‘എ സഹറു ക്രോണിക്കിള്‍’ – നോവല്‍ ജീവിതവും ജീവിത നോവലും
ഒരാള്‍ എഴുത്തുകാരനാകാന്‍ തീരുമാനിക്കുന്നു. മലയാളിയായ, മലപ്പുറത്തെ അരീക്കോട് സ്വദേശിയായ, മൂര്‍ക്കനാട് സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അയാള്‍, ഇംഗ്ലീഷ് ഭാഷയിലെ കൃതികള്‍ വായിച്ചും ഭാഷയ്ക്കായി നിരന്തരം യത്നിച്ചും തന്നിലെ ഭാഷയെ തുടര്‍ച്ചയായി നവീകരിച്ചും ഇംഗ്ലീഷ് ഭാഷയില്‍ തന്നെ സാഹിത്യമെഴുതാന്‍ തീരുമാനിക്കുന്നു. തത്ഫലമായി, ജെഎന്‍യുവിലെ ബിരുദ-ബിരുദാനന്തര പഠനത്തിന് ശേഷം, അവിടുത്തെ പിഎച്ച്ഡി പഠനം പോലും പാതിയില്‍ ഉപേക്ഷിച്ച് പൂര്‍ണ്ണസമയ എഴുത്തുകാരനാകുന്നു. ആദ്യഘട്ടത്തില്‍ എഴുതിയ ആംഗലേയ കവിതകളില്‍ നിന്ന് മാറി, തന്റെ വഴി ഫിക്ഷനാണെന്ന തിരച്ചറിവില്‍ നോവലുകള്‍ എഴുതാന്‍ ആരംഭിക്കുന്നു. പ്രസാധകരെ ലഭിക്കാതെ തന്നെ മൂന്നു നോവലുകള്‍ പൂര്‍ത്തിയാക്കി നാലാമത്തെ നോവല്‍ എഴുതുന്നു. ഇരുപത്തി മൂന്ന് വയസ്സു മുതല്‍ മറ്റ് ജോലികളൊന്നും ചെയ്യാതെ മുപ്പത്തിയെട്ട് വയസ്സുവരെയും എഴുതിക്കൊണ്ടിരിക്കുന്നു. ലോകം അറിയാതെ അയാള്‍ തന്റെ എഴുത്ത് തുടര്‍ന്നതിന് കാരണം അയാളുടെ ഇംഗ്ലീഷ് രചനകള്‍ക്ക് പ്രസാധകനെ ലഭിച്ചില്ല എന്നതു മാത്രമായിരുന്നു. ഇതിനു സമാനമായി തന്റെ അഭിനയ മോഹവുമായി അല്ലെങ്കില്‍ സംവിധാന മോഹവുമായിയെല്ലാം സിനിമാ മേഖലയില്‍ ആളുകള്‍ മുന്നോട്ടു പോയ ഉദാഹരണങ്ങള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ സാഹിത്യമേഖലയില്‍ ഇത്തരമൊരു സാഹസികാന്വേഷണം അത്യപൂര്‍വ്വമാണെന്ന് പറയേണ്ടി വരും. വര്‍ഷങ്ങള്‍ എടുത്ത് എഴുതിയ മൂന്നു നോവലുകള്‍ക്കു ശേഷം തന്റെ നാലാമത്തെ നോവല്‍ ‘ക്രോണിക്കിള്‍ ഓഫ് ആന്‍ അവര്‍ ആന്റ് എ ഹാഫ്’ -CHRONICLE OF AN HOUR AND A HALF-എഴുത്തുകാരന്‍ എട്ടു മാസം കൊണ്ട് പൂര്‍ത്തിയാക്കുന്നു.
