തൂത്തംഖാമന്റെ സ്വർണ്ണശിരസ്സ് (ഈജിപ്ത് യാത്രാകുറിപ്പുകള്‍ #3)

ആദ്യകാല ഫറോവ രാജാക്കന്മാര്‍ അവരുടെ ശവകുടീരങ്ങള്‍ പണിതത് അബിദോസ് നഗരത്തിലായിരുന്നു. നൈല്‍ നദിയുടെ പടിഞ്ഞാറുള്ള ഈ നഗരത്തിലെ ശവകുടീരങ്ങളില്‍ ഏറ്റവും സങ്കീര്‍ണമായ ശവപേടകങ്ങളാണുള്ളത്. അതില്‍ അതാതു രാജാക്കന്മാരുടെയും (ഒരു രാജ്ഞിയുടെയും) സ്ഥാനങ്ങളും പദവികളും നിലകളും രേഖപ്പെടുത്തിവെച്ചു. എല്ലാ ശവകുടീരങ്ങളിലും നിരവധി മുറികളുണ്ടാവും. അബിദോസില്‍ ഞങ്ങള്‍ പോവുകയുണ്ടായില്ല. കൈറോയ്ക്കടുത്തുള്ള ഗിസയിലെയും സക്കാറയിലെയും അതിനു ശേഷം ലക്‌സറിലെ രാജാക്കളുടെ താഴ് വരയിലെയും മറ്റും ശവകുടീര സമുച്ചയങ്ങള്‍ സാമാന്യമായും അതില്‍ തന്നെ പ്രത്യേകം തെരഞ്ഞെടുത്ത ചില കുടീരങ്ങള്‍ക്കുള്ളില്‍ കയറി വിശദമായും ഞങ്ങള്‍ ഫറോവമാരുടെ മരണാനന്തര ജീവിത ലോകങ്ങളുമായി മുഖാമുഖം നിന്നു.
ഇക്കൂട്ടത്തില്‍ സവിശേഷമായ കൗതുകം ജനിപ്പിച്ച ഒരു രാജാവിന്റെ പേരാണ് തൂത്തംഖാമന്‍. ഫറോവമാരുടെ ഭരണം ഏതാണ്ട് രണ്ടായിരം കൊല്ലത്തോളം പിന്നിട്ട ശേഷം ബിസി 1336 മുതല്‍ 1327 വരെയാണ് തൂത്തംഖാമന്‍ ഈജിപ്തിലെ രാജാവായത്. 1332 മുതല്‍ 1323 വരെയാണെന്നും ചില നിരീക്ഷണങ്ങളുണ്ട്. ആത്തെന്റെ ജീവിക്കുന്ന ഛായ എന്നര്‍ത്ഥമുള്ള തൂത്തംഖാമന്‍ അഖെനാത്തന്‍ രാജാവിന്റെ മകനായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ അതായത് ഒമ്പതാം വയസ്സില്‍ രാജപദവി ഏറ്റെടുത്തു.
തൂത്തംഖാമന്‍ അദ്ദേഹത്തിന്റെ അര്‍ദ്ധ സഹോദരിയായ ആംഖെസെന്‍പാതനെയാണ് വിവാഹം ചെയ്തത്. തൂത്തംഖാമന്റെ അമ്മയാകട്ടെ അച്ഛന്‍ അഖെനാത്തെന്റെ പൂര്‍ണ സഹോദരി തന്നെയായിരുന്നു. അക്കാലത്തെ സദാചാരവും വിവാഹ സങ്കല്‍പവും അത്തരത്തിലാണെന്നു കരുതാം. ചില മാറ്റങ്ങളൊക്കെ തന്റെ ഭരണത്തിലും കാഴ്ചപ്പാടിലും വരുത്തിയെങ്കിലും തൂത്തംഖാമന്‍ പതിനെട്ടോ പത്തൊമ്പതോ വയസ്സില്‍ മരിച്ചു പോയി. തലസ്ഥാനം അമര്‍നയില്‍ നിന്ന് മെംഫിസിലേയ്ക്ക് മാറ്റുന്നത് തൂത്തംഖാമനാണ്. അക്കാലത്ത് ഈജിപ്ത് ഏറെ സമ്പന്നവും പല നിലയ്ക്കും വിശിഷ്ട നിലകളിലെത്തുകയും ചെയ്തിരുന്നു.
