A Unique Multilingual Media Platform

The AIDEM

Articles Culture Literature

ഈ കലുഷിത കാലത്ത് ടാഗോറിനെ വീണ്ടും വായിക്കുമ്പോൾ

  • August 10, 2022
  • 1 min read
ഈ കലുഷിത കാലത്ത്  ടാഗോറിനെ  വീണ്ടും വായിക്കുമ്പോൾ

ടാഗോറിൻ്റെ മരണത്തിനു ഒരു വർഷത്തിന് ശേഷം 1942 ൽ യുദ്ധബാധിതമായ വാർസോ ഒരു അസാധാരണ സംഭവത്തിന്‌ സാക്ഷ്യം വഹിച്ചു. ടാഗോറിൻ്റെ ഡാക്ഖർ (പോസ്റ്റ്‌ ഓഫിസ് ) എന്ന നാടകം ജാനസ് കോസക് അരങ്ങിലെത്തിച്ചു . ഓഷ്വിറ്റ്സിലെ കോൺസൻട്രേഷൻ ക്യാമ്പുകളിലെ കുട്ടികൾ ഗ്യാസ് ചേമ്പറുകളിൽ ആസന്നമായ മരണം കാത്തിരിക്കവെയാണ് ഈ ഹൃദയവർജകമായ നാടകത്തിൽ അഭിനയിച്ചത്. ഭയപ്പെടേണ്ട, അഗ്നിക്ക് നിങ്ങളെ സ്പർശിക്കാനാവില്ല എന്ന നാടകത്തിലെ വരി മരണത്തിൻ്റെ സാന്ദ്രനിശബ്ദതയിലേക്ക് അവരെ നയിക്കുന്ന ഗൂഢമന്ത്രമായിത്തീർന്നു. ഭൗതികവും അഭൗതികവും, ലൗകികവും ആത്മീയവും, മൃത്യുവും, അമരത്വവും എന്നിങ്ങനെ വൈരുധ്യങ്ങളുടെ ഈ മിശ്രണം ടാഗോറിൻ്റെ ജീവിതത്തിലും കൃതികളിലും പ്രതിഫലിച്ചു കാണാവുന്നതാണ്. വീണ്ടുമൊരിക്കൽ ദേശത്തെയും അതിരുകളെയും കുറിച്ചുള്ള ആശയങ്ങൾ അടക്കിവാഴുന്ന കലുഷമായ ഈ കാലത്ത് നമ്മുടെ ദേശീയ കവിയായ രബീന്ദ്രനാഥ ടാഗോർ ഒരു പുനർവായന ആവശ്യപ്പെടുന്നുണ്ട്. ഭാഷയുടെയും ബന്ധങ്ങളുടെയും ജീവനത്തിൻ്റെയും സമന്വയ പാഠങ്ങൾ നൽകുന്ന, വൈരുധ്യങ്ങൾ വിളക്കിച്ചേർത്ത ഒരു ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത് എന്ന് തോന്നും.

കൊട്ടാരസമാനമായൊരു പടുകൂറ്റൻ ഭവനത്തിൽ ആഡംബരങ്ങൾക്ക് നടുവിലായിരുന്നു ജനിച്ചതെങ്കിലും വീട്ടിലെ വേലക്കാരുടെ കൂടെയായിരുന്നു അദ്ദേഹം വളർന്നത്. പതിനാലു മക്കളിൽ ഇളയവനായിരുന്നെങ്കിലും ഒറ്റപ്പെട്ട ബാല്യമായിരുന്നു. ജന്മിമാരായിരുന്ന അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ ആശ്രമതുല്യമായ ജീവിതമാണ് നയിച്ചിരുന്നത്.
അത്തരത്തിലുള്ള വൈരുധ്യങ്ങൾ, ഒരുപക്ഷെ അവയെ ലയനങ്ങൾ എന്നാവും വിളിക്കേണ്ടത്, ഇനിയുമുണ്ട്- അദ്ദേഹത്തിൻ്റെ പൂർവജർ വ്യവസായികളായ പിരാലി ബ്രാഹ്മണരായിരുന്നു, പക്ഷെ വീട്ടിൽ സദാ എല്ലാത്തരത്തിലുമുള്ള പണ്ഡിതരും എഴുത്തുകാരും കലാകാരന്മാരും ഒത്തുകൂടിയിരുന്നു. വൈദികദർശനങ്ങളിൽ ശിക്ഷണം നേടിയിരുന്ന അദ്ദേഹം പക്ഷെ വേദങ്ങളെ അറിവിൻ്റെ ഏക ഉറവിടമായി കണ്ടിരുന്നില്ല. അദ്ദേഹം ബാവുൽ ലാലൻ ഷായുടെ ഗീതങ്ങൾ പ്രചരിപ്പിച്ചതും ബെദുവിയരുടെ ഭൗതിക ജ്ഞാനത്തെ അംഗീകരിച്ചതുമെല്ലാം വർഗ രാഷ്ട്രീയം കൊടുമ്പിരി കൊള്ളുന്ന നമ്മുടെ കാലത്തു ഏറെ ആവശ്യമായൊരു ചിന്താരീതിയാണ്.

