“…അവന്റെ (പുരുഷന്റെ) ഭീതി ദ്രവരൂപങ്ങളെ പറ്റിയാണ്. ഒഴുകുന്ന, ചലനാത്മകമായ, ഉറപ്പായ ഒരു പ്രതലമില്ലാതെ, ഒരു കണ്ണാടിക്ക് പ്രതിഫലിപ്പിക്കാൻ പോലും നിന്ന് തരാതെ അത്രക്ക് അനിശ്ചിതമായത്. അനുസ്യൂതമായത്. അതിനെയാണ് അവന് ഭയം.”
ഫ്രഞ്ച് തത്വചിന്തകയും ഭാഷാശാസ്ത്രജ്ഞയും ആയ ലൂസ് ഇരിഗാരെയുടെ നോവൽത്രയത്തിന്റെ ആദ്യഭാഗമായ “ഫെഡറിക്ക് നീഷേയുടെ കടൽക്കാമുകി” (Marine Lover of Friedrich Nietzche) യിൽ നിന്നുള്ള വാചകങ്ങൾ ആണിവ. സ്ത്രീത്വവും ദ്രവ്യതയും തമ്മിലുള്ള ആഴമേറിയതും സങ്കീർണ്ണവുമായ ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ വാചകങ്ങൾ ഉള്ള പുസ്തകം ജലവും സ്ത്രീത്വവും തമ്മിലുള്ള ബന്ധത്തെയും പ്രതീകവൽക്കരിക്കുണ്ട്.
തണ്ണീർത്തടങ്ങൾ, ചതുപ്പുനിലങ്ങൾ, തുരുത്തുകൾ എന്നിവ ജലമോ ഭൂമിയോ എന്ന് വ്യക്തമായി വേർതിരിക്കാനാവാത്ത ഇടങ്ങളാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ജലവും ഭൂമിയും തമ്മിലുള്ള അതിർത്തിരേഖകളെ ഉല്ലംഘിക്കുകയാണ് ഇവ. ജലത്തിന്റെ ഒഴുക്കിനനുസരിച്ച് പലതരം രൂപപരിണാമങ്ങളിലൂടെ കടന്നുപോകുന്ന ഇടങ്ങളാണ് ഇവ. അങ്ങനെ ജലത്തിനും ഭൂമിക്കും ഇടയിലുള്ള സന്ദിഗ്ധമായ ജീവിതവസ്ഥകളെ അവ അടയാളപ്പെടുത്തുന്നു. അടിക്കടി ഗതിമാറുന്ന ഒഴുക്കിൽ ഇതുപോലെ ഒരു സ്ഥലത്ത് ജീവിക്കുന്ന മനുഷ്യരുടെ ജീവിതം എന്നെ എപ്പോളും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. “എങ്ങനെയാണ് മനുഷ്യർക്ക് ഇവിടെ ജീവിക്കാൻ സാധിക്കുന്നത്!”
ഈ പ്രതലത്തിലേയ്ക്കാണ്, ജലജന്യമായ കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ക്രിസ്റ്റോ ടോമിയുടെ പ്രഥമസംവിധാന സംരഭമായ “ഉള്ളൊഴുക്കി”നെ ഞാൻ ചേർത്തുവയ്ക്കുന്നത്. ഇത് ഒരു കുടുംബചിത്രമാണ്. അഞ്ജുവിന്റെ ഭർത്താവായ തോമസുകുട്ടിയുടെ മരണത്തെപ്പറ്റിയുള്ള ഒഴിവാക്കാനാവാത്ത വെളിപ്പെടുത്തലുകളിലൂടെ കടന്നുപോകുന്ന അഞ്ജുവിന്റെയും തോമസുകുട്ടിയുടെ അമ്മ ലീലാമ്മയുടെയും ജീവിതത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടുപോകുന്നത്. അവരുടെ വീടും പരിസരവും പ്രളയത്തിൽ മുക്കിക്കൊണ്ട് പേമാരി ആ കൊച്ചു ദ്വീപിൽ വീശിയടിക്കുന്നു. ലീലാമ്മയെ നിരാശപ്പെടുത്തിക്കൊണ്ട് തോമസുകുട്ടിയുടെ ശവസംസ്കാരം പോലും നേരാംവണ്ണം നടത്താനാവാതെ പ്രശ്നങ്ങൾ ഉരുണ്ടുകൂടുന്നു.
