A Unique Multilingual Media Platform

The AIDEM

Articles History Kerala Long Read

ചരിത്രത്തിലെ കഥയും കാര്യവും

  • May 1, 2025
  • 2 min read
ചരിത്രത്തിലെ കഥയും കാര്യവും

‘ചരിത്രത്തില്‍ അവസാന വാക്ക് എന്നൊന്നില്ല’ എന്ന വസ്തുത വ്യക്തമായും കൃത്യമായും പറയുകമാത്രമല്ല, തന്റെ ചരിത്ര ഗവേഷണങ്ങളുടെ അടിസ്ഥാന പ്രമാണമായി സ്വീകരിക്കുക കൂടി ചെയ്ത വലിയ മനുഷ്യനാണ് എം ജി എസ് നാരായണന്‍ (മുറ്റായില്‍ ഗോവിന്ദമേനോന്‍ ശങ്കരനാരായണന്‍) എന്ന ചരിത്രകാരന്‍. എന്നെ സംബന്ധിച്ചിടത്തോളം, ഗൗരവമുളള ഒരു ചരിത്ര വിദ്യാര്‍ഥിയോ ചരിത്രാന്വേഷകനോ ചരിത്രസംബന്ധിയായ കൃതികളുടെ വായനക്കാരനോ പോലും അല്ലാതിരുന്നിട്ടും, എംജിഎസിന്റെ രചനകളും അഭിമുഖങ്ങളും പുസ്തകങ്ങളുമെല്ലാം, എപ്പോഴും, പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചിരുന്നുവെന്ന് അല്പം കൗതുകത്തോടെത്തന്നെ പറയട്ടെ. വലിയൊരളവ്, അതിന് കാരണമായി തോന്നുന്നത്, ഈ ചരിത്രകാരന് ഉണ്ടായിരുന്ന സാഹിത്യബന്ധം കൂടിയായിരിക്കണം എന്ന് ഇപ്പോള്‍ തോന്നുന്നു. (അതുപോലെ, ചരിത്രകാരനും എംജിഎസിന്റെ അമ്മാവനുമായ എം ഗംഗാധരന്റെ രചനകളോടും ഇത്തരമൊരു അടുപ്പം ഉണ്ടായിട്ടുണ്ട്. മാത്രമല്ല, The Bridge On The Drina അഥവാ ഡ്രീനാ നദിയിലെ പാലം എന്ന, 1961 ല്‍ നോബല്‍ പുരസ്കാരം നേടിയ ഇവോ ആന്‍ഡ്രിക്കിന്റെ സെര്‍ബോ-ക്രൊയേഷ്യന്‍ ചരിത്ര നോവലിനെക്കുറിച്ച് എം ഗംഗാധരന്‍ എഴുതിയ ദീര്‍ഘപഠനം വന്ന് പിന്നെയും എറെ കഴിഞ്ഞാണ് ഞാനും സുഹൃത്ത് കെ പി രാജേഷും ചേര്‍ന്ന്, പ്രസ്തുത കൃ‍തിയുടെ മലയാള പരിഭാഷ സാഹസികമായി തയ്യാറാക്കിയത്.

(Source: KVR Blogs)

കെ പി അപ്പന്‍ പുസ്തകത്തിന്റെ അവതാരികയില്‍, ദസ്തയേവ്സ്കിയുടെ മലയാള പരിഭാഷാ പാരമ്പര്യത്തില്‍ പെടുന്ന വിവര്‍ത്തകരായി ഞങ്ങളെ അവതരിപ്പിച്ചത്, എല്ലാ കാലത്തും അഭിമാനകരമായ ഓര്‍മയാണ്) എന്തായാലും ഇപ്പോള്‍ എംജിഎസ് കടന്നു പോകുമ്പോള്‍ അന്യംനിന്നു പോകുന്നത്, ഒരു തലമുറ മാത്രമല്ല, മറിച്ച് ചരിത്രഗവേഷണത്തിലെ ഒരു സമ്പ്രദായവും സമീപനവും കൂടിയാണെന്ന് മനസ്സിലാക്കേണ്ടി വരുന്നു. ആളുകള്‍ ചരിത്രം സൃഷ്ടിക്കുമ്പോള്‍, തലമുറകള്‍ക്കനുസരിച്ച് അതിനെക്കുറിച്ചുളള വ്യാഖ്യാനം മാറിയേക്കാം എന്ന് എംജിഎസ് പറയുന്നുണ്ട്. എന്നാല്‍, ചരിത്രഗവേഷകര്‍ വസ്തുതകള്‍ ആഴത്തില്‍ പഠിക്കണമെന്നും നല്ലതും ചീത്തയും രേഖപ്പെടുത്തണമെന്നും സത്യത്തെ വക്രീകരിക്കകയോ വളച്ചൊടിക്കുകയോ ചെയ്യാതെ, വസ്തുതകള്‍ വിശകലനം ചെയ്ത്, വ്യക്തമായി അടയാളപ്പെടുത്തണമെന്നും എംജിഎസ് പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായ പക്ഷപാതങ്ങളല്ല, തെളിവുകളാണ് ചരിത്രരചനയിലെ അടിസ്ഥാന മാനദണ്ഡമാകേണ്ടത് എന്ന എംജിഎസിന്റെ നിലപാട് അദ്ദേഹത്തിന്റെ ചരിത്ര രചനാ രീതിയുടെ മൂലാധാരമായി നിലനില്‍ക്കുന്നു എന്ന് കാണാന്‍ പ്രയാസമില്ല. പ്രമുഖ ഇംഗ്ലീഷ് ചരിത്രകാരന്‍ ടോണി റോബര്‍ട്ട് ജൂട്ട് (Tony Robert Judt) അസുഖകരമായ സത്യങ്ങള്‍ ചരിത്രനിര്‍മ്മിതിയില്‍ പറയപ്പെടേണ്ടത് എത്രമാത്രം അനിവാര്യമാണെന്ന് പറയുന്നത്, എംജിഎസിന്റെ കാര്യത്തില്‍ ഏറെ അനുയോജ്യമാകുന്നുണ്ട്. The historian’s task is not to disrupt for the sake of it, but it is to tell what is almost always an uncomfortable story and explain why the discomfort is part of the truth we need to live well and live properly. ഒരു നല്ല ജീവിതത്തിനും ശരിയായ ജീവിതത്തിനും ചരിത്രത്തിലെ അസുഖകരമായ വസ്തുതകള്‍ക്കും പ്രത്യേക പ്രസക്തിയുണ്ടെന്ന ജൂട്ടിന്റെ വീക്ഷണം, ചരിത്ര പഠനത്തിലെയും ചരിത്ര രചനയിലെയും പ്രധാന അവബോധമായി മാറുന്നു. എപ്പോഴും അസുഖകരമായ സത്യങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു എംജിഎസിന്റെ ചരിത്രകാര വ്യക്തിത്വം ആരെയെങ്കിലും സുഖിപ്പിക്കാനോ തന്നെത്തന്നെ സുഖിപ്പിക്കാനോ, ഒരിക്കലും ചരിത്ര വസ്തുതകള്‍ കൈകാര്യം ചെയ്തില്ല എന്നു വേണം പറയാന്‍. ചരിത്രത്തിനും ആഖ്യാനത്തിനും ഇടയിലുളള സങ്കീര്‍ണ്ണ തലത്തെക്കുറിച്ച് അത്യധികം ബോധവാവനായിരുന്നു എംജിഎസ് എന്നു പറയാം.

 

തെളിവുകളുടെ ആര്‍ജ്ജിത ഭാഷ്യം

അതുകൊണ്ട് തന്നെ കേരള ചരിത്രകാരന്‍മാരില്‍ പ്രൊഫഷണലിസം അതിന്റെ പൂര്‍ണ്ണാര്‍ഥത്തില്‍ എംജിഎസില്‍ പ്രകടമായി. ക്രമരഹിതമായിക്കിടന്ന- ചിതറിക്കടക്കുന്ന അവസ്ഥയില്‍ ആയിരുന്ന ആധുനിക കേരള ചരിത്രത്തിന് ഒരു വ്യവസ്ഥയും ദിശാബോധവും നല്‍കിയെന്ന നിലയിലാണ് എംജിഎസ് ഏറെ ആദരിക്കപ്പടുന്നത്. ശക്തവും യുക്തിഭദ്രവുമായ ശാസ്ത്രീയ അടിത്തറയോടെയും ചിട്ടയോടെയും ചരിത്രാന്വേഷണങ്ങള്‍ക്ക് കേരളീയ ചരിത്ര പഠിതാക്കളെ പ്രാപ്തരാക്കി എന്നതാണ് എംജിഎസിന്റെ ഏറ്റവും വലിയ സംഭാവനയായി കണക്കാകപ്പെടുന്നത്. അതുകൊണ്ടുതന്നെ, പ്രാചീന ചരിത്ര രചനാ രീതികളിലെ അതിഭാവുകത്വങ്ങളെയാണ് അദ്ദേഹം ആദ്യം ഒഴിവാക്കിയത് എന്ന് തോന്നിയിട്ടുണ്ട്. വസ്തുനിഷ്ഠവും സവിശേഷവുമായ ശൈലിയാണ് അദ്ദേഹം തൻ്റെ എഴുത്തുകളിൽ പുലർത്തിയത്. മുഖം നോക്കാതെ അഥവാ താന്‍ ശ്രദ്ധിച്ചും പരിശ്രമിച്ചും കണ്ടെത്തുന്ന തെളിവുകള്‍ മാത്രം അടിസ്ഥാനമാക്കി, സ്വന്തം ബോധ്യങ്ങളും ആത്മനിഷ്ഠ സത്യങ്ങളും മാത്രം വിളിച്ചു പറഞ്ഞ അതുല്യ വ്യക്തിത്വമായാണ്-ചരിത്രകാരനായാണ്- എംജിഎസ് നിലകൊണ്ടത് എന്നു പറയാം.

