മാര്‍ക്‌സിലെ ഇക്കോളജിസ്റ്റിനെ തിരയേണ്ടതെവിടെ?

കുഹൈ സെയ്‌തോയുടെ ‘മാര്‍ക്‌സ് ഇന്‍ ദ ആന്ദ്രപോസീന്‍: ടുവേര്‍ഡ്‌സ് ദ ഐഡിയ ഓഫ് ഡീ ഗ്രോത്ത് കമ്യൂണിസം (Marx in the Anthropocene: Towards the Idea of Degrowth Communism – Kohe Saito) എന്ന പുസ്തകത്തിന്റെ വായന – ഭാഗം -1
ആഗോള പാരിസ്ഥിതിക പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ മുതലാളിത്ത ഉല്‍പ്പാദന വ്യവസ്ഥയെ സംബന്ധിച്ച വിമര്‍ശങ്ങള്‍ മാര്‍ക്‌സിന്റെ എഴുത്തുകളില്‍ നിന്ന് കൂടുതല്‍ സൂക്ഷ്മതയോടെ കണ്ടെടുക്കാന്‍ ശ്രമിക്കുന്ന കുഹൈ സെയ്‌തോയുടെ പുസ്തകം വായിക്കുമ്പോള്‍, മിസ്സൗറി(യുഎസ്എ)യില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന സെന്റ് ലൂയിസ് പോസ്റ്റ് ഡിസ്പാച്ച് (St. Luis Post-Dispatch) എന്ന പത്രത്തില്‍ ഒരു നൂറ്റാണ്ടിന് മുമ്പ് അച്ചടിച്ചുവന്ന ഒരു കാര്‍ട്ടൂണിനെക്കുറിച്ച് വായിച്ചത് ഓര്‍മ്മവന്നു.
DEE-LIGHTED എന്ന് കാപ്ഷനോടു കൂടി അച്ചടിച്ചുവന്ന ഈ കാര്‍ട്ടൂണില്‍, കൊടിതോരണങ്ങളാല്‍ അലങ്കൃതമായ വാള്‍സ്ട്രീറ്റില്‍ കയ്യില്‍ ‘മൂലധന'(Das Capital)ത്തിന്റെ കോപ്പിയുമായി നില്‍ക്കുന്ന കാള്‍ മാര്‍ക്‌സിനെ ആദരപൂര്‍വ്വം സ്വീകരിക്കുന്ന അമേരിക്കന്‍ കോര്‍പ്പറേറ്റ് ഉടമകളെയാണ് ചിത്രീകരിച്ചിരിക്കുന്നത്! മാര്‍ക്‌സിനെ സ്വീകരിക്കുന്നവരില്‍ ജോണ്‍ ഡി റോക്‌ഫെല്ലര്‍, ജെ പി മോര്‍ഗന്‍, ജോര്‍ജ്ജ് ഡബ്ല്യൂ പെര്‍കിന്‍സ് എന്നിവരെ കൂടാതെ പ്രോഗ്രസ്സീവ് പാര്‍ട്ടി നേതാവ് ടെഡ്ഡി റൂസ്‌വെല്‍റ്റിനെയും കാണാവുന്നതാണ്. കാര്‍ട്ടൂണിസ്റ്റായ റോബര്‍ട്ട് മൈനര്‍ സോഷ്യലിസ്റ്റും കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗവും പില്‍ക്കാലത്ത് യുണൈറ്റഡ് അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം നേടിയ വ്യക്തിയുമാണ്!! സെന്റ് ലൂയിസ് പോസ്റ്റ് ഡെസ്പാച്ചില്‍ മൈനറുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നത് 1911ലാണ്. അതായത്, റഷ്യന്‍ വിപ്ലവം നടക്കുന്നതിനും ആറ് വര്‍ഷം മുമ്പ്!

വാള്‍സ്ട്രീറ്റിന് മാര്‍ക്‌സ് ഇത്രമേല്‍ സ്വീകാര്യനായിരിക്കുമെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗം കൂടിയായ റോബര്‍ട്ട് മൈനര്‍ ചിന്തിച്ചതെന്തുകൊണ്ടായിരിക്കും?
