സ്നേഹ ധാര്മികതയുടെ അതിരുകള്

ഇറാനിലെ ഇസ്ലാമിക വിപ്ലവാനന്തര റിയലിസ്റ്റ് സിനിമയുടെ മികച്ച ഉദാഹരണമാണ് ദര്യൂസ് മെഹ്റൂജിയുടെ ലൈല (1997). ആധുനികരായ ദമ്പതികളാണ് ലൈലയും റേസയും. പരസ്പര സ്നേഹം, കരുതൽ, ചെറു തമാശകൾ എന്നിവ കൊണ്ട് തീർത്തും സംതൃപ്തരാണവർ. രണ്ടു പേരുടെയും വീട്ടുകാരോട് അടുപ്പവും ബന്ധ-സൗഹൃദങ്ങളും നിലനിർത്തുമ്പോൾ തന്നെ അവരിൽ നിന്ന് മാറി ഒറ്റയ്ക്കാണ് അവരുടെ താമസം. തെഹ്റാൻ നഗരത്തിലെ കമനീയമായ ഒരു ബംഗ്ലാവും മെച്ചപ്പെട്ട സാമ്പത്തികാവസ്ഥയുമാണ് അവർക്കുള്ളത്. ജീവിതം മുന്നോട്ടു പോകവേ ആണ് കയ്പ്പുള്ള ആ യാഥാർത്ഥ്യം അവർക്ക് നേരിടേണ്ടി വരുന്നത്. ലൈലയ്ക്ക് ഗർഭം ധരിക്കാനും കുട്ടികളെ പ്രസവിക്കാനും സാധ്യമല്ല. തുടർച്ചയായി പല ടെസ്റ്റുകളും നടത്തുകയും കിട്ടാവുന്ന മരുന്നുകളൊക്കെ കഴിക്കുകയും പലതരം ചികിത്സകൾക്ക് വിധേയരാവുകയും ചെയ്യുന്നുണ്ടെങ്കിലും ഫലമുണ്ടാവുന്നില്ല.

അനാഥാലയത്തിൽ പോയി കുട്ടിയെ ദത്തെടുക്കാനുള്ള ശ്രമങ്ങളാരംഭിക്കുന്നുണ്ടെങ്കിലും നിയമപരമായ നൂലാമാലകൾ അവരെ തളർത്തുന്നു. ലൈലയുടെ ഭാഗത്താണ് ശാരീരികമായ പ്രശ്നം എന്നറിയുമ്പോൾ, അവൾക്കു നേരെയുള്ള കുറ്റപ്പെടുത്തൽ കൂടുന്നു. റേസ മൂന്നു സഹോദരിമാർക്ക് ഒറ്റ ആങ്ങളയാണെന്നും അയാൾക്ക് സന്തതികളുണ്ടായില്ലെങ്കിൽ കുടുംബപരമ്പര നിലച്ചുപോകുമെന്നും മറ്റുമുള്ള സ്ഥിരം സാമ്പ്രദായിക ആവലാതികൾ ഇവിടെയും ഉന്നയിക്കപ്പെടുന്നു. എന്നാൽ, കുട്ടികളില്ലാത്ത അവസ്ഥ തനിക്ക് പ്രശ്നമല്ലെന്നും ലൈലയോടൊപ്പമുള്ള ജീവിതമാണ് പ്രധാനമെന്നുമുള്ള കൃത്യമായ നിലപാടാണ് റേസ വെച്ചുപുലർത്തുന്നത്. ഇതു കണക്കിലെടുക്കാതെ, റേസയോട് മറ്റൊരു വിവാഹം കഴിക്കാൻ അയാളുടെ അമ്മയടക്കമുള്ള ബന്ധുക്കൾ നിർബന്ധിക്കുന്നു. ഒരു കാരണവശാലും തന്റെ ജീവിതത്തിൽ ലൈലയല്ലാതെ മറ്റൊരു പെണ്ണ് സാധ്യമല്ലെന്ന കർക്കശനിലപാടാണ് റേസ എടുക്കുന്നത്.

