പുരാവസ്തു രാഷ്ട്രത്തിലൂടെ (ഈജിപ്ത് യാത്രാ കുറിപ്പുകൾ)

ഈജിപ്തിനെ ഒരു പുരാവസ്തു രാഷ്ട്രം (മ്യൂസിയം നാഷൻ) എന്നു വിളിക്കാം. രാജ്യം മുഴുവനും പരന്നു കിടക്കുന്ന വിശാലവും സമ്പന്നവും വിജ്ഞാനപ്രദവും ഗൗരവപ്രധാനവുമായ രേഖകളും ശില്പങ്ങളും കൊത്തുപണികളും ശിലാലിഖിതങ്ങളും എടുപ്പുകളും ആരാധനാലയങ്ങളും വിഗ്രഹങ്ങളും പിരമിഡുകളും എല്ലാം എല്ലാം നിറഞ്ഞ ഒരു വിസ്മയരാഷ്ട്രമാണ് ഈജിപ്ത്. ബി.സി അഞ്ചാം സഹസ്രാബ്ദം (മില്ലെനിയം) മുതൽക്കുള്ള ഈജിപ്തിലെ ചരിത്രം, ഭാഷകൾ, സാഹിത്യം, മതങ്ങൾ, വാസ്തുനിർമ്മാണ രീതികൾ, കല എന്നിവയെ സംബന്ധിച്ച പഠനങ്ങളെ സമഗ്രമായി ഈജിപ്‌തോളജി എന്നാണ് വിളിക്കുന്നത്. ചരിത്രപരവും ഭൂമിശാസ്ത്രപരവുമായി മർമ്മസ്ഥാനത്തുള്ള ഈജിപ്ത്, വിജ്ഞാനത്തിന്റെ കേന്ദ്രബിന്ദുവുമാണെന്നാണിത് കാണിക്കുന്നത്.
വായനയിലൂടെയും പഠനങ്ങളിലൂടെയും ഓർമ്മയിലും ആലോചനയിലും നിറഞ്ഞുനിന്ന നാടാണ് ഈജിപ്ത്. ഈജിപ്തിനെ ഏറെക്കുറെ സമഗ്രമായി അറിയുന്നതിനു വേണ്ടി ഒരു യാത്ര നടത്താനുള്ള പ്രേരണയും ധൈര്യവും നൽകിയത്, പ്രിയ സുഹൃത്തും എഴുത്തുകാരനുമായ ലുഖ്മാൻ എം ആണ്. ക്രിയേറ്റീവ് റൈറ്റിംഗിൽ അമേരിക്കൻ യൂണിവേഴ്‌സിറ്റി ഇൻ കൈറോവിൽ നിന്ന് കഴിഞ്ഞ വർഷം ഡിപ്ലോമ നേടിയ അദ്ദേഹം, ഫ്രഞ്ച്, ആധുനികവും പ്രാചീനവുമായ അറബ് സാഹിത്യവും ഭാഷയും എന്നീ ഇഷ്ടവിഷയങ്ങളിൽ ഉപരിപഠനങ്ങൾക്കായി കൈറോവിൽ തന്നെ തങ്ങുകയാണ്. ചുരുങ്ങിയ മാസങ്ങൾക്കിടയിൽ ഈജിപ്തിലെ ചരിത്രവും സംസ്‌ക്കാരവും മാനവികാധുനികതയുടെ പ്രാരംഭവും നേരിൽ കണ്ട് മനസ്സിലാക്കുന്നതിനു വേണ്ടി അദ്ദേഹം നിരവധി യാത്രകൾ രാജ്യത്തിനകത്ത് നടത്തി. ഇതിനെക്കുറിച്ച് പുസ്തകമെഴുതാനും വീഡിയോ ചിത്രീകരണം നടത്താനും അദ്ദേഹത്തിന് പദ്ധതിയുണ്ട്. ഇതിനിടയിലാണ്, പത്തു ദിവസം നീണ്ടു നിൽക്കുന്ന ഒരു ഹ്രസ്വ യാത്ര ഈജിപ്തിലേയ്ക്ക് നടത്താൻ ലുഖ്മാന്റെ സഹായനിർദ്ദേശങ്ങളോടെ ഞങ്ങൾ മൂന്നു പേർ തീരുമാനിക്കുന്നത്. ഞാനും എന്റെ ഭാര്യ പ്രീതയും പ്രിയ സുഹൃത്തും വിമർശകനും എഴുത്തുകാരനുമായ വി.കെ ജോസഫും ചേർന്ന് ലുഖ്മാനോടൊപ്പം ഈജിപ്തിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണെങ്കിലും വിശദമായ യാത്ര നടത്തി. അതിന്റെ ചില പ്രാഥമിക വിവരണങ്ങളാണ് ഈ കുറിപ്പിലുള്ളത്.