എട്ടു വയസ്സിൽതന്നെ ടാഗോറിൻ്റെ സർഗ്ഗ പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നു. പതിനാറാം വയസിൽ ഭാനുസിംഹ എന്ന തൂലികാനാമത്തിൽ അദ്ദേഹം കവിതകൾ പ്രസിദ്ധീകരിച്ചു. ആ കൗമാരക്കാരൻ്റെ കവിതകൾ പണ്ടെങ്ങോ നഷ്ടപെട്ട ഇതിഹാസ കൃതികളാണെന്ന് നിരൂപകർ തെറ്റിദ്ധരിച്ചത് ഐതിഹ്യങ്ങളും യഥാർഥ്യങ്ങളും ഇഴുക്കിച്ചേർത്ത അദേഹത്തിൻ്റെ കാവ്യബോധത്തോടു ചേർന്നുപോകുന്നതാണ്. അദ്ദേഹത്തിൻ്റെ കവിത ഭാവനാസമ്പന്നവും വായനക്കാരെ ഉദാത്തമായ തലങ്ങളിലേക്ക് ഉയർത്തുന്നവണ്ണം യോഗത്മകവുമായിരുന്നു. അതേ സമയം അദ്ദേഹത്തിൻ്റെ ചെറുകഥകൾ യഥാതഥമായിരുന്നു. ബംഗാളിലെ ഗ്രാമീണ ജീവിതങ്ങളുടെ സൂക്ഷ്മമായ വിവരണങ്ങൾ അടങ്ങിയ കഥകളിലൂടെ ഇന്ത്യയിൽ വിളയാടുന്ന ജാതി എന്ന യഥാർഥ്യത്തെ അദ്ദേഹം നമുക്ക് മുൻപിൽ നിർത്തുന്നു. ഗുരുദേവ് എന്ന് വിളിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന് ഗീതാഞ്ജലിയിലെ സംവേദനാത്മകമായ വരികൾ ബാർഡ് ഓഫ് ബംഗാൾ ( ബംഗാളിന്റെ പാട്ടുകാരൻ ) എന്ന പേരും നേടിക്കൊടുത്തു. എന്നാൽ ഈ പേരുകളൊന്നും അദേഹത്തിൻ്റെ സുനിശ്ചിതമായ ചിന്തയേയോ ചട്ടക്കൂടിനകത്തൊതുക്കാനാവാത്ത വ്യക്തിത്വത്തെയോ വെളിവാക്കുന്നതല്ല.

