ബാബ രാംദേവും കൂട്ടാളികളും തങ്ങളുടെ നിക്ഷേപങ്ങളും പണവും സൂക്ഷിക്കാനുള്ള താവളമാക്കി നികുതിരഹിത ജീവകാരുണ്യ പ്രവർത്തന സംഘടനയെ ഉപയോഗിക്കുന്നതായി ‘റിപ്പോർട്ടേഴ്സ് കളക്ടീവി’ന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. പതഞ്ജലി ഏറ്റെടുത്ത, ഗൃഹോപയോഗസാധനങ്ങൾ വിൽക്കുന്ന ‘രുചി സോയ’ ഉൾപ്പെടെയുള്ള കമ്പനികളിൽ നടത്തിയ അന്വേഷണമാണ് ഈ കണ്ടെത്തലിലേക്ക് എത്തിച്ചത്.
യോഗയും ആയുർവേദവും പ്രോത്സാഹിപ്പിക്കുക എന്ന പേരിൽ പതഞ്ജലിയുമായി ബന്ധമുള്ള കുറച്ചാളുകൾ ചേർന്ന് യോഗക്ഷേമം സൻസ്ഥാൻ എന്ന ഒരു ജീവകാരുണ്യ പ്രവർത്തന സ്ഥാപനം 2016ൽ സ്ഥാപിച്ചു. “ലാഭേച്ഛയില്ലാത്ത” എൻ.ജി.ഒ എന്നാണ് യോഗക്ഷേമം സ്വയം വിശേഷിപ്പിച്ചത്. അത് കൊണ്ട് തന്നെ നികുതിരഹിത പദവി നേടിയെടുക്കാനും പറ്റി. ആറുവർഷമായിട്ട് ഈ “ലാഭേച്ഛയില്ലാത്ത” സ്ഥാപനം ഒരു രൂപയുടെ പോലും ജീവകാരുണ്യ പ്രവർത്തനം നടത്തിയിട്ടില്ലെങ്കിലും രാംദേവിന്റെ അടുത്ത കൂട്ടാളികൾ രുചി സോയ എന്ന കമ്പനിയിൽ നിന്നുൾപ്പെടെ സ്വരൂപിച്ച പണവും നിക്ഷേപങ്ങളും സൂക്ഷിച്ചുവയ്ക്കാനുള്ള താവളമാക്കി ഈ സ്ഥാപനത്തെ ഉപയോഗിക്കുന്നതായാണ് അന്വേഷണത്തിന്റെ ഭാഗമായി കമ്പനി റിക്കാർഡുകൾ പരിശോധിക്കുമ്പോൾ വെളിപ്പെട്ടത്.
നികുതി വെട്ടിച്ച് ലാഭം കൊയ്യാനായി ചാരിറ്റബിൾ സ്ഥാപനങ്ങളെ ഉപയോഗിക്കുന്നതിൽ നിന്നും തടയാനായി നികുതി നിയമത്തിൽ പ്രത്യേക വ്യവസ്ഥകളുണ്ട്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളെ ഇത്തരത്തിലുള്ള വ്യവസ്ഥകളുടെ ചെറിയ ലംഘനങ്ങൾക്ക് പോലും നികുതി അധികാരികൾ മുൻകാലങ്ങളിൽ അന്വേഷണം നടത്തി വിചാരണ ചെയ്തിട്ടുണ്ട്. രാംദേവിന്റെ ചാരിറ്റബിൾ സ്ഥാപനമാവട്ടെ, അവരുടെ പ്രഖ്യാപിത ലക്ഷ്യമായ ജീവകാരുണ്യ പ്രവർത്തനമൊന്നും ചെയ്യാതെയിരുന്നിട്ടും നിക്ഷേപങ്ങൾ സ്വരൂപിച്ചിട്ടുകൂട്ടിയിട്ടും അന്വേഷണപരിധിക്ക് വെളിയിലാണ്!