ചരിത്രത്തിന്റെ ജനാധിപത്യവത്കരണം സാധ്യമാണോ എന്ന സമാന്തര അന്വേഷണം കൂടിയായിരുന്നു എംജിഎസിന്റെ ചരിത്ര പഠനങ്ങള്‍ എന്നത്, പുതിയ കാലത്ത് കൂടുതല്‍ പ്രസ്ക്തവുമാണ്. ആരുടെയും പ്രീതിയോ സ്ഥാനമാനങ്ങളോ എംജിഎസിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നില്ലെന്നതിന്റെ ഉത്തമോദാഹരണം ആ ജീവിതശൈലിയും ചരിത്രസമീപനവും തന്നെയാണ്. ചരിത്രവഴിയില്‍ ഇ.എം.എസിനെപ്പോലുള്ളവരുടെ നിരവധി വാദങ്ങളെ ഖണ്ഡിക്കാന്‍ എംജിഎസ് ഒട്ടും മടിച്ചില്ല. സൗഹൃദവും സത്യവും എംജിഎസിന്റെ ചരിത്രവഴിയില്‍ പലപ്പോഴും രണ്ടായിത്തന്നെ നിന്നു എന്നത് ആ ജീവിതത്തിന്റെ ദാര്‍ശനികാവബോധം കൂടിയായി വേണം മനസ്സിലാക്കാന്‍. ഇടതുപക്ഷ നിലപാടുകളുമായി പലപ്പോഴും വിയോജിച്ചതിനാലും മാര്‍ക്സിയന്‍ ചരിത്ര പഠനങ്ങളെ നിരന്തരം പ്രശ്നവത്കരിച്ചതുകൊണ്ടും, അദ്ദേഹത്തെ ഒരു വലതുപക്ഷ ചരിത്രകാരനായിപ്പോലും പലരും ബ്രാന്‍റ് ചെയ്തു. പക്ഷേ ഇതൊന്നും എംജിഎസിനെ സ്പര്‍ശിച്ചതേ ഇല്ല എന്നതാണ് വാസ്തവം.

ചരിത്രത്തില്‍ കഥ കയറുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അദ്ദേഹം ഓര്‍മിച്ചു കൊണ്ടേയിരുന്നു. ചരിത്രം സങ്കീർണ്ണമാണ് എന്നും കാലക്രമേണ, നിക്ഷിപ്ത താൽപ്പര്യങ്ങളുള്ള ആളുകൾ അവരുടെ സൌകര്യാർത്ഥം ഒരു ആഖ്യാനം രൂപപ്പെടുത്തുമെന്നും എംജിഎസ് നാരായണൻ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിലുളള സിനിമാ പദ്ധതിയുടെയും 1921ലെ മലബാർ കലാപത്തിന്റെയും പശ്ചാത്തലത്തില്‍ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പറഞ്ഞത് ഓര്‍ക്കുന്നു. രാഷ്ട്രീയമായും മതപരമായും ചായ്വുളള വ്യക്തികളുടെ ആഖ്യാനങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ പലപ്പോഴും ചരിത്രപരമായ സത്യം ബലിയർപ്പിക്കപ്പെടുന്നുവെന്ന് എംജിഎസ് ആ പശ്ചാത്തലത്തില്‍ പറഞ്ഞിരുന്നു. സിനിമകൾക്ക് ഒരിക്കലും ചരിത്രത്തോട് നീതി പുലർത്താൻ കഴിയില്ലെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, ചലച്ചിത്ര പ്രവർത്തകർ ചരിത്ര സംഭവങ്ങളെ നാടകീയമാക്കുന്നതിന് അതിശയോക്തി കലർത്തുകയും വളച്ചൊടിക്കുകയും സാങ്കൽപ്പിക ഘടകങ്ങൾ അതില്‍ ചേർക്കുകയും ചെയ്യുമെന്നും അദ്ദേഹം പറയുകയുണ്ടായി. സിനിമകളെ ഒരിക്കലും ചരിത്ര സത്യങ്ങളായി കണക്കാക്കരുത് എന്ന് അദ്ദേഹം എടുത്തു പറഞ്ഞത്, സംഭവങ്ങളുടെ മാപ്പിള ലഹളയുടെ ക്രമം വിശദീകരിച്ചുകൊണ്ടായിരുന്നു. ബ്രിട്ടീഷുകാർക്കെതിരായ സായുധ കലാപമായാണ് മലബാർ കലാപം ആരംഭിച്ചതെങ്കിലും, നിർഭാഗ്യവശാൽ, കലാപത്തിന്റെ സ്വഭാവം ഹിന്ദു സമൂഹത്തിന് എതിരായി മാറി എന്ന കാര്യം എംജിഎസ് സൂചിപ്പിച്ചിട്ടുളളത് പ്രധാനമാണ്. ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് തുർക്കി ഖലീഫയുടെ പതനവും തുടർന്നുള്ള ഖിലാഫത്ത് പ്രസ്ഥാനവും മുസ്ലീങ്ങളെ, പ്രത്യേകിച്ച് കേരളത്തിലെ മുസ്ലീംകളെ ബ്രിട്ടീഷുകാർക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചുവെങ്കിലും പക്ഷേ പിന്നീട് കലാപം വഴിതെറ്റിപ്പോയി എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. എന്നാൽ കലാപത്തിന്റെ സ്വഭാവത്തെക്കുറിച്ച് ആഴമുളളതും വിമർശനാത്മകവുമായ ഒരു പഠനവും നടന്നിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചരിത്രപരമായ സത്യങ്ങൾ അവ്യക്തമാണ്, ചിതറിക്കിടക്കുന്ന സൂചനകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നും ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളാണ് ഈ ആശയക്കുഴപ്പത്തിന് കാരണമെന്നും ഉളള എംജിഎസിന്റെ നിരീക്ഷണം പ്രത്യേകം ഓര്‍ക്കാം. ഇത് പാശ്ചാത്യ രാജ്യങ്ങളിലായിരുന്നെങ്കിൽ, അവിടത്തെ സർവകലാശാലകൾ വീണ്ടും വീണ്ടും ചർച്ച ചെയ്യുകയും വിഷയം വിഭജിച്ച് ചർച്ച ചെയ്യുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും വ്യക്തവും ചരിത്രപരവുമായ സമവായം കൊണ്ടുവരികയും ചെയ്യുമായിരുന്നു. കേരളത്തിലെ ഏതെങ്കിലും സർവകലാശാല ബ്രിട്ടീഷ് രേഖകളും ദുരന്തത്തെ തുടർന്നുള്ള കോടതി നടപടികളും ഗൌരവമായി പഠിച്ചിട്ടുണ്ടോ? എന്ന എംജിഎസിന്റെ അന്നത്തെ ചോദ്യം എപ്പോഴും പ്രസക്തമായി നിലനില്‍ക്കുന്നു.

 