ദോഹ വഴി കൈറോവിലേയ്ക്കുള്ള ഖത്തർ എയർവെയ്‌സ് വിമാനത്തിലാണ് ഞങ്ങൾ കൊച്ചിയിൽ നിന്ന് ഈജിപ്തിലേയ്ക്ക് പോയത്. ഖത്തർ എയർവെയ്‌സിൽ മുമ്പ് യാത്ര ചെയ്തപ്പോൾ ഭേദപ്പെട്ട അനുഭവമാണുണ്ടായിരുന്നതെന്നതിനാൽ ആശങ്കകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, യാത്രയുടെ ടിക്കറ്റ് പോകുന്നതിന്റെ തലേ ദിവസം വിശദമായി തപ്പിപ്പിടിച്ച് വായിച്ചപ്പോഴാണ് കൊച്ചിയിൽ നിന്ന് ദോഹ വരെയും ഇൻഡിഗോ ആണ് ഖത്തർ എയർവെയ്‌സിന്റെ പാർട്ണർ ആയി അവതരിക്കുന്നതെന്ന കാര്യം മനസ്സിലായത്. ഇ-വിസ, ഹോട്ടൽ ബുക്കിംഗുകൾ, ഈജിപ്തിലേയ്ക്കുള്ള ക്ഷണക്കത്ത്, അവിടെയുള്ള ആഭ്യന്തര വിമാനയാത്രകൾ, തിരിച്ചുള്ള ടിക്കറ്റ് എല്ലാം തയ്യാറായിരുന്നുവെങ്കിലും തുടക്കത്തിലെ ഈ വെച്ചുമാറൽ അല്പം നിരാശ ഉളവാക്കി. ഇൻഡിഗോ കമ്പനിക്കാരിൽ നിന്ന് മുമ്പു പലപ്പോഴും ഉണ്ടായ ദുരനുഭവങ്ങളാണ് ഈ നിരാശയുടെ കാരണം. അതൊന്നും ഇവിടെ വിവരിക്കുന്നില്ല. പേടിച്ചതിനേക്കാൾ വേഗത്തിൽ കാര്യങ്ങൾ അവതാളത്തിലായി. മൾടിപ്ലെക്‌സ് യുഗം വരുന്നതിനു മുമ്പ് എ.സി എന്നെഴുതി ഉള്ളിലേയ്ക്ക് കടത്തി വിട്ട് ഇടയിൽ എ.സി ഓഫാക്കി, കാണികളെ ചൂടാക്കുന്ന തിയേറ്റർ അനുഭവമായിരുന്നു ഇൻഡിഗോ ഞങ്ങൾക്ക് സമ്മാനിച്ചത്. സിനിമാനിരൂപകരാണ് യാത്രക്കാർ എന്നു മനസ്സിലാക്കി, റിയൽ സിനിമാ അനുഭവം അവർ സൃഷ്ടിച്ചതാണോ എന്നുമറിയില്ല.
ദോഹയിൽ നിന്ന് കൈറോവിലേയ്ക്കുള്ള വിമാനം പക്ഷെ നിലവാരം പുലർത്തി. കൈറോ വിമാനത്താവളത്തിൽ ലുഖ്മാൻ വാഹനവുമായി കാത്തു നിന്നിരുന്നു. ന്യൂ കൈറോവിലെ ഒരു അപ്പാർടുമെന്റിലായിരുന്നു താമസം ഒരുക്കിയിരുന്നത്. ആദ്യ ദിവസം, ഈജിപ്തിലേയ്ക്ക് ലോകരെ എല്ലാവരെയും ആകർഷിക്കുന്ന സുപ്രധാനമായ ലോകാത്ഭുതമായ പിരമിഡുകൾ കാണാനിറങ്ങി. കൈറോവിൽ നിന്ന് നാല്പതു കിലോമീറ്റർ മാത്രം ദൂരത്തുള്ള ഗിസ ഗവർണറേറ്റിലാണ് ഏറ്റവുമാദ്യം എത്തിയത്. ഇവിടെയുള്ള മൂന്നു പിരമിഡുകളാണ് എല്ലാവരും നിർബന്ധമായും സന്ദർശിക്കുന്നത്.
