A Unique Multilingual Media Platform

The AIDEM

Articles Caste Social Justice

ദളിത് ശബ്ദം വി.ടി രാജശേഖറിന് വിട

  • November 22, 2024
  • 1 min read
ദളിത് ശബ്ദം വി.ടി രാജശേഖറിന് വിട

അടിയുറച്ച അംബേദ്കർ വാദി, അശ്രാന്തമായി ജാതിവിരുദ്ധപ്രവർത്തനം നടത്തിയ ആൾ, തന്റെ മനസ്സ് തുറന്ന് എഴുതിയ പത്രപ്രവർത്തക ഇതിഹാസവും എഴുത്തുകാരനും എന്നും പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടി പോരാടിയവ്യക്തിത്വം – 2024 നവംബർ 20ന് അന്തരിച്ച “ദളിത് വോയിസ്” എന്ന പ്രസിദ്ധമായ ജേർണലിന്റെ സ്ഥാപകനായ വി.ടി രാജശേഖർ അങ്ങിനെയാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ആയിരക്കണക്കിന് അനുയായികളും ആരാധകരും വി ടി ആർ എന്ന ചുരുക്കപ്പേരിൽ വിളിച്ചിരുന്ന ഈ അപൂർവ പ്രതിഭയുടെ ശൂന്യത തീർച്ചയായും മാറ്റാരെകൊണ്ടും നികത്താനാവുന്ന ഒന്നല്ല. വി.ടി ആറിന്റെ വ്യക്തിത്വം ബഹുമുഖമാണെന്ന് മാത്രമല്ല സാമൂഹിക നീതിയോടുള്ള തീവ്രമായ പ്രതിബദ്ധതയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ലക്ഷ്യങ്ങൾക്കായി പോരാടുന്ന ആശ്രാന്തമായ പോരാട്ടങ്ങളും അടയാളപ്പെടുത്തുന്നതും കൂടി ആയിരുന്നു. സാമൂഹിക പ്രവർത്തനത്തിൽ ഒന്നോ അതിലധികമോ മേഖലകളിൽ മുദ്ര പതിപ്പിച്ചവർ വേറെയും ഉണ്ടായിരിക്കാം. എന്നാൽ വി ടി ആർ പ്രതിനിധാനം ചെയ്യുന്ന വ്യക്തിത്വ പ്രഭാവവും സമസ്ത മേഖലകളിലെ സംഭാവനയും താരതമ്യാതീതമാണ്.

സാമൂഹിക നീതി സമരങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ അദ്ദേഹം വഹിച്ച പങ്കും, സ്വാതന്ത്ര്യസമരത്തിന്റെ കാലഘട്ടം മുതൽ ഇത്തരം പോരാട്ടങ്ങളോടുള്ള സമീപനത്തിൽ അദ്ദേഹം കൊണ്ടുവന്ന പുതിയ ചിന്താപ്രക്രിയകളും പകരം വെക്കാൻ കഴിയാത്തതാണ്.

ഒരിക്കലും അവസാനിക്കാത്ത പോരാട്ടങ്ങളുടെ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഡിജിറ്റൽ കാലഘട്ടത്തിനു മുൻപ്, ശബ്ദിക്കാനായി ഒരിടം, കർക്കശമായഒരു നേതൃത്വം എന്നിവ സൃഷ്ടിക്കുന്നതും സ്ഥാപിക്കുന്നതുമെല്ലാം എത്ര ദുഷ്കരമായിരുന്നിരിക്കണമെന്ന് ആലോചിക്കാവുന്നതേയുള്ളു. അസാക്ഷരതയും അടിമത്തവും കൊടികുത്തി വാണിരുന്ന കാലം. ആളുകൾ മാനസികമായി എളുപ്പത്തിൽ ഉദാരമായ ചിന്തകളിലേക്ക് കടക്കാത്ത ഒരു യുഗം കൂടിയായിരുന്നു അത്. ജാതി വിവേചനം, തൊട്ടുകൂടായ്മ, വിദ്യാഭ്യാസ നിഷേധം, സഞ്ചാരസ്വാതന്ത്ര്യമില്ലായ്മ തുടങ്ങിയവ പോലും സമൂഹത്തിലെ ഒരു വലിയ വിഭാഗം അംഗീകരിച്‌ പോന്നിരുന്ന കാലം. അത്തരമൊരു കാലഘട്ടത്തിലാണ് വി ടി ആർ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ നേതാവായി ഉയർന്നുവരികയും ആയിരക്കണക്കിന് അടിച്ചമർത്തപ്പെട്ട ആളുകൾക്ക് ഇടം നൽകുകയും ചെയ്തത്. അതിലൂടെ അദ്ദേഹം തനിക്കും ഒരു പേരുണ്ടാക്കിയെടുത്തു എന്നു വേണം പറയാൻ.

