
മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ നളിൻ വർമ്മ ‘സൂര്യനു കീഴിലുള്ളതെല്ലാം’ എന്ന തലക്കെട്ടിൽ ദി ഐഡമ്മിലെഴുതുന്ന കോളം തുടരുന്നു. ഈ കോളത്തിലെ ഏഴാമത്തെ ലേഖനമാണിത്.
ഭാഷ ഒരു ജനതയുടെ ചരിത്രത്തിന്റെ കരുത്തും സംസ്കാരത്തിന്റെ ആത്മാവുമാണ്. സഹസ്രാബ്ദങ്ങളുടെ സാംസ്കാരിക സങ്കലനത്തിന്റെ ഫലമായി രൂപപ്പെട്ട ഓരോ വാക്കിലും നമ്മുടെ പൂർവികരുടെ ചിന്തകളും, സ്വപ്നങ്ങളും, ചരിത്രവും നിക്ഷിപ്തമാണ്. എന്നാൽ ഇന്നത്തെ ഇന്ത്യയിൽ, ഭാഷ വെറും ആശയവിനിമയത്തിനുള്ള ഉപാധിയല്ല, മറിച്ച് അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും കളിക്കളമായി മാറിയിരിക്കുന്നു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ ഉറുദു ഭാഷയെ കുറിച്ചുള്ള അവഹേളനാത്മക പരാമർശങ്ങൾ ആഴത്തിലുള്ള ഒരു അജണ്ട വ്യക്തമാക്കുന്നതായിരുന്നു. നാം സംസാരിക്കുന്ന, നമ്മുടെ അന്തസത്തെയെ പ്രതിഫലിപ്പിക്കുന്ന ഭാഷകളെ മാത്രമല്ല ‘ഇന്ത്യ’ എന്ന സത്തയെതന്നെ പുനർനിർവചിക്കാനുള്ള അജണ്ട തന്നെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമായത്. ഉർദുവിനെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ മുതൽ ഇംഗ്ലീഷിനെ ആക്രമിക്കുന്നത് വരെ, ഈ രാജ്യത്തിന്റെ അടിത്തറയായ ബഹുസ്വരതയെ തകർക്കാനുള്ള വ്യവസ്ഥാപിതമായ ശ്രമങ്ങൾക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്.
ആദിത്യനാഥ് നിയമസഭയിൽ പറയുകയുണ്ടായി: “ഉർദുവിൽ കുട്ടികളെ പഠിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവർ, അവരെ മൗലവിമാരാക്കാനും രാജ്യത്തെ കത്മുല്ലയുടെ പാതയിലേക്ക് നയിക്കാനും ആഗ്രഹിക്കുന്നു.” ഈ വാക്കുകൾ വെറും ഭാഷാവിദ്വേഷമല്ല, ഒരു ജനതയുടെ തന്നെ സാംസ്കാരിക അസ്തിത്വത്തിന് മേലുള്ള ആക്രമണമായാണ് നാം കണക്കാക്കേണ്ടത്.
ഇവിടെയാണ് അമേരിക്കൻ പൗരാവകാശ പ്രവർത്തകനായ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ വാക്കുകളുടെ പ്രസക്തി: “ലോകത്തിൽ അജ്ഞതയെക്കാളും വിഡ്ഢിത്തത്തെക്കാളും അപകടകരമായി മറ്റൊന്നുമില്ല.”(Nothing in the world is more dangerous than sincere ignorance and conscientious stupidity) ഗാന്ധിജിയുടെ അഹിംസയെപ്പോലെ, കിംഗിന്റെ വാക്കുകളും കാലാതീതമായി, അധികാരത്തിന്റെ അഹങ്കാരത്തെ വെല്ലുവിളിക്കുന്നു.
കാവ്യ സംഗീതത്തിന്റെ ഭാഷയായ ഉർദുവിനെ ഹിന്ദിയിൽ നിന്ന് വേർതിരിക്കുക എന്നത് നമ്മുടെ സാംസ്കാരിക ചക്രവാളത്തിൽ നിന്ന് നിറങ്ങളെ തുടച്ചുമാറ്റുന്നതിനു തുല്യമാണ്. രാമ മന്ദിരത്തിന്റെ ജലാഭിഷേകം നടത്തുന്ന അതേ മുഖ്യമന്ത്രി, ദാഹിച്ചു വലയുമ്പോൾ ‘പാനി’ എന്ന അറബ് – പേർഷ്യൻ പദം തന്നെയാണ് ഉപയോഗിക്കുന്നത്. അദ്ദേഹം വായിക്കുന്നത് ‘കിതാബ്’ ആണ്, കടക്കുന്നത് ‘ദർവാസ’യിലൂടെയാണ്. ഭാഷയുടെ ജനാധിപത്യം മറന്നുകൊണ്ട്, സങ്കുചിത രാഷ്ട്രീയ ലാഭത്തിനായി ഭാഷകളെ സമൂഹങ്ങളായി വിഭജിക്കുന്ന പ്രവണത വളരുകയാണ്. ഇതിലൂടെ ഇന്ത്യയുടെ മഹത്തായ ബഹുസ്വരതയാണ് നഷ്ടപ്പെടുത്തുന്നത്.