ഖുഫു, കാഫ്ര, മെൻകോര എന്നീ മൂന്നു പടുകൂറ്റൻ പിരമിഡുകൾ ഗിസയിൽ അടുത്തടുത്തായി നിൽക്കുന്നതാണ് പ്രാചീന ഈജിപ്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ച. ലക്ഷക്കണക്കിന് കല്ലുകൾ ഉപയോഗിച്ച് വർഷങ്ങൾ കൊണ്ടാണ് ഓരോ പിരമിഡുകളും പണിതുണ്ടാക്കിയിട്ടുള്ളത്. അദ്ധ്വാനം, മാനേജ്‌മെന്റ്, അധികാരം, ഗണിതം, എഞ്ചിനീയറിംഗ് എന്നിങ്ങനെ നമുക്കിപ്പോഴും പരിചയമുള്ളതും നമ്മളെ ഇപ്പോഴും നിയന്ത്രിക്കുന്നതുമായ ശാസ്ത്രീയാധുനികതകൾ ഒറ്റ നോട്ടത്തിൽ തന്നെ ഉൾവഹിക്കുന്നതും വിനിമയം ചെയ്യുന്നതുമാണ് പിരമിഡുകൾ. നാലായിരം സ്ഥിരം തൊഴിലാളികൾ ഇരുപതു വർഷമെടുത്താണ് ദ് ഗ്രേറ്റ് പിരമിഡ് എന്നു വിളിക്കപ്പെടുന്ന ഖുഫു എന്ന ഫറോവയുടെ പിരമിഡ് നിർമ്മിക്കുന്നത്. ബി.സി 2589 മുതൽ 2566 വരെ ഭരിച്ചിരുന്ന അദ്ദേഹം, അഖേത് ഖുഫു അഥവാ ഖുഫുവിന്റെ ചക്രവാളം എന്നറിയപ്പെടുന്ന ഈ പിരമിഡ് നിർമ്മിച്ചത്. ഇവിടെ നിന്ന് നോക്കിയാൽ കൈറോ നഗരം നമുക്ക് കാണാം. നാലായിരത്തഞ്ഞൂറ് വർഷം മനുഷ്യലോകം നിലനിന്നതിന്റെ ഇത്രയും സുവ്യക്തമായ രേഖ, മനുഷ്യരായി ജനിച്ചതിലും ഇവിടെയെത്താൻ കഴിഞ്ഞതിലും നമ്മെ കോരിത്തരിപ്പിക്കുക തന്നെ ചെയ്യും.
ഈ നാലായിരം തൊഴിലാളികൾ അടിമകളായിരുന്നില്ല എന്നാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. ഈജിപ്തിലെ പിരമിഡുകൾ അടക്കമുള്ള ഓരോ പ്രാചീനരേഖകളും ശില്പങ്ങളും അതിസൂക്ഷ്മവും വിശദവുമായ ഗവേഷണങ്ങൾക്ക് വിധേയമായിട്ടുള്ളതാണ്. ഇപ്പോഴും ഗവേഷണങ്ങളും ഖനനങ്ങളും തുടരുന്നു. ചില പ്രത്യേക പിരമിഡുകളിലും ശവക്കല്ലറകളിലും (കൊട്ടാരങ്ങളാണവ), യൂറോപ്പിലും അമേരിക്കയിലും മറ്റുമുള്ള വിവിധ സർവകലാശാലകളിലെ ഡിപ്പാർടുമെന്റുകൾ വേർതിരിഞ്ഞ് വിശദമായ പഠനഗവേഷണങ്ങൾ നടത്തിവരുന്നു. ഇവയുടെ വിശദാംശങ്ങളും അവിടെ എഴുതിവെച്ചിട്ടുണ്ട്. അതിലൂടെയാണ് ഇവിടെയുള്ള തൊഴിൽ രീതികളും മറ്റും മനസ്സിലാക്കപ്പെട്ടിട്ടുള്ളത്. നാലായിരം