അദ്ദേഹം നൂതന പാതകൾ രൂപപ്പെടുത്തിയ മേഖലകളിൽ ഒന്നാണ് പത്രപ്രവർത്തനം. 1959ൽ ബാംഗ്ലൂർ ആസ്ഥാനമായുള്ളപ്രശസ്ത ദിനപത്രമായ ഡെക്കാൻ ഹെറാൾഡിലാണ് വി ടി ആർ പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്. പിന്നീടദ്ദേഹം ഇന്ത്യൻ എക്സ്പ്രസിൽ 25 വർഷത്തോളം പ്രവർത്തിച്ചു. ഈ പ്രവർത്തനമാണ് അദ്ദേഹത്തിന്റെ പിന്നീടുള്ള കാഴ്ചപ്പാടിനെ രൂപപ്പെടുത്തിയതും 1981 ൽ ‘ദളിത് വോയ്സ്’സ്ഥാപിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തതെന്നു വേണം മനസിലാക്കാൻ.

ദളിതരുടെ അവകാശങ്ങൾക്കായുള്ള ദളിത് വോയ്സിലെശക്തമായ അവതരണങ്ങൾ ആദ്യ വർഷങ്ങൾ മുതൽ തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ‘ദളിത് വോയിസ്’ യഥാർത്ഥത്തിൽ അതുവരെ തുടർന്നു വന്നിരുന്ന മാധ്യമ പ്രക്രിയയെ തച്ചുടക്കുകയും പുതിയ മാറ്റങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു. ‘ഇന്ത്യയിൽ ഏറ്റവും വ്യാപകമായി പ്രചരിക്കുന്ന ദളിത് ജെർണൽ’ എന്നാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് അതിനെ വിശേഷിപ്പിച്ചത്.

ജാതി, ചരിത്രം, രാഷ്ട്രീയം, മതം, തുടങ്ങിയ വിഷയങ്ങളിൽ നൂറിലധികം പുസ്തകങ്ങളും മോണോഗ്രാഫുകളും രചിച്ച മികച്ച എഴുത്തുകാരൻ കൂടിയായിരുന്നു വി ടി ആർ. “കാസ്റ്റ്-എ നേഷൻ വിത്തിൻ ദ നേഷൻ”, “ദളിത്ഃ ദ ബ്ലാക്ക് അൺടച്ചബിൾസ് ഓഫ് ഇന്ത്യ”, “ബ്രാഹ്മണിസംഃ വെപ്പൺസ് ടു ഫൈറ്റ് കൌണ്ടർ റെവല്യൂഷൻ” എന്നിവ അദ്ദേഹത്തിന്റെപുസ്തകങ്ങളിൽ ചിലതാണ്. സ്വാഭാവികമായും, അദ്ദേഹത്തിന്റെ തുറന്ന കാഴ്ചപ്പാടുകൾ കാരണം വിവിധ വിഭാഗങ്ങളിൽ നിന്നും വിവേചന ശക്തികളുടെ ആക്രമണം അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ഇന്ത്യയിലെ സമൂഹങ്ങളിലും സംസ്കാരങ്ങളിലും സമത്വവും ബഹുസ്വരതയും പ്രോത്സാഹിപ്പിക്കുന്ന വി ടി ആറിന്റെകാഴ്ചപ്പാടുകളെ അവർ പ്രാഥമികമായി എതിർത്തു.

