A Unique Multilingual Media Platform

The AIDEM

Articles History Society Travel

ഫിലെയും അബു സിംബലും – അണക്കെട്ടിൽ നിന്നുയർത്തിയെടുത്ത ക്ഷേത്രങ്ങൾ (ഈജിപ്ത് യാത്രാകുറിപ്പുകള്‍ #5)

ഫിലെയും അബു സിംബലും – അണക്കെട്ടിൽ നിന്നുയർത്തിയെടുത്ത ക്ഷേത്രങ്ങൾ (ഈജിപ്ത് യാത്രാകുറിപ്പുകള്‍ #5)

അസ്വാന്‍ നഗരത്തില്‍ പൂര്‍ണമായി ചെലവഴിച്ച പകല്‍, ഞങ്ങള്‍ക്ക് പോകാനുണ്ടായിരുന്നത് അസ്വാന്‍ ഹൈ ഡാം, ഫില ടെമ്പിള്‍, ഖുബത്തു അബുല്‍ ഹവായിലെ വിശുദ്ധരുടെയും പുരോഹിതരുടെയും ശവകുടീരങ്ങള്‍, നൂബിയന്‍ ഗ്രാമം, നൈല്‍ നദി എന്നിവയൊക്കെയാണ്. അസ്വാനിലെ സൂക്കില്‍ രാത്രി തന്നെ തേരാ പാരാ നടന്ന് അല്ലറ ചില്ലറ സാധനങ്ങളൊക്കെ കുറെ വാങ്ങിച്ചിരുന്നു.

കാലത്തെണീറ്റ് വീണ്ടും നടക്കാനിറങ്ങി. സൂക്കിലെ ഒരു ചായക്കടയില്‍ കയറി ചായ കുടിക്കാമെന്നു വിചാരിച്ചു. കടിയൊന്നുമില്ലാതെ വെറും ചായ കുടിക്കാനെത്തുന്നവര്‍ക്ക് നമ്മുടെ നാട്ടിലെ ചെറിയ കടകളില്‍ പോലും വലിയ മര്യാദ കിട്ടാറില്ല. ഇവിടെയാണെങ്കില്‍ ചായയാണ് പ്രധാനം, കാപ്പിയും. അല്ലാതെ കടികളൊന്നും പല ചായക്കടകളിലും കാഫിഷോപ്പുകളിലും ഉണ്ടാവുക തന്നെ ഇല്ല. കൈറോവിലെ പാശ്ചാത്യ ശൈലിയിലുള്ള കോഫി ഷോപ്പുകളില്‍, വിവിധ തരം കെയ്ക്കുകളും പേസ്ട്രികളും കുക്കീസും എല്ലാമുണ്ട്. എന്നാല്‍ പ്രധാനം കാപ്പി തന്നെ. അത് പലവിധത്തിലുള്ളത് ലഭിക്കും. അസ്വാനിലെ ചായക്കട പാശ്ചാത്യ പ്രൗഢിയ്ക്കു പകരം ആഫ്രോ-ഏഷ്യന്‍ സ്വഭാവമാണ് കാണിക്കുന്നത്. എന്നാല്‍, ചായ മാത്രം കുടിക്കാനെത്തുന്നവര്‍ക്ക് സ്വീകരണത്തിനൊന്നും ഒരു കുറവുമില്ല. ആദ്യം വെള്ളം കൊണ്ടു വന്നു വെക്കും. പിന്നീട് ഏതു ചായയാണ് വേണ്ടതെന്നു ചോദിക്കും. അത് തയ്യാറാകുമ്പോള്‍, പ്ലേറ്റിലോ വസ്സിയിലോ അത് വെച്ച് ആലങ്കാരികമായിട്ടാണ് കൊണ്ടു വന്നു തരിക. എന്നാല്‍ അതിനു മാത്രം വന്‍ വിലയൊന്നുമില്ല താനും. മുപ്പതോ അമ്പതോ ഈജിപ്ഷ്യന്‍ പൗണ്ട് മാത്രമേ ഇവിടെ ചായയ്ക്കുള്ളൂ. അതേ സമയം, മലബാറിലുള്ളതു പോലെ മുക്കിന് മുക്കിന് ചായക്കടകളുണ്ടായിക്കൊള്ളണമെന്നുമില്ല. ലക്‌സറില്‍ നൈല്‍ നദിക്കരയിലുള്ള ഹോട്ടലില്‍ നിന്ന് പ്രഭാത സവാരിയ്ക്കിറങ്ങി ഏതാണ്ട് ഒരു മണിക്കൂര്‍ നേരം നഗരത്തിലൂടെ തലങ്ങും വിലങ്ങും നടന്നെങ്കിലും ഒറ്റ ചായക്കടയോ കോഫിഷോപ്പോ തുറന്നു പ്രവര്‍ത്തിക്കുന്നത് കണ്ടെത്താനായില്ല.