അഞ്ച് വര്‍ഷം മുമ്പ്, 2019 ല്‍ പൂര്‍ത്തിയാക്കിയ പ്രസ്തുത രചന തുടര്‍ന്ന് കോവിഡ് കാലത്തിന്റെ പ്രതിസന്ധികള്‍ കൂടി മറികടന്ന്, 2024 ല്‍ മാത്രം പ്രസിദ്ധീകൃതമാകുന്നു. പ്രസ്തുത രചന ജെസിബി പുരസ്കാരത്തിന് ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നു; പിന്നീട് നോവല്‍ ക്രോസ് വേഡ് പുരസ്കാരം തന്നെ നേടുന്നു. അതുവരെയും തന്റെ എഴുത്തു വഴിയില്‍ ഒപ്പം നിന്ന് പിന്തുണച്ച അങ്കണവാടി അധ്യാപിക കൂടിയായ തന്റെ ഉമ്മയ്ക്ക് -വി പി നുസൈബ ബിവിയ്ക്ക്-അയാള്‍ പുസ്തകം സമര്‍പ്പിക്കുന്നു. പുസ്തകം മാത്രമല്ല തന്റെ എഴുത്ത് ജീവിതം തന്നെ മാതാവിനോട് പൂര്‍ണ്ണമായി കടപ്പെട്ടിരിക്കുന്നുവെന്നതിനാല്‍, അയാള്‍ സഹറു നുസൈബ കണ്ണനാരി എന്ന് ഉമ്മയുടെ പേര് കൂടി ചേര്‍ത്ത് തന്റെ എഴുത്ത് നാമം സൃഷ്ടിക്കുന്നു. ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഇപ്പോള്‍ സഹറു നുസൈബ കണ്ണനാരി എന്ന പേര് ഏറെ ശ്രദ്ധേയമാകുകയും, പെന്‍ഗ്വിന്‍ പബ്ലിക്കേഷന്‍ എഴുത്തുകാരന്റെ ‘മേനോന്‍ ഇന്‍വെസ്റ്റിഗേഷന്‍’ എന്ന പുതിയ നോവല്‍ വൈകാതെ പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ‘A Saharu Chronicle’ എന്ന് വിശേഷിപ്പിക്കാവുന്ന വിധം, ജീവിതവും ഫിക്ഷനും പരസ്പരം അതിരുകള്‍ ഭേദിക്കുന്ന ഒന്നായി ഈ എഴുത്തുകാരന്റെ ജീവിതം ഇപ്പോള്‍ നമുക്കു മുന്നില്‍ പ്രത്യക്ഷമാകുകയാണെന്ന് പറയാം മാത്രമല്ല സഹറുവിന്റെ സാഹിത്യബോധ്യങ്ങളിലും നിലപാടുകളിലും കൂടി ഇങ്ങനെ ഒരു വിശേഷണത്തിന്റെ സാധ്യതകള്‍ നിലകൊള്ളുന്നു എന്ന പ്രത്യേകതയുമുണ്ട്. മലയാളത്തില്‍ വൈക്കം മുഹമ്മദ് ബഷീറിലോ ഇപ്പോള്‍ മുഹമ്മദ് അബ്ബാസിലോ (പെയിന്റിംഗ് ജോലി ചെയ്യുന്നുണ്ടെങ്കിലും) കാണുന്ന, എഴുത്തിന്റെ ‘സത്യസന്ധവും യാതനാപൂര്‍ണ്ണവുമായ തൊഴില്‍വല്‍ക്കരണം’ എന്നത് മറ്റൊരു മലയാളി ഇതാദ്യമായി ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സാധ്യമാക്കുക കൂടിയാണിവിടെ എന്നു പറയാം.
