A Unique Multilingual Media Platform

The AIDEM

Articles Cinema Memoir

പ്രേക്ഷകർക്ക് ടി.പി മാധവൻ, അടുപ്പക്കാർക്ക് മാധവേട്ടൻ…

  • October 9, 2024
  • 1 min read
പ്രേക്ഷകർക്ക് ടി.പി മാധവൻ, അടുപ്പക്കാർക്ക് മാധവേട്ടൻ…

ടി.പി മാധവൻ മലയാളം സിനിമയിലെ ഒരു തിളങ്ങുന്ന നക്ഷത്രം ആയിരുന്നു. എണ്ണം പറഞ്ഞ സ്വഭാവ നടൻ. പ്രേക്ഷകർക്ക് അതുകൊണ്ട് തന്നെ ടി.പി മാധവൻ എന്ന പ്രിയ നടനായി മാറി. അടുപ്പക്കാർക്കെല്ലാം അദ്ദേഹം മാധവേട്ടൻ ആയിരുന്നു. പ്രായം മറന്നുള്ള സൗഹൃദം പലർക്കും അദ്ദേഹവുമായി ഉണ്ടായിരുന്നു എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. ചെറുപ്പക്കാരായ ഒട്ടേറെ പേർ അദ്ദേഹത്തിൻ്റെ സൗഹൃദ കൂട്ടായ്മയിൽ ഉണ്ട്. ഡൽഹിയിൽ നിന്ന് എന്നെല്ലാം കേരളത്തിൽ എത്തുന്നോ, അന്നൊക്കെ മാധവേട്ടനെ എറണാകുളം ലോട്ടസ് ക്ലബ്ബിൽ വച്ച് കാണുക ഒരു പതിവ് ചടങ്ങ് ആയിരുന്നു. മാധവേട്ടൻ ഡൽഹിയിൽ വന്നാൽ തീർച്ചയായും തമ്മിൽ കാണുക പതിവായിരുന്നു.

40ലേറെ വർഷമാണ് ടി.പി മാധവൻ മലയാള സിനിമ ലോകത്ത് നിറഞ്ഞുനിന്നത്. മലയാള ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ ‘അമ്മ’യുടെ സ്ഥാപക അംഗമാണ് ടി.പി മാധവൻ. അദ്ദേഹം സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടിയാണ്. 600 ലേറെ സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഒട്ടേറെ ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടിരുന്നു.

ടി.പി മാധവൻ (ഇടത്) കല്യാണരാമൻ സിനിമയിൽ

1935 നവംബർ 7ന് തിരുവനന്തപുരത്ത് വഴുതക്കാട് ജനിച്ച ടി.പി മാധവൻ സോഷ്യോളജിയിൽ എം.എ ബിരുദധാരിയാണ്. കേരള സർവകലാശാല വിദ്യാഭ്യാസ ഉപദേശക സമിതി അധ്യക്ഷനുമായിരുന്ന ഡോക്ടർ എൻ പി പിള്ളയാണ് ടി പി മാധവന്റെ പിതാവ്: 1960 ബോംബെയിൽ നിന്നിറങ്ങുന്ന ഒരു ഇംഗ്ലീഷ് പത്രത്തിൽ മാധ്യമ പ്രവർത്തകനായിട്ടാണ് ടി.പി മാധവൻ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. അവിടെ അദ്ദേഹം സബ് എഡിറ്റർ ആയിരുന്നു. ചലച്ചിത്രതാരം മധുവുമായിട്ടുള്ള സൗഹൃദം ടി.പി മാധവനെ നാടകത്തിലേക്കും തുടർന്ന് സിനിമയിലേക്കും എത്തിച്ചു. 1975 ൽ നടൻ മധു തന്നെ സംവിധാനം ചെയ്ത കാമം ക്രോധം മോഹം എന്ന സിനിമയിലൂടെയാണ് ടി.പി മാധവൻ വെള്ളിത്തിരയിലെത്തുന്നത്.