അസ്വാന്‍ ഹൈഡാം എന്ന അണക്കെട്ട് ലോകത്തെ തന്നെ ഏറ്റവും വലിയ ഒന്നാണ്. ഈ അണക്കെട്ടിലൂടെ നിലവില്‍ വന്ന നാസര്‍ തടാകം എന്ന ശുദ്ധജല സംഭരണിയും ലോകത്ത് ഏറ്റവും വലിയ മനുഷ്യനിര്‍മിത തടാകങ്ങളില്‍ ഒന്നാണ്. ഏഴായിരത്തോളം കിലോമീറ്റർ ദൈർഘ്യമുള്ള, ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലൂടെ ഒഴുകി മെഡിറ്ററേനിയനിൽ പതിക്കുന്ന നൈൽ നദി ലോകത്തിലെ ഏറ്റവും നീളമുള്ള നദിയുമാണ്. ഒഴുകുന്ന വഴിയുടെ ഇരുവശത്തും കാർഷിക സമ്പദ് വ്യവസ്ഥയും ഭക്ഷ്യധാന്യോത്പാദനവും മനുഷ്യസംസ്കൃതിയും നിർമ്മിച്ചെടുത്ത മഹാനദിയാണ് നൈൽ. ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും വെള്ളപ്പൊക്കം തടയുന്നതിനും പ്രയോജനപ്പെടുന്നതിലൂടെ ഈജിപ്തിന്റെ ജീവനാഡിയായി അസ്വാൻ ഹൈ ഡാം മാറി. ജലസംഭരണി യുടെ മൂന്നിലൊന്ന് സുഡാനിലാണ്.

ഈജിപ്തിലും സുഡാനിലുമായി പരന്നു കിടക്കുന്ന അസ്വാന്‍ ഹൈഡാമും നാസര്‍ തടാകവും ഇരുപതാം നൂറ്റാണ്ടിലെ സുപ്രധാനമായ ഒരു ചരിത്ര-രാഷ്ട്രീയ ഘട്ടത്തിന്റെ കാലികാടയാളമാണ്. അതോടൊപ്പം, അസ്വാന്‍ ഡാം പൂര്‍ത്തിയാവുമ്പോള്‍ വെള്ളത്തിനടിയിലായിപ്പോകുമായിരുന്ന അബു സിംബല്‍, ഫിലെ എന്നീ ഫറോവക്കാലത്തെ ക്ഷേത്രങ്ങള്‍ ഉയര്‍ന്ന ദ്വീപുകള്‍ കണ്ടെത്തി അവിടേയ്ക്ക് മാറ്റി സ്ഥാപിച്ചത് കാണാനും നേരിട്ട് അറിയാനും സാധിക്കുന്നു എന്നതും പ്രധാനമാണ്. റംസീസ് രണ്ടാമന്റെ കാലത്താണ് അബു സിംബല്‍ ക്ഷേത്രം പണിതത്. നൂബിയ ഈജിപ്ഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമാണെന്ന് സ്ഥാപിക്കുന്നതിനാണ് ഈ പടുകൂറ്റന്‍ ക്ഷേത്രം ഇവിടെ പണിതതെന്ന് നിരീക്ഷിക്കപ്പെടുന്നു. അബു സിംബലില്‍ നിന്ന് സുഡാനിലേയ്ക്ക് അധികം ദൂരമില്ല.