സ്ഥിരം തൊഴിലാളികളും ഇവിടെയടുത്ത് സ്ഥിരതാമസമാക്കുകയും അവരെ സഹായിക്കാനുള്ള താല്ക്കാലിക തൊഴിലാളികൾ ഇടയ്ക്കിടെ എത്തുകയും ചെയ്തിരുന്നു. ഇരുപത്തി മൂന്ന് ലക്ഷം വലുപ്പമുള്ള കല്ലുകൾ കൊണ്ടാണ് ഖുഫു പിരമിഡ് പണിതിട്ടുള്ളത്. ഓരോ കല്ലിനും രണ്ടര ടൺ തൂക്കം വരും. കുറെ കല്ലുകൾ അടുത്ത സ്ഥലങ്ങളിൽ നിന്നാണ് കുഴിച്ചെടുത്തതെങ്കിലും പിരമിഡിന്റെ പുറമെ പാകിയിട്ടുള്ളത് നൈൽ നദീതടങ്ങളിൽ നിന്ന് കൊണ്ടുവന്ന തൂറ എന്നു പേരുള്ള മിനുസമുള്ള ചുണ്ണാമ്പുകല്ലുകളാണ്. ഈ കല്ലുകൾ അവിടേയ്‌ക്കെത്തിച്ച ചരക്കുഗതാഗതം എന്ന ഘടകം തന്നെ ഏറെ പ്രധാനമായിരുന്നു എന്നു മനസ്സിലാക്കാം.
ഈ ഗ്രേറ്റ് പിരമിഡിന്റെ തൊട്ടടുത്തായി മൂന്ന് ചെറു പിരമിഡുകൾ ഉണ്ട്. അവ ഖുഫുവിന്റെ രാജ്ഞിമാരുടേതായിരുന്നു. ഖുഫുവിന്റെ മകൻ ഖാഫ്‌റയുടെയും ഖാഫ്‌റയുടെ മകൻ മെൻകോറയുടെയും പിരമിഡുകളും അടുത്ത് തന്നെയാണ്. ഇവ മൂന്നും ഒറ്റ ഫ്രെയ്മിൽ ലഭിക്കും. അതിന്റെ പശ്ചാത്തലത്തിൽ ഫോട്ടോ എടുക്കുക എന്നതാണ് സഞ്ചാരികൾ ആദ്യമേ ചെയ്യുന്ന കാര്യം. ഖാഫ്ര തന്റെ അച്ഛന്റെ പിരമിഡിനെക്കാളും ഉയരം കുറഞ്ഞ പിരമിഡാണുണ്ടാക്കിയത്. എന്നാൽ, അദ്ദേഹം മറ്റൊരു ശില്പമുണ്ടാക്കി പിതാവിനെ അതിശയിച്ചു. അതാണ് സ്ഫിൻക്‌സ് ദേവന്റേത്. തന്റെ ശിരസ്സ് മുകളിലും താഴെ സിംഹത്തിന്റെ ഉടലുമുള്ള പടുകൂറ്റൻ ദേവന്റെ ശില്പം എല്ലാവരിലും കൗതുകവും ചരിത്രകുതുകത്വവും ഉണ്ടാക്കും.
പിരമിഡുകൾക്കുള്ളിൽ കയറി കാണാൻ സൗകര്യവും പ്രയാസരാഹിത്യവും ഗിസയിലെ ഗ്രേറ്റ് പിരമിഡിനെക്കാളും ഇതേ ഗവർണറേറ്റിലുള്ള സക്കാറയിലെ യോസർ പിരമിഡിലാണെന്ന് ലുഖ്മാൻ പറഞ്ഞതനുസരിച്ച് അവിടെയാണ് ഞങ്ങൾ അങ്ങിനെ ചെയ്തത്. ഗിസയിലെ ഖുഫു പിരമിഡിൽ നൂണു കടക്കാനും തലകുനിച്ചും ഏതാണ്ടിഴഞ്ഞും സഞ്ചരിക്കാൻ വളരെ പ്രയാസമാണ്. സക്കാറയിലെ പിരമിഡിലും കുറച്ചു ദൂരം തല കുനിച്ച് നടക്കണം. എന്നാലും താരതമ്യേന ബുദ്ധിമുട്ട് കുറവാണ്.