2015 ൽ ഒക്ടോബർ മാസം ഹിമാലയൻ തീർത്ഥയാത്രയ്ക്കിടെ ഹരിദ്വാറിൽ വച്ച് പക്ഷാഘാതം മൂലം അദ്ദേഹം കുഴഞ്ഞു വീണു. തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയുമായിരുന്നു. അതിനുശേഷമാണ് മാധവേട്ടൻ പൊതു ചടങ്ങുകളിൽ നിന്നെല്ലാം മാറിനിൽക്കാൻ തുടങ്ങിയത്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ലോഡ്ജ് മുറിയിൽ ആശ്രയം ഒന്നുമില്ലാതെ ഒറ്റയ്ക്ക് കഴിയുമ്പോഴാണ് സീരിയൽ സംവിധായകനായ പ്രസാദ് നൂറനാട് ടി പി മാധവനെ പത്തനാപുരത്തുള്ള ഗാന്ധിഭവനിൽ എത്തിക്കുന്നത്. പത്തനാപുരത്തെ ഗാന്ധിഭവനിൽ ഒരു അന്തേവാസിയായി അദ്ദേഹം ജീവിക്കുകയായിരുന്നു. അവിടുത്തെ അദ്ദേഹത്തിൻ്റെ ജീവിതം അദ്ദേഹം ആഘോഷമാക്കി. ഗാന്ധിഭവനിലെ അദ്ദേഹത്തിന്റെ ജീവിതകാലം അവിടുത്തെ അന്തേവാസികൾക്ക് ഊർജ്ജം പകരുന്ന ഒന്നാക്കി മാധവേട്ടൻ മാറ്റി. ഗാന്ധിഭവനിലെ ഒരു കുടുംബനാഥൻ എന്നുള്ള രീതിയിൽ തന്നെയാണ് അവിടെ അദ്ദേഹം കഴിഞ്ഞിരുന്നത് എന്ന് അറിയാം.

‘ഉദയനാണ് താരം’ സിനിമയിലെ ഒരു രംഗം

തിരുവനന്തപുരത്ത് നടന്ന ഐഎഫ്എഫ്കെ വേദിയിൽ 2023 ൽ ഗാന്ധിഭവനിൽ നിന്ന് എത്തിയ മാധവേട്ടനെ ഓർത്തു പോവുകയാണ്. പഴയ താരത്തിന്റെ പ്രൗഡിയിൽ തന്നെ ഐഎഫ്എഫ്കെ വേദിയിലെത്തിയ മാധവേട്ടനെ സംഘാടകർ സ്വീകരിച്ചിരുത്തി ആദരിച്ചു. അന്ന് അദ്ദേഹം തൻ്റെ സിനിമ ലോകത്തെക്കുറിച്ച് പഴയ കഥകളെക്കുറിച്ച് കൂടിയിരുന്നവരോട് എല്ലാം പങ്കുവെച്ച സന്ദർഭം ഓർത്തു പോകുന്നു. തൻ്റെ തിരക്കേറിയ ജീവിതത്തെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പറച്ചിലിൽ ഊർജ്ജം ഉണ്ടായിരുന്നു. അതു പറയുമ്പോൾ അദ്ദേഹം ആവേശം കൊണ്ടിരുന്നു. മുഖത്ത് സന്തോഷം പ്രതിഫലിച്ചിരുന്നു.

ടി.പി മാധവൻ തൻ്റെ വസതിയിൽ

മലയാള സിനിമയിൽ ശ്രദ്ധേയരായ സ്വഭാവനടന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു വ്യക്തിയായിരുന്നു ടി പി മാധവൻ. അദ്ദേഹം അനശ്വരമാക്കിയ ഒട്ടേറെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. ടിപി മാധവൻ അന്തരിച്ചെങ്കിലും ഈ കഥാപാത്രങ്ങൾ മലയാള സിനിമ ഉള്ളിടത്തോളം കാലം പ്രേക്ഷക മനസ്സിൽ നിറഞ്ഞുനിൽക്കും എന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല.

About Author

സുധീർ നാഥ്

സുധീർ നാഥ് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാർട്ടൂണിസ്റ്റും മാധ്യമ പ്രവർത്തകനുമാണ്. കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ, മലയാളം മിഷൻ ഗവേണിങ്ങ് ബോഡി അംഗം തുടങ്ങിയ പദവികൾ വഹിക്കുന്നു.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x