ചിത്രത്തിന്റെ ഫിക്ഷണൽ സ്വഭാവത്തെ പൊലിപ്പിക്കുന്ന നാടകീയതയായി തോന്നാമെങ്കിലും കേരളീയജീവിതത്തിൽ നിന്നും അടർത്തിയെടുത്ത ഒരു യഥാർത്ഥ ഏടാണ് ഇത്. ഉഷ്ണമേഖലാ പ്രദേശമായ കേരളത്തിൽ ശരാശരി 3,055 മില്ലി മീറ്റർ മഴയാണ് പ്രതിവർഷം ലഭിക്കുന്നത്. ഇതിൽ ഏറിയ പങ്കും തെക്കു പടിഞ്ഞാറൻ കാലവർഷത്തിലാണ് ലഭിക്കുക. പ്രശസ്ത കാലാവസ്ഥാശാസ്ത്രജ്ഞനായ മാത്യു ബാർനോ ”അങ്ങേയറ്റം നനഞ്ഞ പ്രദേശ” മായിട്ടാണ് കേരളത്തെ അടയാളപ്പെടുത്തുന്നത്. മാത്രമല്ല, ഈ നാടിന് ജലവുമായി ഉള്ള അഭേദ്യമായ ബന്ധം ആഴത്തിൽ വിശകലനം ചെയ്താൽ നരവംശശാസ്ത്രത്തിലേക്ക് വരെ നീളാവുന്നതാണ്.
സങ്കീർണ്ണമായി, വളഞ്ഞു പുളഞ്ഞു പോകുന്ന, കനാലുകളും, കടലു തെളിഞ്ഞുവന്ന കൃഷിഭൂമിയും, പാലങ്ങളും ചെറിയ ചെറിയ റോഡുകളുമായി ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന തുരുത്താണ് കുട്ടനാട്. പ്രാദേശിക ചരിത്രമനുസരിച്ച് പണ്ട് വനഭൂമിയായിരുന്ന കുട്ടനാട് കാട്ടുതീ പടർന്നുപിടിച്ചു ചാരമായി മാറിയതാണ്. അവശേഷിച്ച ചതുപ്പുനിലം നല്ല ഫലഭൂയിഷ്ടമായതിനാൽ നെൽകൃഷിക്ക് അനുയോജ്യമാണ്. ഈ പ്രദേശത്തേക്കുറിച്ച് വിശദമായ പഠനം നടത്തുകയും,
അക്കാദമിക തലങ്ങളിൽ വ്യാപകമായി പരാമർശിക്കപ്പെട്ട “കുട്ടനാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ വീരകഥകൾ: കൈയടക്കലുകൾ, പോരാട്ടങ്ങൾ, വികാസപരിണാമങ്ങൾ” എന്ന ലേഖനത്തിന്റെ രചയിതാവുമായ മാത്യു കുര്യാക്കോസ്, ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ നിഷ്ണാതരായ വിവിധ നായകന്മാരാൽ പ്രചോദിതമായി കൈയടക്കപ്പെടുകയും പിന്നീട് സാധാരണ ജനങ്ങളുടെ കൈകളിലേക്ക് എത്തിചേരുകയും ചെയ്ത പ്രദേശത്തിന്റെ കാലാനുസൃതമായ മാറ്റത്തെക്കുറിച്ച് സമഗ്രമായ രൂപം പ്രദാനം ചെയ്യുന്നു.