ജീവിതത്തിലെ പല ഘട്ടങ്ങളിലും സർക്കാരുകളുംസ്ഥാപനങ്ങളും ഇത്തരം വിവേചനശക്തികളുമായി കൂട്ടംചേർന്നു വി ടി. ആറിനെതിരെ നീങ്ങുകയുണ്ടായി. തൻ്റെരചനകൾക്കും പ്രവർത്തനങ്ങൾക്കുമായി അദ്ദേഹം ഒന്നിലധികം തവണ അറസ്റ്റിലാവുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തു.

1986ൽ അദ്ദേഹത്തിന്റെ പാസ്പോർട്ട് കണ്ടുകെട്ടുകയും തീവ്രവാദ വിരുദ്ധ പ്രവർത്തന (TADA) നിയമപ്രകാരം ബെംഗളൂരുവിൽ വച്ച് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. രാജ്യദ്രോഹ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരവും വി ടി ആറിനെതിരെ കുറ്റം ചുമത്തുകയുമുണ്ടായി.

എന്നാൽ കാലാകാലങ്ങളിൽ പ്രശംസകളും അദ്ദേഹത്തിനെതേടിയെത്തിയിരുന്നു. 2005ൽ ലണ്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൌത്ത് ഏഷ്യ (എൽഐഎസ്എ) ബുക്ക് ഓഫ് ദ ഇയർ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. പിന്നീട് 2018ൽ ദേശീയ മനുഷ്യാവകാശ സംഘടനയുടെ മുകുന്ദൻ സി മേനോൻ അവാർഡും വി. ടി. ആറിന് സമ്മാനിച്ചിരുന്നു. (NCHRO).

മനുഷ്യാവകാശങ്ങളിലും ദാരിദ്ര്യത്തിലും പഠനം നടത്തുന്ന അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന വിദഗ്ദ്ധനായ സലിൽ ഷെട്ടിയാണ് അദ്ദേഹത്തിന്റെ മകൻ. 2010 ജൂലൈയിൽ ആംനസ്റ്റി ഇന്റർനാഷണൽ സംഘടനയുടെ എട്ടാമത്തെ സെക്രട്ടറി ജനറലായി അദ്ദേഹം ചുമതലയേറ്റു. മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള പ്രസ്ഥാനത്തിന്റെലോകമെമ്പാടുമുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. സംഘടനയുടെ മുഖ്യ രാഷ്ട്രീയ ഉപദേഷ്ടാവും തന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. സത്യത്തിൽ, പ്രശസ്തനായ വി. ടി. ആറിന്റെ നിർഭയമായ പ്രവർത്തനത്തെക്കുറിച്ചുംമനുഷ്യാവകാശങ്ങൾക്കായുള്ള അജയ്യമായ പോരാട്ട മനോഭാവത്തെക്കുറിച്ചും സലീലിന്റെ കൃതികളും ലോകത്തെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും.

About Author

സയീദ് യാസ്സീൻ

മൂന്ന് പതിറ്റാണ്ടോളം മാധ്യമരംഗത്ത്. പത്രപ്രവർത്തകൻ, അഡ്മിനിസ്ട്രേറ്റർ, മാർക്കറ്റിംഗ് വിദഗ്ദൻ എന്നീ നിലകളിലും അച്ചടി, റേഡിയോ, ടെലിവിഷൻ, ഇൻ്റർനെറ്റ് പോർട്ടലുകൾ എന്നീ മാധ്യമ മേഖലകളിലും പ്രവർത്തിച്ചു.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x