റോബര്‍ട്ട് മൈനറിന്റെ കാര്‍ട്ടൂണിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു രേഖ, 1818 ഒക്‌ടോബര്‍ 17ന്, ഇംഗര്‍സോള്‍-റാന്‍ഡ് കോര്‍പ്പറേഷന്‍ ചെയര്‍മാനും ഫെഡറല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ന്യൂയോര്‍ക്കിന്റെ ഡെപ്യൂട്ടി ചെയര്‍മാനുമായിരുന്ന വില്യം ലോറന്‍സ് സോണ്ടേര്‍സ് അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന വൂഡ്രോവ് വില്‍സണ് എഴുതിയ കത്താണ്. ഈ കത്ത് ആരംഭിക്കുന്നത് ഇങ്ങനെയാണ്: ‘Dear Mr. President: I am in sympathy with the Soviet form of government as that best suited for the Russian people…” (quoted from Wall Street and Bolveshik Revolution, Antony C Sutton, 1971).
അമേരിക്കന്‍ കോര്‍പ്പറേറ്റ് ലോകത്തിന്റെ അധിപന്മാരില്‍ ഒരാളിയിരുന്ന സോണ്ടേര്‍സിന് സോവിയറ്റ് ഗവണ്‍മെന്റിനോട് സിംപതി തോന്നാവുന്ന രീതിയില്‍ പ്രവര്‍ത്തിച്ച ഘടകമെന്താണ് എന്നതാണ് അടുത്ത ചോദ്യം.
ഇതോടൊപ്പം, വിപ്ലവാനന്തര റഷ്യയെ പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്താം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ 1921 മാര്‍ച്ച് 15ന് ലെനിന്‍ നടത്തിയ പ്രസംഗം കൂടി ഓര്‍മ്മിക്കുന്നത് നന്നായിരുക്കും. ഈ പ്രസംഗത്തില്‍ ”മൂലധനത്തിന്റെ സഹായമില്ലാതെ തൊഴിലാളി വര്‍ഗ്ഗ ഭരണം നിലനിര്‍ത്താന്‍ സാധ്യമല്ലെന്നും, തിരഞ്ഞെടുപ്പ് ഇത്തരം സാമ്പത്തിക ബന്ധങ്ങള്‍ക്കിടയിലാണെന്നും” ലെനിന്‍ പ്രസ്താവിക്കുന്നുണ്ട്. ലെനിന്‍ പറയുന്നതിങ്ങനെ: ‘The rule of the proletariat cannot be maintained in a country laid waste as no country has ever been before—a country where the vast majority are peasants who are equally ruined—without the help of capital, for which, of course, exorbitant interest will be extorted. This we must understand. Hence, the choice is between economic relations of this type and nothing at all” (Link).
വിപ്ലവാനന്തരം; ഖനനം, ഗതാഗതം, വ്യവസായം തുടങ്ങി തന്ത്രപ്രധാനമായ എല്ലാ മേഖലകളിലും പാശ്ചാത്യ മൂലധനത്തിന്റെയും സാങ്കേതികവിദ്യകളുടെയും അമിത സ്വാധീനം കടന്നുവരുന്നത് സോവിയറ്റ് റഷ്യയുടെ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയും.
ഈ മൂന്ന് ചരിത്ര രേഖകളെയും സംഭവങ്ങളെയും സമകാലീന സാമ്പത്തിക-പാരിസ്ഥിതിക പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യേണ്ടത് പ്രധാനമാണ്. കേന്ദ്രീകൃത അധികാര ഘടനയോടുള്ള അഭിനിവേശം, മുതലാളിത്തത്തിന് കീഴില്‍ വളര്‍ന്ന് വികസിതമായ ഉത്പാദന വ്യവസ്ഥയ്ക്ക് ബദല്‍ കണ്ടെത്താനുള്ള വിമുഖത എന്നിവ ജനകീയ രാഷ്ട്രീയാധികാര പ്രയോഗത്തെ സംബന്ധിച്ച അന്വേഷണങ്ങളെ എങ്ങിനെയൊക്കെ അട്ടിമറിച്ചു എന്നതിന്റെ കാര്യകാരണങ്ങള്‍ ഇതിലൂടെ ബോധ്യപ്പെടുന്നതാണ്.
മാര്‍ക്‌സിസ്റ്റുകള്‍, പരമ്പരാഗതമായി, സാങ്കേതിക പുരോഗതിയോട് അനുഭാവമുള്ളവരാണ് എന്നത് തര്‍ക്കമറ്റ സംഗതിയാണ്. ഉല്‍പ്പാദന ശക്തികളുടെ തുടര്‍ വികസനം മാത്രമാണ് മുതലാളിത്താനന്തര ഉല്‍പാദന രീതിക്ക് ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നത് എന്ന് അവര്‍ എക്കാലവും വിശ്വസിക്കുന്നു. എന്നാല്‍, മുതലാളിത്തത്തിന് കീഴിലുള്ള ഉത്പാദന ശക്തികളുടെ വികാസത്തിന്റെ വിമോചന സാധ്യതകള്‍ സംബന്ധിച്ച് മാര്‍ക്‌സ് എത്രമാത്രം വിമര്‍ശനാത്മകമായി പ്രതികരിച്ചു എന്ന് പരിശോധിക്കുകയാണ് കുഹൈ സെയ്‌തോ തന്റെ ഗ്രന്ഥത്തിലൂടെ ചെയ്യുന്നത്.