ഇന്ത്യൻ ഭാഷാ സംസ്കാരം എന്ന മഹാനദി നിരവധി ഉപനദികളായ ഹിന്ദി, തമിഴ്, മലയാളം, ബംഗാളി, ഉർദു, സംസ്കൃതം എന്നിവയിലൂടെ രൂപപ്പെട്ടതാണ്. ഈ ഓരോ ഭാഷകളും നമ്മുടെ സാംസ്കാരിക സമ്പത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്ന തിരിച്ചറിവ് എന്നും നമുക്കുണ്ടാകേണ്ടതുണ്ട്. ഒരേ ജലധാരയെ പുണരുന്ന, ഒരേ മണ്ണിൽ നിന്നുയരുന്ന രണ്ടു കരകളാണ് ഒരർത്ഥത്തിൽ ഹിന്ദിയും ഉറുദുവും. ധൻപത് റായ് ശ്രീവാസ്തവ എന്ന മുൻഷി പ്രേംചന്ദിന്റെ കഥകളിലൂടെയും, ഫിറാഖ് ഗോരഖ്പുരി എന്ന രഘുപതി സഹായിയുടെ കവിതകളിലൂടെയുമാണ് ഈ മേഖലയിലെ ഓരോ മനുഷ്യനും തങ്ങളുടെ ജീവിതത്തിന്റെ പ്രതിഫലനം കണ്ടെത്തുന്നത്. അവരുടെ വാക്കുകൾക്ക് മതമില്ല; അവരുടെ സാഹിത്യത്തിന് അതിർവരമ്പുകളുമില്ല. ഇവിടെ, സാധാരണക്കാരൻ തന്റെ നിത്യജീവിതത്തിൽ ഉരുവിടുന്ന ഓരോ വാക്കും ചരിത്രത്തിന്റെ പാഠങ്ങളാണ്. “ഖാന-പാനി” എന്ന വാക്കിലൂടെ ഭക്ഷണവും വെള്ളവും പങ്കിടുമ്പോൾ, “ഹിസാബ്-കിതാബ്” എന്ന വാക്കിലൂടെ കണക്കുകൾ കൈകാര്യം ചെയ്യുമ്പോൾ, “ചാദറി”ന്റെ ചൂടിൽ ഉറങ്ങുമ്പോൾ, “തകിയ”യിൽ തല ചായ്ക്കുമ്പോൾ – ഇവയെല്ലാം ഒരു സംസ്കാരത്തിന്റെ, ഒരു പാരമ്പര്യത്തിന്റെ തുടർച്ചയായി മാറുകയാണ്.
“ദുആ” എന്ന പ്രാർത്ഥനയും, “സലാം” എന്ന അഭിവാദ്യവും, “ബന്ദഗി” എന്ന ഭക്തിയും, “ഇഷ്ഖ്” എന്ന പ്രണയവും, “മുഹബ്ബത്ത്” എന്ന സ്നേഹവും, “ഖുഷി” എന്ന സന്തോഷവും, “ഗം” എന്ന ദുഃഖവും, “ആൻസൂ” എന്ന കണ്ണുനീരും, “യാദ്” എന്ന ഓർമയും — ഇവയെല്ലാം മതത്തിന്റെയോ ജാതിയുടെയോ വേലികടലുകൾക്കപ്പുറം ഒരേ മനുഷ്യഹൃദയത്തിന്റെ താളങ്ങളാണ്. അറബിയിൽ നിന്നും, പേർഷ്യയിൽ നിന്നും, റോമാനിയിൽ നിന്നും വന്ന ഈ വാക്കുകൾ ഇവിടെ മണ്ണായി, മരമായി, മനുഷ്യരായി രൂപാന്തരപ്പെട്ടു. ഇന്ന് ഈ വാക്കുകളിൽ ജീവിക്കുന്ന കർഷകനും പണ്ഡിതനും ഒരുപോലെയാണ്. അവർ “നരം” എന്ന മൃദുത്വവും, “ഗരം” എന്ന ചൂടും, “ഭായ്” എന്ന സാഹോദര്യവും, “ചാച്ചാ” എന്ന കുടുംബബന്ധവും, “താസ്” എന്ന പുതുമയും, “തഖ്ത” എന്ന അടിത്തറയും, “ചിരാഗ്” എന്ന പ്രകാശവും, “മിസാൽ” എന്ന ഉദാഹരണവും പോലെ ഈ നാടിന്റെ സംസ്കാരത്തെ നിർവചിക്കുന്നു.