ആഖ്യാനവും വ്യാഖ്യാനവും

ചരിത്രത്തിന്, കലയോടും സാഹിത്യത്തോടും രാഷ്ട്രീയത്തോടും മതത്തിനോടും ഉളള സംഘര്‍ഷാത്മക ബന്ധം കൂടി ഇവിടെ അനുബന്ധ ചിന്തയായി വരുന്നുണ്ട്. പ്രത്യയശാസ്ത്ര ബന്ധിതമായ ചരിത്രാഖ്യാനങ്ങളും വ്യഖ്യാനങ്ങളും, ചരിത്രത്തിന്റെ സത്യത്തില്‍ എത്താന്‍ പലപ്പോഴും സാധ്യതയില്ലെന്ന് കൂടിയാണ് ഒരര്‍ഥത്തില്‍ തെളിവുകള്‍ മാത്രം വെച്ച് സംസാരിക്കുമ്പോള്‍ എംജിഎസ് പറയാൻ ശ്രമിച്ചതെന്ന് തോന്നുന്നു. കുമാരനാശാന്റെ ‘വീണപൂവ്’ രൂപപ്പടുന്ന പശ്ചാത്തലം, കുുമാരനാശാന്റെ കൊല്‍ക്കൊത്ത കാലത്തെ പ്രണയത്തിന്റെ ബാക്കിപത്രമാണെന്ന ഒരു വായന എംജിഎസ് നടത്തിയിട്ടുണ്ട്. ആ കാലഘട്ടവും അവിടുത്തെ കുമാരനാശാന്റെ ജീവിതവും എല്ലാം സൂക്ഷ്മം പിന്‍പറ്റിയുളള നിരീക്ഷണമായാണ് അത്തരമൊരു അവതരണം നടക്കുന്നതെങ്കിലും, (മുമ്പ് വായിച്ച് ഓര്‍മയില്‍ നിന്ന് എഴുതുന്നത്) അതിനെ ഒരു സാഹിത്യവായനയായിട്ടാണ് നമ്മള്‍ കൂടുതലായി സ്വീകരിക്കുക എന്നു പറയാം. ചേരരാജാക്കന്മാരെക്കുറിച്ചുള്ള ആധികാരികവും ആഴത്തിലുള്ളതുമായ പഠനം നടത്തിയ എം.ജി.എസ് പ്രസ്തുത പഠനങ്ങളുടെ ഫലമായി പ്രസിദ്ധീകരിച്ച ‘പെരുമാൾസ് ഓഫ് കേരള’ എന്ന ഗ്രന്ഥം, ചരിത്രപഠനം എന്ന നിലയില്‍, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിമ്പോള്‍, എംജിഎസിലെ ചരിത്രകാരന്റെ പൂര്‍ണ്ണ ഗരിമയും അവിടെ പ്രകടമാകുകയാണല്ലോ. പ്രശസ്ത ചരിത്രകാരനും ഇൻഡോളജിസ്റ്റുമായ ആർതർ ലെവ്ലിൻ ബാഷം (Arthur Llewellyn Basham) എം. ജി. എസ്. നാരായണന്റെ പിഎച്ച്ഡി പ്രബന്ധമായ ‘പെരുമാള്‍സ് ഓഫ് ഇന്ത്യ’ താന്‍ പരിശോധിച്ച ഏറ്റവും മികച്ചതും സമഗ്രവുമായ ഇന്ത്യൻ പ്രബന്ധങ്ങളിലൊന്നാണ് എന്ന് പ്രശംസിക്കുകയുണ്ടായി. ഈ വലിയ പ്രശംസ, എംജിഎസിന്റെ സൂക്ഷ്മമായ ഗവേഷണത്തോടും കേരള ചരിത്രത്തിലെ ഉൾക്കാഴ്ചയുള്ള അദ്ദേഹത്തിന്റെ വിശകലനത്തോടുമുള്ള, ബാഷമിന്റെ വിലമതിപ്പിനെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നുതാണ്.

മൈസൂർ സർവകലാശാലയിൽ വെച്ച് ടി.വി. വെങ്കിടാചല ശാസ്ത്രിയെയും (വലത്തുനിന്ന് ആദ്യം) മറ്റുള്ളവരെയും കണ്ടുമുട്ടുന്ന എ.എൽ. ബാഷാം (ഇടത്തുനിന്ന് മൂന്നാമത്)

സാഹിത്യവും ചരിത്രവും തമ്മിലുളള സര്‍ഗാത്മക വ്യത്യാസത്തെക്കുറിച്ചു കൂടി അനുബന്ധമായി സൂചിപ്പിക്കുന്നു എന്നു മാത്രം. അതേസമയം സാഹിത്യകൃതിയും ചരിത്രപഠനത്തിലെ ഒരു ഉപകരണം ആകാണറുണ്ടന്ന് പ്രത്യേകം ഓര്‍ക്കാം. ഈ ലേഖനത്തിന്റെ ആദ്യത്തില്‍ സൂചിപ്പിച്ച, ഇവോ ആന്‍ഡ്രിച്ചിന്റെ ഡ്രീനാ നദിയിലെ പാലം എന്ന ചരിത്ര/രാഷ്ട്രീയ നോവലിന്റെ പരിഭാഷയ്ക്ക് കെ പി അപ്പന്‍ എഴുതിയ അവതാരികയില്‍, നോവലും ചരിത്രവും തമ്മിലുളള ബന്ധം വിശകലനം ചെയ്യപ്പെടുന്നുണ്ട്. അദ്ദേഹം ഇപ്രകാരം എഴുതുന്നു- ‘ആന്‍ഡ്രീച്ചിന്റെ കലയുടെ ശ്രേഷ്ഠമായ ആദര്‍ശം ചരിത്രമായിരുന്നു. മുഴുവന്‍ ജീവിതത്തെയും ഉള്‍ക്കൊള്ളും വിധം ആ നോവലില്‍‍ ചരിത്രം അതിന്റെ പരിധി വര്‍‍ദ്ധിപ്പിക്കുകയാണ്‌. ചരിത്രത്തിന്‌ ചരിത്രത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമ്പോഴാണ്‌ ഇത്‌ സംഭവിക്കുന്നത്‌. നോവലിൽ ചരിത്രം അതിന്റെ സ്വാതന്ത്ര്യം നേടിയെടുക്കുകയാണ്‌. സാമ്പത്തികവും സാമൂഹികവുമായ വിവക്ഷകൾ അവയുടെ യാന്ത്രികവ്യാഖ്യാനങ്ങള്‍ പൊട്ടിച്ചു പുറത്തുവരുന്നു. കോളിങ്‌വുഡ്‌ (R G Collingwood) പറഞ്ഞത്‌ ആന്‍‍ഡ്രിച്ച്‌ ഭാവന ചെയ്തു കാണിച്ചു തരികയാണ്‌. ഭൂതകാല ചരിത്രം നിരീക്ഷിക്കാനും വിശദീകരിക്കാനുമുള്ള ജഡവസ്തുതകളല്ല. അനുഭവിക്കാനുള്ള യാഥാര്‍‍ത്ഥ്യങ്ങളാണ്‌. എന്നാലത്‌ രാഷ്ട്രീയ വസ്തുനിഷ്ഠതകളെ പുറത്താക്കുന്ന ചരിത്രമല്ല. ചരിത്രം കഴിഞ്ഞ കാലത്തിന്റെ രാഷ്ട്രീയമാണ്‌. രാഷ്ട്രീയം വര്‍‍ത്തമാനകാലത്തിന്റെ ചരിത്രമാണ്‌. ഫ്രീമാന്‍ (Edward Augustus Freeman) അങ്ങനെ പറഞ്ഞിട്ടുണ്ട്‌. ആന്‍‍ഡ്രിച്ച്‌ ഇതിനെ കലയുടെ രൂപത്തിലുള്ള കേളിയാക്കി. മാറ്റുന്നു. അത്‌ ചരിത്രത്തിന്റെ അവസാനിക്കാത്ത തുടര്‍ച്ചയുടെ കേളിയാണ്‌. നോവലിസ്റ്റിന്റെ ഈ കേളിയാണ്‌ ചരിത്രത്തെ അക്കാദമിക്‌ ദന്തഗോപുരത്തിലേക്ക്‌ പോകാതെ പിടിച്ചു നിര്‍ത്തുന്നത്‌. രാഷ്ട്രീയമായ മുന്‍‍വിധികളില്ലാത്ത ചരിത്രത്തെ നിരീക്ഷിക്കുന്നത്‌ ചരിത്രകാരനല്ല നോവലിസ്റ്റാണ്‌. അങ്ങനെയാണ്‌ നോവല്‍‍ അര്‍ത്ഥവത്തായ ചരിത്രമായി മാറുന്നത്‌. ചരിത്രം എങ്ങോട്ടാണ്‌ നീങ്ങുന്നത്‌? എഴുത്തുകാരന്റെ സ്വതന്ത്രമായ മനസ്സാക്ഷിയിലേക്കാണ്‌. അല്ലെങ്കിൽ അയാളുടെ ഉന്നതമായ ധര്‍‍മ്മബോധത്തിലേക്കാണ്‌. ഇതാണ്‌ ആന്‍‍ഡ്രീച്ചിന്റെ നോവല്‍ നമുക്ക്‌ പറഞ്ഞു തരുന്നത്‌.