ആധുനികകാലത്തെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ മുതലാളിത്ത ഉത്പാദനരീതികള്‍ ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നുവെന്ന് കരുതുന്ന മാര്‍ക്‌സിസ്റ്റുകള്‍ പോലും സാങ്കേതികവിദ്യകളുടെ മുന്നേറ്റങ്ങളിലൂടെ മനുഷ്യജീവിതം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നവരാണ്. ഹെര്‍ബര്‍ട്ട് മാര്‍ക്യൂസിനെപ്പോലുള്ളവര്‍ ഇത് സംബന്ധിച്ച് നടത്തുന്ന ആത്മവിശ്വാസത്തിലൂന്നിയ പ്രസ്താവനകള്‍ ശ്രദ്ധിക്കുക:
”അളവുപരമായ സാങ്കേതിക പുരോഗതിയെ ഗുണപരമായി വ്യത്യസ്തമായ ജീവിതശൈലികളിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ അവസരമുണ്ട്- കാരണം അത് ഭൗതികവും ബൗദ്ധികവുമായ വികസനത്തിന്റെ ഉയര്‍ന്ന തലത്തില്‍ സംഭവിക്കുന്ന ഒരു വിപ്ലവമായിരിക്കും, അത് ദൗര്‍ലഭ്യത്തെയും ദാരിദ്ര്യത്തെയും കീഴടക്കാന്‍ മനുഷ്യനെ പ്രാപ്തമാക്കും. സമൂലമായ പരിവര്‍ത്തനത്തെക്കുറിച്ചുള്ള ഈ ആശയം നിഷ്‌ക്രിയമായ ഊഹക്കച്ചവടത്തേക്കാള്‍ ഉയര്‍ന്നതാകണമെങ്കില്‍, വികസിത വ്യാവസായിക സമൂഹത്തിന്റെ ഉല്‍പാദന പ്രക്രിയയിലും അതിന്റെ സാങ്കേതിക കഴിവുകളിലും അവയുടെ ഉപയോഗത്തിലും അതിന് വസ്തുനിഷ്ഠമായ അടിത്തറ ഉണ്ടായിരിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യം തീര്‍ച്ചയായും സാങ്കേതിക വികാസത്തെയും ശാസ്ത്രത്തിന്റെ പുരോഗതിയെയും ആശ്രയിച്ചിരിക്കുന്നു. (മാര്‍ക്യൂസ് 1969: 19)
”നിര്‍ഭാഗ്യവശാല്‍, സാങ്കേതിക പുരോഗതിയിലൂടെ സ്വാതന്ത്ര്യം സാക്ഷാത്കരിക്കാനുള്ള പ്രൊമീഥിയന്‍ മാര്‍ക്‌സിസ്റ്റ് സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിട്ടില്ലെന്നും, സാങ്കേതിക ‘പുരോഗതി’ ഈ ഗ്രഹത്തിന്മേല്‍ അനിയന്ത്രിതമായതോതിലുള്ള വിനാശകരമായ ശക്തി പ്രയോഗിക്കുന്ന വിധത്തില്‍ മാത്രമാണ് അവതരിച്ചതെന്നും” സെയ്‌തോ ഇതിനോട് പ്രതികരിക്കുന്നു.
പാരിസ്ഥിതിക പ്രതിസന്ധികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് പാരിസ്ഥിതിക ആധുനീകരണ (Ecomodernist) ആശയങ്ങള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയുന്നതായി നമുക്ക് കാണാന്‍ കഴിയും. കാലാവസ്ഥാ പ്രതിസന്ധിയടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് സാങ്കേതികവിദ്യകളിലൂടെ പരിഹാരം കണ്ടെത്താമെന്ന വ്യാമോഹം വെച്ചുപുലര്‍ത്തുന്നവര്‍ ഇന്ന് ഏറെയുണ്ട്. പരാജയത്തിന്റെ ചരിത്രം ഏറെയുണ്ടായിരുന്നിട്ടും, വര്‍ത്തമാന രാഷ്ട്രീയ പരിതഃസ്ഥിതിയില്‍ വലിയ സ്വാധീനം ചെലുത്താന്‍ ഇത്തരം പ്രൊമീഥിയന്‍ ആശയങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്നത് വസ്തുതയാണ്.