സമുദ്രനിരപ്പിന് താഴെ, കായലിറങ്ങിയ ഇടങ്ങളിൽ (കായൽനിലം) ആണ് വലിയ തോതിൽ നെൽകൃഷി ചെയ്യുന്നത്. അഞ്ച് പ്രധാനനദികളിൽ നിന്നുള്ള എക്കൽ അടിഞ്ഞുകൂടിയ നീണ്ടുനിവർന്നു കിടക്കുന്ന വേമ്പനാട് തണ്ണീർത്തടപ്രദേശത്തിന്റെ ഭാഗമായ കുട്ടനാട് പ്രളയബാധിതഭൂമിയാണ്. അപ്രതീക്ഷിതമായ ഒരു മഴയിൽ ജലനിരപ്പ് ഉയരുമ്പോൾ കാലിനടിയിലെ മണ്ണിനുപോലും ഉറപ്പില്ലാതെ മുങ്ങിപ്പോവുന്ന ഒരിടത്ത് ജനജീവിതം എന്നും മങ്ങിയതാണ്.
പേമാരിയുടെ കരുത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ട് ചെടികളെ പരിപാലിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്? സമയം തെറ്റി പെയ്യുന്ന ഒരു പേമാരിയിൽ നിങ്ങളുടെ സ്വർണകതിരുകൾ നനഞ്ഞു ചീയുമെന്ന് അറിഞ്ഞുകൊണ്ട് എങ്ങനെയാണ് നിങ്ങൾക്ക് മണിക്കൂറുകളോളം പാടത്ത് അധ്വാനിക്കുവാൻ സാധിക്കുന്നത്? രക്ഷാസേനകൾ വരുമ്പോൾ അവസാനമായി ഒന്നു നോക്കുവാൻ പോലും നിൽക്കാതെ സാധു കന്നുകാലികളെ ഉപേക്ഷിച്ചു പോകേണ്ടിവരും എന്നറിഞ്ഞുകൊണ്ട് എങ്ങനെയാണ് നിങ്ങൾക്ക് അവരെ വളർത്തുവാൻ കഴിയുക?
തന്റെ പഠനത്തിൽ വേദനയും ഭൗതികപ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെയും പരിവർത്തനത്തെയും കുഴിച്ചെടുക്കുന്ന സമുദ്രജീവശാസ്ത്രജ്ഞ കാറ്റലീന ക്യെല്ലെർ ഗെംപലർ വിഷാദരോഗത്തിൽ മുങ്ങിനിൽക്കുന്ന പ്രകൃതിദൃശ്യം വരച്ചുകാണിക്കുന്നുണ്ട്. ഉള്ളൊഴുക്കിൽ, അമ്മയും മകളും അനുഭവിക്കുന്ന വേദനയും പ്രകൃതിയിൽ ആഞ്ഞടിച്ച പ്രളയവും തമ്മിൽ അഗാധമായ ബന്ധം നിലനിൽക്കുന്നുണ്ട്. ചങ്കുപൊട്ടുന്ന ദുഃഖം പേറുന്ന ലീലാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഉർവശിയാണ്. വേദനയുടെ സാന്ദ്രഭൂമിയിൽ ഏന്തിവലിച്ചു നടക്കുകയാണ് മരുമകളായ അഞ്ജു (പാർവതി തിരുവോത്ത്). അത് തൊണ്ടക്കുഴി വരെ എത്തുമ്പോൾ അവർ പൊട്ടിത്തെറിക്കുന്നു. പ്രളയജലം വീടിനുള്ളിൽ കെട്ടിക്കിടക്കുന്നതുപോലെ കുടുംബാംങ്ങൾക്കിടയിലുള്ള സമ്മർദ്ദം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിൽ എത്തുന്നു. പതിയെ വെള്ളമിറങ്ങുമ്പോൾ സംഘർഷത്തിനും അയവുവരുന്നു. അങ്ങനെ ജലചക്രം അതിന്റെ സന്തുലിതാവസ്ഥ തിരിച്ചുപിടിക്കുന്നു.
