A Unique Multilingual Media Platform

The AIDEM

Animal Story Articles

ആനയെ നൂറുപറഞ്ഞ്, ആറോങ്ങി ഒന്നേയടിക്കാവൂ…

  • August 12, 2022
  • 1 min read
ആനയെ നൂറുപറഞ്ഞ്, ആറോങ്ങി ഒന്നേയടിക്കാവൂ…

ഇന്ന് ലോക ആനദിനം. ആനകളുടെ സംരക്ഷണത്തിനായി 2011 മുതലാണ് ഓഗസ്റ്റ് 12 അന്താരാഷ്ട്ര ആന ദിനമായി ആചരിക്കാൻ ആരംഭിച്ചത്. ഏഷ്യൻ-ആഫ്രിക്കൻ ആനകളുടെ ദുരവസ്ഥ ശ്രദ്ധയിൽ പെടുത്തുന്നതിനായാണ് ആന ദിനം ആചരിക്കുന്നത്. ആനദിനത്തിൽ കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം ചെന്ന ആനപാപ്പാൻമാരിലൊരാളായ പാറശ്ശേരി ചാമി ആശാൻ ‘ദി ഐഡ’വുമായി അനുഭവങ്ങൾ പങ്കുവെക്കുന്നു.
….

ആനയ്ക്കൊപ്പം നടന്ന നീണ്ട 62 വ‍ർഷങ്ങൾ. ചട്ടം പഠിപ്പിച്ച ഗജവീരൻമാർ നൂറോളം, സ്വന്തമായി ഏഴോളം ആനകൾ…. പാറശ്ശേരി ചാമിയാശ്ശാന് ജീവിതം തന്നെ ആനകളായിരുന്നു. പതിനാലാം വയസ്സിൽ തുടങ്ങിയതാണ് ചാമിയാശ്ശാൻറെ ആനകമ്പം. ഇപ്പോൾ പ്രായം 81 കഴിഞ്ഞു. അഞ്ച് വർഷം മുമ്പ് ആനപ്പണി നിർത്തിയെങ്കിലും ആനകളുമായുള്ള ബന്ധം അവസാനിക്കുന്നില്ല. ഇപ്പോൾ കോങ്ങാടിലെ പാറശ്ശേരി പൂക്കൂട്ടത്തിൽ വീട്ടിൽ ചാമിയാശ്ശാനെ കൂടാതെ വേറെയും ആറ് ആനപാപ്പാൻമാരുണ്ട്.

(ഫോട്ടോ – സുജിത്ത് പി വി)

“കുഞ്ഞുന്നാളിലെ എല്ലാ മൃഗങ്ങളേയും വലിയ ഇഷ്ടാണ്. പശു, പോത്ത്, കാള ആടിനേയുമൊക്കെ വീട്ടിൽ വളർത്തിയിരുന്നു. ആ ഇഷ്ടം ആനയോടും ഉണ്ടായി. വീടിന് അടുത്ത് കോട്ടപ്പടി ചിന്നുകുട്ടി നായര് എന്ന ആനകച്ചവടക്കാരനുണ്ടായിരുന്നു. അയാളുടെ വീട്ടിൽ എപ്പോഴും അഞ്ചെട്ട് ആനകളുണ്ടായിരുന്നു. അങ്ങനെ അവിടെ ചുറ്റിപറ്റി നടന്ന് കമ്പം കേറി. ആനക്കാരനാകണം എന്നെ ആഗ്രഹം ഉണ്ടായിരുന്നുള്ളു. സമ്പാദിക്കണമെന്നോ ആനയെ സ്വന്തമാക്കണമെന്നോ ഒന്നും ഉണ്ടായിരുന്നില്ല”, ചാമിയാശ്ശാൻ ആനക്കാരനായി മാറിയ കഥ പറഞ്ഞുതുടങ്ങി.

ആറ് വർഷത്തോളം പലരുടേയും സഹായിയായി നടന്നശേഷം ഇരുപതാം വയസ്സിലാണ് ചാമിയാശ്ശാൻ സ്വതന്ത്ര ആനപാപ്പാനായത്. പിന്നീടിങ്ങോട്ട് സ്വകാര്യ ഉടമകളുടേയും വിവിധ ക്ഷേത്രങ്ങളിലുമായി തലയെടുപ്പുള്ള ഗജവീരൻമാരുടെ ചട്ടക്കാരനായി.

“ചെർപ്പുളശ്ശേരി ക്ഷേത്രത്തിലാണ് ആദ്യമായി ആനപാപ്പാനായി ജോലിക്ക് കേറിയത്. അഞ്ചെട്ട് വർഷം അവിടെ ചട്ടക്കാരനായി. അതിനുശേഷം കുറേക്കാലം തൃശ്ശൂർ ശങ്കരംകുളങ്ങര ക്ഷേത്രത്തിലും പിന്നെ 25 വർഷത്തിലേറെക്കാലം മനിശ്ശേരി ഹരിദാസിൻറെ ആനകളുടെ പാപ്പാനായി. ഏറ്റവും കൂടുതൽ കാലം ഹരിയേട്ടൻറെ ആനകളുടെ പാപ്പാനായാണ് പണിയെടുത്തത്.”