ഈ സാഹചര്യത്തോട് സമകാലിക മാര്‍ക്‌സിസ്റ്റുകള്‍ എങ്ങിനെ പ്രതികരിക്കുന്നുവെന്ന് സെയ്‌തോ വിശകലനം ചെയ്യുന്നു. ഉദാഹരണത്തിന്, ആല്‍ബെര്‍ട്ടോ ടൊസ്‌കാനോ (Alberto Toscano, 2011) മുതലാളിത്താനന്തര ലോകം കെട്ടിപ്പടുക്കുന്നതിനായി ഇടതുപക്ഷം ‘പ്രോമീഥിയന്‍’ ആശയങ്ങള്‍ പുനരുജ്ജീവിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. അതുപോലെ ആരോണ്‍ ബസ്താനി (Aron Bastani)യുടെ ‘ആഡംബര കമ്മ്യൂണിസം’ (Luxury Communism) എന്ന ദര്‍ശനത്തിലും പ്രോമിഥിയന്‍ ആത്മാവ് പ്രതിഫലിക്കുന്നതായി അദ്ദേഹം വിലയിരുത്തുന്നു; ‘നമ്മുടെ അഭിലാഷങ്ങള്‍ പ്രൊമിഥിയന്‍ ആയിരിക്കണം, കാരണം നമ്മുടെ സാങ്കേതികവിദ്യ ഇതിനകം തന്നെ നമ്മെ ദൈവങ്ങളാക്കി മാറ്റുന്നു-അതിനാല്‍ നമുക്കും അത് നന്നായി ചെയ്യാം’ (ബസ്താനി 2019: 189).
നിര്‍മിത ബുദ്ധി (AI), റോബോട്ടിക്സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (Internet of Things-IoT) എന്നിവയുടെ സഹായത്തോടെ സമ്പൂര്‍ണ്ണ ഓട്ടോമേഷന്‍ പോലുള്ള നവസാങ്കേതിക വിദ്യകളുടെ ക്രമാതീത (exponential) വളര്‍ച്ചയുടെ തുറന്ന അംഗീകാരം കൂടിയാണ് സമകാലിക മാര്‍ക്‌സിസ്റ്റുകള്‍ക്കിടയിലെ ഈ ശുഭാപ്തിവിശ്വാസം. ഈ രീതിയിലുള്ള പുത്തന്‍ സാങ്കേതികവിദ്യകളുടെ കടന്നുകയറ്റം മൂലമുണ്ടാകുന്ന വന്‍തോതിലുള്ള തൊഴിലില്ലായ്മ സാമൂഹിക ഉത്കണ്ഠയ്ക്ക് കാരണമാകുമ്പോള്‍ ഉട്ടോപ്യന്‍ സോഷ്യലിസ്റ്റുകള്‍ ‘തൊഴിലില്ലാത്ത ഒരു മുതലാളിത്താനന്തര ലോക’ത്തെക്കുറിച്ച് സ്വപ്നം കാണുകയാണെന്ന് സെയ്‌തോ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, മുതലാളിത്തത്തിന്‍ കീഴിലുള്ള ഉല്‍പ്പാദന ശക്തികളുടെ വികാസത്തിന്റെ വിമോചന സാധ്യതകളെ സംബന്ധിച്ച് പില്‍ക്കാല മാര്‍ക്‌സ് കൂടുതല്‍ വിമര്‍ശനാത്മകമായി സമീപിച്ചിരുന്നുവെന്ന് സെയ്‌തോ വിലയിരുത്തുന്നു.
മുതലാളിത്തത്തിന്‍ കീഴിലുള്ള സാങ്കേതിക വികസനം സോഷ്യലിസത്തിലേക്കുള്ള കുതിച്ചുചാട്ടത്തിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ പ്രദാനം ചെയ്യുന്നുവെന്ന് മാര്‍ക്സ് വ്യക്തമായി വിശ്വസിച്ചിരുന്നപ്പോള്‍ത്തന്നെ, അദ്ദേഹത്തിന്റെ വൈരുദ്ധ്യാത്മക രീതി പുതിയ സാങ്കേതികവിദ്യകളുടെ നിഷേധാത്മകവും വിനാശകരവുമായ വശങ്ങള്‍ കൂടുതല്‍ തെളിമയോടെ തുറന്നുകാട്ടുന്നതായിരുന്നു. ആന്ദ്രപോസീനിലെ പ്രൊമീഥിയന്‍ നവോത്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ സാങ്കേതികവിദ്യകളെ ക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമര്‍ശനം എന്നത്തേക്കാളും പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് മാത്രമല്ല അത് മുതലാളിത്താനന്തര സമൂഹത്തില്‍ മാര്‍ക്‌സിസത്തിന്റെ പ്രസക്തി കൂടുതല്‍ വെളിപ്പെടുത്തുന്നതായും സെയ്‌തോ ചൂണ്ടിക്കാട്ടുന്നു.