മാനുഷികമായ ഒറ്റപ്പെടല്‍ ചരിത്രത്തിന്റെ ഭാഗമെന്ന നിലയില്‍ത്തന്നെ ഈ നോവലില്‍ പ്രത്യക്ഷപ്പെടുന്നു. കുറെനാള്‍‍ തടവറയില്‍‍ കിടന്ന ആന്‍ഡ്രിച്ചിന്റെ അനുഭവം നോവലില്‍‍ രൂപം മാറി കടന്നുവരികയായിരുന്നു. രണ്ടുതരം ഭീതിയക്കുറിച്ച്‌ ആന്‍‍ഡ്രീച്ച്‌ പറഞ്ഞിരുന്നു. ഒന്ന്‌ മനുഷ്യനെ നിരന്തരം ഭീഷണിപ്പെടുത്തുന്ന ബാഹ്യമായ ഭീതിയാണ്‌. അത്‌ ചരിത്രത്തില്‍ ‍നിന്ന്‌ വരുന്നതാണ്‌. രണ്ടാമത്തേത്‌ മനുഷ്യന്റെ എക്കാലത്തെയും അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള ഉള്‍ഭീതിയാണ്‌.മനുഷ്യനും അവന്‍‍ ആഗ്രഹിക്കുന്ന സന്തുഷ്ടിക്കും ഇടയ്ക്ക്‌ ഒരു പാലം ഇല്ലാതെ പോകുന്നു. വ്യക്തിക്കും ചരിത്രത്തിനുമിടയ്ക്കുള്ള പാലം നിരന്തരം തകര്‍‍ക്കപ്പെടുന്നു. ഇതിനെതിരെ മനുഷ്യനു ചെയ്യാവുന്നത്‌ എക്കാലവും നിലനില്‍ക്കുന്ന സന്ദര്യമുള്ള കലാസൃഷ്ടികള്‍‍ നിർമ്മിക്കുക എന്നതാണ്‌. വ്യക്തിയെ ഭാവി ചരിത്രവുമായി ബന്ധിപ്പിക്കുന്ന പാലമാണിത്‌. ഇതാണ്‌ ഈവോ ആന്‍ഡ്രിച്ചിന്റെ നോവല്‍’ എന്ന കെ പി അപ്പന്റെ ചരിത്രത്തെക്കുറിച്ചുളള ചിന്ത, ചരിത്രകാരന്‍മാര്‍ പൂര്‍ണ്ണമായി അംഗീകരിക്കണമെന്നില്ല. പക്ഷേ, തിരിച്ച്, ചരിത്രത്തില്‍, നോവലിന് സമാനമായ ആഖ്യാനം ഇടയ്ക്കെങ്കിലും പ്രവര്‍ത്തിക്കുന്നു എന്ന് ഈ നോവല്‍ ചിന്ത ഓര്‍മിപ്പിക്കുന്നുണ്ട്. നിക്ഷിപ്ത താൽപ്പര്യങ്ങളുള്ള ആളുകൾ അവരുടെ സൌകര്യാർത്ഥം ഒരു ആഖ്യാനം രൂപപ്പെടുത്തുമെന്ന് എംജിഎസ് പറയുന്നതിന്റെ പൊരുള്‍, ചരിത്രത്തില്‍ കഥകള്‍ കയറിവരാം എന്ന അര്‍ഥത്തില്‍ തന്നെയാണ്. ‘അടുത്ത കാലംവരെ ചരിത്രകാരന്മാര്‍ ആശ്രയിച്ചിരുന്നത്, കഴിഞ്ഞ കാലം അവശേഷിപ്പിച്ച സാഹിത്യപരമായ തെളിവുകളെയാണ്. നേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ സര്‍ഗസാഹിത്യം ഏറിയകൂറും കല്പിതകഥയാണല്ലോ. ഉദാഹരണത്തിന് ഭാരതത്തിന്‍റെ പ്രാചീനചരിത്രം പുരാണേതിഹാസങ്ങളിലൂടെയാണ്, ആധുനിക ദശയുടെ ആരംഭത്തില്‍, ചരിത്രഭ്രാന്തു കയറിയ പാശ്ചാത്യപണ്ഡിതന്മാര്‍ വായിച്ചെടുത്തത്’ എന്ന് ‘കല്പിത കഥയാകരുത് ചരിത്രം’ എന്ന ലേഖനത്തില്‍ എംജിഎസ് എഴുതിയതു കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ചരിത്ര സമീപനം കൂടുതല്‍ വ്യക്തമാകുന്നു. അന്താരാഷ്ട്ര ശ്രദ്ധ നേടിയ നിരവധി ഗവേഷണ പ്രബന്ധങ്ങളും എംജിഎസ് പ്രസിദ്ധീകരിച്ചിട്ടുളളത്, അദ്ദേഹത്തിന്റെ നിതാന്തമായ അന്വേഷണങ്ങളുടെ കൂടി ഫലമായിട്ടാണ്. ബ്രിട്ടനിലെയും റഷ്യയിലെയും സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറായിക്കൂടി സേവനമനുഷ്ഠിച്ചിട്ടുളള ആളാണ് എംജിഎസ് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുളളത്. അതുപോലെ, മലയാളം, ഇംഗ്ലീഷ്, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന എം.ജി.എസ്സിന് ബ്രാഹ്മി, വട്ടെഴുത്ത്, ഗ്രന്ഥ ലിപികളിലും ആഴത്തിലുള്ള അറിവുണ്ടായിരുന്നു എന്ന് ചരിത്രപഠിതാക്കളും അദ്ദേഹത്തിന്റെ ശിഷ്യരും സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. വാസ്തവത്തില്‍ ഇതെല്ലാം തന്റെ ചരിത്ര സത്യാന്വേഷണങ്ങള്‍ക്കായുളള അദ്ദേഹത്തിന്റെ മുന്നൊരുക്കങ്ങള്‍ കൂടിയായിരുന്നു എന്നു പറയാം. ശിലാരേഖകളെക്കുറിച്ചുള്ള പഠനത്തിൽ അദ്ദേഹം പ്രത്യേക പരിശീലനം നേടിയിരുന്ന കാര്യവും ഏറെ പ്രസക്തമാണ്. കാരണം ഇതെല്ലാം നേരില്‍ ശേഖരിച്ചും വായിച്ചു പഠിച്ചും തെളിവുകള്‍ ശേഖരിച്ചും നടത്തുന്ന ചരിത്ര അനുമാനങ്ങള്‍ ഇപ്പോള്‍ ഏറെക്കുറെ ഇല്ലാതാകുന്നു എന്നതില്‍, എംജിഎസിന് ആശങ്ക ഉണ്ടായിരുന്നു. വാസ്തവത്തില്‍ താന്‍ അവലംബിച്ച മാര്‍ഗം ചരിത്രപഠനത്തിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വിശ്വസിക്കുക മാത്രമല്ല, ലോകത്തെ ബോധ്യപ്പെടുത്തുക കൂടി ചെയ്തു എന്നു പറയേണ്ടി വരും.

 

പ്രത്യയശാസ്ത്ര പരിമിതികള്‍

ഇടതു വിമർശനങ്ങളായാലും അയോധ്യയിലെ ബാബറി മസ്ജിദ് കാര്യത്തിലായാലും എംജിഎസ് തെളിവുകൾ നൽകുന്ന അനുമാനങ്ങളുടെ ബലത്തിൽ മാത്രം സംസാരിച്ചു. ബാബറി മസ്ജിദ് കാര്യത്തിൽ, അവിടെ മുമ്പ് ക്ഷേത്രം ഉണ്ടായിരുന്നു എന്ന് പറയാൻ മടിക്കാതിരുന്ന എംജിഎസ്, പക്ഷേ പള്ളി തകർത്തതിനെ നിശിതമായ ഭാഷയിൽ വിമർശിക്കുക കൂടി ചെയ്തിരുന്നു. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിൻ്റെ (ICHR) മെമ്പർ സെക്രട്ടറിയും പിന്നീട് ചെയർമാനുമായിരിക്കെ, സംഘപരിവാർ ആശയങ്ങൾക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നപ്പോള്‍, ആ സ്ഥാനങ്ങൾ ഉപേക്ഷിച്ച് അദ്ദേഹം പുറത്തുവരികയായിരുന്നു. മുഖം നോക്കാതെ സത്യം വിളിച്ചു പറയുമ്പോഴും സാധാരണക്കാരൻ്റെ വിഷയങ്ങളിൽ അദ്ദേഹത്തിന് എപ്പോഴും താത്പര്യമുണ്ടായിരുന്നു. നോട്ട് നിരോധനത്തിൻ്റെ കാര്യത്തിൽ എംജിഎസ് പ്രകടിപ്പിച്ച വിയോജിപ്പ് ഒരു ഉദാഹരണം മാത്രമാണ്. ചരിത്രകാരനായുള്ള എം.ജി.എസ്സിൻ്റെ യാത്ര യാദൃച്ഛികമായിരുന്നു എന്നത് കൗതുകകരമാണ്. ബിരുദ പഠനത്തിനു ശേഷം മദ്രാസ് ക്രിസ്ത്യൻ കോളജിൽ എം.എ. ഇംഗ്ലീഷ് പഠിക്കാന്‍ പോയ അദ്ദേഹത്തിന് പ്രവേശനം ലഭിച്ചത് ചരിത്ര പഠനത്തിനായിരുന്നു എന്ന് വായിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ പ്രത്യയശാസ്ത്ര പിടിമുറുക്കങ്ങളില്‍ പതിക്കാതെ എങ്ങനെ സ്വതന്ത്രമായ ചരിത്രബോധം നിലനിര്‍ത്താം എന്ന അന്വേഷണങ്ങളായിക്കൂടി എംജിഎസിന്റെ ചരിത്ര പഠനങ്ങള്‍ പരിണമിച്ചു എന്നത് പ്രധാനമാണ്. ‘ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രവും ചരിത്ര രചനയെ അധീനത്തിലാക്കരുത്’ എന്ന് ഇന്ത്യന്‍ ചരിത്രത്തില്‍ അവഗാഹമുളള പ്രമുഖ സ്കോട്ടിഷ് ചരിത്രകാരന്‍ വില്യം ഡാല്‍റിംപിള്‍ (William Dalrymple) തന്റെ ‘The Golden Road: How Ancient India Transformed the World’ എന്ന പുസ്തകത്തിന്റ പശ്ചാത്തലത്തിലുളള ഒരു അഭിമുഖത്തില്‍ പറയുന്നത് ഇവിടെ പ്രത്യേകം പ്രസക്തമാണ്. ‘വിചിത്രമായ ഒരു കാര്യം ഇന്നത്തെ ഇന്ത്യയിലുണ്ട്‌. മുഗള്‍ ചരിത്രത്തെക്കുറിച്ചെഴുതണമെങ്കില്‍‍ നിങ്ങൾ ഒരു മാര്‍‍ക്സിസ്റ്റ്‌ ആയിരിക്കണം; പ്രാചീന ഇന്ത്യയെക്കുറിച്ച്‌ എഴുതണമെങ്കില്‍‍ ആര്‍‍.എസ്‌.എസ്‌..ആയിരിക്കണം. ഞാന്‍‍‍ രണ്ടുമല്ല. എന്റേത്‌ മധ്യനിലയാണ്‌. ഞാന്‍‍ താജ്‌മഹലിനെ ഇഷ്ടപ്പെടുന്നു. ഞാന്‍ അജന്താഗുഹകൾ ഇഷ്ടപ്പെടുന്നു.