നൈല്‍ നദിയിലെ വെള്ളപ്പൊക്കം തടയുക, ജലസേചനത്തിനും ആധുനിക കാലത്ത് വൈദ്യുതോത്പാദനത്തിനും പ്രയോജനപ്പെടുത്തുക എന്നിവയാണ് അസ്വാനില്‍ അണക്കെട്ട് പണിയുന്നതിന്റെ ആലോചനയിലേയ്ക്ക് ഭരണാധികാരികളെ നയിച്ചത്. ഈജിപ്തിലെ ഫാത്തിമിദ് ഭരണകാലത്ത് തന്നെ, അസ്വാനില്‍ അണക്കെട്ടു പണിയുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ ആരംഭിച്ചിരുന്നു. എഡി പതിനൊന്നാം നൂറ്റാണ്ടിലാണിത്. കിതാബ് അല്‍ മനസീര്‍ (ബുക്ക് ഓഫ് ഓപ്ടിക്‌സ്) എന്ന വിശ്വപ്രശസ്തമായ ശാസ്ത്ര ഗ്രന്ഥത്തിന്റെ അടക്കം രചയിതാവും പണ്ഡിതശ്രേഷ്ഠനുമായിരുന്ന ഇബ്ന്‍ അല്‍ ഹൈത്താമിനെ അസ്വാന്‍ ഡാമിന്റെ സാധ്യതകള്‍ കണ്ടെത്താന്‍ വേണ്ടി പ്രത്യേകം വിളിച്ചുവരുത്തി നിയോഗിച്ചു. എന്നാല്‍, അസ്വാന്‍ ഡാം അപ്രായോഗികമായിരിക്കും എന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. ഇത് പറയാന്‍ പേടിച്ച് മനോവിഭ്രാന്തി അഭിനയിച്ച അദ്ദേഹത്തെ രാജാവ് തടവിലടച്ചു. ഈ തടവുകാലത്താണ് ഇബ്ന്‍ അല്‍ ഹൈത്താം ബുക്ക് ഓഫ് ഓപ്ടിക്‌സ് എഴുതിയത്.

പിന്നീട് ബ്രിട്ടീഷ് ഭരണകാലത്താണ് അസ്വാനില്‍ ആദ്യത്തെ മണ്ണണ കെട്ടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ അണ പൂര്‍ത്തിയാവുന്നത്. പിന്നീട് അതില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും വിപുലീകരണങ്ങളുമുണ്ടായി. ഈ ഡാമിനെ അസ്വാന്‍ ലോ ഡാം എന്നാണ് വിളിക്കുന്നത്. സ്വതന്ത്ര ഈജിപ്തിലെ രണ്ടാമത്തെ പ്രസിഡണ്ടായിരുന്ന ജമാല്‍ അബ്ദെല്‍ നാസറിന്റെ ഭരണകാലത്താണ് അസ്വാന്‍ ഹൈ ഡാം പണി പൂര്‍ത്തിയായത്. ജമാല്‍ അബ്ദെല്‍ നാസര്‍, 1952ലെ ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ നേതാക്കളില്‍ പ്രമുഖനായിരുന്നു. 1953 ജൂണ്‍ 18ന് നിലവില്‍ വന്ന റിപ്പബ്ലിക്ക് ഓഫ് ഈജിപ്തിന്റെ രണ്ടാമത്തെ പ്രസിഡണ്ട് ആണ് ജമാല്‍ അബ്ദെല്‍ നാസര്‍. ജമാല്‍ എന്ന പേരിന്റെ ആരംഭത്തിലുള്ള ജ, അറബിയിലെ ഉച്ചാരണസ്വരമാണ്. ഇത് കൈറോവില്‍ പ്രചാരമുള്ള അറബിയില്‍ ഗ എന്നായി മാറിയെന്ന് ലുഖ്മാന്‍ നിരീക്ഷിക്കുന്നു. അതുകൊണ്ട് ഇംഗ്ലീഷില്‍ ഗമാല്‍ എന്നെഴുതുന്ന നാസറിന്റെ പേര് രണ്ടു രീതിയിലും ഉച്ചരിക്കാം.