ഉർദുവിനെ ഹിന്ദിയിൽ നിന്ന് വേർപെടുത്തുക എന്നത് ഒരു മനുഷ്യന്റെ ശരീരത്തിൽ നിന്ന് ആത്മാവിനെ വേർപെടുത്തുന്നതിനു തുല്യമാണ്. ഹിന്ദിയുടെ ഭംഗിയും ഭാവവും സമ്പന്നതയും ഉർദുവിലെ സാഹിത്യസമ്പത്തിലാണ് നിലകൊള്ളുന്നത്. അവധി, ബ്രജ്ഭാഷ, കന്നൗജി, ബുന്ദേലി, മാർവാരി, ഭോജ്പുരി, മൈഥിലി, മഗഹി, വജ്ജിക, അംഗിക, ഖരി ബോലി എന്നീ പ്രാദേശിക ഭാഷകളും രീതികളും ചേർന്ന് രൂപപ്പെടുത്തിയ ആ സാംസ്കാരിക പൈതൃകത്തെ വെറും രാഷ്ട്രീയ നേട്ടങ്ങൾക്കായി വിഭജിക്കുന്നത് ചരിത്രത്തോടുള്ള വിശ്വാസവഞ്ചന തന്നെയാണ്.

ഉർദു സംസാരിക്കുന്നവരെ “കട്ട്മുള്ള” എന്ന് വിളിച്ച് അപമാനിച്ച ആദിത്യനാഥിന്റെ പ്രസ്താവന, മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ പറഞ്ഞതുപോലെ, “അജ്ഞത”യുടെയും “വിഡ്ഢിത്തത്തിന്റെയും” പ്രതിഫലനമാണ്. ഇത്തരം വാക്കുകളിലൂടെ അദ്ദേഹം നശിപ്പിക്കാൻ ശ്രമിക്കുന്നത് വെറും ഭാഷയല്ല, മറിച്ച് നൂറ്റാണ്ടുകളായി അസംഖ്യം ജാതികളും മതങ്ങളും സമുദായങ്ങളും ഒരുമിച്ച് നെയ്തെടുത്ത ഒരു സാംസ്കാരിക പാരമ്പര്യത്തെയാണ്.
ജോർജ് കാർലിൻ എന്ന കോമേഡിയൻ ഒരിക്കൽ പറഞ്ഞതുപോലെ, “ആൾബലം കൂടുതലുള്ള വിഡ്ഢികളുടെ ശക്തി ഒരിക്കലും കുറച്ചു കാണരുത്.” ഇന്ന് ഇന്ത്യയിൽ അധികാരത്തിന്റെ കേന്ദ്രങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഇത്തരം ശക്തികളുടെ, വെറുമൊരു പ്രതിനിധി മാത്രമാണ് ആദിത്യനാഥ്. വിനായക് ദാമോദർ സവർക്കറിന്റെ ഹിന്ദുത്വ ആശയങ്ങളിൽ അടിസ്ഥാനമിട്ട സംഘ്പരിവാറിന്റെ ഉദ്ദേശം ഇന്ത്യയുടെ ബഹുസ്വരതയെ, വൈവിധ്യത്തെ, സമന്വയസംസ്കാരത്തെ തകർത്ത് ഒരു ഏകശിലാത്മകമായ രാഷ്ട്രം കെട്ടിപ്പടുക്കുക എന്നതാണ്.
ഹിന്ദി മേധാവിത്വം
കേരളത്തിലെ ചെറുകോൽപുഴയിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഒരു പ്രസ്താവന ഇറക്കുകയുണ്ടായി: “ഹിന്ദുക്കൾ ഇംഗ്ലീഷ് സംസാരിക്കരുത്… അവർ തങ്ങളുടെ വീടുകളിൽ വിദേശ ഭാഷകൾ ഉപയോഗിക്കരുത്. ഹിന്ദിയോ അല്ലെങ്കിൽ മാതൃഭാഷയോ മാത്രമാണ് ഉപയോഗിക്കേണ്ടത്”.