(ഫോട്ടോ – സുജിത്ത് പി വി)

പട്ടിമുറി അയ്യപ്പൻകുട്ടി, ക‍ർണൻ, ശങ്കരംകുളങ്ങര ഗണപതി, രാജ​ഗോപാൽ, വിജയൻ, തുടങ്ങി ഉത്സവപറമ്പിലെ താരങ്ങളായ തലയെടുപ്പുള്ള നിരവധി ആനകളുടെ ചുമതലക്കാരനായിരുന്നു ചാമിയാശ്ശാൻ.

“ഏനിക്ക് ഏറ്റവും ഇഷ്ടമുള്ള ആനകൾ ശങ്കരംകുളങ്ങര പട്ടിമുറി അയ്യപ്പനും കർണനുമാണ്. അയ്യപ്പനേം കർണനേം അറിയാത്ത ആനപ്രേമികളുണ്ടാവില്ല. അയപ്പൻ ഒറ്റചട്ടാണ്. ഒരാൾക്ക് മാത്രേ ചട്ടാവൂ. നമുക്കെപ്പോഴും കാശ് ഇങ്ങനെ വന്നുകൊണ്ടിരിക്കും. തലയെടുപ്പുകൊണ്ട് കർണൻ സൃഷ്ടിച്ച ആരാധകര് ചില്ലറയല്ല. പിന്നെ ശങ്കരംകുളങ്ങര ഗണപതി നാടൻ ആനകളിലെ വലുത് വേറെയില്ലായിരുന്നു. കർണനും അയ്യപ്പനുമാണ് നമ്മളെ ഏറെ പ്രശസ്തനാക്കിയത്.

ഇതിനിടെ മുപ്പതാം വയസ്സിൽ സ്വന്തമായി ഒരു ആനയേയും ചാമിയാശ്ശാൻ വാങ്ങി.

“ഓരോ സമയത്തും ഓരോ ആനയുണ്ടായി. ഒരെണ്ണത്തെ വാങ്ങും. അതിനെ വിൽക്കും. പിന്നെ വേറെ വാങ്ങും. ആദ്യം വാങ്ങിയത് ചേമൻ എന്ന ആനയെയായിരുന്നു. അതിന് ശേഷം തൃപ്പങ്ങോട് സ്വാമിയുടെ കയ്യിൽ നിന്ന് വിജയൻ എന്ന ആനയെ വാങ്ങി. മണ്ണാർക്കാട് നിന്ന് വാങ്ങിയ ഗോവിന്ദൻകുട്ടിയെന്ന ആനയെ പിന്നീട് ഗുരുവായൂരിൽ വേറെ ഒരാൾ നടയിരുത്തി. ഗുരുവായൂർ അപ്പു എന്ന ആ ആനയിലാണ് പദ്മനാഭന് മൂപ്പം കേറിയത്. അവസാനത്തെ ആന വേലായുധൻ എന്ന ആന നാലഞ്ച് കൊല്ലം മുമ്പ് ചരിഞ്ഞു. പിന്നെ വാങ്ങിയിട്ടില്ല”.

സ്വന്തമായി ഏഴോളം ആനയുണ്ടായിരുന്നെങ്കിലും ചാമിയാശ്ശാൻ പക്ഷെ സ്വന്തം ആനകളുടെ പാപ്പാനായിട്ടില്ല. അവരെയെല്ലാം നോക്കിയത് മക്കളും കൊച്ചുമക്കളുമാണ്.

“മക്കളാണ് ഞാൻ വാങ്ങിയ ആനകളെ എല്ലാം നോക്കിയത്. അങ്ങനെ അവരെല്ലാം ആനക്കാരായി. ഞാൻ ആനയെ വാങ്ങുമ്പോഴോക്കെ മറ്റ് ഉടമകളുടെ ആനയുടെ പാപ്പാനായി പണിയെടുക്കുകയാർന്ന്. ആ ആനകളെ നോക്കിയാണല്ലോ ആനയെ വാങ്ങിയത്. അപ്പൊ അവരെ വിടാൻ പറ്റില്ലാലോ.”