രണ്ടാമതൊരു ഭാര്യയെ വിവാഹം ചെയ്യാൻ റേസയെ പ്രേരിപ്പിക്കാൻ ലൈല തന്നെ മുൻകൈയ്യെടുക്കണമെന്ന് അമ്മായിയമ്മ നിർബന്ധിക്കുന്നു. അവളുടെ തീരുമാനങ്ങളും സ്വഭാവവും സംഭാഷണങ്ങളും എല്ലാം അമ്മായിയമ്മയുടെ നിയന്ത്രണത്തിലാണ് നടക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സംഭവങ്ങൾ പരിണമിക്കുന്നത്. സ്നേഹത്തിന്റെ സ്വരം പുരട്ടിയിട്ടുണ്ടെങ്കിലും ഏഷണിയുടെ സ്വഭാവത്തിലുള്ള ക്യാമ്പയിനാണ് അമ്മായിയമ്മ നടത്തുന്നത്. റേസയുടെ പിതാവിന് ഈ നിർബന്ധത്തോട് ഒട്ടും താല്പര്യമില്ല. എന്നാലൊന്നും കണക്കിലെടുക്കാതെയുള്ള അമ്മായിയമ്മയുടെ ചെയ്തികൾ അവരുടെ ജീവിതത്തെ വല്ലാത്ത സമ്മർദ്ദത്തിലെത്തിക്കുന്നു. അമ്മയുടെയും ലൈലയുടെയും (അമ്മായിയമ്മയുടെ പ്രേരണയാൽ) നിർബന്ധം സഹിക്കവയ്യാതെ റേസ രണ്ടാം വിവാഹത്തിന് സമ്മതിക്കുന്നു. പുതിയ ഭാര്യ എത്തുമ്പോൾ, അത് താങ്ങാനാകാതെ ലൈല അവളുടെ വീട്ടിലേക്ക് പോകുന്നു. പുതിയ ഭാര്യയിൽ മകളുണ്ടാകുന്നുണ്ടെങ്കിലും അവരും റേസയും പിരിയുന്നു. റേസയുടെ മകളായ ബറാൻ മുതിരുമ്പോൾ ഈ കഥ ആരെങ്കിലും പറയുമായിരിക്കും എന്ന് ലൈല ആത്മഗതം ചെയ്യുന്നു. അവളുടെ അച്ഛമ്മയുടെ നിർബന്ധമില്ലായിരുന്നെങ്കിൽ ബറാൻ ഭൂമിയിലെത്തില്ലായിരുന്നു എന്ന യാഥാർത്ഥ്യം ആരാണ് ബറാനോട് പറയുക! ഇവിടെ ഏതാണ് സ്ത്രീ കർതൃത്വം എന്നും, ഈ സിനിമയുടെ സമീപനം ഫെമിനിസ്റ്റിക്കാണോ സ്ത്രീ വിരുദ്ധമാണോ എന്നുമുള്ള നീണ്ട സംവാദങ്ങൾ ഉയർന്നു വന്നു.