ലീലാമ്മയുടെ ഏകമകനും അഞ്ജുവിന്റെ ഭർത്താവുമായ തോമസുകുട്ടിയെക്കുറിച്ചുള്ള വേദനയാണ് ഈ രണ്ടു സ്ത്രീകളെയും ഒരുമിച്ചുനിർത്തുന്നത്. ക്യാൻസറിന്റെ പ്രാണവേദനയിൽ പിടയുന്ന തോമസുകുട്ടിയുടെ അരികത്തിരുന്നും ശുശ്രൂഷിച്ചും ഒരാൾ മറ്റൊരാളുടെ വേദനയെ അറിയുന്നു. വേദനയുടെ വിവിധങ്ങളായ സാംസ്‌കാരികവും വൈകാരികവുമായ മാനങ്ങളെക്കുറിച്ച് സുദീർഘപഠനങ്ങൾ നടത്തിയ പണ്ഡിത സാറാ അഹമ്മദ് പറയുന്നത് വേദനയ്ക്ക് അസാധാരണമായ ബന്ധങ്ങൾ ഉണ്ടാക്കാൻ കഴിയും എന്നാണ്. ഒരു വേദനയും സ്വകാര്യമല്ല. അത് സമൂഹത്തിന്റെ കൂട്ടിത്തുന്നലുകളിലൂടെയാണ് കടന്നുപോകുന്നത്. തോമസുകുട്ടിയുടെ ശരീരത്തിൻ്റെ അതിരുകളിൽ അമ്മയ്‌ക്കോ ഭാര്യയ്‌ക്കോ വസിക്കാനാവില്ലെങ്കിലും, ആ വേദന അറിയാനുള്ള അവരുടെ ആഗ്രഹം അവനെ തൊടാനും അവൻ്റെ കഷ്ടപ്പാടുകൾ അവരുടെ കൈവെള്ളയിലെടുക്കാനും പ്രേരിപ്പിക്കുന്നു.
“എല്ലാ ബന്ധങ്ങളും സ്നേഹപൂർണ്ണമാവില്ല” എന്ന് അഹമ്മദ് നമ്മെ ജാഗ്രതപ്പെടുത്തുന്നു. രോഗാതുരനായ ഭർത്താവ് നടത്തുന്ന ലൈംഗിക നീക്കങ്ങൾ അഞ്ജുവിനെ പിന്നോട്ടടിക്കുന്നു. മകന്റെ മരണത്തോടെ ദുഃഖത്തിൽ ആണ്ടുപോയ ലീലാമ്മ അഞ്ജുവിന്റെ കൈകൾ ബലമായി പിടിച്ചു തന്റെ കൈകളോട് ചേർക്കാൻ ശ്രമിക്കുന്നുണ്ട്. ഈ നീക്കത്തെ അഞ്ജു എതിർക്കുകയാണ്. പങ്കുവയ്ക്കപ്പെട്ട വേദനയുടെ പ്രപഞ്ചത്തിൽ ശരീരത്തിന്റെ അതിർത്തികൾ പുന:ക്രമീകരിക്കുകയും പുന:സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.
ജലത്തിൻ്റെ പരിവർത്തനസ്വഭാവവും ബഹുസ്വരതയും അതിനെ ശക്തമായ ഒരു രൂപകമാക്കുന്നു. ഒരുപക്ഷെ, സ്ത്രീകളെ സ്വയം മനസ്സിലാക്കുന്നതിലേക്ക് വരെ ഒരാളെ നയിക്കാൻ ഇതിനാവും. എന്നിരുന്നാലും, പരമ്പരാഗതമായ ഉപചാരങ്ങളുടെ കേട്ടുപാടിൽ നിൽക്കുമ്പോളും അഞ്ജു അനിതരസാധാരണമായ ദ്രവ്യത പ്രകടമാക്കുന്നു. പുരുഷാധിപത്യസമൂഹം കെട്ടിപ്പൊക്കിയ അണകൾ തകർത്തൊഴുകാൻ അവൾ മടിക്കുന്നില്ല. യാഥാസ്ഥിതിക സമൂഹത്തെ സൂക്ഷ്മതയോടെ തകർക്കുന്ന ചെറിയ സുഷിരങ്ങളിൽ തന്റെ ലൈംഗികതയെ, അതിന്റെ ആനന്ദത്തെ അവൾ കുടിയിരുത്തുന്നു. അഞ്ജു ഒരു വേലിയേറ്റം കണക്കെ ലീലാമ്മയെ വീശിയടിക്കുന്നു. അതിൽ ഈ ജീവിതകാലമത്രയും തന്നെ കെട്ടിയിട്ട പുരുഷാധിപത്യ കുടുംബ വ്യവസ്ഥയോട് അവർ വിടപറയുന്നു.