ബി.സി 2649 മുതൽ 2475 വരെ ഭരിച്ചിരുന്ന യോസർ രാജാവിന്റെ ശവകുടീരവും പിരമിഡുമാണ് സക്കാറയിലുള്ളത്. ഫറോവ എന്നാൽ മഹാഗൃഹം എന്നാണർത്ഥം. ചില ഗവേഷകർ ബി.സി 1985 മുതൽക്കുള്ള രാജവംശങ്ങളെയാണ് ഫറോവമാർ എന്നു വിളിക്കുന്നത്. അതെന്തായാലും പ്രാചീന ഈജിപ്തിനെ അഥവാ ബി.സി മുന്നൂറിൽ ആരംഭിച്ച ഗ്രീക്കോ റോമൻ കാലഘട്ടത്തിനു മുമ്പുള്ള ഈജിപ്തിനെ ഏതാണ്ട് ഒരു തുടർച്ചയായി മനസ്സിലാക്കുകയാണെളുപ്പം. വിശദ ഗവേഷണങ്ങൾ പല തലങ്ങളിലും പല മട്ടിലും ഇപ്പോഴും നടക്കുകയാണ്. മാത്രമല്ല, ഖനനങ്ങളിലൂടെ പല രേഖകളും ശില്പങ്ങളും ചിത്രങ്ങളും മമ്മികളും എല്ലാം ഇപ്പോഴും കണ്ടെടുക്കപ്പെട്ടു കൊണ്ടിരിക്കുകയുമാണ്.
ഈജിപ്തിലെ പ്രധാന മാധ്യമമായ അഹ്രാം ഏപ്രിൽ 18ന് പ്രസിദ്ധീകരിച്ച റിപ്പോർട് അനുസരിച്ച് സക്കാറയിൽ വാസർ ഇഫ്റെ എന്ന രാജകുമാരന്റെ ശവകുടീരം ഇക്കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ആന്റിക്വിറ്റീസ് സുപ്രീം കൗൺസിലിന്റെയും സാഹി ഹവാസ് ഫൗണ്ടേഷൻ ഫോർ ആർക്കിയോളജി ആന്റ് ഹെറിറ്റേജിന്റെയും സംയുക്ത സംരംഭമായ ഈജിപ്ഷ്യൻ ആർക്കിയോളജിക്കൽ മിഷൻ ആണ് ഈ ശവകുടീരം കണ്ടെത്തിയിരിക്കുന്നത്. ഈജിപ്തിലെ അഞ്ചാം ഡൈനാസ്റ്റി (രാജവംശം)യുടെ സ്ഥാപക ചക്രവർത്തി ഉസെർക്കാഫ് രാജാവിന്റെ മകനാണ് വാസെർ ഇഫ് റെ. നിരവധി രേഖകളും ഇതോടൊപ്പം കണ്ടെത്തിയിട്ടുണ്ട്. ഇളം ചുവപ്പു വർണത്തിലുള്ള ചെങ്കല്ല് കൊണ്ട് നിർമ്മിച്ച ഒരു ‘വ്യാജ’ വാതിൽ കൊണ്ട് അടച്ച നിലയിലായിരുന്നു ഈ ശവപേടകം. ഇവിടെ യോസർ രാജാവിന്റെയും പത്‌നിയുടെയും പത്തു പെൺമക്കളുടെയും പ്രതിമകളും കണ്ടെത്തിയിട്ടുണ്ട്. ഇത് മറ്റെവിടെയും ഉള്ളതല്ലെന്ന് ഖനനത്തിനും ഗവേഷണത്തിനും നേതൃത്വം കൊടുക്കുന്ന സാഹി ഹവാസ് പ്രസ്താവിച്ചു.
അൺനോൺ ദ് ലോസ്റ്റ് പിരമിഡ് (അജ്ഞാതം – നഷ്ടപ്പെട്ട പിരമിഡ്) എന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്കുമെന്ററിയിൽ ഹൂണിയുടെ പിരമിഡ് ഖനനം ചെയ്ത് കണ്ടുപിടിക്കാൻ പരിശ്രമിക്കുന്ന ഡോക്ടർ സാഹി അബ്ബാസ് ഹവാസ്സിനെ കാണാം. പ്രമുഖനായ ഈജിപ്ഷ്യൻ ആർക്കിയോളജിസ്റ്റും ഈജിപ്‌തോളജിസ്റ്റും മുൻ മന്ത്രിയുമാണ് സാഹി ഹവാസ്സ്. മറ്റു നിരവധി ഡോക്കുമെന്ററികളിലും ടിവി ഷോകളിലും അദ്ദേഹമുണ്ട്.