സ്കൂള്‍ പഠന കാലയളവില്‍ സാഹിത്യവുമായി യാതൊരു അടുപ്പവുമില്ലാതിരുന്ന സഹറു, ജെഎന്‍യു പഠന ഘട്ടത്തിലാണ് ഇംഗ്ലീഷ്, സാഹിത്യ വായന ഗൗരവമായി ആരംഭിക്കുന്നതെന്ന സവിശേഷതയുണ്ട്- അതുകൊണ്ട് തന്നെ മലയാള സാഹിത്യത്തില്‍ ഒട്ടും പരിചയമില്ല എന്ന കാര്യവും സ്മരണീയമാണ്. ഇപ്പോള്‍, ക്രോസ് വേഡ് പുരസ്കാരം തന്റെ ആദ്യ കൃതിക്ക് തന്നെ ലഭിക്കുന്ന, സഹറു നുസൈബൈ കണ്ണനാരിയുടെ ‘ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻ്റ് എ ഹാഫ്’ (Chronicle Of An Hour And A Half) എന്ന രചനയുടെ വായന, പല കാരണങ്ങളാല്‍ വ്യത്യസ്താനുഭവം പകരുന്നുണ്ട്. സാമൂഹികവും സാംസ്കാരികവും സ്ത്രീപക്ഷപരവും വര്‍ണ്ണപരവും സദാചാരപരവും ആയ ചില അസമത്വങ്ങളെയും അനീതികളെയും ഒട്ടും കലര്‍പ്പില്ലാതെ, സ്ഥാപിത താല്പര്യങ്ങളില്ലാതെ അഭിസംബോധന ചെയ്യുകായാണ് ഈ കൃതി. ഒന്നുകൂടി അപഗ്രഥനാത്മകമായി പറഞ്ഞാല്‍, നേരുളള നോട്ടങ്ങളുടേയും വിചാരണകളുടേയും ആശയങ്ങളുടേയും ചിന്തകളുടേയും ഒരു സമാഹാരം കൂടിയായി നോവല്‍ പരിണമിക്കുകയാണ്. മാത്രമല്ല, അത് എഴുത്തുകാരന്‍ തന്റെ സാഹിത്യത്തിന്റെ – നോവലിന്റെ – പ്രഖ്യാപിത ലക്ഷ്യവും ബോധവുമായിട്ടാണ് സ്വാംശീകരിച്ചിട്ടുളളത് എന്ന വസ്തുതയും, ഈ രചന ബഹളങ്ങളില്ലാതെ നമ്മളെ അറിയിച്ചുകൊണ്ടിരിക്കുമെന്നത്, കൃതിയുടെ ഒരു പ്രധാന ആഖ്യാന സവിശേഷതയായിക്കൂടി എണ്ണാം.
ഈ ലേഖകന്റെ നോവല്‍വായന അവാസാന ഘട്ടത്തില്‍ എത്തുമ്പോള്‍ തന്നെയാണ്, ഏകാന്തരായ മനുഷ്യർക്കുളളതാണ് സാഹിത്യം എന്നും മനുഷ്യാവസ്ഥകളുടെ ആസ്വാദ്യകരമായ കുറ്റവിചാരണയാണ് സാഹിത്യം എന്നുമുളള തന്റെ തുറന്നബോധ്യം, സഹറു സഹജാവബോധത്തോടെ പറയുന്നത് വായിച്ചത്. (മാതൃഭുമി ദിനപ്പത്രം – ഡിസംബര്‍ 11) ഒരര്‍ഥത്തില്‍, സദാചാര കാപട്യത്തെ കീറിപ്പറിക്കുന്ന, സ്ത്രീജീവിത സംഘർഷങ്ങളുടെ ‘സത്യരോദന’മാകുന്ന ഈ രചന അതിന്റെ അപകടകരമായ ‘നിഷ്കളങ്കലാളിത്യം’ കൊണ്ടും ‘രക്തസ്നാത’മായ ചിരികൊണ്ടും അവിശ്വസനീയമായ സത്യസന്ധത കൊണ്ടും നമ്മളെ ഒരു സ്വയം പീഡയ്ക്കും ആത്മവിചാരണയ്ക്കും സന്നദ്ധമാക്കുന്നുണ്ട് എന്നതാണ് വായനയില്‍ എനിക്ക് ബോധ്യപ്പെട്ട പ്രധാന വസ്തുത.