സ്ത്രീ കഥാപാത്രങ്ങൾക്കിടയിൽ മതാത്മക യാഥാസ്ഥിതികത്വവും സ്വതന്ത്ര പുരോഗമനപരതയും വിരുദ്ധ ദിശകളിൽ പ്രവർത്തിക്കുന്നതിന്റെ ഉദാഹരണമാണ് ഈ ഇതിവൃത്തം. സദാചാരം, ധാർമികത, സ്നേഹം, ദാർശനികത, ലിംഗപരത, സൗന്ദര്യബോധം, സമൂഹം, കുടുംബം, വിശ്വാസം എന്നിങ്ങനെ മനുഷ്യരെ പ്രത്യക്ഷമായും പരോക്ഷമായും അലട്ടുന്നതും ബാധിക്കുന്നതുമായ നിരവധി അടിസ്ഥാനവിഷയങ്ങളാണ് മെഹ്റൂജി ലൈലയിൽ പരിശോധിക്കുന്നത്. ലൈല ഹതമി ആണ് ലൈലയായി അഭിനയിക്കുന്നത്. അലി മൊസാഫ റേസയുടെ വേഷത്തിലെത്തുന്നു. ജമീല ഷെയ്ക്കിയാണ് അമ്മായിയമ്മയാകുന്നത്. കുട്ടികളുണ്ടാവാത്തത് ശാരീരികമായ ഒരവസ്ഥ മാത്രമാണെന്നും അതിൽ കുറ്റബോധം പേറേണ്ട ആവശ്യമില്ലെന്നുമുള്ളതാണ് യാഥാർത്ഥ്യം. എന്നാൽ, യാഥാസ്ഥിതികത്വത്തോട് ഏറ്റുമുട്ടി അത് ഉന്നയിക്കപ്പെടാതെ പോവുന്നു. രണ്ടാം ഭാര്യയെ തേടിയുള്ള റേസയുടെ അലച്ചിലും അത് സൂക്ഷ്മമായി അടുത്തു നിന്ന് കണ്ട് വിലയിരുത്തുന്ന ലൈലയുടെ അവസ്ഥയും തികച്ചും നർമ്മമയമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും കടുത്ത സങ്കടത്തിന്റെ അവസ്ഥയിലൂടെ കടന്ന പോകുമ്പോഴും നർമ്മബോധമാണല്ലോ നമ്മെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരിക. ഈ സന്ദർഭം ആ സത്യം ഓർമ്മപ്പെടുത്തി.

പാശ്ചാത്യ സർവകലാശാലകളിലായിരുന്നു ദര്യൂസ് മെഹ്റൂജിയുടെ വിദ്യാഭ്യാസം. അവിടങ്ങളിലെ പ്രൊഫസർമാർക്ക് ഹോളിവുഡിനോട് അമിത വിധേയത്വമാണെന്നും, അവർക്ക് യൂറോപ്യൻ കലാ സിനിമകളോട് വിദ്വേഷമുണ്ടെന്നും അദ്ദേഹം വിലയിരുത്തുകയുണ്ടായി. ആധുനിക ഇറാനിയൻ സിനിമയിലെ ആദ്യ ആർട് സിനിമ എന്നു വിശേഷിപ്പിക്കപ്പെടുന്ന ‘കൗ’ (1969) മെഹ്റൂജിയുടേതാണ്. ഇറാനിയൻ നവതരംഗം ഈ സിനിമയിലൂടെ ആരംഭിക്കുന്നു എന്നു വിലയിരുത്തപ്പെട്ടു. ഗ്രാമത്തിലെ ഒരു പശുവിന്റെ മരണം, അതിൻറെ ഉടമസ്ഥനിലും മറ്റു ഗ്രാമീണരിലുമുണ്ടാക്കുന്ന ആഘാതമാണ് ‘കൗ’വിന്റെ പ്രമേയം. ഇറാനിയൻ സെൻസർമാരുമായുള്ള മെഹ്റൂജിയുടെ പോരാട്ടവും ഈ സിനിമയോടു കൂടി ആരംഭിച്ചു. ഷാ ഭരണത്തോടെന്ന പോലെ നവ ഇസ്ലാമിസ്റ്റ് ഭരണത്തോടും അദ്ദേഹത്തിന് ഏറ്റുമുട്ടേണ്ടി വന്നു. ബാനൂ, സാറാ, പാരി എന്നിവയും അദ്ദേഹത്തിന്റെ സിനിമകളാണ്. ദരിയൂഷ് മെഹ്റൂജിയും അദ്ദേഹത്തിന്റെ പത്നി വാഹിദെ മൊഹമ്മദിഫാറും കഴിഞ്ഞ ദിവസം തെഹ്റാൻ നഗരപ്രാന്തത്തിലെ അവരുടെ വീട്ടിൽ വെച്ച് ദാരുണമായി കൊല ചെയ്യപ്പെട്ടു. കുറ്റവാളികളുടെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമായിട്ടില്ല.