തൂത്തംഖാമന്റെ ഭരണകാലത്തും മരണ വേളയിലും ഈജിപ്ത് സമ്പന്നമായിരുന്നുവെന്ന് മനസ്സിലായത് അദ്ദേഹത്തിന്റെ ശവകുടീരം കണ്ടെത്തി അതിന്റെ പ്രൗഢി തിരിച്ചറിഞ്ഞപ്പോഴാണ്. അത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം 1922ലായിരുന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ബ്രിട്ടീഷ് പുരാവസ്തു വിദഗ്ദ്ധനായ ഹോവാര്‍ഡ് കാര്‍ട്ടറാണ് ഖനനത്തിന് നേതൃത്വം നല്‍കിയത്. ലക്‌സറിലെ രാജാക്കളുടെ താഴ് വരയിലാണ് തൂത്തംഖാമന്റെ ശവകുടീരമുള്ളത്. അവിടെ നിന്നു ലഭിച്ചിട്ടുള്ള പുരാവസ്തു സാമഗ്രികള്‍ വളരെ വില കൂടിയവയായതിനാല്‍, കൈറോയിലെ മ്യൂസിയത്തില്‍ പ്രത്യേകം പ്രദര്‍ശന അറയിലാണ് വെച്ചിരിക്കുന്നത്. അവിടെ ഫോട്ടോ അനുവദനീയവുമല്ല.
തെക്കേ ഹെളിയോപോളീസിന്റെ ഭരണാധികാരി എന്ന പേരും തൂത്തംഖാമനുണ്ടായിരുന്നു. കര്‍ണക്കിലെ അമുന്‍ റെയുടെ ക്ഷേത്ര സമുച്ചയത്തിന്റെ അടയാളമാണിത്. സ്വര്‍ണം കൊണ്ട് പണിത കിരീടമാണ് തൂത്തംഖാമനും പത്‌നിയും അണിഞ്ഞിരുന്നത്. അതുപോലെ തൂത്തംഖാമന്റെ മൃതശരീര മുഖാവരണം (ഫ്യൂണെററി മാസ്‌ക്) ഏറെ പ്രസിദ്ധമാണ്. ഈജിപ്തിന്റെ തന്നെ പ്രതീകമായി പിരമിഡിനും സ്ഫിന്‍ക്‌സ് ദൈവപ്രതിമയ്ക്കും ഒപ്പം വിനിമയം ചെയ്യപ്പെടുന്ന ഒന്നാണ് ഈ മാസ്‌ക്. മുഴുവനും സ്വര്‍ണം കൊണ്ടുണ്ടാക്കിയിട്ടുള്ള ഈ മാസ്‌ക് കൈറോ മ്യൂസിയത്തില്‍ പ്രത്യേകം കണ്ണാടി കൊണ്ട് ഉണ്ടാക്കിയ കൂടിനുള്ളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

അയ്യായിരത്തിലധികം പുരാവസ്തുക്കളാണ് തൂത്തംഖാമന്റെ ശവകുടീരത്തില്‍ നിന്ന് ശേഖരിച്ചത്. ഇതിനെല്ലാം കൂടി പത്തു വര്‍ഷം സമയമെടുത്തു. പുരാവസ്തു ശാസ്ത്രത്തിലെ (ആര്‍ക്കിയോളജി) ഏറ്റവും വിസ്മയകരമായ കണ്ടെത്തലാണ് തൂത്തംഖാമന്റെ ശവകുടീരത്തിന്റെ കണ്ടെത്തല്‍. യാതൊരു കേടുപാടുകളും ഇവിടെ സംഭവിച്ചിട്ടുണ്ടായിരുന്നില്ല. ആര്‍ക്കിയോളജി ഏറെ വികസിച്ചിരുന്നതിനാല്‍, തികഞ്ഞ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും ഇതെല്ലാം ശേഖരിച്ചെടുക്കാനും സാധിച്ചു.