എന്നാൽ ഒരു ഭാഷ വിദേശമാകുന്നതെങ്ങനെ? ഒരു ജനതയുടെ നാവിലെ വാക്കുകൾക്ക് ഇവിടത്തുകാരൻ പുറംനാട്ടുകാരൻ എന്ന വേർതിരിവുണ്ടോ? പൊടിയും മണ്ണും പോലെ, ഈ ഭാഷകൾക്ക് അതിർത്തി നിർവചിക്കാൻ സാധ്യമാണോ? സംഘപരിവാറിലെ പല നേതാക്കളുടെ മക്കളും വിദേശരാജ്യങ്ങളിലെ ഇംഗ്ലീഷ് സ്കൂളുകളിലാണ് പഠിക്കുന്നത് എന്ന പ്രസ്താവനയിലൂടെയാണ് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഭാഗവതിനെ വിമർശിച്ചത്. എന്നാൽ ബസ്, ട്രെയിൻ, ട്രാക്ടർ, ടെമ്പോ, സ്കൂൾ, ക്ലാസ്, ടിഫിൻ, ടെലിഫോൺ, മൊബൈൽ, ഇന്റർനെറ്റ്, ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നീ വാക്കുകൾക്ക് ശുദ്ധ ഹിന്ദി രൂപങ്ങൾ താങ്കൾക്ക് നൽകാനാകുമോ എന്ന ചോദ്യമായിരുന്നു കൂടുതൽ ഇണങ്ങുന്നത്. തെരുവുകളിലും, കച്ചവടക്കാരന്റെ നാവിലും, കളിക്കുന്ന കുഞ്ഞുങ്ങളുടെ പാട്ടിലും, റെയിൽവെ സ്റ്റേഷൻ ലൗഡ് സ്പീക്കറിലുമെല്ലാം ഈ വിദേശ വാക്കുകൾ ഇന്ന് ആത്മാവിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന യാഥാർത്ഥ്യം അദ്ദേഹമിനിയും തിരിച്ചറിയേണ്ടതുണ്ട്.

1835ൽ ലോഡ് വില്യം ബെന്റിക്കിന്റെ കാലത്ത് തോമസ് ബാബിംഗ്ടൻ മക്കോളിയുടെ ശുപാർശ പ്രകാരമാണ് ഇംഗ്ലീഷ് എന്ന ഭാഷ നമുക്ക് പരിചയപ്പെടുത്തിയത്. എന്നാൽ ഇന്ന് രണ്ടു നൂറ്റാണ്ടുകൾക്കപ്പുറം, സ്വതന്ത്ര ഇന്ത്യയുടെ 78 വർഷങ്ങൾക്ക് ശേഷം, ഇംഗ്ലീഷ് നമ്മുടെ ചരിത്രത്തിന്റെ ചലിപ്പുകളിൽ നിന്ന് വേർതിരിക്കാൻ സാധിക്കാത്ത വിധം ചേർന്ന് കിടക്കുന്നു.
“ഇത് നമ്മുടെ വിദ്യാഭ്യാസവ്യവസ്ഥയിൽ ഇംഗ്ലീഷ് മേധാവിത്വത്തെ നേരിടാനുള്ള രാഷ്ട്രീയ വർഗ്ഗത്തിന്റെ ശ്രമമായിരിക്കാം. അടിച്ചമർത്തപ്പെട്ട, സ്വേച്ഛാധിപത്യപരമായ ഒരു സംസ്ഥാനത്തെ പ്രതിരോധിക്കുകയോ വ്യാവസായിക സൈനിക സമുച്ചയത്തിനെതിരെ ഉറച്ചുനിൽക്കുകയോ ചെയ്യുന്നതിനേക്കാൾ എളുപ്പമായിരിക്കാം ഇംഗ്ലീഷ് ഭാഷയുടെ ആധികാരിക സാന്ദ്രവലയത്തിൽ നിന്നും സ്വതന്ത്രമാകുക എന്നാൽ” ലോഹിയയുടെയും കിഷൻ പട്നായിക്കിന്റെയും ചിന്തകളിൽനിന്ന് സ്വാധീനം ഉൾക്കൊണ്ട രാഷ്ട്രീയ ചിന്തകനും സാമൂഹിക പ്രവർത്തകനുമായ യോഗേന്ദ്ര യാദവിന്റെ ഈ വാദങ്ങൾ മൂലധാരയിൽ നിന്നും വഴിമാറി ചിന്തിക്കുന്ന ഒന്നാണ്. ഇംഗ്ലീഷിനെ നിരസിക്കുന്നതിലൂടെ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ, സംഘപരിവാർ ഇന്ത്യയുടെ ന്യൂനപക്ഷങ്ങളിലും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലും അഴിച്ചുവിട്ട ഭീകരതയെ തടയാൻ കഴിയുമോ? എന്നതാണ് ഇവിടെ ഉയരുന്ന പ്രധാന ചോദ്യം.