സ്വന്തം രാജ്യത്ത് കമ്യൂണിസ്റ്റ് പാര്‍ടിയെ നിരോധിച്ച ഭരണാധികാരിയായിരുന്നുവെങ്കിലും അമേരിക്കയും ബ്രിട്ടനും അടക്കമുള്ള പാശ്ചാത്യ ഭരണാധികാരികളുടെ താളത്തിനു തുള്ളുന്ന ഒരാളായി നിന്നു കൊടുക്കാന്‍ നാസര്‍ തയ്യാറായില്ല എന്നതാണ് അദ്ദേഹത്തിന്റെ പ്രാധാന്യം. മാത്രമല്ല, ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രൂപം കൊണ്ട ചേരിചേരാപ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു നാസര്‍. നെഹ്‌റു, മാര്‍ഷല്‍ ടിറ്റോ(യുഗോസ്ലാവിയ), യാസര്‍ അറാഫത്ത് (പലസ്തീന്‍), ഫിദല്‍ കാസ്‌ട്രോ (ക്യൂബ) എന്നിവര്‍ക്കൊപ്പം ജമാല്‍ അബ്ദെ നാസറും ചേരിചേരാ പ്രസ്ഥാനത്തിന്റെ നേതാവായി വ്യാപകമായി അംഗീകരിക്കപ്പെട്ടു. സൈന്യത്തിലായിരിക്കെ തന്നെ ബ്രിട്ടീഷ് വിരുദ്ധ ജനകീയ മുന്നേറ്റത്തിന് നേതൃത്വം കൊടുത്ത നാസര്‍, സാമ്രാജ്യത്വം മാത്രമല്ല നാടുവാഴിത്തവും അവസാനിപ്പിക്കണമെന്ന ദൃഢ നിശ്ചയക്കാരനായിരുന്നു. ഈജിപ്തിലെ ആദ്യത്തെ ഭൂപരിഷ്‌ക്കരണം നടപ്പാക്കിയത് അദ്ദേഹമാണ്.

അസ്വാന്‍ ഹൈഡാമും നാസര്‍ തടാകവും

അസ്വാന്‍ ഡാമിന്റെ മുമ്പില്‍ നിന്നെടുത്ത ഫോട്ടോ അന്നു തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ പ്രിയ സുഹൃത്തും കമ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ സഖാവ് കെ.ടി കുഞ്ഞിക്കണ്ണന്‍ ഇപ്രകാരം കമന്റ് ചെയ്തു.
ബാഗ്ദാദ് പാക് ടിൽ ചേരാൻ നാസർ വിസമ്മതിച്ചതോടെ അസ്വാൻ അണകെട്ട് പണിയാൻ അമേരിക്കയും ബ്രിട്ടനും സഹായം നൽകാമെന്ന വാഗ്ദാനത്തിൽ നിന്നും പിന്മാറി. ആ സാഹചര്യത്തിലാണ് സൂയസ് കനാൽ ദേശസാൽക്കരണത്തിനും വിദേശ വ്യാപാര നിയന്ത്രണത്തിനും നികുതി ചുമത്തുന്നതിനും അതു വഴി അസ്വാൻ അണക്കെട്ട് പണിയുന്നതിനും നാസർ ധീരമായ മുൻകൈ കാണിക്കുന്നത്.

(യാത്രയും സന്ദര്‍ശനങ്ങളും രേഖപ്പെടുത്തുന്നതോടൊപ്പം സുഹൃത്തുക്കള്‍ നല്‍കുന്ന ഇത്തരത്തിലുള്ള സന്ദേശങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വിമര്‍ശനങ്ങളും നമ്മുടെ കുറിപ്പുകളെ കൂടുതല്‍ അര്‍ത്ഥങ്ങളിലേയ്ക്കും അന്വേഷണങ്ങളിലേയ്ക്കും നയിക്കും.)

അസ്വാന്‍ അണക്കെട്ട് പണിയുന്നതിനായി നല്‍കിയ സാമ്പത്തിക സഹായ വാഗ്ദാനത്തില്‍ നിന്ന് അമേരിക്കയും ബ്രിട്ടനും 1956 ജൂലൈ 19നാണ് പിന്‍വാങ്ങുന്നത്. സൈനിക ആപ്പീസറായിരുന്ന നാസറിനെ പാശ്ചാത്യ ലോകം ആദ്യഘട്ടത്തില്‍ പിന്തുണച്ചത് അദ്ദേഹത്തെ ഉപയോഗപ്പെടുത്തി ഈ മേഖലയില്‍ കമ്യൂണിസം പടരുന്നത് തടയാം എന്ന ധാരണയിലായിരുന്നു. അക്കാര്യം നടക്കാന്‍ പോകുന്നില്ലെന്നു മനസ്സിലായതോടെയാണ് അമേരിക്കയും ബ്രിട്ടനും ഈ തീരുമാനം എടുത്തത്.