തൂത്തംഖാമന്‍ മരിക്കുന്നതിനു മുമ്പു തന്നെ അദ്ദേഹത്തിനുണ്ടായ രണ്ടു മക്കളും മരണപ്പെട്ടു. അവര്‍ ജനനസമയത്തു തന്നെ മരണപ്പെട്ടു എന്നും കരുതപ്പെടുന്നുണ്ട്. അവരുടെ മമ്മികളും തൂത്തംഖാമന്റെ മമ്മിയുടെ ഒപ്പമുണ്ടായിരുന്നു. തൂത്തംഖാമനാണ് ആദ്യമായി, ജീവിച്ചിരിക്കെ തന്നെ ദൈവമായി ആരാധിക്കപ്പെട്ട ഫറോവ എന്നും കണ്ടെത്തപ്പെട്ടിട്ടുണ്ട്. തൂത്തംഖാമന്റെ ശവകുടീരത്തില്‍ നിന്ന് കണ്ടെത്തിയ പുരാവസ്തുക്കളുടെ പ്രദര്‍ശനം ലോകത്തെമ്പാടും നടന്നിട്ടുണ്ട്. പാരീസിലെ ലോര്‍ മ്യൂസിയത്തില്‍ മാത്രം പന്ത്രണ്ടു ലക്ഷം പേര്‍ ഈ പ്രദര്‍ശനം കണ്ടതായാണ് കണക്ക്.
അസഹ്യമായ ചൂടായിരുന്നു ഞങ്ങള്‍ ലക്‌സറിലെത്തിയ ദിവസം. തൊട്ടടുത്ത ദിവസം മുതല്ക്കാവട്ടെ, തണുപ്പ് തിരിച്ചു വരികയും, പുറത്തിറങ്ങുമ്പോള്‍ കമ്പിളി ജാക്കറ്റില്ലെങ്കില്‍ പ്രയാസമായിത്തീരുകയും ചെയ്തു. ഇന്ത്യയില്‍ നിന്ന് പോകുമ്പോള്‍ കൊണ്ടു പോയ ഏക ജാക്കറ്റ് മുഷിഞ്ഞിരുന്നതിനാലും വേണ്ടത്ര തണുപ്പിനെ പ്രതിരോധിക്കാനാവാത്തതിനാലും അലെക്‌സാണ്ട്രിയയിലെ ദാനിയേല്‍ മോസ്‌കിനടുത്തുള്ള വാണിജ്യത്തെരുവില്‍ നിന്ന് ഒരു ഡ്യൂപ്ലിക്കേറ്റ് ജാക്കറ്റ് വാങ്ങിയാണ് പിന്നീടുള്ള ദിവസങ്ങള്‍ പിടിച്ചു നിന്നത്. കാലാവസ്ഥയുടെ ഈ പിടികിട്ടാത്ത സ്വഭാവം മരുഭൂമിയുടെ രീതിയാണെന്ന് ലുഖ്മാന്‍ പറഞ്ഞു.
ലക്സറിലെ കർണക് ടെമ്പിൾ ലോകത്തിലെ ഏറ്റവും വലിയ തുറന്ന കാഴ്ചബംഗ്ലാവാണ് (മ്യൂസിയം). പിരമിഡുകളുടെ കാലഘട്ടം കഴിഞ്ഞ് ഫറോവമാർ അവരുടെ ആസ്ഥാനം അപ്പർ ഈജിപ്തിലെ ലക്സറിലേയ്ക്ക് മാറ്റുകയും പുതിയ രീതിയിലുള്ള നിർമ്മാണരീതികൾ ആരംഭിക്കുകയും ചെയ്തു. ബിസി രണ്ടായിരം മുതൽ ബിസി മുന്നൂറ്റമ്പതു വരെയും നീണ്ട കാലഘട്ടം കൊണ്ടാണ് ഈ വിശാലവും മഹത്തുമായ ക്ഷേത്ര നിർമ്മിതി നടന്നത്. ചിത്രലിപികൾ, എഴുത്തുകൾ, ചിത്രകല, ശില്പങ്ങൾ, തൂണുകൾ എന്നിങ്ങനെ കണ്ടാലും മതിവരാത്തതും വിലയിരുത്താൻ അസാധ്യവുമായ നിർമ്മിതികൾ ആണിവിടെ ഉള്ളത്.