വേരറ്റുപോകുന്ന പ്രാദേശിക ഭാഷകൾ
ഹിമാലയത്തിന്റെ മടിത്തട്ടിൽ പിറന്നുവീണ കുമായോണിയും ഗഡ്വാലിയും ഇന്ന് മരണശ്വാസം വലിക്കുകയാണ്. ഉത്തരാഖണ്ഡിന്റെ മലനിരകളിൽ ആയിരമായിരം വർഷങ്ങളായി മുഴങ്ങിനിന്ന ഈ ഭാഷകൾ ഇന്ന് യുനെസ്കോയുടെ വംശനാശഭീഷണി പട്ടികയിൽ ഒതുങ്ങിയിരിക്കുന്നു. ഉത്തരാഖണ്ഡിന്റെ നാൽപ്പത് ശതമാനത്തിലേറെ ജനങ്ങൾ ഇത്തരം തനതുഭാഷകൾ സംസാരിക്കുമ്പോഴും, ഹിന്ദി മാത്രമാണ് അവിടെ ഔദ്യോഗിക പദവി അലങ്കരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഇവയ്ക്കൊന്നിനും സ്ഥാനമില്ല; ഭരണഘടനയുടെ അരികുകളിൽ ഇവ വിസ്മൃതിയാകുന്നു. കാലത്തിന്റെ കരങ്ങളിൽ അലിഞ്ഞുചേരുന്ന ഇവയുടെ കഥ ഒറ്റപ്പെട്ടതല്ല; ഇന്ത്യയെമ്പാടും പടർന്നുകിടക്കുന്ന നൂറ്റിപ്പതിനേഴ് ഭാഷകളുടെ നിലവിളികളാണിത്.
ഹിന്ദിയുടെ ശക്തനായ വക്താവായിരുന്നു സമാജ് വാദി പാർട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവ്. കന്നൗജിന്റെ മണ്ണിൽ ജനിച്ച അദ്ദേഹം ഹിന്ദിക്കു വേണ്ടി വാദിച്ചു. എന്നാൽ കന്നൗജി പ്രാദേശിക ഭാഷാശൈലിക്കും അതുല്യമായ ബ്രജ്-അവ്ധി ഭാഷകൾക്കും ഉണ്ടായിരുന്ന മഹത്തായ സംസ്കാരത്തിൻറെ ഐതിഹ്യങ്ങൾ പൊളിഞ്ഞു വീഴുന്ന ഒരു കാലാവസ്ഥയും ഇത് സൃഷ്ടിച്ചു. ആധുനിക ഹിന്ദിയുടെ അമിതപ്രാധാന്യം മൂലം നാടൻ ഭാഷകളുടെ നെഞ്ചത്തേറ്റ മുറിവുകൾ എന്ന് വിശാലമായ അടയാളപ്പെടുത്താം. മുലായത്തിന്റെ മകനും സമാജ് വാദി പാർട്ടി ഇപ്പോഴത്തെ മേധാവിയുമായ അഖിലേഷ് യാദവ് കന്നൗജിയുടെ തകർച്ചയെകുറിച്ച് ആശങ്ക പങ്കുവെച്ചിരുന്നു.