അസ്വാന്‍ ഹൈ ഡാം വരുന്നതോടെ, സ്വതന്ത്ര ഈജിപ്ഷ്യന്‍ റിപ്പബ്ലിക്ക് കൂടുതല്‍ സാമ്പത്തിക സ്വാശ്രയത്വത്തോടെയും ഭക്ഷ്യസുരക്ഷയോടെയും അഭിവൃദ്ധിയിലെത്തുമെന്ന ഉറപ്പുള്ളതുകൊണ്ടാണ് പ്രസിഡണ്ട് നാസര്‍ ആ പദ്ധതിയുമായി മുന്നോട്ടു പോയത്. അപ്പോഴാണ് പാശ്ചാത്യ ശക്തികള്‍ ചരിത്രപരമായ ഈ വഞ്ചന നടത്തിയത്. സോവിയറ്റ് യൂണിയന്‍ മുഴുവന്‍ സാമ്പത്തിക സഹായവും ഈ അവസരത്തില്‍ ഈജിപ്തിന് നല്‍കാമെന്നേറ്റു. കമ്യൂണിസ്റ്റല്ലെങ്കിലും സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്ന പ്രസിഡണ്ട് നാസര്‍, ഈ പശ്ചാത്തലത്തിലാണ് സൂയസ് കനാല്‍ ദേശസാല്‍ക്കരിക്കുന്നത്. സൂയസ് കനാലും കാണാന്‍ ഞങ്ങള്‍ പോകുകയുണ്ടായി. പോര്‍ട് സെയിദ് എന്ന നഗരത്തില്‍ ചെന്ന് സൂയസ് കനാല്‍ ജങ്കാറില്‍ മുറിച്ചു കടന്നു. ആ വിശേഷങ്ങള്‍ പിന്നീടുള്ള ലക്കങ്ങളില്‍. ഇപ്പോള്‍ അസ്വാന്റെ വിശേഷങ്ങള്‍ തുടരാം.

ഫിലേ ക്ഷേത്രത്തിന് മുന്നിൽ ജി.പി രാമചന്ദ്രൻ.

1971 ജനുവരി 15നാണ് അസ്വാന്‍ ഹൈ ഡാം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. യുഎസ്എസ് ആറിന്റെ സമ്പൂര്‍ണ സാമ്പത്തിക സഹായത്തോടെ പണിത ഡാമിന്റെ ഉദ്ഘാടനവേളയില്‍ അനാവരണം ചെയ്യപ്പെട്ട പടുകൂറ്റന്‍ ശില്പനിര്‍മ്മിതി ഡിസൈന്‍ ചെയ്തത് റഷ്യന്‍ ആര്‍ക്കിടെക്റ്റുകളായ യൂറി ഓമെല്‍ച്ചെങ്കോയും പാവ്‌ലോവ് പീറ്ററുമാണ്. ലോകമെമ്പാടും മനുഷ്യജീവിതത്തെ അടിസ്ഥാനപരമായി സഹായിക്കുന്ന നിരവധി കാര്യങ്ങൾ ആണ് യു എസ്‌ എസ് ആർ നിർവഹിച്ചിരുന്നത്. ഇന്ത്യയിലും നമുക്കതിന്റെ നിറഞ്ഞ ഉദാഹരണങ്ങൾ ഉണ്ട്. ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ലോകാനുഭവങ്ങളും അന്താരാഷ്ട്ര അടയാളങ്ങളുമാണവ. വിശുദ്ധ ഖുര്‍ ആനില്‍ നിന്നുള്ള, ജലത്തില്‍ നിന്ന് നാം എല്ലാത്തിനും ജീവന്‍ നല്‍കി എന്ന സൂക്തം പ്രവേശനകവാടത്തില്‍ തന്നെ എഴുതി വെച്ചിട്ടുണ്ട്. അതിനു താഴെ, സോവിയറ്റുകാരും ഈജിപ്ഷ്യന്‍സും കൈ കൂപ്പി ദൈവത്തോട് മഴയ്ക്കായി പ്രാര്‍ത്ഥിക്കുന്നു. അവരുടെ കൈകളുടെ ഇടയിലൂടെ മഴ പെയ്ത് നൈല്‍ നദിയിലേയ്ക്ക് പതിക്കുന്നു. ഇതിന്റെ വലതു ഭാഗത്ത് ഈജിപ്തിന്റെ പ്രസിഡണ്ടുമാരായിരുന്ന ജമാല്‍ അബ്ദെല്‍ നാസറിന്റെയും മൊഹമ്മദ് അന്‍വര്‍ എല്‍സദാത്തിന്റെയും ഛായാപടങ്ങളും അവരുടെ വാക്കുകള്‍ അറബിലെഴുതിയതുമാണുള്ളത്. ഇടതുഭാഗത്താകട്ടെ, ഈ വാക്കുകളുടെ റഷ്യന്‍ പരിഭാഷയും സോവിയറ്റ് യൂണിയന്റെ പതാകയും. വര്‍ഷങ്ങള്‍ കൊണ്ട് നാം കെട്ടിപ്പടുത്ത അറബ് സോവിയറ്റ് സൗഹൃദം കരുത്തുള്ളതായിത്തീര്‍ന്നിരിക്കുന്നു. അതിന്റെ അടയാളമാണ് ഈ അസ്വാന്‍ ഹൈ ഡാം. (പ്രസിഡണ്ടിന്റെ വാക്കുകളില്‍ പ്രധാനം ഇതാണ്.)