നബീസുമ്മ, റെയ്ഹാന, ഇമാം ഷാനവാസ് അഷറഫ്, അഹമ്മദ്, പാത്തുമ്മ, ഹക്കിമാക്ക, ചിന്നൻ, ഷാഹിദ്, ജൂൺ, ഫണ്ണി, ദീപു എന്നിങ്ങനെ നോവല്‍ അധ്യായങ്ങള്‍ പോലെ പ്രത്യക്ഷമാകുന്ന പേരുകള്‍, വ്യക്തിനാമങ്ങൾ മാത്രമായോ അധ്യായശീർഷകങ്ങൾ മാത്രമായോ അല്ല ഈ രചനയിൽ പ്രത്യക്ഷപ്പെടുന്നത് അല്ലെങ്കില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് വായന ആരംഭിക്കുന്ന ഉടൻ തന്നെ നമ്മൾ അറിഞ്ഞു തുടങ്ങുന്നു. ഓരോ ശീർഷകവും അഥവാ അധ്യായവും മനുഷ്യാവസ്ഥയുടെ വിശകലനവും വിചാരണയും വ്യാഖ്യാനവുമായി വികസിക്കുന്നതാണ് ഈ രചനയുടെ പ് മുഖ്യ സവിശേഷത എന്നതാണ് അതിന് കാരണം. നേരത്തേ സൂചിപ്പിച്ചതുപോലെ, ജീവിതം തന്നെ ഫിക്ഷനും, ഫിക്ഷൻ തന്നെ ജീവിതവുമാകുന്ന ഒരു സങ്കീർണ്ണാവസ്ഥയെ ‘ശിരസാ വഹിക്കുന്ന’ സഹറു നുസൈബ കണ്ണനാരിയുടെ രചന- ഈ ‘ഒന്നര മണിക്കുറിന്റെ പുരാവൃത്തം’ അതുകൊണ്ട് തന്നെ സൂക്ഷ്മവും ശ്രദ്ധാപൂര്‍വ്വവുമായ, ഭാഷാപരമായി പ്രത്യേക ജാഗ്രതയുളള ഒരു വായന ആവശ്യപ്പെടുന്നുണ്ട് എന്നതില്‍ സന്ദേഹമില്ല.
സഹറുവിൻ്റെ നോവൽ ആഖ്യാനം കഥാപാത്രങ്ങളിൽ നിന്ന് കഥാപാത്രങ്ങളിലേക്ക് തെന്നി നീങ്ങുന്നത് ശ്രദ്ധേയമാണ്. ഒന്നര മണിക്കൂറിൽ ഭിന്ന മനുഷ്യരുടെ ചിന്താധാരകളും അനുഭവങ്ങളും വീക്ഷണങ്ങളും മാറി മാറി വരുന്നു. ഒരു സിനിമാറ്റിക് ആഖ്യാനം പോലുള്ള, രേഖീയമല്ലാത്ത ഈ നോൺ ലിനിയർ നോവൽ ആഖ്യാനം വില്യം ഫോക്നറുടെ As l Lay Dying എന്ന രചനയുടെ സ്വാധീനത്താലും കൂടിയാണ് താൻ ഉപയോഗിച്ചിട്ടുള്ളത് എന്ന് എഴുത്തുകാരൻ പറഞ്ഞിട്ടുണ്ട്. ഫോക്നറുടെ പ്രസ്തുത കൃതിയിൽ നിന്നുള്ള ഒരു ഉദ്ധരണിയും നോവൽ ആരംഭത്തിൽ നമുക്ക് കാണാം.