1905 ൽ കൽക്കട്ട കലുഷിതമായിരുന്നു, പോരാത്തതിന് സാമുദായിക സംഘർഷം ആളിക്കത്തിക്കാൻ നിരന്തരമായ ശ്രമങ്ങളുമുണ്ട്. ടാഗോർ കുടുംബത്തിലെ പാരമ്പര്യമനുസരിച്ചു സ്ത്രീകൾ രക്ഷാബന്ധൻ ദിവസം മുസ്ലിം പുരുഷൻമാർക്ക് രാഖി കെട്ടിക്കൊടുത്തു. നാനാത്വത്തിലെ ഏകത്വം എന്നത് ടാഗോർ ജീവിതത്തിൽ ശീലിച്ച തത്വമാണ്. ദി റിലീജിയൻ ഓഫ് മാൻ എന്ന കൃതിയിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു : ഒരു കഷ്ണം കൽക്കരിയിൽ കാർബൺ തന്മാത്രകൾ എങ്ങനെയാണ് സംയോജിച്ചിരിക്കുന്നത് എന്ന് നമുക്കറിയില്ല, ഒരു കഷ്ണത്തിൽ മാത്രമല്ല പ്രപഞ്ചവുമായിത്തന്നെ പരസ്പരബന്ധത്തിലൂടെ അങ്ങനെയൊരു പുറംരൂപം കെട്ടിപ്പടുക്കുകയാണെന്ന് മാത്രമേ നമുക്ക് പറയാനാവൂ. ടാഗോറിൻ്റെ യോഗാത്മകത യഥാർത്ഥ ലോകത്തോടുള്ള നിസ്സംഗതയായി പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അദേഹത്തിൻ്റെ സവർണപദവി അദ്ദേഹത്തെ അരാഷ്ട്രീയവത്കരിക്കാനുള്ള കാരണമായും പറയാറുണ്ട്.

അദ്ദേഹം ഒരു യോഗിയായിരുന്നു, കർമയോഗിയും. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെത്തുടർന്നു നിർഭയമായി പ്രതികരിച്ചവരിൽ ഒരാൾ അദ്ദേഹമായിരുന്നു. പാകമല്ലാത്ത കുപ്പായം ഊരി മാറ്റുന്ന ലാഘവത്തോടെ തൻ്റെ പ്രഭു പദവി ഉപേക്ഷിച്ചുകൊണ്ട് അദ്ദേഹം ചെമ്സ്ഫോർഡ് പ്രഭുവിനു ഒരു കത്തെഴുതി. അദ്ദേഹത്തിൻ്റെ ഭാഷ വ്യക്തവും അസന്ദിഗ്ധവുമായിരുന്നു,സർഗ്ഗരചനകളിൽ നിന്ന് വ്യത്യസ്തമായി വാക്കുകൾ രാഷ്ട്രീയപരമായിരുന്നു.

ഷെലായിദാഹയിൽ കുടുംബസ്വത്ത്‌ നോക്കി നടത്താൻ അയച്ചപ്പോൾ അദ്ദേഹം ജന്മിയുടെ ആചാരപരമായ ഇരിപ്പിടത്തിൽ ഇരിക്കാതെ കർഷകരോടൊപ്പം നിലത്തിരുന്നു. അദ്ദേഹം കർഷകരോടൊപ്പം ഇരിക്കുകയും അവർക്കൊപ്പം നടക്കുകയും ചെയ്തു. ബംഗാളിലെ ഗ്രാമീണ ജീവിതങ്ങൾ പ്രമേയമായ അദ്ദേഹത്തിൻ്റെ ചെറുകഥകൾ അവരുടെ ദാരിദ്ര്യത്തിൻ്റെയും കഷ്ടപ്പാടുകളുടെയും നേർക്കാഴ്ചയായിരുന്നു. ഫ്രഞ്ച് ചിന്തകനും യോഗിയുമായ സൈമൺ വെയ്ൽ, ശ്രദ്ധയാണ് ഏറ്റവും അമൂല്യവും അസുലഭവുമായ ഉദാരത എന്ന് പറയുന്നു. മറ്റുള്ളവരുടെ ജീവിതത്തിൻ്റെ സൂക്ഷ്മാംശങ്ങളിലേക്കു ടാഗോർ നൽകുന്ന ശ്രദ്ധ ഫ്യൂഡൽ ലോകത്ത് അനുപമമാണ്.