വില്യം ഡാല്‍റിംപിള്‍

ഞാന്‍‍ തഞ്ചാവൂരിലെ പെരിയ കോവിലിനെ ഇഷ്ടപ്പെടുന്നു. ഇതാരു ഫുട്ബോള്‍‍ മത്സരമല്ല, ഏതെങ്കിലും ടീമിനെ പിന്തുണയ്ക്കാന്‍. ഇന്ത്യ മഹത്തായ രാജ്യമാണ്‌. ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രവും ചരിത്രത്തെയും ചരിത്ര രചനയെയും അവരുടെ അധീനതയിലാക്കരുത്‌. എന്റെ പുസ്തകത്തില്‍ ‍തന്നെ ഹിന്ദുയിസത്തെക്കാള്‍ ബുദ്ധിസമാണ് ഉളളതെന്ന് ചിലര്‍ പറഞ്ഞേക്കാം. മൂന്നിലൊന്ന് അതാണ്. മൂന്നിലൊന്ന് ഇന്ത്യന്‍ ഗണിതശാസ്ത്രം. മൂന്നിലൊന്ന് ഹിന്ദുയിസവും തെക്കു കിഴക്കെ ഏഷ്യയും’ എന്ന് അദ്ദേഹം പറയുന്നത് എംജിഎസിന്റെ ചരിത്ര വീക്ഷണത്തിന്റെ തുടര്‍ച്ചയായി കണ്ടാല്‍ തെറ്റാകില്ല. ‘ചരിത്രവിജ്ഞാനവും സർഗാത്മകഭാവങ്ങളും സമന്വയിപ്പിച്ച എം.ജി.എസിനെപ്പോലുള്ള വ്യക്തികൾ നമുക്കധികമില്ല. അതുല്യവും അസാധാരണവുമായ സരണിയിലൂടെയാണ് ഈ രണ്ടു മേഖലകളെയും അദ്ദേഹം സമന്വയിപ്പിച്ചത് നിലപാടുകളിലും വീക്ഷണങ്ങളിലുമെല്ലാം ഒറ്റയാനായി സഞ്ചരിച്ചപ്പോഴും സമൂഹത്തിൽ അദ്ദേഹം നിറഞ്ഞുനിൽക്കുകയും സാമൂഹികമായ മുഖ്യധാരയിൽ നിലയുറപ്പിച്ചുകൊണ്ട് പുരോഗമനോന്മുഖമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. കേരളീയ സമൂഹത്തിന്റെ പ്രബുദ്ധമായ വികാസത്തിൽ തന്റെ അറിവുകൊണ്ടും രചന കൊണ്ടും സവിശേഷമായ ഇടം തീർത്തുകൊണ്ടാണ് എം.ജി.എസ് വിടപറഞ്ഞിരിക്കുന്നത് ‘ എന്ന് എംജിഎസിന്റെ ശിഷ്യന്‍ കൂടിയായിരുന്ന ഡോ. എം പി അബ്ദുസമദ് സമദാനി എഴുതിയത് ഏറെ അര്‍ഥവത്താകുന്നുണ്ട് ഈ പശ്ചാത്തലത്തില്‍.

(Source: Facebook)

‘അയോധ്യയില്‍ ഇനിയെങ്കിലും യുദ്ദം ചെയ്യരുത്’ എന്ന ലേഖനത്തില്‍ (ചരിത്ര സത്യങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ എന്ന കൃതി – മാതൃഭൂമി ബുക്സ്) എംജിഎസ് ഇപ്രകാരം എഴുതി- ‘ഹിന്ദുസമുദായത്തില്‍ ജനിച്ചുവളര്‍ന്ന ഒരു ഭാരതീയപൗരന്‍ എന്ന നിലയ്ക്ക് ഹിന്ദുക്കളായി സ്വയം പ്രഖ്യാപിച്ച ഏതാനും ചിലരുടെ ദുഷ്കൃത്യത്തില്‍ എനിക്ക് ലജ്ജയും പശ്ചാത്താപവും തോന്നുന്നു. തര്‍ക്കവിധേയമെങ്കിലും അതൊരു പള്ളിയായി പണികഴിപ്പിച്ചതാണ്. ഏതോ മന്ദിരാവശിഷ്ടങ്ങള്‍ക്കു മേലെയാണ് പതിനാറാം നൂറ്റാണ്ടില്‍ ബാബറുടെ കിങ്കരനായ മീര്‍ ബാക്വി ആ പള്ളി പണിയിച്ചതെന്ന് പുരാവസ്തുലക്ഷ്യങ്ങളും സാഹചര്യത്തെളിവുകളും വെച്ചുകൊണ്ട് ഒരു ചരിത്രഗവേഷകനെന്ന നിലയില്‍ ഞാന്‍ അനുമാനിക്കുന്നു. അക്കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിനു വഴിയുണ്ട്. അനുമാനം ശരിയെങ്കിലും അല്ലെങ്കിലും വളരെ നൂറ്റാണ്ടുകളായി രാമഭക്തന്മാര്‍ക്ക് അതൊരു ജന്മസ്ഥാനവും പുണ്യസ്ഥാനവുമാണ്. എന്നാലും അവര്‍ അങ്ങനെ പകരംവീട്ടരുതായിരുന്നു. യാതൊരു കാരണവശാലും പഴയ കഥ പറഞ്ഞ് ഇന്നത്തെ ഇന്ത്യയില്‍ ന്യൂനപക്ഷമായ മുസ്ലിങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ പരത്തുംവിധം പള്ളി പൊളിക്കരുതായിരുന്നു. ആ ചെയ്തിയിലൂടെ ആധുനിക ഭാരതീയ പാരമ്പര്യമോ പൗരാണിക ഹൈന്ദവപാരമ്പര്യമോ അല്ല, മധ്യകാല തുര്‍ക്കി-അഫ്ഗാന്‍-മംഗോളിയന്‍ പാരമ്പര്യമാണ് അവര്‍ അനുവര്‍ത്തിച്ചത്. ‘ക്ഷമാബലമശക്താനാം’ എന്നു മാത്രമല്ല ‘ശക്താനാം ഭൂഷണം ക്ഷമാ’ എന്നുകൂടി നമ്മുടെ പൂര്‍വികന്മാര്‍ കണ്ടെത്തിയിരുന്നുവല്ലോ. ഞാനൊരു സ്ഥാപിതമതവിശ്വാസിയല്ല. ദൈവാരാധനയോ ദൈവപ്രാര്‍ഥനയോ നടത്താറുമില്ല. എന്നാല്‍ ഹൈന്ദവ, ക്രൈസ്തവ, മാഹമ്മദ സംസ്കാരങ്ങളുടെ നല്ലവശങ്ങള്‍ ആവുന്നത്ര ഉള്‍ക്കൊള്ളാനും അവരുടെ ആചാരങ്ങളെ ആധുനിക ശാസ്ത്രദൃഷ്ട്യാ പരിശോധിക്കാനും ശ്രമിക്കാറുണ്ട്. ചരിത്രം കണ്ടിടത്തോളം സാധാരണ മനുഷ്യരുടെ ബഹുഭൂരിപക്ഷത്തിന് മതവിശ്വാസം ഒഴിച്ചുകൂടാത്ത ഒരൂന്നുവടിയാണ്. ഇക്കാരണത്താല്‍ത്തന്നെ എല്ലാ മതക്കാര്‍ക്കും പരസ്പരബഹുമാനത്തോടെ സ്വാതന്ത്ര്യം പുലര്‍ത്താവുന്ന ഒരു ജനാധിപത്യവ്യവസ്ഥയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഇന്ത്യയിലെ അനേക ദൈവസങ്കല്പവും ബിംബാരാധനയുടെ മനശ്ശാസ്ത്രവും ആ വ്യവസ്ഥയ്ക്ക് അനുകൂലമാണ്.