പുത്തന്‍ സാങ്കേതികവിദ്യകളുടെ പ്രയോഗം മുതലാളിത്തത്തെ മറികടക്കാനുള്ള അവസരമായി കണക്കാക്കുന്ന വര്‍ത്തമാനകാല മാര്‍ക്‌സിസ്റ്റുകള്‍ തങ്ങളുടെ വാദങ്ങളുടെ അടിത്തറയായി ചൂണ്ടിക്കാട്ടുന്നത് മാര്‍ക്‌സിന്റെ തന്നെ രചനകളിലാണ്; പ്രധാനമായും ഗ്രന്‍ഡ്രിസ്സെ (Grundrisse)എന്ന അദ്ദേഹത്തിന്റെ കൃതിയില്‍.
പാരിസ്ഥിതിക പ്രതിസന്ധികളോടുള്ള മാര്‍ക്‌സിയന്‍ ആലോചനകള്‍ക്കുള്ള സൈദ്ധാന്തിക വേരുകള്‍ കണ്ടെത്തേണ്ടത് 1850കളുടെ അവസാനത്തില്‍ രചിക്കപ്പെട്ട ഗ്രന്‍ഡ്രിസ്സെയില്‍ അല്ലെന്നും പില്‍ക്കാലത്ത് ഗ്രന്‍ഡ്രിസ്സെയിലെ തന്നെ സുപ്രധാന വാദങ്ങള്‍ വിശദീകരിക്കുന്നതിനായി തയ്യാറാക്കിയ കുറിപ്പുകളിലാണെന്നും സെയ്‌തോ നിരീക്ഷിക്കുന്നു. ഈ നിരീക്ഷണത്തിനാധാരമായ വസ്തുതകള്‍ സെയ്‌തോ കണ്ടെത്തുന്നതിങ്ങനെയാണ്.
ഉപസംയോജനം – ഔപചാരിക വും യഥാർത്ഥവും (Subsumption, Formal and Real)
”1860-കളില്‍ മാര്‍ക്‌സ് വിപുലീകരിച്ച ‘മൂലധനത്തിന്റെ ഉല്‍പാദനശക്തി’ (productive force of capital), ‘യഥാര്‍ത്ഥ ഉപസംയോജനം'(real subsumption)* തുടങ്ങിയ ആശയങ്ങള്‍ ഗ്രന്‍ഡ്രിസ്സില്‍ അവശേഷിച്ചിരുന്ന ‘ചരിത്രത്തിന്റെ ഉല്‍പ്പാദനവാദ ആശയം’ അദ്ദേഹം സ്വയം കയ്യൊഴിഞ്ഞുവെന്നതിന്റെ സൂചനകൂടിയാണ്. പ്രൊമീതിയന്‍ അല്ലാത്ത മാര്‍ക്സിനെ പുനര്‍നിര്‍മ്മിക്കുന്നതില്‍ ഈ സൈദ്ധാന്തിക വികാസത്തിന് വലിയ പ്രാധാന്യമുണ്ട്. ഗ്രന്‍ഡ്രിസ്സെയില്‍ കാണാന്‍ കഴിയാത്ത മൂലധനത്തിലെ ‘സഹകരണം’ (co-operation) എന്ന മാര്‍ക്‌സിന്റെ ചര്‍ച്ചയില്‍ ഈ മാറ്റം പ്രതിഫലിക്കുന്നു. തല്‍ഫലമായി, ഉല്‍പാദന ശക്തികളുടെ വികാസത്തിന്റെ പുരോഗമന സ്വഭാവത്തെക്കുറിച്ച് സംശയം ഉന്നയിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. എന്നിരുന്നാലും, ഈ മൂന്ന് ആശയങ്ങളും -real subsumption, productive force of capital, cooperation- ചരിത്രപരമായ ഭൗതികവാദത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മുന്‍ വീക്ഷണത്തില്‍ ചില പിരിമുറുക്കം സൃഷ്ടിക്കുന്നു. സമകാലിക ഉട്ടോപ്യന്‍ സോഷ്യലിസ്റ്റുകള്‍ക്ക് 1860-കളിലെ മാര്‍ക്സിന്റെ സൈദ്ധാന്തിക മാറ്റം സ്വീകാര്യമല്ലാത്തതിനാല്‍, അവര്‍ അനിവാര്യമായും 1850-കളിലെ അദ്ദേഹത്തിന്റെ പ്രൊമിഥിയനിസത്തിലേക്ക് പിന്‍വാങ്ങുന്നു.”