അസ്വാൻ യൂണിവേഴ്സിറ്റി ഗേറ്റിന്റെ പ്രവേശന കവാടത്തിൽ ജി.പി രാമചന്ദ്രൻ

മറ്റൊരു കാര്യം ശ്രദ്ധിക്കാനുള്ളത് ഒരു വിശാല അറബ് രാഷ്ട്രം അല്ലെങ്കില്‍ രാഷ്ട്ര സമുച്ചയം രൂപീകരിക്കാന്‍ അറബ് ദേശീയതയുടെ വക്താവും നേതാവുമായിരുന്ന ജമാല്‍ അബ്ദെല്‍ നാസര്‍ ആഹ്വാനം ചെയ്തിരുന്നു എന്നതാണ്. യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക് എന്നായിരുന്നു അക്കാലത്ത് (1958-1971) ഈജിപ്തിന്റെ പേര്. ഇപ്പോഴത്തെ സിറിയയും ഈ റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്നു. ഇപ്പോള്‍ അറബ് റിപ്പബ്ലിക്ക് ഓഫ് ഈജിപ്ത് എന്നാണ് ഈജിപ്തിന്റെ ഔദ്യോഗിക രാഷ്ട്രനാമം. അറബ് ലീഗ് എന്ന സംയുക്ത രാഷ്ട്ര പ്രസ്ഥാനം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ ആസ്ഥാനം കൈറോ ആണ്. സൗദി അറേബ്യയും യു.എ.ഇയുമടക്കം ഇരുപത്തി രണ്ട് രാഷ്ട്രങ്ങളാണ് നിലവില്‍ അറബ് ലീഗിലുള്ളത്.

അറബ് ദേശീയത തന്നെയാണ് പലസ്തീന്‍ സമരത്തിന്റെയും അന്തസ്സത്ത. യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക് നിലവിലുണ്ടായിരുന്നപ്പോള്‍ ആ രാഷ്ട്രത്തിന്റെ ഭാഗമായിരുന്നു ഗാസ മുനമ്പ്. സൂയസ് കനാല്‍ ദേശസാല്‍ക്കരണത്തെ തുടര്‍ന്ന് രൂപപ്പെട്ട സംഘര്‍ഷത്തിനിടയിലാണ് ഗാസയിലെ യുഎആര്‍ അധികാരം നഷ്ടമായത്. ഈജിപ്ത് ഇസ്രായേല്‍ സംഘര്‍ഷവും യുദ്ധങ്ങളും എല്ലാം ഇതിന്റെ തുടര്‍ച്ചകള്‍. ഈ യുദ്ധത്തിലുണ്ടായ പരാജയത്തെ തുടര്‍ന്ന് പ്രസിഡണ്ട് നാസര്‍ അധിക കാലം ജീവിച്ചിരുന്നില്ല. കൈറോവിലെ സലാവുദ്ദീന്‍ കോട്ട സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ മ്യൂസിയത്തിലുള്ള പ്രസിഡണ്ട് ജമാല്‍ അബ്ദെല്‍ നാസറിന്റെ പ്രതിമയ്ക്കു മുമ്പില്‍ നിന്ന് ഞങ്ങള്‍ ഫോട്ടോയെടുത്തിരുന്നു.