മുസ്ലിങ്ങളോടും ക്രിസ്ത്യാനികളോടും മറ്റെല്ലാ മതക്കാരോടും ഉദാരവീക്ഷണം പുലര്‍ത്താനും ഇന്ത്യന്‍ സംസ്കാരം സ്വീകരിക്കുന്നിടത്തോളം അവരെയെല്ലാം ഹിന്ദുക്കളായി കണക്കാക്കാനും ഇവിടെ ഹിന്ദുക്കള്‍ക്ക് സാധിക്കേണ്ടതാണ്. നശിപ്പിക്കപ്പെടേണ്ട ഒരു ദുരാചാരമാണ് ഹിന്ദുമതം എന്ന മധ്യകാലശതകങ്ങളിലെ മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും അന്ധവിശ്വാസം ആധുനിക ദശയില്‍ ആര്‍ക്കും നിലനിര്‍ത്താനാവില്ല. പക്ഷേ, ഇന്ത്യയില്‍ ഒരുമയോടെ ജീവിച്ച് ഒരു പുതിയ രാഷ്ട്രം കെട്ടിപ്പടുത്തുയര്‍ത്തണമെങ്കില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും തങ്ങളുടെ പ്രായോഗിക മതവിശ്വാസങ്ങളില്‍ ഒട്ടേറെ മാറ്റം വരുത്തുകയും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുകയും ചെയ്യേണ്ടിയിരിക്കുന്നു. ഇത് കാലക്രമേണ നടപ്പിലായേക്കാം; സമാധാനത്തിന്‍റെയും സഹിഷ്ണുതയുടെയും അന്തരീക്ഷം തുടരുകയാണെങ്കില്‍. അല്ലെങ്കിലോ? അല്ലെങ്കില്‍ നാം ഒന്നിച്ചു നശിക്കും. സ്വാതന്ത്ര്യം ഒരു പഴങ്കഥയായി മാറും. ജനാധിപത്യം പകല്‍ക്കിനാവായിത്തീരും. ഭാരതരാഷ്ട്രം നാമാവശേഷമായ സംഭവം ഭാവിചരിത്രകാരന്മാര്‍ക്ക് വര്‍ണിക്കേണ്ടിവരും, അത്രതന്നെ’. വാസ്തവത്തില്‍ ഒരു ചരിത്രകാരന്റെ ദീര്‍ഘവീക്ഷണമുളള വാക്കുകളായി ഇത് ഉള്‍ക്കൊള്ളാന്‍ നമ്മള്‍ പാകപ്പെടുമോ എന്നതാണ് പ്രധാന ചോദ്യം.

 

സത്യത്തിന്റെ ചരിത്രവഴികള്‍

അതേസമയം, ‘1990 ഒക്ടോബറില്‍ ഡല്‍ഹിയില്‍ ചെന്നശേഷം ഞെട്ടിക്കുന്ന സംഭവങ്ങള്‍ക്കാണ് ഞാന്‍ സാക്ഷ്യംവഹിക്കേണ്ടിവന്നത്. പ്രധാനമന്ത്രി ചന്ദ്രശേഖര്‍ ചരിത്രപരമായ തെളിവുകളും അവകാശവാദങ്ങളും എഴുതിക്കൊടുക്കാനും അവ പരിശോധിക്കുവാന്‍ തങ്ങളുടെ ഭാഗത്തുനിന്നുള്ള ചരിത്രകാരന്മാരുടെ പേര്‍ നിര്‍ദേശിക്കാനും ഇരുക്ഷികളോടും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിലേക്കായി ബാബറി മസ്ജിദ് കമ്മിറ്റിയുടെ യോഗം ചേര്‍ന്നത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്‍റെ ചെയര്‍മാനും അലിഗറിലെ ഹിസ്റ്ററി പ്രൊഫസറും മാര്‍ക്സിസ്റ്റുമായ പ്രൊഫ. ഇര്‍ഫാന്‍ ഹബീബിന്‍റെ ചേംബറില്‍ വെച്ചാണ്. അദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരമാണ് ബാബറി മസ്ജിദ് കമ്മിറ്റിക്കാര്‍ തങ്ങളുടെ ഭാഗത്തുനിന്നുള്ള ചരിത്രപണ്ഡിതന്മാരുടെ പേരുകള്‍ അവരോടാലോചിക്കുകപോലും ചെയ്യാതെ പട്ടികയില്‍ പെടുത്തിയത്- ഈ കാര്യത്തില്‍ ഞാന്‍ പ്രതിഷേധിക്കുകയും ഒരു നാഷണല്‍ കണ്‍സിലിന്‍റെ ചെയര്‍മാന്‍ ഈ വിഷയത്തില്‍ ഏതെങ്കിലും ഒരു കക്ഷിയുടെ വക്താവായി പ്രത്യക്ഷപ്പെടുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതു തെറ്റാണെന്നു വാദിക്കുകയും ചെയ്തു. ആ പട്ടികയിലെ ചരിത്രകാരന്മാരുടെ പേരുകള്‍ പിറ്റേന്ന് ടൈംസ് ഓഫ് ഇന്ത്യയിലും മറ്റും പ്രസിദ്ധീകരിച്ചുവന്നു. അവരില്‍ ചിലരോടു ഞാന്‍ അക്കാര്യം നേരിട്ടന്വേഷിച്ചപ്പോള്‍ തങ്ങളോടാലോചിക്കാതെയാണ് പേര്‍ ഉള്‍പ്പെടുത്തിയതെന്നും സ്വതന്ത്രചരിത്രകാരന്മാരെന്ന പദവി കളഞ്ഞ് ഒരു കക്ഷിയുടെ വക്താക്കളായി പോകാന്‍ തയ്യാറില്ലെന്നും അവര്‍ പറഞ്ഞു. ചിലരൊന്നും ആ പണിക്കു പോയില്ല. ചിലര്‍ സമ്മര്‍ദത്തിനു വഴങ്ങി പോവുകയും ചെയ്തു. അതിലിടയ്ക്ക് എന്‍റെ അഭിപ്രായം മാനിച്ചുകൊണ്ടെന്ന മട്ടില്‍ പ്രൊഫ. ഇര്‍ഫാന്‍ കൗശലപൂര്‍വം അതില്‍നിന്നു വിട്ടുനിന്നു. പിന്നീടുളള കാര്യങ്ങള്‍ അതിലും വഷളായിരുന്നു’ എന്നിങ്ങനെ ‘സത്യം ഏറെ അകലെയാണ്’ എന്ന ലേഖനത്തില്‍ തന്റെ അനുഭവങ്ങള്‍ തുറന്നെഴുതാനും എംജിഎസ് മടിച്ചില്ല.

ബാബരി മസ്ജിദ് പൊളിക്കൽ

‘ബ്രിട്ടീഷ് സാമ്രാജ്യവാദികള്‍ സൃഷ്ടിച്ചതാണ് ഹിന്ദു-മുസ്ലിം സാമുദായികമത്സരങ്ങളെന്ന പ്രചാരവേല തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനാണ് ഇത്രയും പറഞ്ഞത്. വിഭജിച്ചു ഭരിക്കുക എന്ന സമ്പ്രദായം ബ്രിട്ടീഷുകാരല്ല കണ്ടുപിടിച്ചത്. മുഗളരും മഹാരാഷ്ട്രക്കാരുമായ സാമ്രാജ്യവാദികള്‍ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും കൊണ്ട് ആ കളി മുന്‍പേ കളിപ്പിച്ചിരുന്നു. അവര്‍ക്കു മുന്‍പേ ‍ഡല്ഹി സുല്‍ത്താന്മാരും അവരോടെതിര്‍ത്ത രജപുത്രപ്രഭുക്കളും മതവിശ്വാസംകൊണ്ടുള്ള ഈ പയറ്റിന്‍റെ പാഠങ്ങള്‍ മനസ്സിലാക്കിത്തുടങ്ങിയിരുന്നു. ഭരണത്തിലൂടെയും പ്രചാരവേലയിലൂടെയും വെവ്വേറെ ആരാധനാകേന്ദ്രങ്ങളിലൂടെയും സാമുദായിക വിദ്യാഭ്യാസരീതിയിലൂടെയും ഇടയ്ക്കിടെയുണ്ടായ രക്തപങ്കിലയുദ്ധങ്ങളിലൂടെയും രണ്ടു സമുദായങ്ങളുടെ വേറിട്ടുനില്പ് ശക്തിപ്പെട്ടു. ഓരോ നഗരത്തിലും, ഓരോ ചെറിയ രാജ്യത്തിലും ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും കുടിയിരിപ്പുകളും ആരാധനാകേന്ദ്രങ്ങളും വെവ്വേറെ ഭാഗങ്ങളിലായിരുന്നു, പ്രത്യേകിച്ചും ഉത്തരേന്ത്യയില്‍. ബ്രിട്ടീഷുകാര്‍ വിസ്തരിച്ചെഴുതിയ ചരിത്രഗ്രന്ഥങ്ങളില്‍ ഈ വസ്തുതകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, നമുക്ക് അസൗകര്യമായ ഭാഗങ്ങളെല്ലാം സാഹചര്യങ്ങളും തെളിവുകളും പരിഗണിക്കാതെ, ബ്രിട്ടീഷ് സാമ്രാജ്യവാദികളുടെ സൃഷ്ടിയെന്നു തള്ളിക്കളഞ്ഞ് ആത്മവഞ്ചന തുടരാനാണ് ബ്രിട്ടീഷ് വിരോധം നമ്മെ പഠിപ്പിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരായ ദേശീയസമരത്തില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും പലപ്പോഴും തോളോടുതോളുരമ്മി നിന്നതുകാരണം ബുദ്ധിമാന്മാരായ ദേശീയചരിത്രകാരന്മാര്‍ പോലും ആ സൗഹൃദത്തെ അലോസരപ്പെടുത്തരുതെന്ന സദുദ്ദേശ്യം വെച്ചുകൊണ്ട് പഴയ കഥകള്‍ മറക്കാന്‍ പാടുപെട്ടു.

