുമ്പോൾ കെ.പി.എ.സി ലളിത ആവിഷ്ക്കരിച്ച മുഹൂർത്തങ്ങൾ  ചലച്ചിത്രപഠനങ്ങളിലെ പ്രധാനസൂചിക ആയിത്തീരാവുന്നതാണ്.

അവസാനദിനങ്ങളിൽ അവർ കടന്നുപോയ സാമ്പത്തികപ്രയാസങ്ങളും സർക്കാർ സഹായത്തിന്റെ പേരിലുള്ള വിവാദങ്ങളും തിരക്കഥക്കു പുറകിലെ ദുഃഖാകുലമായ സംഭവങ്ങളായിരുന്നു.  സോഡിയം ഏറ്റക്കുറച്ചിലുണ്ടാക്കുന്ന മറവികൾ അവർക്ക് അനുഗ്രഹമായി തീർന്നിരിക്കാം.  മതിലുകൾക്കപ്പുറത്തെ ശബ്ദങ്ങളായി ‘ഞാൻ മരിച്ചുപോയാ എന്നെ ഓർക്കുമോ?’  എന്ന ചോദ്യം അവരെ അലട്ടിയില്ലെന്നും ആശ്വസിക്കാം.

‘കല്യാണി കളവാണി…’ എന്ന പാട്ട് വീണ്ടും കേൾക്കുമ്പോൾ കുറച്ചു കാലത്തേക്ക് ലാസ്യത്തിനു പകരം വേദന തോന്നാനാണ് സാധ്യത. എന്നിരുന്നാലും അനുഭവങ്ങളിലും  പാളിച്ചകളിലും നിലനിൽപ് മുടന്തുമ്പോൾ  നിവർന്നുനിൽക്കാനുള്ള കലയുടെ ഇച്ഛാശക്തിയായി  ഒരേ സമയം ലളിതവും സങ്കീർണ്ണവുമായ നാമം  എനിക്കുള്ളിൽ മുന്നോട്ടായുന്നു.

ചിത്രങ്ങൾ – പുനലൂർ രാജൻ (മാങ്ങാട് രത്നാകരന്റെ ശേഖരത്തിൽ നിന്നും)

About Author

എം. നന്ദകുമാർ

ശ്രദ്ധേയനായ ചെറുകഥാകൃത്തും നോവലിസ്റ്റും. വായില്യാക്കുന്നിലപ്പൻ, കഥകൾ, നഷ്ടക്കണക്കുകാർക്ക് ഒരു ജീവിതസഹായി എന്നീ ചെറുകഥാസമാഹാരങ്ങളും പ്രണയം-1024 കുറുക്കുവഴികൾ (ജി.എസ്.ശുഭയോടൊത്ത്), നിലവിളിക്കുന്നിലേക്കുള്ള കയറ്റം, കാളിദാസന്റെ മരണം എന്നീ നോവലുകളും, നീറങ്കൽ ചെപ്പേടുകൾ എന്ന നർമ്മാഖ്യായികയും ചെന്നൈ : വഴി തെറ്റിയവരുടെ യാത്രാവിവരണം എന്ന കവിതാസമാഹാരവും പ്രസിദ്ധീകരിച്ചു. വാർത്താളി-സൈബർ സ്പേസിൽ ഒരു പ്രണയനാടകം എന്ന മലയാളത്തിലെ ആദ്യത്തെ സൈബർ കഥ ചിത്രസൂത്രം എന്ന പേരിൽ ചലച്ചിത്രമായി. ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു.

6 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Jagadesh
Jagadesh
2 years ago

നല്ല കുറിപ്പ്💙

Shameena
Shameena
2 years ago

മലയാളത്തിൻ്റെ മഹാനടിയെ ആ അതുല്യപ്രതിഭയെ ലളിത ചേച്ചീനെ ശരിക്കും വരച്ചു കാട്ടിയ എഴുത്ത്.👌👌👌

Appu Jacob John
Appu Jacob John
2 years ago

Wonderfully written

എം ഫൈസൽ
എം ഫൈസൽ
2 years ago

ലളിതസ്മാരകം.

Santhosh
Santhosh
2 years ago

മലയാളം കണ്ട ഏറ്റവും മികച്ച അഭിനേത്രിയാണ് KPAC ലളിത എന്ന് പറയുന്നതിൽ ഒരു അതിശയോക്തിയുമില്ല… ലളിത ചേച്ചിയെ കുറിച്ചുള്ള നന്ദന്റെ കുറിപ്പ് കൃത്യം…..

Bimal Raj
Bimal Raj
2 years ago

ജീവിത യാത്രയുടെ ഓരോ വളവിലും മൂലയിലും മലയാളി കണ്ടു മുട്ടുന്ന നിത്യ പരിചിത മുഖങ്ങളെ അവരുടെ സ്വാഭാവികമായ വികാരങ്ങളോടെ പകർന്നാടുകയായിരിന്നു ലളിത ചേച്ചി ചെയ്തത്. അത് കൊണ്ടു തന്നെയാവണം നമ്മളൊക്കെ അവരെ ഇത്ര കണ്ട് ഇഷ്ടപ്പെട്ടു പോയത്.
ലളിത ചേച്ചിയെ പറ്റിയുള്ള നന്ദൻ ചേട്ടന്റെ ഈ ഓർമ്മകുറിപ്പ് ഉള്ളിൽ തട്ടുന്നതാണ്, മലയാളിക്ക് അവർ ആരാണെന്ന് ഒന്ന് കൂടി ഓർമ്മിപ്പിക്കുന്നതാണ്. അവിസ്മരണീയമായ കുറിപ്പ്… നന്ദി…