കെയ്‌റോയിലെ സലാദ്ദീൻ കോട്ടയിലെ ജമാല്‍ അബ്ദെല്‍ നാസർ പ്രതിമയ്ക്ക് മുന്നിൽ ജിപി രാമചന്ദ്രൻ

അസ്വാന്‍ അണക്കെട്ടിന്റെ മുന്‍വശത്തുള്ള ചെറിയ കടകളില്‍ നിന്നു തന്നെ യാസര്‍ അറാഫത്തിന്റെ ചിത്രങ്ങളില്‍ നിന്ന് നമുക്ക് ഏറെ പരിചിതമായ പലസ്തീന്‍ കഫിയ്യ (സ്‌കാര്‍ഫ്) വാങ്ങിക്കാന്‍ സാധിച്ചു. അവിടത്തെ വില്പനക്കാരന്‍ തന്നെ കഫിയ്യ കൃത്യമായി എന്റെ തലയില്‍ കെട്ടിത്തന്നു. ആ ദിവസം മുഴുവനും പിന്നെ അതും ധരിച്ചാണ്‌ നടന്നത്. സൂര്യാഘാതത്തില്‍ നിന്ന് രക്ഷപ്പെടാനും പൊടി, മണല്‍ ശല്യത്തെ തടുക്കാനും ആയി മിഡില്‍ ഈസ്റ്റിലെ പുരുഷന്മാര്‍ ധരിക്കുന്നതാണ് ഈ സ്‌കാര്‍ഫ്. മരുഭൂമിവാസികളായ ബദൂവിനുകളില്‍ നിന്നാണ് കഫിയ്യ, നഗരവാസികളിലേയ്ക്കുമെത്തിയത്.

അസ്വാൻ അണക്കെട്ടിന് മുന്നിൽ പരമ്പരാഗത വസ്ത്രമായ ‘കെഫിയേ’ ധരിച്ച ജി.പി രാമചന്ദ്രൻ

അണക്കെട്ടില്‍ നിന്ന് തിരിച്ചു പോരുന്ന വഴിയില്‍ അസ്വാന്‍ സര്‍വകലാശാലയുടെ കവാടവും കണ്ടു. നിരവധി സര്‍വകലാശാലകളാണ് ഈജിപ്തിലുള്ളത്. കൈറോവില്‍ തന്നെ പ്രസിദ്ധമായ നിരവധി സര്‍വകലാശാലകളുണ്ട്. ഇസ്ലാമിക വിജ്ഞാനത്തിന്റെ ലോക കേന്ദ്രമായ അല്‍ അസ്ഹര്‍ സര്‍വകലാശാല, ലോകത്തെ ഒന്നാം നിരയിലുള്ള സര്‍വകലാശാലയായി കണക്കാക്കുന്ന കൈറോ യൂണിവേഴ്‌സിറ്റി, സ്വകാര്യ സര്‍വകലാശാലയായ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഇന്‍ കൈറോ, ഐനു ഷാംസ്‌ എന്നിവയ്ക്കു പുറമെ അലെക്‌സാണ്ട്രിയയിലും സര്‍വകലാശാലയുണ്ട്. വിജ്ഞാനത്തിനും വിദ്യാഭ്യാസത്തിനും ഈജിപ്ഷ്യന്‍ ജനത കല്പിക്കുന്ന പ്രാധാന്യം ഇതില്‍ നിന്നെല്ലാം ബോധ്യമാവും.

നുബിയൻ ആഭരണങ്ങൾ

അസ്വാന്‍ അണക്കെട്ട് നിലവില്‍ വന്നതോടെ വെള്ളത്തിലായ രണ്ട് പടുകൂറ്റന്‍ ക്ഷേത്രങ്ങള്‍, മുഴുവനായി പൊളിച്ച് ഉയരമുള്ള ദ്വീപുകളില്‍ പുനസ്ഥാപിച്ചതാണ് വാസ്തവത്തില്‍ അണക്കെട്ട് പണിതതിനേക്കാള്‍ നമ്മളെ അത്ഭുതപ്പെടുത്തുന്ന കാര്യം. അബു സിംബലും ഫിലെയുമാണ് ആ ക്ഷേത്രങ്ങള്‍. അസ്വാനില്‍ നിന്ന് അബു സിംബലിലേയ്ക്ക് ഏതാണ്ട് മുന്നൂറു കിലോമീറ്റര്‍ ദൂരം വരും. മരുഭൂമിയിലൂടെ ടാക്‌സിയിലോ അതല്ലെങ്കില്‍ വിമാനത്തിലോ അതുമല്ലെങ്കില്‍ ദിവസങ്ങളെടുത്ത് നൈല്‍ നദിയിലൂടെ ക്രൂയിസിലോ യാത്ര ചെയ്ത് അവിടെയെത്താം. സമയക്കുറവു മൂലം ഞങ്ങള്‍ അബു സിംബല്‍ പോയില്ല. ഇതൊരു നഷ്ടം തന്നെയാണ്.