ആ റൊമാന്‍റിക് വ്യാമോഹമാണ് ഇന്ന് ഓരോന്നായി പുറത്തുവരുമ്പോള്‍ സത്യത്തിന്‍റെ മുഖം അപരിചിതമായി തോന്നിക്കുന്നത്. ദേശീയചരിത്രകാരന്മാരുടെ ഈ ദൗര്‍ബല്യം പലരും പലവിധത്തില്‍ ചൂഷണം ചെയ്തു. ഹിന്ദുപക്ഷപാതികള്‍ മധ്യകാല ഇസ്ലാമിക രാജാക്കന്മാരുടെ ഹൈന്ദവപീഡനത്തെ അതിശയോക്തിപരമായ ഭാഷയില്‍ ചിത്രീകരിച്ചപ്പോള്‍ മുസ്ലിം പക്ഷപാതികള്‍ ഹൈന്ദവപീഡനത്തെ ആകെ മറച്ചുവെച്ചുകൊണ്ട് സുല്‍ത്താന്മാരുടെയും മുഗള്‍ചക്രവര്‍ത്തിമാരുടെയും നേട്ടങ്ങള്‍ കൊണ്ടാടി. അവരില്‍ ചിലര്‍ മാര്‍ക്സിസത്തിന്‍റെ സാമ്പത്തികവ്യാഖ്യാനം മറയായിപ്പിടിച്ച് സുല്‍ത്താന്മാരുടെയും മുഗള്‍ചക്രവര്‍ത്തിമാരുടെയും കാര്‍ഷിക വാണിജ്യ പ്രവര്‍ത്തനങ്ങളെ ഉജ്ജ്വലമായി ചിത്രീകരിച്ചു. ആ വര്‍ണനയില്‍ സാമുദായിക പക്ഷപാതങ്ങള്‍ പോലും സാമ്പത്തികവേഷമണിഞ്ഞ് മധ്യകാലശതകങ്ങളെ ശാപവിമുക്തമാക്കി. കേന്ദ്രഭരണത്തിലുള്ള ഹിന്ദുസര്‍വകലാശാല പ്രാചീനഹൈന്ദവഭരണത്തിന്‍റെ ചരിത്രവും, മുസ്ലിം സര്‍വകലാശാശാല മധ്യകാല മുസ്ലിം ഭരണത്തിന്‍റെ ചരിത്രവും തിരഞ്ഞെടുത്തു വിസ്തരിച്ചു. രണ്ടു സുവര്‍ണയുഗങ്ങള്‍! ജവാഹര്‍ലാലിന്‍റെ പേരിലുള്ള സര്‍വകലാശാലയാകട്ടെ ഹിന്ദു-മുസ്ലിം സാമുദായികപ്രശ്നങ്ങളെ കഴിയുന്നതും ഒഴിവാക്കി ആര്‍ഥികവ്യാഖ്യാനത്തോടെയുള്ള ആധുനിക ചരിത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. എല്ലാവരും അവരവര്‍ക്ക് വേണ്ടതെടുത്തു! കഥയിലെ കൊച്ചിരാജാവ് ആഗ്രഹിച്ചവിധം ഓരോരുത്തര്‍ക്കും ഓരോ പന്തു വീതം കൊടുക്കുന്ന പുതിയ തരം ഫുട്ബോള്‍കളി!’ എന്നിങ്ങനെ ഏറെ ആഴമുളള നിരീക്ഷണങ്ങളാല്‍ മുഖരിതമാണ് എപ്പോഴും എംജിഎസിന്റെ ചരിത്ര പാഠങ്ങള്‍ എന്ന് ഒരിക്കല്‍ക്കൂടി പറയാന്‍ വേണ്ടിയാണ് അദ്ദേഹത്തിന്റെ രണ്ടു ലേഖന ഭാഗങ്ങള്‍ അല്പം ദീര്‍ഘമായി, ഇവിടെ ഉദ്ധരിച്ചത്- ഒപ്പം ആ വീക്ഷണങ്ങള്‍ നമ്മള്‍ സ്വീകരിച്ചാലും നിരാകരിച്ചാലും ഒരിക്കലും അവഗണിക്കാന്‍ കഴിയില്ല എന്നോര്‍മിപ്പിക്കാനും.

 

ഇളംകുളം രൂപപ്പെടുത്തിയ ആധാരശിലകൾ

ഏതായാലും, എംജിഎസ് നാരായണന്റെ ചരിത്ര സംബന്ധമായ വാദങ്ങളെ ഖണ്ഡിക്കണമെങ്കില്‍ പോലും അദ്ദേഹത്തിന്റെ തന്നെ മെത്തഡോളജി അഥവാ രീതിശാസ്ത്രത്തെയും ഉപകരണങ്ങളെയും തന്നെ ആശ്രയിക്കേണ്ടി വരും എന്നിടത്താണ്, എംജിഎസിലെ ചരിത്രകാരന്‍ യഥാര്‍ഥ വിജയം കൈവരിക്കുന്നത് എന്നു പറയാം. ആധുനിക കേരളചരിത്രരചന ആരംഭിക്കുന്നത് ഒരര്‍ഥത്തില്‍ ഇളംകുളം കുഞ്ഞൻപിള്ളയുടെ പഠനങ്ങളോടെയാണ്. ഇളംകുളത്തിന്റെ ശിഷ്യത്വത്തിലാണ് എംജിഎസ് തന്റെ ചരിത്ര പഠനത്തിന്റെ രീതിശാസ്ത്രം വികസിപ്പിച്ചത് എന്നും പറയാം. കൊളോണിയൽ പാരമ്പര്യത്തില്‍ നിന്ന് വിച്ഛേദിച്ച് കേരളചരിത്രത്തിന് തനത് സ്വത്വം നേടിക്കൊടുക്കുന്നതില്‍ പ്രൊഫ. ഇളംകുളം വഹിച്ച് പങ്ക് വലുത് ആണ്. എംജിഎസ് പ്രഫ.ഇളംകുളം കുഞ്ഞന്‍പിളള എന്ന പേരില്‍ ഒരു ദീര്‍ഘ ലേഖനം എഴുതിയിട്ടുണ്ട്. അത് ഒരളവ് വരെ കേരള ചരിത്രത്തിന്റെ ആധാരശിലകളെക്കുറിച്ചുളള ഒരു എഴുത്തുകൂടിയാണ്.
‘മദ്രാസ് സര്‍വകലാശാലതമിഴ് എം.എ. പരീക്ഷയ്ക്ക് തമിഴ് ചരിത്രത്തിന്‍റെ ഒരു പേപ്പര്‍കൂടി പഠിച്ചെഴുതണമെന്ന് ഒരു നിയമം വെച്ചു. ആ സര്‍വകലാശാലയില്‍നിന്ന് ഭാഗം പിരിഞ്ഞുപോന്ന കേരള സര്‍വകലാശാലയും അതിനെ അനുകരിച്ച് മലയാളം എം.എയ്ക്ക് കേരള (മലയാള)ചരിത്രത്തില്‍ ഒരു പേപ്പര്‍ പഠിച്ചെഴുതണമെന്ന് ഒരു നിയമം വെച്ചു. പക്ഷേ, കേരളചരിത്രം ആര് എങ്ങനെ പഠിപ്പിക്കും എന്ന പ്രശ്നം വന്നപ്പോഴാണ് ബുദ്ധിമുട്ടായത്.