ടാഗോറിനെ സംബന്ധിച്ചിടത്തോളം ഞങ്ങളും നിങ്ങളുമെന്ന ദ്വന്ദ്വങ്ങളുണ്ടായിരുന്നില്ല. അദ്ദേഹം ബ്രിട്ടീഷ് ഭരണത്തെ തള്ളിപ്പറയുകയും ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യത്തിനായി വാദിക്കുകയും ചെയ്തു. എന്നിരുന്നാലും വിരുദ്ധ ദ്വന്ദ്വങ്ങളിൽ ചിന്തിക്കുന്നതിന് എതിരായിരുന്നതിനാൽ ഗാന്ധിജിയുടെ വിദേശ നിർമിത വസ്തുക്കൾ ഉപേക്ഷിക്കുന്നതിനുള്ള ആഹ്വാനത്തെ അദ്ദേഹം എതിർത്തു .സ്വദേശി പ്രസ്ഥാനത്തിൻ്റെ ഭാഗമായി വിദേശ വസ്ത്രങ്ങൾ വിൽക്കുന്ന കടകൾ കൊള്ളയടിക്കുകയും വസ്ത്രങ്ങൾ കൂട്ടിയിട്ടു കത്തിക്കുകയും ചെയ്തു. അതു വഴി വ്യാപാരികൾക്ക് അവരുടെ ജീവിത വരുമാനമാണ് നഷ്ടപ്പെട്ടത്. ദേശ രാഷ്ട്രത്തെ വിവരിക്കാനായി ഒരു യന്ത്രത്തോടാണ് ടാഗോർ ഉപമിച്ചത്. ജനങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ ‘കൂടിച്ചേരൽ എന്ന അർത്ഥത്തിൽ ദേശ രാഷ്ട്രം യാന്ത്രികമായ ആവശ്യത്തിനായി സംഘടിപ്പിക്കപ്പെടുന്ന ഒരു ജനസമൂഹമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആഗോളതലത്തിൽ ദേശീയമായ അതിർത്തികൾ സുതാര്യമായിരിക്കെ ആഗോള സാമ്പത്തിക വ്യവസ്ഥ ഓരോ രാജ്യത്തിൻ്റെയും രാഷ്ട്രീയ അധികാരത്തിന് അതീതമായി ലോകമാകെ നിയന്ത്രിക്കുന്നുണ്ട്. ഇന്ന് രാഷ്ട്രീയ നേതാക്കൾക്ക് വേണമെങ്കിൽ ഒരു യുദ്ധം തുടങ്ങാം ,സ്വന്തം പൗരന്മാരെ കൊന്നു തള്ളാം, ഒരു സമുദായത്തെയാകെ നിഷ്പ്രയോജനമാക്കാം ,പക്ഷെ ഒരു ജനാധിപത്യ സംവിധാനമുണ്ടാക്കി വിഭാഗീയതകൾക്കതീതമായി ജനങ്ങളിൽ അധികാരമെത്തിക്കേണ്ടിവരുമ്പോൾ ആ നേതാക്കൾ അന്താരാഷ്ട്ര കോർപ്പറേറ്റുകളുടെ അടിമകളാവുന്നു എന്ന് പറയാറുണ്ട്.
അവിടെയാണ് ടാഗോറിൻ്റെ അന്തർദേശീയത എന്ന ആശയത്തിൻ്റെ സാംഗത്യം.