കര്‍ണക് ക്ഷേത്രത്തിലെ അമുന്‍ മഹാക്ഷേത്രം പണിയാനാരംഭിച്ചത് സെനുസ്രെത്ത് ഒന്നാമന്‍ രാജാവാണെന്ന് കരുതപ്പെടുന്നു. ബി സി 1971 മുതല്‍ 1926 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. ഇക്കാലം മുതല്‍ ബിസി 300കളിലെ ഗ്രീക്ക് രാജാവായ ടോളമി ഭരണകാലം വരെയുമുള്ള നിര്‍മ്മിതികള്‍ കര്‍ണക്കിലുണ്ട്. വെള്ള പ്രാര്‍ത്ഥനാമന്ദിരം (വൈറ്റ് ചാപ്പല്‍) സെനുസ്രെത്ത് ഒന്നാമനാണ് പണിതത്. പുരോഹിതര്‍ക്ക് ഘനമുള്ള ദൈവവിഗ്രഹങ്ങളെ ഏറ്റിക്കൊണ്ടു പോകുന്ന വഴിയ്ക്ക് വിശ്രമിക്കാനുള്ള ഒരു വഴിയമ്പലമാണ് വൈറ്റ് ചാപ്പല്‍. ഈ ചാപ്പലിന്റെ ചുമരുകൾ രാജാവിന്റെയും അമുന്‍ ദൈവത്തിന്റെയും മറ്റു ദൈവങ്ങളുടെയും രൂപങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്. പുതിയ രാജവംശ (ന്യൂ കിംഗ്ഡം)ത്തിന്റെ കാലത്ത് ഇത് പൊളിയ്ക്കുകയുണ്ടായി. ഈ ചാപ്പലിന്റെ തൂണുകള്‍ കര്‍ണക്കിലെ തുറന്ന മ്യൂസിയത്തിലുണ്ട്. ദൈവങ്ങള്‍ക്ക് സമാനനാണ് സെനുസ്രെത്ത് രാജാവ് എന്ന് സ്ഥാപിക്കുന്ന തരത്തിലാണ് ഇവിടത്തെ കൊത്തുപണികള്‍.
മുകള്‍ ഭാഗം തുറന്ന വിശാലമായ ഒരു ക്ഷേത്ര സമുച്ചയമാണ് കര്‍ണക് ടെമ്പിള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. അസാധാരണമായ തരത്തില്‍ നീളമുള്ള പടുകൂറ്റന്‍ തൂണുകള്‍ ആകാശം തൊടുന്നതു പോലെ തോന്നും. കടുത്ത ചൂടാണെങ്കിലും വലിയ വട്ടമുള്ള ഈ തൂണുകള്‍ ആകാശത്തിനു താഴെ നമുക്ക് തണല്‍ തരും. സ്വയം ദൈവങ്ങളായും സങ്കല്പിച്ച ഫറോവ രാജാക്കന്മാര്‍ തങ്ങളെ ദൈവങ്ങളുടെ രാജാക്കന്മാരായും വാഴിച്ചു. കര്‍ണക് ക്ഷേത്രത്തിന്റെ വലുപ്പമില്ലെങ്കിലും സമാനമായ നിര്‍മിതികള്‍, അന്നത്തെ നഗരങ്ങളിലും ശവകുടീര മലകളിലും താഴ് വാരങ്ങളിലുമെല്ലാം ഉണ്ടാക്കിയിരുന്നു. ഒറ്റക്കല്ലിലുള്ള പടുകൂറ്റന്‍ ശില്പങ്ങള്‍, മതിലുകള്‍, ചുമരുകള്‍, തൂണുകള്‍ എന്നിവയും കൂടുതല്‍ കല്ലുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള നിര്‍മിതികളുമെല്ലാം ഇവിടെ കാണാം.