സിനിമയുടെ അവസാനം ഒരു വള്ളത്തിൽ അടുത്തടുത്തിരിക്കുന്ന അഞ്ജുവിനെയും ലീലാമ്മയെയും നമുക്ക് കാണാം. പലതരത്തിൽ വളഞ്ഞുപുളഞ്ഞതിന് ശേഷം, ഈ പ്രാവശ്യം അവർ ഒരുമിച്ച് ”സർവവ്യാപിയായ ആർദ്രതയുടെ” ലോകത്ത് മുങ്ങുകയാണ്. അനുരാധ മാഥുറും ദിലീപ് ദ കൻഹയും ”ആർദ്രതയുടെ സമുദ്രം” എന്ന അവരുടെ ആശയത്തിൽ രേഖപ്പെടുത്തിയത് പോലെ “സർവ്വവ്യാപിയായ ആർദ്രത” ജലവും ഭൂമിയും തമ്മിലുള്ള പിൻകാല ധാരണകൾക്കും ആശയങ്ങൾക്കും താക്കീതുനൽകുകയും യോജിപ്പ് സാധ്യമാക്കുകയും ചെയ്യുന്നു.
അഞ്ചു നദികളുടെ സംഗമസ്ഥാനമായ കുട്ടനാടിന്റെ ഭൂപ്രകൃതി ഈ ആശയത്തെ ഉചിതമായി പ്രതീകവത്കരിക്കുന്നു. സൂക്ഷ്മമായ ഒരു വിശകലനത്തിൽ, ഇത് കരയുടെയും വെള്ളത്തിൻ്റെയും മരീചികയാവാം. അഞ്ജുവും ലീലാമ്മയും ജലസാമൂഹികതയുടെ വലയിൽ കുടുങ്ങിയ രണ്ടു മനുഷ്യർ മാത്രമാണ്. ഉള്ളൊഴുക്ക് ആ കെട്ടുപിണയലിനെ അതിശയകരമായി പകർത്തുന്നു.
ഉള്ളൊഴുക്ക് എന്ന ചിത്രത്തിൻ്റെ ട്രെയിലർ:
സൂചികകൾ:
- അഹമ്മദ്, എസ് (2014). ദ കൾചറൽ പൊളിറ്റിക്സ് ഓഫ് ഇമോഷൻ (രണ്ടാം പതിപ്പ്.). എഡിൻബർഗ് യൂണിവേഴ്സിറ്റി പ്രസ്.
- ക്യുലർ ഗംപലർ, മോണിക്ക (2014) ആഫ്റ്റർ വാർ ആൻ എതനോഗ്രഫി ഓൺ പെയ്ൻ ആൻഡ് ദ മെറ്റീരിയൽ എൻവയോൺമെന്റ്, ഈസ്റ്റ് ഓഫ് ദ ലഗൂൺ ഓഫ് ഫ്യൂക്വെൻസ്. മാക് ഗിൽ.
- കുര്യാക്കോസ്, മാത്യു ദ സാഗ ഓഫ് കോമൺസ് ഇൻ കുട്ടനാട്: അപ്രോപ്രിറേഷൻസ്, കോണ്ടെസ്റ്റ്സ്, ഡെവലപ്മെന്റ്സ്, ജൂൺ 2014.
- മാഥുർ, അനുരാധ ആൻഡ് ദിലീപ് ദ കൻഹ (2020). വെറ്റനെസ്സ് ഈസ് എവെറിവേർ: വൈ ഡു വീ സീ വാട്ടർ സംവേർ? ജേർണൽ ഓഫ് ആർക്കിടെക്ചറൽ എഡ്യൂക്കേഷൻ 74(1):139-40.