തൊഴില്‍ പ്രക്രിയയുടെ ഭൗതിക പരിവര്‍ത്തനം പുനഃസംഘാടനം എന്നിവ ‘യഥാര്‍ത്ഥ ഉപസംയോജന’ (real subsumption) സിദ്ധാന്തത്തിലേക്ക് വിജയകരമായി സമന്വയിപ്പിച്ചപ്പോള്‍, മുതലാളിത്ത ഉല്‍പാദന രീതിയെക്കുറിച്ചുള്ള വിശകലനം തന്റെ രീതിശാസ്ത്രപരമായ ദ്വൈതവാദവുമായി പൊരുത്തപ്പെടുന്ന രീതിയില്‍ വികസിപ്പിക്കാന്‍ മാര്‍ക്സിന് കഴിഞ്ഞതായി സെയ്‌തോ അഭിപ്രായപ്പെടുന്നു.
1860കളില്‍, തന്റെ മുന്‍കാല ‘സാങ്കേതിക ഉല്‍പ്പാദനവാദ’ (technocratic productivism)ത്തില്‍ നിന്ന് ബോധപൂര്‍വ്വം അകന്നപ്പോള്‍, ചരിത്രത്തെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം നിറഞ്ഞ വീക്ഷണത്തെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യാനും അതിന്റെ നിഷേധാത്മക പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതല്‍ ഗൗരവമായി ചിന്തിക്കാനും മാര്‍ക്സ് നിര്‍ബന്ധിതനായി.

മുതലാളിത്ത ഉല്‍പ്പാദന പ്രക്രിയയുടെ ഭൗതിക വശം, പ്രത്യേകിച്ച് ഭൗതിക ലോകം -മനുഷ്യനും മനുഷ്യേതരവും- മൂലധനത്തിന്റെ മുന്‍കൈയാല്‍ സ്വന്തം സഞ്ചയ(accumulation)ത്തിന് അനുകൂലമായി പുനഃസംഘടിപ്പിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം അന്വേഷിച്ചപ്പോഴാണ് ഈ സ്വയം വിമര്‍ശനാത്മക പരിവര്‍ത്തനം സാധ്യമായത്. കാരണം, ഉല്‍പ്പാദന ശക്തികളുടെ വളര്‍ച്ച തൊഴിലാളികളെ കൂടുതല്‍ ഫലപ്രദമായി മൂലധനത്തിന്റെ ആജ്ഞയ്ക്ക് കീഴ്‌പ്പെടുത്തുന്നതായി അദ്ദേഹം കണ്ടെത്തി. അങ്ങനെയെങ്കില്‍, ചരിത്രപരമായ ഭൗതികവാദത്തിന്റെ പരമ്പരാഗത വീക്ഷണത്തില്‍ ഊഹിക്കപ്പെടുന്നതുപോലെ ‘ഉല്‍പാദന ബന്ധങ്ങളും’ ‘ഉല്‍പാദന ശക്തികളും’ എന്നിങ്ങിനെയുള്ള ലളിതമായ വേര്‍തിരിവ് സാധ്യമല്ലെന്നും മാര്‍ക്‌സ് തിരിച്ചറിഞ്ഞു.
മൂലധനത്തില്‍ ഉല്‍പ്പാദനശക്തികളുടെ വികാസം, സഹകരണം, തൊഴില്‍ വിഭജനം, യന്ത്രസാമഗ്രികള്‍ എന്നിവയുടെ രൂപത്തില്‍ പ്രകൃതിയുമായുള്ള മനുഷ്യ ഉപാപചയത്തിന്റെ സമഗ്രമായ പുനഃസംഘടനയെ ആശ്രയിച്ചിരിക്കുന്നു. ഈ അര്‍ത്ഥത്തില്‍, ഉല്‍പാദനത്തിലെ ഭൗതിക ഘടകങ്ങളുടെ ഒരു പ്രത്യേക സാമൂഹിക ക്രമീകരണം ‘ഉത്പാദനരീതി’യില്‍ പ്രകടമാകുന്നു. അതുകൊണ്ടാണ് മൂലധനത്തിന്റെ ആമുഖത്തില്‍, ‘ഉല്‍പാദന ശക്തികളെ’ ഒരു സ്വതന്ത്ര പരിവര്‍ത്തിതവസ്തുവായി (independent variable) കണക്കാക്കുന്നതിനുപകരം ‘മുതലാളിത്ത ഉല്‍പാദന രീതിയും അതിനോട് അനുരൂപമായി നില്‍ക്കുന്ന ഉല്‍പാദന ബന്ധങ്ങളും’ പരിശോധിക്കാനുള്ള ചുമതല മാര്‍ക്സ് സ്വയം ഏറ്റെടുത്തത്.