ഭരണത്തിന്റെ സവിശേഷതകളും ശവകുടീരങ്ങളില്‍ അടക്കപ്പെട്ട രാജാക്കന്മാരുടെ വിശേഷങ്ങളുമെല്ലാം ചിത്രലിപികളിലും ചിത്ര-ശില്പങ്ങളായും എല്ലായിടത്തും രേഖപ്പെടുത്തിയിട്ടുമുണ്ട്. മരണാനന്തരജീവിതം എന്നത് ആധുനിക കാലത്ത് വിശ്വാസയോഗ്യമായ ഒരു സങ്കല്പമോ യാഥാര്‍ത്ഥ്യമോ അല്ലെന്നിരിക്കിലും, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മരിച്ചുപോയവര്‍ അവരുടെ സാന്നിദ്ധ്യം ഈ രേഖകളിലൂടെ നമുക്കു മുമ്പില്‍ അനാവൃതമാക്കുന്നതു പോലത്തെ തോന്നലാണ് അവിടെയെത്തിയാല്‍ ഉണ്ടാകുക. ഇതില്‍ എടുത്തുപറയേണ്ട ഒരു കാര്യം; അടിമകളായാലും അല്ലെങ്കിലും അക്കാലത്ത് ഈ നിര്‍മിതികള്‍ – ക്ഷേത്രങ്ങളും ശവകുടീര സമുച്ചയങ്ങളും പിരമിഡുകളും- പൂര്‍ത്തീകരിക്കാനായി പണിയെടുത്ത തൊഴിലാളികള്‍ മികച്ച രീതിയില്‍ സാക്ഷരതയുള്ളവരും കലാകാരരും ആയിരുന്നു എന്നതാണ്.
പുരാവസ്തുക്കള്‍ ഖനനം ചെയ്‌തെടുക്കേണ്ടതെങ്ങനെ എന്ന കാര്യത്തില്‍ അസാമാന്യമായ മാതൃകകളും രീതികളുമാണ് ഈജിപ്തില്‍ എത്രയോ പതിറ്റാണ്ടുകളായി പ്രാവര്‍ത്തികമായിട്ടുള്ളത്. ഈജിപ്‌തോളജി എന്നതു പോലെ ആര്‍ക്കിയോളജിയുടെയും ഒരു പ്രഭവകേന്ദ്രമാണ് ഈജിപ്ത് എന്നു ചുരുക്കം. മാത്രമല്ല, ചരിത്രം വസ്തുനിഷ്ടമായി എങ്ങിനെ രേഖപ്പെടുത്താം എന്ന കാര്യത്തില്‍ ശാസ്ത്രീയവും സൂക്ഷ്മവുമായ പ്രാഥമിക രീതിശാസ്ത്രം തന്നെ ഇവിടെയാണ് രൂപപ്പെട്ടത് എന്നു നമുക്ക് കാണാന്‍ കഴിയും. തീര്‍ച്ചയായും രാജസ്തുതികളുടെ പക്ഷപാതം അതിലാരോപിക്കാം. എന്നാല്‍, മാറി മാറിവന്ന രാജാക്കന്മാര്‍ പഴയ രാജാക്കന്മാരുടെ വിമര്‍ശകരും ആയിരുന്നു എന്നതിനാല്‍, സത്യത്തെ വേര്‍തിരിച്ചെടുക്കുന്നതിന്റെ വഴികളും അടയുന്നില്ല.