ആഗോളവത്കരിക്കപ്പെട്ട ലോകത്ത് ദേശീയത എന്ന ആശയം പുന:പരിശോധിക്കുമ്പോൾ ടാഗോറിൻ്റെ ചിന്തകൾക്ക് പ്രസക്തിയേറുന്നു. ദേശീയതയെക്കുറിച്ചുള്ള സ്വന്തം ആശയങ്ങളാണ് അദ്ദേഹത്തെ നിർവചിക്കുന്നത്. മറ്റെല്ലാ സാങ്കൽപിക സമുദായങ്ങളെയും ഉൾക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിൻ്റെ ദേശീയത. അതു കൊണ്ട് അദ്ദേഹം വിഭാവനം ചെയ്ത സർവകലാശാല എല്ലാ മനുഷ്യരെയും ഒരുമിച്ചുകൊണ്ടുവരുന്നതായിരുന്നു. അദ്ദേഹം ബ്രിട്ടീഷുകാരുടെ ദേശീയതാദർശനങ്ങളെയും സാമ്രാജ്യത്വ ഭരണത്തിന് അവർ നൽകുന്ന കാരണങ്ങളെയും എതിർത്ത ഒരു മാനവികവാദിയും സാർവലൗകികവാദിയും സാർവദേശീയവാദിയുമായിരുന്നു.
പാശ്ചാത്യലോകത്തെ ദേശ നിർമിതിയെക്കുറിച്ചും നാഗരിക സമൂഹത്തെക്കുറിച്ചും ചിന്തിച്ചുകൊണ്ട് പാശ്ചാത്യശക്തികൾ ഗ്ലോബൽ സൗത്തിൽ കോളനികൾ ഉണ്ടാക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു എന്ന് ഹോമി ഭാഭ എഴുതുന്നു.
‌ദേശീയത ഒരു വൻ വിപത്താണെന്നും അതാണ് വർഷങ്ങളോളം ഇന്ത്യയുടെ പ്രശ്നങ്ങളുടെ മൂലമെന്നും എഴുതിയ ടാഗോർ ഭരണകൂടം സ്വന്തം പൗരന്മാർക്കെതിരെ അധികാരം പ്രയോഗിക്കുന്നത് മുൻകൂട്ടി കണ്ടു. ദേശ രാഷ്ട്രത്തിന് അതിൽ ഉൾപ്പെടാത്തവരെ തള്ളിക്കളഞ്ഞു കൊണ്ട് നേടേണ്ട ലക്ഷ്യമാണ് പരിരക്ഷ എന്നത് . ഭരണഘടനാപരമായ ഫെഡറൽ സംവിധാനത്തിനകത്ത് പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു ബഹുസ്വരതയുണ്ട് – ജനങ്ങളെ പുറമേക്കാരായി കണ്ട് നോട്ടമിടുന്നത് ന്യൂനപക്ഷങ്ങൾക്കെതിരെ ഭൂരിപക്ഷത്തെ സംരക്ഷിക്കുന്നതിനുള്ള പുത്തൻ ഗോത്ര ദേശീയതയുടെ അജണ്ടയാണ്.

യത്ര വിശ്വം ഭവത്യേകനീഡം എന്ന അദ്ദേഹത്തിൻ്റെ സ്ഥല സങ്കൽപം പശ്ചിമ ബംഗാളിലെ ബോൽപൂരിൽ അദ്ദേഹം നിർമിച്ച വിശ്വസർവകലാശാലയിൽ സാക്ഷാത്കരിക്കപ്പെട്ടു. അദ്ദേഹം വിശ്വഭാരതി എന്നതിന് പേരിട്ടു. കൊളോണിയൽ സമ്പ്രദായത്തിലെ അടച്ചിട്ട ക്ലാസ് മുറികൾ ഒഴിവാക്കി വലിയ മാവിൻ്റെ തണലിലും അതു പോലെ തുറന്ന ഇടങ്ങളിലും ഇരുന്ന് വിദ്യാർത്ഥികൾ പഠിച്ചു. കൂടുതൽ സ്വതന്ത്രവും നിയന്ത്രണ രഹിതവുമായ പഠനമേഖല ഒരുത്തന്നതു കൂടാതെ ശാന്തിനികേതൻ ലോകമെമ്പാടുമുള്ള വിഭിന്ന സംസ്കാരങ്ങളെ ഈ ഗ്രാമ്യ അന്തരീക്ഷത്തിലേക്ക് കൊണ്ടുവന്നു. രാജ്യം, സംസ്കാരം, ഭാഷ, വർണം, ലിംഗം എന്നിവക്കെല്ലാം അതീതമായി എല്ലാവരും ഒരുമയോടെ കഴിഞ്ഞ ഒരു ആദർശരാഷ്ട്രമായിരുന്നു ശാന്തിനികേതൻ.



വിവർത്തനം – പി എൻ സൗമ്യ.

About Author

സാഹിറ റഹ്മാൻ

ഇംഗ്‌ളിഷിൽ കവിതയെഴുതുന്ന പ്രൊഫസർ സാഹിറ റഹ്മാൻ 25 വർഷത്തോളം സാഹിത്യ അധ്യാപികയായിരുന്നു. വിവർത്തകയും ചിത്രകാരിയുമാണ്. നാടകപഠനത്തിൽ (തിയേറ്റർ എഡ്യൂക്കേഷനിൽ) പിഎച്ച്ഡി നേടിയിട്ടുണ്ട്.