(ഫോട്ടോ – സുജിത്ത് പി വി)

സ്വന്തം ആനകളെ പരിപാലിച്ച് പാപ്പാൻമാരായി മാറിയ നാല് മക്കൾ ഗുരുവായൂ‍ർ ആനക്കോട്ടയിലെ ആനക്കാരാണിപ്പോൾ. മൂത്തമകൻ രാധാകൃഷ്ണൻ, മോഹനൻ, വാസു, മണികണ്ഠൻ എന്നീമക്കളെ കൂടാതെ പേരക്കുട്ടി ഗോകുലും അനന്തരവൻ രാധാകൃഷ്ണനും ഇപ്പോൾ ആനക്കോട്ടയിലെ തന്നെ പാപ്പാൻമാരാണ്.
ചാമിയാശ്ശാൻ ചട്ടം പഠിപ്പിച്ച ഗജവീരൻമാരിൽ കേരളത്തിലെ എണ്ണംപറഞ്ഞ തലയെടുപ്പുള്ള ആനകളായി. പക്ഷെ ഒരിക്കലും ആരും ഒരുപ്രശ്നവുമുണ്ടാക്കിയിട്ടില്ല. പക്ഷെ പലകുറി മറ്റ് ആനകൾ അക്രമകാരികൾ ആകുന്നതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

“ ഏതാണ്ട് 20 വർഷം മുമ്പ് തൃശ്ശൂർ മുളയത്ത് അമ്പലത്തിൽ വെച്ചുണ്ടായ ഒരു സംഭവം പറയാം. തിടമ്പേറ്റിയ കർണൻ തിടമ്പ് ഇറക്കുന്ന നേരത്താണ് തിരുവമ്പാടി ചന്ദ്രശേഖരനെ തെച്ചിക്കോട്കാവ് രാമചന്ദ്രൻ തട്ടിയിട്ട് കുത്തിയത്. കുത്തുകൊണ്ട് ആന ചരിഞ്ഞില്ല, പക്ഷെ ദേഹം മുഴുവനും മുറിവായി. ഞങ്ങളൊക്കെ ഓടി രക്ഷപ്പെട്ടു. കർണൻ എൻറെ പിന്നാലെ ഒപ്പം ഓടി വരികയായിരുന്നു. അന്നതൊക്കെ വലിയ വാർത്തയായിരുന്നു.”

(ഫോട്ടോ – സുജിത്ത് പി വി)

ആനകളെ അനാവശ്യമായി തല്ലുന്നതിനോട് ചാമിയാശ്ശാന് എതിർപ്പാണ്. ആനകളുടെ ദേഹത്ത് അടികൊണ്ട മുറിവുകൾ കാണുമ്പോൾ ചാമിയാശ്ശാന് സങ്കടമാണ്.

“ആനകളെ അങ്ങനെ തല്ലാൻ പാടില്ല. നൂറ് പറഞ്ഞ് ആറ് ഓങ്ങി ഒന്നേ അടിക്കാവൂ. എന്നുവെച്ചാൽ ആനയോട് നൂറ് തവണ ഉറക്കെ പറഞ്ഞിട്ട്, പിന്നെയും കേട്ടില്ലേൽ പിന്നെ ആറ് തവണ ഓങ്ങി പേടിപ്പിക്കണം, എന്നിട്ടും കുറുമ്പ് കാണിച്ചാലേ ഒരടിയടിക്കാവൂ. കുറുമ്പ് കാണിക്കുമ്പോൾ ചിലപ്പോൾ ഒരു അടിയൊക്കെ കൊടുക്കേണ്ടിവരും. പക്ഷെ അടിക്ക് പിന്നാലെ അവനെ സ്നേഹിക്കുകയും വേണം. കർണനെയൊക്കെ നമ്മൾ ഒന്ന് തല്ലിയാൽ പിന്നെ ഇനി തല്ലില്ലാട്ടോ എന്നൊക്കെ പറഞ്ഞ് തലോടും. അപ്പൊ അവൻ കണ്ണ് കുറുക്കി തിരിച്ച് സ്നേഹം കാണിക്കും. ഇപ്പൊ പലപ്പോഴും എന്തിനാണ് തല്ലിയതെന്ന് ആനയക്ക് അറിയില്ല. മിണ്ടാതെയാ തല്ലുന്നതും തോട്ടി കുത്തിവലിക്കുന്നതുമൊക്കെ.”

പാറശ്ശേരി ചാമിയാശ്ശാൻ ആനപാപ്പാൻമാ‍‍ർക്കിടയിലെ കാരണവരാണ്. ആനപാപ്പാൻമാരോട് ചാമിയാശ്ശാന് പറയാൻ ഒന്നേയുള്ളു.
“ആനകൾക്ക് പൂരം നന്നാവണം എന്നൊന്നുമില്ല. അവൻ തലയെടുത്ത് നിൽക്കുന്നതൊക്കെ ആനക്കാരൻറെ കഴിവാണ്. പരിശീലനം നൽകുന്നതിൻറെ വിജയമാണ്. അതിന് ആനകളെ സ്നേഹിച്ചാൽ മാത്രം പോര. ആന നിങ്ങളെ തിരിച്ചും സ്നേഹിക്കണം. ഒപ്പം നിങ്ങളോട് ഭയവും വേണം. എന്നാലെ പറഞ്ഞാൽ കേൾക്കൂ”.

About Author

Sanub Sasidharan

മാധ്യമപ്രവർത്തകൻ. ദി ഐഡം, ഏഷ്യനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയ വൺ ടി.വി. എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്.

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Babu
Babu
1 year ago

Babu Vedas

Babu
Babu
1 year ago

ആനദിനത്തിൽ വളരെ നല്ല വാർത്ത. ആശംസകൾ