പ്രാചീന ഈജിപ്തിലെ ഏറ്റവും സുപ്രധാനമായ മതാരാധാനാ സമുച്ചയമായ കര്‍ണക് ക്ഷേത്രം, ലോകത്തിലെ തന്നെ ഏറ്റവും വലിയ മതസംബന്ധമായ കെട്ടിടക്കൂട്ടവുമാണ്. അമുന്‍ റെ എന്ന ഭൂമിയില്‍ ജീവിച്ച രാജാവായ ദൈവത്തിന്റെയും അദ്ദേഹത്തിന്റെ ഭാര്യ മട്ട്, മകന്‍ ഖോന്‍സു എന്നിവരുടെയും ക്ഷേത്രങ്ങളിവിടെ ഉണ്ട്. അമുന്‍ റെയുടെ ക്ഷേത്രത്തിലെ അതിവിശാലമായ ഹാള്‍ മഹാത്ഭുതം തന്നെയാണ്. ഹൈപ്പോസ്‌റ്റൈല്‍ ഹാള്‍ എന്നു പേരുള്ള ഈ ഹാളിന്റെ വിസ്തീര്‍ണ്ണം അമ്പത്തിനാലായിരും ചതുരശ്ര അടിയാണ്. ഇവിടെ മാത്രം നൂറ്റിമുപ്പത്തിനാല് തൂണുകളുണ്ട്. വാര്‍ഷികാഘോഷങ്ങളും അനുഷ്ഠാനങ്ങളും ആരാധനകളും നടന്നിരുന്ന ക്ഷേത്രവുമാണിത്. ഗ്രീക്കോ റോമന്‍ കാലഘട്ടത്തില്‍ ടോളമിയുടെ പിന്മുറക്കാരും കോപ്ടിക് ക്രിസ്ത്യാനികളും ഇവിടെ കുറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നെപ്പോളിയന്‍ രാജാവിന്റെ സംഘത്തിലുണ്ടായിരുന്ന പണ്ഡിതരാണ് ഈജിപ്തിലെ പുരാവസ്തുശേഖരങ്ങള്‍ ആധുനികമായ പഠന-ഗവേഷണങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട് എന്ന് കണ്ടെത്തുന്നത്. അപ്പോഴേക്കും പലതും നശിച്ചിരുന്നു. പിന്നീട് പഠനത്തിന്റെ ഭാഗമായി പലതും കണ്ടെത്തിയെങ്കിലും, അതേ പഠനത്തിന്റെയും ദൃശ്യതയുടെയും ഫലമായും; കൃഷി, വ്യവസായം, നഗരവത്ക്കരണം എന്നിവയുടെ ഭാഗമായും കുറെ നാശങ്ങള്‍ സംഭവിച്ചു.
പിരമിഡുകളുടെ കാലം കഴിഞ്ഞുള്ള ശവകുടീര നിര്‍മിതികളാണ് ലക്‌സറിനടുത്തുള്ള രാജാക്കളുടെ താഴ് വര(വാലി ഓഫ് കിംഗ്‌സ്)യിലുള്ളത്. തൂത്തംഖാമന്റെ ശവകുടീരവും ഇവിടെയാണുള്ളത്. തുരങ്കങ്ങള്‍ പോലെ തോന്നിക്കുന്ന വഴികളിലൂടെ പോയാല്‍ ഭൂഗര്‍ഭത്തിലുള്ള വലിയ മുറികളിലെത്താന്‍ കഴിയും. ഇവിടെയാണ് മമ്മികളെ അടക്കിയിരുന്നത്. പലതിലും നൂറുകണക്കിന് മുറികളുണ്ടാവും. ഇതില്‍ രാജാക്കളുടെയും രാജ്ഞികളുടെയും മരണാനന്തര ജീവിതത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കളും മറ്റും ശേഖരിക്കും. ഈ ഭൂഗര്‍ഭാന്തര മുറികളുടെ ചുമരുകളിലും മട്ടുപ്പാവുകളിലും ചിത്രങ്ങളും ശില്പങ്ങളും നിറയെ ഉണ്ട്. രാജാക്കളുടെ താഴ് വരയിലും സക്കാറയിലെ പിരമിഡിനകത്തും കയറി ഇതെല്ലാം വിശദമായി കാണാന്‍ കഴിഞ്ഞു.
ഫറോവമാരില്‍ ഏക രാജ്ഞിയായി, രാജ്യം ഭരിച്ചത് ഹാത്‌ഷെപ്‌സുത് ആണെന്നു കരുതപ്പെടുന്നു. പിന്നീട് ഗ്രീക്കോ റോമന്‍ കാലഘട്ടത്തില്‍ ടോളമിയുടെ പിന്മുറക്കാരിയായി ക്ലിയോപാട്രമാര്‍ ഈജിപ്ത് ഭരിച്ച കാര്യം ലോകത്തെല്ലാവര്‍ക്കുമറിയാം. ബിസി 1473 മുതല്‍ 1458 വരെയാണ് ഹാത്‌ഷെപ്‌സുത് ഫറോവ രാജ്ഞിയായി വാണത്. തീബ്‌സിലെ ദെയിര്‍ എല്‍ ബഹാരിയിലാണ് പ്രസിദ്ധമായ ഹാത്‌ഷെപ്‌സുത് ക്ഷേത്രം ഇവര്‍ നിര്‍മ്മിച്ചത്. തന്റെ പിതാവ് അമുന്റെ പൂന്തോട്ടമായി ഈ ക്ഷേത്രം മാറും എന്നാണ് ഹാത്‌ഷെപ്‌സുത് പറഞ്ഞതെങ്കിലും അവരുടെ ആത്മവിശ്വാസത്തിന്റെ ദൃഢീകരണമായി അത് ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. കര്‍ണക് ക്ഷേത്രസമുച്ചയത്തിലും അവര്‍ ചില നിര്‍മിതികള്‍ നടത്തിയിട്ടുണ്ട്.