‘He gave me five children and then he rested, like God after Creation’ എന്ന ആദ്യ നോവല്‍ വാചകം (നബീസുമ്മ എന്ന ആദ്യ അധ്യായത്തില്‍) നബീസുമ്മ ഭര്‍ത്താവിനെക്കുറിച്ച് പറയുന്ന ആദ്യവാചകം, ഒരു പക്ഷെ ദൈവത്തെപ്പോലും ചിരിപ്പിക്കുന്നതും ഒപ്പം ദു:ഖിപ്പിക്കുന്നതുമാണ്. നബീസുമ്മയുടെ ജീവിതത്തിലെ കടുത്ത യാതനകളുടെ ഏറ്റവും ഹ്രസ്വമായ ഈ വിവരണം, നോവലിന്റെ ആകെ സ്വഭാവത്തെ നിര്‍വ്വചിക്കുന്ന ആഴമേറിയ കർമ്മം കൂടി ചെയ്യുകയാണ്. രക്തസ്നാതമായ ഹാസ്യം എന്ന് നേരത്തേ എഴുതിപ്പോയത് അതിനാലാണ്. സ്വന്തം രക്തം വാര്‍ന്നുപോകുമ്പോഴും കുടുംബത്തിനായി രാപ്പകലില്ലാതെ യത്നിക്കുന്ന അസംഖ്യം സ്ത്രീകളുടെ നിത്യപ്രതീകമാണവര്‍. ദുരന്തത്തിന്റെയും യാതനയുടെയും മറ്റൊരു പ്രതീകമായി കനത്ത മഴയും നോവലില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. നബീസുമ്മയില്‍ നിന്നും ജീവിത പശ്ചാത്തലത്തിലും സാമ്പത്തിക സാഹചര്യത്തിലും ഏറെ മുന്നില്‍ നില്‍ക്കുന്ന റെയ്‌ഹാനയും പക്ഷേ ഒട്ടും സന്തുഷ്ടയോ സംതൃപ്തയോ അല്ല എന്നിടത്താണ് – നോവല്‍ മനുഷ്യന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട, സ്ത്രീയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പുതിയ പ്രശ്നം ഉന്നയിക്കുന്നത്.
പതിനാലു വയസ്സു കൂടുതലുളള സാദിഖിനെ വിവാഹം കഴിച്ചതില്‍, അയാളുടെ കുഞ്ഞുങ്ങളെ പ്രസവിച്ചതില്‍ ഒന്നും തനിക്ക് ഒരു പങ്കും ഇല്ലെന്നു കൂടി വിശ്വസിക്കുന്ന മാനസികാവസ്ഥയിലാണ് റെയ്ഹാന എന്ന കാര്യം, വാസ്തവത്തില്‍ നോവലിന്റെ പ്രമേയത്തെ തന്നെ നിര്‍ണ്ണയിക്കുന്നതാണ് നമ്മള്‍ കാണുന്നത്.ഒരേ മതത്തില്‍പെട്ട റെയ്‌ഹാനയും ബുർഹാനും തമ്മിലുള്ള വിവാഹേതര ബന്ധത്തെക്കുറിച്ചുളള ഗോസിപ്പുകളും രഹസ്യവാര്‍ത്തകളും, പിന്നീട് ദുരന്തത്തിലേക്ക് നയിക്കുന്ന സംഭവങ്ങളുടെ–ആള്‍ക്കൂട്ട കൊലപാതകത്തിലേക്ക് നയിക്കുന്ന സംഭവങ്ങളുടെ–ഒരു ശൃംഖലയ്ക്ക് തിരികൊളുത്തുന്ന സാഹചര്യം കൂടിയാണ് നോവലിന്റെ പ്രധാന പ്രമേയം എന്നു പറയാം. വിവാഹിതയും കുട്ടികളുടെ അമ്മയുമായ റെയ്‌ഹാന, സാമൂഹിക നിയമങ്ങള്‍ ലംഘിക്കുമ്പോള്‍ സ്വാഭാവികമായും അവര്‍ പുരുഷാധിപത്യ വിചാരണകളുടെ ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷത്തില്‍ അകപ്പെടുക കൂടിയാണ്. അതേസമയം നോവലിസ്റ്റ് മനുഷ്യ വികാരങ്ങളുടെ സങ്കീർണ്ണതയത്രയും സമർത്ഥമായി വെളിപ്പെടുത്താനാണ് ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്തുന്നത് എന്നു പറയാം. റെയ്‌ഹാനയുടെ ധിക്കാരങ്ങളും ബുർഹാൻ്റെ രഹസ്യ സന്ദർശനങ്ങളും, ഒരര്‍ഥത്തില്‍, പക്വതയെത്താത്ത ഒരു സമൂഹത്തിന്റ സദാചാര നാട്യങ്ങളെയും/കാപട്യങ്ങളേയും സ്ത്രീവിരുദ്ധതയെയും നഗ്നമായി അവതരിപ്പിക്കാനുളള ഇടമാക്കുക കൂടിയാണ് എഴുത്തുകാരന്‍. നബീസുമ്മയുടെയും റെയ്ഹാനയുടെയും ഏതാനും ചിന്തകള്‍ നോക്കിയാല്‍ അവരുടെ സാഹചര്യം കൂടുതല്‍ ബോധ്യപ്പെടുമെന്നതില്‍ തര്‍ക്കമില്ല. ‘Sometimes I can’t believe he gave me five children, that I brought up five sons who grew just as big and useless as their father, that at my fortynine I still have to eke out a living to feed all the jobless men in the house’ എന്ന നബീസുമ്മയുടെ ചിന്താവാക്യങ്ങളില്‍ അവരുടെ ജീവിതം തിളച്ചു മറിയുന്നുണ്ട്.