അഭൂതപൂർവ്വമായ ലാഭം സമ്പാദിക്കുന്നതിനായി പരിസ്ഥിതിലോല പ്രദേശമായ ആരവല്ലി വനമേഖലയിൽ വ്യാപാരം നടത്തുന്ന നിരവധി സംശയാസ്പദമായ ‘സീറോ-റവന്യൂ’ കമ്പനികൾ പതഞ്ജലി സൃഷ്ടിച്ചിട്ടുള്ളതായി ഞങ്ങളുടെ നേരത്തെയുള്ള അന്വേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ആയുർവേദ ഔഷധങ്ങളും ഉല്പന്നങ്ങളും നിർമിക്കുന്ന ഫാക്ടറികൾ സ്ഥാപിക്കാനാണ് ഈ ഭൂമി അവർ തെറ്റായ വിവരങ്ങൾ നൽകി ഉപയോഗിച്ചിട്ടുള്ളത്.
ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ രൂപീകരിക്കുക പ്രയാസമാണ് എങ്കിലും, തങ്ങളുടെ പ്രഖ്യാപിത ദൗത്യങ്ങൾ നിറവേറ്റാത്ത ഈ പൊള്ളയായ സ്ഥാപനങ്ങൾ അവരുടെ ഉടമസ്ഥത വെളുപ്പെടുത്തുന്നതിലും, അതുവഴി ഒരു സ്ഥാപനത്തിൽ നിന്നും മറ്റൊന്നിലേക്ക് നിക്ഷേപങ്ങൾ മാറ്റുമ്പോൾ അവ്യക്തത സൃഷ്ടിക്കാനും, നികുതിയിൽ കുറവ് സൃഷ്ടിക്കുവാനും കാരണമാകുന്നു. അക്കൗണ്ടന്റുമാർ ഇതിനെ ടാക്സ് പ്ലാനിങ് എന്നാണ് വിളിക്കുന്നത്.
പതഞ്ജലി ഫുഡ്സ് രുചി സോയയിൽ നടത്തിയ നിക്ഷേപങ്ങൾ വഴി ലഭിച്ച വലിയ വരുമാനത്തിന് യോഗക്ഷേമം സൻസ്ഥാൻ നികുതിയടച്ചു എങ്കിലും നികുതി ഇളവ് നൽകുന്ന വ്യവസ്ഥകൾ ലംഘിച്ചിട്ടും കമ്പനിയുടെ നികുതിരഹിത പദവിക്ക് കോട്ടംതട്ടിയിട്ടില്ല.
എന്തുകൊണ്ടാണ് ചാരിറ്റി പ്രവർത്തനങ്ങൾ നടത്താതെ നിക്ഷേപം നടത്തുന്നത് എന്ന് ആചാര്യ ബാലകൃഷ്ണയോടും യോഗക്ഷേമം സൻസ്ഥയോടും ഞങ്ങൾ ചോദിച്ചു. പക്ഷെ അവർ മറുപടി നൽകിയില്ല.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മുൻ ഗവൺമെന്റിന്റെ അഴിമതിയിലേക്ക് വിരൽചൂണ്ടിക്കൊണ്ട്, നിലവിലുള്ള ഭാരതീയ ജനതാ പാർട്ടിയുമായി ആഭിമുഖ്യം പ്രകടിപ്പിച്ച്, ന്യൂനപക്ഷ മുസ്ലീം വിഭാഗത്തിനെതിരായി സമയാസമയങ്ങളിൽ വിദ്വേഷ പ്രചരണങ്ങൾ നടത്തി രാംദേവ് അധികാരകേന്ദ്രങ്ങളുമായി അടുപ്പം സ്ഥാപിച്ചു. തന്റെ ബിസിനസ് സാമ്രാജ്യത്തെ രാജ്യസേവനത്തിനും അന്താരാഷ്ട്ര കമ്പനികളോട് പടവെട്ടാനുമുള്ള ദേശസ്നേഹത്തിന്റെ കോട്ടയായി ചിത്രീകരിച്ചുകൊണ്ട് നല്ല ഉപഭോക്തൃ സംസ്കാരത്തിന്റെ വക്താവായി അദ്ദേഹം സ്വയം ബ്രാന്റ് ചെയ്തു. പക്ഷെ ദി റിപ്പോർട്ടേഴ്സ് കളക്ടീവ് കണ്ട രേഖകൾ പ്രകാരം രാംദേവും കൂട്ടാളികളും സാധാരണ ബിസിനസ്സുകാർ ചെയ്യുന്നതുപോലെ അക്കൗണ്ടന്റുമാരെയും അഭിഭാഷകരെയും ഉപയോഗിച്ച് പ്രശ്നങ്ങളിൽ ചെന്നുചാടാത്ത വിധത്തിൽ ലാഭം കൊയ്യാനുള്ള തന്ത്രങ്ങൾ പയറ്റുന്നതായാണ് തെളിയുന്നത്.