മാര്‍ക്‌സിന്റെ ഈയൊരു ബോധ്യത്തെ ശരിയായ രീതിയില്‍ മനസ്സിലാക്കുന്നതിന് ആന്ദ്രേ ഗോര്‍സിനെപ്പോലുള്ളവര്‍ക്ക് സാധിച്ചുവെന്ന് ഗോര്‍സിനെ ഉദ്ധരിച്ചുകൊണ്ട് സെയ്‌തോ വിശദീകരിക്കുന്നു. ”സാങ്കേതികവിദ്യകള്‍, ഉല്‍പ്പാദന ബന്ധങ്ങളും ഉല്‍പ്പന്നങ്ങളുടെ സ്വഭാവവും, ആവശ്യങ്ങളുടെ ദൈര്‍ഘ്യമേറിയതും തുല്യവുമായ സംതൃപ്തി മാത്രമല്ല, സാമൂഹിക ഉല്‍പ്പാദനത്തിന്റെ സ്ഥിരതയേയും ഒഴിവാക്കുന്നു. അതുകൊണ്ടുതന്നെ, മുതലാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഉല്‍പ്പാദന ശക്തികളുടെ വികസനം ഒരിക്കലും കമ്മ്യൂണിസത്തിന്റെ കവാടത്തിലേക്ക് നയിക്കില്ല” (ഗോര്‍സ്, 2018, 110-11). മുതലാളിത്തത്തിന്റെ പുരോഗമന സ്വഭാവത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ വിലയിരുത്തലില്‍ ‘യഥാര്‍ത്ഥ ഉപസംയോജനം’ എന്ന ആശയം സമൂലമായ മാറ്റത്തെ പ്രതിനിധീകരിക്കുന്നുണ്ട്. ഇക്കാരണം കൊണ്ടുതന്നെ മൂലധനത്തില്‍, മുതലാളിത്തത്തിന്റെ പുരോഗമന സ്വഭാവത്തെ അംഗീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന് സെയ്‌തോ വിലയിരുത്തുന്നു.
മുതലാളിത്തത്തിന്‍ കീഴിലുള്ള ഉല്‍പ്പാദന ശക്തികളുടെ വികാസം പ്രകൃതിയുടെ സാര്‍വത്രിക ഉപാപചയത്തെ (universal metabolism) തകര്‍ക്കുകയും നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് മാര്‍ക്‌സ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നു. മുതലാളിത്ത ഉല്‍പ്പാദനരീതി മൂല്യവല്‍ക്കരണത്തിന്റെ യുക്തിയാല്‍ നയിക്കപ്പെടുന്നിടത്തോളം, തൊഴില്‍ പ്രക്രിയയുടെ ഭൗതിക വശങ്ങളുടെ പുനഃസംഘാടനം പൊതു ഉല്‍പാദനത്തിന്റെ ഭൗതിക സാഹചര്യങ്ങളെ തരംതാഴ്ത്തുന്നു. ”ഇത് തൊഴിലാളിയെ കൊള്ളയടിക്കുന്നതുമായി മാത്രമല്ല, മണ്ണിനെ കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു” (മൂലധനം 1: 638)വെന്നും അതുകൊണ്ടുതന്നെ, ഭാവി സമൂഹം ‘യുക്തിസഹമായ രീതിയില്‍ പ്രകൃതിയുമായുള്ള മനുഷ്യന്റെ ഉപാപചയത്തെ നിയന്ത്രിക്കണം’ (മൂലധനം 3: 959) എന്ന് മൂലധനത്തിന്റെ വാല്യം 3 ത്തിലും മാര്‍ക്‌സ് അഭിപ്രായപ്പെടുന്നു. മുതലാളിത്തത്തിന് കീഴില്‍ ഉല്‍പാദന ശക്തികളുടെ വികാസം പ്രകൃതിയുമായുള്ള ഉപാപചയത്തിന്റെ കാര്യത്തില്‍ സുസ്ഥിരമായ നിയന്ത്രണത്തിനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നില്ലെന്നത് വ്യക്തമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മുതലാളിത്ത ഉല്‍പ്പാദനരീതി അതിരുകടക്കുന്നതിലൂടെ ഉല്‍പ്പാദനശക്തികളുടെ വികസനത്തിന്റെ ‘ബന്ധനം’ മറികടന്നാലും, മുതലാളിത്ത സാങ്കേതികവിദ്യകള്‍ സുസ്ഥിരവും വിനാശകരവുമായി തുടരുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് പോലും ഇവയെ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയില്ല.