‘When they came I was alone in the house counting the leaking holes in the roof and, believe me, there were thirty. Thirty. It’s a wonder the house has not yet collapsed. But then it’s also a wonder that Nabeesa has not collapsed either, or gone mad.’ എന്നു കൂടി വായിക്കുമ്പോള്‍ അതിന്റെ തീവ്രത നമ്മളില്‍ നിറയുന്നു. അതുപോലെത്തന്നെ റെയ്ഹാന ഭര്‍ത്താവിനെക്കുറിച്ച് ചിന്തിക്കുന്നിടത്തും ഈ പ്രത്യേകതകള്‍ കാണാം. ‘My husband gave me everything including his kindney’ എന്നാരംഭിക്കുന്ന ചിന്ത പതുക്കെ വിപരീത ദിശയിലേക്ക് നീങ്ങുന്നത് പ്രത്യക്ഷ ഉദാഹരണമാണ്. ‘This curious fate of having to carry inside me a vital organ of a man I hate to call mine. Is there a stranger bondage? It has none of the comforts of an unknown donor’ എന്ന റെയ്ഹാനയുടെ ചിന്ത തുടര്‍ന്ന് നമ്മള്‍ വായിക്കുന്നുണ്ട്. അവരുടെ വിവാഹ ജീവിതത്തിന്റെ മുഴുവന്‍ യാന്ത്രികതയും എഴുത്തുകാരന്‍, കറുത്ത ഫലിതം പോലെയാണ് അവരുടെ ചിന്തയിലൂടെ അവതരിപ്പിക്കുന്നത്. ‘And then I was pregnant each year, a ritual much like Ramzan, and each child was like a bomb, an explosion of confusion. I didn’t even know that i had any part in it.’ എന്നതിനേക്കാള്‍ ഈ അവസ്ഥയെ എങ്ങനെയാണ് ചിത്രീകരിക്കുക?
ഭാഷയുടെയും ശൈലിയുടെയും ശ്രദ്ധേയമായ പരി്ചരണങ്ങള്‍ സഹറുവിന്റെ എഴുത്തില്‍ കാണാം. അതുകൊണ്ടാണ് ബുര്‍ഹാന്‍ ബന്ധത്തിന്റെ പേരിലുളള പ്രക്ഷുബ്ധമായ സദാചാരവിചാരണയ്ക്കും കൊലയ്ക്കും എല്ലാം ഓടുവില്‍, ‘റെയ്ഹാനയ്ക്ക് തന്റെ ജീവിതം ഒടുവില്‍ ഒരു പഴയ വിവാഹത്തിന്റെ പുതിയ തുടക്കമായി, ഇരുപത്തിയഞ്ച് മണ്‍സൂണുകള്‍ക്ക് മുമ്പുളള ആരംഭമായി അനുഭവപ്പെട്ടു’ എന്ന് നോവലിസ്റ്റ് നിസ്സംഗമായി എഴുതുന്നത്. ഒന്നര മണിക്കൂർ കൊണ്ട് ഒരു ഗ്രാമം ദയാരഹിതമായി പിളരുന്നതും എല്ലാവരും ശിക്ഷ വിധിക്കാന്‍ ബാധ്യസ്ഥരാകുുന്നതും നമ്മള്‍ കാണുന്നുണ്ട്. ‘ഭാവി ജനക്കൂട്ടത്തിന്റേതാണെ’ന്ന് (The Future belongs to crowds- Don Delilo) എന്ന അമേരിക്കന്‍ നോവലിസ്റ്റ് ഡോൺ ഡെലിലോയുടെ വാക്യം നോവലിന്റെ പ്രാരംഭത്തില്‍ എഴുത്തുകാരന്‍ ഒരു താക്കോല്‍ വാചകം പോലെ ചേര്‍ത്തിരിക്കുന്നത് ഇവിടെ പ്രത്യേകം ഓര്‍ക്കാനാകും. വീണ്ടും നോവലിന് പല തലങ്ങളിലുളള വായനാ സാധ്യതകള്‍ സഹറു തന്റെ രചനയില്‍ കൊരുത്തുവെച്ചിട്ടുണ്ടെന്ന് പറയാം. റെയ്ഹാനയുടെ നിറത്തെക്കുറിച്ചുളള സങ്കല്പം- അവര്‍ സ്വയം കാണുന്നത് മില്‍ക്കി വൈറ്റ് ആയിട്ടാണ്- സമൂഹത്തിലെ പലതരം അസമത്വങ്ങളുടെ ഉപബോധ പ്രത്യക്ഷമായി കാണാനാകും. കാരണം എഴുത്തുകാരന്‍ രാഷട്രീയം, മതം, ജാതി, നിറം തുടങ്ങി നിരവധി സ്ഥാപനങ്ങളെയും സങ്കല്പങ്ങളെയും കൃത്യവും സൂക്ഷ്മവുമായ വിമര്‍ശനബുദ്ധിയോടെ സമീപിക്കുക കൂടിയാണ്. ഏകാകിതയുടെ ലംഘനമായാണ് അനുഭവങ്ങള്‍ ഉണ്ടാകുന്നത് എന്ന് കണ്ണനാരി ചിന്തിക്കുന്നുണ്ട്. ഈ എഴുത്തുകാരന്റെ എല്ലാ ആവിഷ്കാരങ്ങളിലും സ്പഷ്ടമായി പ്രത്യക്ഷമാകാനിരിക്കുന്ന ‘വിചാരണകള്‍’ നമ്മുടെ സമൂഹത്തെയും സാംസ്കാരിക ബോധത്തെയും ഒന്നു കൂടി മുന്നോട്ടു നയിക്കുന്നതാകുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. തന്റെ നോവലുകളുടെ ആഴമുളള പഠനങ്ങള്‍ക്ക്, അതിലെ ഭാഷ, പ്രമേയം, ആശയലോകം, മതസമീപനം (നോവല്‍ മതത്തിന്റെ എതിര്‍ പക്ഷത്ത് നിന്നാല്‍ മാത്രമാണ് അതിന് മനുഷ്യന്റെ സങ്കീര്‍ണ്ണതകളെ സത്യസന്ധമായി ആവിഷ്കരിക്കാനാകൂ എന്ന ഒരു ബോധം, ഈ എഴുത്തുകാരനെ ഭരിക്കുന്നുണ്ട്) സ്ത്രീസ്വാതന്ത്ര്യ വിചാരങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങളെ അഭിസംബോധന ചെയ്യുന്ന ശ്രദ്ധേയമായ പുനര്‍വായനകള്‍ക്ക് സഹറു നുസൈബ കണ്ണനാരിയുടെ കൃതികള്‍ വായനക്കാരെ ക്ഷണിച്ചു കൊണ്ടിരിക്കുമെന്നതില്‍ സന്ദേഹമില്ല-എഴുത്തുകാരന്‍ അത്രമേല്‍ ഗൃഹപാഠവും ആത്മാര്‍ഥതയും തന്റെ രചനകളുടെ പ്രമേയത്തിനും ഭാഷയ്ക്കും വേണ്ടി പ്രകടമാക്കുമ്പോള്‍ പ്രത്യേകിച്ചും.