പ്രൊഫ. ഇളംകുളം കുഞ്ഞൻ പിള്ള

പതിവുപോലെ ജൂനിയര്‍മോസ്റ്റായ ഒരു ലക്ചററുടെ തലയില്‍ ആ ഭാരം കെട്ടിവെച്ചു. അത് ഇളംകുളമായിരുന്നു. അദ്ദേഹം നോക്കിയപ്പോള്‍ കേരളചരിത്രം പഠിപ്പിക്കുവാന്‍ പറ്റിയ നല്ല പുസ്തകങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ആധുനികദശയെ സംബന്ധിച്ചിടത്തോളം സര്‍ദാര്‍ കെ.എം. പണിക്കര്‍ എഴുതിയ Malabar and the Portuguese, Malabar and the Dutch, British Rule എന്നീ പുസ്തകങ്ങളും ഡോ. ടി.ഐ. പുന്നന്‍ എഴുതിയ Malabar and the Dutch എന്ന പുസ്തകവും മാത്രമേയുള്ളൂ. പി.കെ.എസ്. രാജയുടെ Medieval Kerala വെറും ഐതിഹ്യഗ്രന്ഥമായിരുന്നു. എന്നാല്‍ പ്രാചീന, മധ്യകാലപരിത്രത്തെപ്പറ്റി ഒരു നല്ല പുസ്തകവുമില്ല. എല്‍.എ. കൃഷ്ണയ്യരുടെ Nairs of Malabar-, Castes in Malabar-, Edgar Thurstun എന്നീ പുസ്തകങ്ങളും ഉപകാരപ്രദമെങ്കിലും സമഗ്രമായ ഒരു പ്രാചീന കേരളചരിത്രമോ മധ്യകാല കേരളചരിത്രമോ ഇല്ല. ഉണ്ടാക്കാനും പ്രയാസമാണെന്ന പ്രതീതിയാണ് ചരിത്രകാരന്മാര്‍ സൃഷ്ടിച്ചിരുന്നത്. കേരളചരിത്രത്തില്‍ പ്രമാണദൗര്‍ലഭ്യം ഒരു കീറാമുട്ടിയായി പലരും പ്രസ്താവിച്ചിരുന്നു. ദിവാന്‍ ശങ്കുണ്ണിമേനോന്‍റെ ഇംഗ്ലീഷിലുള്ള ഹിസ്റ്ററി ഓഫ് ട്രാവന്‍കൂര്‍ അദ്ദേഹത്തിന്‍റെ മുത്തച്ഛന്‍റെ കാലംവരെ കെട്ടുകഥകളും ഒന്നുരണ്ട് തലമുറകള്‍ മാത്രം ചരിത്രവും ഉള്‍ക്കൊണ്ട, കാലക്രമമോ അക്ഷരക്രമമോ ഇല്ലാത്ത ഒരു സൈക്ലോപീഡിയ ആണെന്നു റോബര്‍ട്ട് സിവല്‍ പരിഹസിച്ചു. ശങ്കുണ്ണിമേനോന്‍റെ പുത്രനായ കെ.പി. പത്മനാഭമേനോന്‍ വക്കീലാവാന്‍ പഠിച്ച് ഒരു ജീവിതകാലം മുഴുവന്‍ കേരളചരിത്രം സൃഷ്ടിക്കുവാനുള്ള പ്രയത്നം നടത്തിയശേഷം പരാജയം സമ്മതിച്ച് താന്‍ ശേഖരിച്ച വസ്തുതകള്‍ Notes on the Letters of Viccher എന്ന പേരില്‍ 1919-ല്‍ നാലു വോള്യങ്ങള്‍ തയ്യാറാക്കി. പക്ഷേ, അദ്ദേഹത്തിന്‍റെ കാലശേഷം അത് അച്ചടിച്ച ശിഷ്യന്‍ ടി.കെ. കൃഷ്ണമേനോന്‍ History of Kerala എന്ന തലക്കെട്ടോടെ നാലു വോള്യങ്ങളായാണ് അത് പ്രസിദ്ധീകരിച്ചത് (1919). കാലക്രമമോ അക്ഷരക്രമമോ പാലിക്കാത്ത ഒരു നിഘണ്ടുവെന്ന് അതിനെ പണ്ഡിതന്മാര്‍ പരിഹസിച്ചു. ഈയവസരത്തിലാണ് നേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ വളരെ പ്രയത്നിച്ച് എഴുപത്തഞ്ചോളം വട്ടെഴുത്തിലുള്ള ചേരകാല പുരാലിഖിതങ്ങള്‍ Travancore Archaeological Series, South Indian Inscriptions, Epigraphical Reports എന്നിവയില്‍നിന്ന് പ്രമാണങ്ങള്‍ തേടിപ്പിടിച്ച്, തമിഴ് വട്ടെഴുത്ത് പാഠവും ഇംഗ്ലീഷ് തര്‍ജമയും കുറിപ്പുകളുമായി പ്രൊഫ. പി. സുന്ദരം പിള്ളയും (Early Sovereigns of Travancore) പിന്നീട് പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ളയും (കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍, ചില കേരളചരിത്രപ്രശ്നങ്ങള്‍, കേരളം: പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍, കേരളം: അഞ്ചും ആറും നൂറ്റാണ്ടുകളില്‍) ഗ്രന്ഥങ്ങള്‍ തയ്യാറാക്കിയത്. അവ ആദ്യം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്‍.വി. കൃഷ്ണവാര്യര്‍ പ്രസിദ്ധീകരിച്ചു.

വട്ടെഴുത്ത്

പ്രൊഫ. എ. ശ്രീധരമേനോന്‍ അവയെ അവലംബമാക്കി Survey of Kerala History യും മറ്റു ചില പുസ്തകങ്ങളും പുറത്തിറക്കി. അന്നേക്ക് സര്‍വകലാശാലാപഠനത്തില്‍ കേരളചരിത്രം ഒരു വിഷയമാക്കപ്പെട്ടതുകൊണ്ട് അവയ്ക്ക് വലിയ പ്രചാരവും അംഗീകാരവും ലഭിച്ചു.’ എന്നഴുതുന്ന എംജിഎസ്, ഇവയെക്കാളെല്ലാം പുരാവസ്തുപരമായ വിശദാംശങ്ങളുടെ അപഗ്രഥനവും വസ്തുതാപരമായ ഊന്നലും ഉണ്ടായതുകൊണ്ടാണ് പ്രൊഫ. ഇളംകുളത്തിന്‍റെ കേരളചരിത്രഗ്രന്ഥങ്ങള്‍ കൂടുതല്‍ ശ്രദ്ധേയമായത് എന്നും സാഹിത്യപ്രമാണങ്ങളിലെ അതിശയോക്തികളെ വിമര്‍ശിച്ചും വസ്തുതകളില്‍ ഊന്നിയും പക്ഷപാതങ്ങള്‍ കുറച്ചുമുള്ള ഇളംകുളത്തിന്‍റെ പഠനങ്ങള്‍ വ്യത്യസ്തമായി എന്നും സ്പഷ്ടമാക്കുന്നു. ഇഎംഎസ് ഉള്‍പ്പെടെയുളളവര്‍ കേരളചരിത്രത്തിൽ നടത്തിയ മാർക്സിസ്റ്റ് ഇടപെടലുകളും ഇന്ത്യയിലെയും വിദേശത്തെയും മറ്റ് മാർക്സിസ്റ്റ് ചരിത്രപഠനങ്ങളും എംജിഎസിനെ സ്വാധീനിച്ചതായി കരുതാം. പ്രസ്തുത പഠനങ്ങളുടെ വിമര്‍ശനാത്മക പാഠങ്ങള്‍ തയ്യാറാക്കുന്നതിലൂടെ, എംജിഎസ് തന്നിലെ ചരിത്രകാരന് ഒന്നുകൂടി മൂര്‍ച്ച കൂട്ടിയിരിക്കണം. കേരളത്തില്‍ ‘എംജിഎസ് സ്കൂൾ ഓഫ് ഹിസ്റ്ററി’ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ചരിത്രപഠന ഘട്ടത്തിന്റെ രൂപീകരണമായിക്കൂടി അതിനെക്കാണാം.

‘ഈ ഭൂതകാലപഠനം അത്യന്തദുഷ്കരമാണ്. മനുഷ്യബുദ്ധിയുടെ മുന്‍പിലുള്ള വല്ലാത്തൊരു വെല്ലുവിളിയാണത്- ഒരിക്കലും ആ മോഹം പൂര്‍ത്തീകരിക്കപ്പെടില്ല. കാരണം, കഴിഞ്ഞകാലം ഇങ്ങിനി വരാത്തവണ്ണം എന്നേക്കുമായി മറഞ്ഞുപോയിരിക്കുന്നു. അത് വീണ്ടെടുക്കാന്‍ ചരിത്രകാരന്‍റെ കൈവശം യന്ത്രശക്തിയോ മന്ത്രസിദ്ധിയോ ഇല്ലാത്ത കാലത്തോളം, അവന്‍ ജ്യോതിഷക്കാരനാകാത്തിടത്തോളം കാലം അതൊരു ലക്ഷ്യം മാത്രമാണ്. കഴിഞ്ഞകാലത്തിന്‍റെ ദുര്‍ലഭമായ അവശിഷ്ടങ്ങളില്‍നിന്ന്, അപൂര്‍ണപ്രമാണങ്ങളില്‍ നിന്ന് സത്യമോ അസത്യമോ ഉള്‍ക്കൊള്ളുന്ന വിവരങ്ങളില്‍ നിന്ന്, എങ്ങനെയാണ് ഒരു സമൂഹത്തിന്‍റെ ചിത്രം പുനഃസൃഷ്ടിക്കുന്നത്? അസാധ്യം എന്നുതന്നെ പറയാം. എങ്കിലും ചരിത്രകാരന്‍ അതിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്’ എന്ന് എംജിഎസ് കൗതുകപൂര്‍വ്വം എഴുതുമ്പോഴും, സാധ്യമായ സത്യത്തില്‍ എന്നും ഉറച്ചു നിന്നതിനും, അധികാരകേന്ദ്രങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും കീഴ്പ്പെടാതെ തന്നിലെ ചരിത്രകാരന്റെ സ്വാതന്ത്ര്യബോധത്തെ ജാഗ്രതയോടെ നിലനിര്‍ത്തിയതിനും അദ്ദേഹത്തോട് സത്യാന്വേഷികളായ ചരിത്രകാരന്‍മാരും പഠിതാക്കളും എന്നും കടപ്പെട്ടിരിക്കും.

About Author

രഘുനാഥന്‍ പറളി

നിരൂപകൻ, വിവർത്തകൻ, എഡിറ്റർ, ഗ്രന്ഥകർത്താവ്

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x