എന്നാല്‍, ആ നഷ്ടം പരിഹരിച്ചത് ഫിലെ ടെംബിളിലേയ്ക്കുള്ള സന്ദര്‍ശനമാണ്. ചെറു ബോട്ടുകളില്‍ ഡാമിലൂടെ സഞ്ചരിച്ചാലാണ് ഫിലെയിലെത്തുക. നൂബിയന്‍ വിഭാഗത്തില്‍ പെട്ടവരാണ് മിക്കവാറും ബോട്ടുകള്‍ ഓടിക്കുന്നത്. ബോട്ടു കയറുന്നിടത്തും പിന്നെ ഫിലെ ക്ഷേത്രപരിസരത്തും നൂബിയന്‍ വിഭാഗക്കാരുടെ ആഭരണങ്ങളും ചില പ്രത്യേക തരം വര്‍ണക്കല്ലുകളും വില്പനയ്ക്കു വെച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഞങ്ങള്‍ ചില്ലറ ആഭരണങ്ങളും പിന്നെ ഈ വര്‍ണക്കല്ലുകഷ്ണങ്ങളും വാങ്ങിച്ചു. അണക്കെട്ടിലൂടെയുള്ള ബോട്ട് യാത്ര സവിശേഷമായ അനുഭവമായിരുന്നു. ശുദ്ധജലത്തിന്റെയും ശാന്തമായിരിക്കെ തന്നെ വിശാലമായി കാണപ്പെടുന്ന പ്രകൃതിയുടെയും എല്ലാം സ്പര്‍ശമുള്ള ബോട്ട് നൂബിയന്‍ വംശജനായ സാരഥിയാണ് ഓടിച്ചത്.

ഐസിസ് ദേവതയ്ക്കായാണ് ഫിലെ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. പിന്നീട് പല മാറ്റങ്ങളും വരുത്തിയിട്ടുമുണ്ട്. ഫിലെ എന്ന ദ്വീപിലാണ് ഈ ക്ഷേത്രം ആദ്യം പണിതത്. നെക്ത്‌നെബോ എന്ന ഫറോവയുടെ കാലഘട്ടത്തിലാണ് ഇതിന്റെ പ്രധാന പണികള്‍ നടന്നിരിക്കുന്നത്. ഇത് ബിസി നാലാം നൂറ്റാണ്ടിലാണ്. അഗില്‍ക്യ എന്ന ഉയരം കൂടിയ ദ്വീപിലാണ് പുനസ്ഥാപിക്കപ്പെട്ട, ഇപ്പോഴത്തെ ഫിലെ ക്ഷേത്രം നിലനില്ക്കുന്നത്. ഫറോവമാരുടെ കാലം അവസാനിക്കുന്നതിനു തൊട്ടുമുമ്പാണ് ഫിലെ ക്ഷേത്രം പണി ആരംഭിച്ചത്. പിന്നീടുള്ള ഗ്രീക്കോ റോമന്‍ കാലഘട്ടത്തിലെ പല കൂട്ടിച്ചേര്‍ക്കലുകളും അവിടെയുണ്ട്.

അസ്വാനിലെ യുനെസ്‌കോ സംരക്ഷണ പരിസരത്തെ അബുസിംബല്‍ മുതല്‍ ഫിലെ വരെയുള്ള നൂബിയന്‍ സ്മാരകങ്ങള്‍ എന്നാണ് സാമാന്യമായി നാമകരണം ചെയ്തിരിക്കുന്നത്. പുരാവസ്തു സംരക്ഷണം, അണക്കെട്ടുകളടക്കമുള്ള ആധുനിക സാങ്കേതിക നിര്‍മ്മിതികളുടെ അനിവാര്യത, മാനവികതയോടുള്ള ആത്മാര്‍ത്ഥമായ സമീപനം എന്നിങ്ങനെ സമാധാനത്തിലും തുല്യ നീതിയിലുമധിഷ്ഠിതമായ ക്ഷേമ രാഷ്ട്രസങ്കല്‍പത്തിന്റെ ഒരടയാളം കൂടിയായി അബു സിംബലിനെയും ഫിലെയെയും കണക്കാക്കാം.

(അടുത്ത ലക്കത്തിൽ – നൂബിയയും വിശുദ്ധരുടെ വിശ്രമങ്ങളും – അസ്വാനില്‍ നിന്ന് മടങ്ങുന്നതിനു മുമ്പ്‌)


ഈ സീരീസിലെ മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x