യോഗക്ഷേമം സൻസ്ഥാനിൽ പ്രധാനനിക്ഷേപം നടത്തിയിട്ടുള്ളത് പതഞ്ജലി ബിസിനസ്സ് ഗ്രൂപ്പിന്റെ താക്കോൽ സ്ഥാനക്കാരനും രാംദേവിന്റെ വലംകൈയ്യുമായ ആചാര്യ ബാലകൃഷ്ണയാണ്.
“ജനങ്ങളെ സേവിക്കാൻ നമുക്ക് സമ്പാദ്യം ആവശ്യമാണ്”, 2016 ൽ ഒരു മാധ്യമപ്രവർത്തകന് നൽകിയ അഭിമുഖത്തിൽ ബാലകൃഷ്ണ പറഞ്ഞു. അതേ വർഷം പതഞ്ജലി ഗ്രൂപ്പുമായി ബന്ധപ്പെട്ട നാലുപേർ – ആചാര്യ പ്രദ്യുമ്ന, ഫൂൽ ചന്ദ്ര, സുമൻ ദേവി, സവിത ആര്യ എന്നിവരാണ് യോഗക്ഷേം സൻസ്ഥാൻ കെട്ടിപ്പടുത്തത്. “ലാഭേച്ഛയില്ലാത്ത” ആ സ്ഥാപനത്തിന് പ്രാഥമിക നിക്ഷേപം നാലു രക്ഷം രൂപയുണ്ടായിരുന്നു.
ഫൂൽ ചന്ദ്ര ഇപ്പോൾ സ്വാമി പരമാർത്ഥദേവ് എന്നാണ് അറിയപ്പെടുന്നത്. പ്രത്യക്ഷത്തിൽ അദ്ദേഹം മറ്റൊരു ആത്മീയനേതാവാണെങ്കിലും, വർഷങ്ങൾ കൊണ്ട് പ്ലസന്റ് വിഹാർ പ്രൈവറ്റ് കമ്പനി, പതഞ്ജലി നാചുറൽ ബിസ്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി ഒരു ഡസനിലധികം ലാഭമുള്ള കമ്പനികളുടെ ഡയറക്ടറായി അദ്ദേഹം മാറി.
സുമൻ ദേവി ഇപ്പോൾ സാധ്വി ദേവ്പ്രിയ ആണ്. പുതിയ പേരിന്റെ കീഴിൽ അവർ രാംദേവ് സാമ്രാജ്യത്തിലെ വേദിക് ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ ഡയറക്ടറാണ്.
ലാഭത്തിനുവേണ്ടി രാംദേവും കൂട്ടാളികളും സ്ഥാപിച്ച മറ്റ് കമ്പനികളിൽ നിന്നും വിഭിന്നമായി ഇത് ആദ്യം ഒരു “ലാഭേച്ഛയില്ലാത്ത” കമ്പനിയായാണ് രൂപീകരിച്ചത്. യോഗ കേന്ദ്രങ്ങൾ, നൈപുണ്യവികസന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അധസ്ഥിതരായവർക്കുവേണ്ടി ആരോഗ്യകേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, എന്നിവയാണ് കമ്പനിയുടെ പ്രാഥമിക ഉദ്ദേശലക്ഷ്യങ്ങളായി രൂപീകരണരേഖകളിൽ കാണുന്നത്. “കുട്ടികളുടെയും യുവാക്കളുടെയും പ്രതിഭയെ വളർത്തിയെടുക്കുകയും അതുവഴി അവരെ നല്ല പൗരന്മാരും നേതൃപാടവമുള്ളവരുമാക്കി തീർക്കുക”യും ചെയ്യുമെന്നാണ് അവർ പറയുന്നത്. സമാനലക്ഷ്യങ്ങളുള്ള മറ്റ് സ്ഥാപനങ്ങൾക്ക് സഹായവും സംഭാവനയും നൽകുന്നതും കമ്പനിയുടെ ലക്ഷ്യങ്ങളിൽ പെടുന്നത്. ഇതൊന്നും ചെയ്യുന്നില്ലെങ്കിലും നികുതി ഇളവിന് അവർ യോഗ്യരാണത്രെ!
രൂപീകരിച്ച ഘട്ടം മുതലുള്ള കമ്പനിയുടെ സാമ്പത്തികരേഖകൾ കാണിക്കുന്നത് കമ്പനി സ്വന്തമായി യോഗാകേന്ദ്രങ്ങളോ, അധസ്ഥിതർക്കുവേണ്ടി ആരോഗ്യകേന്ദങ്ങളോ, വിദ്യാഭ്യാസ സ്ഥാപനങ്ങളോസ്ഥാപിച്ചിട്ടില്ല എന്നാണ്. കമ്പനി തുടങ്ങി രണ്ടുവർഷങ്ങൾക്കുള്ളിൽ അത് രാംദേവിന്റെ കൂട്ടാളികളുടെ സംശയാസ്പദമായ നിക്ഷേപക്കളികളുടെ ഭാഗമായിമാറി. യോഗക്ഷേമം സൻസ്ഥാൻ ഗവൺമെന്റിന് സമർപ്പിച്ചിട്ടുള്ള രേഖകളിൽ 2018 ജനുവരി അഞ്ചാം തീയതി ബാലകൃഷ്ണ, അന്തരിച്ച സ്വാമി മുകുന്ദാനന്ദി (രാംദേവിന്റെ മറ്റൊരു വലംകൈ), പതഞ്ജലി ഗ്രൂപ്പുമായി സംയോജിപ്പിച്ചിട്ടുള്ള ആറ് മറ്റ് കമ്പനികൾ എന്നിവയിൽ നിന്നും വലിയ സംഭാവന ലഭിച്ചതായി പറയുന്നു.
പതഞ്ജലി ആയുർവേദയുടെ 98.54% ഉടമസ്ഥതയുള്ള ബാലകൃഷ്ണ ഒറ്റയ്ക്കാണ് ഇതിൽ രണ്ടുകോടി ഓഹരികളും സമ്മാനിച്ചത്. ഒരു ദശാബ്ദത്തിനുള്ളിൽ അത് ഒരു വർഷത്തിൽ 8,136 കോടി വിൽപ്പനയുള്ള സാമ്പത്തികശക്തിയായി മാറി.
പതഞ്ജലി ആയുർവേദ ഓഹരികൾ സംഭാവന നൽകിയതിനു ശേഷം, മാധ്യമ റിപ്പോർട്ടുകളനുസരിച്ച് യോഗക്ഷേമയുടെ നൂറ് ശതമാനം ഓഹരികളും രാംദേവിന്റെയും കൂട്ടാളികളുടെയും മറ്റൊരു സംരംഭമായ പതഞ്ജലി സേവാ ട്രസ്റ്റിന് നൽകി. സ്വന്തം പേരിൽ ഒരു ഓഹരി വാങ്ങി യോഗക്ഷേമം സൻസ്ഥാന്റെ നോമിനി ഷെയർഹോൾഡറായി രാംദേവ് മാറി. അങ്ങനെ പതഞ്ജലി ആയുർവേദ ഷെയറുകൾ സംഭാവന നൽകി 24 മണിക്കൂറിനുള്ളിൽ രാംദേവിനും മുകുന്ദാനന്ദിനുമൊപ്പം ബാലകൃഷ്ണയും ചേർന്ന് യോഗക്ഷേമയുടെ നിയന്ത്രണം ഏറ്റെടുത്തു.
“ലാഭേച്ഛയില്ലാത്ത” കമ്പനിയുടെ യഥാർത്ഥ ഉടമകൾ ഓഹരികൾ എല്ലാം പിൻവലിച്ചെങ്കിലും അടുത്ത കുറച്ചുമാസങ്ങൾ കൂടി കടലാസുകളിൽ അവർ ഡയറക്ടർമാരായി തുടർന്നു. പൊതുജനങ്ങൾക്ക് മുന്നിൽ, ജനങ്ങളെയും രാജ്യത്തെയും സേവിക്കാനുള്ള ശ്രമമെന്ന നിലയിൽ രാംദേവ് ഈ തന്ത്രപരമായ നിക്ഷേപം വിറ്റു.
ഇടപാട് നടത്തി രണ്ടാഴ്ചക്കുള്ളിൽ വന്ന മാധ്യമറിപ്പോർട്ട് പറയുന്നത് “ബിസിനസ്സുകളിൽ നിന്നുള്ള വരുമാനം ചാരിറ്റിയിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നതിനാൽ പതഞ്ജലി ആയുർവേദ ലിമിറ്റഡിനെ ഒരു “ലാഭേച്ഛയില്ലാത്ത” സ്ഥാപനമാക്കി മാറ്റുമെന്ന് യോഗ ഗുരുവും ബിസിനസ്സുകാരനുമായ ബാബ രാംദേവ് പറഞ്ഞു” എന്നാണ്. “സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ പതഞ്ജലിയെ ഞങ്ങൾ ഉൾപ്പെടുത്തില്ല. ജനങ്ങളുടെ ഹൃദയത്തിലാണ് പതഞ്ജലിയെ ഞങ്ങൾ ലിസ്റ്റ് ചെയ്യുന്നത്. ഞങ്ങൾ പതഞ്ജലിയെ ഒരു “ലാഭേച്ഛയില്ലാത്ത” സ്ഥാപനമാക്കി മാറ്റുകയാണ്.” രാംദേവ് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. പതഞ്ജലി ഗ്രൂപ്പ് കമ്പനികളുടെ മാതൃസ്ഥാപനം പതഞ്ജലി സേവാ ട്രസ്റ്റ് ആയിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
യോഗക്ഷേമം സൻസ്ഥാൻ സ്വന്തമായി എന്തെങ്കിലും ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിൽ രാംദേവിന്റെ വീമ്പുകൾ സത്യമാണെന്ന് പറയാമായിരുന്നു. അത് ചെയ്തില്ല. മറിച്ച്, ബാലകൃഷ്ണനും രാംദേവിന്റെ മറ്റ് കൂട്ടാളികളും ചേർന്ന് പതഞ്ജലി ആയുർവേദിലെ അവരുടെ ഓഹരികൾ നിക്ഷേപിക്കാനുള്ള ഇടമായി “ലാഭേച്ഛയില്ലാത്ത” കമ്പനിയെ ഉപയോഗിച്ചു. അതേസമയം ബിസിനസ്സിനെ ചാരിറ്റിയാക്കി മാറ്റുമെന്ന രാംദേവിന്റെ അവകാശവാദത്തിന് തുളവീഴ്ത്തി പതഞ്ജലി ആയുർവേദ ലിമിറ്റഡ് എന്ന കാമധേനുവിന്റെ പ്രബലരായ ഉടമകളായി തുടർന്നു.
പതഞ്ജലി ആയുർവേദ സമ്മാനിച്ച രണ്ടുകോടി ഓഹരികളുടെ സുഖത്തിൽ രമിച്ച്, യോഗയെ പ്രോത്സാഹിപ്പിക്കുവാൻ ചെറുവിരലനക്കാതെ, യോഗക്ഷേമം സൻസ്ഥാൻ ഒരു വർഷം മുന്നോട്ടുപോയി. രസകരമായത് എന്തെന്നാൽ രണ്ട് സാമ്പത്തിക വർഷങ്ങളിൽ (2017-18, 2018-19) യോഗക്ഷേമം അവരുടെ കണക്ക് ബുക്കിൽ പതഞ്ജലി ആയുർവേദയുടെ ഭീമമായ സംഭാവന രേഖപ്പെടുത്തിയിരുന്നു. പക്ഷെ, പതഞ്ജലി ആയുർവേദയുടെ സാമ്പത്തിക രേഖകളിൽ ബാലകൃഷ്ണയെ 98.54% ഓഹരികളുടെ ഉടമയായി കാണിക്കുന്നത് തുടർന്നു. സാങ്കേതികമായി ഒരേ ഓഹരികൾ രണ്ടു സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലാണെന്നത് പൊരുത്തപ്പെടുന്നില്ല. രണ്ടുവർഷങ്ങളായി വിശദീകരിക്കപ്പെടാതെ കിടന്ന ഈ പൊരുത്തക്കേടിന് ഒടുവിൽ അവർക്ക് ഉത്തരം നൽകേണ്ടി വന്നു.
കണ്ണഞ്ചിപ്പിക്കുന്ന സാങ്കേതികതകളിൽ, ബാലൻസ് ഷീറ്റിലെ ചെറിയ അക്കങ്ങളിൽ ആ ഉത്തരം ഒതുങ്ങി. ഏറ്റവും ലളിതമായി പറഞ്ഞാൽ, യോഗക്ഷേമത്തിന് നൽകിയ ഓഹരികൾ ലോണെടുക്കാൻ വേണ്ടി ബാലകൃഷ്ണ ബാങ്കുകളിൽ പണയപ്പെടുത്തി. ഇപ്പോൾ, ബാങ്കുകൾ തങ്ങൾക്ക് താല്പര്യമില്ലാത്ത യോഗക്ഷേമം സൻസ്ഥാന് അവരുടെ ഈടുകൾ നൽകിയതിൽ ഒട്ടും സംതൃപ്തരല്ല. അതുകൊണ്ട് നിക്ഷേപങ്ങൾക്കുള്ള നിയമങ്ങളിലെ പഴുതുകൾ നെയ്തെടുക്കാനുള്ള ശ്രമം അവസാനിപ്പിച്ച് 2020-21ൽ ഓഹരികൾ കൈമാറ്റം ചെയ്തത് മാറ്റേണ്ടിവന്നു.
യോഗക്ഷേമം അവരുടെ ബുദ്ധിമുട്ടേറിയ നിക്ഷേപശ്രമങ്ങൾ അവസാനിപ്പിച്ചപ്പോഴേയ്ക്കും രാംദേവിന്റെ പതഞ്ജലിയുടെ നേതൃത്വത്തിലുള്ള കൂട്ടുകെട്ട് 2019 ഡിസംബറിൽ സോയ ചങ്സിന്റെ ന്യൂട്രെല്ല ബ്രാൻഡിന് പേരുകേട്ട രുചി സോയ വിവാദപരമായി ഏറ്റെടുത്തുകഴിഞ്ഞു. 12000 കോടി രൂപ കടബാധ്യതയിൽ രുചി സോയ തകർന്നടിഞ്ഞു. പാപ്പരത്ത നിയമത്തിനു കീഴിൽ ബാങ്കർമാർക്ക് രണ്ടുവഴികളാണ് മുന്നിലുണ്ടായിരുന്നത്- കടത്തിന്റെ ഒരു ഭാഗമെങ്കിലും നൽകി കമ്പനിയെ തിരിച്ചുപിടിക്കാവുന്ന ഒരാളെ കണ്ടെത്തുക അല്ലെങ്കിൽ കമ്പനി മുറിച്ചുമുറിച്ചു വിൽക്കുക. അദാനി ഗ്രൂപ്പിനെ മറികടന്ന് രാംദേവ് ഈ അവസരം കൈക്കലാക്കി (അവസാനനിമിഷം അദാനി ഗ്രൂപ്പ് ലേലത്തിൽ നിന്നും വിട്ടുനിന്നു) രുചി സോയയെ മോഷ്ടിച്ചു. ഇതിനുവേണ്ട പണം എസ്.ബി,ഐയും യൂണിയൻ ബാങ്കും പോലെയുള്ള ബാങ്കുകൾ പതഞ്ജലി കൂട്ടുകെട്ടിന് വായ്പയായി നൽകി. പതഞ്ജലിയുടെ 4350 കോടി രൂപയുടെ ലേലം 2019 ഡിസംബറിൽ അംഗീകരിക്കപ്പെട്ടു. 2022 ജൂണിൽ രുചി സോയ പതഞ്ജലി ഫുഡ്സായി മാറി.
രാംദേവിന്റെയും രുചി സോയയിലെ അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും നിക്ഷേപത്തിൽ നിർണ്ണായകമായ പങ്ക് വഹിക്കാൻ യോഗക്ഷേമം ഇതോടെ നിർബന്ധിക്കപ്പെട്ടു.
2020-21 സാമ്പത്തികവർഷത്തിൽ പതഞ്ജലി ആയുർവേദ ഓഹരികൾ തിരിച്ചുനൽകിയതോടെ യോഗക്ഷേമത്തിന് 79 കോടി രൂപ കുറഞ്ഞു. അതേ വർഷം രുചി സോയ ഏറ്റെടുത്ത പതഞ്ജലി കൂട്ടുകെട്ടിന്റെ ഭാഗമായ രാംദേവിന്റെ മറ്റൊരു “ലാഭേച്ഛയില്ലാത്ത” സ്ഥാപനം ദിവ്യ യോഗ് മന്ദിർ ട്രസ്റ്റ് രുചി സോയയുടെ 42 കോടി വിലവരുന്ന ആറുകോടി ഓഹരികൾ യോഗക്ഷേമത്തിന് നൽകി. ഇതോടെ ഇപ്പോൾ രുചിയുടെ 20.28% ഉടമസ്ഥത യോഗക്ഷേമത്തിന് കൈവന്നു.
യോഗക്ഷേമത്തിൽ നിക്ഷേപം നടത്തിയപ്പോൾ പതഞ്ജലി സേവ ട്രസ്റ്റിന്റെ 60% ഷെയർ ഏറ്റെടുത്ത് ദിവ്യ യോഗ് മന്ദിർ ട്രസ്റ്റ് “ലാഭേച്ഛയില്ലാത്ത” ആ സ്ഥാപനത്തിന്റെ പ്രധാന ഉടമസ്ഥത കൈവരിച്ചു. ലാഭമുണ്ടാക്കുന്ന ഇത്തരം ഒരു സ്ഥാപനത്തിൽ ഷെയറുകൾ കൈവശം വയ്ക്കുന്നതിലെ സർക്യൂട്ട് യഥാർത്ഥ ഉടമസ്ഥൻ ആരാണ് എന്നും ആരാണ് യഥാർത്ഥത്തിൽ ലാഭമുണ്ടാക്കുന്നത് എന്നുമുള്ള കാര്യങ്ങളിൽ അവ്യക്തത സൃഷ്ടിക്കാൻ ഉപകരിക്കും.
മിക്കവാറും എല്ലാ വർഷവും യോഗക്ഷേമം സൻസ്ഥാന്റെ ഉടമസ്ഥത മാറും. 2020-21 സാമ്പത്തിക വർഷത്തിൽ ദിവ്യ യോഗ് മന്ദിർ 60% ഓഹരി വാങ്ങിയതിനു ശേഷം മറ്റൊരു പതഞ്ജലി ട്രസ്റ്റായ പതഞ്ജലി റിസേർച്ച് ഫൗണ്ടേഷൻ ട്രസ്റ്റിന് അത് കൈമാറി. ഈ ട്രസ്റ്റ് അവരുടെ ഓഹരി അടുത്ത വർഷം മറ്റൊരു “ലാഭേച്ഛയില്ലാത്ത” കമ്പനിയായ പതഞ്ജലി ഫുഡ് ആൻഡ് ഹെർബൽ പാർക്സ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി.
എന്തുകൊണ്ടാണ് “ലാഭേച്ഛയില്ലാത്ത” കമ്പനിയായിട്ടും ചാരിറ്റി നൽകുന്നതിൽ നിന്നും ഒഴിഞ്ഞുമാറുന്നത്, എന്തുകൊണ്ടാണ് നിക്ഷേപങ്ങൾ മാത്രം നടത്തുന്നത്, മറ്റ് സ്ഥാപനങ്ങളിൽ നിന്നുപോലും സംഭാവനകൾ ലഭിച്ചിട്ടും എന്തുകൊണ്ടാണ് അടിയ്ക്കടി ഉടമസ്ഥത മാറ്റുന്നത് തുടങ്ങി നിരവധി ചോദ്യങ്ങൾ അടങ്ങിയ ഒരു ചോദ്യാവലി ആചാര്യ ബാലകൃഷ്ണനും യോഗക്ഷേമം സൻസ്ഥാനിനും ഞങ്ങൾ നൽകിയിരുന്നു. പതഞ്ജലി ആയുർവേദ്, പതഞ്ജലി ഫുഡ്, ദിവ്യ യോഗ് മന്ദിർ ട്രസ്റ്റ് എന്നിവയോടും യോഗക്ഷേമം സൻസ്ഥാനിന് നൽകിയ ഓഹരികളെക്കുറിച്ചും ഉടമസ്ഥതയിൽ വന്ന മാറ്റത്തെക്കുറിച്ചും ചോദിച്ചു. ബാബാ രാംദേവിന്റെ നാവും ആസ്ത ടിവിയുടെ ദേശീയ തലവനുമായ എസ്.കെ തിജരാവാലയ്ക്കും മെയിൽ അയച്ചിട്ടുണ്ട്. ഞങ്ങൾ തിജരാവാലയുമായി ഫോണിൽ സംസാരിക്കുകയും അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് വാട്സപ്പിൽ ചോദ്യങ്ങൾ അയയ്ക്കുകയും ചെയ്തു. എന്നാൽ ഇതുവരെ പ്രതികരണങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.
ചാരിറ്റബിൾ സ്ഥാപനം എന്ന നിലയിൽ നികുതി നിയമം,1961ന് കീഴിൽ യോഗക്ഷേമം സൻസ്ഥാനിന് നികുതിയിളവുകളുണ്ട്. തങ്ങൾക്ക് ലഭിക്കുന്ന 85% വരുമാനവും ചാരിറ്റിക്ക് വേണ്ടി ചിലവഴിക്കുകയാണെങ്കിൽ കമ്പനി നികുതി നൽകേണ്ടതില്ല. ഇങ്ങനെയുള്ള നികുതിരഹിത “ലാഭേച്ഛയില്ലാത്ത” സ്ഥാപനങ്ങൾക്ക് ഏതെങ്കിലും കമ്പനികളിൽ ഓഹരികൾ ലഭിക്കുകയാണെങ്കിൽ അടുത്ത സാമ്പത്തികവർഷം അവസാനിക്കുന്നതിന് മുൻപ് “ലാഭേച്ഛയില്ലാത്ത” സ്ഥാപനം ഇതു പണമാക്കി മാറ്റുകയും, കൂടാതെ നികുതി നിയമപ്രകാരമുള്ള മേഖലകളിൽ പണം നിക്ഷേപിക്കുകയും ചെയ്യേണ്ടതാണ്.
യോഗയെ പ്രോത്സാഹിപ്പിക്കുന്നതിന് ഒന്നും ചെയ്യാത്ത യോഗക്ഷേമം 2022-23 സാമ്പത്തികവർഷത്തിൽ അതിന്റെ കൈവശമുള്ള രുചി സോയയുടെ ഓഹരിയിൽ നിന്ന് 30 കോടി രൂപ ലാഭവിഹിതം നേടി. ഈ സാമ്പത്തിക വർഷം വെളിപ്പെടുത്താത്ത സ്ഥാപനങ്ങൾക്ക് സംഭാവനകൾക്കായി രുചി സോയയുടെ ഓഹരിയിൽ നിന്ന് കിട്ടിയ വരുമാനത്തിന്റെ 60% ത്തിന് തൊട്ടുമുകളിൽ, അതായത് 19.43 കോടി രൂപ അത് ചിലവാക്കി. അതിനെത്തുടർന്ന്, ഈ ലാഭവിഹിതത്തിന് 10.48 കോടി രൂപ ആദായനികുതി അടച്ചു. പക്ഷേ യോഗക്ഷേമം സൻസ്ഥാൻ എന്തിനാണോ ഉപയോഗിക്കുന്നത്, അതിന് ഇതൊന്നും മാറ്റം വരുത്തിയില്ല. ഇതൊരു ചാരിറ്റബിൾ സ്ഥാപനമാണെന്ന് തുടർന്നും അവകാശപ്പെടുന്നു. കമ്പനിയുടെ ഏറ്റവും പുതിയ സാമ്പത്തിക രേഖകൾ പ്രകാരം രുചി സോയയുടെ (പതഞ്ജലി ഫുഡ്സ്) 16.52% ഓഹരികൾ കൈവശം വച്ചിരിക്കുന്നത് അത് തുടരുന്നു.
രാംദേവിന്റെ ബിസിനസ്സ് സാമ്രാജ്യം തഴച്ചുവളരുകയാണ്. യോഗക്ഷേമം സൻസ്ഥാൻ പോലെയുള്ള അദ്ദേഹത്തിന്റെ അറിയപ്പെടാത്ത സംശയാസ്പദമായ കമ്പനികൾ രഹസ്യ കറിക്കൂട്ടായി തുടരുന്നു.
പരിഭാഷ- സാമജ കൃഷ്ണ
This copy was originally published in English by the Reporters Collective and can be read here. The AIDEM has translated the article using its own resources and is responsible for any inconsistencies or errors in comparison to the original English article.