2009ൽ അമേരിക്കൻ പ്രസിഡണ്ട് ബറാക്ക് ഒബാമ കൈറോ സന്ദർശിച്ചപ്പോൾ, പ്രസിദ്ധമായ പിരമിഡുകൾ കാണിച്ചു കൊടുത്തത് സാഹി ഹവാസ്സായിരുന്നു. 2011ലെ ഈജിപ്ത് പ്രതിഷേധ കാലഘട്ടത്തിൽ തൂത്തൻഖാമുൻ എന്ന ഏറ്റവും പ്രസിദ്ധനായ ഫറാവോയുടെ അടക്കം ശില്പങ്ങളും സ്വർണാഭരണങ്ങളും മോഷ്ടാക്കൾ എടുത്തുകൊണ്ടുപോകുകയും നശിപ്പിക്കുകയും ചെയ്തു. തന്റെ ഹൃദയം തകരുകയും രക്തം തിളയ്ക്കുകയും ചെയ്തു എന്നാണ് സാഹി ഹവാസ്സ് അന്നു പറഞ്ഞത്.
ഈജിപ്തിൽ നിരന്തരമായി നടക്കുന്ന ഖനനങ്ങളും ഗവേഷണങ്ങളും പുതിയ പുതിയ കാര്യങ്ങൾ കണ്ടെത്തിക്കൊണ്ടേ ഇരിക്കുന്നുണ്ട്. പലതും പഴയ കണ്ടെത്തലുകളെ നിഷേധിക്കുന്നതും തിരുത്തുന്നതും ആവാറുണ്ട്.
സക്കാറയിലെ യോസറിന്റെ പിരമിഡ് വിശാലമായ ഒരു ശവകുടീര സമുച്ചയത്തിനുള്ളിലാണ് നിലക്കൊള്ളുന്നത്. പിരമിഡിനു ചുറ്റുമായി ഒരു കൊട്ടാരം തന്നെ ഉണ്ട്. ഇവിടത്തെ കവാടത്തിലും നടവഴികളിലുമുള്ള തൂണുകളും മറ്റും ലക്‌സറിലെ കർണക് ക്ഷേത്രത്തിലേയ്ക്ക് പിന്നീട് വളർന്ന വാസ്തുശില്പ രീതിയുടെ ആദ്യമാതൃകകളായി കണക്കാക്കാമെന്നു തോന്നുന്നു. പിരമിഡിന്റെ ഉള്ളിലേയ്ക്ക് പോയാലാണ് പക്ഷെ മഹാ വിസ്മയങ്ങളുള്ളത്. നാനൂറ് അറകളുള്ള ഒരു കൊട്ടാരമാണ് രാജാവിന്റെ മരണാനന്തര ജീവിതത്തിനായി ഒരുക്കിയിട്ടുള്ളത്. അതിൽ മരണാനന്തര ജീവിതകാലത്തേയ്ക്ക് ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചു വെച്ചിരിക്കുകയായിരുന്നു.

ഇവിടത്തെ മുഖ്യ ന്യായാധിപന്റെ ശവകുടീരവും സവിശേഷമാണ്. കഗേമ്‌നി എന്നു പേരുള്ള ഈ ന്യായാധിപൻ രാജാവിന്റെ മുഖ്യ ഉപദേഷ്ടാവു(വെസീർ)മാണ്. പിരമിഡില്ലെന്നേ ഉള്ളൂ. പക്ഷെ, ഉള്ളിൽ കടന്നാൽ, ചായപ്പണികളടക്കം ചെയ്ത ശിലകളും ചിത്രങ്ങളും കൊണ്ട് അലംകൃതമായ ഇവിടെ, കഗേമ്‌നി കൊണ്ടു വന്ന പരിഷ്‌കാരങ്ങളും മറ്റും വിശദീകരിച്ചിട്ടുണ്ട്. കാർഷിക മേഖലയിൽ അദ്ദേഹം വരുത്തിയ നൂതന മാർഗങ്ങൾ ഇക്കൂട്ടത്തിൽ സവിശേഷമാണ്.
(അവസാനിക്കുന്നില്ല. രണ്ടാം ഭാഗം അടുത്ത ആഴ്ച വായിക്കാം.)
ഈ സീരീസിലെ മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://theaidem.com/ml-exploring-the-musuem-nation-land-of-nile-egypt-part-two/