മുതലാളിത്തം ഏതുരീതിയില്‍ സ്ഥാപിക്കപ്പെടുന്നു എന്നതിനെ മാര്‍ക്സ് എങ്ങനെ വിഭാവനം ചെയ്യുന്നു എന്നതിന്റെ കേന്ദ്ര ആശയമാണിത്. മൂലധനത്തിന്റെ ‘ആദിമ സഞ്ചയം’ (primitive accumulation) എന്ന അധ്യായത്തില്‍ മാര്‍ക്സ് ചൂണ്ടിക്കാണിക്കുന്നത് യഥാര്‍ത്ഥ മുതലാളിത്ത സഞ്ചയം മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഉയര്‍ന്നുവരുന്ന ഉല്‍പാദന ശക്തികളുടെ അടിസ്ഥാനത്തില്‍ മാത്രമേ നടക്കൂ എന്നാണ്. മൂലധനം, ആദ്യമായി, നിലവിലുള്ള തൊഴില്‍ പ്രക്രിയയെ തന്നിലേക്ക് ആകര്‍ഷിക്കുന്നു – സാങ്കേതികവിദ്യകള്‍, വിപണികള്‍, ഉല്‍പ്പാദന മാര്‍ഗ്ഗങ്ങള്‍, തൊഴിലാളികള്‍ എന്നിവ. ഇതിനെ മാര്‍ക്സ് ‘ഔപചാരിക’ ഉപസംയോജനം (formal subsumption) എന്ന് വിളിക്കുന്നു. അതിന്റെ കീഴില്‍ മുഴുവന്‍ തൊഴില്‍ പ്രക്രിയയും മുമ്പത്തെപ്പോലെ തന്നെ തുടരുന്നു, എന്നാല്‍ ഉല്‍പാദന മാര്‍ഗ്ഗങ്ങളെയും അതുവഴി തൊഴിലാളികളുടെ ഉപജീവന മാര്‍ഗ്ഗങ്ങളെയും കുത്തകയാക്കികൊണ്ട്, മുതലാളി തൊഴിലാളിയെ കൂലിപ്പണിക്ക് കീഴടങ്ങാന്‍ നിര്‍ബന്ധിക്കുകയും നിലവിലുള്ള വിപണികള്‍ ഉപയോഗിച്ച് മൂലധനം സമാഹരിക്കുകയും ചെയ്യുന്നു.
എങ്കില്‍ക്കൂടിയും, മുതലാളിത്തത്തിന്, നിലവിലുള്ള ഉല്‍പാദന ശക്തികളുടെ പരിമിതമിതികളുടെ അടിസ്ഥാനത്തില്‍ വികസിക്കാന്‍ കഴിയില്ല. ഒരു യഥാര്‍ത്ഥ മുതലാളിത്ത തൊഴില്‍ പ്രക്രിയയ്ക്ക് ആവശ്യമായ മുന്‍വ്യവസ്ഥകള്‍ മൂലധനത്തിന് മാത്രമേ സൃഷ്ടിക്കാന്‍ കഴിയൂ. അങ്ങനെ, മൂലധനത്തിന്റെ സ്വഭാവവും ആവശ്യകതകളും നന്നായി ഉള്‍ക്കൊള്ളുന്നതുവരെ മൂലധനം സാമൂഹിക ബന്ധങ്ങളെയും അധ്വാന രീതികളെയും ക്രമേണ പരിവര്‍ത്തനം ചെയ്യുന്നു, കൂടാതെ തൊഴില്‍ പ്രക്രിയ യഥാര്‍ത്ഥത്തില്‍ മൂലധനത്തിന് കീഴിലാകുന്നു. മൂലധനത്തിന് മാത്രമേ മുതലാളിത്ത ഉല്‍പ്പാദനത്തിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ കഴിയൂ എന്ന വിരോധാഭാസത്തിനുള്ള മാര്‍ക്‌സിന്റെ പരിഹാരമാണിത്. ഈയൊരു പ്രക്രിയയെ യഥാര്‍ത്ഥ ഉപസംയോജനം (real subsumption) എന്ന് വിശേഷിപ്പിക്കുന്നു.
(തുടരും)
ഭാഗം 02 വായിക്കാം, ഇവിടെ.