ഹിന്ദി മഹാകവി രാംചന്ദ്ര ശുക്ല, ഹിന്ദി ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തെ കുറിച്ചുള്ള തന്റെ നിർണായക കൃതിയിൽ ഹിന്ദിയുടെ പരിണാമത്തെ മൂന്ന് ഘട്ടങ്ങളായി – ആദി കാൽ, ഭക്തി കാൽ, ആധുനിക് കാൽ – എന്നിങ്ങനെ വിഭജിച്ചിരുന്നു. തുളസിദാസന്റെ രാമചരിതമാനസിനെ ശുക്ല ഹിന്ദി സാഹിത്യത്തിന്റെ മഹത്തായ കൃതിയായി വാഴ്ത്തി. എന്നാൽ, ആ മഹാകാവ്യം രചിക്കപ്പെട്ടത് അവ്ധി ഭാഷയിലാണെന്ന സത്യം പലരും മറക്കുന്നു. അതുപോലെ, സൂർദാസിന്റെ കൃഷ്ണഗാനങ്ങൾ ഉയർന്നത് ബ്രജ്ഭാഷയിൽ നിന്നാണ്. ഹിന്ദി സ്വതന്ത്രമായ ഒരു ഭാഷയല്ല; മറിച്ച്, പ്രാകൃതം, അപഭ്രംശം, പാലി എന്നിവയോടൊപ്പം പേർഷ്യനും, അറബികും, ഇംഗ്ലീഷും കൂടാതെ വിവിധ പ്രാദേശിക ഭാഷാശൈലികൾ സ്വാംശീകരിച്ച് പരിണമിച്ചതാണ്.
പതിമൂന്നാം നൂറ്റാണ്ടിൽ സൂഫി കവി അമീർ ഖുസ്രോയുടെ “ഛാപ് തിലക് സബ് ഛീനീ രേ മോസേ നൈനാ മിലായികെ” എന്ന വരികൾ ഇന്ത്യൻ ഭാഷാവൈവിധ്യത്തിന്റെ സംഗമത്തിന് സാക്ഷിയാണ്. ഇരുപതാം നൂറ്റാണ്ടിൽ, റസ്കിൻ ബോണ്ട് ‘ദി ബ്ലൂ അംബ്രെല്ല’ പോലുള്ള കൃതികളിലൂടെ ഗാർവാലിന്റെ മലനിരകളെയും പൂക്കളെയും ജനങ്ങളെയും ഇംഗ്ലീഷിലേക്ക് പകർത്തി, ഭാഷയേക്കാൾ ഹൃദയത്തിന്റെ ഭാഷയാണ് പ്രധാനമെന്ന് ലോകത്തോട് വിളിച്ചോതി.
ഇന്ന് യോഗേന്ദ്ര യാദവും ഹിന്ദിയുടെ വക്താക്കളും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഇരട്ടഭാഷാ നയത്തെ എതിർക്കുന്നു. തമിഴും ഇംഗ്ലീഷും മാത്രം പഠിപ്പിക്കുന്ന സംസ്ഥാനത്ത് ഹിന്ദിയുടെ അനിവാര്യത ഊന്നിപ്പറയുന്നവർ, സ്വന്തം മണ്ണിൽ വേരറ്റുപോകുന്ന പ്രാദേശിക ഭാഷകളെക്കുറിച്ച് മൗനം പാലിക്കുന്നത് വിചിത്രം തന്നെയാണ്. വടക്കു മുതൽ തെക്കുവരെയും കിഴക്ക് മുതൽ പടിഞ്ഞാറ് വരെയും ഇന്ത്യയുടെ അനന്യമായ വൈവിധ്യം നിർവചിക്കുന്ന, എന്നാൽ ഇന്ന് വംശനാശഭീഷണി നേരിടുന്ന എണ്ണമറ്റ പ്രാദേശിക ഭാഷാശൈലികൾ സംരക്ഷിക്കുന്നതിന് നാം ഒന്നിച്ചു നിൽക്കുക എന്നത് ഇന്നത്തെ കാലത്തിന്റെ അനിവാര്യതയാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളുമായി എതിർപ്പിലേർപ്പെടുന്നതിനു പകരം, അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിൽ ഉത്തരാഖണ്ഡിലെ ചമോലിയിൽ നിന്നുള്ള നൈന റാവത്ത് എന്ന യുവവിദ്യാർത്ഥിനിയുടെ ആലാപങ്ങൾ നാം ശ്രവിക്കേണ്ടതാണ്. തന്റെ മാതൃഭാഷയുടെ മരണവേദന നൃത്തത്തിലൂടെയും ഗാനത്തിലൂടെയും പകർന്ന ആ പെൺകുട്ടിയുടെ കണ്ണുനീർ നമ്മുടെ കാതുകളിൽ ഇന്നും എന്നും മുഴങ്ങുന്നു ഒന്നാണ്.
Journalist Kay Benedict’s comments: Excellent, timely piece, Nalin. Very informative. I didn’t know that Pani is an Urdu word! The Malayalam translation is superb.