അമെനോടോപ്പ് മൂന്നാമന്റെ സ്മാരകം എന്നു കരുതുന്ന കോളോസി ഓഫ് മെമ്‌നന്‍ – ഭീമാകാര പ്രതിമകള്‍ കര്‍ണക്കില്‍ നിന്നല്പം അകലെയുള്ള ക്ഷേത്രത്തിന്റെ കവാടത്തില്‍ നിലക്കൊള്ളുന്നു. ഇവയ്ക്കടുത്തു തന്നെയാണ് രാജാക്കളുടെ താഴ് വരയുമുള്ളത്. അവിടെ അറുപതിലധികം രാജാക്കളുടെ ശവകുടീരങ്ങളാണുള്ളത്. ഫറോവമാരില്‍ പ്രധാനപ്പെട്ട റംസീസുമാരുടെ മമ്മികളും ശവകുടീരങ്ങളും വാലി ഓഫ് കിംഗ്‌സിലാണുള്ളത്. റംസീസ് രണ്ടാമന്‍ ആണ് മോസസുമായി ഏറ്റുമുട്ടിയ ഫറോവ എന്നാണ് വിശ്വസിക്കപ്പെടുന്നത്.

പാതാളത്തിന്റെ പുസ്തകം, മരണാനന്തര ജീവിതത്തിന്റെ മാര്‍ഗദര്‍ശി എന്നിങ്ങനെ നിരവധി എഴുത്തു ശേഖരങ്ങള്‍ തന്നെ ഈ ശവകുടീരച്ചുമരുകളിലെയും മട്ടുപ്പാവുകളിലെയും വഴികളിലെയും തൂണുകളിലെയും മറ്റും രചനകളില്‍ നിന്ന് രൂപപ്പെടുത്തിയിട്ടുണ്ട്. മരണാനന്തരമുള്ള രാജാക്കളുടെ സഞ്ചാരങ്ങള്‍, സൂര്യദേവനുമായുള്ള അവരുടെ സമാഗമങ്ങള്‍, എന്നിവയെല്ലാം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.
പാപ്പിറസ് എന്ന കടലാസിന്റെ (പേപ്പറിന്റെ) ആദ്യരൂപവും ഈജിപ്തിലാണ് നിര്‍മ്മിക്കപ്പെട്ടത്. ചുമരുകളിലും തൂണുകളിലും മട്ടുപ്പാവുകളിലും വഴികളിലും കവാടങ്ങളിലും, ചരിത്രങ്ങള്‍, ഭാവനകള്‍ എന്നിവ രേഖപ്പെടുത്തുന്നതിനു പുറമെ പാപ്പിറസ് ചുരുളുകളിലും ഇവ രേഖപ്പെടുത്തി. മ്യൂസിയങ്ങളില്‍ ഇത്തരം പാപ്പിറസ് ചുരുളുകള്‍ നമുക്ക് കാണാനാകും. മ്യൂസിയങ്ങളിലെ വില്പനശാലകളിലും പുറത്തുള്ള കടകളിലും പാപ്പിറസ് എന്നു പരിചയപ്പെടുത്തുന്ന പ്രതലങ്ങളില്‍ നമ്മുടെ പേര് എഴുതിത്തരുന്ന കൗതുകങ്ങളും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അസ്വാൻ- സ്വർണത്തിന്റെ നഗരം. അടുത്ത ലക്കത്തിൽ.
ഈ സീരീസിലെ മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക