A Unique Multilingual Media Platform

The AIDEM

Articles Climate Home - The AIDEM Investigative EXCLUSIVE Enviornment

കൽക്കരി ലോബിക്ക് വഴങ്ങി മോദി സർക്കാർ പരിസ്ഥിതി നിയമങ്ങളിൽ വെള്ളം ചേർത്തു

  • October 31, 2024
  • 1 min read
കൽക്കരി ലോബിക്ക് വഴങ്ങി മോദി സർക്കാർ പരിസ്ഥിതി നിയമങ്ങളിൽ വെള്ളം ചേർത്തു

ക്ലൈമറ്റ് ഹോമും ദ ഐഡവും നടത്തിയ എക്സ്ക്ലൂസീവ് അന്വേഷണം

 

കൽക്കരി ഖനന മേഖലയെ വിപുലപ്പെടുത്താനും മേഖലയെ ബാധിക്കുന്ന മലിനീകരണ നിയന്ത്രണങ്ങൾ ദുർബലപ്പെടുത്താനും നരേന്ദ്ര മോദി സർക്കാറിനെ ഇന്ത്യയിലെ ഭീമൻ കൽക്കരി കമ്പനികൾ എങ്ങനെയൊക്കെ സ്വാധീനിച്ചുവെന്ന് തുറന്നുകാട്ടുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻ അക്ഷയ് ദേശ്മാനെ.

കൽക്കരി ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കാൻ അന്താരാഷ്ട്രതലത്തിൽ തന്നെ ഇന്ത്യ സമ്മതിച്ചിട്ടും മുൻനിര ഉൽപ്പാദകരുടെ ലോബിയിംഗ് കാരണം ഇന്ത്യൻ സർക്കാർ കൽക്കരി വ്യവസായം വീണ്ടും വിപുലീകരിക്കുകയും അതിനായി മലിനീകരണം തടയാനുള്ള നിയമങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്തുവെന്ന് ക്ലൈമറ്റ് ഹോം കണ്ടെത്തിയിരിക്കുന്നു.

കൽക്കരി ഉപയോഗിച്ചുള്ള പവർ പ്ലാൻ്റുകളുടെ ഉപോൽപ്പന്നമായ ഫ്ലൈ ആഷിനെ ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ മനുഷ്യർക്കും പരിസ്ഥിതിക്കും ഒരുപോലെ ദോഷം ചെയ്യുന്നതാണ്. ഈ ഫ്ലൈ ആഷിൻ്റെ നിർമാർജനം കർശനമാക്കാൻ ഉദ്ദേശിച്ചുള്ള പരിസ്ഥിതി നിയന്ത്രണങ്ങളെയാണ് ഇന്ത്യയിലെ കൽക്കരി ഭീമന്മാർ ശക്തമായി എതിർത്തത്.

ഇത് സംബന്ധിച്ച് കൽക്കരി കമ്പനികൾ ഇന്ത്യൻ ഗവൺമെൻ്റിന് അയച്ച കത്തുകൾ സർക്കാർ ഏജൻസികളിൽ നിന്ന് വിവരാവകാശ നിയമം വഴി ക്ലൈമറ്റ് ഹോം ന്യൂസ് കണ്ടെടുത്തിരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ കൽക്കരി കമ്പനിയായ കോൾ ഇന്ത്യ ലിമിറ്റഡും (CIL) ലോകത്തിലെ ഏറ്റവും മികച്ച 10 കൽക്കരി ഊർജ്ജ കമ്പനികളിലൊന്നായ നാഷണൽ തെർമൽ പവർ കോർപ്പറേഷനും (NTPC) 2019 നും 2023നുമിടയിൽ ഫെഡറൽ നിയമങ്ങളെ ദുർബലപ്പെടുത്താനായി നടത്തിയ ലോബിയിംഗ് ശ്രമങ്ങളെ ഈ കത്തുകൾ തുറന്നു കാണിക്കുന്നുണ്ട്.

പ്രാദേശിക ജനതയുടെ പൊതുജനാരോഗ്യത്തെ പതിറ്റാണ്ടുകളായി ബാധിച്ചിട്ടും ഫ്ലൈ ആഷ് നിർമാർജനം ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങൾ പൂർണ്ണമായി പാലിക്കാൻ തങ്ങളുടെ സംഘടനകൾക്ക് കഴിയില്ലെന്ന് സർക്കാർ തന്നെ നടത്തുന്ന ഭീമൻ കമ്പനികളുടെ ഉന്നത മാനേജ്മെൻ്റ് ആവശ്യമുന്നയിച്ചിരുന്നു. നിയമങ്ങൾ അംഗീകരിച്ച ശേഷവും കമ്പനികൾ അവയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടേയിരുന്നു. ചില സന്ദർഭങ്ങളിൽ ഇത് വിജയം കാണുകയും ചെയ്തു.

പതിറ്റാണ്ടുകളായി കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ വൃത്തിയാക്കുന്നതിനും കൂടുതൽ ചാര മലിനീകരണം തടയുന്നതിനുമുള്ള പുതിയ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സാമ്പത്തിക പരിമിതികൾ കാരണം കഴിയില്ലെന്ന് കൽക്കരി കമ്പനികൾ വാദിച്ചു എന്നാണ് ലഭ്യമായ രേഖകൾ പറയുന്നത്.

ചില സന്ദർഭങ്ങളിൽ ഈ ലോബിയിംഗ് വിജയിക്കുകയും ചെയ്തു. സർക്കാർ ഏജൻസികൾ തമ്മിലുള്ള ഔദ്യോഗിക കത്തിടപാടുകളിലൂടെ തന്നെ പരിസ്ഥിതി ഊർജ്ജ മന്ത്രാലയങ്ങൾ ഇരു കമ്പനികളുടെയും വാദങ്ങൾ നിരത്തുകയും നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട്.

2021-ൽ ഫ്‌ളൈ ആഷ് ഉത്തരവുകൾ സംബന്ധിച്ച് രാജ്യത്ത് ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോൾ, ഇന്ത്യ അന്ന് ഗ്ലാസ്‌ഗോയിൽ COP26 കാലാവസ്ഥാ ഉടമ്പടിയിൽ ചർച്ചകളിലായിരുന്നു. “നിർത്താതെ തുടർന്നുകൊണ്ടിരിക്കുന്ന കൽക്കരി ഊർജ്ജം ഘട്ടം ഘട്ടമായി കുറക്കാനുള്ള” നടപടികളെടുക്കാൻ സർക്കാരുകളോട് ആവശ്യപ്പെടുകയാണ് അന്ന് കാലാവസ്ഥ ഉടമ്പടിയിൽ പറഞ്ഞതും.

യു എന്നിൻ്റെ അന്നത്തെ ചർച്ചകളിൽ കൽക്കരിയിൽ നിന്നുള്ള ആഗോള മാറ്റത്തെ ശക്തമായ ഭാഷയിൽ ഇന്ത്യ നിരസിച്ചതായി പരക്കെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ കാലാവസ്ഥാ-താപന ബഹിർഗമനം കുറയ്ക്കുന്നതിനാവശ്യമായ സാങ്കേതികവിദ്യകളില്ലാതെ ഉൽപ്പാദിപ്പിക്കുന്ന കൽക്കരി ഊർജ്ജം കുറയ്ക്കാൻ ഇന്ത്യ സമ്മതിക്കുകയും ചെയ്തിരുന്നു.

കരാർ നിലവിലുണ്ടായിരിക്കെ തന്നെ ലോകമെമ്പാടുമുള്ള കൽക്കരി വികസനങ്ങൾ വളർന്നു. കൂടുതലും ഇന്ത്യ, ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ കൽക്കരി ഖനനവും ഊർജ്ജശേഷിയും വർദ്ധിച്ചു.

ക്ലൈമറ്റ് ഹോമിന് ലഭിച്ച ഇന്ത്യൻ രേഖകൾ വെളിപ്പെടുത്തുന്നത് പ്രകാരം ദക്ഷിണേഷ്യൻ രാജ്യത്തെ കൽക്കരി കമ്പനികൾ കൽക്കരി ഉൽപ്പാദനം റെക്കോർഡ് വേഗതയിൽ വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ ഫ്ലൈ ആഷ് മലിനീകരണ നിയന്ത്രണങ്ങൾക്കെതിരെ ലോബിയിംഗും നടത്തിയിട്ടുണ്ട്.

NTPC യുടെ ഓപ്പറേഷൻസ് ഡയറക്ടർ 2022 ഫെബ്രുവരി 8-ന് പരിസ്ഥിതി മന്ത്രാലയത്തിന് അയച്ച ഒരു കത്ത്. (Highlights by Climate Home New)

വിവിധ മന്ത്രാലയങ്ങളുമായി കമ്പനികൾ നടത്തിയ കത്തിടപാടുകളിൽ, മാലിന്യ നിർമാർജന നിയമങ്ങൾ പാലിക്കാത്തതിന് ഉയർന്ന പിഴ ചുമത്തുന്നത് തങ്ങളുടെ സാമ്പത്തിക സുസ്ഥിരതയ്ക്ക് അപകടകരമാണെന്നും ഇത് കൽക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വൈദ്യുത നിലയങ്ങൾ അടച്ചുപൂട്ടാനുള്ള സാധ്യത കൂട്ടുമെന്നും രാജ്യത്ത് വൈദ്യുതി പ്രതിസന്ധിക്ക് തന്നെ കാരണമായേക്കാം എന്നും കമ്പനികൾ പറഞ്ഞിട്ടുണ്ട്.

 

ഫ്ലൈ ആഷ് മലിനീകരണം

താപവൈദ്യുത നിലയങ്ങൾ ഊർജത്തിനായി കൽക്കരി കത്തിക്കുമ്പോഴുണ്ടാകുന്ന ഉപോൽപ്പന്നമാണ് ഫ്ലൈ ആഷ്. ഇത് ഡാമുകൾ പോലെയുള്ള ജല സംഭരണികളിൽ ഡെക്കുകൾ എന്ന് വിളിക്കപ്പെടുന്ന ഘടനയിൽ നിക്ഷേപിക്കപ്പെടും.

അടിഞ്ഞുകൂടിയ പഴയ ഡെക്കുകൾ പതിറ്റാണ്ടുകളായുള്ള ആഷുകൾ സംഭരിക്കുകയും സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് മലിനീകരണമുണ്ടാക്കുന്ന പ്രധാന ഉറവിടമാവുകയും ചെയ്യും എന്ന് സ്വതന്ത്ര വായു മലിനീകരണ വിശകലന വിദഗ്ധൻ സുനിൽ ദാഹിയ വിശദീകരിച്ചിട്ടുണ്ട്. നനഞ്ഞ ആഷ് ഭൂഗർഭജലത്തിലേക്ക് ഒഴുകുന്നു. അതേസമയം ഉണങ്ങിയ ആഷ് വായു മലിനീകരണത്തിനും കൃഷി വിളകളുടെ നാശത്തിനും കാരണമാകുന്നു.

സജീവമായ ഡിസ്പോസൽ സൈറ്റുകളും കനത്ത മഴ കാരണം കവിഞ്ഞൊഴുകുകയും സമീപത്തെ ജനവാസ കേന്ദ്രങ്ങളെ മലിനമാക്കുകയും ചെയ്യും. 2019 നും 2021 നും ഇടയിൽ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഇങ്ങനെ സംഭവിച്ചതായി NGO ഫ്ലൈ ആഷ് വാച്ച് ഗ്രൂപ്പിൻ്റെ 2021ലെ റിപ്പോർട്ട് പറയുന്നു.

എൻടിപിസിയുടെ സിപറ്റ് തെർമൽ പവർ പ്ലാൻ്റിൻ്റെ നിരവധി ആഷ് ഡൈക്കുകളിലൊന്നിന് സമീപം കളിക്കുന്ന കുട്ടികൾ (Saagnik Paul/Greenpeace)

ഫ്ലൈ ആഷിൻ്റെ ആഘാതം കുറക്കാൻ കമ്പനികൾക്ക് ഇഷ്ടികകൾ, സിമൻറ് ഷീറ്റുകൾ, പാനലുകൾ, മറ്റ് നിർമ്മാണ സാമഗ്രികൾ എന്നിവ പോലുള്ള ഉൽപ്പന്നങ്ങളുണ്ടാക്കി utilisation എന്ന് വിളിക്കുന്ന പ്രക്രിയയിലൂടെ ഇത് റീസൈക്കിൾ ചെയ്യാൻ കഴിയും.

ഇന്ത്യയിലെ പ്രമുഖ കേന്ദ്രമായ സെൻ്റർ ഫോർ സയൻസ് ആൻ്റ് എൻവയോൺമെൻ്റിലെ (സിഎസ്ഇ) കാലാവസ്ഥാ വ്യതിയാന ഉദ്യോഗസ്ഥൻ സെഹർ റഹേജ, ഭീകരമായ അളവിൽ നിക്ഷേപിക്കപ്പെട്ട പഴയ ആഷുകൾ യൂടിലൈസ് ചെയ്യേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറയുന്നുണ്ട്. ഇത് ഭൂമിക്കടിയിൽ തങ്ങിനിൽക്കുമ്പോൾ ജലം, മണ്ണ് എന്നിവ മലിനമാകാനുള്ള അപകടസാധ്യതകളും ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2019 ലെ കണക്കനുസരിച്ച്, രാജ്യത്ത് അടിഞ്ഞുകൂടിയ ഉപയോഗിക്കാത്ത ആഷിൻ്റെ അളവ് ഏകദേശം 1.65 ബില്ല്യൺ ആയിരുന്നു എന്നാണ് ഒരു സിഎസ്ഇ റിപ്പോർട്ട് പറയുന്നത്. പുതിയ കണക്കുകൾ ഇതിലും കൂടുതലുണ്ടാകുമെന്നും അവർ പറഞ്ഞു.

 

മലിനീകരണ നിയന്ത്രണം

ഫ്‌ളൈ ആഷ് നോട്ടിഫിക്കേഷൻ എന്നറിയപ്പെടുന്ന ഫ്ലൈ ആഷ് നിയന്ത്രണം 1999 മുതൽ ഇന്ത്യയിൽ നിലവിലുണ്ട്. എന്നാൽ 2021ൽ നിയമങ്ങളിൽ കൊണ്ടുവന്ന മറ്റത്തിലാണ് ശരിയായ മാലിന്യ നിർമാർജനം പാലിക്കുന്നതിൽ പരാജയപ്പെട്ടവർക്ക്പിഴ ഈടാക്കുന്ന വ്യവസ്ഥ കൊണ്ടുവന്നത്. ‘മലിനീകരണം നടത്തുന്നവൻ പിഴയൊടുക്കട്ടെ’ എന്ന തത്വം നടപ്പിലാക്കുകയാണ് ചെയ്തത്.

 

കുമിഞ്ഞുകൂടിയ പഴയ ഫ്ലൈ ആഷിൻ്റെയും ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ ആഷിൻറെയും 100% പുനരുപയോഗം ഉറപ്പാക്കാൻ തക്ക രീതിയിൽ താപവൈദ്യുത നിലയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.

അടിഞ്ഞുകൂടിയ ആഷ് ശുദ്ധീകരിക്കാനുള്ള ഉത്തരവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എൻടിപിസി സർക്കാർ ഏജൻസികളുമായി കത്തുകൾ കൈമാറിയതായും ക്ലൈമറ്റ് ഹോമിന് ലഭിച്ച രേഖകൾ വെളിപ്പെടുത്തുന്നു.

“പഴയ കെട്ടിക്കിടക്കുന്ന ആഷുകൾ യൂട്ടിലൈസ് ചെയ്യാനുള്ള വ്യവസ്ഥകൾ ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുന്നു” NTPC പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് അയച്ച 2021ലെ കത്തിൽ ഇങ്ങനെയാണുള്ളത്.

2021 ജൂൺ 11-ന് എൻടിപിസിയുടെ മാനേജിംഗ് ഡയറക്ടർ പരിസ്ഥിതി മന്ത്രാലയത്തിന് അയച്ച കത്ത്. (Highlights by Climate Home New)

എന്നിട്ടും 2021 ലെ നിയമങ്ങൾ പാസാക്കുകയും കൽക്കരി കമ്പനികൾക്ക് കർശനമായ പിഴകൾ ഏർപ്പെടുത്തുകയും ചെയ്തു. പക്ഷേ, വിദഗ്ധർ പറയുന്നത് പ്രകാരം അതിൽ ചില പഴുതുകളും ഉണ്ടായിരുന്നു.

ഫ്ലൈ ആഷ് റെഗുലേഷൻ പ്രകാരം പഴയ ആഷുകൾ സംഭരിച്ചിരിക്കുന്ന കുളങ്ങൾ സ്ഥിരതയുള്ളതായി കണക്കാക്കുന്നിടത്തോളം പവർ പ്ലാൻ്റുകളെ അവയുടെ യൂട്ടിലൈസേഷൻ ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവ ചോർച്ചയിൽ നിന്ന് സുരക്ഷിതമാണ് എന്നാണതിനർത്ഥം. എന്നാൽ അത് എങ്ങനെ ചെയ്യണം എന്നതിൻ്റെ സാങ്കേതിക സവിശേഷതകൾ ഇതുവരെ നിർവചിക്കപ്പെട്ടിട്ടില്ല. ഇതുവഴി ഏകപക്ഷീയമായ ഇളവുകൾ അനുവദിക്കപ്പെടുമോ എന്ന ആശങ്കയിലേക്കാണത് നയിക്കുന്നത്.

എന്നിട്ടും 2021 അവസാനത്തോടെ ഈ പരിഷ്കരിച്ച നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതിന് ശേഷവും ലോബിയിംഗ് ശക്തമായി തന്നെ തുടർന്നു.

 

നിരന്തരമായ ലോബിയിംഗ്

2022-ൽ പരിസ്ഥിതി മന്ത്രാലയത്തിന് അയച്ച കത്തിൽ പറയുന്ന പ്രകാരം പതിറ്റാണ്ടുകളായി കുമിഞ്ഞുകൂടിയ എല്ലാ പഴയ ആഷുകളും യൂടിലൈസ് ചെയ്യാനായി നൽകിയ 10 വർഷത്തെ സമയപരിധി സംബന്ധിച്ച് പോലും എൻടിപിസി ആശങ്കാകുലരായിരുന്നു. ഇഷ്ടിക ചൂളകൾ അല്ലെങ്കിൽ സെറാമിക് ഉൽപ്പന്ന നിർമ്മാതാക്കൾ പോലുള്ള ഉപയോക്താക്കൾക്ക് വലിയ അളവിൽ ഫ്ലൈ ആഷ് കൈമാറാൻ ഇത് അവരെ പ്രേരിപ്പിക്കും. അല്ലെങ്കിൽ അവർ പിഴ അടക്കേണ്ടി വരും.

എൻടിപിസി വൈദ്യുതി മന്ത്രാലയത്തിലെ റെഗുലേറ്റർമാരുമായി കൂടിക്കാഴ്ച നടത്തുകയും പഴയ ആഷ് ഡെക്കുകൾ സ്ഥിരപ്പെടുത്തുന്നതിനുള്ള കാലയളവ് ഒന്നു മുതൽ മൂന്ന് വർഷം വരെ നീട്ടാൻ സമ്മതിക്കുകയും ചെയ്തു.

കൽക്കരി ലേലം, ലോബിയിംഗ്, മോഷണം എന്നിവ ഗ്യാങ്‌സ് ഓഫ് വാസിപൂർ (2012) എന്ന സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നു. സിനിമയിൽ ഇന്ത്യയുടെ കൽക്കരി തലസ്ഥാനമായ ധൻബാദിലാണ് കഥ പുരോഗമിക്കുന്നത്.

പ്രവർത്തനക്ഷമമായ കുളങ്ങളെ പൈതൃക ചാരമായി ലേബൽ ചെയ്യാതിരിക്കാനും അവർ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചു. ഇത് പൂർണ്ണമായ യൂടിലൈസേഷൻ ആവശ്യകതയിൽ നിന്ന് അവരെ ഒഴിവാക്കി. ഈ മാറ്റങ്ങൾ 2022 ലെ നിയമങ്ങളുടെ ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സിവിൽ സൊസൈറ്റി റിസർച്ച് ഗ്രൂപ്പായ മന്തൻ അധ്യായൻ കേന്ദ്രയെ നയിക്കുകയും ഫ്ലൈ ആഷ് മാനേജ്‌മെൻ്റിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ശ്രീപദ് ധർമ്മാധികാരി പറയുന്നത് ഇങ്ങനെയാണ്. സ്ഥിരത എന്നതിന് വ്യക്തമായ നിർവചനമില്ലാത്തതും സമയപരിധി നീട്ടി നൽകുന്നതും പവർ പ്ലാൻ്റുകൾക്ക് ഉപയോഗത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നതിനോ അല്ലെങ്കിൽ പഴയ ആഷുകൾ ശരിയായി നീക്കം ചെയ്യാതിരിക്കുന്നതിനോ പഴുതുണ്ടാക്കുന്നതുമാണ്.

2022 ജൂലൈ 5-ന് സർക്കാർ ഉദ്യോഗസ്ഥരും NTPC-യും തമ്മിൽ നടന്ന യോഗത്തിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ്റെ കുറിപ്പുകൾ. (Highlights by Climate Home New)

സാങ്കേതിക പാരാമീറ്ററുകളുടെ അഭാവം കാരണം കുളങ്ങളെ സാക്ഷ്യപ്പെടുത്തിയാലും കൂടുതൽ ചോർച്ച ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകാൻ സർക്കാർ അധികാരികൾക്ക് പാടുപെടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കൽക്കരി ധനകാര്യത്തിന് “ഭീഷണി”

പുതിയ ഫ്ലൈ ആഷ് നിയമങ്ങളെക്കുറിച്ചുള്ള ആദ്യത്തെ കരട് നിർദ്ദേശം കൽക്കരി കമ്പനികൾക്കിടയിൽ പ്രചരിപ്പിച്ചപ്പോൾ തന്നെ 2020-ൽ ആരംഭിച്ച നീണ്ട പരിശ്രമത്തിലൂടെ നിയമം പാലിക്കാത്തതിനുള്ള പിഴയുടെ തോത് പരിമിതപ്പെടുത്താനും ഭീമൻമാരായ കമ്പനികൾക്ക് കഴിഞ്ഞു.

NTPC യും മറ്റ് കൽക്കരി കമ്പനികളും പിഴയെ തന്നെ എതിർക്കുകയും പൂർണ്ണമായും നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തതിനെത്തുടർന്ന്, ടണ്ണിന് 1500 രൂപ പിഴയുള്ളത് 2021 ലെ നിയമങ്ങളിൽ 1000 രൂപയായി വെട്ടിക്കുറച്ചതും ഇതിൽ ഉൾപ്പെടുന്നു.

ഇതിന് ശേഷവും, കോൾ ഇന്ത്യയുടെയും എൻടിപിസിയുടെയും ഉദ്യോഗസ്ഥർ പിഴയുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഉദാഹരണത്തിന്, 2022 ഫെബ്രുവരിയിൽ പരിസ്ഥിതി മന്ത്രാലയത്തിന് അയച്ച കത്തിൽ, NTPC യുടെ അന്നത്തെ ഓപ്പറേഷൻസ് ഡയറക്ടർ രമേഷ് ബാബു വി എഴുതിയത് കമ്പനിക്ക് ഒരു ദശാബ്ദത്തിനുള്ളിൽ 76,000 കോടി രൂപ (9 ബില്യൺ ഡോളർ) നൽകേണ്ടിവരുമെന്നാണ്. “എൻടിപിസിയുടെയും രാജ്യത്തെ ആകെ താപമേഖലയുടെയും പ്രവർത്തനക്ഷമതയെ ഒരുപോലെ ബാധിക്കുന്ന സാമ്പത്തിക ഭീഷണി ഉയർത്താൻ പര്യാപ്തമായ തുകയാണിത്” എന്നാണ് അദ്ദേഹം പറഞ്ഞത്. പിഴകൾ വലിയ പവർ സ്റ്റേഷനുകളെ ഖനന കുഴികളിലേക്ക് പോകുന്നതിൽ നിന്ന് വാണിജ്യപരമായി അപ്രാപ്തരാക്കുമെന്നും ഇത് ഒരു “വൈദ്യുതി പ്രതിസന്ധി”യിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതുപോലെ, 2023 ലെ ഒരു കത്തിൽ, CIL ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രമോദ് അഗർവാൾ കണക്കാക്കിയത് പ്രകാരം നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് ഒരു അനുബന്ധ സ്ഥാപനത്തിന് (എൻസിഎൽ) മാത്രം 2022-2023 സാമ്പത്തിക വർഷത്തേക്ക് മാത്രം പിഴ ഇനത്തിൽ 38,145 കോടി രൂപ (കുറഞ്ഞത് 4 ബില്യൺ ഡോളർ) ചിലവാകും എന്നാണ്.

 

കൽക്കരി വിപുലീകരണം

കമ്പനികളുടെ എക്സിക്യൂട്ടീവുകൾ വിവരിച്ച സാമ്പത്തിക ഭീഷണികൾ പക്ഷേ, കൽക്കരി ഖനനം ചെയ്യുന്നതിനും താപവൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുമുള്ള കുറഞ്ഞ ശേഷിയിലേക്ക് അവരെ കൊണ്ടുപോയിട്ടൊന്നുമില്ല. ഫ്ലൈ ആഷ് നോട്ടിഫിക്കേഷനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലും അതിന് ശേഷവും ഇവ രണ്ടും കമ്പനികളിൽ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്.

കൽക്കരി വിതരണത്തിൽ കുറവുണ്ടായത് മൂലം ലോജിസ്റ്റിക്കൽ പ്രശ്നങ്ങൾ നേരിട്ടതോടെ 2021 അവസാനത്തിൽ അഭൂതപൂർവമായ വൈദ്യുതി പ്രതിസന്ധി ഉണ്ടായിരുന്നു. അതിന് ശേഷം വിപുലീകരണ ശ്രമങ്ങൾ ഇരട്ടിയായി വർധിച്ചു.

2024 ജനുവരിയിൽ നിക്ഷേപകരുമായി നടത്തിയ കോൺഫറൻസ് കോളിൽ എൻടിപിസി മാനേജ്മെൻ്റ് അറിയിച്ചത് ഗ്രൂപ്പിനായി ഇതിനകം നിർമ്മാണത്തിലിരിക്കുന്ന 9.6 ജിഗാവാട്ട് താപ ശേഷിക്ക് പുറമെ, സമീപഭാവിയിൽ 15.2 ജിഗാവാട്ട് താപവൈദ്യുതി ശേഷി കൂടി നൽകാൻ ആലോചിക്കുന്നു എന്നാണ്.

CIL, അതിൻ്റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിൽ, 2025-26 സാമ്പത്തിക വർഷത്തോടെ കൽക്കരി ഖനനശേഷി 1 ബില്യൺ ടണ്ണായി ഉയർത്താനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ക്ലൈമറ്റ് ഹോം ന്യൂസിൻ്റെ മുൻ അന്വേഷണത്തിൽ, യൂറോപ്യൻ അസറ്റ് മാനേജർമാർ NTPC, CIL എന്നിവയിൽ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട് എന്ന് കണ്ടെത്തിയിരുന്നു. ഇത് അന്താരാഷ്ട്ര പ്രതിബദ്ധതകൾക്ക് അനുസൃതമായി ഇന്ത്യയുടെ കൽക്കരി വ്യവസായത്തെ കുറക്കുന്നതിന് പകരം വിപുലീകരിക്കാൻ സഹായിക്കുകയും ചെയ്തു.

വായുമലിനീകരണ വിദഗ്‌ദ്ധൻ ദാഹിയ പറയുന്നത് ഇപ്രകാരമാണ്. വടക്കൻ രാജ്യങ്ങളേക്കാൾ ചരിത്രപരമായി തന്നെ ഇന്ത്യയിൽ പുറന്തള്ളൽ കുറവാണ്. രാജ്യത്തിൻ്റെ ഊർജാവശ്യങ്ങൾ നിറവേറ്റാൻ നിയമങ്ങൾ അല്പം വഴങ്ങേണ്ടി വരും. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് മാറാൻ അന്താരാഷ്ട്ര പിന്തുണയും ആവശ്യമാണ്. പക്ഷേ ഇതൊന്നും കൽക്കരി കമ്പനികൾക്ക് മലിനീകരണം നടത്താൻ സ്വാതന്ത്ര്യമുണ്ട് എന്നല്ല അർത്ഥമാക്കുന്നത്.

കൽക്കരി വെച്ച് പ്രവർത്തിക്കുന്ന വൈദ്യുത നിലയങ്ങൾക്ക് സമീപം താമസിക്കുന്നവർക്ക് മലിനീകരണ നിയന്ത്രണം നീതിയുടെ പ്രശ്നമാണെന്ന് സിഎസ്ഇയിലെ റഹേജ പറയുന്നു.

“പരിസ്ഥിതിയുടെയും കൽക്കരി സ്ഥാപനങ്ങളുടെയും സമീപം താമസിക്കുന്ന ജനതയുടെ ആരോഗ്യം നിലനിർത്തുന്നതിന് പാരിസ്ഥിതിക ചട്ടങ്ങൾ വളരെ പ്രധാനമാണ്. ദൂരെയുള്ള ആളുകളെ പോലും ബാധിക്കുന്ന തരത്തിൽ വായുവിലൂടെയും വെള്ളത്തിലൂടെയും മലിനീകരണം വ്യാപിക്കും.” റഹേജ ക്ലൈമറ്റ് ഹോം ന്യൂസിനോട് പറഞ്ഞു.

About Author

അക്ഷയ് ദേശ്മാനെ

ന്യൂഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്വേഷണാത്മക റിപ്പോർട്ടറാണ് അക്ഷയ് ദേശ്മാനെ. പരിസ്ഥിതി, രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥ, പൊതു നയങ്ങൾ, ബിസിനസ്സ്, നിയമം, നിയന്ത്രണ കാര്യങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം എഴുതുന്നു. ദി ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട്, ഹഫ്പോസ്റ്റ് ഇന്ത്യ, ബിബിസി ഫ്യൂച്ചർ, ദി ഇക്കണോമിക് ടൈംസ്, ഫ്രണ്ട്ലൈൻ, മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവയ്ക്കായി അദ്ദേഹം എഴുതിയിട്ടുണ്ട്.